എപ്പോഴാണെന്നറിയില്ല മനസ്സിലേക്ക് അവൾ കടന്നുവന്നത്. സ്വയമറിയാതെ അങ്ങനെ സംഭവിച്ചുപോകുകയായിരുന്നു…

മറുപാതി

Story written by SHIMITHA RAVI

” മീര താനെങ്ങാനാടോ ഇങ്ങനൊരു ലൈഫിൽ അഡ്ജസ്റ് ചെയ്യുന്നേ?”

നവീൻ അത്ഭുതത്തോടെ അവളോട് ചോദിച്ചു.

മറുപടിയായി മീര ഒന്നു പുഞ്ചിരിച്ചതേയുള്ളൂ.. പിന്നെ പതിയെ ഓഫീസ് ഫയലുകളിലേക്ക് മുഖം താഴ്ത്തി.

അവൾ മനപൂർവം തന്റെ ചോദ്യത്തിൽ നിന്നൊഴിഞ്ഞുമാറിയതായിയാണ് അവനു തോന്നിയത്. ഒരു പക്ഷെ തന്റെ ദുഃഖങ്ങൾ മറ്റൊരാൾ അറിയുന്നത് അവൾക്ക് കുറച്ചിലാവുമായിരിക്കും.സ്വന്തം സീറ്റിൽതിരിച്ചിരുന്നുവെങ്കിലും അവന്റെ മനസ്സ് കെട്ടു വിട്ട പട്ടം പോലെ സഞ്ചരിക്കാൻ തുടങ്ങിയിരുന്നു.പഴയ ആ കോളേജ് കാലത്തിലേക്ക്..

ഇരുനിറമുള്ള മെലിഞ്ഞ ശരീരമുള്ള നീണ്ട മിഴികളുള്ള അതിലെ തിളക്കം ചുണ്ടുകളിലേക്ക് പകർന്നു ചിരിക്കുന്ന ഒരുവൾ..മീര..!

എഴുതുമായിരുന്നു..നല്ല ശബ്ദം..സൗഹൃദപൂർവമുള്ള സംസാരം…

എപ്പോഴാണെന്നറിയില്ല മനസ്സിലേക്ക് അവൾ കടന്നുവന്നത്..സ്വയമറിയാതെ അങ്ങനെ സംഭവിച്ചുപോകുകയായിരുന്നു..കാരണം അത്യാവശ്യം കാണാൻ കൊള്ളാവുന്നത് കൊണ്ടും മറ്റുളളവരെ സംസാരിച്ചു വീഴ്ത്താനുള്ള കഴിവുള്ളതുകൊണ്ടും അത്ര മോശമല്ലാത്ത ഒരു ആരാധികവൃന്ദം എപ്പോഴും നവീന് ചുറ്റും ഉണ്ടായിരുന്നു..സ്വയം ഒരു കോളേജ് ഹീറോ ഇമേജ് സ്വയം നല്കിയിരുന്നത് കൊണ്ടു തന്നെ പൂക്കളെ ചുറ്റി നടക്കുന്നൊരു വണ്ടു തന്നെ ആയിരുന്നു അവൻ.

എങ്ങും പെട്ടുപോകാതിരിക്കാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. എന്നിട്ടും എപ്പോഴോ മനസ്സു ചായുന്നതറിഞ്ഞു.അതും ഒട്ടും പ്രതീക്ഷിക്കാത്ത ഒരുവൾക്കരികിലേക്ക്. എന്തു കൊണ്ടായിരുന്നു അത്.അവളൊരിക്കലും തന്നെ ചുറ്റി വരാത്തത്കൊണ്ടോ..അതോ എല്ലാവരെയും ഒരുപോലെ സ്നേഹത്തോടെ കൊണ്ടുനടക്കുന്ന ആ സ്വഭാവം കണ്ടിട്ടോ?

ഒന്നറിയാമായിരുന്നു.അവൾ എന്റെ പ്രണയമായിരുന്നു…ആദ്യ പ്രണയം. അതുവരെ കണ്ടവർക്കൊന്നും ഇല്ലാത്തൊരു പ്രത്യേകത അവളിൽ ഉണ്ടായിരുന്നു…

പരോക്ഷമായി ഞാൻ അവളെ ആരാധിച്ചിരുന്നു…

അന്നൊരു കോളേജ് ക്യാമ്പിൽ വച്ചു ട്രൂത് ഓർ ഡെയർ കളിച്ചപ്പോൾ അവൾക്ക് കിട്ടിയതായിരുന്നു ഭാവി ഭർത്താവിനെ കുറിച്ച് സങ്കൽപ്പം എന്താണെന്ന് പറയാൻ.. അന്നവൾ പറഞ്ഞ ഓരോ കാര്യവും ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. പിണങ്ങിയാൽ ചേർത്തുനിർത്തുന്ന കുറുമ്പുകളെ ചിരിച്ചു തള്ളുന്ന എന്തും സ്വാതന്ത്ര്യത്തോടെ പറയാവുന്ന വിശ്വാസം എന്ന കെട്ടുറപ്പിൽ ബന്ധിച്ചുനിർത്തുന്ന ഒന്നാവണമത്രേ അവളുടേ ജീവന്റെ പാതി…സ്വയം അങ്ങനെ ആവാൻ മനസ്സ് തയ്യാറെടുത്തിരുന്നു…പക്ഷെ…..

ചിലതെല്ലാം അങ്ങനെയാണ്..നമ്മളെന്തൊക്കെ സ്വപ്നം കണ്ടാലും വിധി എന്നൊന്നുണ്ടല്ലോ..നവീൻ നെടുവീർപ്പോടെ മീരയുടെ ഡെസ്കിലേക്ക് നോക്കി.

അവളിപ്പോഴും മുന്നിലിരിക്കുന്ന വൃദ്ധയുടെ ഫയലിൽ എന്തോ എഴുതുകയാണ്…അവളുടേ സഹാനുഭൂതി നിറഞ്ഞ സംസാരവും അതിലെ എളിമയും ഇപ്പോഴും അതുപോലെ തന്നെ…അവൻ സ്വയമറിയാതെ പുഞ്ചിരിച്ചു…പെട്ടെന്ന് അവനു നിത്യയെ ഓർമ വന്നു..

ഓരോ വാക്കുകളിലും സ്ഫുരിക്കുന്ന അഹങ്കാരം.അവൻ തല കുടഞ്ഞു. തൊലിവെളുപ്പിന്റെയും പണത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതിരൂപമാണ് നിത്യ. അവൾക്ക് പകരം മീര ആയിരുന്നെങ്കിൽ…..

ആ ഓർമയിൽ അവനൊരു പുഞ്ചിരിയോടെ മീരയെ നോക്കി.എന്തോ എടുക്കാൻ തിരിഞ്ഞ മീരയുടെ കണ്ണുകൾ പെട്ടെന്ന് അവന്റെ കണ്ണുകളുമായി കൊരുത്തു. അവൾ എന്തേ എന്ന അർത്ഥത്തിൽ അവനോട് പുരികമുയർത്തി.അവൻ ഒന്നുമില്ല എന്നു ചുമൽ കൂച്ചി ചിരിച്ചു..

കഴിഞ്ഞ ആഴ്ചയാണ് നവീൻ ഇവിടെ ജോയിൻ ചെയ്തത്.നിത്യയുമായുള്ള ബന്ധം ഏകദേശം അവസാനിക്കാറായ മട്ടാണ്…അതിൽനിന്നും ഒരു മാറ്റം എന്ന നിലക്കാണ് ഇവിടെ ജോയിൻ ചെയ്തത്.പക്ഷെ ഇവിടെ വച്ചു മീരയെ കണ്ടപ്പോൾ..പഴയ സ്വപ്നങ്ങൾക്ക് വീണ്ടും ചിറക്കുമുളക്കുന്ന പോലെ.. അതൊക്കെ കൊണ്ടാണ് അടുത്തിരിക്കുന്ന രമ്യ ചേച്ചി യോട് അവളെപ്പറ്റി ചോദിച്ചതും.അവർ അയൽക്കാരാണ്..

രമ്യ ചേച്ചി പറഞ്ഞതു വച്ചു നോക്കുകയാണെങ്കിൽ മീരയുടെ ഭർത്താവ് ആദർശ് അത്ര പോരാ..സൗന്ദര്യം കൊണ്ടും സ്വഭാവം കൊണ്ടും..മുരടൻ.. പോരാത്തതിന് ഇടക്കൊക്കെ മീരയെ ചീത്ത പറയുന്നതും കേൾക്കാമ ത്രേ.നവീൻ വെറുതെ അവളുടേ ഭാവിവരൻ സങ്കല്പങ്ങളിലേക്ക് ആദർശിനെ ചേർത്തുനോക്കി…ഇല്ല ഒരു തരത്തിലും ചേരുന്നില്ല എന്നു കണ്ടപ്പോൾ അറിയാതെ അവന്റെ മനസ്സിൽ ഒരു സന്തോഷം നിറഞ്ഞു…

ദിവസങ്ങൾ കഴിയുംതോറും നവീന്റെ മനസ്സ് പഴയ കോളേജ് കുമാരനിലേക്ക് മാറിക്കൊണ്ടിരുന്നു…അവന്റെ പ്രണയം ചിലപ്പോഴൊക്കെ സ്വയമറിയാതെ പുറത്തേക്ക് വന്നു തുടങ്ങി..മീരയുടെ സാഹചര്യങ്ങളെ തനിക്കനുകൂലമായ രീതിയിലേക്ക് വളച്ചൊടിച്ചു പലപ്പോഴും നവീൻ സംസാരിച്ചുതുടങ്ങി..

ഒരിക്കൽ…ഒരിക്കൽ മാത്രം മീര പ്രതികരിച്ചു.അവന്റെ കണ്ണിലേക്കുറ്റുനോക്കി ഒരു ചിരിയെ കടിച്ചമർത്തി കണ്ണിൽ കുസൃതിയോടെ അവൾ ചോദിച്ചു..

“മോനെ നവീനെ എന്താ ഉദ്ദേശം?”

അവൻ നന്നായിട്ടൊന്ന് ചമ്മി..പിന്നേ രണ്ടും കല്പിച്ചു ചോദിച്ചു…

“എടി നിനക്കെന്റെ കൂടെ വന്നൂടെ?”

“വന്നിട്ട്..?”

“നിന്നെ ഞാൻ പൊന്നു പോലെ നോക്കിക്കോളാം…”

“എടാ ഞാനിപ്പോ ഒരാളുടെ പൊന്നാണ്..”

“ഓ അതൊക്കെ ഞാനറിഞ്ഞു..പൊന്നാണോ കരികട്ടയാണോ എന്നൊക്കെ…എടീ ഒരു ലൈഫ് ഉള്ളൂ.. അതിങ്ങനെ അഡ്ജസ്റ് ചെയ്തു കളയാതെ അടിച്ചു പൊളിക്കണം..”

“ആണോ..”

“പിന്നല്ലാതെ…”

“നിത്യേടെ കൂടെ എന്താ അടിച്ചുപൊളിക്കാൻ പറ്റുന്നില്ലേ…”

നവീന്റെ മുഖം ഇരുണ്ടു.

“അവളുടെ കാര്യം മിണ്ടുപോകരുത്..”

“ശരി മിണ്ടുന്നില്ല.നിന്നോട് ഞാൻ ഒരു സത്യം പറയട്ടെ..?”

അവൻ ആകാംഷയോടെ നോക്കി

“നിന്നെ എനിക്ക് ഇഷ്ടമായിരുന്നു…”

“എപ്പോ…?”

“അന്ന്…നമ്മളൊന്നിച്ചു പഠിക്കുന്ന കാലത്തേ…”

“എന്നിട്ടെന്താ പറയാഞ്ഞത്…?”

നവീന് ആകാംക്ഷയേറി

“ചുമ്മാ…”

അവൾ കണ്ണിറുക്കി..

“പറ പ്ളീസ്…”

കൊച്ചുകുഞ്ഞുങ്ങളെ പോലെ അവൻ ശാ ഠ്യം പിടിച്ചു..

“അതിനു മുൻപേ നീ പറ.എന്താ എന്റെ ആദർശിൽ നീ കാണുന്ന പോരായ്ക?”

അവൻ ഒന്നു പതറി.. ആ നിമിഷത്തിന്റെ ഭംഗി കളയുന്ന അത്തരം ഒരു ചോദ്യം നവീൻ പ്രതീക്ഷിച്ചില്ല…എങ്കിലും അവൻ പറഞ്ഞു തുടങ്ങി..

“അയാളെപോലെ മുരടൻ സ്വഭാവമുള്ള ഒരാൾ..നിനക്കെങ്ങനെ ചേരും…നിന്റെ സംസാരം..ചിരി..യു നോ മീരാ യൂ ആർ സോ സ്വീറ്റ്… ഞാൻ കണ്ടതിൽ വച്ചേറ്റവും best girl…”

മീര ചിരിച്ചു.

“എന്നെ പൊക്കിയത് മതി.കാര്യം പറയ്”

“ആദർശ്…അയാളെ കാണാൻ…”

“മതി മതി. കൂടുതൽ ഒന്നും പറയണ്ട”

അവൾ പെട്ടെന്ന് ഇടക്ക് കയറി..പിന്നെ ചോദിച്ചു

“അതിനു ഞാനെത്ര സുന്ദരിയാണോ?”

“പിന്നെ നീ സുന്ദരിയാണ് മീര…നിന്റെ സൗന്ദര്യം.. അത് നിന്റെയീ മനസ്സാ…”

മീര പെട്ടെന്നെഴുന്നേറ്റു…

“Exactly നവീൻ…യൂ made ദി പോയിന്റ്”

“സൗന്ദര്യം മനസ്സിലാ…..എന്നിൽ നീ കണ്ട ആ സൗന്ദര്യം ഉണ്ടല്ലോ അതാ എന്റെ കെട്ടിയവനിൽ ഞാനും കാണുന്നെ…കുറച്ചുകൂടി വ്യക്തമായി പറഞ്ഞാ എന്റെ ഭർത്താവിന് സൗന്ദര്യം കുറവാണെന്ന് എനിക്കിത് വരെ തോന്നിയിട്ടില്ല.. അങ്ങേരെന്നെ ചീത്ത പറയും.മുരടൻ തന്നെ…പക്ഷെ ഞങ്ങളുടെ സ്പേസിൽ എത്രത്തോളം റൊമാന്റിക് ആൻഡ് ലവബിൾ ആണെന്ന് നിനക്കറിയിലലോ”

..നവീൻ ഞെട്ടി…ഇത്തരത്തിൽ ഒരു പ്രതികരണം അല്ല അവൻ പ്രതീക്ഷിച്ചത്…

“അത് പിന്നെ മീര…”

” ചുമ്മാ മറ്റുള്ളവരുടെ കുടുംബം കലക്കാൻ നോക്കാതെ പോയി ഭാര്യയുമായുള്ള പ്രോബ്ലെം ക്ലിയർ ചെയ്യാൻ നോക്ക് മനുഷ്യാ…”

അവൾ ചിരിച്ചു…അതിൽ പരിഹാസം ഇല്ലെന്ന് അവൻ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു…ഒരു പ്രിയപ്പെട്ട കൂട്ടുകാരി പറയുന്നപോലെ… ..

ഇറങ്ങാൻ നേരം അവൻ ഒരു സോറി പറഞ്ഞു…അവൾ അപ്പോഴും ചിരിച്ചു…

“മീര…”

“എന്താടാ”

“നീ നേരത്തെ പറഞ്ഞത് ആക്കിയതാ?”

“ഏത്…”

“കോളേജിൽ വച്ച് എന്നെ ഇഷ്ടം ആയിരുന്നു എന്നത്”

“അതോ… “

അവൾ ചുണ്ടു കൂർപ്പിച്ചു..

“അറിഞ്ഞിട്ടിപ്പോ എന്തിനാ ..അവിഹിതത്തിനു വല്ലോം…?”

അവൻ വീണ്ടും ഇളിഭ്യച്ചിരി ചിരിച്ചു..

“ചുമ്മാ പറയെടി..”

“അത് സത്യാ ചെക്കാ…പിന്നെ പറയാഞ്ഞേ എന്താന്നു വച്ചാൽ…”

“വച്ചാൽ…??”

“നിന്നെ എനിക്ക് തീരെ വിശ്വാസം ഇല്ലായിരുന്നു…”

“ഏഹ്…?”

അവൻ വാ പൊളിച്ചു

വൈകിട്ടു ആദർശിന്റെ നെഞ്ചിൽ ചേർന്നിരുന്നു മീര ഇന്നത്തെ കഥ പറഞ്ഞു..ഒടുവിൽ അവനും അതേ ചോദ്യം അവളോട് ആവർ ത്തിച്ചു….. എന്തേ നവീനോടു ള്ള ഇഷ്ടം അന്ന് പറഞ്ഞില്ല എന്ന്.

“അതോ…”

മീര അവന്റെ മൂക്കിൽ തട്ടി..

“ശരിക്കും അവനെ എനിക്കത്ര വിശ്വാസം ഇല്ലായിരുന്നു..ഒന്നാമത് ഒരു പഞ്ചാരകുഞ്ചു.. നാളെ എന്നെ കളഞ്ഞിട്ടു വേറെ ചാടിയാലോ…”

“ഓഹോ…അതാണോ..എന്നാ ഇപ്പൊ പോവാരുന്നുലോ..”

ആദർശ് ചൊടിച്ചു… അവന്റെ മുഖം മാറുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. അവൾക്ക് കുറുമ്പ് തോന്നി

“അവന്റെ ഇപ്പഴത്തെ സ്വഭാവം വച്ചും പോവില്ലന്നു ഉറപ്പില്ലാലോ”

“ഉണ്ടെങ്കി നീ പോവോടി…”

ആദർശ് ഒരു ചാട്ടം.അവൾ അവനെ ഇറുകെ കെട്ടിപിടിച്ചു..

“ഇല്ലാലോ…എനിക്കിനി എങ്ങും പോവേണ്ട…”

“പോയാൽ ഉണ്ടല്ലോ…രണ്ടിനേം ഞാൻ തട്ടും”

“എന്നെ തട്ടണ്ട..വേണെങ്കി നവീനെ തട്ടിക്കോ…”

അവർ പൊട്ടിച്ചിരിച്ചു…

മീര മനസ്സിലോർത്തു ചൂടനായാലെന്താ..ഏത് വഴക്കിനും അവസാനം എന്നിലേക്ക് മാത്രം തിരിച്ചെത്തുകയുള്ളൂ എന്നുറപ്പുള്ള …ഞാനല്ലാതെ മറ്റൊരു പെണ്ണ് എന്നൊരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത …അതിലുമുപരിയായി എന്തും തുറന്നു പറയാവുന്ന..ഒരിക്കലും അവിശ്വസിക്കാത്ത മറു പാതി. ഇനിയെന്തുവേണം…?തെളിഞ്ഞ മുഖത്തെ കറുത്ത മനസ്സിനെക്കാളും മുഖത്തിനെക്കാൾ തെളിച്ചമുള്ള ഹൃദയം കണ്ടെടുക്കാൻ കഴിഞ്ഞ സംതൃപ്തിയൽ അവൾ പുഞ്ചിരിച്ചു…അവന്റെ നെഞ്ചോട് ചേർന്നുനിന്നുകൊണ്ടുതന്നെ…