പൂക്കൾ
Written by Murali Ramachandran
=============
ആ രണ്ടു മാ-റും ഇടിഞ്ഞു തൂങ്ങിയതായിരുന്നു, ആ സ്ത്രീ അതു തുറന്നു കാണിക്കുമ്പോൾ അവരുടെ മുഖത്തു നാണം ഉണ്ടായിരുന്നില്ല. ഏതൊരു സ്ത്രീയും തന്റെ മാ റുകൾ അന്യപുരുഷന് മുന്നിൽ കാണിക്കുമ്പോൾ നാണിക്കും, എന്നാൽ ഇവരുടെ മനസ്സിൽ മറ്റെന്തൊ ഉണ്ട്. ഞാൻ ആ മാ റിനെ ഞെക്കി നോക്കുമ്പോൾ വലതു ഭാഗത്ത് കല്ലിപ്പുണ്ടായിരുന്നു. രക്തം കലർന്ന ദ്രാവകം ആ മു ലക്കണ്ണിലൂടെ പുറത്തേക്ക് വന്നു. ഞാൻ അവരോട് ചോദിച്ചു.
“ഞെക്കുമ്പോൾ വേദനയുണ്ടോ..?”
“ഇല്ല.”
അവരുടെ ആ മറുപടിയോടെ എനിക്ക് മനസിലാക്കി, ഇത് അർബുദം ആണെന്ന്. വലത് മാറു നീക്കം ചെയ്യേണ്ടതായി വരുമെന്ന കാര്യം ഞാൻ അവരോട് എങ്ങനെ പറയും..? രോഗവിവരങ്ങൾ ആ ചീട്ടിൽ കുറിച്ചതിന് ശേഷം വീണ്ടും ഞാൻ ആ മാറിലേക്ക് ശ്രദ്ധിച്ചു നോക്കി. വലത് മാറിൽ നഖത്തിന്റെയും പല്ലുകളുടെയും പാടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇടതു മാറിൽ അങ്ങനെ യാതൊന്നും കണ്ടില്ല. ഉടനെ അവർ എന്നോട് ചോദിച്ചു.
“എനിക്കു എന്താ ഡോക്ടർ..?”
“അതുപിന്നെ, വലതു മാറ് നീക്കം ചെയ്യേണ്ടതായി വരും. അതിനു അർബുദം ബാധിച്ചിട്ടുണ്ട്.”
“മ്മ്.. എങ്കിൽ നീക്കം ചെയ്തോളു ഡോക്ടർ, എനിക്കു സമ്മതമാണ്.”
ഞാൻ പറഞ്ഞത് അവരുടെ മാറിനെക്കുറിച്ചാണ് എന്ന് ചിന്തിക്കാതെ ആണോ ആ മറുപടി..? ആരും ഇങ്ങനെ എന്നോട് പ്രതികരിച്ചു കണ്ടിട്ടില്ല. ഞാൻ വീണ്ടും അവരോട് ചോദിച്ചു.
“ഈ വലത് ഭാഗത്ത് മാത്രമെന്താ പാടുകളും തടിപ്പും, ഇടത് ഭാഗത്തു അതൊന്നും ഇല്ലല്ലോ..?”
“അതു ഡോക്ടറെ.. ഈ വലത്തെ മാറു എന്റെ കെട്ടിയോന് പ്രിയപ്പെട്ടതാണ്. ഇടത് എന്റെ നാലു ആൺകുട്ടികൾക്കുള്ളതും. കെട്ടിയോൻ മരിച്ചിട്ട് രണ്ടു കൊല്ലം ആവാറായി, എന്റെ മക്കളും വലുതായി. പിന്നെ എന്തിനാ എനിക്കു ഇത്..?”
“ഇപ്പോ കൂടെ ആരെങ്കിലും വന്നിട്ടുണ്ടോ..?”
“ഇല്ല, ഞാൻ ഒറ്റക്കാ വന്നത്.”
“നാളെ വരുമ്പോൾ മക്കളിൽ ആരെയെങ്കിലും വിളിച്ചോണ്ട് വരണം. എന്നിട്ട് ഞാൻ സർജറിടെ ഡേറ്റും മറ്റു വിവരങ്ങളും പറയാം. എങ്കിൽ ശരി, നാളെ വരൂ.”
എന്നെ ഒന്നു നോക്കിയിട്ട് ആ സ്ത്രീ മുറിക്കു പുറത്തേക്ക് ഇറങ്ങി. അതുവരെയുള്ള അവരുടെ ആ വാക്കുകളെ എനിക്കു ഉൾകൊള്ളാൻ ആയില്ല. പലതും മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച ഒരു ഭാവമാണ് ആ മുഖത്തു ഞാൻ കണ്ടത്.
അവരുടേത് മനുഷ്യ മാറായി എനിക്കു തോന്നിയിരുന്നില്ല, അവ രണ്ടു പൂക്കൾ മാത്രം..! പൂവായി, കായായി, കനിയായി തേനുറും മധുരം നൽകി വാടി തളർന്നവ.. അവർ സ്ത്രീയാണ്, സ്വയം ശരീരം അർപ്പിച്ച ഒരു സ്ത്രീ..!
Cover photo courtesy