നവാഗത എഴുത്ത് കാരി…
Written by Shabna Shamsu
രണ്ടാഴ്ച മുമ്പ് എൻ്റെ ഉപ്പാൻ്റെ അനിയൻ്റെ മോൾടെ കല്യാണമായിരുന്നു…എൻ്റെ തറവാട്ടില് വെച്ചാണ് കല്യാണം…
ഞാൻ ജനിച്ച് വളർന്ന, എൻ്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം കടന്ന് പോയ വീട്……
അതോണ്ടാ യിക്കും കല്യാണം നിശ്ചയിച്ചപ്പോ തൊട്ട് കിനാവ് കണ്ട് കാത്ത് കാത്ത് നിക്കാണ്….അങ്ങനെ കല്യാണ തലേന്ന് തന്നെ എങ്ങനൊക്കോ ലീവൊപ്പിച്ച് ഞാൻ കല്യാണ വീട്ടിലെത്തി…
കൊറോണ കല്യാണം ആയോണ്ട് വല്യ ആർഭാടൊന്നും ഇല്ല …കുടുംബക്കാരും അയൽക്കാരും മാത്രം….
അല്ലേലും കൂട്ട് കുടുംബങ്ങള് കൂടുന്നതിലും വല്യ എന്താർഭാടാണ് ഉള്ളത്….
ചെന്ന് കേറിയപ്പോ തന്നെ അമ്മായി മാരുടെ ഉമ്മ തരലിൽ ആണ് തുടക്കം….എപ്പോ വീട്ടിൽ പോയാലും തിരിച്ച് വരുമ്പളും മൂന്ന് മക്കൾടെ ഉമ്മയായിട്ടും ഈ ഉമ്മകൾക്ക് മാത്രം ഒരു മാറ്റവും ഇല്ല…
അത് കിട്ടുമ്പോ ആണ് ഞാൻ ഇട്ടത് ഒരു ബെറ്റിക്കോറ്റാണെന്നും എൻ്റെ കൈ നിറയെ കുപ്പി വളകൾ ഉണ്ടെന്നും കാലില് കിലുങ്ങുന്ന വെള്ളി പാദസരം ഉണ്ടെന്നും എനിക്ക് പത്തോ പന്ത്രണ്ടോ വയസാണെന്നും ആഗ്രഹിച്ച് പോവുന്നത്……
അത് കഴിഞ്ഞ് കല്യാണപ്പെണ്ണിനെ കണ്ട്…വല്ലാത്ത സന്തോഷം..അൺട്ർ ർ ർ… ന്ന് പറഞ്ഞ് ചെർപ്പത്തില് കരഞ്ഞോണ്ട് നടക്കുമ്പോ തോളില് കിടത്തി പാട്ട് പാടി ഉറക്കിയതും, ഭക്ഷണം വാരി കൊടുത്തതും, ഓർമ്മയില് വന്നു….താത്താത്തൂന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചപ്പോ സന്തോഷം കൊണ്ടാണോന്നറീല, കണ്ണൊന്ന് നിറഞ്ഞു….
വീട് കുറച്ച് മോടി പിടിപ്പിച്ചിട്ടുണ്ട്…ന്നാലും വല്യ മാറ്റൊന്നും ഇല്ല….അരിച്ചെമ്പിലെ പലഹാരോം, പത്തായത്തിലെ നെല്ലും, പഴക്കുല തൂക്കിയിടുന്ന മൂലയും, പുറക് വശത്തെ ചാമ്പക്ക മരവും, അതിനടുത്തുള്ള കോഴിക്കൂടും, ഒക്കെ അങ്ങനെ തന്നെയുണ്ട്…
എല്ലാം ഒന്ന് ചുറ്റിക്കണ്ട് വന്നപ്പളേക്കും ചായ എടുത്ത് വെച്ചു…മീഡിയം ചൂടുള്ള കട്ടൻ ചായേം, കല്യാണ വീട്ടിലെ സ്ഥിരം മെനു വായ മിച്ചറും ആറാം നമ്പറും കൽത്തപ്പോം…
ചായ കുടിക്കുമ്പളും ആരൊക്കെയോ വന്ന് വിശേഷങ്ങള് ചോദിക്കുന്നു …
അങ്ങനെ ചായ കുടി കഴിഞ്ഞ്…പണ്ടത്തെ ചങ്ക് കസിൻസെല്ലാം കൂടെ ഒരു റൂമില് വട്ടത്തിലിരുന്ന് കളിയും ചിരിയും ഉസാറെന്നെ….
ഞാനും കൂടെ ചേർന്ന് പിന്നെ മാരക കഥ പറച്ചില് തുടങ്ങി..ഇട്ട ചുരിദാർ വാങ്ങിയ കട… തയ്യൽ കൂലി..ടയ്ലറെ പോരായ്മകളും, പുകഴ്ത്തലും, പണയം വെച്ച സ്വർണത്തിൻ്റെ കണക്ക് ,അമ്മായിമ്മമാർടെ കുറ്റങ്ങള്, മാപ്പളമാരെ പത്രാസ്…..എന്ന് തുടങ്ങി പലതരം വിഷയങ്ങള് മാറി മാറി വന്നു….മക്കള് മൂന്നും എൻ്റെ മേലൊട്ടി നിക്കാ…
“എടീ…അൻ്റെ മൂത്ത മോള് അൻ്റെ മാതിരി തന്നെ ണ്ട്…. രണ്ടാമത്തോള് ഷംസൂനെ മുറിച്ച് വെച്ച്ക്ക്ണ്….മൂന്നാമത്തോൾ ക്ക് ആരെ മോച്ഛായാടീ….. ങ്ങള് രണ്ടാളെ മാതിരീം ഇല്ലാലോ..”
“ഓൾക്ക് ബാപ്പ ഹജ്ജിന് പോയപ്പോ വാപ്പാൻ്റെ പോത്തിന് പുല്ലരിയാൻ വന്ന ബംഗാളീൻ്റെ മോച്ഛായ…. ഒന്ന് പോ ബലാലേ… ഓരോ കണ്ട് പിടുത്തം….”
അങ്ങനെയങ്ങനെ ഓരോരോ വിഷയം മാറി മാറി വരുന്നതിൻ്റെ ഇടക്കാണ് വല്യ അമ്മായിൻ്റെ മൂത്ത മോനും കട്ട ചങ്കുമായ ഇക്കാക്കാൻ്റെ വരവ്…കല്യാണത്തിൻ്റെ മുഴുവൻ കോർഡിനേഷനും ഓൻ്റെ തലേലാണ്…അയിൻ്റെ അഹങ്കാരം അറിയിക്കാൻ മൂക്കിൻ്റെ അറ്റത്ത് കണ്ണടേം വെച്ച് തല ചെരിച്ച് പിടിച്ചാണ് നടപ്പ്…
അന്ന് രാത്രിയിലെ പരിപാടികളെ കുറിച്ച് വിശദീകരിച്ചു…പാട്ട് .. കുട്ടികൾടെ ഡാൻസ്… ഒപ്പന… കസേര കളി… ഇവർക്കൊക്കെയുള്ള സമ്മാനം…പിന്നെ 12 വയസിന് താഴെയുള്ള കുട്ടികൾ സുബിഹി ചലഞ്ചിൽ പങ്കെടുത്തിരുന്നു… 100 ദിവസം സുബിഹ് ഖളാ ആവാണ്ട് നിസ്ക്കരിച്ചവർ…അവർക്കുള്ള സമ്മാനം..പിന്നെ കഴിഞ്ഞ ഇലക്ഷനിൽ ഞങ്ങളെ പഞ്ചായത്തിലെ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുത്ത ഉപ്പാൻ്റെ ചെറിയ അനിയനെ ആദരിക്കൽ…ഇതൊക്കാണ് പരിപാടി….
ഈ സമ്മാനംന്ന് കേട്ടപ്പോ എനിക്കൊരു പൂതി….
ഞാൻ ഓനെ ഒരു മൂലക്ക് വിളിച്ചൊണ്ടോയി സ്വകാര്യത്തില് ചോയ്ച്ച്…
“അതേയ്…. ഇനിക്കും ഒരു സമ്മാനം തരോ…വാട്ട്സപ്പില് സ്റ്റാറ്റസ് ഇടാനാ.,,,,, “
” യെന്ത് തേങ്ങക്ക്…”
” അല്ല.. ഞാനീ കഥയൊക്കെ എഴുതല്ലോ… ഇനിക്ക് കൊറേ ലൈക്കും കമൻ്റൊക്കെ ണ്ട്.. ഈ കുടുംബത്തിലെ നവാഗത എഴുത്തുകാരി ഷബ്ന ഷംസൂന് സമ്മാനം തരുമ്പോ ഇവിടെല്ലാരും അറിയും ചെയ്യും… ഇനിക്ക് സ്റ്റാറ്റസും ഇടാ,,,, “
” നവാഗത എയ്ത്ത്കാരി…. യ്യി…. ഉണ്ടയാണ്…ഞ്ഞി മത്തി മുറിച്ചതും, അൻ്റാടെ പുതിയ അടുക്കളണ്ടാക്കിയതും, അനക്ക് കാപ്പി കുടിക്കാൻ പറ്റാത്തതും, അതൊക്കെ അല്ലേ അൻ്റെ കഥ… അയ്നൊക്കെ സമ്മാനം തരാൻ നിന്നാ ഈ കൂട്ടം കൂടി നിക്ക്ണ മൻഷൻമാർക്ക് മുയുവനും സമ്മാനം കൊട്ക്കണം…. മുണ്ടാണ്ട് ആ മൂലേല് അടങ്ങി ഒതുങ്ങി ഇരുന്നോ…”
എനിക്ക് ആവശ്യത്തിലേറെ തള്ളും പത്രാസ് പറച്ചിലും ഉണ്ട്.. അതിനിടക്ക് ഇതൂടി ആയാ പിടിച്ചാ കിട്ടൂലാന്ന് തോന്നീ റ്റായിക്കും ഓൻ അമ്പിനും വില്ലിനും അടുക്കുന്നില്ല…
ഇമ്മായിരി ഓരോ കൊസ്സറാം കൊള്ളി ആങ്ങളമാര്ണ്ടായാ ഞാനൊക്കെ എങ്ങനെ വളരാനാ…ആ പ്രതീക്ഷ പോയി….
ഞാൻ വീണ്ടും റൂമില് വട്ടത്തില് ഇരിക്കുന്നോരെട്ത്തേക്ക് പോയി ….
ഷംസുക്ക കഴിഞ്ഞ ആഴ്ച വാങ്ങിയ 15 സെൻ്റ് സ്ഥലത്തിൻ്റെ സർവ്വേ നമ്പറും വിസ്തീർണ്ണവും അടക്കം തള്ളാൻ തുടങ്ങി…അതെങ്കിലും നടക്കട്ടെ….
അങ്ങനെ പരിപാടികൾ ആരംഭിച്ചു….ആസ്ഥാന ഗായകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന റിയാസ്ക്ക എൻ്റെ ഇഷ്ട ഗായകരായ റാസാ ബീഗത്തിൻ്റെ കരയകലും കപ്പല് പോലെ കരഞ്ഞോണ്ട് പാടിയത് കേട്ട് മുറ്റത്ത് പടർന്ന് പന്തലിച്ച് നിക്കുന്ന ചെമ്പക മരത്തിൻ്റെ ചോട്ടിലിരുന്ന എനിക്ക് എന്തെന്നില്ലാത്ത നൊലോളി വന്ന്…..
അങ്ങനെ പാട്ടും ഡാൻസും ഒപ്പനേം കസേര കളിയും ഒക്കെ കഴിഞ്ഞ്…
സമ്മാനദാനം എത്തിയപ്പോ വീണ്ടും എനിക്ക് പൂതി….സ്റ്റാറ്റസ് ഇടണം…
സ്റ്റേജിലിരിക്കുന്നോൻ്റെ മൂക്കും കണ്ണടേം കണ്ടപ്പോ കിട്ടൂലാന്ന് ഒറപ്പിച്ച്…
ആറ് വയസുള്ള മയ്മദ് വാവ പാടിയ ഇസ്ലാം കാര്യം അഞ്ചാണ്….അയ്നും സമ്മാനം കൊട്ത്ത്…റിയാസ്ക്കാക്കും കൊട്ത്ത്…പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനും കൊടുത്ത്..
നവാഗത എഴുത്ത് കാരി അപ്പളും കസേരേല് ചൊറിയും കുത്തി ഇരിക്ക്ന്ന്…ലാസ്റ്റ് എനിക്ക് ഇരിക്കപ്പൊറുതി ഇല്ലാണ്ടായി…
ഞാൻ മെല്ലെ എണീച്ച് പന്തലില് തൂക്കിയിട്ട ഒരു സീക്കൻസിൻ്റെ മാല പൊട്ടിച്ചെട്ത്ത്….എന്നിട്ട് സ്റ്റേജില് ചെന്ന്…
“ഇനിക്കാ മൈക്കൊന്ന് തരോ… ഒരു കാര്യം പറയാൻ ണ്ടെയ്നു”
“ന്ത് കാര്യാ…”
ഉടായിപ്പായിക്കുന്ന് ഒറപ്പ്ള്ളോണ്ട് ഓൻ മൈക്ക് തരുന്നില്ല…
” ഒരു സസ്പെൻസാ… വേം തരാ…. “
കൊറേ കെഞ്ചിയപ്പോ ഗതികെട്ട് ഓൻ തന്ന്…
മൈക്ക് പിടിച്ച് ഞാൻ പ്രസംഗിക്കാൻ തുടങ്ങി…
“പ്രിയപ്പെട്ടവരേ….നമ്മുടെ കുടുംബത്തിൽ വളർന്ന് വരുന്ന ഒരു എഴുത്തുകാരിയെ പരിചയപ്പെടുത്താൻ ഞാനീ അവസരം ഉപയോഗിക്കുകയാണ്..നമ്മുടെ തറവാടിൻ്റെ അഭിമാനമായ നവാഗത എഴുത്തുകാരി ഷബ്ന ഷംസുവിനെ ആദരിക്കാൻ ബഹുമാനപ്പെട്ട നമ്മുടെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ NA ഉസ്മാനെ ക്ഷണിച്ച് കൊള്ളുന്നു”
അയ്ശ്…..
ഗത്യന്തരല്ലാതെ ആപ്പ സ്റ്റേജിലേക്ക് വന്ന്… ഞാൻ കയ്യില് പിടിച്ച സീക്കൻസ് മാല ആപ്പാക്ക് കൊടുത്ത്…നല്ലോണം ആദരിച്ച്…എൻ്റെ ഫോണും പത്തുറുപ്പിയേം കൊടുത്ത് രണ്ട് കുട്ടികളെ ഫോട്ടോ എടുക്കാൻ സ്റ്റേജിൻ്റെ മുമ്പില് നിർത്തീനു…അങ്ങനെ ഫോട്ടോയും കിട്ടി…..
പിന്നൊന്നും നോക്കീല…സ്റ്റാറ്റസ് ഇട്ട്…
Proud moment…A very valuable gift from my tharavaad..എന്ന കാപ്ഷനും കൊട്ത്ത്….
അയ്ശ്ശ്……
അഭിനന്ദനവും കൺഗ്രാറ്റ്സും കൊണ്ട് എൻ്റെ ഇൻബോക്സ് നിറഞ്ഞ് തുളുമ്പി…..അത് കണ്ടെൻ്റെ കണ്ണും തുളുമ്പി.
അതിൻ്റെ ഇടക്കാണ് ഒരു മെസേജ്…ഈ അടുത്ത് എഴുത്ത് ഗ്രൂപ്പ്ന്ന് പരിജയപ്പെട്ട എന്നെ പോലത്തെ ഒരു നവാഗത എഴുത്തുകാരി…
” ഷബ്നാ.. ഇത്രയും പ്രോത്സാഹനം തരുന്ന ഒരു കുടുംബത്തില് ജനിക്കാൻ കഴിഞ്ഞതാണ് നിൻ്റെ ഏറ്റവും വലിയ ഭാഗ്യം…എന്നെയൊന്നും ആരും പ്രോത്സാഹിപ്പിക്കാൻ ഇല്ലാത്തോണ്ടാടീ ഞാനൊക്കെ ഇങ്ങനെ മുരടിച്ച് പോയത്….”
ന്താപ്പോ ഞാനോളോട് പറയാ……..