എഴുത്ത്: ചിലങ്ക ചിലങ്ക
ഹൃദയം തുറന്നു സ്നേഹിച്ചവനെ കൂട്ടുകാരി സ്വന്തം ആക്കിയത് കണ്ടു നിന്നിട്ടുണ്ടോ….?
കോളേജിലെ ഒറ്റപ്പെടലിൽ നിന്നും എനിക്ക് കിട്ടിയതാ രശ്മിയെ…ചങ്ക് ആണെന്ന് പറഞ്ഞാൽ പോരാ എന്റെ ജീവൻ ആയിരുന്നു അവൾ. എന്തിനും ഏതിനും കൂട്ട് നിൽക്കുന്ന കൂടപ്പിറപ്പു…എന്ത് കിട്ടിയാലും ആദ്യം കൊടുക്കുന്നത് അവൾക്ക.
അവളുടെ അച്ഛൻ കിടപ്പിൽ ആണ്. അമ്മ ആണേൽ വഴിവിട്ടു സഞ്ചരിക്കുന്ന ഒരാളും…അവളുടെ വീട്ടിലെ സാഹചര്യം കൊണ്ട് എന്നെ കൊണ്ട് ആവും വിധം എന്റെ കാര്യം പോലെ തന്നെ ഞാൻ അവളുടെ കാര്യവും നോക്കി. ഞങ്ങൾ തമ്മിൽ ഒരു രഹസ്യവും ഉണ്ടായിരുന്നില്ല. അവളെ കുറിച്ച് എഴുതാൻ വാക്കുകൾ ഇല്ല. എന്റെ എല്ലാം ആയിരുന്നു അവൾ.
അവളെ കുറിച്ച് ഇത്ര എഴുതിയത് എന്തിനാണെന്നോ ഈ ഇവളുടെ ചതി എനിക്ക് എത്ര മാത്രം ഉള്ളിൽ കൊണ്ടന്നു അറിയാൻ ആണ്.
കോളേജിൽ വെച്ച് ഇടക്കൊക്കെ ആ ഗുൽമോഹറിനു ചുവട്ടിൽ ഇരിക്കുമ്പോൾ ആരുടേയോ സാമിപ്യം എനിക്ക് കിട്ടാറുണ്ടായിരുന്നു. പലപ്പോഴും ഞാൻ അത് അവളോട് പറയുമ്പോൾ എന്നെ കളിആക്കാൻ മാത്രെ അവൾക്കു നേരം ഒള്ളൂ. എനിക്ക് പ്രിയപെട്ട എന്തോ ആ മരത്തിനു കീഴിൽ വന്നിരിക്കുമ്പോൾ എനിക്ക് അനുഭവപ്പെടാറുണ്ട്….
അവളുടെ അച്ഛന് പെട്ടന്ന് വയ്യാത്തത് കാരണം ഞാൻ അന്ന് ഒറ്റയ്ക്ക് ആണ് കോളേജിൽ വന്നേ .പതിവ് പോലെ ഗുൽമോഹറിനു കീഴിൽ വന്ന് കുട്ടികൾ ഫുട്‌ബോൾ കളിക്കുന്നതും നോക്കി ഇരുന്നു. “ഇന്ന് എന്ത് പറ്റി ഒറ്റയ്ക്ക് ആണല്ലോ….” ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ കറുപ്പ് ജുബയും നല്ല കറുത്തകര മുണ്ടും ഇട്ടു ഒരു ചേട്ടൻ. ഇങ്ങേരെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ….ദൈവേ ദേവട്ടൻ കോളേജ് ചെയർമാൻ…കറുപ്പ് എന്റെ ഇഷ്ടകളർ ആയത് കൊണ്ട് ഞാൻ ആ ഡ്രെസ്സിൽ തന്നെ കുറെ നേരം നോക്കി നിന്നു. മുഖത്തിനു നേരെ കൈ ഞൊടിച്ചപ്പോൾ ആണ് എനിക്ക് ബോധം വന്നേ…
“താൻ ഇവിടെ ഒന്നും അല്ലെ എന്ത് പറ്റി….” ദൈവമേ ആകെ ചമ്മിയല്ലോ….”സോറി ചേട്ടാ എനിക്ക് കറുപ്പ് കളർ എന്നാൽ ജീവൻ ആണ് അത് കൊണ്ടാ ഞാൻ നോക്കിയേ….” “ഏയ്യ് അത് സാരമില്ല. ഞാൻ ചോദിച്ചതിന് താൻ മറുപടി പറഞ്ഞില്ല. എവിടെ കൂട്ടുകാരി…?”
“അയ്യോ അതോ അവളുടെ അച്ഛന് ഒരു വയ്യായ്ക അവൾ ഹോസ്പിറ്റലിൽ പോയതാ. അല്ല ഞങ്ങളെ എങ്ങനെ ചേട്ടൻ അറിയും.” എന്റെ ചോദ്യം കേട്ടു ആള് നല്ല ചിരി. “എടൊ ഞാൻ നിങ്ങളുടെ പിറകെ എപ്പോളും ഉണ്ടാവും നിങ്ങൾ ആണ് എന്നെ കാണാത്ത…”
“അത് എന്തിനാ ഞങ്ങളുടെ പിറകെ നടക്കുന്നെ ” “അതോ ഇഷ്ടം ഉണ്ടായിട്ടു. വളച്ചു കെട്ടാതെ കാര്യം പറയാം. ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് തന്നെ ഇഷ്ടം ആയി. നേരിട്ടു പറയാൻ കൂട്ടുകാരി ഒഴിഞ്ഞു നേരം വേണ്ടേ. അതാ ആള് ഇന്ന് വരാത്തത് കൊണ്ട് ഓടി വന്ന് പറഞ്ഞെ. പെട്ടന്ന് വേണം മറുപടി ഞാൻ കാത്തിരിക്കും ” എന്നും പറഞ്ഞു അങ്ങേരു ഒറ്റ പോക്ക്.
ദൈവേ ….ഞാൻ എന്റെ കൈ തന്നെ ഒന്ന് നുള്ളി നോക്കി. വേദന ഉണ്ട് അപ്പൊ നുണ അല്ല…എന്താ ഇപ്പോൾ ഉണ്ടായേ…ആളെ അവിടെ ഒക്കെ നോക്കിയിട്ടു കാണാനും ഇല്ല.
അന്ന് രാത്രി ഉറക്കം എന്റെ ഏഴ്അയലത്ത് പോലും വന്നില്ല. ആദ്യമായി ആണ് ഇങ്ങനെ ഒരു അനുഭവം. കോളേജിൽ ചേർന്നപ്പോൾ കേൾക്കുന്ന പേരാണ് ദേവൻ എന്ന്. ഒരിക്കൽ ക്ലാസ്സിൽ വന്നത് ഒഴിച്ചാൽ ആളെ കാണൽ കുറവാണ്. എന്നാലും എപ്പോളോ മുന്നിൽ നെഞ്ചും വിരിച്ചു കൊടിയും പിടിച്ചു ഒറ്റയാനെ പോലെ നടക്കുന്ന ആ മുഖം പല രാത്രികളിലും എന്റെ ഉറക്കം കെടുത്താറുണ്ട്. പറയാത്ത ഒരിഷ്ടം ഉണ്ടായിരുന്നു ആളോട്. ആ ആൾ ആണ് എന്നോട് ഇങ്ങോട്ടു വന്ന് ഇഷ്ടം പറഞ്ഞെ…എത്രയും പെട്ടന്ന് നാളെ അയാൽ മതിയായിരുന്നു. അവളെ കാണണം കാര്യം പറയണം….പുലർച്ചെ എപ്പോളോ ആണ് ഉറങ്ങിയേ…
രാവിലെ അമ്മയുടെ ചീത്തയും കേട്ടു ആണ് ഉണർന്നെ. വേഗം റെഡിയായി കോളേജിലേക്ക് പോയി. എന്നെത്തെയും പോലെ കോളേജ്ഗേറ്റിൽ അവൾ നില്പുണ്ട്….”എന്ത് പറ്റിയടി ആകെ ഒരു വെപ്രാളം നിന്നെ വല്ല പട്ടിയും ഓടിച്ചോ ” അല്ല എന്റെ കിതപ്പ് കണ്ടാൽ അവൾ അത് ചോദിച്ചില്ലേൽ അല്ലെ അത്ഭുതം. അവളെയും പിടിച്ചു ഗുൽമോഹറിനു കീഴിൽ പോയി ഇന്നലെ നടന്ന കാര്യം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവളുടെ ഒരു നിൽപ്പ്….
അവളെ കുറ്റം പറയാൻ പറ്റില്ല…ആളെ കൊതിക്കാത്ത പെണ്ണില്ല കോളേജിൽ. പെണ്ണിനെ തട്ടി വിളിച്ചപ്പോൾ അവൾ ആദ്യം അവളുടെ കൈ തന്നെ ഒരു പിച്ച്….”യോ വേദന ഉണ്ട് അപ്പൊ സത്യം ആണോടി ഇതു…” ആടി സത്യം ആണ് ഞാൻ എന്താ ആളോട് പറയാ ” “എന്ത് പറയാൻ ആളെ ഇഷ്ടം ആണെന്ന് പറയാ. ആളെ കൊത്തികൊണ്ട് പോവാൻ ആളുകൾ ക്യു ആണ്. കൈ വിട്ടു കളയല്ലേ വേഗം പോയി പറ പെണ്ണേ….അന്ന് ആളെ ഞങ്ങൾ കുറെ തിരഞ്ഞു. കാണാൻ പറ്റിയില്ല, എന്തോ മീറ്റിംഗ് ആയി ആള് എങ്ങോട്ടോ പോയി.
പിറ്റേന്ന് അവളെക്കാൾ മുന്നേ കോളേജിൽ വന്ന് ഗുൽമോഹറിനു കീഴിൽ ഇരിക്കുമ്പോൾ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു, ദേവേട്ടൻ ഇഷ്ടം പറയാൻ വന്നപ്പോൾ തൊട്ട് പ്രിയപെട്ട ആ സാമിപ്യം എനിക്ക് കിട്ടാതെ ആയി. അതിനു അർത്ഥം ദേവേട്ടൻ ആണ് ആ സാമിപ്യം എന്നല്ലേ…അതെ അങ്ങനെ തന്നെ ആണ്. പിന്നിൽ ആളനക്കം തോന്നിയപ്പോൾ ഉറപ്പായി അത് ദേവേട്ടൻ ആണെന്ന്. ആൾക്ക് തോന്നിയ ഇഷ്ടം തിരിച്ചു എനിക്ക് അങ്ങോട്ടും ഉണ്ട് എന്ന് പറഞ്ഞപ്പോൾ ആളുടെ സന്തോഷം ഒന്ന് കാണണം.
പിന്നെ അങ്ങോട്ട് ഞങ്ങളുടെ ദിവസങ്ങൾ ആയിരുന്നു. രശ്മിയെ കൂടെ കൂട്ടി ആയിരുന്നു ഞങ്ങൾ മിണ്ടാറും കാണാറും എല്ലാം. എന്റെ കൂടെ അവൾ വേണം എന്നുള്ളത് എന്റെ ഒരു ആഗ്രഹം തന്നെ ആയിരുന്നു. ദേവേട്ടന് അത് ഒന്നും കുഴപ്പം ഇല്ലായിരുന്നു. വർഷങ്ങൾ മാറി മറിഞ്ഞു. സീനിയർ ആയ ആളുടെ അഭാവം അറിക്കാതെ രശ്മി എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. പിന്നെ ഞങ്ങൾ ഫോണിൽ കൂടെ പ്രണയിച്ചു.
എവിടെ ആണ് എനിക്ക് തെറ്റ് പറ്റിയത്. ആ നശിച്ച ദിവസം ഞാൻ ഇന്നും ഓർക്കുന്നു.
പെട്ടന്ന് ഒരു ദിവസം ഹോസ്പിറ്റലിൽ കിടക്കുന്ന അവളുടെ അച്ഛന് ബ്ലഡ് ആവിശ്യം വന്നു. ഞാൻ ആണേൽ ജോലികിട്ടി ബോംബെഉള്ള ആന്റിയുടെ വീട്ടിൽ ആയിരുന്നു അന്ന്…ദേവേട്ടനോട് കാര്യം പറഞ്ഞപ്പോൾ ആള് എല്ലാം ശെരിആക്കാം നീ പേടിക്കണ്ട എന്നൊക്കെ പറഞ്ഞു. രണ്ടു പേർക്കും ഞാൻ നമ്പർ അയച്ചു കൊടുത്തു. അത്യാവശ്യത്തിനു കാശും…
എനിക്ക് ആന്റി ആണ് അവിടെ ജോലി ശെരിയാക്കിതന്നെ അവൾക്കു കൂടി ഒരു ജോലി ഞാൻ അവിടെ തന്നെ നോക്കി. എന്നാൽ ഒന്നും അങ്ങട്ട് ശെരിയായില്ല…ജോലിതിരക്ക് കാരണം നാട്ടിലേക്കു വിളി ഒന്നും ശെരിക്കു നടന്നില്ല. എന്നാലും എന്നെ കൊണ്ട് ആവും പോലെ ഞാൻ ഏട്ടനോട് സംസാരിച്ചു. അവളുടെ കാര്യങ്ങൾ മുടക്കം വരാതെ ഇരിക്കാൻ അവളുടെ അക്കൗണ്ടിൽ പൈസ അയച്ചു കൊടുത്തു. അത് പോലെ ഏട്ടനും……ഏട്ടനും ഒരു ജോലി നോക്കണം എന്നീട്ടു വേണം വീട്ടിൽ പറയാൻ എന്നൊക്കെ കരുതി.
അങ്ങനെ ഇരിക്കെ ഒരു ഓണ അവധിക്ക് ആരോടും പറയാതെ ഞാൻ നാട്ടിലേക്കു പോയി. എല്ലാർക്കും ഒരു സർപ്രൈസ് ആവണം എന്ന് കരുതി. വീട്ടിൽ എല്ലാവർക്കും ഭയങ്കര സന്തോഷം. ഉച്ചഊണ് ഒക്കെ കഴിഞ്ഞു രശ്മിയെ കാണാൻ ഞാൻ പുറപ്പെട്ടു അവൾക്കും വീട്ടുകാർക്കും ഡ്രസ്സ് ഒക്കെ എടുത്തു. അവളുടെ വീട്ടിൽ പോയപ്പോ അവളില്ല അവിടെ…ഫോൺ മറന്നു വെച്ചു അവൾ ആരെയോ കാണാൻ പോയി എന്ന് അവളുടെ അമ്മ പറഞ്ഞു.
ടേബിളിൽ ഉള്ള അവളുടെ ഫോൺ കയ്യിൽ എടുത്തു ചുമ്മാ അതിലെ ഫോട്ടോ ഒക്കെ നോക്കി ഇഷ്ടപെട്ട ചില ഫോട്ടോ എന്റെ ഫോണിലേക്ക് അയച്ചു ഫോൺ തിരിച്ചു വെക്കുബോൾ ആണ് അവളുടെ വാട്ട്‌ആപ്പ് എന്റെ കണ്ണിൽ പെട്ടെ…ദേവേട്ടനും ആയുള്ള ചാറ്റ്…ചില ഭാഗങ്ങൾ ക്ലിയർ ചെയ്യ്തു….കണ്ണിൽ ആകെ ഇരുട്ടു കേറും പോലെ. രശ്മി എന്ന് മാത്രം വിളിച്ചു കേട്ട അവൾക്കു ആളു ഇട്ട പേര് ഉണ്ണിമോൾ. എന്നെ പോലും ഇത്ര ഇഷ്ട്ടത്തോടെ ആള് വിളിച്ചിട്ടില്ല. ഒരു ഗിഫ്റ്റ് പോലും വാങ്ങി കാശു കളയണ്ട എന്ന് കരുതി ആളെ ഞാൻ ഒന്നിനും ബുദ്ധിമുട്ടിചിട്ടില്ല. ആ ആള് അവൾക്കു റീചാർജ് ചെയ്യട്ടെ എന്ന മെസ്സേജ്. പല ഭാഗവും ക്ലിയർ ആണ്. അപ്പോളും എന്റെ മനസ് അതൊന്നും വിശ്വസിച്ചില്ല. അവർ തമ്മിൽ ഒന്നും ഇല്ലന്ന് മനസ്സിൽ പറഞ്ഞു.
മുറ്റത്തു ബൈക്കിന്റെ സൗണ്ട് കേട്ടപ്പോൾ ഞാൻ ജനലിൽ കൂടെ നോക്കി. വിശ്വാസം വരാതെ പിന്നെയും പിന്നെയും നോക്കി, അതെ ദേവേട്ടൻ തന്നെ കൂടെ അവളും…ചിരിച്ചു കളിച്ചു ബൈക്കിൽ നിന്നും ഇറങ്ങുന്നു. “മോള് ആരോടും പറയണ്ട രണ്ടു പേരും ഭയങ്കര പ്രേമം ആണ്. വീട്ടിൽ ചിലവിനു തരുന്നത് ആ കൊച്ചൻ ആണ്. ഇവിടുത്തെ സ്ഥിതി മോൾക്ക് അറിയാലോ…ഞാൻ ചിലതു ഒക്കെ കണ്ണടച്ച് കൊടുക്കാറുണ്ട്. വീട്ടിൽ വന്നാൽ രണ്ടു പേരും റൂമിൽ കേറി കതക് അടച്ചു വാർത്തമാനം പറയും. ഞാൻ അതിനൊന്നും ഒന്നും പറയാറില്ല….”
ഭൂമി പൊളിഞ്ഞു അതിനകത്തു പോയാലോ എന്നു വരെ തോന്നി എനിക്ക്…ദേവേട്ടന്റെ കയ്യും പിടിച്ചു അവൾ റൂമിൽ കേറി കതക് അടച്ചു. ഞാൻ ഇവിടെ ഉണ്ടെന്നു പറയാൻ പോയ അവളുടെ അമ്മയെ ഞാൻ തടഞ്ഞു. “അങ്ങേർക്കു പെട്ടന്നു ഹോസ്പിറ്റലിൽ വെച്ചു രക്തം വേണം എന്ന് പറഞ്ഞപ്പോൾ സഹായിച്ചത് ആ കൊച്ചു ആണ്. അന്ന് അവിടെ കൂടെ നിന്ന് ഹോസ്പിറ്റലിൽ ബില്ല് ഒക്കെ അടച്ചത് അവനാ…പിന്നെ പിന്നെ അച്ഛന്റെ കാര്യം അനേഷിച്ചു വരും. ഇടക്ക് രണ്ടു പേരും ഒരുമിച്ചു പോവും. വൈകി കേറി വരും. വീട്ടിലെ കാര്യങ്ങൾ ഒക്കെ മുറക്ക് നടന്നു. പിന്നെ എനിക്കെന്താ…അവരുടെ ഇഷ്ടം അല്ലേ…പൈസ ആയി ആ കൊച്ചൻ മാസം മാസം വരും. മോൾ ആയോണ്ട് പറയാം….കുറച്ചു ദിവസങ്ങൾ ആയി രാത്രി ആ കൊച്ചൻ ഇവിടെ ആണ് കിടത്തം…”
പറയാൻ വാക്കുകൾ കിട്ടിയില്ല. നല്ല കനം ഉള്ള കല്ല് ചൂട് ആക്കി നെഞ്ചിൽ കേറ്റി വെച്ചാൽ എങ്ങനെ ഇരിക്കും ,അതെ അവസ്ഥ ആയിരുന്നു എന്റെ…റൂമിനു അകത്ത് നിന്നും ചിരികളും സീൽക്കാരങ്ങളും കേൾക്കുന്നു. ഇനിയും കേട്ട് നിൽക്കാൻ ശക്തി ഇല്ലാതെ ആ വാതിൽ മുന്നിൽ പോയി തട്ടി വിളിച്ചു. ഇത്തിരി നേരം കഴിഞ്ഞു മുടിയും വാരികെട്ടി എന്താ അമ്മേ ഇതു എന്നും ഇല്ലാത്ത ഒരു പതിവ് എന്നും പറഞ്ഞു രശ്മി ഇറങ്ങി വന്നു. റൂമിനു വെളിയിൽ നിൽക്കുന്ന എന്നെ കണ്ടു എന്ത് ചെയ്യണം എന്നു അറിയാതെ ഉരുകി ഒലിച്ചു നിൽക്കാ അവള്….റൂമിനു അകത്തു കേറിയപ്പോൾ അവിടെയും സ്ഥിതി മോശം അല്ല….
കൈ കെട്ടി രണ്ടു പേരുടേം മുഖത്തു നോക്കി തന്നെ പറഞ്ഞു….”രണ്ടു പേരുടെയും അക്കൗണ്ടിൽ ഇതു വരെ ഞാൻ ഇട്ട പൈസ രണ്ടു ദിവസത്തിനു ഉള്ളിൽ എന്റെ അക്കൗണ്ടിൽ തന്നെ തിരികെ വരണം ഇല്ലേൽ…..ഇല്ലേൽ ഇതു വരെ കാണാത്ത എന്റെ മറ്റൊരു മുഖം നിങ്ങൾ കാണും…” അപ്പോളോക്കെ കരയാതെ പിടിച്ചു നിൽക്കാൻ ഞാൻ ശ്രമിച്ചു. ഒന്നും അറിയാതെ കിടക്കുന്ന അവളുടെ അച്ഛന് കാൽ ചുവട്ടിൽ ഞാൻ കൊണ്ട് വന്ന മുണ്ട് വെച്ചു ആ പടി ഞാൻ ഇറങ്ങി. തിരിഞ്ഞു നോക്കാതെ ഇരിക്കാൻ ഞാൻ എന്നെ തന്നെ ചട്ടം കെട്ടി. തിരിച്ചു വരുന്ന വഴി മാനം മറക്കാൻ തുന്നി കൂട്ടിയ തുണിയും വാരിചുറ്റിയ ആ അമ്മക്ക് ഞാൻ എന്റെ കയ്യിൽ ഉള്ള ബാക്കി വന്ന ഡ്രസ്സ് കൊടുത്തു. ഇവർക്ക് ആണ് ഈ ഡ്രെസ്സിനു അർഹത….
കോളേജ് ഗേറ്റ് കടന്നു ആ ഗുൽമോഹറിനു കീഴിൽഇരുന്നു. പിടിച്ചു നിർത്തിയ കണ്ണീർ ചാലുകണക്കെ ഒഴുക്കി കളഞ്ഞു. ഇനി അവർക്കു വേണ്ടി ഒരു തുള്ളി കണ്ണീർ പോലും ഞാൻ കളയില്ല എന്ന് സത്യം ചെയ്യ്തു. അങ്ങനെ ഇരിക്കുമ്പോൾ ആണ് പണ്ടെങ്ങോ നഷ്ടം ആയ ആ പ്രിയപെട്ട ആരുടെയോ സാമിപ്യം എനിക്ക് അനുഭവപെട്ടത്…തിരിഞ്ഞു നോക്കുമ്പോൾ കണ്ടു താടിയും മുടിയും വളർത്തി തിരിച്ചു അറിയാൻ പറ്റാത്ത കോലത്തിൽ പ്രവിഏട്ടൻ, ദേവേട്ടന്റെ കൂട്ടുകാരൻ ആണ്.
“കോളേജ് ഗേറ്റ് കടന്നു നിന്റെ കാൽ ഈ മണ്ണിൽ കുത്തിയത് മുതൽ ഞാൻ നിന്റെ പിറകിൽ ഉണ്ട് ഒരു നിഴലു പോലെ…ഇഷ്ടം പറയാൻ വന്നപ്പോൾ എല്ലാം ഓരോ കാരണങ്ങൾ കൊണ്ട് അതൊന്നും നടന്നില്ല. അതിനു അവസരം വന്നപ്പോൾ ഓടി വന്ന ഞാൻ കാണുന്നത് നിന്നോട് ഇഷ്ടം പറയുന്ന ദേവിനെ ആണ്…കൂട്ടുകാരൻ അല്ലെ, അവന്റെ പെണ്ണെന്നു നൂറു ആവർത്തി മനസിനെ പറഞ്ഞെങ്കിലും കേട്ടില്ല….ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്നു. കിട്ടില്ല എങ്കിലും സുഖമുള്ള ഒരു നോവായി എന്നും വരും ഈ ഗുൽമോഹറിനു ചുവട്ടിൽ…ഇവിടെ ആണ് എന്റെ പ്രിയപെട്ടവളുടെ ഓർമ ഉള്ളെ, ഇന്നും അങ്ങനെ വന്നതാ, അപ്പോള…..” വാക്കുകൾക്കു വേണ്ടി തിരച്ചിൽ നടത്തുന്ന ആ മനുഷ്യനെ ഞാൻ അത്ഭുതതോട് കൂടെ നോക്കി.
ഇത്രയും നശിച്ച ഒരു ദിവസത്തിൽ ഞാൻ എന്താ അങ്ങേരോട് പറയാ…..ഞാൻ പോവാ എന്നും പറഞ്ഞു അവിടെ നിന്നും തിരിച്ചു പൊന്നു. വീട്ടിൽ എത്തി വീണ്ടും മതിയാവും വരെ കരഞ്ഞു. തിരിച്ചു പോണം ബോംബെക്ക് തിരക്കുകളിൽ പെടണം ഓർമകൾ കടന്നു വരാത്ത അത്ര തിരക്ക്…..
******************
ബോംബെതിരക്കിൽ എത്ര വേണ്ടെന്നു വെച്ചിട്ടും പ്രവിഏട്ടന്റെ ഓർമകൾ ഓടി വരും. പറഞ്ഞ പോലെ രണ്ടു ദിവസത്തിന് ഉള്ളിൽ എന്റെ കാശു എന്റെ അക്കൗണ്ടിൽ തന്നെ വന്നു. പിന്നീട് അറിഞ്ഞു രശ്മി അമ്മയുടെ വഴി തന്നെ തിരഞ്ഞെടുത്തു എന്ന് ദേവൻ. മനഃപൂർവം തന്നെ അനേഷിച്ചില്ല….
ആ സംഭവം നടന്നു വർഷം ഒന്ന് കഴിഞ്ഞു. ഒന്നൂടെ നാട്ടിലേക്ക് പോയി കോളേജ് ഗേറ്റ് കടന്നു ഗുൽമോഹറിനു കീഴിൽ ഞാൻ വന്നിരുന്നു. കൂടെ ഇരിക്കാൻ വരുന്ന ആ പ്രിയപെട്ട ആളുടെ സാമിപ്യവും കാത്തു…