മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
“മാളു എന്തൊരു ഉറക്കമാ മോളേ..” ചേച്ചിയുടെ വിളി കേട്ടാണ് കണ്ണ് തുറന്നത്. ചുറ്റുമൊന്നു കണ്ണോടിച്ചപ്പോൾ ആണ് ചന്ദ്രോത്ത് വീടല്ല എന്ന് ഓർമ്മവന്നത്. കഴിഞ്ഞതൊക്കെ ഓർമ്മ വന്നതും തിടുക്കത്തിൽ സിദ്ദു കിടന്ന ഭാഗത്തേക്ക് നോക്കി.
“സിദ്ധു എപ്പോഴേ ജോഗിങ്ങിന് പോയി.. നിനക്ക് പതിവില്ലാതെ എന്താ ഇത്ര ഉറക്കം? അവൻ എന്ത് കരുതി കാണും? മറ്റൊരു വീട്ടിൽ ആണെന്ന ബോധം വേണ്ടേ?..” ചേച്ചി പരിഭവത്തിൻറെ ഭാണ്ഡക്കെട്ട് അഴിച്ചു.
സാധാരണ ചേച്ചിയേക്കാൾ നേരത്തെ എഴുന്നേൽക്കുന്നതാണ്. ഇന്നലെ രാത്രി എപ്പോഴാണ് ഉറങ്ങിയതെന്ന് ഓർമ്മയില്ല. ഞാൻ ഉറങ്ങുന്നതുവരെയും സിദ്ധുവും ഉറങ്ങിയിട്ടില്ല എന്നുറപ്പാണ്. അവൻറെ കണ്ണിൽനിന്നും ഒഴുകിയ കണ്ണുനീർ തെളിമയോടെ ഓർമവന്നു.
“നീ പെട്ടെന്ന് പോയി കുളിച്ചിട്ട് വാ മാളു… നിനക്ക് ഇടാൻ വേണ്ട ഡ്രസ്സ് ഇതാ കൊണ്ടുവന്നിട്ടുണ്ട് ..”
അത് പറഞ്ഞപ്പോഴാണ് ചേച്ചിയെ സൂക്ഷിച്ചു നോക്കിയത്. ആളാകെ മാറി പോയിരിക്കുന്നു. കുളിയൊക്കെ കഴിഞ്ഞ് ഈറനണിഞ്ഞ്… നെറ്റിയിൽ സിന്ദൂരം തൊട്ട് ഉത്തമയായ ഭാര്യ.. കിച്ചു ഏട്ടൻറെ സ്നേഹം അവളുടെ ഇരു കവിളുകളിലും സിന്ദൂരചുവപ്പായി പരന്നിട്ടുണ്ട് എന്ന് തോന്നി.
എന്തിനെന്നറിയാതെ ഉള്ളിൽ തികട്ടി വന്ന സങ്കടം കടിച്ചമർത്തി. അച്ഛൻ ഇന്നലെ പറഞ്ഞത് ഓർമ്മ വന്നു. എൻറെ ദുഃഖങ്ങൾ അവളിലേക്ക് പകരാൻ എനിക്ക് അവകാശമില്ല. സന്തോഷങ്ങൾ മാത്രമേ ആരുമായും പങ്കുവയ്ക്കാവു. സങ്കടങ്ങൾ അവനവൻറെ ഉള്ളിലൊതുക്കാനുള്ളതാണ്.
അവളെ പറഞ്ഞ് വിട്ടിട്ട് പെട്ടെന്ന് കുളിച്ചു റെഡി ആയി വന്നു. അവളുടെ ഒരു ചുരിദാർ ആയിരുന്നു എനിക്ക് ഇടാൻ കൊണ്ടുവന്നത്. എൻറെ ഇഷ്ടത്തിന് വാങ്ങിവെച്ച വസ്ത്രങ്ങളെല്ലാം കണ്ണേട്ടൻറെ അലമാരിയിൽ എന്നെ കാത്ത് ഭദ്രമായി കിടപ്പുണ്ടാകും. സങ്കടത്തോടെ കണ്ണാടിയിൽ നോക്കിയതും നോട്ടം എത്തിയത് കഴുത്തിലെ താലിയിലേക്കാണ്. സിദ്ധുവിൻറെ കഴുത്തിൽ നിന്നും അത് ഊരിയെടുത്ത രംഗം ഓർമ്മ വന്നു. എല്ലാവരുടെയും മുന്നിൽ വച്ച് അച്ഛൻ കാലുപിടിച്ച് കരഞ്ഞത് ഓർമ്മ വന്നു. സിന്ദൂരച്ചെപ്പ് കണ്ടുവെങ്കിലും ഇന്നലത്തെ സിദ്ധുവിൻറെ സങ്കടം ഓർമവന്നതും എന്തോ അതണിയാൻ തോന്നിയില്ല.
താഴെ ഇറങ്ങി ചെന്നതും അമ്മ അടുക്കളയിൽ തിരക്കിട്ട ജോലികളിലാണ്. ചേച്ചിയെ എങ്ങും കണ്ടതുമില്ല.
“മാളൂട്ടി കുളികഴിഞ്ഞ് വന്നോ? തല നല്ലപോലെ തോർത്തിയോ?” എന്നെ കണ്ടതും വാത്സല്യത്തോടെ ചോദ്യം വന്നു.
“ഉവ്വ് അമ്മേ..”
“മീനവും കിച്ചുവും അമ്പലത്തിൽ പോയതാണ്. നിങ്ങളും കൂടെ പോകേണ്ടതായിരുന്നു.സിദ്ധുവിൻറെ ജോഗിങ് കഴിഞ്ഞു വരുമ്പോൾ പൂജയുടെ നേരം കഴിയും. നാളെ അവനോട് മോളെയും കൊണ്ട് അമ്പലത്തിൽ പോണം എന്ന് പറഞ്ഞിട്ടുണ്ട്.നാളെ മോള് ഇത്തിരി നേരത്തെ എഴുന്നേറ്റ് കുളിക്കണം കേട്ടോ.”
സമ്മത ഭാവത്തിൽ തലകുലുക്കി. പാത്രങ്ങളിൽ നോക്കിയതും പൂരിയും ബാജിയും ഇഡ്ഡലിയും ചമ്മന്തിയും.. വിഭവങ്ങൾ ഒക്കെ റെഡിയായിട്ടുണ്ട്.
“ഇത് ഒത്തിരി ഉണ്ടല്ലോ അമ്മേ? ഇത്രയും ഒറ്റയ്ക്ക് ഉണ്ടാക്കിയോ രാവിലെ തന്നെ”
“ഇഡ്ഡലി സിദ്ദുവിന് ആണ് മോളെ.. അവന് ഭക്ഷണകാര്യത്തിൽ ഒക്കെ ഭയങ്കര ചിട്ടയാണ്. അകത്ത് പോകുന്ന ഓരോ കലോറിക്കും എണ്ണയ്ക്കും ഒക്കെ കണക്കാണ്. മോള് എല്ലാം വഴിയെ അവനോട് ചോദിച്ചു മനസ്സിലാക്കണം”
ഇതുവരെ എന്നോടായി ഒരക്ഷരം മിണ്ടാത്ത ആളോട് ആണ് ചോദിച്ച് മനസ്സിലാക്കേണ്ടത്. മറുപടിയൊന്നും പറയാതെ എന്താണ് സഹായമായി ചെയ്യേണ്ടത് എന്ന അർത്ഥത്തിൽ അമ്മയെ നോക്കി.
“മോള് പ്ലേറ്റുകൾ ഒക്കെ ടേബിളിൽ കൊണ്ടുവയ്ക്ക് “
പാത്രങ്ങളൊക്കെ കൊണ്ടുവെച്ച് കഴിഞ്ഞതും പുറത്തുനിന്നും ചേച്ചിയുടെയും ചേട്ടൻറെയും കളിചിരി ശബ്ദം കേട്ടു. അവർ അമ്പലത്തിൽ നിന്നും തിരിച്ചെത്തി എന്ന് മനസ്സിലായി. തിരിച്ച് അടുക്കളയിലേക്ക് നടക്കാൻ ഒരുങ്ങിയതും കോണിപടിയിറങ്ങി സിദ്ദു വരുന്നത് കണ്ടു . കുളിയൊക്കെ കഴിഞ്ഞ് ഹോസ്പിറ്റലിൽ പോകുന്ന വേഷത്തിലാണ്. ഒരു നിമിഷം കണ്ണുകൾ തമ്മിലിടഞ്ഞു. ധൃതിയിൽ നോട്ടം മാറ്റി അടുക്കളയിലേക്ക് നടന്നു. ഇയാളുടെ വരവും പോക്കും ഒന്നും ഞാൻ അറിയുന്നില്ലല്ലോ എന്നു അതിശയം തോന്നി.
“അമ്പലത്തിൽ പോയവർ വന്നല്ലോ .. മോള് ചെന്ന് അച്ഛനെ കഴിക്കാൻ വിളിക്ക്. അപ്പോഴേക്കും അമ്മ ചായ കൊണ്ടു വയ്ക്കാം.”
അച്ഛനെ വിളിക്കാനായി വരാന്തയിലേക്ക് നടന്നു. ആള് പത്രം വായിച്ചിരിക്കുന്നു. തൊട്ടപ്പുറത്ത് സിദ്ധുവും പത്രത്തിൽ മുഴുകിയിരിക്കുന്നു.
“അച്ഛാ.. കാപ്പി കുടിക്കാം.. അമ്മ വിളിക്കുന്നു”. അച്ഛനോട് ആയി പറഞ്ഞു കഴിഞ്ഞതും അടുത്തിരിക്കുന്ന സിദ്ധുവിനേ വിളിക്കണോ വേണ്ടയോ എന്നായി. ഈ വീട്ടിൽ ഇത്തിരി പോലും മാനസിക അടുപ്പം ഇല്ലാത്തത് സിദ്ധുവും ആയിട്ടാണ്.
“ആ …ദാ വരുന്നു മോളെ..” അച്ഛൻ അപ്പോൾ തന്നെ പത്രം മടക്കി എഴുന്നേറ്റു.
“എടാ.. നിന്നെയും കൂടിയ മാളു വിളിച്ചത്.. നീ വരുന്നില്ലേ?” അച്ഛൻ സിദ്ധുവിൻറെ നേർക്കായി.
“എൻറെ ചെവിക്ക് കുഴപ്പമൊന്നുമില്ല.. ആരു പറഞ്ഞാലും വ്യക്തമായി തന്നെ കേൾക്കാം.. അച്ഛൻ നടക്ക് ..ഞാനിതാ വരുന്നു” .എന്നെ നോക്കിയാണ് പറഞ്ഞത്.
“വാ മോളെ.. അവന് പത്രത്തിൽ ഉള്ള ഓരോ വരിയും പഠിക്കണം. ലോകത്ത് അവനറിയാതെ എന്തെങ്കിലും സംഭവിച്ചാൽ മോശമല്ലേ..മോളും ഇനി കുറച്ചൊക്കെ പത്രം വായിച്ചു തുടങ്ങിക്കോ..അവൻറെ കൂടെ ജീവിക്കാൻ ഉള്ളതല്ലേ..”
അച്ഛൻ എൻറെ ചുമലിൽ കൈവച്ച് കളിയായി പറഞ്ഞു. അച്ഛനും ഞാനും ഒരുമിച്ച് ഹാളിലെത്തി. അപ്പോഴേക്കും ചേച്ചിയും ഡ്രസ്സ് മാറിയെത്തി. എല്ലാവരും കഴിക്കാനായി ഇരുന്നു. സിദ്ദു എൻറടുത്ത് വന്നിരുന്നതും പറയാൻ അറിയാത്ത എന്തോ ഒരു ബുദ്ധിമുട്ട് തോന്നി.
മറ്റാരും അത് ശ്രദ്ധിച്ചത് പോലും ഇല്ലെന്നു തോന്നി. അമ്മ അച്ഛന് ചായ പകർന്നു കൊടുക്കുന്നു. കിചേട്ടൻ ചേച്ചിക്ക് പൂരി പ്ലേറ്റിലിട്ട് കൊടുക്കുന്നു. ചേച്ചി തിരിച്ച് ഏട്ടന് കറി ഒഴിച്ചു കൊടുക്കുന്നു. ഇതെല്ലാം കണ്ടിരിക്കുന്ന ഞാൻ എന്ത് വേണം എന്നായി.
സിദ്ധുവിനേ ഇടങ്കണ്ണിട്ട് നോക്കിയതും ആള് ഇഡ്ഡലി പ്ലേറ്റിൽ എടുത്തിട്ട് കുറെയേറെ സാലഡും കഴിച്ചിരിപ്പാണ്.ചായക്ക് പകരം മുന്നിലുള്ള കപ്പിൽ ഏതോ ഒരു ജ്യൂസ് ഒഴിച്ച് വച്ചിട്ടുണ്ട്. അവിടെ എനിക്ക് പ്രത്യേകിച്ച് റോൾ ഒന്നുമില്ലെന്ന് കണ്ടതും സ്വന്തം ആവശ്യത്തിനായി കൈനീട്ടി പൂരി എടുക്കാൻ നോക്കിയതും സിദ്ദു തിടുക്കത്തിൽ 2 ഇഡ്ഡലി എടുത്തു എൻറെ പ്ലേറ്റിലേക്ക് വെച്ചു തന്നു. ഒരു നിമിഷം ലോകം കീഴ്മേൽ മറിഞ്ഞു എന്ന് തോന്നി.. സാലഡ് കൂടി എടുത്തിടുന്നത് കണ്ടതും കിളി പോയി എന്നുതന്നെ വേണം പറയാൻ. ഇനി കിച്ചു ഏട്ടൻ ചെയ്യുന്നത് കണ്ടിട്ട് എങ്ങാനും ആവുമോ..
ഇഷ്ടപ്പെട്ട പൂരി മുന്നിൽ വച്ചിട്ട് ഇഡ്ഡലി കഴിക്കേണ്ട അവസ്ഥ .മനസ്സില്ലാ മനസ്സോടെ കഴിച്ച് എണീക്കാൻ നോക്കിയതും ചോദ്യം വന്നു” ഇത് കഴിക്കുന്നില്ലേ?”. പ്ലേറ്റിൽ ഇരിക്കുന്ന സാലഡ് ചൂണ്ടിക്കാട്ടിയാണ് ചോദ്യം.
“ഉവ്വ്”.. കാരറ്റും തക്കാളിയും കക്കിരിയും ഒക്കെ ജീവിതത്തിലാദ്യമായി കഴിച്ചു.. അല്ല.. നോക്കിനിന്നു കഴിപ്പിച്ചു എന്ന് പറയുന്നതാവും ശരി. ഒരു ആശ്രയത്തിനായി ചുറ്റും നോക്കിയതും അവരൊക്കെ അവരുടേതായ ലോകത്ത് ആണെന്ന് മനസ്സിലായി. എങ്ങിനെയൊക്കെയോ കഴിച്ച് എഴുന്നേറ്റു.
പ്ലേറ്റുകൾ അടുക്കളയിലേക്ക് എടുത്തു വെക്കുന്നതിനിടയിൽ സിദ്ധു ഹോസ്പിറ്റലിലേക്ക് ഇറങ്ങുന്നത് കണ്ടു. കാർ ഗേറ്റ് കടന്നു പോയതും ആശ്വാസം തോന്നി. ഇത്തിരി നേരം പത്രം വായിച്ചും ബാക്കിസമയം അടുക്കളയിലും കഴിച്ചുകൂട്ടി.
അമ്മയോടും ചേച്ചിയോടും വർത്തമാനങ്ങൾ പറഞ്ഞു കളി ചിരകളുമായി അടുക്കള ജോലി ചെയ്യുന്നത് പുതിയൊരു അനുഭവമായി.
“നമ്മൾ മൂന്നു പേരുള്ളതുകൊണ്ടാ പണിയെല്ലാം ഇത്ര എളുപ്പത്തിൽ കഴിഞ്ഞത്. പെൺകുട്ടികൾ വേണമെന്ന് എനിക്ക് വലിയ കൊതിയായിരുന്നു. നിങ്ങളെ രണ്ടാളെയും ഇങ്ങനെ കൂടെ കാണുമ്പോൾ മനസ്സ് നിറയുന്നു. സമയം പോകുന്നതറിയുന്നില്ല .” അമ്മ സന്തോഷം മറച്ചുവെച്ചില്ല.എങ്കിലും കിച്ചു ചേട്ടൻ വെള്ളമെടുക്കാൻ ഇടയ്ക്കിടെ അടുക്കളയിൽ വന്നു പോകുന്നതിനാൽ സമയത്തെക്കുറിച്ച് ചേച്ചിക്ക് മാത്രം നല്ല ബോധ്യമുണ്ടായിരുന്നു.
“ഊണ് കഴിഞ്ഞിട്ട് നമുക്ക് ഒരുമിച്ച് ഷോപ്പിംഗിനു പോകാം. മാളുവിന് വേണ്ടതൊക്കെ വാങ്ങിക്കാം. പിന്നെ നാളെ നിങ്ങൾ വീട്ടിൽ വിരുന്നിനു പോകുമ്പോൾ എല്ലാവർക്കും പുതിയ ഡ്രസ്സ് കൊടുക്കണം.. അതെല്ലാം വാങ്ങിക്കാം” അമ്മ പറഞ്ഞത് കേട്ട് ആശ്വാസം തോന്നി. സിദ്ദു കൂടെ ഇല്ലല്ലോ എന്നതും ചേച്ചിയുടെ വസ്ത്രങ്ങൾ കടം വാങ്ങിക്കുന്നത് നിർത്താമല്ലോ എന്നതായിരുന്നു ചിന്ത.
നാളെ വരുന്ന കാര്യം പറയാൻ എന്നമട്ടിൽ വീട്ടിലേക്ക് വിളിച്ചു. ഒത്തിരി നേരം സംസാരിച്ചു എങ്കിലും കേൾക്കാൻ ആഗ്രഹിച്ച വാർത്തയൊന്നും ആരും പറഞ്ഞില്ല. മുത്തശ്ശിയോട് വീണ്ടും കണ്ണേട്ടനെ പറ്റി ചോദിക്കാൻ ഭയമായി. കണ്ണേട്ടൻറെ ഫോണിൽ വിളിച്ചപ്പോൾ വീണ്ടും സ്വിച്ച് ഓഫ് തന്നെ.
“നീ ആരെയാ മാളു വിളിച്ചു നോക്കുന്നത്?” ചേച്ചിയാണ്.
ഞാൻ.ഞാൻ കണ്ണേട്ടനേ വിളിച്ചു നോക്കിയതാണ് ചേച്ചി”
” നിൻറെ നമ്പർ അവൻറെ കയ്യിലും ഇല്ലേ? ഇത്ര നേരമായിട്ടും അവൻ നിന്നെയൊന്ന് വിളിച്ചില്ലല്ലോ? അവൻ നിന്നെ ഒഴിവാക്കിയത് ആണെന്ന് ഇനിയും നിനക്ക് മനസ്സിലാകുന്നില്ലേ ? അപ്പുവേട്ടൻ എന്നോട് സമ്മതം വാങ്ങിച്ചിട്ട് ആണ് അമൃത യോട് ഇഷ്ടം പറഞ്ഞത് പോലും.. എന്നാൽ കണ്ണനോ?.. അവനെ അറിയിക്കാതെ ഒരു നിമിഷം ശ്വാസം എടുത്തിട്ടുണ്ടോ നീ?എന്നിട്ടും അവൻറെ മനസ്സിൽ എന്താണ് ഉള്ളതെന്ന് ഒരു വാക്ക് നിന്നോട് അവൻ പറഞ്ഞോ?.. ഇനിയും അവനെ വിളിച്ച് നീ നിൻറെ വില കളയാതെ മാളു. . സിദ്ധുവിൻറെ ഭാര്യയാണ് നീ. അവന് നിന്നെ ഇഷ്ടമാണ്. അവനത് പ്രകടിപ്പിക്കാൻ അല്പം സമയം കൊടുക്ക്. ഇന്ന് ഭക്ഷണം കഴിക്കുമ്പോൾ നീ അവനെ ശ്രദ്ധിച്ചില്ലേ…പതിയെ എല്ലാം ശരിയാവും..കണ്ണനെ മറന്നേക്കു മാളു.. എല്ലാവരുടെയും നല്ലതിന് വേണ്ടിയാണ് പറയുന്നത് . അവനെ ഇനി ഫോൺ വിളിക്കില്ലെന്ന് നീ എനിക്ക് വാക്ക് തരണം…”
ചേച്ചിക്ക് വാക്ക് കൊടുക്കുക അല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. അവൾ പറഞ്ഞതെല്ലാം ശരിയാണ്. എന്തുതന്നെ ആയിരുന്നെങ്കിലും കണ്ണേട്ടന് എന്നോട് പറയാമായിരുന്നു. എങ്കിലും ഒരു കാര്യത്തിൽ ചേച്ചിക്കും തെറ്റുപറ്റി.. സിദ്ധുവിന് എന്നെ ഇഷ്ടമാണ് എന്നത്.
ഊണ് കഴിഞ്ഞ് എല്ലാവരും ഒരുമിച്ചാണ് ഷോപ്പിങ്ങിന് പോയത്. അച്ഛനും കിചേട്ടനും മുന്നിൽ ആണ് ഇരുന്നത്. ഏട്ടൻ ഇടയ്ക്കിടയ്ക്ക് ചേച്ചിയെ കണ്ണാടിയിൽ കൂടി നോക്കുന്നത് കണ്ടു. അതറിഞ്ഞിട്ടാകും ചേച്ചിയുടെ മുഖത്തും ഇടയ്ക്കിടയ്ക്ക് പുഞ്ചിരി മിന്നിമറയുന്നു. അച്ഛൻ ഞങ്ങളോടായി എന്തൊക്കെയോ വർത്തമാനങ്ങൾ പറയുന്നുണ്ട്. അതിൽ നിന്നൊക്കെ വിദൂരതയിൽ ഉള്ള മറ്റൊരു ലോകത്തിൽ ആണ് ഇണക്കുരുവികൾ രണ്ടുപേരും എന്ന് തോന്നി.
കടയിൽ എത്തിയതും അച്ഛനും അമ്മയും മുത്തശ്ശിക്കും അച്ഛനും കൊടുത്തു വിടേണ്ട സാധനങ്ങൾ വാങ്ങി ക്കുകയാണ്. കിച്ചു ഏട്ടൻ ചേച്ചിക്ക് സാരി സെലക്ട് ചെയ്യുന്ന തിരക്കിലാണ് . അവളുടെ ദേഹത്ത് ഡിസ്പ്ലേ ചെയ്തു നോക്കാൻ സഹായിക്കാൻ നിൽക്കുന്ന സ്ത്രീകളുടെ കയ്യിൽ നിന്നും സാരി വാങ്ങിച്ചു സ്വന്തമായിട്ട് ഉടുപ്പിക്കുന്ന തിരക്കിലാണ് കക്ഷി. ചേച്ചി ഭാഗ്യവതി ആണെന്ന് തോന്നി.
ഞാൻ ചുരിദാറുകൾ ആണ് സെലക്ട് ചെയ്തത്. സാധാരണ എന്തെങ്കിലും വാങ്ങിക്കുമ്പോൾ അഭിപ്രായം പറയാൻ അച്ഛനും മുത്തശ്ശിയും ചേച്ചിയും ഒക്കെ ചുറ്റിലും ഉണ്ടാകും.കണ്ണേട്ടന് ഞാൻ മിന്നിത്തിളങ്ങുന്ന കടുത്ത നിറത്തിൽ ഉള്ളത് ഇട്ടു കാണാനാണ് ഇഷ്ടം. ആ ഇഷ്ടം മുൻനിർത്തിയാണ് വസ്ത്രങ്ങൾ എപ്പോഴും തിരഞ്ഞെടുക്കുക.. ഇനിയിപ്പോ അതൊന്നും വേണ്ടല്ലോ.. മനസ്സ് മടുത്തു എങ്കിലും കോട്ടൻ ഷെയ്ഡ്ഡിൽ നാലഞ്ചെണ്ണം നോക്കി വെച്ചു . അഭിപ്രായം ചോദിക്കാൻ ആയി അമ്മയെ തിരിഞ്ഞു നോക്കിയതും വെയിറ്റിംഗ് ഏരിയയിൽ സിദ്ദു ഇരിക്കുന്നത് കണ്ടു. അപ്രതീക്ഷിതമായി കണ്ടതും ഞാൻ ഒന്നു ഞെട്ടി എന്ന് തന്നെ പറയാം. നോക്കുന്നത് കണ്ടതും എഴുന്നേറ്റ് എൻറെ നേരെ വന്നു.
“കഴിഞ്ഞോ?”
അതെയെന്ന് മൂളി. ഞാൻ എടുത്തു വച്ചിരിക്കുന്നതൊക്കെ ഓടിച്ച് നോക്കുന്നത് കണ്ടു.
“ഇത് നാലഞ്ചെണ്ണം അല്ലേ ഉള്ളൂ.. ഇത്ര നേരമായിട്ടും ഇതാണോ എടുത്തത്?”
ഞാൻ എടുത്തു വച്ചിരിക്കുന്നത് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്ന് മുഖത്ത് എഴുതി വെച്ചിരിക്കുന്നു. മറുപടിയൊന്നും പറയാൻ പോയില്ല.
“കുറച്ച് വെറൈറ്റി ആയിട്ടുള്ള കളർഫുൾ സെലക്ഷൻസ് കാണിച്ചു കൊടുക്ക്. ഇങ്ങനത്തെ ഡൾ ആയ ടൈപ്പ് ഇയാള് ഉപയോഗിക്കാറില്ല.” സെയിൽസ് ഗേളിന് നിർദേശം കൊടുക്കുന്നത് കേട്ടതും അത്ഭുതം തോന്നി. എൻറെ വസ്ത്രങ്ങളൊക്കെ ശ്രദ്ധിച്ചിരുന്നോ?.
സെയിൽസ് ഗേളിനോട് പറഞ്ഞ സ്ഥിതിക്ക് ആൾക്ക് തൃപ്തി വരുത്താൻ വേണ്ടി ആദ്യം കണ്ണിൽ കണ്ട ഒന്ന് രണ്ടെണ്ണം കൂടി വാങ്ങിച്ചു.
“ഏടത്തി സാരി വാങ്ങുന്നുണ്ടല്ലോ? പോയി അങ്ങനത്തെ കുറച്ചെണ്ണം വാങ്ങിച്ചോ..” വീണ്ടും ഉപദേശം വന്നു .
ഒരുദിവസം ഇതിൽ കൂടുതൽ ഞെട്ടൽ എൻറെ ഹൃദയം താങ്ങില്ല എന്ന് തോന്നി. പെട്ടെന്ന് ചേച്ചിയുടെ അടുത്തേക്ക് നടന്നു. ഞാൻ സാരികൾ കൂടെ നോക്കാൻ തുടങ്ങി എന്ന് കണ്ടതും ആള് അമ്മയുടെ അടുത്തേക്ക് പോകുന്നത് കണ്ടു .
ഷോപ്പിംഗ് കഴിഞ്ഞിറങ്ങിയതും അവരൊന്നിച്ച് കാറിൽ കയറാൻ ചെന്നതും അമ്മ തടഞ്ഞു.
“മോള് സിദ്ധുവിൻറെ കൂടെ പോര്.. അവനെ ഒറ്റയ്ക്ക് ആക്കുന്നത് ശരിയല്ലല്ലോ?”
“ശരി” എന്ന് പറഞ്ഞെങ്കിലും കയറേണ്ട വണ്ടി ഏതാണെന്ന് പോലും അറിയില്ല. ചുറ്റും നോക്കി ആളെ കാണാഞ്ഞതും ഇനി എന്നെ കൂട്ടാതെ പോയി കാണുമോ? എന്നു വരെ തോന്നി. നിസ്സംഗതയോടെ പാർക്കിങ്ങിൽ നിന്നതും ഒരു ബ്ലൂ കാർ എൻറെ അടുത്ത് വന്നു നിന്നു. ഡ്രൈവർ സീറ്റിൽ സിദ്ധു വിനെ കണ്ടതും ആശ്വാസം തോന്നി. ഞാൻ വാങ്ങിച്ച കവറുകൾ ഒക്കെ പിൻസീറ്റിൽ അടുക്കി വച്ചിരിക്കുന്നത് കണ്ടു
. വണ്ടി നീങ്ങി തുടങ്ങിയിട്ടും ആരും ഒന്നും സംസാരിച്ചില്ല. അവാർഡ് പടം പോലെ നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി. സ്ട്രീറ്റ് ലൈറ്റ്സും പടുകൂറ്റൻ കെട്ടിടങ്ങൾക്ക് ചുറ്റുമുള്ള എൽഇഡി ലൈറ്റുകളും അങ്ങനെ സിറ്റിയുടെനൈറ്റ് വ്യൂ ആസ്വദിച്ച് പുറത്തേക്ക് നോക്കിയിരുന്നു.
“തനിക്ക് ജോലി ചെയ്യാൻ താല്പര്യം ഉണ്ടോ? അതോ തുടർന്ന് പഠിക്കണോ?” ഇടയ്ക്ക് വന്ന ചോദ്യം വ്യക്തമായി കേട്ടിട്ടും മറുപടിയായി പറയാൻ ഉത്തരം ഒന്നും ഉണ്ടായിരുന്നില്ല. എൻറെ സ്വപ്നങ്ങളും മോഹങ്ങളും ഒക്കെ തകർന്നു തരിശായി മരുഭൂമി പോലെ പരന്നു കിടക്കുന്നു . അവിടെ ലക്ഷ്യസ്ഥാനമോ മരുപ്പച്ചയോ നീരുറവകളോ ഒന്നുമില്ല.
ഒരു മുരടനക്കം കേട്ടു. ഉത്തരം നിർബന്ധമാണെന്ന് മനസ്സിലായി.
“രണ്ടും വേണ്ട..” അങ്ങനെയാണ് വായിൽ നിന്നും വന്നത്.
“അതു പറ്റില്ല. അലസ്സന്മാരെ എനിക്കിഷ്ടമല്ല..ഒന്നും ചെയ്യാതെ ഇരിക്കുമ്പോൾ ആണ് ആളുകൾക്ക് അനാവശ്യ ചിന്തകൾക്കൊക്കെ നേരം കിട്ടുന്നത്. പഠിക്കാൻ ഇഷ്ടമില്ലെങ്കിൽ വേണ്ട..എൻറെ ഫ്രണ്ടിന് ഒരു സ്കൂൾ ഉണ്ട്. അടുത്ത ആഴ്ച തൊട്ട് അവിടെ പോയി തുടങ്ങണം. ടീച്ചിംഗ് ഇഷ്ടമുണ്ടെങ്കിൽ അതാവാം.. ഇല്ലെങ്കിൽ അഡ്മിനിസ്ട്രേഷൻ സെക്ഷനിൽ എന്തെങ്കിലും നോക്കാം. എന്തെങ്കിലും ആക്ടീവായി ചെയ്തേ പറ്റൂ.. അമ്മയുടെയും ഏടത്തിയുടെയും കൂടെ ചുമ്മാ നേരം കളയണ്ട എന്നാണ് ഞാൻ ഉദ്ദേശിച്ചത്. മനസ്സിലായോ”
മനസ്സിലായി എന്ന് അർത്ഥത്തിൽ തലകുലുക്കി . ഇയാൾ എന്താ ഇങ്ങനെ എന്ന് ചിന്തിച്ചു പോയി.
രാത്രി ചപ്പാത്തിയും കറിയും ആയിരുന്നു അത്താഴം. ഉപദേശം പ്രതീക്ഷിച്ചെങ്കിലും പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. കുറച്ചു കഴിഞ്ഞതും മുറിയിൽ നിന്നും മാളവിക എന്ന് നീട്ടി വിളിക്കുന്നത് കേട്ടു. ചെന്ന് നോക്കിയതും ടേബിളിൽ ഒരു കെട്ട് ഗുളികകൾ ഇരിക്കുന്നത് കണ്ടു.
എന്നെ കണ്ടതും രണ്ടെണ്ണം കയ്യിലേക്ക് വെച്ച് തന്നു.
“ഇതെന്തിനാ? എനിക്ക് അസുഖം ഒന്നും ഇല്ലല്ലോ?”
“അസുഖം ഒന്നും ഉണ്ടായിട്ടല്ല . സപ്ലിമെൻറ് ആയിട്ടാണ്. ഫുഡിൽ നിന്നും കിട്ടാത്ത വൈറ്റമിൻസും മിനറൽസും ഒക്കെ നമ്മൾ ബോഡിയിലേക്ക് കൂടുതലായി കൊടുക്കണം . പ്രത്യേകിച്ച് സൈഡ് എഫക്ട് ഒന്നുമുണ്ടാവില്ല.. ധൈര്യപ്പെട്ട് കഴിച്ചോളൂ”
എനിക്ക് വേണ്ടെന്ന് പറയാൻ തോന്നിയെങ്കിലും എന്നെ നോക്കുന്ന മുഖത്തെ പ്രതീക്ഷ കണ്ടതും വേണ്ടെന്നുവയ്ക്കാൻ തോന്നിയില്ല. ഏറി വന്നാൽ ചത്തുപോകുമായിരിക്കും. അങ്ങനെ വന്നാലും എനിക്ക് ലാഭമെ ഉള്ളൂ. ടാബ്ലറ്റ്സ് കഴിച്ചു.
ആളുടെ മുഖത്ത് സമാധാനം നിറയുന്നത് കണ്ടു.
ഇതൊരു പ്രത്യേക അവതാരമാണെന്ന് മനസ്സിൽ തോന്നി.
തുടരും…