നിനക്കായ് – ഭാഗം 2 – എഴുത്ത്: ആൻ എസ് ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ചെറുക്കൻ വീട്ടുകാർ വരും മുൻപേ ചേച്ചിയെ ഒരുക്കാൻ പറ്റിയില്ലല്ലോ എന്നോർത്ത് ചെറിയൊരു കുറ്റബോധത്തോടെ അടുക്കളവശത്തേക്ക് നടന്നതും “ഹലോ” എന്നൊരു വിളി പൂമുഖത്ത് നിന്നും കേട്ടു. തിരിഞ്ഞു നോക്കിയതും അമ്പലത്തിൽ വെച്ച് നേരത്തെ കണ്ടുമുട്ടിയ അതേ ആൾ തന്നെ.

” വീട്ടിലൊരു ചടങ്ങ് നടക്കുമ്പോൾ വേണ്ടപ്പെട്ടവരൊക്കെ ഇങ്ങനെ വൈകി എത്തിയാൽ മതിയോ? ഞാനിവിടെ എത്തിയിട്ട് നേരം എത്രയായിന്നറിയോ? “

മീനു ചേച്ചിയുടെ ചെറുക്കൻ ഇയാളായിരുന്നോ എന്ന ചിന്ത വന്നതും അയാളുടെ പാദം മുതൽ ഉച്ചി വരെ സൂക്ഷ്മമായി നോക്കി. അപ്പുവേട്ടനെക്കാളും നീളവും പൗരുഷവും ഒക്കെയുണ്ട്.കണ്ണേട്ടൻറെ അത്ര നിറം പോരെങ്കിലും മൊത്തത്തിൽ കുഴപ്പമില്ല.. ഒരു പൊടിക്ക് താടി കൂടി വെച്ചിരുന്നെങ്കിൽ പൊളിച്ചേനെ…അല്ലെങ്കിൽ വേണ്ട… ഈ കോളേജ് പ്രൊഫസർമാർക്കൊക്കെ ഗ്ലാമർ കൂടിയാൽ പെൺകുട്ടികൾ പിന്നെ മുഖത്തുന്ന് കണ്ണെടുക്കില്ല…മീനു ചേച്ചിയുടെ സ്വസ്ഥദാമ്പത്യത്തിന് ഇങ്ങേരുടെ ഈ ലുക്ക് ധാരാളം..സ്വഭാവവും മോശമില്ല.. കണ്ണേട്ടനെ പോലെ ചാടിക്കടിക്കാൻ വരുന്ന കൂട്ടത്തിൽ ഒന്നുമല്ല..

ഇഷ്ടായി.. മീനുൻറെ ചെക്കനെ എനിക്ക് ശി ബോധിച്ചു..

“മുറ്റത്തുനിന്ന് സ്വപ്നം കാണാതെ അകത്തേക്ക് കയറുന്നില്ലേ മാളവിക? “

നേർത്തൊരു ചിരിയോടെയേങ്കിലും ഒരേട്ടൻറെ ഉത്തരവാദിത്വത്തോടെയുള്ള ചോദ്യം കേട്ടതും എന്നിൽ ഭവ്യതയും വിനയവും കലർന്ന പുഞ്ചിരി താനെ വിടർന്നു.അയാളുടെ മുഖത്തെ പ്രസന്നത കണ്ടാലേ അറിയാം മീനു ചേച്ചിയോടുള്ള ഇഷ്ടം അസ്ഥിക്ക് പിടിച്ചിട്ടുണ്ടെന്ന്.

“ഉം…എൻറെ മീനു ചേച്ചിയെ വല്ലാതങ്ങ് ഇഷ്ടമായി അല്ലേ? ഇപ്പോൾത്തന്നെ കെട്ടിക്കൊണ്ട് പോയാൽ കൊള്ളാമെന്ന് ഏട്ടൻറെ മുഖം കണ്ടാലറിയാം…”

“അതെ.. എനിക്ക് തൻറെ ചേച്ചിയെ ഒത്തിരി ഇഷ്ടമായി..

പക്ഷേ കല്യാണം കഴിക്കാൻ ഒട്ടും താല്പര്യമില്ല .”

മനസ്സിലെ സന്തോഷങ്ങളെല്ലാം നിമിഷാർദ്ധം കൊണ്ട് കെട്ടുപോയി. ഇയ്യാംപാറ്റകളെപ്പോലെ എൻറെ സന്തോഷങ്ങൾക്കും അൽപ്പായുസ്സ് മാത്രമേയുള്ളൂ എന്ന് തോന്നി..വിങ്ങുന്നൊരു ശ്വാസംമുട്ടൽ അനുഭവപ്പെട്ടു… തോറ്റു നിൽക്കുന്ന മീനു ചേച്ചിയുടെ മുഖം മനസ്സിൽ തെളിഞ്ഞുവന്നു..

വീട്ടിൽ വരുന്നവരോട് ദുർമുഖം കാട്ടരുതെന്ന് പണ്ടുമുതലേ ചൊല്ലി കേട്ടത് കൊണ്ടാകാം മുഖം കൊടുക്കാതെ അയാളെ മറികടന്ന് ഹോളിലേക്ക് നടന്നു.

“ആഹാ മാളൂട്ടി ഇങ്ങ് എത്തിയല്ലോ?.. ഒന്നോ രണ്ടോ വയസ്സുള്ളപ്പോൾ കണ്ടതാ ഞാനിവളെ അല്ലേ മാഷേ?”

സാമാന്യം തടിച്ച ശരീര പ്രകൃതിയുള്ള ആഢ്യത്വം തുളുമ്പിനിൽക്കുന്ന ഒരു സ്ത്രീ എഴുന്നേറ്റ് വന്നു കയ്യിൽ പിടിച്ചു. അധ്യാപികയുടെ അടക്കം വിളിച്ചോതുന്ന ശരീര ഭാഷയിൽ നിന്നും അവർ സാവിത്രി ടീച്ചർ ആണെന്ന് മനസ്സിലായി..

“മാലതിയെ മുറിച്ച് വെച്ച പോലെ ഉണ്ടല്ലോ മാളൂട്ടി…ആ കൈപ്പുണ്യവും അതേപോലെ പകർന്നു കിട്ടിയിട്ടുണ്ട് ട്ടോ മിടുക്കിക്ക്..”

അവരോട് പറഞ്ഞറിയിക്കാനാവാത്ത അത്രയും വാത്സല്യം തോന്നി. മൂന്നാം വയസ്സിൽ നഷ്ടപ്പെട്ടതാണ് അമ്മയെ. മീനു ചേച്ചിക്ക് അമ്മയെ അറിയാം.. അവൾക്ക് കൂട്ടായിട്ട് അമ്മയുടെ ഓർമ്മകൾ ധാരാളം ഉണ്ട്.. അമ്മ മൂളിയിരുന്ന താരാട്ടും, തലോടലും, അമ്മ മണവും, ആ സ്നേഹത്തിൽ വേവിച്ചെടുത്ത വിഭവങ്ങളുടെ രുചിയും ഒക്കെയറിയാം. എൻറെ മനസ്സിൽ അമ്മ എന്നത് മുഖം വ്യക്തമല്ലാത്ത മങ്ങിയ ആൽബങ്ങളിലെ അപൂർണ്ണമായ ചിത്രങ്ങൾ മാത്രമാണ്. അപ്പച്ചിയോ മുത്തശ്ശിയോ ഞങ്ങളുടെ മുന്നിൽ അമ്മയെപ്പറ്റി അധികം പറഞ്ഞുകേട്ടിട്ടില്ല. അതുകൊണ്ട് തന്നെ ബന്ധുക്കൾ ആരെങ്കിലും അമ്മയെ പറ്റി എന്തെങ്കിലും പറഞ്ഞാൽ ആർത്തിയോടെ കേൾക്കും… ഒരിക്കലും നിലക്കാത്ത പോലെ അതേ വർത്തമാനം തന്നെ വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നും..

പണ്ട് മഴയുള്ള ഒരു രാത്രിയിൽ ഉറക്കം വരാതെ ഇടിമിന്നലിനെ പേടിച്ച് തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ അമ്മ കൂടെ ഉണ്ടായിരുന്നെങ്കിലെന്നു തോന്നി.. മീനു ചേച്ചിയെ വിളിച്ചുണർത്തി അമ്മയെപ്പറ്റി ചോദിച്ചു..

“നിനക്ക് അമ്മയെ കാണണമെന്ന് തോന്നുമ്പോഴൊക്കെ എന്നെ മുറുക്കി കെട്ടിപിടിച്ചു കിടന്നോ.. ചേച്ചിയെ പോലെ തന്നെയാ നമ്മുടെ അമ്മയും…”

അത് കേട്ടതും മനസ്സിൽ ചേച്ചിയോട് എന്തെന്നില്ലാത്ത അസൂയ തോന്നി.. അമ്മയുടെ സ്നേഹം മാത്രമല്ല രൂപവും ഗുണഗണങ്ങളുമൊക്കെ അവൾക്ക് മാത്രം കൊടുത്തിട്ടാണ് അമ്മ പോയത്.. അമ്മ എന്നെക്കുറിച്ച് മാത്രം മറന്നു പോയതെന്തേ?

ഇന്നിപ്പോൾ ആദ്യമായിട്ടാണ് ഒരാളുടെ വായിൽ നിന്നും ഞാനെൻറെ അമ്മയെപ്പോലെ ആണെന്ന് കേൾക്കുന്നത്.. എന്നിലും അമ്മയുടെ അവശേഷിപ്പുകൾ ഉണ്ടെന്ന തിരിച്ചറിവ് നൽകിയ ആഹ്ലാദം ചെറുതായിരുന്നില്ല… എൻറെ ഉള്ളിൽ വർഷങ്ങളായി മൂടി കെട്ടിയിരുന്ന വലിയൊരു ദുഃഖത്തെ വെറും രണ്ട് വാക്കിൽ അവർ നുള്ളിയെടുത്ത് ദൂരെ കളഞ്ഞത് പോലെ തോന്നി…

“എങ്കിലും ആൻറിയുടെ നീളത്തിലുള്ള മുടി കിട്ടിയിരിക്കുന്നത് മീനാക്ഷി ക്കാണ് അല്ലേ അമ്മേ ..” ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയതും ഓർക്കാപ്പുറത്ത് വായിൽ നിന്ന് വീണു പോയ അബദ്ധമോർത്ത് ചമ്മി ഇരിക്കുന്ന വേറൊരു ചെറുപ്പക്കാരനെ കണ്ടു…

അയാളും ഞാനും ഒഴികെ എല്ലാവരും പൊട്ടിച്ചിരിക്കുന്നു. മീനു ചേച്ചി ആണെങ്കിൽ പൂത്തുലഞ്ഞു നാണം കൊണ്ട് തറയിൽ നോക്കി കളം വരയ്ക്കുന്നു..

“കിച്ചുവേട്ടന് ഒരു ഗ്ലാസ് ചക്കപ്പായസം കൂടി കൊടുക്ക് ഏടത്തി… നല്ല ക്ഷീണം കാണും..” എൻറെ പുറകിൽ നിന്നുമാണ് ശബ്ദം വന്നത്.

“പായസമല്ല സിദ്ദു.. അവന് പ്രിയം മീനുവിൻറെ കൈകൊണ്ട് ഉണ്ടാക്കിയ ചായയോട് ആയിരിക്കും..”

അച്ഛൻ എന്ന് തോന്നിക്കുന്ന ആളുടെ വക അടുത്ത കൗണ്ടർ എത്തി.
എല്ലാവരിലും വീണ്ടും ചിരി നിറഞ്ഞു. അച്ഛൻറെയും മുത്തശ്ശിയുടെയും മുഖത്ത് പത്തരമാറ്റ് തിളക്കം..

ഞാൻ കിച്ചു ഏട്ടനെ നോക്കി.. മീനു ചേച്ചിക്ക് വേണ്ടി പറഞ്ഞുണ്ടാക്കിയതു പോലെ സൗമ്യതയുള്ള ഒരാൾ..

” കൃതാർത്ഥ്.. രേവതി നക്ഷത്രം” …ദേവിയുടെ നടയിൽ നിന്നും ഞാൻ കൈനീട്ടി വാങ്ങിച്ച പ്രസാദം എനിക്കും കൂടി അവകാശപ്പെട്ടതായിരിക്കുന്നു ..അതിലും സന്തോഷം തോന്നിയത് ഞങ്ങളുടെ കുടുംബത്തെയും എൻറമ്മയെയും ഈ കുടുംബത്തിന് എന്നെക്കാൾ നന്നായിട്ടറിയാം..മീനു ചേച്ചിക്ക് ഇതിൽപരം ഒരു ഭാഗ്യം വരാനില്ലെന്ന് തോന്നി…

അച്ഛനോട് എന്തൊക്കെയോ പറഞ്ഞുറപ്പിച്ച് അവർ യാത്ര പറഞ്ഞിറങ്ങുമ്പോൾ പ്രിയപ്പെട്ടവരാരോ പടിയിറങ്ങുന്നത് പോലെ. ഇറങ്ങാൻ നേരം കിച്ചുവേട്ടൻ ചേച്ചിയെ ഒളികണ്ണിട്ട് നോക്കുന്നത് കണ്ടു. ചേച്ചിയുടെ കൈകൾ എൻറെ കൈകളിലെ പിടുത്തം മുറുക്കിയതും അവളെയും പിടിച്ച് ഗേറ്റ് വരെ അച്ഛന് പിറകെ ഞാനും നടന്നു. കാർ മുറ്റം കടന്നുപോകാൻ ഒരുങ്ങിയതും ഞങ്ങൾക്ക് മുന്നിലായി നിന്നു. ടീച്ചർ ഇരുന്ന വശത്തെ ചില്ലുകൾ തുറന്നു വന്നതും ചേച്ചി എൻറെ കൈ വിട്ട് ആ വശത്തേക്ക് നടന്നു.

“പോയിട്ട് വരാം മോളെ..” ചേച്ചിയുടെ കൈ പിടിച്ചു അവർ യാത്ര പറയുന്നത് കിച്ചു ചേട്ടനും അച്ഛനും ഞാനും ഒക്കെ വാത്സല്യത്തോടെ നോക്കി നിൽക്കുന്നു..

“ബൈ ബൈ ചക്കപ്പായസം..” ഡ്രൈവർ സീറ്റിലിരുന്ന സിദ്ദു ചില്ല് താഴ്ത്തി എന്നോടായി പറഞ്ഞു…

നിറഞ്ഞ ചിരിയോടെ അവരോട് കൈവീശി കാണിക്കുമ്പോൾ കണ്ണേട്ടനും അപ്പച്ചിയും വൈകീട്ട് ഇതുപോലെ സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങുന്നത് മനസ്സിൽ കാണുകയായിരുന്നു ഞാൻ.

**********************************

ട്രീം..ട്രീം..ട്രീം..ട്രീം..അലാറത്തിൻറെ ശബ്ദം. നാലുമണി.. ജനലിനടുത്ത് നിന്നും ബെഡിലേക്ക് ചെന്നു മൊബൈൽ തപ്പിയെടുത്തു ഓഫ് ചെയ്തു.

ആദി കണ്ണുതുറന്നു എന്നെയൊന്ന് നോക്കി ഷീറ്റ് എടുത്തു തലവഴി മൂടി.

അരി കഴുകി അടുപ്പത്തിട്ട് കുളിമുറിയിലേക്ക് നടന്നു. പതിവ് തിരക്കുകളിലേക്ക് മുഴുകി….കൃത്യം 6 മണിക്ക് തന്നെ ആദി എഴുന്നേറ്റ് അടുക്കളയിലെത്തി. തലയിൽ എണ്ണയിട്ട് ഒരു മിനിറ്റ് മസാജ് ചെയ്ത്, പേസ്റ്റ് എടുത്തു ശ്രദ്ധയോടെ അവൻറെ സ്പൈഡർമാൻറെ ബ്രഷിലാക്കി, ടവൽ എടുത്തു കുളിമുറിയിലേക്ക് നടന്നു.ഷോളി ടീച്ചറുടെ വീട്ടിൽ കുട്ടികളെ രാവിലെ എഴുന്നേൽപ്പിക്കാനും കുളിപ്പിക്കാനും ഒക്കെ യുദ്ധം നടത്തണമെന്ന് പറഞ്ഞു കേൾക്കുമ്പോൾ അതിശയത്തോടെ ഓർക്കും എൻറെ വീട്ടിൽ ഉള്ളതും ഒരു കുട്ടി തന്നെയല്ലേയെന്ന്.. കുഞ്ഞായിരുന്നപ്പോൾ പോലും ഒന്നുച്ചത്തിൽ കരഞ്ഞു പോലും അവനാരെയും ബുദ്ധിമുട്ടിച്ചിട്ടില്ല ..ചില നേരത്തെ അവൻറെ പ്രകൃതം കാണുമ്പോൾ മായ്ച്ചുകളയാൻ പറ്റാത്തത്രയും ആഴത്തിൽ അവൻറെ അടിവേരുകൾ അതിൻറെ അസ്ഥിത്വം വിളിച്ചോതുന്നത് പോലെ തോന്നും.

ഞാൻ അവനെ തന്നെ നോക്കുന്നത് കണ്ടതും “എന്താ” എന്ന അർത്ഥത്തിൽ അവൻ പുരികമുയർത്തി കാട്ടി.
മനസ്സ് പതറാതെ ഒന്നുമില്ലെന്ന് കൺചിമ്മി.

പ്രാതൽ കഴിച്ച് എഴുന്നേറ്റപ്പോഴേക്കും മേശപ്പുറത്ത് വെച്ച ടിഫിൻ പാത്രങ്ങളും വെള്ള കുപ്പികളും ആദി എൻറെയും അവൻറെയും ബാഗിൽ നിറച്ചു. വാതിൽ പൂട്ടി താഴത്തെ നിലയിൽ എത്തി കോളിംഗ് ബെല്ലടിച്ചു. സീതമ്മ വാതിൽ തുറന്ന് വന്നതും ആദി എൻറെ കയ്യിൽ നിന്നും താക്കോൽ തട്ടിപ്പറിച്ച് ഓടിപ്പോയി. അവനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തുകൊണ്ട് സീതമ്മ താക്കോൽ വാങ്ങിച്ചു.

“ആദി കുട്ടൻ പാപ്പം കുമ്പ നിറച്ച് കഴിച്ചോ? ” അവൻറെ വയറിൽ ഞെക്കിക്കൊണ്ട് സീതമ്മ ചോദിച്ചു.

“ദാ ഇപ്പൊ പൊട്ടും സീതമ്മച്ചി..” അവൻ കഷ്ടപ്പെട്ട് വയറു വീർപ്പിച്ച് മുന്നോട്ടുവെച്ചതു കണ്ടതും സീതമ്മ ചിരിയായി..

“രണ്ടാളുടെയും കളികൾ ഒക്കെ വൈകിട്ട് ആയിക്കോളൂ. പെട്ടെന്ന് ഇറങ്ങിയില്ലെങ്കിൽ പണി വരുന്നത് എനിക്കാവും..അല്ലെങ്കിലേ കാരണം നോക്കിയിരിക്കയാ..

മീൻകാരൻ വന്നാൽ സീതമ്മ മറക്കാതെ വാങ്ങിക്കണേ.. ഇവിടെ ഒരാൾക്ക് മീനില്ലാതെ ചോറ് ഇറങ്ങില്ലെന്നറിയാലോ.. സീതമ്മ കറിവെക്കാൻ ഒന്നും നിക്കണ്ട.. ഞാൻ വന്നിട്ടായി കൊള്ളം “

“അതൊക്കെ ഞാൻ വേണ്ടപോലെ പോലെ ചെയ്തോളാം.. മോള് വേഗം ഇറങ്ങാൻ നോക്ക്.. പിന്നെ..” അവർ എന്തോ പറയാൻ വന്നതും വഴി മുറിഞ്ഞു പോയതുപോലെ..

“ശമ്പളം കിട്ടിയിട്ടില്ല സീതമ്മേ.. ഇന്ന് എന്തായാലും കിട്ടുമായിരിക്കും.. പുതിയ ആൾക്കാര് എപ്പഴാ വരുന്നതെന്ന് അറിയാമോ? “

“ഒന്നും പറഞ്ഞില്ല മോളെ..”

കൂടുതലൊന്നും പറയാൻ നിൽക്കാതെ ആദിയുടെ കയ്യിൽ പിടിച്ച് നടന്നു.. മൂന്നു മാസം മുന്നേ ആണ് സൂസി ആൻറി വിദേശത്തേക്ക് പോകുന്നത് പ്രമാണിച്ച് ഈ കെട്ടിടം വിൽക്കുന്നത്. വെറും രണ്ട് മുറികൾ ഉള്ള മേലത്തെ നിലക്ക് പതിനായിരം രൂപ വേണമെന്നാണ് പുതിയ ആൾക്കാർ ആവശ്യപ്പെട്ടത്..

“ഇത് നിന്നെ പുറത്തു ചാടിക്കാൻ ഉള്ള അടവാ മോളെ.. പെട്ടെന്ന് വേറെ സ്ഥലം കണ്ടുപിടിക്കാൻ നോക്ക്.. ഞാൻ സജിച്ചായനോട് ഒന്ന് നോക്കാൻ പറയട്ടെ” ഷോളി ടീച്ചർ കേട്ടപ്പോഴേ വാണിംഗ് തന്നതാണ്.. സീതമ്മയെ ഓർത്ത് അന്നത് വിലക്കി.. ആദിയെ വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റിയ ഒരാളെ വേറെ എവിടുന്നു കിട്ടും എന്നെ അന്നേരം ഓർത്തുള്ളൂ..

“ഗുഡ്മോണിങ് ആദി… ഗുഡ് മോർണിംഗ് മിസ്സ് ” ആദിയുടെ ബെസ്റ്റ് ഫ്രണ്ട് വൈഷ്ണവ് ആണ്.. പുത്തനൊരു സൈക്കിളുമായി ..

ആദിയുടെ കണ്ണുകൾ സൈക്കിളിലൂടെ ഓടിമറയുന്നതു കണ്ടു. അതിനടുത്തേക്ക് ചെന്നു ഹാൻഡിലിൽ പിടിച്ച് ബെല്ലടിച്ചു നോക്കിയവൻ.

“പപ്പ ഇന്നലെ ബർത്ത് ഡേക്ക് വാങ്ങിച്ചു തന്നതാ…”

വൈഷ്ണവിൻറെ കൂടെ സൈക്കിളിങ് പഠിച്ചു വന്നപ്പോൾ മുതൽ ആദിയും മനസ്സുകൊണ്ട് സൈക്കിൾ മോഹിക്കുന്നുണ്ട്. കഴിഞ്ഞ തവണ സ്കൂൾ ടോപ്പർ ആയപ്പോഴും വിചാരിച്ചതാണ് വാങ്ങിച്ചു കൊടുക്കാൻ.. നിനച്ചിരിക്കാതെ ആരോഗ്യപ്രശ്നങ്ങൾ വന്നതും പ്രാരാബ്ധങ്ങൾക്കിടയിൽ ഒന്നിനും പറ്റിയില്ല..

“ആദി നീ എൻറെ കൂടെ സൈക്കിളിൽ വരുന്നോ?”

പ്രതീക്ഷയോടെ എന്നെ നോക്കിയാണ് വൈഷ്ണവ് ചോദിച്ചത്.

“ആദിക്കുട്ടൻ സൈക്കിളിൽ പൊക്കോളൂ.. അമ്മ പിറകെ വന്നോളാം..”

“വേണ്ടെടാ നീ വിട്ടോ.. വൈകിട്ട് എനിക്ക് ഒരു റൗണ്ട് ചവിട്ടി നോക്കാൻ തന്നാൽ മതി.. സ്കൂളിലേക്ക് അമ്മയുടെ കൈപിടിച്ച് നടന്നു വരാനാ എനിക്കിഷ്ടം..”

എൻറെ മോനോട് ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു എന്ന് തോന്നി. അവനെ എൻറെ കൈകളിലെത്തിച്ച
ഈശ്വരൻമാർക്ക് കോടിപ്രണാമം..

അവനെ ക്ലാസ്സിൽ വിട്ട് സ്റ്റാഫ് റൂമിലെത്തിയതും ബെല്ലടിച്ചു. എല്ലാവരോടും ഗുഡ്മോണിംഗ് പറഞ്ഞു സീറ്റിലിരുന്നു . ബുക്ക് എടുത്തു കയ്യിൽ പിടിച്ചതും പ്യൂൺ ഗോപാലേട്ടൻ ധൃതിപ്പെട്ട് വരുന്നത് കണ്ടു.

“മാളവിക ടീച്ചറോട് മാനേജർ സാറിനെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതിയെന്ന് പറയാൻ പറഞ്ഞു..”

വല്ലാത്തൊരു ഭയം ഉള്ളിലാകെ ഉരുണ്ടു കൂടി..

തുടരും…