അച്ഛന്റെ രാജകുമാരി – എഴുത്ത്: Shimitha Ravi
ആറു മുപ്പതിന്റെ അലാം കയ്യെത്തിച്ചു ഓഫ് ചെയ്തിട്ട് വെറുതെ തിരിഞ്ഞുകിടന്നു. ഉറക്കം മതിയാവഞ്ഞിട്ടല്ല. മാഡം ഇതുവരെ വന്നില്ല. എന്തോ ഇപ്പൊ ആ മുഖം കണ്ടെണീറ്റില്ലെങ്കിൽ ഒരു സുഖം തോന്നാറില്ല. അതൊരു പതിവായിരുന്നു. ആഹ് കാലനക്കം കേൾക്കുന്നുണ്ട്. വന്നു എന്ന് തോന്നുന്നു.
കുഞ്ഞികാലിൽ നിറയെ മണികളുള്ള ഒരു പാദസരം ആണ് ഇട്ടുകൊടുത്തിരിക്കുന്നെ. അതുകൊണ്ട് ആള് അടുത്തുള്ള ഏത് പഞ്ചായത്തിൽ ഉണ്ടെങ്കിലും അറിയാൻ പറ്റും. അല്ലാതെ അവളെ അന്വേഷിച്ചു കണ്ടുപിടിക്കുക വലിയ പ്രയാസം. മുൻപ് മനുഷ്യനെ ടെന്ഷന്റെ കൊടുമുടി കാണിച്ചിട്ട് മാഡം ഇറങ്ങിവന്ന സ്ഥലങ്ങൾ. അടുക്കളയിലെ വലിയ ബക്കറ്റ്, അലമാരയിലെ താഴത്തെ തട്ട്, അരിപാത്രം…ഹാ അത് പറഞ്ഞപ്പോഴാണ് അരിപാത്രത്തിൽ നിന്നുള്ള ആ വരവ് ഒരൊന്നൊന്നര വരവാണ് കേട്ടോ…ഇപ്പോഴും ഓർക്കുമ്പോൾ ചിരി വരും.
രണ്ടായിട്ടു കെട്ടിവച്ച കുഞ്ഞു തലമുടി കണ്ടാൽ ശരിക്കും കൊമ്പായിട്ടേ തോന്നു. മുഖത്തും ഉടുപ്പിലുമെല്ലാം അരിപ്പൊടി പറ്റി തലമുടി മൊത്തം അതിൽ മുങ്ങി ഇറങ്ങിവരുന്ന കണ്ടപ്പോ അത്ര നേരം വെപ്രളപ്പെട്ടു അന്വേഷിച്ചു നടന്ന അനു വരെ ചിരിച്ചുപോയി. ശരിക്കും ഒരു കുട്ടിഭൂതം. അല്ല കുഞ്ഞു ഭൂതം…എന്നിട്ട് എന്റെ താഴെ വന്നിട്ട് കൈ നീട്ടി ഒരു ആജ്ഞ… “കുഞ്ഞുനേ എടുത്തേ ചാച്ചു…” അഞ്ചു മിനിട്ടു കഴിഞ്ഞു കുളിക്കാൻ വിളിച്ചപ്പഴേക്കും കുട്ടിഭൂതം എന്നെയും ഒരു “അര” ഭൂതം ആക്കിയിരുന്നു.
ഒന്നര വയസ്സേ ഉള്ളെങ്കിലും ഒരു കാരണവത്തിയുടെ വർത്തമാനം ആണ്. ഇപ്പോൾ ഈ വരവ് എന്നെ എണീപ്പിക്കാൻ ആണ്. അനു എണീറ്റുപോയാൽ പത്തുമിനിറ്റ് കഴിയുമ്പോഴേക്കും ഭൂതോം എണീറ്റ് പിന്നാലെ ചെല്ലും. പിന്നെ അടുക്കള ഒരു പൂര കളം ആക്കും. പാവം അനു…രാവിലെ തീർക്കാൻ ഉള്ള പണി പോരാഞ്ഞു കുഞ്ഞുവിന്റെ contribution കൂടി ആവുമ്പോൾ ഇടം വലം തിരിയാതെ ഓട്ടം തന്നെ.
ഒടുവിൽ ഒരു താത്കാലികാശ്വാസം എന്നാ നിലക്ക് കണ്ടുപിടിച്ച ഒരു കുറുക്കുവഴിയാണ് ഇപ്പോൾ എന്റെ ശീലം ആയി മാറിയത്. “കുഞ്ഞു…ഓടിപ്പോയി ചാച്ചുനെ എണീപ്പിച്ചേ…” എന്നും പറഞ്ഞു വിടും. ആദ്യം ഒക്കെ വല്ലപ്പോഴും മാത്രം ഉണ്ടായിരുന്ന ആ ഡയലോഗ് ഇപ്പോൾ അനു സ്ഥിരം ആകിയതാണോ അതോ കുഞ്ഞുനു ചാച്ചുനെ എണീപ്പിക്കുന്ന ഉത്തരവാദിത്വം ഇഷ്ടപ്പെട്ടു പോയത് കൊണ്ടാണോ എന്നറിയില്ല ഇപ്പോൾ എന്നും കണി കാണുന്നത് കുഞ്ഞുന്റെ കുഞ്ഞുമുഖം തന്നെ.
കുഞ്ഞുമോളെ എന്നും വിളിച്ചു കവിളത്തൊരുമ്മേം കൊടുത്തു ഗുഡ് മോർണിങ് പറയുമ്പോൾ അയ്യേ ചാച്ചു പല്ലു തേച്ചില്ല എന്നും പറഞ്ഞു കവിൾ തുടച്ചു കളയുമാ കള്ളിപെണ്ണ്.
അടുത്ത് വന്നു നിൽപ്പുണ്ടെന്നു നോക്കാതെ തന്നെ എനിക്ക് മനസിലായി. പുതപ്പു തലവഴിയെ ഇട്ടിരിക്കുന്നത്കൊണ്ട് ഞാൻ ഉറങ്ങുവാണെന്നു വിചാരിച്ചു മാഡം ഡ്യൂട്ടി തുടങ്ങി. “ചാച്ചു…” പതിയെ ആണുട്ടോ ആദ്യത്തെ വിളി. “ചാച്ചു…” കുഞ്ഞി കൈ എന്റെ ദേഹത്തോട്ടു വച്ചിട്ടാ രണ്ടാമത്തെ വിളി… “എനിച്ചെ….” എണീക്കാൻ ആണ്. കട്ടിലിനു താഴെ നിന്നിട്ട് പാവം കഷ്ടിച്ച് കയ്യെത്തിച്ചിട്ടാണു വിളിക്കണെ. എനിക്ക് ചെറിയ സഹതാപമൊക്കെ തോന്നാതിരുന്നില്ല.
പക്ഷെ വേണ്ട…അനുനേ ആണോ ചാച്ചുനെ ആണോ കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചപ്പോ കുഞ്ഞു അനുന്റെയാ എന്ന് പരസ്യപ്രഖ്യാപനം നടത്തി എന്നെ നാണം കെടുത്തിയ ടീം ആണ്. എനിക്ക് ഒരു റോളും ഇല്ലാത്തപോലെ…ആഹാ..അത്ര ദയ ഒന്നും വേണ്ട. “ചാച്ചു എനിച്ചെ….എനിച്ചെ…” സകല ശക്തിയും എടുത്ത് കുലുക്കി വിളിക്കുവാണ്. നമ്മൾ ഉണ്ടോ കുലുങ്ങുന്നു…? ഹിഹി…കുഞ്ഞുന്റെ അല്ലെ ചാച്ചു. അനക്കം ഒന്നും കേൾക്കുന്നില്ല. പോയോ…അങ്ങനെ തോറ്റു പിൻവാങ്ങുന്ന ആളൊന്നും അല്ല. ഞാൻ ഇടകണ്ണിട്ടു നോക്കി.
അച്ചോടാ…മുഖം ഒക്കെ ചുവപ്പിച്ചു നിക്കുവാ…അടുത്ത movement എന്താണെന്ന് ആലോചിക്കുവാണെന്നു തോന്നുന്നു. ആഹാ..മിടുക്കി…കാലുപിടിക്കാൻ പോണ പോലെ പോയിട്ട് എന്റെ പുതപ്പു വലിച്ചെടുത്തു താഴെയിട്ടു. ഞാൻ വേഗം കണ്ണടച്ച് ഒന്നും അറിയാത്ത പോലെ കിടന്നു. കാലിൽ പതിയെ തോണ്ടീട്ടു പിന്നേം “ചാച്ചുവോ…എനിച്ചാൻ….” എവിടന്നു…നമ്മൾ ഉണ്ടോ കുലുങ്ങുന്നു.
അടുത്ത സ്റ്റപ്പെന്ന നിലയിൽ കുഞ്ഞു കട്ടിലേൽ പെടച്ചു കേറി. താഴെ വീഴോ എന്ന് പേടിച്ചു ഞാൻ തലതിരിച്ചു നോക്കി. ആള് ഫുള്ളി concentrated ഓൺ പിടിച്ചുകേറൽ ആയതുകൊണ്ട് ഞാൻ നോക്കിയ കണ്ടില്ല. അവള് കയറികഴിഞ്ഞപ്പോ ഞാൻ വീണ്ടും പൂച്ചയുറക്കം തുടങ്ങി. എന്റെ അടുത്ത് വന്നിരുന്നു. പതിയെ തോണ്ടി. “ചാച്ചു…ചാച്ചു…ചാച്ചു…” എവടെ…നമ്മളി തെത്ര കണ്ടേക്കണ്…ആള് ചിണുങ്ങി തുടങ്ങി.
ആദ്യം ആയിട്ടാണ് ഇത്ര നേരം വിളിച്ചിട്ടും ഞാൻ എണിക്കാതെ…സങ്കടമായി പാവം…കുറച്ചുനേരം എന്റെ കട്ടിലേൽ കിടന്നു. ആലോചിക്കയാവണം…എന്നിട്ട് എന്റെ നെഞ്ചിലൊട്ടു ചേർന്ന് കിടന്നു… “ചാച്ചുമോനെ..എനിച്ചെ..കുഞ്ഞു ചക്കരുമ്മ തരാലോ..” അച്ചോടാ…എന്റെ കവിളത്തു ഒരുമ്മേം തന്നു. എനിക്കപ്പൊ എണീറ്റ് തിരിച്ചൊരുമ്മ കൊടുക്കാൻ തോന്നി. എന്നിട്ടും ഞാൻ കണ്ട്രോൾ ചെയ്തു. അവളോട് കുറുമ്പെടുക്കാൻ ഇപ്പൊ ആരെക്കാളും ഇഷ്ടം എനിക്കാണ്. ആ കുഞ്ഞു മുഖം വല്ലാതാവുന്ന ഞാൻ കണ്ടു…വിതുമ്പി തുടങ്ങി…മതിയാക്കിയാലോ..?
“എടാ….എനിച്ചാൻ….” അമ്പടി ബഹുമാനം ഒക്കെ എവിടെപ്പോയി. അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ലലോ. എണിക്കൂല്ല…”ചാച്ചുമനുശ്യാ…..”
ഹിഹി…അനു ഇടക്ക് മനുഷ്യാനു വിളിച്ചു കേട്ടിട്ടുള്ള വിളിയാണ്. എന്തോ എന്ന് ഞാൻ വിളി കേക്കാറും ഉണ്ട് കുഞ്ഞു വിളിക്കുമ്പോൾ. ഇന്ന് സൂത്രം ഒന്നും നടപ്പില്ല മോളെ…ആഹ്…ദുഷ്ട കടിച്ചു…എന്റെ കൈ എടുത്ത് വായിൽ വച്ചിരിക്കുവാണ്. കുഞ്ഞരി പല്ലിനൊക്കെ എന്തൊരു മൂർച്ചയാ..ഹ്ഹോ വേദനിച്ചു ശരിക്കും. എന്നിട്ടും അനങ്ങിയില്ല.
പിന്നെയും എന്തൊക്കെയോ നടന്നു. എന്നെ തല്ലി…തള്ളി താഴെയിടാൻ നോക്കി…നെഞ്ചത്ത് കയറിയിരുന്നു മാന്തിപറിച്ചു. അങ്ങനെ എന്തൊക്കെയോ…എല്ലാം കഴിഞ്ഞെന്നു തോന്നിയപ്പോൾ ഞാൻ കണ്ണ് തുറന്നു നോക്കി..എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുവാണ്. കെട്ടിപിടിച്ചിട്ടുണ്ട്…കരയുവാണോ…ശബ്ദം ഒന്നും കേൾക്കുന്നില്ല.
കുഞ്ഞു…വിളിക്കാൻ തുനിഞ്ഞപ്പോൾ ആണ് അനു കയറിവന്നത്. ഇത്ര നേരമായിട്ടും ചാച്ചുനേയും മോളേയും കാണാത്തൊണ്ടു അന്വേഷിച്ചു വന്നതാണ്.
പത്തു മിനിറ്റ് കൊണ്ട് എണീപ്പിച്ചു ബ്രഷും എടുത്ത് ചാച്ചുന് കൊടുത്തു “കാവിറ്റി..ടെ ടെൻസൻ…മേണ്ട ചാച്ചു മിടുക്കനാ..” എന്ന് പറഞ്ഞു ചിരിക്കുന്ന കുഞ്ഞുനെ കാണുമ്പോൾ ഒക്കെ എനിക്ക് അമ്മയെ ഓർമ വരും. കുഞ്ഞു മിടുക്കിയ എന്നാ അനുവിന്റെ ഡിയലോഗും tv യിലെ പേസ്റ്റിന്റെ പരസ്യവും കൂട്ടിച്ചേർത്തുള്ള കുഞ്ഞൂസ് കണ്ടുപിടിത്തം ആണ് ഈ കാവിറ്റി ആൻഡ് ചാച്ചു മിടുക്കൻ. ഇന്ന് ഇതൊന്നും കാണാഞ്ഞപ്പോ അന്വേഷിച്ചു വന്നതാണ് അനു…
എന്താദ് ഇന്ന് രണ്ടുപേരും തമ്മിൽ ഇത്ര സ്നേഹം. എണീക്കുന്നൊന്നും ഇല്ലേ…അനു കള്ളച്ചിരിയോടെ ചോദിച്ചു. ഞാൻ ചുമ്മാ കണ്ണിറുക്കി. അല്ലാ വിളിക്കാൻ വന്ന ആളിവിടെ കിടന്നുറങ്ങാ. അയ്യേ ഷെയിം ഷെയിം. അനു കട്ടിലിലേക്കിരുന്നു കുഞ്ഞുവിനെ തോണ്ടി. കുഞ്ഞു പെട്ടെന്ന് അനുവിന്റെ കഴുത്തിൽ ചുറ്റിപിടിച്ചു.
എന്തെ..എന്തുപറ്റി കുഞ്ഞുമോളെ..അനു സ്നേഹത്തോടെ മുടിയിൽ തലോടി. കുഞ്ഞു തല ഉയർത്താതെ ത ന്നെ എന്നെ ചൂണ്ടി. “ചാച്ചു…”തേങ്ങൽ നിക്കുന്നില്ല. കരയുവാരുന്നോ ഇത്ര നേരം. “ചാച്ചുന് എന്താ ഒന്നുല്ലാലോ…” അനു ചിരിച്ചോണ്ടു പറഞ്ഞു…കുഞ്ഞു നോക്കിയേ ഇല്ല. “ചാച്ചു…വാവുവാ..ചാച്ചു ബാവുവ..” വിതുമ്പി വിതുമ്പി വാക്കുകൾ മുറിഞ്ഞു. അയ്യോ കളി കാര്യം ആയോ…ഞാനും ചാടിയെണീറ്റു.
“അയ്യേ കുഞ്ഞുനെ പറ്റിച്ചേ…ചാച്ചുന് ഒന്നുല്ലാലോ…ഇങ്ങു വന്നേ…” ഞാൻ അവളെ കോരിയെടുത്തു. അവളെന്റെ കഴുത്തിൽ ചുറ്റിപിടിച്ചു. “എന്താടാ…? ചാച്ചു പറ്റിച്ചതല്ലേ….ഇങ്ങു നോക്കിക്കേ ഒന്നുല്ലാലോ.” അവൾ നോക്കിയില്ല. എന്റെ കയ്യിൽ നിന്ന് മാറിയുമില്ല. അതേ കിടപ്പു കിടന്നു. വൈകിട്ടായപ്പോഴേക്കും വല്ലാതെ പനിച്ചു.
ഒരാഴ്ച അനു എന്നോട് മിണ്ടിയില്ല. ഞാൻ ഉറങ്ങിയുമില്ല. പനി കൂടിയും കുറഞ്ഞും ഇരുന്നു. രാത്രി ഉറങ്ങാതെ ഞാൻ കുഞ്ഞു വിനു കൂട്ടിരുന്നു. അവളുറങ്ങാതെ കരഞ്ഞപ്പോൾ എന്റെ മനസ് നൊന്തു. ഒരു കുഞ്ഞു തമാശ..!! പാവം എന്റെ കുഞ്ഞു. ഡോക്ടർ പ്രത്യേകം പറഞ്ഞു പേടി തട്ടിയിട്ടാണെന്നു…
ഒറ്റക്കു അലമാരയിൽ കയറിയിരുന്നിട്ടു പേടിക്കാതെ…അരിപ്പെട്ടിയിൽ വീണിറ്റു പേടിക്കാതെ… ഉരുണ്ടുവീണു തൊലി പോയിട്ട് പോലും കരയാതെ “ചാച്ചു കുഞ്ഞു വീണു..എടുത്തേ…” എന്ന് മാത്രം പറഞ്ഞിരുന്ന എന്റെ കുഞ്ഞു…
ശരിയാണ്, അവളെപ്പോഴും ഓടി വന്നിരുന്നത് എന്റെ അടുത്തേക്കല്ലേ…അത്ര പ്രാധാന്യം അവളുടെ മനസ്സിൽ എനിക്കുണ്ടായിരുന്നിട്ടല്ലേ…ഒരു നിമിഷം ഞാൻ എണീക്കാതെ ഇരുന്നപ്പോൾ എനിക്കെന്തോ പറ്റിയെന്ന് ഓർത്തപ്പോൾ ആ കുരുന്നു മനസ് താങ്ങിയില്ല. ഒന്നും അറിയാത്ത പ്രായം ആണ്. എന്നിട്ടും ഇത്ര സ്നേഹിച്ചിരുന്നോ എന്റെ കുഞ്ഞുഭൂതം എന്നെ…? അവൾ അനുന്റെ മോളല്ല. എന്റെ കുഞ്ഞുവാണെന്നു ആ രാത്രികളിൽ എപ്പോഴോ എൻ്റെ മനസ് എന്നെ ബോധ്യപ്പെടുത്തി.
പിച്ചും പേയും പറയുന്ന കൂട്ടത്തിൽ “ചാച്ചു..ചാച്ചുന്റെ മോളാ..വാവു…” എന്ന് മാത്രം അവൾ പറഞ്ഞുകൊണ്ടേയിരുന്നു. പനിയെല്ലാം കഴിഞ്ഞു. പനി ചൂടിന്റെയൊപ്പം എന്റെ കുട്ടിക്കളി കൂടി കുറയും എന്ന് വിചാരിച്ചതൊക്കെ തെറ്റി. കുഞ്ഞുന്റെ കൂടെ വീണ്ടും ഞാൻ കുട്ടി തന്നെ ആയി. പക്ഷെ എല്ലായ്പോഴും അവളെ നോവിക്കാതിരിക്കാൻ ശ്രദ്ധിച്ചു എന്ന് മാത്രം.
അനുവിന്റെ പരിഭവം തീർക്കാനും കുഞ്ഞു തന്നെ വേണ്ടി വന്നു. ഔട്ടിങ്നു പോവാൻ വിളിച്ചപ്പോൾ ചാച്ചും മോളും കൂടി എന്താണുവെച്ചാ ചെയ്തോ ഞാൻ വരുന്നില്ല എന്നും പറഞ്ഞു തിരിഞ്ഞപ്പോ “എന്ന നമുക്കു റൂണി ആന്റിയെ ബിലിച്ചാം” എന്ന് കുഞ്ഞു പറയുന്ന കേട്ട് അനുവിന്റെ കണ്ണ് ബുൾ്സൈ പോലെ തള്ളിവന്നു (എന്റെയും).
“പറയുഡി നീ പറയും..ചാച്ചുന്റെ അല്ലെ മോളെന്നും” പറഞ്ഞു അനു രാക്ഷസി ആയപ്പോൾ കുഞ്ഞുനൊരുമ്മേം കൊടുത്തു ഞാനവളോട് പറയാതെ പറഞ്ഞു. അതെ…എന്റെ തന്നെ മോള്…നിനക്ക് സംശയം ഉണ്ടോ…? ഉണ്ടേൽ സഹിച്ചോ…ഹിഹിഹി…ഇത്രേം കുരുത്തക്കേട് ഈപ്രായത്തിൽ അറിയണം എങ്കിൽ അവൾ എന്റെ അല്ലാതെ ആരുടെ ആവാനാ…വിത്തുഗുണം പത്തുഗുണം…അല്ലെ കുഞ്ഞുസേ…