എഴുത്ത്: മഹാ ദേവൻ
ഒരു രണ്ടാംകെട്ടുകാരന്റെ ഭാര്യയായി അയാൾക്ക് ആദ്യഭാര്യയിൽ ഉണ്ടായ കുട്ടിയുടെ അമ്മയായി വലതുകാൽ വെച്ച് ആ പടി കയറുമ്പോൾ മനസ്സിൽ രണ്ട് കാര്യങ്ങൾ ആയിരുന്നു….
ഒരിക്കലും നിനക്കൊരു അമ്മയാകാൻ കഴിയില്ലെന്ന് പറഞ്ഞും, മച്ചിയെന്നു വിളിച്ചും വാക്കുകൾക്കൊണ്ടും ശാരീരികമായും ഉപദ്രവിച്ച ആദ്യഭർത്താവിൽ നിന്നും രക്ഷപ്പെടുമ്പോൾ തകർന്നു പോയ ഹൃദയത്തിൽ നിന്നും ഒരു മോചനം. പിന്നെ ഒരിക്കലും അമ്മയാകാൻ കഴിയില്ലെന്ന അയാളുടെ വാക്കുകൾക്ക് മുന്നിൽ തകർന്നടിഞ്ഞ സ്വപ്നങ്ങൾക്ക് ഒരു ആശ്വാസം എന്നോണം ഒരു മകനെ കിട്ടിയതും. പെറ്റവയറിനോളം വരില്ലെങ്കിലും പോറ്റുവാൻ ഇനി മുതൽ തനിക്കും ഒരു മകൻ ഉണ്ടെന്ന ചിന്ത. ആ വീട്ടിലേക്ക് കാലെടുത്തു വെക്കുമ്പോൾ അതൊക്കെ ആയിരുന്നു സന്തോഷം.
” ഭാമേ , നിനക്കിവിടെ എന്തെങ്കിലും കുറവുണ്ടെങ്കിൽ പറയണം . ഒരു രണ്ടാംകെട്ടുകാരൻ എന്ന ചിന്ത വേണ്ട. അത് ചിലപ്പോൾ നമുക്കിടയിൽ ഒരു അകലം ഉണ്ടാക്കാം. ജീവിതം നമ്മൾ ചിന്തിക്കുന്ന പോലെയോ നമ്മൾ ആഗ്രഹിക്കുന്ന പോലെയോ അല്ല. എല്ലാം ഒരു യോഗമാണ്. ആ ഒഴുക്കിനനുസരിച്ചു നീങ്ങാൻ ഇനിയുളള കാലം നിന്നെ ആയിരിക്കും ദൈവം എനിക്കായി വിധിച്ചത്.
അതുകൊണ്ട് പഴയതെല്ലാം മറന്ന് നമുക്കൊരു പുതിയ ജീവിതം ഇവിടെ നിന്നും തുടങ്ങാം .പക്ഷേ, ഒന്ന് മാത്രം… നീ പ്രസവിച്ചതല്ല എന്ന പേരിൽ എന്റെ മോൻ ഒരിക്കലും നിനക്കൊരു ഭാരമാകരുത്. അവൻ ഇനി മുതൽ എന്റെ മകനല്ല, നമ്മുടെ മകനാണ്. “
അശോകന്റെ വാക്കുകളെ സന്തോഷത്തോടെ ആയിരുന്നു അവൾ സ്വീകരിച്ചത്.
അയാൾ അങ്ങനെ പറഞ്ഞില്ലെങ്കിലും ഈ പടി കയറുമ്പോൾ തന്നെ അവനെ സ്വന്തം മകനായി കാണാൻ തുടങ്ങിയിരുന്നു എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു .
” കഴിഞ്ഞ് പോയ നാളുകൾ ഓർക്കുമ്പോൾ ഇപ്പോൾ എനിക്ക് കിട്ടുന്ന സ്നേഹവും കരുതലുമെല്ലാം കൂടുതൽ ആണ് ഏട്ടാ.. ഒരു ജീവിതം അവസാനിച്ചു എന്ന് തോന്നിത്തുടങ്ങിയ ഇടത്തു നിന്നാണ് ഇപ്പോൾ ഇങ്ങനെ ഒരു പുതിയ ജീവിതത്തിലേക്ക് ഏട്ടൻ കൈപിടിച്ചുയർത്തിയത്. അതിന് ഞാൻ എന്നും കടപ്പെട്ടവൾ ആണ്. പിന്നെ ഒരു കുട്ടി ഉണ്ടാകാത്ത എനിക്ക് താലോലിക്കാനും സ്വന്തമായി വളർത്താനും ഒരു മോനെ കിട്ടിയില്ലേ… ഇപ്പോൾ ഞാൻ ഭാഗ്യവതി ആണ്. ഒരിക്കലും ഞാൻ പ്രസവിച്ചില്ല എന്ന പേരിൽ അവനെ ഞാൻ തള്ളിപ്പറയില്ല ഏട്ടാ.. അവൻ എന്റെ മോൻ തന്നെയാ… ഇനി മുതൽ നമ്മുടെ മാത്രം മോൻ. “
നിറഞ്ഞുവന്ന കണ്ണുകൾ തുടക്കുമ്പോൾ അവനും സന്തോഷത്തിൽ ആയിരുന്നു .
പേടി മകന്റെ കാര്യത്തിൽ മാത്രമായിരുന്നു . കഥകളിലും പല ജീവിതങ്ങളിലും കണ്ടിട്ടുണ്ട് കേറിവരുന്ന രണ്ടാനമ്മയുടെ ക്രൂരമായ മുഖങ്ങൾ . അതുകൊണ്ടു തന്നെ ആ പേടിയുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ അതെല്ലാം പോയി. പെറ്റമ്മ പോയെങ്കിലും വന്ന പോറ്റമ്മയും അത്രമേൽ അവനെ സ്നേഹിക്കുമെന്ന് അശോകന് തോന്നി.
” ഭാമേ. നമുക്കിടയിൽ മുന്നേ എന്തൊക്കെ ഉണ്ടായിരുന്നു എന്ന് ഇനി ചിന്തിക്കേണ്ട.. ഇനി മുതൽ എങ്ങനെ എന്ന് മാത്രം ചിന്തിക്കുക. പാസ്റ്റ് ഒന്നും ഇനി വേണ്ട നമുക്കിടയിൽ. ഇനി ഈ ലോകത്ത് ഞാനും നീയും നമ്മുടെ മോനും മാത്രം മതി. “
അതും പറഞ്ഞവൻ അവളെ ചേർത്തുപിടിച്ചു ചുംബിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ആ പുതിയ ജീവിതത്തിലേക്ക് അയാൾ പടർന്നു കയറുമ്പോൾ ആ രാത്രി നിലാവിനോട് ചേർന്ന് പതിയെ നീങ്ങിത്തുടങ്ങിയിരുന്നു. ഒടുവിൽ രണ്ടു പേരും കിതപ്പോടെ വശങ്ങളിലേക്ക് മാറിക്കിടക്കുമ്പോൾ വിയർത്തൊലിച്ച അവളുടെ മുഖത്തു കൂടി അപ്പോഴും കണ്ണുനീർ ഒഴുകി.
എത്രയൊക്കെ ആഘോഷിച്ചാലും ബന്ധപ്പെട്ടാലും ഒരു കുഞ്ഞെന്ന മോഹം അകലെ ആണെന്ന സത്യം അവളെ വല്ലാതെ വീർപ്പുമുട്ടിച്ചു. അപ്പോഴെല്ലാം മനസ്സിൽ ക്രൂരമായ പിഞ്ചിരിയോടെ അവൻ ഓടിനടന്നു. ഗിരി. അവളുടെ ആദ്യ ഭർത്താവ്.
ഒരുപാട് സ്വപ്നങ്ങളുമായിട്ടായിരുന്നു ഗിരിയുടെ കൈപിടിച്ച് ആ വീട്ടിലേക്ക് കയറിയത്. പക്ഷേ, സ്വപ്നങ്ങൾ എല്ലാം ഒറ്റ രാത്രി കൊണ്ട് തകിടം മറിഞ്ഞു. ആദ്യരാത്രിയിൽ തന്നെ ആടി ആടി വന്ന ഭർത്താവിന് മുന്നിൽ നിറമിഴിയോടെ നിൽക്കുമ്പോൾ അത് കണ്ടു പൊട്ടിച്ചിരിക്കുന്ന ഒരു മൃ ഗത്തെ ആയിരുന്നു അവിടെ കണ്ടത്.
പിന്നെ അവന്റെ വികൃതമായ ലൈം ഗികവേ ഴ്ചകളിൽ തളർന്നുറങ്ങുമ്പോൾ സന്തോഷം തരുന്ന ചില സ്വപ്നങ്ങൾ മാത്രമായിരുന്നു കൂട്ട്. അതിലൊന്നായിരുന്നു കുഞ്ഞ്.
ഒരു കുഞ്ഞുണ്ടായാൽ ചിലപ്പോൾ ഗിരിയുടെ സ്വഭാവങ്ങൾക്ക് മാറ്റം വരുമെന്ന ചിന്ത മനസ്സിനൊരു സന്തോഷം നൽകി. പിന്നെ അതിനായുള്ള കാത്തിരിപ്പായിരുന്നു. ദിവസങ്ങൾ മാസങ്ങളായി കടന്നുപ്പോയി. സ്വപ്നങ്ങൾ സ്വപ്നങ്ങളായി തന്നെ നിലകൊണ്ടു. കൂടെ ഗിരിയുടെ സംശയരോഗവും ജീവിതത്തിൽ വില്ലനായി വരാൻ തുടങ്ങിയപ്പോൾ മടുത്തു തുടങ്ങിയിരുന്നു..
അതിനിടയ്ക്കാണ് എല്ലാ സ്വപ്നങ്ങളെയും തകിടം മറിച്ചുകൊണ്ട് അവൻ ആ പേപ്പർ മുന്നിലേക്ക് നീട്ടിയത് .
അതൊരു ലാബ് റിസൽറ്റ് ആയിരുന്നു. കുട്ടികളുക്കുണ്ടാകുന്ന കാര്യത്തിൽ അവനൊരു പ്രശ്നവും ഇല്ലെന്ന് കാണിക്കുന്ന റിസൽറ്റ്.
” ഇപ്പോൾ മനസ്സിലായല്ലോ എന്തുകൊണ്ടാണ് കുട്ടികൾ ഉണ്ടാകാത്തതെന്ന്. നീ ഒരു മച്ചിയാടി.. മച്ചി. നിനക്കാണ് കുഴപ്പം. മനസ്സിലായില്ലേ. ഇതുവരെ ഓട്ടകുടത്തിൽ ആണ് വെള്ളമൊഴിച്ചതെന്ന് സാരം. ഒരു കുഞ്ഞിനെ പോലും പ്രസവിക്കാൻ കഴിയാത്ത നീ ഒക്കെ ഒരു പെണ്ണാണടി. “
ഗിരിയുടെ ക്രൂരമായ വാക്കുകൾ ഹൃദയത്തെ കീറിമുറിക്കുമ്പോഴും തനിക്കൊരു അമ്മയാകാൻ കഴിയില്ലെന്ന വാക്കുകൾ വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല. ഏറെ കൊതിച്ചതാണ് ഒരു അമ്മയാകാൻ. ഗിരിയുടെ പീ ഡനങ്ങൾ മുഴുവൻ അനുഭവിക്കുമ്പോഴും ആകെ ഒരു ആശ്വാസം അങ്ങനെ ഒരു ചിന്ത മാത്രമായിരുന്നു. പക്ഷേ, ഇപ്പോൾ അതും ഇല്ലാതാക്കുകയാണോ ഈശ്വരാ…നിറഞ്ഞ കണ്ണും മൂക്കും തുടച്ചുകൊണ്ട് അവനെ നോക്കി ” എനിക്ക് എന്റെയും ഒന്ന് ലാബിൽ കൊടുക്കണം. പ്രശ്നം ഉണ്ടോ എന്ന് എനിക്കും അറിയണം ” എന്ന് പറഞ്ഞപ്പോൾ ഗിരിയുടെ കൈ ഭാമയുടെ മുഖത്തു ആഞ്ഞു പതിച്ചു,
” പ്ഫ … ഇനി അതും കൂടി ചെയ്ത് മറ്റുള്ളവരെ കൂടി അറിയിക്കണം അല്ലെ നിനക്ക്. നീ മച്ചി ആണെന്ന് മനസ്സിലാക്കാൻ എന്റെ ഈ റിസൽറ്റ് മതി. അല്ലാതെ ഇനി നിന്നെ കൊണ്ടുപോയി ലാബിൽ പ്രദർശ്ശിപ്പിച്ച് മറ്റുള്ളവർക്ക് മുന്നിൽ നാണം കെടാൻ എന്നെ കിട്ടില്ല. പിന്നെ, നിന്നെയൊക്കെ ഒറ്റക്ക് പുറത്തേക്ക് വിടാമെന്ന് വെച്ചാൽ പിന്നെ കേറി വരുന്നത് ഏതൊക്കെ ചെക്കന്മാരുടെ കൂടെ അഴിഞ്ഞാടി ആണെന്ന് ആർക്കറിയാം. അതുകൊണ്ട് ഇവിടെ അടങ്ങി ഒതുങ്ങി നിന്നോണം . മച്ചിയെങ്കിൽ മച്ചി. തോന്നുമ്പോ ആശ തീർക്കാൻ ഒരു സാധനം ആയല്ലോ. ഇനി അതിനു പുറത്ത് കാശ് കൊടുക്കണ്ടല്ലോ. അല്ലാതെ നിന്നെ ഇനി വേറെ ഒന്നിനും കൊള്ളില്ലെന്ന് അറിയാം “
അതും പറഞ്ഞ് മുഖത്തേക്ക് കാർക്കിച്ചു തുപ്പിക്കൊണ്ട് ഗിരി പുറത്തേക്ക് പോകുമ്പോൾ മനസ്സ് മുഴുവൻ വെറുപ്പായിരുന്നു.
ഒരു വേ ശ്യയെക്കാൾ താഴ്ന്ന രീതിയിലേക്ക് താഴ്ത്തിക്കെട്ടിയ ജീവിതത്തോട്. അങ്ങനെ ഒരു വർഷം തികയാനുള്ള കാത്തിരിപ്പ് ആയിരുന്നു. അതിനിടയിൽ ഏൽക്കാത്ത ക്രൂരതകൾ ഇല്ല.
രഹസ്യഭാ ഗങ്ങളിൽ വരെ “മച്ചിയായ നിനക്കെന്തിനാടി ഇതിനൊക്കെ ഇത്ര ഭംഗി ” എന്ന് ചോദിച്ചുകൊണ്ട് സിഗരറ്റ് കു ത്തിയിറക്കി രസിച്ചിരുന്ന ദിവസങ്ങൾ. ചുണ്ടുകളിൽ മൊട്ടുസൂചി കൊണ്ട് കുത്തി ചെറിയ മുറികുത്തുകളിൽ നിന്നും വരുന്ന ചോ ര കണ്ടു പൊട്ടിച്ചിരിക്കുന്ന ദിവസങ്ങൾ.അങ്ങനെ അങ്ങനെ ഒരു കൊല്ലം . പിന്നീട് അനുഭവിച്ച ക്രൂ രതകളിൽ നിന്ന് കൊതിച്ച ഒരു മോചനം.
ഓർക്കുമ്പോൾ ഇപ്പോഴും ആ ഞെട്ടലിൽ നിന്നും മാറുന്നില്ല മനസ്സ്..കുറച്ചു നേരത്തെ ക്ഷീണം മാറി തിരിഞ്ഞുകിടക്കുമ്പോൾ ഒരേ ഇരിപ്പ് ഇരിക്കുന്ന ഭാമയെ കണ്ടപ്പോൾ അശോകനും എഴുനേറ്റു.
“എന്ത് പറ്റി ഭാമേ. കിടന്നില്ലേ നീ… “
അവന്റെ ചോദ്യത്തിന് ഒന്നുമില്ലെന്ന് തലയാട്ടുമ്പോൾ അവളെ ചേർത്തുപിടിച്ചു ബെഡിലേക്ക് കിടത്തി കെട്ടിപിടിച്ച് കിടന്നു അവൻ.
പിന്നീട് അങ്ങോട്ട് സന്തോഷത്തിന്റെ ദിവസങ്ങൾ ആയിരുന്നു.ഒരിക്കലും ഇങ്ങനെ ഒരു ജീവിതം ഭാമ പ്രതീക്ഷിച്ചിരുന്നില്ല. കുറെ നാളുകൾ അനുഭവിച്ച വേദനകൾക്ക് ദൈവം അറിഞ്ഞു നൽകിയ സന്തോഷം ആയിരിക്കാം.
വിവാഹം കഴിഞ്ഞ് മൂന്ന് മാസങ്ങൾക്ക് ശേഷം ആ സന്തോഷവും അവരെ തേടിയെത്തി.ഭാമ ഗർഭിണിയാണ്.
ഒരുപാട് സന്തോഷം തോന്നിയ നിമിഷങ്ങൾ.പക്ഷേ, അപ്പോഴും അവളുടെ മനസ്സിൽ ഗിരി പറഞ്ഞ വാക്കുകൾ ആയിരുന്നു.ഒരിക്കലും നീ ഒരു അമ്മയാകില്ലെന്ന്….താൻ മച്ചിയാണെന്ന്…
അന്നങ്ങനെ പറഞ്ഞത് കള്ളമായിരുന്നെങ്കിൽ പിന്നെ എന്തുകൊണ്ട് ഗിരിയിൽ തനിക്കൊരു കുട്ടിയുണ്ടായില്ല എന്ന ചിന്തയായിരുന്നു അപ്പോൾ ഭാമയുടെ മനസ്സിൽ. ഒരു മച്ചി എന്ന വാക്കിൽ അത്രയും ക്രൂരമായി അക്ഷേപിക്കുമ്പോൾ അത് കേട്ടത് മുഴുവൻ സത്യമല്ലാത്ത കാര്യത്തിന് വേണ്ടി ആയിരുന്നു എന്നോർക്കുമ്പോൾ….. ‘
ആ നിമിഷം അവൾ ഒന്ന് തീരുമാനിച്ചു.
താൻ മച്ചിയല്ലെന്ന് തെളിഞ്ഞ സ്ഥിതിക്ക് അന്ന് മച്ചിയെന്ന വാക്കിലേക്ക് തന്നെ ക്രൂരമായി തള്ളിവിട്ടതിന്റെ സത്യാവസ്ഥ അറിയാൻ….? അന്ന് അവൻ കാണിച്ച പേപ്പറിൽ എഴുതിയിരുന്ന ലാബ് അവനെയും തന്നെയും അറിയാവുന്ന ഒരാളുടെ ആയതുകൊണ്ട് കേറി ചെല്ലുമ്പോൾ അവളെ അയാൾ സ്നേഹത്തോടെ ആയിരുന്നു സ്വീകരിച്ചതും.
കാര്യങ്ങൾ ഒരു വിധം അറിയാവുന്ന അയാൾക്ക് മുന്നിൽ താൻ ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ അയാളിലും ഒരു ഞെട്ടൽ ഉണ്ടായിരുന്നു….
“ചേച്ചി…. എന്നോട് ക്ഷമിക്കണം. ഞങ്ങൾ അങ്ങനെ ഒരു കാര്യം ചെയ്യാൻ പാടില്ലാത്തത് ആയിരുന്നു. ഞങ്ങളുടെ തൊഴിലിനു ചേർന്നതല്ലെന്നും അറിയാം. പക്ഷേ, അവന്റെ വാശിക്ക് മുന്നിൽ അങ്ങനെ ചെയ്യേണ്ടി വന്നു.. ഇത് പുറത്തറിഞ്ഞാൽ പിന്നെ….. “
അവന്റെ അപേക്ഷയുടെ വാക്കുകൾ മുഴുവനാകും മുന്നേ കൈ ഉയർത്തി തടഞ്ഞുകൊണ്ട് അവൾ അവനെ നോക്കി,
“ആ ചെയ്യാൻ പാടില്ലാത്ത കാര്യം എന്തായിരുന്നു ബിനോയ് ? “
അവളുടെ ചോദ്യത്തിന് മുന്നിൽ പരുങ്ങലോടെ മുഖത്തു കിനിഞ്ഞ വിയർപ്പുതുള്ളികൾ തുടച്ചുകൊണ്ട് അവൻ പറഞ്ഞു,
” ചേച്ചി… ഗിരിക്ക് ഒരിക്കലും കുട്ടികൾ ഉണ്ടാകില്ല. അതിന്റ പഴി ചേച്ചിയിലേക്ക് ഇടാൻ വേണ്ടി അവന് ഒരു കുഴപ്പവും ഇല്ലെന്നുള്ള ഒരു റിസൽറ്റ് ഉണ്ടാക്കികൊടുക്കേണ്ടി വന്നു.ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റ്… പക്ഷേ…!!!
അവന്റെ വാക്കുകൾക്ക് കൂടുതൽ ഒന്നും മറുപടി പറയാതെ എഴുനേറ്റ് പോകാൻ തിരിയുമ്പോൾ പുറത്തു നിന്ന് വാതിൽ തുറന്നു അകത്തേക്ക് വരുന്ന ഗിരിയെ കണ്ട് അവൾ അതുപോലെ തന്നെ നിന്നു.അവളെ അവിടെ കണ്ട ഗിരിയും ഒരു നിമിഷം ശ്വാസം നിലച്ച പോലെ നിന്നുപോയി.
അവനിലെ പരുങ്ങൽ നിറഞ്ഞ ഭാവം കണ്ട്, ആ നിമിഷം തനിക്ക് നേരെ നടന്നു വരുന്ന അവൾക്ക് മുഖം കൊടുക്കാതെ തിരിയുമ്പോൾ പുഞ്ചിരിയോടെ തല ഉയർത്തിപ്പിടിച്ചുകൊണ്ട് പുറത്തേക്ക് നടന്ന അവൾ അവനെ ഞെട്ടിച്ചുകൊണ്ട് ഒന്ന് മാത്രം പറഞ്ഞു.
“ഷണ്ഡൻ ” എന്ന്….