മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
അടികിട്ടിയ കവിൾ ഇടതുകരം കൊണ്ട് പൊത്തിപിടിച്ചുകൊണ്ട്അനന്യ അലക്ക്സിനെ നോക്കി. അടികിട്ടിയ അനന്യകും അടിച്ച അലക്ക്സിനും മാത്രം എന്താണ് കാര്യം എന്ന് അറിയൂ…ബാക്കിയുള്ളവരെല്ലാം അപ്പോഴും എന്തിനാണ് അലക്സ് അനുവിനെ തല്ലിയത് എന്നറിയാതെ രണ്ടുപേരെയും മാറി മാറി നോക്കി നിൽക്കുകയാണ്.
സോറി…അങ്കിൾ. ഇതൊരണം ഇവൾക്ക് കിട്ടേണ്ട ആവശ്യം ഉണ്ടായിരുന്നു. നേരത്തെ കൊടുക്കേണ്ടത് ആയിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ഇവൾ എന്നേ നന്നായേനെ….അനിരുദ്ധനെ നോക്കി ഒരു ക്ഷമയോടെ അലക്സ് പറഞ്ഞു. “അല്ല !!!അലക്സ്….ഇവൾ അതിന് …എന്ത് ചെയ്തെന്നാ നീ പറഞ്ഞുവരുന്നത്. അവിടെ നടന്നത് ഒന്നും മനസ്സിലാകാതെ അനിരുദ്ധൻ അലക്ക്സിനോട് ചോദിച്ചു”. അതെല്ലാം ഇവൾക്ക് നന്നായി അറിയാം അങ്കിൾ. അനന്യയെ നോക്കി അലക്സ് അതുപറയുമ്പോൾ ആരും ഒന്നും അറിയരുത് എന്ന യാചനയോടെ അനന്യയുടെ കണ്ണുകൾ അലക്ക്സിനെ നോക്കുകയായിരുന്നു.
ഹാ…..എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. ഒരടിയുടെ കുറവ് എന്റെ മോൾക്ക് ഉണ്ടായിരുന്നു. അതെന്തായാലും തീർന്നു കിട്ടി. ഇനി ഇതിന്റെ പേരിൽ ഇവിടെ ഉണ്ടായിരുന്ന സന്തോഷവും സമാധാനവും കൂടി കളയണ്ട. ഇതോടുകൂടി നിങ്ങൾക്കിടയിലെ എല്ലാ പ്രശ്നങ്ങളും തീരണം കേട്ടോ…അനിരുദ്ധൻ എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ അതുവരെ എല്ലാവരുടെയും മുഖത്തുണ്ടായ ടെൻഷൻ മാറി. എല്ലാവരിലും നല്ലൊരു ചിരി ഉണ്ടായി.
കുറേ നല്ല നിമിഷങ്ങൾ സമ്മാനിച്ച ആ ദിവസത്തിൽ ശ്രീനാഥിനും അനന്യക്കും ഇടയിൽ തമ്മിൽ ഉണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും തെറ്റിദ്ധാരണകളും അവിടെ അവസാനിച്ചിരുന്നു. ആ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ശ്രീനാഥും നന്ദയും അനന്യക്ക് പ്രിയപ്പെട്ടതായി മാറിയിരുന്നു
************************
നന്ദയുടെ ഇപ്പോഴത്തെ സ്ഥിതി അനുസരിച് ഇന്നു യാത്ര വേണ്ടന്ന് അനിരുദ്ധൻ പറഞ്ഞെങ്കിലും ഇന്നുതന്നെ തിരിച്ചെത്തണമെന്നുള്ളതിനാൽ ശ്രീനാഥും നന്ദയും എല്ലാവരോടും യാത്ര പറഞ്ഞു അവിടന്നിറങ്ങി. യാത്ര പറഞ്ഞിറങ്ങുമ്പോൾ ഒരിക്കലും പിരിയാൻ പറ്റാത്തവരെപോലെ നന്ദ അനന്യയുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറികഴിഞ്ഞിരുന്നു. കൈയിലെയും കാലിലെയും പ്ലാസ്റ്റർ മാറ്റി കഴിഞ്ഞാൽ ഉടനെതന്നെ കൃഷ്ണപുരത്തേക്ക് അലക്ക്ക്സിന്റെ കൂടെ ദേവകിടീച്ചറെ കാണാൻ വരുമെന്ന് ഉറപ്പ് കൊടുത്തിട്ടാണ് അനന്യയും അനിരുദ്ധനും അവരെ യാത്രയാക്കിയത്.
തിരിച്ചുള്ള യാത്രയിൽ ശ്രീനാഥ് വളരെ സന്തോഷവാനായി കാണപ്പെട്ടു. ഇത്രയും മാറ്റം ഒരിക്കലും അനന്യയിൽ നിന്നും പ്രതീഷിച്ചിരുന്നില്ല. ഇങ്ങോട്ട് വരുമ്പോൾ വീണ്ടും എന്തെങ്കിലും പ്രശ്നം അവൾ ഉണ്ടാകുമെന്നാണ് അവൻ കരുതിയിരുന്നത്. പക്ഷെ വിചാരിച്ചപോലെ ഒന്നും നടന്നില്ല എന്നുമാത്രമല്ല ,അതിനേക്കാൾ ഏറെ അവനെ സന്തോഷിപ്പിച്ചത് അനന്യയും , നന്ദയുമായുള്ള കൂട്ടായിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും എല്ലാം സന്തോഷകരമായിട്ട് പോയെങ്കിലും ഒരു സംശയം മാത്രം നന്ദയിൽ ബാക്കി നിന്നു. നന്ദയത് ശ്രീനാഥിനോട് ചോദിക്കുകയും ചെയ്തു.
അവൾ ചോദിക്കുന്നത് കേട്ട ശ്രീനാഥിന് അന്നേരം ഒരു ചിരിയാണ് വന്നത്. ആ ചിരിയുടെ അർത്ഥം അറിയാതെ നന്ദ അവനെ നോക്കി മുഖം കൂർപ്പിച്ചു. ഇതു കണ്ട ശ്രീനാഥ് അവളെ നോക്കി ചിരിച്ചുകൊണ്ട് ഏതാനും മണികൂർ മുന്ന് അലക്സ് അവനോട് പറഞ്ഞ കാര്യങ്ങൾ അവൻ നന്ദയോട് പറഞ്ഞു….നന്ദയുടെയും ശ്രീനാഥിന്റെയും കല്യാണം മുടക്കാൻ അനന്യ ശ്രമിച്ചിരുന്നു. അതുനടക്കാതെ വന്നപ്പോൾ തുടർന്നുള്ള അവരുടെ ജീവിതത്തിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ വേണ്ടി അനന്യയുടെ നിർദ്ദേശപ്രകാരം നന്ദയുടെ പുറകെ ഒരാളെ വിട്ടു, നന്ദയെ ഭയപ്പെടുത്താൻ വേണ്ടി…അതിന്റെ പേരിൽ അവന് നല്ലൊരു എമൗണ്ട് അവൾ ഓഫർ ചെയ്തിരുന്നു. താൻ ഹോസ്പിറ്റലിൽ നിന്നും മടങ്ങി വന്നാൽ എമൗണ്ട് തരാം എന്നായിരുന്നു കണ്ടിഷൻ.
പക്ഷെ…അവനെ നിരാശപ്പെടുത്തി പുതിയൊരു അനന്യയായിട്ടായിരുന്നു അവളുടെ തിരിച്ചുവരവ്. അതു മനസ്സിലാക്കിയ അവൻ മനഃപൂർവം സൃഷ്ടിച്ചതാണ് ഈ ആക്സിഡന്റ്. അത് അനന്യക്ക് അറിയാമായിരുന്നു. അതറിയാവുന്നതുകൊണ്ട് അവൾ മനഃപൂർവം അലക്സിൽ നിന്നും ഒളിപ്പിച്ചുവച്ചു. അവളറിയാതെ അലക്സ് അത് അന്വേഷിക്കുനത്തിനിടയിൽ ആണ് ട്രൈബൽ കോളനിയുടെ ഇഷ്യൂവന്ന് അവൻ അങ്ങോട്ട് പോയി. പോകുമ്പോൾ ഈ കേസ് ആരുമറിയാത്ത അന്വേഷിക്കാൻ മറ്റൊരാളെ ഏൽപ്പിച്ചിരുന്നു. അതിന്റെ വിവരങ്ങൾ ഇന്നു രാവിലെയാണ് അവനു കിട്ടിയത്. അവിടത്തെ പ്രശ്നങ്ങൾ ഒന്നു ഒതുങ്ങിയതുകൊണ്ട് അവൻ നേരെ ഇവിടേക്ക് പോന്നു. അവിടെ വന്നപ്പോൾ …നമ്മളെ കൂടി അവിടെ കണ്ടപ്പോൾ വീണ്ടും അവൾ എന്തെങ്കിലും കുഴപ്പം ഉണ്ടാക്കിയോ എന്നവൻ ചിന്തിച്ചു. അതോടുകൂടി അവന്റെ സകല നിയന്ത്രണങ്ങളും പോയി. അതാ അവൻ വന്നപാടെ കൈയോടുകൂടി അവൾക്ക് കൊടുത്തത്.
പിന്നീട് അങ്കിൾ പറഞ്ഞറിഞ്ഞാണ് അവനു കാര്യങ്ങളുടെ കിടപ്പുവശങ്ങൾ മനസ്സിലാക്കിയത്. പിന്നെ ചെയ്തുപോയതിൽ അവനൊരു കുറ്റബോധവും തോന്നിയില്ല. കാരണം അങ്കിൾ പറഞ്ഞപോലെ ഒരടിയുടെ കുറവ് അനന്യക്ക് ഉണ്ടായിരുന്നു. ശ്രീനാഥ് അതുപറഞ്ഞുകഴിഞ്ഞപോഴേക്കും നന്ദയിലും ഒരു ചിരി വിടർന്നു. ഏറെ നേരം വൈകി ശ്രീനിലയത്തിൽ എത്തിയ നന്ദയും , ശ്രീനാഥും കാണുന്നത് തങ്ങളുടെ വരവും നോക്കി ഉമ്മറത്തിരിക്കുന്ന ദേവകിയമ്മയെയാണ്. വണ്ടിയിൽ നിന്നിറങ്ങി ഉമ്മറത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടു സന്തോഷം കൊണ്ട് തിളങ്ങുന്ന അമ്മയുടെ മുഖം. അതുകണ്ടപ്പോൾ തന്നെ കാര്യം പിടികിട്ടി അലക്സ് വിളിച്ചു കാര്യങ്ങൾ എല്ലാം അറിയിച്ചിരിക്കുന്നു എന്ന്.
?????
രണ്ടുവര്ഷത്തിനു ശേഷം……ചെമ്പകശ്ശേരി തറവാട്ടിൽ വീണ്ടും ഒരു ആഘോഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. എന്താണെന്നോ…..നാളെയാണ് നമ്മുടെ ദേവൂന്റെയും, അനന്യയുടെയും കല്യാണം. ദേവൂന്റെ നേരത്തെ ഉറപ്പിച്ചതായിരുന്നു , വരൻ നമ്മുടെ കിരൺ…പിന്നെയുള്ളത് അനന്യ, അതും നിങ്ങൾക്ക് അറിയും നമ്മുടെ അലക്സ് ആണ് അനന്യയുടെ വരൻ. ഇവർ ഇങ്ങനെ സെറ്റ് ആയെന്നാകും ആലോചിക്കുന്നത് അല്ലെ….ശ്രീനാഥുമായുള്ള എല്ലാ പ്രശ്നങ്ങളും തീർന്നതിൽ പിന്നെ ഇടക്ക് നന്ദയെ കാണാൻ ശ്രീനിലയത്തിലേക്ക് വരുന്ന അനന്യക്ക് കൂട്ടു വന്നിരുന്നത് അലക്സ് ആണ്. അങ്ങനെ വന്നു വന്നു…പണ്ടെങ്ങോ അവളുടെ ഉള്ളിൽ ഉണ്ടായിരുന്ന പ്രണയം അവൾ അലക്ക്സിനോട് തുറന്നു പറഞ്ഞു. അതു കേട്ട മാത്രയിൽ തന്നെ അവന്റെ ഉള്ളിൽ ഉണ്ടായിരുന്ന അവളോടുള്ള പ്രണയവും അവനും തുറന്നു പറഞ്ഞു. അങ്ങനെ ആ യാത്രകളിൽ രണ്ടുപേരുടെയും പ്രണയം പൂവണിഞ്ഞു ദാ…. ഇപ്പോൾ കല്യാണത്തിൽ വന്നുനിന്നു.
പിന്നെ ….. കല്യാണം ഇവിടെ വച്ചു നടത്തുന്നത് അനന്യയുടെ നിർബന്ധപ്രകാരം ആണ്. അതിനും കാരണം നമുടെ നന്ദ തന്നെയാണ്. കൂടപ്പിറപ്പുകൾ തമ്മിലുള്ള സ്നേഹബദ്ധമാണ് അനന്യയെ അതിനു പ്രേരിപ്പിച്ചത്. നന്ദക്ക് ദേവു എങ്ങനെയാണോ അതുപോലെ തന്നെ ആയിരുന്നു അനന്യയും. തനിക്കു സ്നേഹിക്കാൻ ഒരു സഹോദരനോ , സഹോദരിയോ ഇല്ലാത്ത അനന്യയുടെ ജീവിതത്തിൽ ഇപ്പോൾ ശ്രീനാഥും നന്ദയും സ്വന്തം സഹോദരങ്ങൾ ആണ്. പിന്നെ അലക്ക്സിന് പറയത്തക്ക ബന്ധുക്കൾ ഇല്ലാത്തതിനാൽ ശ്രീനാഥിന് ഇഷ്ടം തന്റെ വീട്ടിൽ വച്ചു അലക്ക്സിന്റെ കല്യാണം നടത്തണം എന്നായിരുന്നു. അങ്ങനെ അനന്യയുടെ ആഗ്രഹപ്രകാരം അതും സാധ്യമായി.
അങ്ങനെ…..എല്ലാവരും ഓടി നടന്ന് തിരക്കു പിടിച്ചു നാളത്തേക്കുള്ള കാര്യങ്ങൾ ചെയ്തു തീർക്കുന്ന…ആ ബഹളത്തിനിടയിൽ രണ്ട് കുസൃതികുരുന്നുകൾ കുഞ്ഞു കുഞ്ഞു കറുമ്പുമായി ആ വീടുമുഴുവനും ഓടിനടക്കുകയാണ്. അവരുടെ കുറുമ്പുകളെ നിയന്ത്രിക്കാൻ വേണ്ടി പിന്നാലെ തന്നെ നന്ദയും ഉണ്ട്. എത്ര ഓടിയാലും അവരുടെ ഒപ്പം അവൾക്ക് എത്തിപ്പെടാൻ പറ്റില്ലായിരുന്നു . കാരണം അത്രക്കും കുറുമ്പ് രണ്ടാൾക്കും ഉണ്ടായിരുന്നു. കാര്യം മനസ്സിലായല്ലോ….ഈ ഓടി നടക്കുന്ന രണ്ടു കുഞ്ഞുങ്ങൾ നമ്മുടെ നന്ദയുടെയും ശ്രീനാഥിൻെറയും മക്കൾ ആണ്. ഒരു മിനിറ്റ് വ്യത്യാസത്തിന്റെ സമയത്തിൽ അവർക്കു ജനിച്ച ഒരു വയസ്സ് മാത്രം പ്രായമായ ശ്രീലക്ഷ്മി എന്ന ലച്ചുവും ,ശ്രീരാഗ് എന്ന കിച്ചുവും ആണ് ചെമ്പകശ്ശേരിയിലെ ഇപ്പോഴത്തെ താരങ്ങൾ.
കഴിഞ്ഞ മാസമായിരുന്നു രണ്ടുപേരുടെയും പക്ക പിറന്നാൾ കഴിഞ്ഞത്. ഒരു വയസ്സ് എത്തുന്നതിനു മുന്നേ തന്നെ അവർ നടക്കാൻ തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ നന്ദക്ക് പണിയൽപ്പം കൂടുതലായി എന്നുപറഞ്ഞാൽ മതിയല്ലോ…ഒരാളെ ഒന്നു പിടിച്ചിരുത്തി വരുമ്പോഴേക്കും മറ്റെയാൾ അപ്പോഴേക്കും ഓടിയിട്ടുണ്ടാകും. ഇതിന്റെ രണ്ടിന്റെയും നടുക്ക് നിന്ന് പണികിട്ടുന്നത് പാവം നമ്മുടെ നന്ദുട്ടിക്ക് ആണെന്ന് മാത്രം. അത്രക്കും കുറുമ്പ് ഉണ്ട് രണ്ടാൾക്കും…ഇങ്ങനെയൊക്കെ ആണെങ്കിലും എത്ര കുറുമ്പ് കാണിച്ചാലും നന്ദക്ക് മക്കളെ പിരിഞ്ഞിരിക്കാൻ പറ്റില്ല , തിരിച്ചു മക്കൾക്കും നന്ദയെ കാണാതിരിക്കാൻ പറ്റില്ല…അതുപോലെ തന്നെയാണ് ശ്രീനാഥിനും , നന്ദയും മക്കളും കഴിഞ്ഞേ ഇപ്പോൾ വേറെന്തും ഉള്ളു…
???????
പിറ്റേന്ന് രാവിലെ അനന്യയെയും ദേവൂനെയും അണിയിച്ചൊരുക്കി അവരെ മുറിയിലിരുത്തിയിട്ട് മീരയും നന്ദയും റെഡിയാകാൻ നിൽക്കുകയാണ്. ഇതിനകം മീരയും കല്യാണത്തിന് രണ്ടു ദിവസം മുന്നേ എത്തിയിരുന്നു. അപ്പോഴാണ് അവിടേക്ക് അച്ഛമ്മയുടെ കയ്യും പിടിച് ലച്ചും, കിച്ചും അകത്തേക്ക് കയറിവന്നത് . മ്മേ….രണ്ടാളും നീട്ടിവിളിച്ചു . വിളികേട്ട നന്ദ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഒരേപോലെ കളറുള്ള ഡ്രസ്സ് ധരിച്ചു നിൽക്കുന്ന ലച്ചും , കിച്ചും…ആഹാ….. അമ്മടെ ചക്കരകുട്ടികൾ റെഡിയായല്ലോ … ആരാ ….. മക്കളെ റെഡിയാക്കിയത് ? അവരുടെ അടുത്ത് ചെന്ന് മുന്നിൽ മുട്ടുകുത്തിനിന്നുകൊണ്ട് നന്ദ ചോദിച്ചു. ച്ഛാ….. ഒരേ സ്വരത്തിൽ രണ്ടാളും പറഞ്ഞു. ആന്നോ…. എന്നിട്ട് മ്മടെ അച്ഛാ എവിടെപ്പോയി . നന്ദയത് ചോദിച്ചതും രണ്ടാളും കൂടി അച്ഛനെ തപ്പി പുറത്തേക്ക് ഓടിപോയി .അതുകണ്ട ദേവകിയമ്മയും അവരുടെ പുറകെയും പോയി….
???????????
കുറച്ചു സമയം കഴിഞ്ഞതും കിരണും കുടുംബവും കൂടെ അലക്ക്സും ചെമ്പകശേരിയിലേക്ക് എത്തിച്ചേർന്നു. അലക്സ് കിരണിന്റെ കുടുംബത്തോടൊപ്പമാണ് വന്നത്. കല്യാണത്തിന് രണ്ടു ദിവസം മുന്നേ തന്നെ അനന്യയും, അനിരുദ്ധനും , അലക്ക്സും കൃഷ്ണപുരത്ത് എത്തിച്ചേർന്നിരുന്നു .അനന്യയും പപ്പയും ചെമ്പകശ്ശേരിയിലും, അലക്സ് കിരണിന്റെ കൂടെയും ആയിരുന്നു താമസിച്ചിരുന്നത്. ശ്രീനാഥിന് അലക്ക്സിനെ ശ്രീനിലയത്തിൽ താമസിപ്പിക്കാൻ ആയിരുന്നു താല്പര്യം, പക്ഷെ കിരൺ അതിനു സമ്മതിച്ചില്ല . കാരണം അലക്ക്സിന് ആരും ഇല്ല എന്ന തോന്നൽ ഇല്ലാതിരിക്കാനാണ് കിരൺ അലക്ക്സിനെ അവന്റ കൂടെ താമസിപ്പിച്ചത് .ദേവൂന്റെയും, അനന്യയുടെയും ആങ്ങളയുടെ സ്ഥാനത്തുനിന്നു ശ്രീനാഥ് കാറിൽ നിന്നു ഇറങ്ങിയ കിരണിനെയും അലക്ക്സിനെയും മണ്ഡപത്തിലേക്ക് സ്വീകരിച്ചിരുത്തി. വധുവിനെ വിളിച്ചോളാൻ പറഞ്ഞപ്പോൾ അച്ഛൻന്മാരുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയ ദേവൂനെയും , അനന്യയെയും കയ്യിൽ താലവും കൊടുത്ത് മണ്ഡപത്തിലേക്ക് നന്ദയും , മീരയും കൂടി ആനയിച്ചു കൊണ്ടുവന്നു അവരുടെ വരന്മാരുടെ അടുത്ത് ഇരുത്തി.
ഒരിക്കലും നടക്കില്ല എന്ന് കരുതിയ തന്റെ പ്രണയം പൂവണിയാൻ പോകുന്നതിന്റെ നിർവൃതിയിൽ അലക്ക്സിന്റെ മനസ്സും കണ്ണും ഒരേപോലെ നിറഞ്ഞു വന്നു . അലക്ക്സിന്റെ കണ്ണുകൾ നിറയുന്നത് കണ്ട ശ്രീനാഥ് അലക്ക്സിനെ നോക്കി സന്തോഷത്തോടെ ഇരിക്കാൻ കണ്ണുകൾകൊണ്ട് കാണിച്ചു. അതേസമയം കുഞ്ഞിലേ മുതലുള്ള തങ്ങളുടെ പ്രണയം പൂവണിയാണ് പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു കിരണും , ദേവും. ഏതാനും നിമിഷങ്ങൾക്കകം കിരണിന്റെ പേരുള്ള താലി ദേവൂന്റെ കഴുത്തിലും , അലക്ക്സിന്റെ പേരുള്ള താലി അനന്യയുടെ കഴുത്തിലും ചാർത്തിക്കഴിഞ്ഞിരുന്നു. പിന്നിടങ്ങോട്ട് ബാക്കിയെല്ലാം മുറപോലെ നടന്നു. ഫോട്ടോ എടുക്കലും , പരിചയപ്പെടലും സദ്യയുമൊക്കെയായി ആകെ ബഹളമയം ആയിരുന്നു . ഏതാനും മണിക്കൂറുകൾ കഴിഞ്ഞതും കിരണിനും ദേവുനും ഇറങ്ങാനുള്ള സമയം ആയി . വാസുദേവൻ കിരണിന്റെ കൈയിലേക്ക് ദേവൂനെ ഏല്പിക്കുമ്പോൾ ആ അച്ഛന്റെ കണ്ണുകളിൽ സന്തോഷത്തിന്റെ നീർകണങ്ങൾ നിറഞ്ഞുനിന്നിരുന്നു .
കാര്യം എന്നും പോകുന്ന അമ്മായിയുടെ വീട്ടിലേക്ക് താൻ പോകുന്നത് എങ്കിലും അറിയാതെ ഒരു നോവ് ദേവൂന്റെ കണ്ണിലും പടർന്നിരുന്നു. അച്ഛന്റെ അനുഗ്രഹത്തോടെ ദേവു കിരണിന്റെ കൂടെ യാത്രയാകുന്നത് നിറമിഴികളോടെ വാസുദേവനും , നന്ദയും നോക്കി നിന്നു .
???????
കല്യാണത്തിന്റെ ആളും ആരവങ്ങളും എല്ലാം ഒഴിഞ്ഞു ചെമ്പകശ്ശേരിയിലെ വീട്ടിൽ വാസുദേവൻ തനിച്ചയതിനാൽ നന്ദയുടെയും ശ്രീനാഥിന്റെയും നിർബന്ധപ്രകാരം വാസുദേവൻ അവരുടെ കൂടെ ശ്രീനിലയത്തിലേക്ക് പോയി. കല്യാണം കഴിഞ്ഞ ഉടനെ നാട്ടിലേക്ക് പോകണ്ട എന്നും ഒരാഴ്ച ശ്രീനിലയത്തിൽ താമസിച്ചതിനു ശേഷം പോയാൽ മതി എന്നുള്ള അനന്യയുടെയും ,അലക്ക്സിന്റെയും തീരുമാനം ശരിവച്ചുകൊണ്ട് അവരെ ശ്രീനിലയത്തിൽ ആക്കിയതിനു ശേഷം അനിരുദ്ധൻ അന്നുതന്നെ നാട്ടിലേക്ക് മടങ്ങി . “ഒരിക്കലും സാധ്യമാകില്ല എന്നു കരുതി വൈകിയ വേളയിൽ കയ്യിൽ വന്നുചേർന്ന പ്രണയത്തെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് പുതിയൊരു പ്രണയ വസന്തത്തെ വരവേൽക്കാൻ തയ്യാറായി അലക്ക്സും , അനന്യയും ആ രാത്രിയിൽ ഒന്നായി കൂടിച്ചേരുമ്പോൾ, അതേ സമയം തന്നെ മറുവശത്ത് ബാല്യകാലം മുതൽ പ്രണയിച്ച തന്റെ പ്രണയിനിയെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് മറ്റൊരു പ്രണയ വസന്തത്തെ വരവേൽക്കാൻ തയ്യാറായി കിരണും ദേവും ഒന്നാവുകയായിരുന്നു ആ രാത്രിയിൽ….”
അവസാനിച്ചു…