പേരില്ലാത്ത ഒരു കഥ…
എഴുത്ത്: അഫി
“നിനക്ക് ഇപ്പൊ കല്യാണം വേണ്ടെന്ന് പറയാൻ എന്താ റൈഹു കാരണം.”
“എനിക്കിപ്പോ വേണ്ട അത്ര തന്നെ “
“നീ വേഷം കെട്ടല്ലെ വയസ്സ് 25 കഴിഞ്ഞു. ഇനിയും നിന്റെ വാശിക്ക് തുള്ളാൻ ഇവിടെ ആരേം കിട്ടില്ല. നിനക്ക് താഴെ ഒരാള് കൂടെ ഉണ്ട്, രഹന. അവൾക്ക് വരുന്ന ആലോചന ഒക്കെ നീ ഒറ്റ ഒരാള് ഇങ്ങനെ നിക്കുന്നത് കൊണ്ട് മുടങ്ങി പോകുവാ. പിന്നെ നിന്റെ ഇക്കാക്ക അവൻ നിന്നെ കെട്ടിച്ചിട്ടേ പെണ്ണ് കെട്ടു എന്ന് പറഞ്ഞു നടക്കണേ “
“അതൊന്നും എന്നെ ബാധിക്കുന്ന കാര്യം അല്ല. രഹനയെ കെട്ടിച്ച് വിടുവോ ഇക്കാക്ക പെണ്ണ് കെട്ടി കൊണ്ട് വരുവോ എന്താന്ന് വെച്ചാ ചെയ്തോ “
“നിർത്തടി നീ. നീ എന്തിനാ ഇങ്ങനൊക്കെ ചെയ്യുന്നത് എന്ന് എനിക്കറിയാം. നിന്റെ പണ്ടത്തെ കാര്യങ്ങൾ ഒക്കെ ഓർക്കുമ്പോ എനിക്ക് അറപ്പ് തോന്നും. ആരും അറിയില്ലെന്ന് കരുതി നീ ചെയ്തതൊക്കെ അറിഞ്ഞിട്ടും ഒന്നും മിണ്ടാതിരുന്നത് സ്വന്തം മോളായി പോയത് കൊണ്ടാ. നിന്നെക്കാളും രണ്ട് വയസ്സ് ഇളപ്പം അല്ലേ ഉള്ളൂ നിന്റെ അനിയത്തിക്ക്. അന്ന് ആ ഒമ്പത്വയസ്സ്കാരി കരഞ്ഞു വന്ന് ഇത്താത്ത എന്റെ മുന്നിൽ പിടിച്ചുന്നു പറഞ്ഞപ്പോ ചങ്ക് പൊട്ടിപ്പോയി. അന്നേ തീർക്കേണ്ടതാ നിന്നെയൊക്കെ “
“ഓ ആ ഒൻപതു വയസ്സുകാരിയുടെ കരച്ചിൽ ഉമ്മാക്ക് ഓർമയുണ്ട്. ഒരുപാട് സങ്കടോം തോന്നിക്കാണുംല്ലേ. അതിലും ഉറക്കെ ഒരു അഞ്ചു വയസ്സുകാരി കരഞ്ഞു വന്ന് പറഞ്ഞിട്ടുണ്ട് എനിക്ക് മൂത്രമൊഴിക്കുന്നിടത്ത് വേദനിക്കുന്നുമ്മാ. മരുന്ന് തരാൻ പറഞ്ഞ്. അന്ന് ചൂട് വെള്ളം കൊണ്ട് കഴുകി മരുന്നൊക്കെ പുരട്ടിതന്നു. പക്ഷെ അത് കഴിഞ്ഞ് ഉമ്മ അടിച്ച അടി ഇപ്പോഴും അതോർക്കുമ്പോ കയ്യും കാലും വിറക്കാറുണ്ട്. അന്ന് ഞാൻ കരഞ്ഞ് കാല് പിടിച്ച് പറഞ്ഞതല്ലേ ഞാനൊന്നും ചെയ്തില്ലുമ്മാ മൂത്തുപ്പാടെ മോൻ അവിടെ ഒക്കെ തൊടാറുണ്ടെന്ന്. അന്ന് മനസ്സിൽ പതിഞ്ഞു പോയതാ എന്ത് പറ്റിയാലും തെറ്റ് എന്റെയാവും ഉമ്മ അടിക്കും. അത് കൊണ്ട് പിന്നീട് നടന്നതൊന്നും ഉമ്മാനോട് പറയാൻ ഞാൻ ധൈര്യപ്പെട്ടിട്ടില്ല. ഉമ്മാക്ക് അറിയാരുന്നല്ലോ സൈനുക്ക ചീത്തയാന്ന്. എന്നിട്ടും വീണ്ടും വീണ്ടും അയാളുടെ കൂടെ തറവാട്ടിൽ പോകാൻ വിട്ടില്ലേ. വീണ്ടും ഈ വീട്ടിലേക്ക് കേറ്റിയില്ലേ. വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചപ്പോ ആ അഞ്ചു വയസ്സുകാരി എതിർത്തതാ എത്ര തല്ല് കിട്ടിന്നറിയോ… അവിടന്ന് കരഞ്ഞോണ്ട് ഇറങ്ങി ഓടാൻ തോന്നിയത് എന്റെ ഭാഗ്യമാ.. ഇല്ലായിരുന്നെങ്കിൽ….. ഇപ്പോഴും ഓർക്കാൻ വയ്യ ഉമ്മാ…
ഉമ്മാക്ക് ഓർമ്മയുണ്ടോ സീന ചേച്ചിയെ അപ്പുറത്തെ വീട്ടിൽ താമസിച്ചത്. എന്തിനാ എന്തിനാ അവരെ രാത്രി എന്റെ കൂടെ കിടത്തിയെ. ഞാൻ കുഞ്ഞല്ലെരുന്നോ. അവർ ചെയ്ത് കൂട്ടിയ കാര്യങ്ങൾ എന്റെ കുഞ്ഞ് മനസ്സിനെ എത്രത്തോളം തളർത്തിയിട്ടുണ്ടാകും എന്ന് ഓർത്ത് നോക്കിയിട്ടുണ്ടോ.
ശെരിയാ കുഞ്ഞു നാളിൽ മുതൽ ഞാൻ സ്വ യംഭോഗം ചെയ്തിട്ടുണ്ട്. പക്ഷെ അന്നൊന്നും അതൊരു കുഴപ്പമായി എനിക്ക് തോന്നിയിട്ടില്ല. സെ ക്സ് എന്താണെന്നോ വികാരങ്ങൾ എന്താണെന്നോ ഒന്നും ഒന്നും എനിക്കറിയില്ലായിരുന്നു. പതിയെ പതിയെ എനിക്ക് സ്വഭാവവൈകല്യങ്ങളും ഉണ്ടാവാൻ തുടങ്ങി. രഹനായോടും ഞാൻ തെറ്റ് ചെയ്ത് പോയിട്ടുണ്ട്.പക്ഷെ ഓരോന്ന് അറിഞ്ഞു തുടങ്ങിയ സമയത്തുണ്ടല്ലോ ഞാൻ എങ്ങനെ ആയിരുന്നെന്നു ഉമിച്ചിക്ക് അറിയില്ല. ഉമ്മിച്ചിക്ക് അവളെ ശ്രദ്ധിക്കാനായിരുന്നു നേരം. എനിക്ക് ഉമ്മാടെ സപ്പോർട്ട് ഏറ്റവും കൂടുതൽ വേണ്ട സമയം ആയിരുന്നില്ലേ അത്. എനിക്ക് എന്നോട് തന്നെ എന്ത് വെറുപ്പായിരുന്നുന്നറിയോ. ആരുടേം മുഖത്തു നോക്കാൻ പേടിയായിരുന്നു. ഞാൻ കൊള്ളില്ലാത്ത പെണ്ണാണെന്ന് മനസ്സ് ഇങ്ങനെ പറഞ്ഞോണ്ടിരിക്കും. അറിയാതെ എങ്ങാനും ആരുടെ എങ്കിലും മുഖത്ത് നോക്കിപ്പോയാൽ ഞാൻ ചീത്തക്കുട്ടിയാണെന്ന് പറയോ എന്ന പേടി.”
“റൈഹു ഞാൻ..”
“നിക്കുമ്മാ ഞാൻ പറയട്ടെ. ഇന്നിത് പറയാൻ പറ്റിയില്ലെങ്കിൽ ചിലപ്പോ പിന്നീടൊരിക്കലും പറയാൻ പറ്റിയെന്ന് വരില്ല.
രാത്രി ഉറങ്ങാതെ ഇരുന്ന് നീ ചെയ്തത് തെറ്റുകൾ തന്നെയാണ്. പക്ഷെ ഇനി ആവർത്തിക്കാതെ ഇരുന്നാ നീ നല്ല കുട്ടിയാ എന്നൊക്കെ സ്വയം പറഞ്ഞോണ്ടിരിക്കും. അങ്ങനെ ഒരുവിധം നോർമൽ ആയി കൊണ്ടിരിക്കുമ്പോഴാ. സൈനുക്ക വീണ്ടും വന്നത് അന്ന് അയാൾ എന്റെ മു ലക്ക് പിടിച്ചു. അലറിക്കരയാൻ തക്ക വേദന ഉണ്ടായെങ്കിലും കൈകൊണ്ട് വായ പൊത്തി അയാളെ തള്ളിയിട്ട് ഞാൻ ബാത്റൂമിൽ കേറി ഒളിച്ചു. പേടിയായിരുന്നു. വേദന എന്ന് പറഞ്ഞു കരഞ്ഞാൽ ഉമ്മ പിന്നേം അടിക്കോന്ന്. ഒത്തിരി നേരം കഴിഞ്ഞ് അയാള് പോയിക്കാണും എന്ന് കരുതി പുറത്തേക്ക് വന്ന ഞാൻ കാണുന്നത് പോകാൻ ഇറങ്ങുന്ന അയാളെ നിർബന്ധിച്ചു പിടിച്ചു നിർത്തുന്ന ഉപ്പയെയും ഉമ്മയെയും ആണ്.
പടച്ചോനോട് എത്ര ദുആ ചെയ്തെന്നറിയോ അയാൾ നിക്കരുതേ എന്ന് പറഞ്ഞ്. എന്റെ ഭാഗ്യത്തിന് അന്ന് തന്നെ തിരിച്ചു പോയി. പക്ഷെ പോകാൻ നേരം അയാൾ നോക്കിയ നോട്ടം ജീവിതകാലം മുഴുവൻ എന്നെ പിന്തുടരാൻ കെൽപ്പുള്ളതായിരുന്നു. പിന്നീടുള്ള രാത്രികൾ രാത്രി ഉറങ്ങിയിട്ടില്ല. ഉറക്കത്തിലേക്ക് വഴുതി പോകുമ്പോ എന്തോ ശരീരത്തിൽ ഇഴയുന്ന പോലെ തോന്നും. ചിലപ്പോ ആരോ മുറിയിൽ നിന്ന് എന്നെ തുറിച്ചു നോക്കുന്ന പോലെ തോന്നും. ചിലപ്പോ ആരോ എന്റെ പാന്റ് പിടിച്ചു വലിച്ചു കളയുന്ന പോലെ തോന്നും.. ഒട്ടും സഹിക്കാവയ്യാതെ ആകുമ്പോ ചീത്ത കേട്ടാലും ഉമ്മാടെ അടുത്ത് വന്ന് കിടക്കാറുണ്ട്. ഞാൻ സമാധാനമായി ഈ ജീവിതകാലത്തിൽ ഉറങ്ങിയിട്ടുള്ളത് അപ്പോൾ മാത്രമാണ്.”
“മോളേ ഉമ്മാക്ക് ഇതൊന്നും അറിയില്ലായിരുന്നു. “
“അറിയാഞ്ഞിട്ടല്ല ഉമ്മ. ഉമ്മാടെ കണ്ണിൽ ഞാൻ ചീത്ത പെണ്ണാ.. സ്വന്തം അനിയത്തിയുടെ ശരീരത്തിൽ തൊട്ട ശൈത്താൻ. എന്നോടുള്ള വെറുപ്പല്ലെരുന്നോ ആ മനസ്സ് മുഴുവൻ അപ്പൊ പിന്നെ എന്റെ കാര്യത്തിൽ കൂടുതൽ ശ്രദിക്കുന്നത് എങ്ങനെല്ലേ…എനിക്ക് എല്ലാരേം പേടിയായിരുന്നുമ്മാ. പഠിപ്പിക്കുന്ന ടീച്ചേഴ്സിനെ ഉൾപ്പടെ. കൂടെ പഠിക്കുന്ന കുട്ടികളെ റോഡിലൂടെ നടക്കുന്നവരെ എല്ലാരേം. ഏത് നിമിഷവും ഒരു കൈ എന്റെ ശരീരത്തിൽ ഇഴയാൻ വരും എന്നുള്ള തോന്നലാ. ആണായാലും പെണ്ണായാലും എനിക്ക് സുഹൃത്തുക്കളും ഇല്ലായിരുന്നു. അങ്ങേ അറ്റം ഇക്കാക്കയും ഉപ്പയും അടുത്ത് വരുമ്പോൾ പോലും എനിക്ക് പേടിയായിരുന്നു. ആകെ എന്നെ സമാധാനിപ്പിക്കാൻ കഴിവുള്ളത് ഉമ്മാക്ക് മാത്രം ആയിരുന്നു. പക്ഷെ ഉമ്മയാകട്ടെ എന്നെ വെറുത്തോണ്ടിരുന്നു. സങ്കടം പറയാൻ എനിക്കാരും ഉണ്ടായിരുന്നില്ല ഉമ്മാ ഞാൻ എന്നോട് തന്നെ സങ്കടങ്ങൾ പറഞ്ഞ് സ്വയം സമാധാനിപ്പിച്ചു എന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടി. ഒരു വിവാഹജീവിതത്തിന് ഞാൻ റെഡിയല്ല. ഭർത്താവിനെ പൂർണമായും സ്നേഹിക്കാനോ വിശ്വസിക്കാനോ ഭാര്യയുടെ കടമകൾ എല്ലാം ചെയ്യാനോ മനസ്സ് കൊണ്ട് ഞാൻ തയ്യാറല്ല. അങ്ങനെ എന്റെ മനസ്സ് പാകപ്പെടുന്ന ദിവസം ഞാൻ പറയാം. അപ്പൊ മതി എനിക്കൊരു കല്യാണം. അതിന് മുമ്പ് ഇക്കാക്കാടെ കല്യാണം നടത്താം അല്ലെങ്കിൽ രഹനയുടെ കല്യാണം നടത്താം. എനിക്കൊരു കുഴപ്പോം ഇല്ല. “
“ഉമ്മാനോട് പൊറുക്ക് മോളേ. ഞാൻ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ എന്റെ മോൾക്ക് ഇത്രയും അനുഭവിക്കേണ്ടി വരില്ലായിരുന്നു.”
“ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല ഉമ്മ. പറ്റുമെങ്കിൽ ഒരു സഹായം ചെയ്യ് ഉപ്പയോട് പറഞ്ഞ് ഈ പെണ്ണ് കാണൽ ഒന്ന് ഒഴിവാക്കി താ.”
“ഇത്താത്ത.. ഞാൻ.. നീ എന്തോരം അനുഭവിച്ചിട്ടുണ്ട്. അത് വെച്ച് നോക്കുമ്പോ എനിക്ക് സംഭവിച്ചത് വളരെ നിസാരമല്ലേ. “
“എന്ത് തന്നെ പറഞ്ഞാലും എന്ത് കാരണം കൊണ്ടാണെങ്കിലും ഞാൻ ചെയ്തത് തെറ്റ് തന്നെയാ. സോറി “
ചില്ല് തറയിൽ വീണ് പൊട്ടുന്ന ശബ്ദം കേട്ടാണ് എല്ലാവരും ഞെട്ടിതിരിഞ്ഞു നോക്കിയത്. എല്ലാം കെട്ട് കൊണ്ട് ഇക്കാക്ക നിൽക്കുന്നു.
“കൊല്ലും ആ പന്നിയെ ഞാൻ. ഞങ്ങളുടെ മൂത്ത സഹോദരന്റെ സ്ഥാനം അല്ലേ അയ്യാൾക്ക് കൊടുത്തിരുന്നേ. എന്നിട്ടും. വെറുതെ വിടില്ല ഞാൻ.”
“ഇക്കാക്ക എന്ത് ചെയ്യാൻ പോകുന്നു. സൈനുക്ക ഇപ്പൊ കല്യാണം കഴിഞ്ഞ് ഒരു മോളും ഉണ്ട്. വെറുതെ അവരെ അറിയിച്ചിട്ട് എന്തിനാ. ഇപ്പൊ എന്തൊക്കെ ചെയ്താലും എനിക്ക് നഷ്ടപ്പെട്ട ബാല്യം തിരിച്ചു കിട്ടോ. ഒരു പക്ഷെ തൊട്ടെന്നും പിടിച്ചെന്നും പറഞ്ഞ് എന്റെ ശരീരത്തിന് ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല. പക്ഷെ മനസ്സിനേറ്റ മുറിവുണ്ടല്ലോ അത് ഒരിക്കലും ഉണങ്ങില്ല ഒരിക്കലും. എനിക്ക് കുറച്ച് നേരം ഒറ്റക്കിരിക്കണം “
റൂമിൽ കയറി കതകടച്ചു വാതിലിൽ ചാരി ഊർന്ന് നിലത്തിരുന്നു. ഇത്രയും വർഷങ്ങൾ അടക്കി വെച്ച സങ്കടക്കടൽ പുറത്ത് വന്നത് കൊണ്ടാകാം എന്നും ആഗ്രഹിച്ച പോലെ ആരെയും പേടിക്കാതെ അലറികരഞ്ഞത്.ഉള്ളിലെ സങ്കടങ്ങൾ പെയ്തൊഴിയട്ടെ എന്ന് കരുതിയാകും ശബ്ദം നേർത്ത് ഏങ്ങലടികൾ മാത്രം ആകുന്നത് വരെ ആരും ശല്യപ്പെടുത്തിയില്ല. എന്നെങ്കിലും ഈ മുറിവുകൾ ഉണങ്ങുമായിരിക്കും. സ്നേഹം കൊണ്ട് ദുഃഖങ്ങളെ മായ്ച്ചു കളയാൻ ഒരാൾ വരുമായിരിക്കും. അത് വരെ ഈ കാത്തിരിപ്പ് നീണ്ട് കൊണ്ടേ ഇരിക്കും…