കാണാതെ പോയത്
Story written by SAJI THAIPARAMBU
“ഏതവനാണ്, ഈ നാട്ടിൽ ഇത്രയ്ക്ക് അസുഖം മൂത്ത് നടക്കുന്നത്”
ടെറസ്സിൽ നിന്നും ഉണങ്ങിയ തുണികളുമായി, സ്റ്റെയർകെയ്സിറങ്ങി വരുന്ന റമീസ, ആരോടെന്നില്ലാതെ അരിശത്തോടെ ചോദിച്ചു.
“എന്താടീ.. എന്ത് പറ്റി?
മൊബൈലിൽ കണ്ണ് നട്ടിരുന്ന അവളുടെ ഭർത്താവ്, ജിജ്ഞാസയോടെ ചോദിച്ചു.
“എൻ്റെ ഇക്കാ.. നിങ്ങള് നാട്ടിലില്ലാതിരുന്നത് കൊണ്ട്, ഞാൻ പറഞ്ഞില്ലെന്നേയുള്ളു ,ഇതിപ്പോൾ രണ്ടാം തവണയാണ്, ഞാൻ കഴുകി മുകളിൽ വിരിച്ചിടുന്ന എൻ്റെ അടിവസ്ത്രങ്ങൾ കാണാതെയാകുന്നത്”
“ഓഹ്, അതാണോ ?എടീ.. അത് കാറ്റിന് പറന്ന് ,അപ്പുറത്തെ വീട്ടിലെങ്ങാനും പോയി വീണ് കാണും ,നീ അങ്ങേലെ വിലാസിനിചേച്ചിയെ വിളിച്ചൊന്ന് ചോദിക്ക്”
“പിന്നേ.. ഞാൻ ക്ളിപ്പിട്ട് വയ്ക്കുന്നത്, എങ്ങനെയാ കാറ്റിന് പറന്ന് പോകുന്നത്, അങ്ങനെയാണെങ്കിൽ അതിലും കനം കുറഞ്ഞ കർച്ചീഫ് പറന്നു പോകണ്ടേ?
“അത് ശരിയാണല്ലോ?അപ്പോൾ മനപ്പൂർവ്വം ഇതാരോ എടുത്തോണ്ട് പോകുന്നതായിരിക്കും”
“അല്ലാതെ പിന്നെ ,അതും പുതിയതും വിലകൂടിയതും തന്നെയാ, സെലക്ട് ചെയ്തോണ്ട് പോയിരിക്കുന്നത്”
“ഹ ഹ ഹ അത് കൊള്ളാമല്ലോ ,അപ്പോൾ ആ ഞരമ്പ് രോഗി കുറച്ച് സ്റ്റാൻ്റേഡുള്ളവനാണല്ലോ? നിനക്കാരെയെങ്കിലും സംശയമുണ്ടോ?
“ഓഹ്, സംശയിക്കാനാണെങ്കിൽ ഈ പരിസരത്തുള്ള മിക്ക പുരുഷന്മാരെയും സംശയിക്കേണ്ടി വരും ,എന്നെ കാണുമ്പോഴുള്ള അവന്മാരുടെയൊരു ദഹിപ്പിക്കുന്നൊരു നോട്ടം, സഹിക്കാൻ പറ്റില്ല”
“അതല്ലാതെ, നീ തുണി വിരിക്കുമ്പോൾ, ആരെങ്കിലും നോക്കി നില്ക്കുന്നത് കണ്ടിട്ടുണ്ടോ?
“അങ്ങനെ ചോദിച്ചാൽ … അപ്പുറത്തെ വിലാസിനിചേച്ചീടെ മോൻ, ഒന്ന് രണ്ട് തവണ നോക്കുന്നത് കണ്ടിട്ടുണ്ട് ,പക്ഷേ അവന് പത്ത് പതിനഞ്ച് വയസ്സേയുള്ളല്ലോ? ഇനി അവനെങ്ങാനുമാണോ?
“അത് തന്നെ, ചില ഷോർട്ട് ഫിലിമിലൊക്കെ ഇത്തരം സീൻ ഞാൻ കണ്ടിട്ടുണ്ട്, ഈ പ്രായത്തിലുള്ളവർക്കാണ് ഇത്തരം ദു:ശ്ശീലങ്ങൾ, കൂടുതലും കണ്ട് വരുന്നത്,നമുക്കവനെ ഒരു ദിവസം കയ്യോടെ പൊക്കാം”
അയാൾ ഭാര്യയെ ആശ്വസിപ്പിച്ചു.
പിന്നീടുള്ള ദിവസങ്ങളിലെല്ലാം ,റമീസ കുളി കഴിഞ്ഞ്, അടിവസ്ത്രമുൾപ്പെടെയെല്ലാം കഴുകി ,ടെറസ്സിലിട്ടെങ്കിലും, പിന്നെ കുറെ നാളത്തേക്ക് യാതൊരു പ്രശ്നവുമില്ലായിരുന്നു.
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി ,റമീസയും അക്കാര്യം മറന്ന് തുടങ്ങി .
“റമീസാ … ദേ മഴ പെയ്യുന്നു ,ടെറസ്സീന്ന് തുണിയെടുത്തോ ?
രാത്രിയിൽ, അടുക്കളയിൽ നിന്ന ഭാര്യയോട് ,മുജീബ്, വിളിച്ച് ചോദിച്ചു.
“അയ്യോ! ഇല്ല, നിങ്ങളാ സ്റ്റൗ ഒന്ന് നോക്കിക്കോ ,പാല് തിളച്ച് പോകല്ലേ, ഞാൻ തുണി എടുത്തോണ്ട് വരട്ടേ”
അവൾ, വേഗം സ്റ്റെയർകെയ്സ് കയറി മുകളിലെത്തിയപ്പോൾ, കണ്ട കാഴ്ച്ച ,ടെറസ്സിൻ്റെ പുറത്തേക്കുള്ള സ്റ്റെയർകെയ്സ് വഴി ആരോ ഒരാൾ ,വിലാസിനി ചേച്ചിയുടെ പറമ്പിലേക്ക് ഓടിപ്പോകുന്നു ,കട്ട പിടിച്ച ഇരുട്ടായത് കൊണ്ട് ആളെ മനസ്സിലായില്ല ,എങ്കിലും അത് ചേച്ചിയുടെ മോൻ തന്നെ ആയിരിക്കുമെന്ന് ,റമീസ ഉറപ്പിച്ചു.
കാരണം ആ വീട്ടിൽ ആണായിട്ട് ആ ചെറുക്കൻ മാത്രമേയുള്ളു.
അവൾ വേഗം താഴെയിറങ്ങി വന്ന് ,മുജീബിനോട് വിവരം പറഞ്ഞു.
“ആങ്ഹാ, ഞാനപ്പോഴെ പറഞ്ഞില്ലേ, അവൻ തന്നെ ആയിരിക്കുമെന്ന്, ഇപ്പോൾ തന്നെ അവൻ്റെ അസുഖം ഞാൻ തീർത്ത് കൊടുക്കാം”
മുജീബ് ചാടിയെഴുന്നേറ്റു.
“അയ്യോ! വേണ്ടയിക്കാ, പാവം ആ ചേച്ചിയെ നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തേണ്ട ,ഞാൻ സമാധാനത്തിൽ ചേച്ചിയോട് പറഞ്ഞ്, മോനെ നിലക്ക് നിർത്താൻ പറയാം ,പാവം, ഭർത്താവ് പോലുമില്ലാത്ത സ്ത്രീയാ”
റമീസ ,സഹതാപം പ്രകടിപ്പിച്ചു.
“എങ്കിൽ നീയങ്ങോട്ട് ചെല്ല് ,ഇപ്പോൾ തന്നെ ഇതിനൊരു തീരുമാനമുണ്ടാക്ക്”
അങ്ങനെ റമീസ ,വിലാസിനിയുടെ വീട്ടിലെത്തി ,
“എന്താ റമീസാ .. ഈരാത്രിയിൽ, പകല് തന്നെ റമീസാ ഇങ്ങോട്ടൊന്നും വരാറില്ലല്ലോ ?അതാ ചോദിച്ചത്”
കരിയും പുകയും പിടിച്ച,തേയ്ക്കാത്ത ചുവരുകളും,പൊട്ടിപ്പൊളിഞ്ഞ സിമൻ്റ് തറയുമൊക്കെ ആ വീട്ടിലെ ദാരിദ്ര്യത്തെ വ്യക്തമാക്കുന്നതായിരുന്നു.
ഇടത് വശത്ത് കണ്ട അടുക്കളയിലെ തറയിൽ ,ചൂട്ട്കത്തിച്ച് വച്ച ഇഷ്ടികയടുപ്പിലിരിക്കുന്ന കലത്തിൽ, കഞ്ഞി തിളച്ച് തൂവുന്നുണ്ട്,
വിവാഹപ്രായം കഴിഞ്ഞ, രണ്ട് പെൺകുട്ടികൾ ,അവരുടെ പുറകിൽ നിഴല് പോലെ നില്ക്കുന്നു.
“എനിക്ക് ചേച്ചിയോട് ഒരു കാര്യം പറയാനുണ്ട് ,അവനെന്തേ കണ്ണൻ?
“അവൻ പഠിക്കുവാ ,എന്താ റമീസാ ..”
അവരുടെ മുഖത്തെ ആശങ്ക അവൾ കണ്ടു.
“അത് പിന്നെ ,ഇവര് നില്ക്കുമ്പോൾ എങ്ങനെയാ ഞാനത് പറയുന്നത്”
അവൾ ,പെൺകുട്ടികളെ നോക്കി സംശയം പ്രകടിപ്പിച്ചു .
“അത് സാരമില്ല പറഞ്ഞോളു ,ഞങ്ങൾക്കിടയിൽ രഹസ്യങ്ങളൊന്നുമില്ല”
റമീസ, അവരോട് നടന്ന കാര്യങ്ങളോക്കെ ശബ്ദം താഴ്ത്തി പറഞ്ഞു .
“റമീസാ എന്നോട് ക്ഷമിക്കണം ,എൻ്റെ മോനല്ല ,ഞാനാ അത് ചെയ്തത്”
അത് കേട്ട് റമീസ, ഞെട്ടി.
“ങ് ഹേ ! ചേച്ചിയോ ?എന്തിന്?
“അത് പിന്നെ ,റമീസയ്ക്കറിയാമല്ലോ , കുട്ടികളുടെ അച്ഛൻ മരിച്ച് കഴിഞ്ഞപ്പോൾ, ഞങ്ങൾ ജീവിക്കുന്നത് ,ഈ നാട്ടുകാരൊക്കെ കൂടി സഹായിച്ചിട്ടാണ് ,എല്ലാവരും അരിയും പച്ചക്കറിയും മറ്റ് പലവ്യഞ്ജനങ്ങളുമൊക്കെ കൊണ്ട് തരാറുണ്ട്, ഇവരുടെ കൂട്ടുകാരികളൊക്കെ, അവരുടെ പഴയ ചുരിദാറും പാവാടയുമൊക്കെ കൊടുത്തിട്ടുമുണ്ട് ,പക്ഷേ, ആരും ഇന്ന് വരെ പണമായിട്ട് ഞങ്ങൾക്കൊന്നും തന്നിട്ടില്ല, എല്ലാവരും എല്ലാം തന്നാലും, നമ്മൾ പണം കൊടുത്ത് വാങ്ങുന്ന ചിലതൊക്കെയില്ലേ? ചുരിദാറ് തന്ന കൂട്ടുകാരികളോട്, അടിയിലിടാനുള്ള ഷഡ്ഡിയും, ബ്രായും കൂടി തരണമെന്ന് അവർക്ക് ചോദിക്കാൻ പറ്റുമോ?
ഒരാഘോഷങ്ങൾക്കും, എൻ്റെ മക്കൾ പുറത്ത് പോകാറില്ല, ആരും ഞങ്ങളെ ഒന്നിനും ക്ഷണിക്കാറുമില്ല ,എങ്കിലും മുടങ്ങാതെ അവർ അമ്പലത്തിലും, റേഷൻ കടയിലും പോകാറുണ്ട് ,അപ്പോഴൊക്കെ അവരെന്നോട് ഒരൊറ്റക്കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളു ,അമ്മേ .. അകത്തൊന്നുമില്ലാതെ ,പുറത്ത് പോയിട്ട് വല്ലാത്ത ടെൻഷനായിരുന്നെന്ന് ,അവസാനം നിസ്സഹായയായ, എനിക്ക് റമീസയുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കേണ്ടി വന്നു ,ഇത്തരം മോഷണം നടത്തുന്നത് കൊണ്ട് ,പോലീസ് കേസ്സാവില്ലെന്നത് മാത്രമായിരുന്നു എൻ്റെ ധൈര്യം, എന്നോട് ക്ഷമിക്ക് റമീസാ.. ഗതികേട് കൊണ്ടാണ് ,എൻ്റെ മോനിതറിയില്ല ,അവനറിയുകയും ചെയ്യരുത് ,അവനിലാണ് ഞങ്ങളുടെ ഏക പ്രതീക്ഷ”
അത് കേട്ട്, റമീസ സ്തബ്ധയായി നിന്നു പോയി.
“ഇതൊന്നും ഞാനറിഞ്ഞിരുന്നില്ല ചേച്ചീ ,ചില സംഘടനകൾ നിങ്ങളുടെ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും ,അത് കൊണ്ട് നിങ്ങൾക്ക് യാതൊരു കുറവുകളുമില്ലെന്നായിരുന്നു എൻ്റെ വിശ്വാസം ,ക്ഷമ ചോദിക്കേണ്ടത് ഞാനാണ് ചേച്ചീ ,അയൽവക്കത്തുള്ളവർ മുണ്ട് മുറുക്കിയുടുത്ത് നടന്നപ്പോൾ, അതറിയാതെ, ഞാൻ വയറ് നിറച്ച് ജീവിച്ചു, ഞാനിപ്പോൾ വരാം ചേച്ചി..”
അതും പറഞ്ഞ് റമീസ സ്വന്തം വീട്ടിലേക്ക് പോയി.
കുറച്ച് കഴിഞ്ഞപ്പോൾ, ഒരു വലിയ കിറ്റുമായി തിരിച്ച് വന്നു.
“ഇതാ ചേച്ചീ ,ഇതെല്ലാം ഇക്കാ എനിക്ക് ഗൾഫീന്ന് കൊണ്ട് വന്ന കവറ് പൊട്ടിക്കാത്തതാണ് ,കൂടെ നാ പ്കിനും വച്ചിട്ടുണ്ട് ,ഇനി മുതൽ അവർ പുതിയത് മാത്രം ഉപയോഗിക്കട്ടെ, ഇത് പഴകുമ്പോൾ എന്നോട് പറഞ്ഞാൽ മതി, ഞാൻ വാങ്ങിത്തന്ന് കൊള്ളാം ,എന്താണെങ്കിലും”
അമ്മയത് നിറകണ്ണുകളോടെ വാങ്ങുമ്പോൾ ,പുറകിൽ നിന്ന പെൺകുട്ടികൾ തേങ്ങലൊതുക്കാൻ പാട് പെട്ടു.
NB :- ഇവിടെ കാണാതെ പോയത് ,അടിവസ്ത്രങ്ങളായിരുന്നില്ല ,അയൽക്കാരൻ്റെ ഗതികേടായിരുന്നു.