ഓണനിലാവ് – എഴുത്ത്: രമ്യ വിജീഷ്
“ന്റെ കൃഷ്ണാ നേരം പുലർന്നുല്ലോ… ഞാനിതെന്തൊരു ഉറക്കമാ ഉറങ്ങിയത്.. ഇനി ജോലികൾ തീർത്തു ഇറങ്ങുമ്പോൾ സമയം ഒരുപാടാകുമല്ലോ”…
സുഗന്ധി മുടിവരിക്കെട്ടിക്കൊണ്ടെണീറ്റു…
ഇനി ജോലികൾ തീർത്തിട്ടാവാം കുളി എന്നു മനസ്സിൽ വിചാരിച്ചു കൊണ്ടവൾ അടുക്കളയിലേക്കു പോയി…
“ആഹാ അച്ഛമ്മയോട് ആര് പറഞ്ഞു രാവിലെ തന്നെ അടുക്കളയിൽ കയറാൻ.. വയ്യാന്നൊരു വിചാരം പോലുമില്ല.. ആ നേരത്ത് എന്നെയൊന്നു വിളിച്ചു കൂടായിരുന്നോ. “അവൾ അച്ഛമ്മയോട് പരിഭവം പറഞ്ഞു…
“എന്റെ കുട്ടിക്കു നല്ല തളർച്ചയുണ്ട്.. കിടന്നോട്ടെന്നു കരുതിയാ ഉണര്തത്തിരുന്നത്… ചെറിയ ജോലികൾ ഒക്കെ ഈ അച്ഛമ്മക്ക് ചെയ്യാൻ ആകും.. മോളു പോയി കുളിച്ചു വാ.. അച്ഛമ്മ ചായ എടുത്തു വച്ചിട്ടുണ്ട് “
“ശരി അച്ചമ്മേ.. ഇന്ന് നേരത്തെ പോണം.. കടയിൽ നല്ല തിരക്കാ.. ഒന്നിരിക്കാൻ പോലും നേരം കിട്ടണില്ല… നിന്നു നിന്നു കാലിനൊക്കെ നല്ല വേദന “
“ന്റെ കണ്ണാ ന്റെ കുട്ടിയുടെ കഷ്ടപ്പാട് എന്നു തീരും “
“എന്റെ അച്ഛമ്മക്കുട്ടി കരയാൻ തുടങ്ങിയോ… വേഗം കഴിക്കാനോക്കെ എടുത്തു വയ്ക്കു.. കുറേ ആയി എന്റച്ചമ്മയുടെ കൈപുണ്ണ്യം ഒന്നറിഞ്ഞിട്ടു “അവൾ ചിരിച്ചുകൊണ്ടവരുടെ കവിളിൽ തഴുകി…
“മോളു പെട്ടെന്ന് റെഡി ആയി വാ.. അച്ഛമ്മയുടെ ചൂട് ദോശയും സാമ്പാറും റെഡി “അവർ കണ്ണുകൾ തുടച്ചുകൊണ്ട് ഉത്സാഹത്തോടെ പറഞ്ഞു…
“സുഗന്ധിയെ നീയൊരുങ്ങിയോ പെണ്ണേ.. ബസ് വരാറായി.. സമയത്തു ചെന്നില്ലേൽ ഇന്നും കേൾക്കാം ചീത്ത “
“ദാ വരുന്നു സുഭദ്രാച്ചി “അവൾ വിളിച്ചു പറഞ്ഞു..”അച്ചമ്മേ ഞാൻ വരാൻ വൈകും ട്ടോ.. കാണാണ്ടാവുമ്പോൾ വിഷമിക്കേണ്ട.. ഞാൻ ഇറങ്ങുവാ “
“ന്റെ കണ്ണാ ന്റെ കുട്ടിയെ കാത്തോണേ “അവർ നെഞ്ചിൽ കൈ വച്ചു പ്രാർത്ഥിച്ചു..
സുഗന്ധിയും സുഭദ്രയുംഅയൽക്കാരാണ്.. നഗരത്തിലെ ഒരു പ്രമുഖ തുണിക്കടയിലെ ജോലിക്കാരാണ്.. രണ്ടാഴ്ച കഴിഞ്ഞാൽ ഓണം ആണ്..
“വേഗം നടക്കാം പെണ്ണേ അല്ലേൽ ഇന്നും കിട്ടും വയറു നിറച്ചു “
“ശരി സുഭദ്രേച്ചി “അവർ നടത്തത്തിനു വേഗം കൂട്ടി…
അവർ നടന്നു ബസ് സ്റ്റോപ്പിലെത്തി…
“സുഗന്ധിയെ ഇന്നും എത്തിയിട്ടുണ്ടല്ലോ ആള്.. കോളടിച്ചല്ലോ മോളെ “
“ഒന്നു പതുക്കെ പറ സുഭദ്രേച്ചി.. ആളോള് കേൾക്കും.. അല്ലെങ്കിൽ തന്നെ ഇതൊക്കെ ശ്രധിക്കാന് എനിക്ക് പതിനെട്ടല്ലേ പ്രായം “
“ഉവ്വുവ്വേ “അവർ ചിരിച്ചു
സുഗന്ധി ബസ് സ്റ്റോപ്പിൽ തന്നെയും നോക്കി നിൽക്കുന്ന അയാളെ നോക്കി.. അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.. . കറുത്തിട്ടു നല്ല ഉയരവും അതിനൊത്ത വണ്ണവും ഉള്ള ഒരു മനുഷ്യൻ… താടിയും മുടിയും നീട്ടി വളർത്തിയിരിക്കുന്നു.. ഒരു വശം കോടിയുള്ള അയാളുടെ ചിരിയിൽ എന്തോ ഒരു വശ്യതയുണ്ട്.. കുറച്ചു ദിവസങ്ങളായി ഇയാൾ പുറകെയുണ്ട്.. മുൻപ് ഈ നാട്ടിൽ കണ്ടു പരിചയം ഇല്ല.. ബസ് ഒന്നു വന്നിരുന്നെങ്കിൽ… ആരെങ്കിലും കണ്ടാൽ… ആകെ കൂടി യുള്ള മുതൽ എന്നു പറയുന്നത് ആത്മാഭിമാനം ആണ്.. അതുകൂടി കളഞ്ഞു കുളിക്കേണ്ട…
“ഹാവൂ ബസ് വരുന്നുണ്ട് സുഗന്ധി
അതു കേട്ടാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്..
” ബസിനുള്ളിൽ കയറിയിട്ടും അവൾ വെറുതെ അയാൾ നിന്ന സ്ഥലത്തേയ്ക്ക് നോക്കി.. അവിടെ അവളുടെ നോട്ടം പ്രതീക്ഷിച്ചു പുഞ്ചിരിയോടെ അയാൾ നിൽപ്പുണ്ടായിരുന്നു.. സുഗന്ധിക്ക് ജാള്യത തോന്നി.. അവൾ പെട്ടെന്ന് മുഖം തിരിച്ചു…
സുഗന്ധിയും സുഭദ്രയും ഒരു സീറ്റിൽ ഇരുന്നു യാത്ര തുടങ്ങി… അര മണിക്കൂർ വേണം ടൗൺ എത്താൻ…
” കൃഷ്ണനും സുചിത്രയും വരുമോ സുഗന്ധി ഓണത്തിന് ” സുഭദ്ര അവളോടായി ചോദിച്ചു..
സുഗന്ധിയുടെ കണ്ണുകളിൽ പെട്ടെന്ന് നനവ് പടർന്നു… “ഇല്ല സുഭദ്രേച്ചി “
“ഉം ” അവർ മൂളി.. പിന്നെ അവർ രണ്ടു പേരും സംസാരിച്ചതേയില്ല…
കൃഷ്ണനും സുചിത്രയും സുഗന്ധിയുടെ ഇരട്ട സഹോദരങ്ങൾ ആണ്.. അവരുടെ പ്രസവത്തോടെ അമ്മ മരിച്ചു.. കുറച്ചു നാൾ കഴിഞ്ഞു ഒരു അപകടത്തിൽ പെട്ടു അച്ഛനും മരിച്ചു.. അച്ഛമ്മ ആയിരുന്നു ഏക ആശ്രയം… പല പണികളും ചെയ്തു അവർ കൊച്ചുമക്കളെ നോക്കി.. എന്നാൽ അവശത മൂലം അവർക്കു പണിക്കു പോകാൻ കഴിയാതെ വന്നു… കൊച്ചു സുഗന്ധി ഉത്തരവാദിത്തങ്ങൾ ഓരോന്നായി ഏറ്റെടുത്തു…പ്രായത്തിൽ പത്തു വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നു അവർ തമ്മിൽ… കടകളിലും മറ്റും ജോലിക്ക് പോയി… അച്ഛന്റെ ആക്സിഡന്റിൽ കിട്ടിയ കുറച്ചു തുക കൈവശം കിട്ടിയതും എല്ലാം കൂടി സൂക്ഷിച്ചു വച്ചു.. അവരെ പഠിപ്പിച്ചു.. നല്ല ജോലിയും കിട്ടി രണ്ടാൾക്കും… നല്ല വിവാഹബന്ധവും ഉണ്ടായി രണ്ടാൾക്കും.. എന്നാൽ സുഗാന്ധിക്കൊരു വിവാഹജീവിതം ഉണ്ടായില്ല.. പ്രായം നാല്പതിനോടടുക്കുന്നു… നല്ല ജീവിതം ഒക്കെ ലഭിച്ചപ്പോൾ സഹോദരങ്ങൾ അവളെയും അച്ഛമ്മയെയും ഒക്കെ മറന്നു തുടങ്ങി… ഒരു കാര്യത്തിനും അവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ അവളും ശ്രദ്ധിച്ചു.. ശബ്ദം കേൾക്കണോന്നു തോന്നുമ്പോൾ അങ്ങോട്ട് വിളിക്കും.. ഇപ്പോൾ ഫോൺ കേടായിട്ടു കുറെ ദിവസങ്ങൾ കഴിഞ്ഞു… നന്നാക്കാനോ പുതിയതൊന്ന് വാങ്ങിക്കാനോ കഴിഞ്ഞില്ല.. എത്രയോ വർഷങ്ങൾ കഴിഞ്ഞു ഒരുമിച്ച് ഓണം ഉണ്ടിട്ട്… അവൾ ഓർത്തു..
“ബസ് നിർത്തി.. ഇറങ്ങാം പെണ്ണേ ” അവൾ ചിന്തകളിൽ നിന്നും ഉണർന്നു.. കടയിൽ എത്തി പതിവുപോലെ അവരുടെ ജോലികൾ തുടർന്നു… ആളുകൾ വന്നും പോയും നിൽക്കുന്നു…അവർക്കിടയിൽ വീണ്ടും ആ ചിരി അവളെ തേടിയെത്തി…. നിറഞ്ഞ ചിരിയുമായി അടുത്തേക്ക് വന്ന അയാളെ കണ്ടു സുഭദ്ര അവളെ കണ്ണിറുക്കി കണിച്ചു.. അർത്ഥം വച്ചവൾ ചിരിച്ചു കൊണ്ട് തലയാട്ടി…
“എന്താ സാർ വേണ്ടത് ” ജാള്യത മറച്ചു വച്ചുകൊണ്ടവൾ ചോദിച്ചു…
“എനിക്ക് നല്ലൊരു സെറ്റ് മുണ്ട് വേണമായിരുന്നു “
അതുകേട്ടു അവൾ കുറേ സെറ്റുമുണ്ടുകൾ എടുത്തിട്ടു… അതിൽ പിങ്ക് കളർ ബോർഡറും കസവും ഉള്ള ഒരെണ്ണം അയാൾ സെലക്ട് ചെയ്തു… ഇടവിട്ട് ഉള്ള സമയങ്ങളിൽ പലപ്പോളായി അയാളുടെയും സുഗന്ധിയുടെയും കണ്ണുകൾ കോർത്തിണങ്ങി.. അയാളുടെ കണ്ണുകളിൽ തന്നോടൊരു വാത്സല്യം നിറയുന്നതവൾ അറിഞ്ഞു… അയാൾ പോയികഴിഞ്ഞപ്പോൾ സുഭദ്ര അടുത്തേക്കു വന്നു.. ” പെണ്ണേ സൂക്ഷിക്കണം കേട്ടോ ആരെന്നോ എന്തെന്നോ എന്നൊന്നും അറിയാത്തവരോട് അടുപ്പമൊന്നും വേണ്ട.. ഇന്നത്തെ കാലം അതാണ് “
“എനിക്കറിയാം സുഭദ്രേച്ചി. ഞാൻ അബദ്ധം ഒന്നും കാട്ടില്ല “അവൾ പറയുന്നത് കേട്ട് അവർ ചിരിച്ചു കൊണ്ടു തലയാട്ടി…
രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞു പോയി..സുഭദ്രയുടെ ഭർത്താവിന് പണിസ്ഥലത്തു വച്ചു ഒരു അപകടം പറ്റിയതിനെ തുടർന്നു സുഗന്ധി ഒറ്റയ്ക്കായി പോക്കും വരവും ഒക്കെ..നേരം വൈകിയുള്ള തിരിച്ചു വരവിൽ അവൾക്കു നല്ല ഭയമുണ്ട്.. എല്ലാ ദിവസവും അയാൾ അവളെയും കാത്ത് നിൽക്കും.. ഒറ്റയ്ക്കായിട്ട് കൂടി അവളോട് മിണ്ടാനോ പരിചയപ്പെടാനോ അയാൾ ശ്രമിച്ചില്ല… ഇരുട്ടി തിരിച്ചു വരുമ്പോളും അയാൾ ഉണ്ടാകും തന്റെ കുറച്ചു പുറകിലായി… അവൾക്കയാളോട് പേടി തോന്നിയേയില്ല.. അയാളുടെ കണ്ണുകളിൽ കാമം അവൾ തീരെ കണ്ടില്ല… പടിപ്പുരയോളം വരെയുള്ള ആ കൂട്ട് അവൾക്കാശ്വാസമായി… മനസ്സിൽ എവിടെയൊക്കെയോ അയാളോടുള്ള ഇഷ്ടം വളർന്നു.. അച്ഛമ്മയോടവൾ എല്ലാം പറഞ്ഞു… സുഗന്ധിയുടെ ഉള്ളിൽ പ്രണയം പൂക്കുന്നതവർ അറിഞ്ഞു… അവളുടെ ഓരോ പ്രഭാതവും ഉത്സാഹം നിറഞ്ഞതായിരുന്നു… ഉത്രാടനാളിൽ അവളെയും കാത്തു അയാൾ പതിവുപോലെ നിന്നു… സുഗാന്ധിക്കൊപ്പം നടന്നു… പടിപ്പുരവാതിലിൽ എത്തിയപ്പോൾ തന്റെ കയ്യിലിരുന്ന കവർ അയാൾ അവൾക്കു നേരെ നീട്ടി..
“സുഗന്ധി നീയിതു വാങ്ങു.. ഞാൻ അന്നു വാങ്ങിയ സെറ്റും മുണ്ടും ആണിത്.. നിനക്കിതു നന്നായി ചേരും.. ഞാൻ നിന്നെ പ്രണയിക്കുന്നു. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു.. നാളെ ഞാനുമുണ്ടാവും നിനക്കൊപ്പം ഓണമുണ്ണാൻ… “ഇത്രയും പറഞ്ഞു തിരിഞ്ഞു നോക്കുക പോലും ചെയ്യാതായാൾ നടന്നു നീങ്ങി…
സുഗന്ധിയുടെ കണ്ണുകൾ തിളങ്ങി… അന്നത്തെ രാത്രി അവൾക്കുറങ്ങാൻ കഴിഞ്ഞില്ല… നിലവിനോടവൾ കിന്നാരം പറഞ്ഞുകൊണ്ടിരുന്നു…പുലർച്ചെ കുളി കഴിഞ്ഞു അയാൾ നൽകിയ സെറ്റും മുണ്ടും അണിഞ്ഞു കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക്കു തന്നെ അതിശയം തോന്നി… ഞാനിത്രയും സുന്ദരി ആയിരുന്നോ.. പൂവുകൾ നുള്ളി പൂക്കളം ഒരുക്കി…സദ്യ വട്ടങ്ങളെല്ലാം ഒരുക്കി… അച്ഛമ്മയുടെ സഹായം എല്ലാത്തിനും ഉണ്ടായിരുന്നു… എത്രയോ കാലങ്ങൾ കൂടിയാണ് മുറ്റത്തൊരു പൂക്കളം ഇട്ടത്… കൃഷ്ണനും സുചിത്രക്കും ഒപ്പം പൂക്കളമിട്ടതും ഊഞ്ഞാൽ ആടിയതും സദ്യയുണ്ടതും ഒക്കെ ഓർത്തവൾ കരഞ്ഞു.. വരേണ്ട നേരം കഴിഞ്ഞിട്ടും അയാൾ എത്തിയില്ല.. പടിപ്പുരവാതിൽക്കൽ പലവട്ടം അയാളെ പ്രതീക്ഷിച്ചു കാത്തു നിന്നു.. അയാളെത്തിയില്ല…. സമയം കടന്നു പോയി… സുഗന്ധിക്ക് വല്ലാത്ത നിരാശ തോന്നി… ചതിക്കപ്പെടുവായിരുന്നോ താൻ… സുഭദ്രേച്ചി അന്നു പറഞ്ഞ വാക്കുകൾ അവൾ ഓർത്തു… എവിടെനിന്നോ വന്നു എങ്ങോട്ടോ പോയ ഒരാൾക്കുവേണ്ടി സദ്യയും ഒരുക്കി വേഷം കെട്ടി ഇരുന്ന താനൊരു പമ്പരവിഡ്ഢി തന്നെ… ഒരു പുരുഷന്റെ നെഞ്ചിലെ ചൂട് ഞാനും ആഗ്രഹിച്ചത് ഒരു തെറ്റാണോ? ഞാനും ഒരു പെണ്ണല്ലേ.. മാംസവും മജ്ജയുമുള്ള ഒരു പെണ്ണ്… ഒരു കുഞ്ഞിനെ മുലയൂട്ടാൻ എന്റെ മാറിടവും തുടിക്കുന്നുണ്ടായിരുന്നു.. സുഗന്ധി പൊട്ടി ക്കരഞ്ഞു പോയി… അവളെ ഒരു വാക്ക് പറഞ്ഞു സമാധാനിപ്പിക്കാൻ കഴിയാതെ അച്ഛമ്മയും നിസ്സഹായായി…
ഓണ നിലാവ് അവളെ നോക്കി കളിയാക്കി ചിരിക്കുന്നതായി തോന്നി..
നാട്ടുകാർ അയാളെയും അവളെയും ചേർത്ത് പല കഥകളും ഉണ്ടാക്കിയതവൾ അറിഞ്ഞില്ല…
ദിവസങ്ങൾ പലതും കടന്നുപോയി… ഓർമ്മയിൽ അയാളെപ്പോഴും കടന്നു വരും. ഇനി അയാൾക്കെന്തെങ്കിലും അപകടം പറ്റിയിട്ടുണ്ടാവുമോ…. അവൾക്കു ആധി കയറി…അറിയാൻ ഒരു വഴിയുമില്ല… തുണിക്കടയിൽ പോയി തുടങ്ങണം… മനസ്സിന്റെ വേദന കുറച്ചെങ്കിലും മാറി കിട്ടട്ടെ..
നടന്നു പോകുന്ന വഴിയിൽ ഒക്കെ സ്നേഹത്തോടെ സംസാരിച്ചിരുന്ന പലരും അവളെ വെറുപ്പോടെ നോക്കുന്നതവൾ അറിഞ്ഞു….പലരുടെയും കണ്ണുകളിൽ കാമം കത്തുന്നു…. ഒന്നും സഹിക്കാൻ കഴിയാതെ അവൾ തിരിച്ചു നടന്നു… വീട്ടിലെത്തി അച്ഛമ്മയെ കെട്ടിപിടിച്ചു പൊട്ടി ക്കരഞ്ഞു….
മുറ്റത്തു ആരുടെയൊക്കെയോ സംസാരം കേട്ടുകൊണ്ടാണവർ വന്നു നോക്കിയത്… കൃഷണനേം സുചിത്രായേം കണ്ടപ്പോൾ സന്തോഷം കൊണ്ടവൾ ഓടിച്ചെന്നു….
“ചേച്ചി എന്തായിതോക്കെ… നാട്ടുകാർ എന്തൊക്കെയാ പറഞ്ഞു നടക്കുന്നത്… നാണക്കേട് സഹിക്കാൻ വയ്യാതായല്ലോ.. ഏതോ ഒരുത്തന്റെ കൂടെ എന്റെ ചേച്ചിയെ എന്നും കാണുന്നുന്നു നാട്ടുകാർ… അവരൊക്കെ അറിയിച്ചിട്ടാ ഞങ്ങൾ ഇപ്പോൾ വന്നത്… അച്ഛമ്മ കൂടി അറിഞ്ഞാണോ ഇതെല്ലാം “
“വിചാരണ ചെയ്യാനാണെങ്കിലും എന്റെ മക്കളെ ഒന്നു കാണാൻ കഴിഞ്ഞല്ലോ… ചേച്ചിക്ക് സന്തോഷം ആയി കേട്ടോ..”അവൾക്കു കൂടുതൽ ഒന്നും പറയുവാൻ കഴിഞ്ഞില്ല…
“ന്റെ കുട്ടി ഒരു തെറ്റും ചെയ്തില്ല.. എനിക്കറിയാം അവളെ… ഞങ്ങൾ രണ്ടു പേര് ഉണ്ണുന്നുണ്ടോ ഉടുക്കുന്നുണ്ടോ എന്നൊന്നും അറിയാൻ പോലും നീയൊന്നും ഇതു വരെ വന്നില്ലല്ലോ ഈ വഴി… ഒരുപാട് കഷ്ടപ്പെട്ടു ആ പാവം.. നിന്നെയൊക്കെ പഠിപ്പിച്ച കടം പോലും തീർന്നില്ല ഇതു വരെ.. അതൊന്നും തിരക്കാൻ നേരമില്ല ആർക്കും.. എന്നിട്ടിപ്പോൾ ആരോ എന്തോ പറഞ്ഞുവെന്നു വച്ചു എന്റെ കുഞ്ഞിനെ വല്ലതും പറയാൻ വന്നാലുണ്ടല്ലോ… ഇറങ്ങി പോണുണ്ടോ രണ്ടാളും “
“അച്ചമ്മേ ” അച്ചമ്മേ വേണ്ട അവൾ അവരെ വിലക്കി….
“ആഹാ എല്ലാവരും ഉണ്ടല്ലോ ഇവിടെ “ശബ്ദം കേട്ട് അവരൊരുപോലെ തിരിഞ്ഞു നോക്കി…
കണ്മുന്നിൽ നിൽക്കുന്ന ആളെ കണ്ടു വിശ്വാസം വരാതെ സുഗന്ധി അച്ഛമ്മയുടെ കൈകളിൽ പിടിച്ചു….
ചിരിച്ചു കൊണ്ടു അയാൾ അവരുടെ അടുത്തേക്ക് വന്നു….
“സുഗന്ധി താൻ ക്ഷമിക്കണം കേട്ടോ… എനിക്ക് പറഞ്ഞ സമയത്തു വരാൻ പറ്റിയില്ല… തന്നെ കൂട്ടി കൊണ്ടു പോകാൻ തന്നെ ആയിരുന്നു ഞാൻ ശ്രമിച്ചത്… അപ്പോൾ ആണ് അമ്മക്കു സുഖം ഇല്ലാന്ന് അറിഞ്ഞത്.. തന്നോടൊരു വാക്ക് പറയാൻ പറ്റിയില്ല… അമ്മ ഹോസ്പിറ്റലിൽ ആയിരുന്നു… സഹോദരങ്ങൾ ഒക്കെ വേറെ ഉണ്ടെങ്കിലും ഞാനും നിന്നെ പ്പോലെ ഒറ്റപ്പെട്ടവൻ ആണ്.. അമ്മയെ പരിചരണം ഒക്കെ ആയി അവിടെ നിൽക്കേണ്ടി വന്നു.. അമ്മയോടെല്ലാം തുറന്നു പറഞ്ഞു.. അപ്പോൾ അമ്മയാ പറഞ്ഞത്… അന്തസ്സായി വന്നു തന്റെ അച്ഛമ്മയോട് പെണ്ണ് ചോദിക്കാൻ… ഒളിച്ചോടി പോകുന്ന പെണ്ണ് എന്നും പഴി കേൾക്കുമത്രേ.. പിന്നെ എന്റെ പെണ്ണ് എന്നെ കാത്തിരിക്കും എനിക്കറിയാമായിരുന്നു… തന്റെ കയ്യിൽ ഫോണില്ലാത്തതും ഒരു കാരണം ആയി “
അയാൾ പറയുന്നത് ഒരു സ്വപ്നം കാണുന്നത് പോലെ തോന്നി അവൾക്കു.. അയാളെ തെറ്റ് ധരിച്ചു പോയല്ലോ എന്നോർത്തവൾ പൊട്ടിക്കരഞ്ഞു….
“പോട്ടെടോ ഇനിയും കരയരുത്…. അടുത്ത നല്ലൊരു ശുഭമുഹൂർത്തത്തിൽ ഞാൻ നിന്നെ താലി ചാർത്തും… ഇനിയും ഒരുപാട് ഓണം ഒന്നിച്ചുണ്ണണം നമുക്ക്… കുറച്ചു കരഞ്ഞതൊക്കെ കൂടുതൽ സന്തോഷത്തിനായിരിക്കാം…
അവൾ അയാളുടെ മാറിൽ പറ്റിച്ചേർന്നു പുതിയ സ്വപ്നങ്ങൾ നെയ്തു തുടങ്ങി…