അച്ഛനെന്ന തണൽ…
Story written by Aswathy Joy Arakkal
=============
“ഇല്ല.. ഇനി എനിക്ക് ഇവളുമായി ഒരുമിച്ചൊരു ജീവിതം പറ്റില്ല. മനസ്സു കൊണ്ടു എന്നേ ഞങ്ങൾ രണ്ടു ധ്രുവങ്ങളിലായി കഴിഞ്ഞു “
അനീഷേട്ടൻ അങ്ങനെ തറപ്പിച്ചു പറഞ്ഞപ്പോൾ അവസാന പ്രതീക്ഷയും നശിച്ചു, ഒന്നര വയസ്സു മാത്രം പ്രായമുള്ള എന്റെ പൊന്നു മോളെയും…എന്റെ കുഞ്ഞാറ്റയെയും… മടിയിൽ വെച്ചു ഞാനവിടെ വെറും തറയിൽ ഇരുന്നു.. ഭൂമി പിളർന്നു താഴേക്കു പോയിരുന്നെങ്കിൽ എന്നു തോന്നിപ്പോയി എനിക്ക്.
സന്ധി സംഭാഷണത്തിന് എന്റെ വീട്ടിൽ നിന്നു വന്ന അച്ഛനും, കൊച്ചച്ഛനും, അമ്മാവനും എത്ര അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും ഏട്ടൻ തീരുമാനത്തിന് ഒരു അയവും വരുത്താൻ തയ്യാറായില്ല.
ഇവിടുത്തെ അമ്മയ്ക്കും, അനിയനും അവന്റെ ഭാര്യക്കും അതു സന്തോഷം തന്നെ ആയിരുന്നു.. അനീഷേട്ടന്റെ അച്ഛനാണെങ്കിൽ കുടുംബകാര്യങ്ങളിലൊന്നും പിന്നെ അങ്ങനെ ഇടപെടില്ല… അദ്ധ്വാനിക്കും.. കിട്ടുന്നതു അമ്മയെ ഏല്പിക്കും.. വീട്ടുഭരണം അമ്മ തന്നെ ആയിരുന്നു…
സംസാരിച്ചിട്ട് കാര്യമില്ലെന്നു മനസ്സിലായതോടെ അച്ഛൻ എണിറ്റു എന്റെ നേരെ തിരിഞ്ഞു..
നിന്നെ വേണ്ടാത്തിടത്തു ഇനി നീ നിൽക്കണ്ട… നീ കുഞ്ഞിനെ എടുത്തു ഈ നിമിഷം ഇവിടെ നിന്നും ഇറങ്ങണം…
ഇല്ലച്ഛാ.. ഞാൻ എങ്ങോട്ടുമില്ല… ഉറച്ചതായിരുന്നു എന്റെ ശബ്ദം..
ഇത്രെയൊക്കെ ആയിട്ടും നിന്റെ വാശിക്കൊരു കുറവും ഇല്ല അല്ലേ .. കൊന്നു കളയും ഞാൻ. അച്ഛൻ എന്റെ നേരെ കയ്യോങ്ങി കൊണ്ട് വന്നു..
കൊല്ലണമെങ്കിൽ കൊല്ലാം.. അതിനുള്ള എല്ലാ അർഹതയും അച്ഛനുണ്ട്… ജീവനോടെ എന്നെയും, മോളെയും അച്ചനിവിടെ നിന്നു കൊണ്ട് പോകില്ല.. ഞാൻ തറപ്പിച്ചു പറഞ്ഞു.
എന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് അച്ഛനും, ഒപ്പം വന്ന മറ്റുള്ളവരും ഒന്നും മിണ്ടാതെ പടിയിറങ്ങി..
അപമാനവും പേറി, നെഞ്ചുപൊട്ടിയുള്ള ആ പടിയിറക്കം… അതെനിക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു.
മോളെയും കൊണ്ട് റൂമിൽ കയറി വാതിലടക്കുമ്പോൾ കുറ്റബോധം എന്നേ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു…കരയാൻ പോലും ശക്തിയില്ലായിരുന്നെനിക്ക്.. ആരെയും കുറ്റപ്പെടുത്താനില്ല.. എല്ലാം എന്റെ മാത്രം തെറ്റാണല്ലോ…
അച്ഛന്റെയും, അമ്മയുടെയും മൂന്ന് പെൺമക്കളിൽ മൂത്തവൾ ആയിരുന്നു ഞാൻ.. ശ്രുതി.. അച്ഛന്റെ ഇരുപതാം വയസ്സ് മുതൽ ഗൾഫിലാണച്ചൻ…. ഇപ്പോഴും തുടരുന്നു ആ പ്രവാസം. വീട്ടിൽ അമ്മയും, ഞങ്ങൾ മൂന്ന് പെൺമക്കളും, അച്ഛമ്മയും അടക്കം സ്ത്രീകൾ മാത്രമേ ഉള്ളു.. രണ്ടു വർഷം കൂടുമ്പോൾ രണ്ടു മാസത്തെ ലീവിന് അച്ഛൻ വരും. അതായിരുന്നു പതിവ്..
പ്ലസ്ടു വിനു പഠിക്കുന്ന കാലം തൊട്ടേ അനീഷേട്ടനുമായി ഇഷ്ടത്തിൽ ആയിരുന്നു ഞാൻ .. അന്ന് അനീഷേട്ടൻ ഒരു സ്വർണ കടയിൽ മാനേജർ ആണ്… പ്രേമം തുടങ്ങുമ്പോൾ എനിക്ക് പതിനേഴു വയസ്സും, ഏട്ടന് ഇരുപത്തോൻപതു വയസ്സും ആയിരുന്നു.. കണ്ണും, മൂക്കും ഇല്ലാതെ അന്ധമായി പ്രണയിച്ചപ്പോൾ പ്രായവ്യത്യാസം ഒന്നും രണ്ടുപേർക്കും പ്രശ്നമായിരുന്നില്ല. പ്രായത്തിന്റെ പക്വതക്കുറവും, കുസൃതിയുമെല്ലാം അദ്ദേഹം നന്നായി ആസ്വദിച്ചിരുന്നു…
കൊടുമ്പിരി കൊണ്ട പ്രേമച്ചൂടിൽ പഠിപ്പു ഉഴപ്പി.. എങ്കിലും തട്ടിമുട്ടി ജയിച്ചു പ്രൈവറ്റ് ആയി ഡിഗ്രി ക്കു ചേർന്നു.. പക്ഷെ അപ്പോഴേക്കും ഏട്ടന് വിവാഹം നടത്തിയേ പറ്റു എന്നു നിർബന്ധം.. ഏട്ടന് വിവാഹപ്രായം ആയിരുന്നല്ലോ… ഞാനെത്ര പറഞ്ഞിട്ടും വിവാഹം ഉടനെ നടത്തിയേ പറ്റു എന്ന വാശിയിൽ ഏട്ടൻ ഉറച്ചു നിന്നു…ഏട്ടനോടൊപ്പം ജീവിച്ചു തുടങ്ങാൻ സത്യത്തിൽ എന്റെ മനസ്സും തുടിച്ചു തുടങ്ങിയിരുന്നു… പ്രേമിച്ചു തുടങ്ങിയാൽ പിന്നെ ഇഷ്ടപ്പെടുന്ന ആളുടെ കൂടെ എങ്ങനെയെങ്കിലും ജീവിക്കണം എന്നല്ലാതെ വേറൊന്നും നമ്മളിൽ ചിലർക്കെങ്കിലും ആലോചന ഉണ്ടാകില്ലല്ലോ.. കൊറേ പഠിച്ചിട്ടിപ്പോ എന്തു നേടാനാണ് എന്ന വിഡ്ഢി ചോദ്യമായിരുന്നു മനസ്സു നിറയെ..
വീട്ടിൽ പറഞ്ഞപ്പോൾ ആർക്കും സമ്മതമായിരുന്നില്ല… ഏട്ടന്റെ പ്രായകൂടുതലും, പിന്നെ ഞാനന്ന് ഡിഗ്രി ഫസ്റ്റ് ഇയർ ആയിട്ടേ ഉണ്ടായിരുന്നുള്ളു… പഠിത്തം കഴിയാതെ കല്യാണം നടക്കില്ല എന്നു അച്ഛനും അമ്മയും തീർത്തു പറഞ്ഞു..
എനിക്ക് വാശിയായി….. നിരാഹാരമായി… അവസാനം പഠിത്തം കഴിഞ്ഞു നടത്തിതരാം എന്നു അച്ഛൻ പറഞ്ഞിട്ട് പോലും സമ്മതിക്കാതെ ഒറ്റക്കാലിൽ നിന്നു ഞാൻ സമ്മതിപ്പിച്ചു… കല്യാണത്തിന് തലേന്ന് കൂടെ കണ്ണു നിറച്ചു അച്ഛൻ പറഞ്ഞു മോളെ ഡിഗ്രി എഴുതണം.. ഫീസ് അച്ഛൻ അയച്ചു തന്നോളം എന്നു….
ഏട്ടന്റെ അമ്മയ്ക്കും ഈ വിവാഹത്തിന് വല്യ താല്പര്യം ഉണ്ടായിരുന്നില്ല.. കുറച്ചു പഠിപ്പും, ജോലിയും ഉള്ള പെൺകുട്ടി മതി എന്നായിരുന്നു അവിടെ. അവസാനം ഏട്ടന്റെ നിർബന്ധത്തിനു എല്ലാവരും വഴങ്ങി കൊടുത്തു.
അങ്ങനെ ആഘോഷമായി തന്നെ വിവാഹം നടന്നു…
കല്യാണം ആകുന്നതിനു മുൻപേ ഏട്ടന് ഹൈദ്രബാദ് ബ്രാഞ്ചിലേക്ക് സ്ഥലമാറ്റം ആയിരുന്നത് കൊണ്ട് ആരുടെ ഇഷ്ടകുറവും ഞങ്ങൾക്ക് പ്രശ്നമായിരുന്നില്ല…
അങ്ങനെ വിവാഹശേഷം ഒരാഴ്ചക്കുള്ളിൽ ഞങ്ങൾ ഹൈദരാബാദിലെ അപ്പാർട്മെന്റിലെത്തി… ജൂണിലെ തണുത്തു വിറങ്ങലിച്ച മഴക്കാലത്ത് പ്രണയം ഞങ്ങളിൽ പെയ്തിറങ്ങി … മനസ്സും, ശരീരവും പങ്ക് വെച്ചൊരു കൂരക്കു കീഴിൽ ഇരുന്നു സ്വപ്നങ്ങൾ നെയ്തു കൂട്ടുമ്പോൾ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാനാണെന്ന് തന്നെ എനിക്ക് തോന്നി… പിരിഞ്ഞിരിക്കാനാവുമായിരുന്നില്ല ഞങ്ങൾക്ക്.. ഏട്ടൻ ഓഫീസിൽ പോയാൽ പരസ്പരം കാണുന്നത് വരെയൊരു ശ്വാസം മുട്ടലായിരുന്നു രണ്ടാൾക്കും…
വിശപ്പും ദാഹവും മറന്നു ഞങ്ങൾ പ്രണയിച്ചു…
ദിവസങ്ങൾ കഴിഞ്ഞു … പ്രണയത്തിന്റെ ചൂടും, ചൂരും അവസാനിച്ചു തുടങ്ങിയപ്പോൾ തമ്മിൽ പ്രശ്നങ്ങൾ ആയി .. പതിനെട്ടു വയസ്സുകാരിയുടെ പക്വത ഇല്ലായ്മ മുപ്പതു വയസ്സുകാരനിൽ ദേഷ്യം സൃഷ്ടിക്കാൻ തുടങ്ങി .. കുട്ടിക്കളി മാറാത്ത എന്റെ പ്രകൃതം തുടക്കത്തിൽ ഏട്ടനൊരു കൗതുകമായിരുന്നു എങ്കിൽ പിന്നീടതു വെറുപ്പും, ദേഷ്യവും ആയി തുടങ്ങി….
പാചകം അറിയില്ല , വൃത്തിയും വെടുപ്പുമില്ല,വിദ്യാഭ്യാസമില്ല…. ശരീരത്തോടുള്ള പ്രണയം അവസാനിച്ചപ്പോൾ പറയാൻ കുറ്റങ്ങൾ ഏറെ ആയിരുന്നു..
എല്ലാത്തിനും ഇടയിൽ ഞാൻ ഗർഭിണി ആയി..
ആ സമയത്തു തന്നെ ആയിരുന്നു ഇവിടെ അനിയന്റെ കല്യാണം.. അമ്മ കണ്ടുപിടിച്ച പെൺകുട്ടി ആയിരുന്നത് കൊണ്ട് പിന്നെ അമ്മക്കെല്ലാം അവളായി…
കല്യാണവും കഴിഞ്ഞു… ഡോക്ടർ എനിക്ക് ബെഡ് റസ്റ്റ് പറഞ്ഞതോടെ എന്നെ എന്റെ വീട്ടിലാക്കി ഏട്ടൻ ജോലി സ്ഥലത്തേക്ക് പോയി.. ആദ്യമൊക്കെ ദിവസവും ഫോൺ വിളിക്കുമായിരുന്നു.. പിന്നീട് ഫോൺ വിളികളുടെ എണ്ണം കുറഞ്ഞു വന്നു.. വിളിച്ചാ തന്നെ എന്തെങ്കിലും പറഞ്ഞു ദേഷ്യം… കുഞ്ഞു ഉണ്ടാകുന്നതൊടെ എല്ലാം ശെരിയാകും എന്നു കരുതി ഞാൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.
മോളുണ്ടായി.. ലീവ് കിട്ടിയില്ല എന്ന പേര് പറഞ്ഞു ഏട്ടൻ വന്നില്ല.. ഏട്ടന്റെ വീട്ടുകാരും ബോധിപ്പിക്കാൻ എന്നപോലെ വന്നു പോയി… ലീവ് കിട്ടിയില്ല എന്ന പേരിൽ കുഞ്ഞിനെ കാണാൻ പോലും വരാതിരുന്ന ആൾ സ്വന്തം വീട്ടിൽ വന്നു പോകുന്നുണ്ട് എന്നു പലരും പറഞ്ഞു അറിഞ്ഞപ്പോൾ കാര്യങ്ങൾ എന്റെ കൈയിൽ നിന്നും പോവുകയാണ് എന്നെനിക്കു മനസ്സിലായി…
പിന്നീട് അവരുടെ ഒരു അകന്ന ബന്ധുവിന്റെ വായിൽ നിന്നു തന്നെ ഞാൻ കേട്ടു… ഏട്ടൻ വേറൊരു പെൺകുട്ടിയും ആയി അടുപ്പത്തിൽ ആണെന്നും, എന്നേ ഒഴിവാക്കി അങ്ങനൊരു കല്യാണം നടത്താൻ അമ്മയും, മോനും തീരുമാനിച്ചു ഇരിക്കയാണെന്നും… എനിക്ക് മാനസിക രോഗം ആയതു കൊണ്ടാണ് ഒഴിവാക്കുന്നതു എന്നാണ് നാട്ടിൽ പാട്ടാക്കി ഇരിക്കുന്നത് എന്നുടെ കേട്ടപ്പോൾ എന്റെ നിയന്ത്രണം പോയി.
മാസങ്ങൾ കടന്നു പോയിട്ടും അവരുടെ ഭാഗത്തു നിന്നു യാതൊരു അനക്കവും ഇല്ലാതായപ്പോൾ ചടങ്ങ് പ്രകാരം വേണ്ടതൊക്കെ ചെയ്തു, മോൾക്ക് ആരാധ്യ എന്നു പേരും ഇട്ടു… ചടങ്ങുപോലെ കുറച്ചു വൈകി എങ്കിലും മോൾക്ക് മാസം ആയപ്പോൾ എന്നെ എവിടെ കൊണ്ടാക്കി…
ഞാനിവിടെ വന്നതോടെ ഏട്ടൻ ഇവിടെക്കുള്ള വരവും കുറച്ചു… ഒരിക്കൽ വന്നപ്പോൾ ഞാൻ കരഞ്ഞു, കാലു പിടിച്ചു എന്നിട്ടും മോളെ ഒന്നു തൊടാൻ പോലും അയാൾ തയ്യാറായില്ല….ഇവിടുത്തെ അമ്മയും അതേ സ്വന്തം മകന്റെ കുഞ്ഞാണ് എന്നു പോലും ഓർക്കാതെ എന്റെ മോളെ അകറ്റി നിർത്തി.. അമ്മയുടെ വാക്കിൽ നിന്നു അങ്ങോട്ടോ, ഇങ്ങോട്ടോ മാറാത്ത അനിയനും, ഭാര്യയും അമ്മക്കൊപ്പം തന്നെ നിന്നു…
ആകെ മനസ്സലിവ് ഉള്ളത് ഇവിടെ അച്ഛനാണ്.. പക്ഷെ അമ്മയെ പേടിച്ചു അച്ഛനും അധികം മിണ്ടാറും സംസാരിക്കാറും ഒന്നുമില്ല…
മോൾക്കു ഇപ്പൊ ഒന്നര വയസ്സായി… ഇപ്പോഴാണ് എന്റെ അച്ഛൻ അവധിക്കു നാട്ടിലെത്തിയതു.. മോൾക്കൊരു നല്ല ജീവിതം ലഭിക്കാൻ ആരുടെ കാലിൽ വീഴാനും തയ്യാറായി സന്ധി സംഭാഷണത്തിനു വന്ന അച്ഛനാണ് അപമാനിതനായി തലയും താഴ്ത്തി ഇവിടെ നിന്നു ഇറങ്ങി പോയത്..
ഓരോന്ന് ആലോചിച്ചപ്പോ ഒരു എത്തും പിടിയും കിട്ടാതെ ഭ്രാന്തു പിടിച്ചു തുടങ്ങി എനിക്ക്… അപ്പോഴേക്കും പാല് കുടിച്ചു കളിച്ചു കൊണ്ടിരുന്ന മോളു വിശന്നു കരയാൻ തുടങ്ങി.. മോളുടെ കരച്ചിൽ കേട്ടപ്പോഴാണെക്കു സത്യം പറഞ്ഞാൽ സ്ഥലകാലബോധം വന്നത്…
നോക്കുമ്പോൾ സമയം മൂന്നുമണി ആയിരിക്കുന്നു. കുഞ്ഞിന് എന്തെങ്കിലും കൊടുക്കാൻ വേണ്ടി അടുക്കളയിലേക്കു നടക്കുമ്പോൾ അമ്മയും അനിയനും ഹാളിൽ ഇരിപ്പുണ്ട്..
ഇവള് എന്നിവിടിടെ കയറി അന്ന് തൊട്ടു കുടുംബത്തിന്റെ സമാധാനം നശിച്ചു. ഇറങ്ങി പോയ്കൂടെ നശൂലത്തിനു .. അനിയന്റെ വാക്കുകൾ നല്ല ഉച്ചത്തിൽ തന്നെ ആയിരുന്നു..
ഇനിയും മറുപടി പറഞ്ഞില്ലെങ്കിൽ പിടിച്ചു നിൽക്കാൻ ആകില്ല എന്നു മനസ്സിലായ ഞാൻ അവനു നേരെ തിരിഞ്ഞു..
അതേ.. ഇറങ്ങിപ്പോകാൻ ഞാനിവിടെ വലിഞ്ഞു കേറി വന്നതൊന്നുമല്ല.. നിന്റെ ഏട്ടൻ താലികെട്ടി കൊണ്ടുവന്നതാ. പിന്നെയിതു നിന്റെ ഏട്ടന്റെ മോളാ…
ആർക്കറിയാം.. ആരുടെയാണെന്നു… എന്ന അമ്മയുടെ മറുപടിയും… മുഖമടിച്ചു അമ്മക്ക് ചേകിട്ടത്തോരു അടി കിട്ടുന്നതും ഒരുമിച്ചു ആയിരുന്നു…
നോക്കുമ്പോൾ അന്നുവരെ ഒന്നിലും ഇടപെടാതെ, അമ്മയെ പേടിച്ചു ഒതുങ്ങി കൂടിയിരുന്ന അച്ഛൻ…
മിണ്ടി പോകരുത് ഇനി ഒരാളുമിവിടെ.. .ഇവൾ എന്റെ മൂത്ത മരുമകളാ… ഇതെന്റെ കൊച്ചുമോളും… ഇനി അങ്ങനെ അല്ല എന്നാണ് നീ പറയുന്നതെങ്കിൽ എനിക്കു നീ പറഞ്ഞു തരേണ്ടി വരും നിന്റെ മൂത്ത മോന്റെ അച്ഛനാരാണെന്നു.. അച്ഛന്റെ ആ ചോദ്യം കേട്ടു വിശ്വസിക്കാൻ ആകാതെ എല്ലാവരും തരിച്ചു നിന്നു…
അന്നാദ്യമായി ഉച്ചത്തിൽ മുഴങ്ങി കേട്ട ആ ശബ്ദത്തിൽ വീടാകെ പ്രകമ്പനം കൊണ്ടു.
നാളുകൾക്കു ശേഷം അന്നാദ്യമായി എനിക്കാരോക്കെയോ ഉണ്ടെന്നൊരു തോന്നൽ… ജീവിക്കാനൊരു പ്രതീക്ഷ തോന്നി തുടങ്ങി.. ഒരു അഭയസ്ഥാനം അച്ഛനിൽ കാണുകയായിരുന്നു ഞാൻ.. അന്നുവരെ ഭാര്യയുടെ അടിമയായി മാത്രം ഞാൻ കണ്ട അച്ഛൻ… എന്തുകൊണ്ടൊക്കെയോ എന്റെ കണ്ണുകൾ നിറഞ്ഞു വന്നു…
പിന്നീട് അച്ഛനെനിക്കും, മോൾക്കും സംരക്ഷകനായി… എനിക്കു വേണ്ടാത്തവരെ അച്ഛനെന്തിനാണെന്നു ചോദിച്ച എന്റെ ഭർത്താവിനോട്… എനിക്കു മൂത്ത ഒരു മകൻ ഉണ്ടായിരുന്നു… അവൻ മരിച്ചു… ഇപ്പൊ ദൈവമായി ഒരു മോളെ തന്നു… എന്നു പറഞ്ഞ അച്ഛൻ ദൈവത്തോളം വലുതാകുകയായിരുന്നു എന്റെ മുന്നിൽ… സ്വന്തം മക്കളുടെ എന്തു തെറ്റും ന്യായീകരിക്കുന്നവരുടെ ഇടയിൽ ആകാശത്തോളം വലുതാവുക ആയിരുന്നു അദ്ദേഹം…
************
ഇപ്പോൾ രണ്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കുഞ്ഞാറ്റയെ സ്കൂളിൽ ചേർത്തു ഒപ്പം അച്ഛനെന്നെ ഡിഗ്രിക്ക് ചേർത്തു… മുടങ്ങി പോയ എന്റെ പഠിത്തം തുടരണം എന്നുള്ള തീരുമാനം അച്ഛന്റേതു തന്നെ ആയിരുന്നു..
പഠിച്ചു ഒരു ജോലിയായി ഞാൻ സ്വന്തം കാലിൽ നിൽക്കണം എന്നുള്ളത് എന്നേക്കാൾ അച്ഛന്റെ വാശി ആണ് . ഒന്നുടെ അച്ഛൻ ചെയ്തു മൂത്ത മകനായി മാറ്റി വെച്ച സ്വത്തിന്റെ ഷെയർ എന്റെയും മോളുടെയും പേരിൽ അച്ഛൻ എഴുതി വച്ചു….
ഇടക്കൊക്കെ സ്വന്തം വീട്ടിൽ പോയി രണ്ടുദിവസം നിൽക്കും ഇപ്പൊ പക്ഷെ എല്ലാരെക്കാളും എനിക്ക് വലുത് ഇവിടത്തെ അച്ഛൻ തന്നെയാണ്.
എന്റെ മോനെ ഇവിടെ ആരുമല്ലാത്തവൻ ആക്കിമാറ്റി എന്നു പറഞ്ഞു അമ്മയും.. ഇടക്കൊക്കെ അനിയനും കുത്തുവാക്കുകളുമായി വരാറുണ്ട്… എന്നോട് ഇഷ്ടമല്ലെങ്കിലും കുഞ്ഞാറ്റയെ ഇപ്പോൾ അവർ എടുക്കുന്നതും, കൊഞ്ചിക്കുന്നതുമൊന്നും ഞാൻ തടയാറില്ല.. ഈ സ്നേഹമൊക്കെ എന്റെ മോൾ വലുതായി അങ്ങട്ട് പോയി മിണ്ടാൻ തുടങ്ങിയപ്പോൾ ആണുട്ടോ ഉണ്ടായതു..
ഏട്ടനിപ്പോൾ ഡൽഹിയിൽ ആണ്.. വല്ലപ്പോഴും വന്നാലായി.. എന്നോടിപ്പോഴും വെറുപ്പാണ്.. ഞാനതൊന്നും ശ്രദ്ധിക്കാറില്ല.. വരുമ്പോൾ മോൾക്ക് എന്തെങ്കിലും ടോയ്സ് കൊണ്ടുകൊടുക്കുന്നതു കാണാം…
.മാതാപിതാക്കളെ അനുസരിക്കാതെ പ്രായത്തിന്റെ പക്വത കുറവിൽ എടുത്ത തെറ്റായ തീരുമാനത്തിന് ഞാൻ പകരം കൊടുക്കേണ്ടി വന്നതെന്റെ ജീവിതമാണ്…
എല്ലാം തകർന്നുപോയി എന്നു കരുതിയ സമയത്തെന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്,പഠിപ്പിച്ചത്… താങ്ങും തണലുമായി നിന്നത് ഈ അച്ഛനാണ്… അച്ഛനാണെന്റെ ദൈവം ..
ഇനി ഞാൻ ജീവിക്കും എന്റെ അച്ഛന്റെ സന്തോഷങ്ങൾക്കായി ഒപ്പം എന്നെപ്പോലൊരു പൊട്ടി പെണ്ണാകാതെ എന്റെ കുഞ്ഞാറ്റയെ പഠിപ്പിച്ചു അവളാഗ്രഹിക്കുന്ന ഉയരങ്ങളിലെത്തിക്കാൻ….
വലുതാകുമ്പോൾ എന്റെ മോൾക്ക് ചൂണ്ടി കാണിക്കാനൊരു മാതൃക ആയിരിക്കണം ഞാനെന്നു ഒരു വാശി എനിക്കുണ്ട്… അതിലെനിക്ക് ഇനിയും പഠിക്കണം.. ഉയരങ്ങിലെത്തണം…. അവഗണിച്ചവർക്ക് മുന്നിൽ ജീവിച്ചു കാണിക്കണം…
തണലും, കുളിർമയും ഏകി ഒരു വൻ വൃക്ഷമായി അച്ഛൻ ഞങ്ങൾക്കൊപ്പമുള്ളപ്പോൾ ഞാനും, എന്റെ കുഞ്ഞാറ്റയും ജീവിക്കും… ഞങ്ങളുടെ സ്വപ്നങ്ങൾക്കായി….