മൗനനൊമ്പരങ്ങൾ…..
Story written by Aswathy Joy Arakkal
:::::::::::::::::::::::::::::
“പെറ്റിട്ട കുഞ്ഞിനെ സെമിത്തേരിയിൽ കൊണ്ട് വെച്ചിട്ട് വർഷം ഒന്നു തികഞ്ഞില്ല..എന്നിട്ടവൾക്കു വല്ല കൂസലും ഉണ്ടോയെന്നു നോക്കിക്കേ… പുതുപ്പെണ്ണിനെ പോലെയല്ലേ ഒരുങ്ങി മിനുങ്ങി ആങ്ങളയുടെ കല്യാണം ആഘോഷിക്കുന്നത്….. “
ആത്മാർത്ഥ സുഹൃത്ത് ആന്റണിയുടെ വിവാഹ റിസപ്ഷന് പങ്കെടുക്കുകയായിരുന്നു ഞാൻ… ആന്റണിയുടെ പെങ്ങൾ അലീന എന്ന അന്നയാണ് മേല്പറഞ്ഞ ഏഷണികൂട്ടത്തിന്റെ വട്ടമേശ സമ്മേളന ചർച്ചയിലെ നായിക..
പ്രസവത്തിൽ കുഞ്ഞു മരിച്ച അന്ന ആങ്ങളയുടെ കല്യാണം ആഘോഷിക്കുകയാണെന്നാണ് പെൺകൂട്ടത്തിന്റെ ആക്ഷേപം… കുറ്റം പറച്ചിലിനിടയിൽ വന്നൊരു കമന്റ് ആണ് തുടക്കത്തിൽ എഴുതിയിരിക്കുന്നത്. നമുക്കിനി ചർച്ചയെവിടെയെത്തിയെന്നു നോക്കാം..
“അതിനു അവൾക്ക് പെറാനൊന്നും താല്പര്യം ഉണ്ടായിരുന്നില്ലന്നേ… മൂന്ന് വർഷം കഴിഞ്ഞപ്പോഴാ വീട്ടുകാരൊക്കെ കൂടെ നിർബന്ധിച്ചു ഒരു കുഞ്ഞിനെ നോക്കാമെന്നായതു… അതും മനസ്സില്ലാ മനസ്സോടെ. അതിപ്പോ ഉർവശി ശാപം അവൾക്കു ഉപകാരമായിന്നു പറഞ്ഞാ മതിയല്ലോ.. കുഞ്ഞുണ്ടെങ്കി അതിനെ നോക്കണം.. പ്രാരാബ്ദവായി… ഇങ്ങനെ ഒരുങ്ങിക്കെട്ടി ആഘോഷിച്ചു നടക്കാനൊക്കുവോ.. പിന്നെ അവളെന്തിന് സങ്കടപ്പെടണം.. “
ഒരു കൊച്ചുകുഞ്ഞിനെയും മടിയിലിരുത്തി കളിപ്പിച്ചു കൊണ്ട് അറുപതു വയസ്സോളം പ്രായം തോന്നിക്കുന്നൊരമ്മച്ചി ഇതു പറയുന്നത് കേട്ടപ്പോൾ ഇവരൊക്കെ നൊന്തു പെറ്റതാണോ എന്നു പോലും തോന്നിപോയി.. ഇനി അവളെന്തൊക്കെ കോലം കെട്ടി നടന്നാലും ഒൻമ്പതുമാസം കുഞ്ഞിനെ വയറ്റിൽ ചുമന്ന് അതു നഷ്ടപ്പെട്ടവളുടെ വേദന നൊന്തുപെറ്റ ഏതു സ്ത്രീക്കാണ് മനസ്സിലാകാതിരിക്കുക.. നെടുവീർപ്പോടെ ഞാനോർത്തു… പിന്നെ ചില അവസരങ്ങളിൽ മൗനം പാലിക്കുക എന്നത് അനിവാര്യമാണല്ലോ…
“അവള് സൗന്ദര്യം പോകാതിരിക്കാനാണ് ആദ്യമൊക്കെ പെറാതിരുന്നതെന്നു ” പറഞ്ഞു ഒരു ഏഷണി വെല്യമ്മ ചർച്ച തുടർന്നപ്പോൾ പറയാനും എഴുതാനും വിഷമം തോന്നുന്ന വാക്കുകളുമായി അന്നയുടെ കുറ്റം പറഞ്ഞു കമ്മിറ്റിക്കാർ ആഘോഷം തുടർന്നുകൊണ്ടിരുന്നു..
ഇതിനിടയിൽ എന്റെ മനസ്സ് ഭൂതകാലത്തേക്കു സഞ്ചരിക്കുകയായിരുന്നു…
കൃത്യമായി പറഞ്ഞാൽ “അന്നക്കൊച്ചിനു വിശേഷമുണ്ട് അമ്മു” എന്നു പറഞ്ഞെന്നെ ആന്റപ്പൻ വിളിച്ച ദിവസത്തിലേക്ക്.. വിവാഹം കഴിഞ്ഞു നാല് വർഷങ്ങൾക്കു ശേഷം നേർച്ചയും, കാഴ്ചയും, ചികിത്സയും നടത്തി പെങ്ങളുടെ വയറ്റിലൊരു ജീവന്റെ തുടിപ്പുണ്ടെന്നറിഞ്ഞപ്പോൾ, അതെന്നോട് പങ്കു വെക്കുമ്പോൾ സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് കരയുകയായിരുന്നു പാവം..
നാല് വർഷം കുശുമ്പും, കുത്തു വാക്കുകളുമായി ആ പാവം അനുഭവിച്ചത് ചില്ലറയൊന്നുമല്ല.. അന്ന കൊച്ചിത്തിരി മോഡേണും പോരാത്തതിന് അവളുടെ പ്രേമവിവാഹവും കൂടെ ആയിരുന്നത് കൊണ്ട് കുറ്റവും കുറവുമൊക്കെ കൂടുതലായിരിക്കുമല്ലോ.. അതാണല്ലോ നാട്ടുനടപ്പ്..
അങ്ങനെ സന്തോഷത്തിന്റെ ഒൻമ്പത് മാസങ്ങൾ… പ്രസവത്തിനു അഡ്മിറ്റ് ആകാൻ കൊടുത്ത ഡേറ്റിനു രണ്ടു ദിവസം മുൻപ് കുഞ്ഞിന് അനക്കം കുറയുന്നു എന്ന സംശയത്തിലാണ് അവർ ആശുപത്രിയിൽ എത്തുന്നത് പക്ഷെ അവിടെ എത്തിയപ്പോഴേക്കും കുഞ്ഞു മരിച്ചിരുന്നു.. പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞല്ലേ അതിനെ പുറത്തെടുത്തല്ലേ പറ്റു.. ലേബർ ഇൻഡ്യൂസ് ചെയ്തു.. പ്രാണൻ നുറുങ്ങുന്ന വേദന അനുഭവിച്ചുകൊണ്ട് അവൾ പ്രസവിച്ചു. ശരീരത്തെക്കാൾ വേദന അവളുടെ മനസ്സിനായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ… പ്രസവവേദനയുടെ അവസാനത്തിൽ കുഞ്ഞോമനയുടെ മുഖം കണ്ട് ആശ്വസിക്കാനുള്ള അവകാശം നഷ്ടപ്പെട്ട ക്രൂരമായ വിധിയായിരുന്നു അവളനുഭവിച്ചതു..കരയാൻ പോലും ശക്തിയില്ലാതെ മരവിച്ചു ആശുപത്രി മുറിയിലവൾ കഴിച്ചു കൂട്ടി…തിങ്ങി നിറഞ്ഞ മാ റിടങ്ങളിലെ പാല് പിഴിഞ്ഞു കളയുമ്പോഴും ആ മനസ്സിനും ശരീരത്തിനും മരവിപ്പ് തന്നെയായിരുന്നു..
പിന്നീടാ മരവിപ്പ് ജീവിതത്തിലേക്കും പടർന്നു തുടങ്ങിയപ്പോൾ, അവൾക്കു ജീവിതം കൈവിട്ടു പോകുമെന്ന് തോന്നി തുടങ്ങിയപ്പോഴാണ് അവളെയൊരു മനോരോഗ ചികിത്സകന്റെ മുന്നിൽ എത്തിക്കുന്നത്…പിന്നീടങ്ങോട്ട് മരുന്നും, ചികിത്സയും, കൌൺസിലിങ്ങുമൊക്കെയായി പതിയെ അവൾ ജീവിതത്തിലേക്ക് മടങ്ങി വന്നു… താൻ വീണുപോയാൽ ഭർത്താവും, മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം വീണുപോകുമെന്ന തിരിച്ചറിവിൽ മനസ്സിലെ സങ്കടങ്ങളെയവൾ ചിരിക്കുന്ന മുഖം കൊണ്ട് പൊതിഞ്ഞു വെച്ചു… ഒരുപാട് മുന്നേ ഉറപ്പിച്ചു വെച്ച ആന്റണിയുടെ വിവാഹം നീട്ടി വെക്കാൻ ആലോചിച്ച വീട്ടുകാരെയാവൾ തടഞ്ഞു. താൻ കാരണം തന്നെ സ്നേഹിക്കുന്നവർ ബുദ്ധിമുട്ടരുതെന്ന വാശിയോടെ.. അതിനായവൾ ഓടി നടന്നു..
എങ്കിലും ഓരോ സന്തോഷ ദിവസങ്ങളുടെയും അവസാനം ആരും കാണാതെയവൾ ഒരുപാട് വേദനിച്ചു .. ഒന്നു ഉറക്കെ ചിരിച്ചാൽ പോലും “എന്റെ കുഞ്ഞിനെ മറന്നു സന്തോഷിക്കുന്ന ഞാൻ എത്ര ക്രൂരയാണെന്ന സങ്കടത്തോടെയവളെന്നെ “വിളിക്കും… മിക്കപ്പോഴും മെഴുകുതിരികളും, പൂക്കളുമായി അവളാ കുഞ്ഞികല്ലറയിലെത്തും…
ഇതെന്തെങ്കിലും അറിഞ്ഞിട്ടാണോ ഇവരൊക്കെ അവളെപ്പറ്റി ഇത്രയും മോശമായി സംസാരിക്കുന്നതെന്നു വിഷമത്തോടെ ഞാനോർത്തു… അല്ലെങ്കിലും മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കേണ്ട ആവശ്യം നമുക്കെന്താണല്ലേ.. പലർക്കും കൂട്ടം കൂടുമ്പോൾ ചർച്ച ചെയ്യാൻ എന്തെങ്കിലുമൊക്കെ വേണം… അതിപ്പോ ആരെങ്കിലും മരിച്ചതൊ, കൊന്നതൊ… എന്തായാലെന്താ….
ചിന്തകളെ കൈവിട്ടു നോക്കുമ്പോൾ ഏഷണികൂട്ടം തകൃതിയായി ചർച്ചകൾ മുന്നോട്ടു കൊണ്ട് പോകുന്നുണ്ട്.. പഴയ ചില അംഗങ്ങൾ മിസ്സിംഗ് ആണ് പകരം പുതിയ ചിലർ ജോയിൻ ചെയ്തിട്ടുണ്ട്.
തിരിച്ചു പോകാൻ തിരക്കുള്ളതു കൊണ്ട് എണിറ്റു സ്റ്റേജിലെത്തി ആന്റെപ്പനെയും കൊച്ചിനെയും ആശംസിച്ചു അന്നമ്മയോടു യാത്ര പറയാനെത്തുമ്പോൾ… ആദ്യമേ കുറ്റം പറഞ്ഞു അവളെ വലിച്ചു കീറിയ അമ്മച്ചി അതാ അവളോട് ചേർന്ന് നിന്നു സഹതപിക്കുന്നു, ആശ്വസിപ്പിക്കുന്നു. ഹോ ആ സീനൊന്നു കാണേണ്ടത് തന്നെ.
എന്നെ കണ്ടതും അവളെനിക്ക് അവരെ പരിചയപ്പെടുത്തി.. അവളുടെ അമ്മയുടെ മൂത്ത ആങ്ങളയുടെ ഭാര്യ ത്രേസ്യാമ്മച്ചി…
ത്രേസ്യമ്മച്ചി ഇതെന്റെ എല്ലാം എല്ലാമായ ആരതി എന്നു പറഞ്ഞു കൊണ്ടെന്നെ അവൾ അവർക്കു പരിചയപ്പെടുത്തി… ഉള്ളിലെ പരിഹാസം മുഖത്തു പ്രതിഫലിപ്പിച്ചു കൊണ്ട് ഞാനവരെ നോക്കിയൊന്നു ചിരിച്ചു…
“പാവാ എന്റെ ത്രേസ്യാമ്മച്ചി … എന്നോട് എന്തു സ്നേഹമാണെന്നു അറിയോ? ” എന്നു കൂടെയാ പാവം കൂട്ടി ചേർത്തപ്പോൾ വിളറി ചിരിച്ചു കൊണ്ടവരെന്നെ നോക്കി…
“അതു നേരത്തെ എനിക്കു മനസ്സിലായിരുന്നു, ഞങ്ങളടുത്തായിരുന്നല്ലോ അവിടെ ഹാളിൽ ഇരുന്നിരുന്നതെന്നു” ഞാൻ പറഞ്ഞപ്പോഴേക്കും അവരുടെ ഭാവം ദയനീയമായിരുന്നു…
അപ്പോഴേക്കും ആരോ വിളിച്ചു അന്ന അവിടെ നിന്നു പോയി..
തിരിഞ്ഞു നടക്കാനോങ്ങിയ എന്നെ തടഞ്ഞു കൊണ്ടവർ “മോളതൊന്നും കൊച്ചിനോട് പറയരുതെന്നും, അബദ്ധത്തിൽ പറഞ്ഞു പോയതാണെന്നും “പറഞ്ഞപ്പോൾ പുച്ഛത്തോടെ ഞാനവരെ നോക്കി..
“നിങ്ങളും പ്രസവിച്ച സ്ത്രീ തന്നെ ആയിരിക്കുമല്ലോ.. മക്കളിൽ ഒന്നു പോയാൽ ഭാരം ഒഴിഞ്ഞുവെന്നു കരുതി നിങ്ങള് സന്തോഷിക്കുവോ “ഒട്ടും ദയയില്ലാതെ തന്നെ ഞാൻ ചോദിച്ചു.. അവരുടെ പ്രായമോ സ്ഥാനമോ നോക്കി സംസാരിക്കാൻ പോലും എനിക്കു തോന്നിയില്ല.. അല്ലെങ്കിലും പ്രായത്തിനു ചേർന്ന വർത്തമാനമല്ലല്ലോ അവരിൽ നിന്നുണ്ടായത്..
വാക്കുകൾക്കായി പരതികൊണ്ടവർ എന്റെ മുന്നിൽ നിന്നു …
മറ്റുള്ളവരുടെ സങ്കടങ്ങളിൽ ആശ്വാസമാകാൻ സാധിച്ചില്ലെങ്കിലും അവരെ ഉപദ്രവിക്കാതിരുന്നൂടെ നിങ്ങൾക്കൊക്കെ… പലരും പല സ്വഭാവക്കാരായിരിക്കും … പുറമെ ചിരിച്ചു നടക്കുന്നവരൊക്കെ സന്തോഷിക്കുന്നവർ മാത്രമാണെന്നാണോ നിങ്ങടെയൊക്കെ വിചാരം… ചില സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ സന്തോഷങ്ങൾക്കായി നമ്മുടെ സങ്കടങ്ങൾ ഒളിപ്പിക്കേണ്ടി വരും… ചിരിക്കേണ്ടി വരും… ഒരു കുഞ്ഞിന്റെ മരണം പോലും ഒരാളെ കുറ്റപ്പെടുത്താൻ ഉപയോഗിച്ച നിങ്ങളോടൊക്കെ എന്തു പറയാൻ… നിങ്ങടെയൊക്കെ ഉള്ളിൽ ഇത്രയും വിഷം ഉണ്ടെന്നറിയാതെയാണല്ലോ ആ പാവം നിങ്ങളെ സ്നേഹിക്കുന്നത്… എന്നിട്ട് നിങ്ങളെന്താ ചെയ്യുന്നേ അവളുടെ തോളിൽ കൈയിട്ടു കഴുത്തറക്കുന്നു… കഷ്ട്ടം.. “
അതും പറഞ്ഞു ഞാൻ തിരിഞ്ഞു നോക്കിയത് അന്നക്കൊച്ചിന്റെ മുഖത്തേക്കാണ്…
എല്ലാം കേട്ട് തരിച്ചു നിൽക്കുകയാണ് പാവം… അവളുടെയാ ഭാവം കണ്ട് ഒരുനിമിഷം ഞാനും പതറിപ്പോയി..
“അമ്മു.. മറ്റന്നാളത്തെ ചടങ്ങിന്റെ കാര്യം നിന്നെ ഓർമിപ്പിക്കാൻ വന്നതാ ഞാൻ… പക്ഷെ ഇപ്പൊ തോന്നണു വേണ്ടായിരുന്നുന്നു… ” സങ്കടം കൊണ്ട് വിറച്ചു ഒന്നു കരയാൻ പോലുമുള്ള ശക്തിയില്ലാതെ പാവം തിരിഞ്ഞു നടന്നു..
ആശ്വസിപ്പിക്കാനായി അവളുടെ പുറകെ ഓടുമ്പോൾ എന്തു വാക്ക് പറഞ്ഞാൽ ആ മനസ്സിനൊരു തണുപ്പ് കിട്ടുമെന്ന് എനിക്കറിയില്ലായിരുന്നു…
“സാരല്ലടോ, കേട്ടപ്പോ ഒരുപാട് വിഷമം വന്നെങ്കിലും പലരുടെയും മനസ്സിലിരുപ്പ് മനസ്സിലാക്കാൻ സാധിച്ചല്ലോ… ഒന്നുകൂടെ എനിക്കിന്ന് ബോധ്യമായി, ചില സങ്കടങ്ങളൊക്കെ നമ്മുടേത് മാത്രമാണ്… എല്ലാവരും ഒപ്പം നിൽക്കുവെന്നും, ആത്മാർത്ഥത കാണിക്കുമെന്നുമൊക്കെയുള്ള നമ്മുടെ ധാരണ തെറ്റാണ്… തന്നെപോലെ ഒന്നോ രണ്ടോ പേരൊഴിച്ചു മിക്കവരും നമ്മളൊന്ന് വീഴാൻ കാത്തിരിക്കുവാ കുത്താൻ… വ്യക്തിഹത്യ നടത്താൻ. ചർച്ചകൾക്കൊരു പുതിയ വിഷയം കിട്ടാൻ… “
എന്നോടത് പറഞ്ഞു, ഉള്ളിലെ സങ്കടകടൽ ഒളിപ്പിച്ചു ചിരിച്ച മുഖവുമായി വന്നു കൊണ്ടിരിക്കുന്ന വിരുന്നുകാരെ സ്വീകരിക്കാൻ ചിരിച്ച മുഖവുമായി എന്റെ അന്നക്കൊച്ചു നടന്നു നീങ്ങി… ആ സാഹചര്യത്തിൽ മനസ്സിലെ സങ്കടം തീർക്കാനായി ഒന്നു കരയാൻ പോലും അവകാശം നിഷേധിക്കപ്പെട്ടവളായി…
ചിരിക്കുന്ന എല്ലാ മുഖങ്ങൾക്കുള്ളിലും സന്തോഷത്തിന്റെ മധുരം മാത്രമല്ല ഉള്ളതെന്ന ഓർമ്മപെടുത്തലോടെ…. ഒപ്പം പലർക്കും പലതും മനസ്സിലാകണമെങ്കിൽ അവനവനു കൊള്ളണം… വേദനിക്കണം, മറ്റുള്ളവരുടെ വേദന പലപ്പോഴും കുത്തി നോവിക്കാനും, കുറ്റം പറയാനുമുള്ള ആയുധങ്ങൾ മാത്രമാണ് ചിലർക്കെങ്കിലും… അല്ലേ?