?വിവാഹ തലേന്ന് ?
Story written by SRUTHY MOHAN
ടാ… കിച്ചൂ ….നമുക്കൊരു ട്രിപ്പ് പോയാലോ…
വിവാഹ തലേ രാത്രിയിൽ തിരക്കുകൾ ഒതുങ്ങിയപ്പോളാണ് കിച്ചുവിന്റെ ഫോണിലേക്ക് കുഞ്ചൂന്റെ കാൾ വന്നത്…
നിനക്കെന്താടി വട്ടായോ?
പോടാ… ഞാൻ കാര്യായാ പറഞ്ഞെ…മുൻപ് നമ്മൾ പ്ലാൻ ചെയ്തിരുന്നില്ലേ…ഒരു ലോങ്ങ് ഡ്രൈവ്….അതോ നടന്നില്ല…നാളെ കഴിഞ്ഞാൽ പിന്നെ എന്റെ ഈ ആഗ്രഹവും നടക്കില്ല…
ഓഹ് പിന്നെ….നാളെ വിവാഹം അല്ലെ….കെട്ടു കഴിഞ്ഞു ട്രിപ്പ് പോയി തകർത്തൂടെ ….അത് അടിപൊളി ഫീൽ ആയിരിക്കും..സിംഗിൾ പസങ്കൾ ആയി പോകുന്ന പോലെ അല്ലാ….ഹ്മ്മ്മ്… ഹ്മ്മ്…
അവൻ ഒരു ആക്കിയ ചിരിയോടെ പറഞ്ഞു…
ഒന്നു പോടാ… ഓരോ ചളിയുമായി ഇറങ്ങിക്കോളും.നിനക്ക് പറ്റുമോ ഇല്ലയോ…..അത് പറയ് ആദ്യം…പറ്റില്ലെങ്കിൽ ഞാൻ നീരവിനോട് പറഞ്ഞോളാം…അവനെപ്പോ ആയാലും റെഡി ആയിരിക്കും….
കുഞ്ചു ഇത്തിരി ഗൗരവത്തിലായി..
നീ അത്രക്ക് സീരിയസ് ആണെങ്കി പുറത്തോട്ട് വാ..ഞാൻ മുറ്റത്തുണ്ട്..അച്ഛന്മാരും മാമന്മാരും ഇപ്പോ അകത്തേക്ക് പോയി..ഞാൻ ദേ പുറത്തിറങ്ങി.. ഗേറ്റ് ന്റെ അടുത്തുണ്ടാവും ട്ടാ…
thats my boy…ലവ് യൂ….പൊടുന്നനെ പൊട്ടി മുളച്ച കുഞ്ചുവിന്റെ സന്തോഷം മനസ്സിലാക്കി കിച്ചു ഫോൺ കട്ട് ചെയ്തു വണ്ടിക്കരികിലേക്ക് നടന്നു..
അവൻ ബുള്ളറ്റ് പതിയെ തള്ളി പുറത്തേക്ക് വന്നു സ്റ്റാർട്ട് ചെയ്തു അവളെ കാത്ത് നിന്നു.
തലയിലൂടെ ഒരു സ്കാർഫ് ചുറ്റി ഒരു ത്രീ ഫോർത്തും ജീനിന്റെ ഷർട്ടും ഇട്ടു അവൾ ചുറ്റും നോക്കി ഓടി വന്നു.
വേഗം വന്നു കേറ് പെണ്ണെ…ആരേലും ഇപ്പോ കണ്ടാൽ ഞാൻ നിന്നെയും കൊണ്ടു ഒളിച്ചോടുവാണെന്നെ പറയൂ…
ഓഹ് ബെസ്റ്റ് ആളുടെ കൂടെ അല്ലെ ഒളിച്ചോടുന്നെ…അവൾ പുച്ഛിച്ചു..
ന്താടി എനിക്കൊരു കുഴപ്പം…
ഓഹ് ഒന്നൂല്ലേ…. നീ വണ്ടി നേരെ വിട്..
വെളിച്ചം ഇരുട്ടിനെ കീറി മുറിച്ചു കാണിച്ച വഴിയിലൂടെ അവൻ ബുള്ളറ്റ് പായിച്ചു.
കാർഷിക സർവകലാശാലയുടെ പ്രധാന കവാടം കടന്നു വണ്ടി ഹൈ വേയിലേക്ക് കയറി..
ടാ സ്പീഡിൽ വിട്ടോ…
ഈ യാത്രയുടെ സുഖം ഇനി കിട്ടില്ലല്ലോ…അവൾ ഇരു കൈകളും അവന്റെ ചുമലിൽ വച്ചു ചെവിയിൽ പറഞ്ഞു.
ബുള്ളറ്റ് വേഗതയോടെ മുന്നോട്ട് ലക്ഷ്യമറിയാതെ കുതിക്കുമ്പോൾ അവളുടെ ചിന്തകൾ പുറകിലേക്ക് സഞ്ചരിച്ചു..
**************
പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ ആണ് കിച്ചുവും കുടുംബവും അടുത്ത വീട്ടിൽ തമാശമാക്കിയത്. അന്ന് മുതൽ ഇന്ന് വരെ കുഞ്ചുവും കിച്ചുവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്…എന്ത് രഹസ്യവും ഒളിച്ചു വെക്കുവാനും, ഏത് ആഗ്രഹങ്ങളും നടത്തുവാനും പ്രശ്നങ്ങളിൽ എന്നും ഒന്നിച്ചു നിക്കുവാനും ഒരു മനസ്സും ഇരു ശരീരവുമായി ഞങ്ങൾ വളർന്നു..
എന്നേക്കാൾ എന്നെ മനസ്സിലാക്കി കിച്ചുവും അവനെക്കാൾ അവനെ തിരിച്ചറിഞ്ഞു ഞാനും എല്ലായ്പോഴും കൂടെ നിന്നു…
എല്ലായിടത്തും ഒന്നിച്ചും ഒരുമിച്ചും നടന്നിട്ടും ഞങ്ങൾക്കിടയിൽ പക്ഷെ സൗഹൃദത്തിനു അപ്പുറം ഒന്നും തോന്നിയിരുന്നില്ല. കിച്ചുവിനോട് മാത്രമല്ല, മറ്റാരോടും ഒരു ഇഷ്ടവും തോന്നിയിട്ടില്ല..
അതുകൊണ്ടാണല്ലോ എന്റെ അച്ഛൻ വിവാഹത്തിന് സമ്മതം ചോദിച്ചപ്പോൾ ഒന്നും ആലോചിക്കാതെ സമ്മതിച്ചത്..
പക്ഷെ, കിച്ചു ജോലിക്കായി ദൂരേക്ക് പോയിരുന്നതിനാൽ ഒറ്റക്കായി പോയപ്പോഴാണ് വേവലാതി ആരംഭിച്ചത്..വിവാഹം അടുത്തപ്പോൾ ടെൻഷനും കൂടി വന്നു. ഇത്രയും നാൾ ഉണ്ടായിരുന്ന സ്വാതന്ത്ര്യം, കിച്ചുവിന്റെ സൗഹൃദം ഇതൊന്നും നഷ്ടമാകുമോ എന്നെല്ലാം…കല്യാണം ആയപ്പോൾ അവൻ ലീവെടുത്തു വന്നെങ്കിലും പല തിരക്കുകളിൽ പെട്ട് അവനു എന്നെ ശരിക്കും ശ്രദ്ധിക്കുവാൻ പോലും പറ്റുന്നില്ലായിരുന്നു..
അതിന്റെ ആഫ്റ്റർ എഫെക്ട് ആണ് ഈ യാത്രയിൽ കലാശിച്ചത്..
*****************
സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിലൂടെ മുന്നോട്ട് അതിവേഗത്തിൽ വണ്ടി പോകുമ്പോൾ കിച്ചു പതിവില്ലാത്ത മൌനത്തിൽ ആയിരുന്നു. അവന്റെ മൗനം എന്തോ എനിക്ക് അസഹ്യമായി തോന്നി…
ഇത്രനാൾ ഒരു മനവുമായി ജീവിച്ച ഞങ്ങൾക്കിടയിൽ സൗഹൃദത്തിനപ്പുറം മറ്റൊന്നും ഉണ്ടായില്ലായിരിക്കാം..പക്ഷെ….ഞാൻ ഇടയ്ക്കു കാറ്റടിച്ചു നിറഞ്ഞ കണ്ണുകൾ അടച്ചു തല കുടഞ്ഞു..
വിവാഹം ഉറപ്പിച്ചതിന് ശേഷം കിച്ചുവിന്റെ അഭാവവും, തനിച്ചാക്കപെടുന്ന പോലെയുള്ള തോന്നലും നിറഞ്ഞപ്പോൾ ഒന്ന് മനസ്സിലേക്ക് എത്തി നോക്കിയപ്പോഴാണ് മനസ്സിലായത് കിച്ചു എനിക്ക് ഒരു സുഹൃത്ത് മാത്രം ആയിരുന്നില്ലെന്ന്..അവനെക്കാൾ എന്നെ മനസ്സിലാക്കുവാൻ എന്നെ സ്നേഹിക്കുവാൻ സംരക്ഷിക്കുവാൻ മറ്റൊരാൾക്കും ആവില്ലെന്ന് അപ്പോഴാണ് മനസ്സിലായത്..അവനോടെനിക്ക് സൗഹൃദം മാത്രമല്ലെന്ന്….അതിനെപ്പോഴൊക്കെയോ പ്രണയത്തിന്റെ ഭാവം കലർന്നിട്ടുണ്ടെന്ന്….
വിവാഹ തലേന്ന് ആരും അറിയാതെ വീട്ടിൽ നിന്നും ഇറങ്ങി എങ്ങോട്ടെന്നില്ലാതെ പോകുമ്പോഴും ഇന്നിപ്പോൾ ഞാൻ എത്രയോ റീലാക്സ്ഡ് ആണ്..കിച്ചുവിനൊപ്പം ഏത് സാഹചര്യത്തിലും ഞാൻ കംഫര്ട്ടബിൾ ആണ്..എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..
ദൂരമേറെ കടന്നുപോയി..ഇടയ്ക്കു കിച്ചു വണ്ടി നിർത്തി..
കുഞ്ചൂ….പുലർച്ചെ ആയി…നമുക്കു തിരിച്ചു വിട്ടാലോ..നേരം വൈകിയാൽ വീട്ടിൽ പ്രശ്നമാവും..കിച്ചുവിന്റെ വാക്കുകൾ ആണ് സ്വബോധത്തിലേക്ക് എത്തിച്ചത്….
ഹ്മ്മ് ….കിച്ചുവിന്റെ ചോദ്യത്തിന് ഞാൻ മൂളി.
വണ്ടി വീട്ടിലേക്കുള്ള റൂട്ടിലേക്ക് തിരിച്ചപ്പോൾ ഞാൻ കിച്ചുവിന്റെ തോളിൽ നിന്നും കൈകൾ എടുത്തു അവന്റെ വയറിനു കുറുകെ പിടിച്ചു..
ന്താ കുഞ്ചൂസേ തണുക്കുന്നുണ്ടോ…മറുപടി പറയാതെ ഞാൻ തല അവന്റെ ചുമലോട് ചേർത്തു വച്ചു മുന്നിലെ ഒഴിഞ്ഞ റോഡിലേക്ക് നോക്കി…
കടന്നു പോകുന്ന ഓരോ നിമിഷവും എന്റെ മനസ്സിൽ അവനോടുള്ള സ്നേഹം കൂടി വരവേ ഞാൻ തിരിച്ചറിഞ്ഞില്ല അവന്റെ ഉള്ളിലും എന്റെ അതേ ചിന്തകൾ തന്നെയാണ് എന്ന്…
നേരം വെളുത്തു തുടങ്ങിയിരുന്നു..ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞാൻ ഒരു ഭാര്യയാവും എന്ന ചിന്ത വീണ്ടും എന്നിൽ മുളപൊട്ടി..ഞാൻ കിച്ചുവിന്റെ ഷർട്ടിൽ പിടിമുറുക്കി..
കിച്ചു എന്റെ കൈകൾക്ക് മേലെ അവന്റെ ഇടത് കൈ ചേർത്തു വച്ചു..
വീടിനു മുന്നിൽ വണ്ടി നിർത്തി ഇറങ്ങുമ്പോൾ ഞാൻ അവനോട് വീട്ടിലേക്ക് വരുന്നില്ലേ എന്ന് ചോദിച്ചു…
ഇല്ല ടീ… ഞാൻ പോയി ഒന്ന് കിടക്കട്ടെ അല്ലെങ്കിൽ ഫോട്ടോ എടുക്കുമ്പോ എന്നെ കാണാൻ ഭംഗി ഉണ്ടാവില്ല…നീയും സമയം ഉണ്ടെങ്കിൽ ഒന്ന് കിടന്നോ…എന്നിട്ട് സമയം ഉണ്ടെങ്കിൽ മതി മേക്കപ്പ് ഒക്കെ…..
അപ്പൊ ശരി ടാ….ഞാൻ വേഗം തിരിഞ്ഞു ഗേറ്റിനരികിലേക്ക് നടന്നു..
ടീ….ടീ കുഞ്ചൂ…അവന്റെ വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി…
ടീ നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ…
എനിക്കോ…. ഇല്ലാലോ….
ഇല്ലേ…. ഇപ്പോ പറഞ്ഞില്ലെങ്കിൽ ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാതാവും ട്ടാ…അവൻ എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി പറഞ്ഞു..
ഏയ് ഇല്ലെടാ…അവന്റെ കണ്ണുകളിലേക്ക് നോക്കാനാവാതെ ഞാൻ താഴേക്ക് നോക്കി പറഞ്ഞു..
എന്നാ എനിക്ക് പറയാനുണ്ട്.അവന്റെ വാക്കുകൾ കേട്ട് ഞാൻ മുഖത്തേക്ക് നോക്കി.
ബൈക്കിൽ നിന്നും ഇറങ്ങിയ അവൻ ഇരു കൈകളും വിടർത്തി കണ്ണുകൾ കൊണ്ട് എന്നെ വിളിച്ചു..
കാത്തിരുന്നപോലെ ഞാൻ അവന്റെ കൈക്കുള്ളിലേക്ക് ഓടിക്കയറി..
ഐ ലവ് യൂ കുഞ്ചൂ….
ചെവിയിൽ പതിയെ അവൻ പറഞ്ഞത് കേട്ട് ഞാൻ തല പൊക്കി അവനെ നോക്കി..
എന്താ….ഞാൻ അത്ഭുതത്തോടെ അവനെ നോക്കി..
ഇപ്പോ എങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ ശ്വാസംമുട്ടി മരിച്ചേനെ…കല്യാണം കഴിഞ്ഞു ഭാര്യയോട് ഐ ലവ് യൂ ന്ന് പറയുന്നതിൽ ഒരു പഞ്ച് ഇല്ലാലോ…അവൻ എന്റെ മുഖത്ത് നോക്കി ഒരു കണ്ണിറുക്കി പുഞ്ചിരിച്ചു..
ഹ്മ്മ്… വേഗത്തിൽ പൊക്കോ… ആരും കാണണ്ട..അല്ലെങ്കി നമ്മൾ കല്യാണതലേന്ന് ഫസ്റ്റ് നൈറ്റ് ആഘോഷിച്ചെന്ന് നമ്മുടെ വീട്ടുകാർ അങ്ങ് പ്രഖ്യാപിക്കും….
ഉച്ചത്തിൽ പൊട്ടിചിരിച്ചു ഞാൻ വീട്ടിലേക്ക് നടക്കുമ്പോൾ ഗേറ്റ് നു മുന്നിൽ വച്ചിരുന്ന വെൽക്കം ബോർഡിൽ കിച്ചു വെഡ്സ് കുഞ്ചു എന്ന് മഞ്ഞ നിറത്തിൽ തിളങ്ങികൊണ്ട് നിൽക്കുന്നുണ്ടായിരുന്നു…