ആത്മധൈര്യം
എഴുത്ത്: ഗീതു അല്ലു
ആ വീടിന്റെ പടിയിറങ്ങുമ്പോൾ ഒരിക്കൽ പോലും ഒരു പിൻവിളി ഞാൻ പ്രതീക്ഷിച്ചിരുന്നില്ല… ആഗ്രഹിച്ചിരുന്നില്ല എന്നതാണ് ശെരി. നീണ്ട ആറു വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു കെട്ടുതാലി പൊട്ടിച്ചു ഭർത്താവിനെ ഏൽപ്പിക്കുമ്പോൾ ഒരു കുറ്റബോധവും തോന്നിയിരുന്നില്ല.
അവിടുന്ന് ഇറങ്ങുമ്പോൾ ഇനിയെന്ത് എന്ന ചോദ്യം എന്റെ മുന്നിൽ ബാക്കിയായിരുന്നു. എന്റെ മകൾക്ക് വേണ്ടി ജീവിക്കണം എന്ന് മാത്രമേ അപ്പോൾ ചിന്തിച്ചിട്ടുണ്ടായിരുന്നുള്ളൂ.
അനാഥയായി ജനിച്ച ആ നിമിഷത്തെ പോലും അപ്പോൾ ഞാൻ ശപിച്ചിരുന്നു. ഒരുപാട് ആലോചനകൾക്ക് ശേഷം എന്റെ സുഹൃതായ ലിസിയുടെ വീട്ടിലേക്ക് പോകാൻ ഞാൻ തീരുമാനിച്ചു.
അവിടെക്കുള്ള ബസിൽ മകളെയും ചേർത്ത് പിടിച്ച് ഇരിക്കുമ്പോൾ ആ നശിച്ച ഭൂതകാല ഓർമ്മകൾ ആയിരുന്നു മനസ്സ് നിറയെ.
*******************
ആരുടെയോ ഒരു നിമിഷത്തെ കൈയബദ്ധത്തിന്റെ ഫലമായിരുന്നു ആലീസ് എന്ന ഞാൻ. ജനിച്ചത് ഏതോ തെരുവിൽ. വളർന്നത് മുഴുവൻ ഒരു അനാഥലായത്തിൽ.
പഠിക്കാൻ മിടുക്കിയായതു കൊണ്ട് അവരുടെ ഇല്ലായ്മയിലും എന്നെ പഠിപ്പിക്കാൻ ആ അനാഥലയത്തിലെ സിസ്റ്ററുമാർ ശ്രമിച്ചിരുന്നു.
പഠിക്കുന്ന സമയം ആരോടും അധികം കൂട്ട് കൂടാത്ത സ്വഭാവമായിരുന്നു എനിക്ക്. ആകെ ഉണ്ടായിരുന്ന കൂട്ട് പ്ലാന്റെർ തോമസിന്റെ മകൾ ലിസിയുമായിട്ടാണ്. അവളുടെ അപ്പന്റെ സഹായത്തോടെയാണ് ഞാൻ പി ജി ചെയ്തതും.
പി ജി യ്ക്ക് ചേർന്നപ്പോഴാണ് എന്റെ സീനിയർ ആയി പഠിച്ചിരുന്ന ജോസഫ് പ്രണയവും പറഞ്ഞു വന്നത്. എന്നെ കുറിച്ചും എന്റെ സാഹചര്യങ്ങളെ കുറിച്ചും അയാളോട് പറഞ്ഞിട്ടും അയാൾ പിന്മാറിയില്ല.
പിന്നീട് അയ്യാൾ ഞാൻ താമസിക്കുന്ന അനാഥലയത്തിൽ വന്നു സിസ്റ്ററുമാരോട് എന്നെ പെണ്ണ് ചോദിച്ചു. അവർക്ക് ഇതിൽപ്പരം സന്തോഷം മറ്റൊന്നണ്ടായിരുന്നില്ല.
അയ്യാളുടെ വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിച്ചു ഞങ്ങളുടെ പഠന ശേഷം വിവാഹവും നടത്തി. വിവാഹത്തിന്റെ പുതുമോഡി മാറുന്നത് വരെ എല്ലാം നല്ലത് പോലെ തന്നെ മുന്നോട്ട് പോയി.
അയ്യാളുടെ അനിയന്റെ വിവാഹവും വളരെ പെട്ടെന്ന് തന്നെ നടന്നു. ഒരുപാട് സ്വർണ്ണവും പണവുമായി വന്ന ഇളയ മരുമകൾ അമ്മായിയമ്മയ്ക്ക് പ്രിയങ്കരിയായി.
ആ വീട്ടിൽ ഒരു വിലയുമില്ലതെ അടുക്കളയുടെ ഒരു മൂലയിലേക്കു തള്ളിയ ഒരു പാഴ്ജന്മം മാത്രമായി ഞാൻ. ജോസഫിൽ പോലും ഞാൻ മാറ്റം തിരിച്ചറിഞ്ഞു.
വല്ലപ്പോഴും മാത്രം മദ്യപിച്ചിരുന്ന ജോസഫ് സ്ഥിരം മദ്യപിക്കാൻ തുടങ്ങി. എന്നും അടിയും വഴക്കും. എല്ലാം സഹിച്ചും ക്ഷമിച്ചുo അവിടെ തന്നെ നിൽക്കാൻ ഞാൻ ശ്രമിച്ചു. അവിടുന്ന് ഇറങ്ങിയാൽ പിന്നെ എനിക്ക് ഒരു അഭയം ഇല്ല എന്ന തോന്നൽ കൊണ്ടായിരുന്നു അത്.
അതിനിടയിലാണ് ഞാൻ മോളെ ഗർഭിണിയാകുന്നത്. അവൾ സ്വന്തം മോളല്ല എന്നായിരുന്നു ജോസഫ് വിചാരിച്ചിരുന്നതു. ഇതെല്ലാം അയ്യാളുടെ അമ്മയുടെ ഉപദേശത്തിന്റെ ഫലമായിരുന്നു.
പണക്കാരിയായ ഒരുവളെ കൊണ്ട് മകനെ വിവാഹം ചെയ്യാൻ ആശിച്ചിരുന്ന ഒരു അമ്മയുടെ പ്രതികാരം. അവിടെ തകർന്നു പോയത് അനാഥയായ ഒരു പെണ്ണിന്റെ ജീവിതവും.
പലപ്പോഴും ദൈവത്തിനെ വിളിച്ചു കരയാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ. മകൾക്ക് വേണ്ടി ഞാൻ ആ വീട്ടിൽ ജീവിച്ചു. അവസാനം എനിക്ക് പരപുരുഷ ബന്ധമുണ്ടെന്നും എന്റെ മകളെ ഞാൻ വഴി പിഴച്ചു ഉണ്ടാക്കിയാതാണെന്നുന്നും പറഞ്ഞപ്പോൾ സഹിച്ചു നിൽക്കാനായില്ല. മകളെയും കൂട്ടി അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി.
*******************
കണ്ണിലൂടെ ഒഴുകി വന്ന കണ്ണുനീർ ആ കുഞ്ഞി കൈകൾ ഒപ്പിയെടുത്തപ്പോഴാണ് ഞാൻ ആലോചനകളിൽ നിന്നും ഉണർന്നതു. അവളെയും ചേർത്ത പിടിച്ച് ആ ബസിൽ ഇരുന്നു. കുറച്ചു ദൂരവും കൂടി പിന്നിട്ടപ്പോൾ ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തി.
ലിസിയുടെ വീട്ടിലെത്തി അവളെ കണ്ടപ്പോഴാണ് എനിക്ക് പാതി ആശ്വാസം ആയത്. അവളോട് വിവരങ്ങൾ ഒക്കേ പറഞ്ഞു കരഞ്ഞപ്പോൾ കുറെ ആശ്വാസം തോന്നി.
ആ വീട്ടിൽ അവളും മകളും മാത്രമാണ് താമസം. ഭർത്താവ് വിദേശത്താണ്. അവളുടെ മകൾക്കും എന്റെ മകളുടെ അതെ പ്രായം.
എന്റെ പ്രശ്നങ്ങൾ എല്ലാം കേട്ടു കഴിഞ്ഞ് അവൾ കുറെ നേരം ആലോചനയിൽ ആയിരുന്നു. ആലോചനയ്ക്ക് ഒടുവിൽ അവൾ എന്നോട് പറഞ്ഞു ആ വീട്ടിൽ അവൾക്കൊപ്പം താമസിക്കാൻ.
എനിക്കൊരു ജോലി കൂടി ശെരിയാക്കി തരാം എന്ന് അവൾ പറഞ്ഞപ്പോൾ എനിക്കൊരുപാട് സന്തോഷമായി. പക്ഷെ പിന്നീടവൾ പറഞ്ഞ കാര്യങ്ങൾ അത് വരെ ഞാൻ ചിന്തിക്കാത്തതായിരുന്നു. പിന്നീട് ചിന്തിച്ചപ്പോൾ ആവശ്യം എന്ന് തോന്നിയതും.
ഒരു തെറ്റും ചെയ്യാതെ എന്നെ കുറ്റക്കാരിയാക്കിയിട്ട് അയ്യാൾ അങ്ങനെ സുഗിച്ചു ജീവിക്കണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു. പിന്നീട് അതിനു വേണ്ടുന്ന പദ്ധതികൾ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു ഞങ്ങൾ.
അയ്യാളെ ഒരു പാഠം പഠിപ്പിക്കുക എന്നതിന്റെ ആദ്യ പടിയായി ലിസി അയ്യാളുടെ കാമുകിയാ വാൻ തീരുമാനിച്ചു. അതിനായി പുതിയൊരു സിമ്മും ഒരു ഫേസ്ബുക് അക്കൗണ്ടും ഞങ്ങൾ തുടങ്ങി. അതിലൂടെ വിചാരിച്ചതിലും വേഗം അയ്യാൾ ഞങ്ങളുടെ വലയിൽ വീണു.
ഒരുപാട് വട്ടം നേരിട്ട് കാണണം എന്ന് അയ്യാൾ ആഗ്രഹം പ്രകടിപ്പിച്ചു എങ്കിലും ഞങ്ങൾ ഒഴിഞ്ഞു മാറി. പറ്റിയൊരു അവസരത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഞങ്ങൾ.
ആ ഇടയ്ക്കാണ് അയ്യാളുടെ രണ്ടാം വിവാഹം ഉറപ്പിച്ചുവെന്നും ഇനിയെങ്കിലും അയ്യാളുടെ ഒപ്പം ചെല്ലണമെന്നുമുള്ള ആവശ്യം അയ്യാൾ ഉന്നയിച്ചതു. ആ അവസരം തന്നെ ഞങ്ങൾ മുതലെടുത്തു.
ഒരു ഹോട്ടലിൽ റൂം എടുത്ത് അയ്യാളോട് അങ്ങോട്ട് വരാൻ ഞങ്ങൾ അവശ്യപ്പെട്ടു. ലിസിയും അവിടെയെത്തും എന്ന് ഉറപ്പ് കൊടുത്തു.
ഞങ്ങളുടെ പ്ലാൻ പോലെ തന്നെ എല്ലാം നടന്നു. അയ്യാൾ മുറിയിൽ ലിസിയ്ക്കായി കാത്തിരുന്നു. അവിടെയ്ക്ക് ലിസിയായിട്ടു ഞങ്ങൾ തന്നെ വാടകയ്ക്കെടുത്ത ഒരു സ്ത്രീയെ പറഞ്ഞു വിട്ടു.
അവർ ആ മുറിക്കകത്ത് അവരുടേതായ ജീവിതത്തെ സ്വപ്നം കണ്ടു തുടങ്ങിയപ്പോഴാണ് പുറത്ത് പോലീസ് എത്തിയത്. പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു.
ജോസഫിനെയും കൂടെ ഒരു പെണ്ണിനേയും ഹോട്ടലിൽ നിന്നും പോലീസ് പിടിച്ചതറിഞ്ഞു അയ്യാളുടെ അമ്മ നെഞ്ച് പൊട്ടി നിലവിളിച്ചു. ഇങ്ങനെ ഒരു അഭാസൻ താമസിക്കുന്ന വീട്ടിൽ താമസിക്കാൻ പറ്റില്ല എന്നും പറഞ്ഞു അനിയനും ഭാര്യയും ആ വീട് വിട്ട് പോയി. ഇങ്ങനൊരു മകൻ തനിക്കില്ല എന്ന് ജോസഫിന്റെ അപ്പൻ ഇടവകക്കാരുടെ മുന്നിൽ വിളിച്ചു പറഞ്ഞു.
അവസാനമായി എന്റെ ഊഴമായിരുന്നു. മകൾക്കൊപ്പം ജയിലിൽ പോയി അയ്യാളെ കണ്ടു ഇതെല്ലാം ഞങ്ങളുടെ കളികൾ ആണെന്ന് മുഖത്തു നോക്കി പറഞ്ഞു.
” ഒരു തെറ്റും ചെയ്യാതെ തെറ്റ്കാരിയാക്കപ്പെട്ടു അപമാനിതയായി നിൽക്കുമ്പോൾ ഉള്ള വേദന നിങ്ങളും തിരിച്ചറിയണം. അതിനു വേണ്ടി ചെയ്തതാ ഇതൊക്കെ. നിങ്ങളുടെ ഈ അവസ്ഥയിൽ എനിക്കൊരു കുറ്റബോധവും ഇല്ല. കാരണം ആരോരുമില്ലാത്ത ഒരു പെണ്ണിനെ സ്നേഹിച്ചു വഞ്ചിച്ചതിനു ഇതിലും വലിയ ശിക്ഷയാണ് നിങ്ങൾക്ക് തരേണ്ടത്. “
ഒരക്ഷരം പോലും മറുത്ത് പറയാതെ നിന്ന അയ്യാളുടെ മുഖത്തു നോക്കി ഒന്ന് ചിരിച് മോളെയും കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു.
എനിക്കപ്പോൾ ലിസി പകർന്നു നൽകിയ ഒരു ആത്മധൈര്യം കൂടെ ഉണ്ടായിരുന്നു. ഒരു സ്ത്രീക്ക് ധൈര്യവും വിദ്യാഭ്യാസവും ഉണ്ടെങ്കിൽ ഏതു പ്രതിസന്ധി ഘട്ടവും തരണം ചെയ്യാം എന്ന ആത്മധൈര്യം.