മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
നിർത്താതെ ഫോൺ റിങ് ചെയുന്നത് കേട്ടാണ് ടെൽവിൻ വേഗം ഫ്രഷ് ആയി ഇറങ്ങിയത്. പാച്ചുവിന്റെ കാൾ ആണെന്ന് കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
“എന്നതാ പാച്ചുവേ?”
“ഇച്ചായൻ എന്തെടുക്കുവാ?”
“ഞാൻ വീട്ടിൽ എത്തി ഫ്രഷ് ആയി ഇങ്ങ് വന്നേ ഉള്ളൂ.”
“എങ്കിൽ പെട്ടന്ന് എന്റെ ഹോസ്റ്റലിന്റെ അവിടേക്ക് വായോ.”
“എന്തോന്നാ?”
“ഹ…. വാ ഇച്ചായ.”
“കുറച്ച് മുന്നെയല്ലേ പാച്ചുവേ നമ്മൾ കണ്ടത്. പെട്ടന്ന് എന്നാ പറ്റി?”
“ഓ…. ഈ ഇച്ചായൻ. ഒന്ന് വേഗം വാ. ഇല്ലേൽ ഞാൻ പിണങ്ങുവേ….. പറഞ്ഞേക്കാം.”
കുറുമ്പ് നിറഞ്ഞ അവളുടെ സംസാരം കേട്ട് അവനിൽ ചിരി പൊട്ടി
“ചിരിക്കാതെ ഇച്ചായ.”
“വരുവാടി. നീ വെക്ക്. ഒരു 10 മിനിറ്റ്…. അപ്പോഴേക്കും എത്തി.”
“നല്ല ഇച്ചായൻ…. ഉമ്മാ…”
അതും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു. ടെൽവിൻ വിടർന്ന കണ്ണുകളോടെ ഏറെ നേരം ഫോണിലേക്ക് നോക്കി നിന്നു.
“ഇങ്ങനെയൊരു പെണ്ണ്….”
ചിരിയോടെ അതും പറഞ്ഞ് തിരിഞ്ഞതും വാതിൽക്കൽ അവനെയും നോക്കി നിൽക്കുന്ന അമ്മച്ചിയെ ആണ് കാണുന്നത്. പെട്ടന്ന് അവനൊന്ന് പരുങ്ങി. പിന്നെ ഒരു ചിരിയോടെ അവർക്കരികിലേക്ക് നടന്നു.
“ഏതാടാ കൊച്ച്? സുന്ദരിയാന്നൊ?”
അമ്മച്ചിയുടെ ചോദ്യം കേട്ട് അവൻ പൊട്ടി ചിരിച്ചു.
“ഹ… ചിരിക്കാതെ പറയെടാ ചെക്കാ.”
“മറ്റുള്ളവർക്ക് എങ്ങനയാന്ന് എനിക്കറിയത്തില്ല അമ്മച്ചി. പക്ഷെ എനിക്കവൾ സുന്ദരി തന്ന… ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരി.”
പറയുമ്പോൾ പാച്ചുവിന്റെ കുറുമ്പ് നിറഞ്ഞ മുഖം അവനിൽ തെളിഞ്ഞ് വന്നു.
“അമ്മച്ചിക്കും കൂടെ കാണിച്ച് താടാ.”
അവൻ ചിരിയോടെ ഫോൺ എടുത്ത് കുറച്ച് മുന്നേ ബീച്ചിൽ നിന്നെടുത്ത ഫോട്ടോസ് കാണിച്ച് കൊടുത്തു.
“ഹിന്ദു ആന്നോടാ?”
“ആണെങ്കിൽ?”
“ആണെങ്കിൽ എന്നാ, നിന്റെ അപ്പൻ തോകെടുക്കും മുന്നേ എന്റെ കൊച്ച് അവളെ ചാടിച്ചേരെ…. എന്നിട്ട് എവിടേലും പോയി അടിച്ച് പൊളിച്ച് ജീവിക്ക് “
ടെൽവിൻ സന്തോഷത്തോടെ അവരെ കെട്ടിപിടിച്ചു.
“കൂടെ അമ്മച്ചിയും വേണം. എന്റെ പാച്ചു പാവമാണ് അമ്മച്ചി. അവളെ അടുത്തറിഞ്ഞാൽ ആർക്കും സ്നേഹിക്കാതിരിക്കാൻ കഴിയില്ല. അത്രേം പാവമാണ്.”
“എന്റെ കുഞ്ഞിന് അത്രേം ഇഷ്ടായോ ആ കൊച്ചിനെ?”
“ജീവന അമ്മച്ചി….. ഒത്തിരി സ്നേഹിക്കുന്നുണ്ട് ഞാൻ… നമ്മുടെ വീട്ടിലേക്ക് അവളും കൂടെ വന്നാൽ പിന്നെ ഇവിടെ സ്വർഗമാവും. എനിക്കുറപ്പുണ്ട്.”
“അമ്മച്ചിക്ക് അറിയാലോ നിന്നെ. നിന്റെ ഇഷ്ടത്തിനപ്പുറം എനിക്കൊന്നും ഇല്ലാ.”
അവൻ ചിരിയോടെ അവരുടെ കവിളിൽ ചുണ്ട് ചേർത്തു.
“ഈശോയെ…. അങ്ങോട്ട് മാറിക്കെ മറിയകൊച്ചേ…. പത്ത് മിനുറ്റ് എന്ന് പറഞ്ഞ് ഇപ്പോ തന്നെ അഞ്ചു മുനുട്ട് കഴിഞ്ഞു. ഇനിയും വൈകിയാലെ അവളെന്നെ കാലേ വാരി നിലത്തടിക്കും.”
ഷെൽഫിൽ നിന്നും ഒരു ഷർട്ട് എടുത്തിട്ടുകൊണ്ട് അവൻ പറഞ്ഞു.
“എങ്ങോട്ടാടാ?”
“ആവോ. കർത്താവിനറിയാം.”
“എന്റെ കൊച്ചിനെ ചുമ്മാ മുഷിപ്പിക്കാതെ വേഗം ചെല്ലാൻ നോക്കെടാ.”
“ആഹാ… അത് കൊള്ളാല്ലോ. ഇപ്പോ അങ്ങനെ ആയോ. അമ്മച്ചി മാറിക്കെ. ഞാൻ എന്താ കാര്യം എന്ന് നോക്കട്ടെ. പോയേച്ചും വരാം.”
അവരുടെ കവിളിൽ ഒന്നുകൂടെ ചുണ്ട് ചേർത്ത് ബൈക്കിന്റെ കീയും എടുത്തവൻ താഴേക്കിറങ്ങി.
“എന്റെ കൊച്ചുങ്ങളെ എന്നും സന്തോഷമാക്കി വെച്ചേക്കണേ കർത്താവേ.”
അവൻ പോയ വഴിയേ നോക്കി അവർ നെറുകിൽ കുരിശ് വരച്ചു.
☘️☘️☘️☘️☘️☘️☘️☘️☘️
“ഇവളിത് എവിടെ പോയി?”
ഹോസ്റ്റലിന്റെ മതിലിനോട് ചേർന്ന് ബൈക്ക് നിർത്തി അവൻ ചുറ്റും നോക്കി. കാണാതെ വന്നപ്പോൾ ഫോൺ എടുത്ത് കാൾ ചെയ്യാൻ നിന്നതും പെട്ടന്ന് മതിലിന്റെ മണ്ടേൽ നിന്ന് അവൾ മുന്നോട്ട് ചാടിയതും ഒപ്പം. പെട്ടന്നായത്കൊണ്ട് ടെൽവിൻ ലേശം പകച്ചു പോയി. കൈയിൽ പറ്റി പിടിച്ച പൊടിയെല്ലാം തട്ടി പമ്മി പമ്മി അവൾ അവന്റെ അരികിലേക്ക് ചെന്നു. ഒരു തൂവെള്ള ഫ്രോക്ക് ആയിരുന്നു അവളുടെ വേഷം. അതിൽ റെഡ് കളർ പൂക്കൾ എടുത്ത് കാട്ടുന്നുണ്ട്. നെറുകിൽ ഒരു റെഡ് കളർ റിബൺ ചുറ്റി കെട്ടിയിരിക്കുന്നു. ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു കൊച്ചു മാലാഖ പോലെ… ടെൽവിൻ കൗതുകത്തോടെ അവളെ നോക്കി നിന്നു.
“ഇച്ചായ…. വേഗം പോവാം. വാ വാ.”
ആവേശത്തോടെ അവന്റെ ബൈക്കിലേക്ക് കേറിക്കോണ്ട് അവൾ പറഞ്ഞു.
“എടൊ എന്നാത്തിനാ മതില് ചാടി വന്നത്?”
“ഞാൻ പോന്നതൊന്നും അവര് കണ്ടിട്ടില്ല. കണ്ടാൽ വിടത്തിലെന്നെ.”
“ഏഹ്….?”
“അതോണ്ടല്ലേ ചാടി പോന്നത്. കൈയിലൊക്കെ സ്ക്രാച് വീണു കണ്ടില്ലേ.”
അവൾ കൈ നീട്ടി അവന് കാണിച്ച് കൊടുത്തു. നീളത്തിൽ തൊലി മുറിഞ്ഞിട്ടുണ്ട്.
“പാച്ചു…. നീ…. നീയിത് എന്ത് പണിയ കാട്ടിയത്. വേദനയുണ്ടോ ഡാ….നീറ്റലുണ്ടോ?”
അവൻ വേവലാതിയോടെ അവളോട് ചോദിച്ചുകൊണ്ട് കൈയിലെ മുറിവിൽ പതിയെ ഊതികൊണ്ടിരുന്നു. അവൾ ചിരിയോടെ അവനെ തന്നെ നോക്കിയിരുന്നു. അവന്റെ പേടി നിറഞ്ഞ കണ്ണുകളിൽ തനിക്കായ് അലയടിക്കുന്ന കരുതലിനെ അവൾ കാണുകയായിരുന്നു.
“പാച്ചു വേദനയുണ്ടോ നിനക്ക്?”
“ഓഹ് പിന്നെ…. ഇതൊക്കെ ഒരു വേദനയാണോ. വണ്ടിയെടുക്ക് ഇച്ചായ. സമയം വൈകുന്നു.”
“എങ്ങോട്ടാ പോണ്ടെന്ന് പറ നീ ആദ്യം.”
“പൂരത്തിന്…. ഏട്ടായിടെ അടുത്തേക്ക്.”
“ഓഹോ…. അപ്പോൾ കുറെ മുന്നേ മനസ്സിൽ കരുതിയതാണല്ലെ…”
“അതേല്ലോ. ഞാനിതുവരെ പൂരം കണ്ടിട്ടില്ല ഇച്ചായ. ഒരു കൊതി. അതോണ്ടല്ലേ.”
“ഉവ്വ് ഉവ്വെയ്…. കൂടുതൽ പദപിക്കേണ്ട. ഞാൻ കൊണ്ടുപോയേക്കാം. എനിക്കെന്റെ പെണ്ണിന്റെ കൂടെ ഫസ്റ്റ് ഡ്രൈവും ആയല്ലോ.”
“വല്ലാണ്ട് ഊറ്റാൻ നിക്കാതെ വണ്ടിയെടുക്ക് മോനെ..”
അവന്റെ പുറം നോക്കി ഒരു അടി വെച്ചു കൊടുത്ത് അവൾ പുറത്തേക്ക് കണ്ണും നട്ടിരുന്നു. യാത്രയിൽ മുഴുനീളം അവന്റെ കണ്ണുകൾ കണ്ണാടിയിലൂടെ അവളിലേക്ക് പാറി വീണുകൊണ്ടിരുന്നു. കൗതുകത്തോടെ തന്നോട് ചേർന്നിരുന്ന് പുറത്തെ കാഴ്ചകൾ കാണുന്ന ആ പെണ്ണിനോട് അടങ്ങാത്ത സ്നേഹമായിരുന്നു അവനിൽ.
”’ഈ നിമിഷം കഴിയാതിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു പെണ്ണേ ഞാൻ….അത്രമേൽ…. അത്രമേൽ നീയെന്നിൽ പതിഞ്ഞു പോയി. എന്റെ ഇഷ്ടങ്ങളെ, മോഹങ്ങളെ, കിനാക്കളെ എല്ലാം നിന്നിലേക്ക് മാത്രമായി കോർത്തിണക്കുവാൻ എന്ത് മായാജാലമാണ് നീ എന്നിൽ തീർത്തത്? നീ ചിരിക്കുന്ന നേരങ്ങളിൽ മാത്രം പൂത്തു തളിർക്കുന്ന എന്നിലെ വസന്തത്തെ, അറിയുന്നുണ്ടോ പെണ്ണേ നീ? നിന്റെ സൗരഭ്യം നിറഞ്ഞ് നിൽക്കുന്ന എന്റെ ഹൃദയവീഥികളിൽ ഒരു വേളയെങ്കിലും നീ നോട്ടമേറിഞ്ഞിട്ടുണ്ടോ? നീയില്ലാത്ത നിമിഷങ്ങളെ കുറിച്ച് ചിന്തിക്കുവാൻ പോലും ആകുന്നില്ലല്ലോ പെണ്ണേ എനിക്കിപ്പോൾ….., ഇനിയും എത്രവാക്കുകൾ ഞാൻ നിനക്കായ് നിരത്തണം, അതിൽ പ്രണയമെന്നെത്ര ഞാൻ ആവർത്തിച്ചെഴുതണം?കോർത്തു പിടിക്കുവാൻ വിരലുകൾ വേണമെന്നില്ല….. ചുബിച്ചുണർത്തുവാൻ നിൻ അധരവും തേടുന്നില്ല……പക്ഷെ എന്റെ കണ്ണുകളിൽ നിന്ന് ദൂരേക്ക് മായരുതേ പെണ്ണേ നീ….സുഖമുള്ളൊരു കാറ്റ് പോലെ, മഴയുടെ കുളിര് പോലെ, നിശയിൽ പരക്കുന്ന നിലാവ് പോലെ, വെറുതെ നീയെന്നിൽ ചേർന്ന് നിന്നാൽ മാത്രം മതി…… അത്രമാത്രം മതിയെനിക്ക്.”’
അവൻ മൗനമായി അവളോട് മൊഴിഞ്ഞുകൊണ്ടിരുന്നു. റോഡിൽ പൊതുവെ തിരക്ക് കുറവായിരുന്നു. ഇരുട്ട് പടർന്ന് തുടങ്ങിയ വഴിയിലൂടെ അവർ മുന്നോട്ട് നീങ്ങി. ഇടക്കെപ്പോഴോ അവളുടെ കൈകൾ വയറിൽ വട്ടം പിടിച്ചതും വിടർന്ന കണ്ണുകളോടെ അവൻ അവളിലേക്ക് നോട്ടമെറിഞ്ഞു. അവളും അവനെ മാത്രമായി നോക്കിയിരിക്കുകയായിരുന്നു.
“പാച്ചുവേ…”
“മ്മ്….”
“എനിക്ക് പട്ട് പാടി തരുവോ നീ?”
“ഏത് പാട്ടാ ഇച്ചായ?”
“അന്ന്… നീ കോളേജിൽ പാടിയത്.”
“പാടാണോ?”
“മ്മ്… വേണം… വല്ലാണ്ട് കൊതിയാവുന്നു പെണ്ണേ.”
അവൾ ചിരിയോടെ അവനോട് ഒന്ന് കൂടെ ചേർന്നിരുന്നു. അവന്റെ തോളിൽ താടിയൂന്നി അവനെ മുറുകെ പുണർന്നു. അവന്റെ കാതുകളിലേക്ക് അധരങ്ങൾ അടുപ്പിച്ച് പതിയെ പാടി തുടങ്ങി,
“?ഹർഷമായ്…വർഷമായ്…വിണ്ണിലെ വെണ്ണിലാ തൂവലായ് നാം…ഒരു തുടം നീർ
തെളിയിലൂടെ പാറന്നു നമ്മൾ നമ്മെ…. മെല്ലേ… മെല്ലേ….
….പലനിറപ്പൂ വിടർന്ന പോൽ നിൻ പുഞ്ചിരി നിറഞ്ഞോ രാവിൻ….ചുണ്ടിൽ… മെല്ലേ….
….മിഴിയിൽ നിന്നും മിഴിയിലെക്ക് തോണി തുഴഞ്ഞേ പോയീ….നമ്മൾ… മെല്ലേ….
…തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ് ഈണമായ് നമ്മിൽ….മെല്ലേ…. മായാ… നദി…മായാ…. നദീ…?”
ഓരോ വരികളും അവന്റെ ഹൃദയത്തിലേക്ക് പകർന്നു നൽകുകയായിരുന്നു അവൾ. അവളുടെ ശബ്‌ദം തീർത്തോരാ മായാവാലയത്തിൽ പെട്ട് സ്വയം മറന്നവൻ ലയിച്ചു പോയി. പ്രണയം ഇരുവരിലും ആർത്തലച്ച് പെയ്തുകൊണ്ടിരുന്നു….,ആ നിർവൃതിയുടെ ചുമൽ പറ്റി ജീവിതത്തിൽ മറക്കാൻ ആവാത്ത ഓർമയായി ആ യാത്രയെ അവർ നെഞ്ചോട് ചേർത്ത് പിടിച്ചു.
അല്പം ദൂരം പിന്നിട്ടതും കാതിലേക്ക് അമ്പലത്തിൽ നിന്നുള്ള ആർപ്പു വിളികൾ കേട്ട് തുടങ്ങിയിരുന്നു. മണ്ണിട്ട നാട്ടിട വഴിയിലൂടെ അവർ മുന്നോട്ട് നീങ്ങി. നിറയെ ആളുകൾ അങ്ങിങ്ങായി നിൽക്കുന്നുണ്ട്. കുട്ടികൾ കൈയിൽ ബലൂണും മിട്ടായിയുമെല്ലാം ആയി ഓടി നടക്കുന്നു. വഴി നിറയെ പലതരം ലൈറ്റ്റുകൾ മിന്നി തിളങ്ങുന്നുണ്ട്. പാച്ചു വേഗം ഫോൺ എടുത്ത് ശരത്തിനെ വിളിച്ചു.
“എട്ടായി… എവിടാ?”
“പറഞ്ഞില്ലേ മോളെ… ഞാൻ പൂരം നടക്കുന്നിടത്ത.”
“ഏട്ടായി ഒന്ന് എൻട്രൻസിലോട്ട് വന്നേ.”
“ഏഹ്?”
“ഹ… ഞങ്ങളെ ഇങ്ങനെ വെയിറ്റ് ചെയ്യിപ്പിക്കാതെ വേഗം വാ ഏട്ടായി.”
ശരത്ത് ഓടിപിടഞ്ഞ് വന്നതും ഇളിച്ചോണ്ട് നിൽക്കുന്ന പാച്ചുവിനെയും ടെൽവിനെയും ആണ് കാണുന്നത്. രണ്ടെണ്ണത്തിനെയും കണ്ട് അവൻ അന്തം വിട്ട് നിന്നു.
“നി… നിങ്ങൾ ന്താ ഇവിടെ?”
“പൂരം കാണാൻ. ന്നെ ഓരോന്ന് പറഞ്ഞ് കൊതിപ്പിച്ചിട്ട്.”
ചിണുങ്ങിക്കൊണ്ട് പാച്ചു പറയുന്നത് കേട്ട് ശരത്ത് ഊരക്ക് കൈ കൊടുത്തു.
“എങ്കിൽ വാ പച്ചൂസേ…. ഡാ ടെൽവി വാടാ.”
ശരത് പാച്ചുവിനെ ചേർത്ത് പിടിച്ച് മുന്നോട്ട് നടന്നു. കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ഇടമാണ്. കൊയ്ത്ത് കഴിഞ്ഞ പാടം. ഭൂതങ്ങളുടെ കളികൾ എല്ലാം അവൾ കൗതുകത്തോടെ നോക്കി നിന്നു. ആലിന്റെ ചുവട്ടിൽ വാളും പരിചയുമായി ഒരാൾ ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചു. അയാൾക്ക് നേരെയാണ് ഭൂതം ചുവടുകൾ വെക്കുന്നത്.
“അതാരാ എട്ടായി?”
അവൾ അയാൾക്ക് നേരേ വിരൽ ചൂണ്ടി ചോദിച്ചു. അവൻ ശാസനയോടെ അവളുടെ കൈ പിടിച്ച് താഴ്ത്തി.
“വിരൽ ചൂണ്ടാതെ പെണ്ണേ. അത് ഈ നാട്ടില്ലേ കോവിലകത്തെ തമ്പുരാൻ ആണ്. ഇത്രേം കാലം ദേവൻ സർ ആയിരുന്നു ആ സ്ഥാനം ഏറ്റേടുത്തിരുന്നത്. ഈ വർഷം അദ്ദേഹം മരണപെട്ടപ്പോൾ മകൻ കൃഷ്ണ ദേവൻ തമ്പുരാൻ പട്ടം ഏറ്റെടുത്തു. പാവമാണ്. എല്ലാരോടും ഭയങ്കര സ്നേഹം ആണ്. ഇനി കുറച്ച് കഴിഞ്ഞാൽ തമ്പുരാൻ അവിടെ നിന്നും താഴേക്ക് വെറ്റില വീശിയെറിയും. അപ്പോൾ താഴെ നിന്നും എല്ലാവരും അത് കൈയിൽ എടുക്കും. ആ വെറ്റില പെറുക്കുന്നത് നല്ലതാണേനൊക്കെയാണ് പറച്ചിൽ. അതിന്റെ പിന്നിലെ കാര്യം എന്താണെന്ന് അറിയില്ല.”
പറഞ്ഞ് കഴിഞ്ഞതും ഭൂതങ്ങളുടെ ചുവടുകൾ അവസാനിച്ചു. മുകളിൽ നിന്നും തമ്പുരാൻ വെറ്റില വീശി എറിയാൻ തുടങ്ങി. കുട്ടികൾ എല്ലാം ആവേശത്തോടെ അത് കൈയിൽ എടുക്കാൻ ഓടുന്നുണ്ട്. കൂട്ടത്തിൽ വയസായസ്ത്രീകളും ഉണ്ട്. പാച്ചു ഒന്നും നോക്കാതെ മുന്നോട്ട് പോയി കൈയിൽ കിട്ടിയ വെറ്റിലയെല്ലാം പെറുക്കിയെടുത്തു. ടെൽവിനും ശരത്തും ചിരിയോടെ അതെല്ലാം നോക്കി നിന്നു. തിരിച്ച് വരുമ്പോൾ അവളുടെ കൈയിൽ നിറയെ വെറ്റില ഉണ്ടായിരുന്നു. അവൾ ഗമയോടെ അടുത്ത് വന്ന് നിന്ന് പുരികം പൊക്കി കളിക്കുന്നത് കണ്ട് ശരത് പൊട്ടി ചിരിച്ചു. അപ്പോഴാണ് കുറച്ച് മാറി മറ്റെന്തോ രൂപം അവൾ ശ്രദ്ധിക്കുന്നത്. അവൾ ശരത്തിന്റെയും ടെൽവിന്റെയും കൈ പിടിച്ച് അങ്ങോട്ട് നടന്നു. മുഷിഞ്ഞ വേഷവും മുഖമാകെ കരിയും തലയിൽ പാളകൊണ്ടുള്ള തൊപ്പിയും കൈയിൽ മുളവടിയുമായി ഒരു രൂപം.
“ഇതാണ് നായടി ഭൂതം.”
വടി കൈയിൽ ഏന്തി പ്രത്യേക രീതിയിൽ ചുവടുകൾ വെക്കുന്ന ആ രൂപത്തെ അവൾ നോക്കി നിന്നു. പക്ഷെ കുറച്ച് നേരമേ അവിടെ നിൽക്കുവാൻ കഴിഞ്ഞുള്ളു. അതിന് മുന്നേ ദൂരെ നിന്നും ആർപ്പുവിളികൾ കാതിൽ പതിച്ചു. തിങ്ങി കൂടിയ ആളുകളെ വകഞ്ഞ് മാറ്റൻ ശ്രമിക്കുന്നത് കണ്ട് അവൾ സംശയത്തോടെ ശരത്തിനെ നോക്കി.
“ഇങ് വാ. ആ സൈഡിലോട്ട് നിൽക്കാം. ചാലിയൻ കുതിര വരാൻ പോകുവാ.”
അവർ കുറച്ച് മാറി ഒതുങ്ങി നിന്നു. ദൂരെ നിന്നും ഉയരത്തിൽ പണി കഴിപ്പിച്ച ഒരു കുതിരയുടെ രൂപം കണ്ട് അവളുടെ കണ്ണുകളിൽ അതിശയം നിറഞ്ഞു.
“ഏട്ടായി… അതെന്താ?”
“അതാണ് മോളെ ചാലിയൻ കുതിര. വേതാളത്തിന്റെ പ്രതീകം.”
നാലഞ്ചു പേർ കുതിരയെ തോളിൽ ഏറ്റി ആർപ്പുവിളികളോടെ പടത്തിന് കുറുകെ ഓടാൻ തുടങ്ങി. ചുറ്റും നിറയെ കരാഘോഷങ്ങളും വിസിലടികളും ഉയർന്നതും പാച്ചുവും അവരോടൊപ്പം കൂടി.
ആ നിമിഷങ്ങളിൽ ഒക്കെയും അവൾ അത്രമേൽ സന്തോഷവതിയായിരുന്നു. ചുറ്റുമുള്ള കാഴചകൾ ഒരു കൊച്ചു കുഞ്ഞിന്റെ കൗതുകത്തോടെ അവൾ നോക്കി കണ്ടു. ടെൽവിൻ ഒരേ സമയം അവളോട് വാത്സല്യവും അടങ്ങാത്ത പ്രണയവും തോന്നിയിരുന്നു. മൂക്കിലേക്ക് കൊതിയൂറും സുഗന്ധം വന്നതും അവൾ ചുറ്റും നോക്കി. പടത്തിന് ഒരു വശം നിറയെ കൊച്ചു കൊച്ചു കടകൾ ആണ്. അവിടെ തിളച്ചു മറിയുന്ന എണ്ണയിൽ കോരിയെടുക്കുന്ന ചക്കര മിട്ടായി കണ്ടതും ഒന്നും നോക്കിയില്ല, അവരെയും കൂട്ടി അതിനടുത്തേക്ക് നടന്നു.
കോരിയെടുക്കുന്ന ചക്കര മിട്ടായി എല്ലാം അവളുടെ വായിലേക്ക് സ്ഥാപിക്കപ്പെടും എന്നായതും ടെൽവിനും ശരത്തും അവളെ വലിച്ച് അവിടെ നിന്നും കൊണ്ടുപോയി. പാടത്ത് നിന്നും കയറി അവളെയും കൂട്ടി റോഡിലേക്ക് നടന്നു. റോഡ് സൈഡിൽ പലവർണ്ണങ്ങളിൽ ബലൂണുകൾ വിൽക്കുന്നത് കണ്ടതും ചാടി തുള്ളി അതിനടുത്തേക്ക് വെച്ച് പിടിച്ചു. കൈ നിറയെ അവൾ ബലൂൺ വേടിച്ചു. നടക്കുന്ന വഴിയിൽ കാണുന്ന കുട്ടികൾക്കും അവൾ കൊടുക്കാൻ മറന്നില്ല.
“ഡാ ശരത്തെ. ഞാനെയ് ബൈക്ക് ഒന്ന് മാറ്റി പാർക്ക് ചെയ്ത് വരാം. അവിടെ വെച്ചാൽ ശരിയാവില്ല. നിങ്ങൾ നടന്നോ ഞാൻ വന്നേക്കാം.”
ടെൽവിൻ അതും പറഞ്ഞ് പോയി.
“ഇഷ്ടായോ ഏട്ടന്റെ കാന്താരിക്ക് ഇവിടം?”
“പിന്നെ…. കുറെ കുറെ…. ഞാനിന്ന് എത്ര ഹാപ്പി ആയിരുന്നുന്നറിയോ ഏട്ടായിക്ക്. ഈ ബര്ത്ഡേ ഞാൻ ഒരിക്കലും മറക്കില്ല എട്ടായി. അത്രേം അത്രേം സ്പെഷ്യൽ ആണെനിക്ക് ഈ ദിവസം.”
“അതിന് നീയെന്ന ഹാപ്പി അല്ലാത്തത് പെണ്ണെ?”
“അത് പോയിന്റ്.”
അവൾ പൊട്ടി ചിരിച്ചു.
“മോളെ… നിന്നോട് ഞാനൊരു കാര്യം ചോദിക്കട്ടെ?”
“എന്താ ഏട്ടായി?”
“അത്…. നീ ടെൽവിനെ പ്രണയിക്കുന്നില്ലേ പാച്ചു?”
“ഉണ്ടല്ലോ.”
ഒട്ടും ചിന്തിക്കാതെ തന്നെ അവൾ മറുപടി പറഞ്ഞു.
“പിന്നെന്താ നീയവന്റെ പ്രണയം കാണാതെ പോകുന്നത്?”
അവൾ ചെറുതായൊന്ന് പുഞ്ചിരിച്ചു.
“ഈ പ്രണയം മറ്റാരും പങ്കിട്ടെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് ഇച്ചായൻ ആണെങ്കിൽ പോലും. അത്രമാത്രം.”
അവളുടെ മുഖത്ത് ആ സമയം വിരിഞ്ഞ ഭാവം എന്തെന്ന് എത്ര ഓർത്തിട്ടും ശരത്തിന് മനസ്സിലായില്ല.
“എനിക്ക് ഐസ് ക്രീം വേണം.”
കുറച്ച് മുന്നിൽ ഐസ് ക്രീം വിൽക്കുന്നത് കണ്ടതും അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു. അവൻ ചിരിയോടെ അവളെയും കൂട്ടി ഐസ് ക്രീം വെടിക്കുവാൻ ആയി പോയി. അവൻ തിരിഞ്ഞ് നിന്ന് ഐസ് ക്രീം വെടിക്കുന്ന സമയം പാച്ചു വെറുതെ റോഡിലേക്ക് മിഴിപായിച്ചു. അറിയാതെ കൈയിൽ നിന്നും ബലൂൺ തെന്നി പറന്നതും അവൾ മുന്നോട്ട് നടന്ന് അത് പിടിക്കാൻ ശ്രമിച്ചു.
എന്നാൽ ഐസ് ക്രീം വാങ്ങി തിരിഞ്ഞ ശരത്ത് കാണുന്നത് പാച്ചുവിനരികിലേക്ക് വരുന്ന ഒരു ലോറിയാണ്. പെട്ടന്ന് അവന് തന്റെ സർവ്വ ശക്തിയും ചോർന്ന് പോവുന്ന പോലെ തോന്നി. നെഞ്ചിടിപ്പ് ഉയർന്നു.
പെട്ടന്ന് എന്തോ പ്രേരണയിൽ ഓടിച്ചെന്ന് അവളെ പിന്നിൽ നിന്നും വലിച്ചടുപ്പിക്കുമ്പോൾ ഉള്ളിൽ ഒരു കടലിരമ്പുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. ഏറിയ ദേഷ്യത്തിൽ അവന്റെ കൈകൾ അവളുടെ കവിളിൽ ആഞ്ഞ് പതിഞ്ഞു. അടുത്ത നിമിഷം തന്നെ അവളെ വലിച്ച് പിടിച്ച് മാറോടടാക്കി നിർത്തി
“മോളെ അല്ലി….. ഏ… ഏട്ടനെ വിട്ടിട്ട് പോവല്ലെടി….”
ഭ്രാന്തമായി അവൻ അവളെ ചേർത്ത് നിർത്തി മുഖമാകെ ചുംബനങ്ങൾ ചാർത്തി.
“ഏട്ടനെ പേടിപ്പിച്ച് കളഞ്ഞല്ലോ അല്ലി നീ….”
വീണ്ടും അവളെ തന്റെ മാറോട് ചേർക്കുമ്പോൾ കാലങ്ങൾക്ക് മുന്നേ ആ കൈകളിൽ നിന്നും മരണം കവർന്നെടുത്ത അല്ലിയായിരുന്നു അവൾ. അവന്റെ കൈകളിൽ ഒതുങ്ങി നിൽകുമ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു. അവന്റെ ഏറിയ ഹൃദയമിടുപ്പുകളിൽ താൻ അറിയാതെ പോയ പലതും അവൾ തേടുകയായിരുന്നു.
“പാച്ചു…”
കാതിൽ ടെൽവിന്റെ പേടി നിറഞ്ഞ സ്വരം പതിച്ചതും അവൾ തിരിഞ്ഞ് നോക്കി.
“ഇ… ഇച്ചായ….”
അവൾ ഓടി അവന്റെ നെഞ്ചിലേക്ക് വീണു. എത്ര ചേർത്ത് പിടിച്ചിട്ടും മതിയാവാത്ത പോലെ അവൻ അവളെ ആഞ്ഞ് പുൽകി.
“പേടിപ്പിക്കാതെ പാച്ചുവേ…. ഹൃദയം പൊട്ടി പോകുന്ന പോലെ തോന്നുവാ….,പറ്റത്തില്ലെടി നീയില്ലാതെ എനിക്ക്…., ഇട്ടേച്ച് പോവല്ലേ എന്നെ….”
തുടരും
ഇത് ന്റെ നാട്ടിലെ പൂരം ആണ് ? ഇവിടെ ഇങ്ങനെ ഒക്കെ ഉണ്ട് ?♀️?♀️