വൈകി വന്ന വസന്തം – ഭാഗം 22, എഴുത്ത്: രമ്യ സജീവ്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഹലോ ” “ഹലോ ശ്രീനാഥ്‌ ചേട്ടൻ അല്ലേ…? ഞാൻ അനന്യയാണ്.”

മറുതലക്കൽ നിന്നുമുള്ള ആ ശബ്‍ദം കേട്ടതും   ശ്രീനാഥിന്റെ ചെവിയോട് ചേർന്ന് അവന്റെ കയ്യിലിരുന്ന ഫോൺ താഴെ വീഴാൻ പോയതും അടുത്തുനിന്നിരുന്ന നന്ദ അതു കണ്ടുതുകൊണ്ട് വേഗം ഫോൺ പിടിച്ചു. “ശ്രീയേട്ടാ” നന്ദ വിളിച്ചു. ഒരു മിണ്ടാട്ടവും  ഇല്ലാതെ നിൽക്കുന്ന മോനെ കണ്ട് ദേവകിയമ്മ അവനെ തട്ടി വിളിച്ചു. “ഉണ്ണി..”….ആരാ ..വിളിച്ചത്? നീയെന്താ ഒന്നും മിണ്ടാതിരിക്കുന്നത് ?

“അത്….അത്…..അവൾ……”അനന്യ”…അവനതുപറഞ്ഞതും നന്ദയും അമ്മയും പരസ്പരം നോക്കി. അവരുടെ മുഖത്ത് ഭീതി നിഴലിച്ചിരുന്നു. ആർക്കും ഒന്നും മിണ്ടാനാകാത്ത കുറച്ചു നിമിഷങ്ങൾ അവർക്കിടയിലൂടെ കടന്നുപോയി. പെട്ടന്ന് എന്തോ ഓർത്തപോലെ നന്ദ അവനോടു പറഞ്ഞു. “കാൾ കട്ട് ആയിട്ടില്ല ശ്രീയേട്ടാ”…അവളതു പറഞ്ഞതും  ശ്രീനാഥ്‌  നന്ദയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി  ചെവിയോട് ചേർത്തുവച്ചു.

മറുതലക്കൽ  നിന്നും  ഒരു പ്രതികരണവും ഇല്ലാതെ വന്നപ്പോൾ അവൾക്കു മനസ്സിലായി തന്നോടുള്ള  ദേഷ്യമൊന്നും അത്ര പെട്ടന്ന് മറക്കുകയില്ല എന്ന്. അത്രക്കും ആ മനസ്സിൽ ഞാൻ വെറുക്കപെട്ടവൾ ആണെന്ന് അവൾക്കറിയാമായിരുന്നു…അങ്ങനെ ഓരോന്നും ആലോചിച്ചു ഫോൺ ചെവിയോട് ചേർത്തു വച്ചിരുന്ന അനന്യയുടെ കാതുകളിലേക്ക് ശ്രീനാഥിന്റെ സൗമ്യമായ ആ ശബ്‍ദം  പതിഞ്ഞു. “ഹലോ…ആാാ…ആരാ” ? “എന്താ  കാര്യം”?  തീർത്തും യാതൊരുവിധ പരിചയഭാവം പോലുമില്ലാതെ അവൻ തിരിച്ചു ചോദിച്ചു. ശ്രീനാഥ്  ചേട്ടനെ എനിക്ക് ഒന്നു കാണണം. കുറച്ചു  സംസാരിക്കണം. ബുദ്ധിമുട്ടാകുകയില്ലെങ്കി നന്ദനയെയും കൂട്ടി ഒന്നിവിടം വരെ വരുമോ ?അനന്യ  ചോദിച്ചു .

സോറി….എനിക്ക് താല്പര്യമില്ല താനുമായി ഒരു കൂടിക്കാഴ്ചക്ക്. ശ്രീനാഥ് തുറന്നടിച്ചോണം പറഞ്ഞു. എനിക്ക് അറിയാം. ചോദിച്ചത് തെറ്റായി പോയെങ്കിൽ  ക്ഷമിക്കണം. പിന്നെ എന്നോടുള്ള  ദേഷ്യം  മാറിയിട്ടില്ല എന്നും എനിക്കറിയാം. അതൊരിക്കലും  മാറുകയില്ല എന്നും അറിയാം. മറിച്ചാണെങ്കിലും….പ്ലീസ്  ഒരേ ഒരു തവണ മാത്രം, ഒറ്റപ്രാവശ്യം മാത്രം കണ്ടാൽ മതി. ഇനി ഇതിന്റെ പേരും പറഞ്ഞു  ഞാൻ നിങ്ങളെ  ശല്യപ്പെടുത്താൻ വരില്ല. അതുംപറഞ്ഞവൾ  കാൾ കട്ട്‌ ചെയ്തു.

എന്തോ  വിളിച്ചു കഴിഞ്ഞതും അവളുടെ മനസ്സിന് ഒരാശ്വാസം കൈവന്നതുപോലെ  തോന്നി. പതിയെ  കണ്ണുകൾ അടച്ചു അവൾ കട്ടിലിലേക്ക് ചാരി ഇരുന്നു. അവൾ ഫോൺ വച്ചുകഴിഞ്ഞതും അവൻ ഒരു നിമിഷത്തേക്ക് അവിടെത്തന്നെ നിന്നു. അവന്റെ മനസ്സിലൂടെ പല ചിന്തകളും  കടന്നുവന്നു. ദേഷ്യം കൊണ്ട് ശ്രീനാഥിന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു. നന്ദയും അമ്മയും അതു കാണാതിരിക്കാൻ വേണ്ടി അവൻ വേഗം അവിടെ നിന്നും നടന്നു പാർക്കിംഗ് ഏരിയയിലേക്ക്   പോയി. ഹോസ്പിറ്റലിൽ നിന്നുള്ള  മടക്കയാത്രയിൽ മൂന്നുപേരുടെ ഇടയിൽ  മൗനമായിരുന്നു. നന്ദയുടെ നോട്ടം പുറത്തേക്ക് ആണെങ്കിലും ഇടയ്ക്കിടെ  അവളുടെ കണ്ണുകൾ  ശ്രീനാഥിനെ  നോക്കുന്നുണ്ടായിരുന്നു. ദേവകിയമ്മ ഒരു ചെറുമയക്കത്തിൽ ആണ് . പുറത്തേക്ക് നോക്കിയ ശ്രീനാഥിന് മുന്നിൽ ഇരുണ്ടുമൂടിയ  ആകാശമാണ് കാഴ്ചയായി കണ്ണിൽ ഉടക്കിയത്. അതുകണ്ടപ്പോൾ പെയ്യാൻ കാത്തുനിൽക്കുന്ന ഇരുണ്ടുമൂടിയിരിക്കുന്ന  മഴമേഘങ്ങൾ നിറഞ്ഞ വാനം പോലെയാണ് തന്റെ മനസ്സിപ്പോൾ എന്ന് ശ്രീനാഥിന് തോന്നി. ഈ ഇരുണ്ട്  മൂടിയ മേഘങ്ങൾ മഴത്തുളികളായി പെയ്തു തീരും.

പക്ഷെ…തന്റെ മനസ്സിൽ ഒരു ഇരുൾ പരത്തി നിൽക്കുന്ന അവൾ അനന്യ….അത്….അത്..ആലോചിക്കുന്തോറും  അവന്റെ മനസ്സ്  അവനുതന്നെ  പിടികിട്ടുന്നില്ല എന്ന് മനസ്സിലായ  ആ നിമിഷത്തിൽ തന്നെ അവനിൽ ഒരു കരസ്പർശം അനുഭവപെട്ടു. “ഒന്നും സംഭവിക്കില്ല ശ്രീയേട്ടാ” അവന്റെ കയ്യിൽ പിടിച്ചുകൊണ്ടവൾ അവനെ നോക്കി കണ്ണടച്ചു കാണിച്ചുകൊണ്ട് സമാധാനിപ്പിച്ചു. അതുതന്നെ അവനൊരാശ്വാസം  ആയിരുന്നു. രാത്രിയിലെ അത്താഴം കഴിക്കാൻ ഇരിക്കുകയായിരുന്നു ശ്രീനാഥ്‌. അമ്മയാണ് അവന്  ഭക്ഷണം  വിളമ്പിക്കൊടുത്തത്. കഴിക്കാൻ ഇരുന്നിട്ടും  നന്ദയെ കാണാതായപ്പോൾ അവന് ടെൻഷൻ ആയി. രാവിലത്തെ സംഭവങ്ങൾ അവന്റെ മനസ്സിലേക്ക് ഓടി വന്നു.

ഇനി താൻ  കാര്യങ്ങൾ പറയാത്തതിന്റെ പേരിൽ  അവളെങ്ങാനും ഒന്നും കഴിക്കാതെ കിടന്നോ….സംശയം കൊണ്ടവൻ  അമ്മയോട് ചോദിച്ചു. “അമ്മേ നന്ദ…എവിടെ”? കഴിക്കാൻ  വന്നില്ലാലോ…..? മോള് കഴിച്ചു  ഉണ്ണി. വല്ലാത്ത ക്ഷീണം ഉണ്ടെന്ന് പറഞ്ഞപ്പോൾ  ഞാനാ പറഞ്ഞത് നേരത്തെ  കഴിച്ചു കിടന്നോളാൻ…ഹോസ്പിറ്റലിൽ ഒക്കെ പോയതല്ലേ…പോരാത്തതിന് ഒന്നല്ല രണ്ടു പേരല്ലേ അകത്തുള്ളത്…അപ്പോൾ ക്ഷീണം കാണും. ആ…..നീ  കഴിക്ക്….”ഉണ്ണി….അനന്യ അവൾ എന്തിനാ വിളിച്ചത്” ? കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ  ദേവകിയമ്മ ശ്രീനാഥിനോട്  ചോദിച്ചു. ഒന്നും ഇല്ല എന്ന് പറഞ്ഞു ഒഴിവാക്കാൻ നോക്കണ്ട. നിന്റെ മുഖത്തെ ടെൻഷൻ കണ്ടാൽ അറിയാം  എന്തോ കുഴപ്പം പിടിച്ച കാര്യം ആണെന്ന്.

മ്മ്മ്മ്…..കുഴപ്പം തന്നെയാ….അനന്യക്ക്  എന്നെ  കാണണം  എന്ന്. അതും അവളുടെ വീട്ടിലേക്ക് ചെല്ലാൻ  ആണ് പറഞ്ഞത്. പോരാത്തതിന് നന്ദയും കൂടെ വേണം എന്നും. അപ്പോൾ അവൾ ഹോസ്പിറ്റലിൽ നിന്നും തിരിച്ചുവന്നോ? അമ്മയതു  പറഞ്ഞതും   കഴിക്കുന്നതിനിടയിൽ നിന്നും ഞെട്ടലോടെ അവൻ അമ്മയെ നോക്കി. “അമ്മ …… അമ്മക്കെങ്ങനെ  അറിയാം”? ഞാനും കൂടി അറിഞ്ഞുകൊണ്ടാണ് അവളെ ഹോസ്പിറ്റലൈസ് ചെയ്തത്. “എന്നിട്ട് എന്തേ  അമ്മ എന്നോട് പറഞ്ഞില്ല” ? അന്ന് അതിന്റെ കാര്യം ഉണ്ടെന്ന് തോന്നിയില്ല. ഉണ്ണി…..പിന്നെ….അലക്സ് അവൻ പറഞ്ഞോളാം എന്ന് പറഞ്ഞപ്പോൾ എനിക്കും തോന്നി അതു തന്നെയാ നല്ലത് എന്ന്. പക്ഷെ ഇപ്പോൾ അവൾ കാണണം എന്ന് പറഞ്ഞത് എന്തിനായിരിക്കും ഇനിയും…എന്തെങ്കിലും…ബാക്കി പറയാതെ തന്നെ ശ്രീനാഥിന്  മനസ്സിലായി.

ഇനി എന്ത് കുഴപ്പം തന്നെ ഉണ്ടായാലും  ഞാൻ പോകുന്നില്ലല്ലോ…പിന്നെയെന്തിനാ  അമ്മയും നന്ദയും കൂടി എങ്ങനെ ടെൻഷൻ ആകുന്നത്. അതല്ല ഉണ്ണി….. “നന്ദമോള് ” അവൾക്ക്..ഒരു കുഴപ്പവും ഇല്ല അമ്മേ….അമ്മ സമാധാനമായി ഇരുന്നോ….പുറമെ ചിരിച്ചുകൊണ്ടാണ് അവനത്തുപറഞ്ഞതെങ്കിലും അവന്റെയുള്ളിൽ  എന്തോ ഒരു  ഭയം ഉണ്ടായിരുന്നു. ശ്രീനാഥ്‌ മുറിയിലേക്ക് ചെല്ലുമ്പോൾ  കട്ടിലിന്റെ  ഒരറ്റത്തായി  ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നുറങ്ങുകയാണ് നന്ദ. അവളെ  കണ്ടപ്പോൾ  എന്തെന്നില്ലാത്ത ഒരുവിഷമം  അവന്റെ ഉള്ളിൽ നിന്നും തികട്ടി വന്നു . ഒരു നിമിഷത്തേക്ക് അവൻ അവളെ തന്നെ നോക്കിനിന്നു. പിന്നെ  ലൈറ്റ് അണച്ചു അവളുടെ അരികിലായി ചേർന്നു കിടന്നു.

അവനരികിൽ  വന്നുകിടന്നതും “നമുക്കൊരുമിച്ചു അനന്യയെ  കാണാൻ പോകാം , നാളെ തന്നെ” അവൾ  അവനു നേരെ തിരിഞ്ഞു കിടന്നുകൊണ്ട് ചോദിച്ചു. പെട്ടന്നുള്ള അവളുടെ  ചോദ്യം കേട്ടതും ഞെട്ടിതിരിഞ്ഞുകൊണ്ട്  അവൻ  അവളെ  നോക്കി .മ്മ്  മ്മ്മ്….. വേണം  ശ്രീയേട്ടാ …ഇപ്പോൾ അവൾ ആ പഴയ അനന്യ അല്ല എന്നാണ് എനിക്ക് തോന്നുന്നത്. ചെയ്തുപോയതെല്ലാം  തെറ്റാണ് എന്ന  തിരിച്ചറിവ് അവൾക് ഇപ്പോൾ ഉണ്ട്. അതുകൊണ്ടാണ്   അവൾ   ശ്രീയേട്ടനെ  വിളിച്ചത്. നന്ദുട്ടി….നീ..എല്ലാം അറിഞ്ഞുകൊണ്ട്  നീ  തന്നെ  ഇതു പറയണം. ശരിയാണ്. പക്ഷെ….ചെയ്ത   തെറ്റ് തിരുത്താൻ അവൾക്ക്  ഒരവസരം കൂടി കൊടുത്തുകൂടെ..? പറ്റില്ല എന്ന് മാത്രം പറയരുത്. ഇത് എന്റെ ഒരു വാശിയാണെന്ന് വേണമെങ്കിൽ ശ്രീയേട്ടന്  വിചാരിക്കുന്നുണ്ടാകാം പക്ഷെ  അതല്ല , എന്തോ എന്റെ മനസ്സ് പറയുന്നു, അനന്യ…..അവൾ  നന്നായി എന്ന്…ശരിയായിരിക്കും പക്ഷെ അവൾക്ക്  നമ്മളോടുള്ള  പെരുമാറ്റം  മറിച് ആണെങ്കിൽ?

ഇല്ല….എന്തോ എന്റെയുളിൽ ഇരുന്ന് ആരോ പറയുന്നതുപോലെയാ  എനിക്ക് തോന്നുന്നത്. ഓക്കേ…നിന്റെ  ഇഷ്ടം അങ്ങനെയാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ നാളെ തന്നെ  നമുക്ക്  പോകാം. എന്താ പോരെ… അവനത്തുപറഞ്ഞു അവളുടെ നെറുകയിൽ  ഒന്നു ചുംബിച്ചു. പിന്നെ  അവളെ ചേർത്തുപിടിച്ചു ഉറങ്ങി

**************

പിറ്റേന്ന്  രാവിലെ….അമ്മയോട്  കാര്യങ്ങൾ എല്ലാം  പറഞ്ഞു മനസ്സിലാക്കി നന്ദയും ശ്രീനാഥും  അനന്യയെ കാണാൻ  വേണ്ടി പുറപ്പെട്ടു. അമ്മയുടെ നിർദ്ദേശപ്രകാരം ശ്രീനാഥ് അലക്ക്സിനെ വിളിച്ചു. പക്ഷെ…അലക്ക്സിന്റെ  ഫോൺ പരിധിക്ക് പുറത്ത് ആണെന്നുള്ള മറുപടിയാണ് ഓരോ പ്രാവശ്യം വിളിക്കുമ്പോളും അവർക്കു ലഭിച്ച മറുപടി. ഏകദേശം  ഉച്ചയോടെ അവർ ചിറ്റുരിലെത്തി. വഴിയിലെ  ബ്ലോക്കും പിന്നെ നന്ദയുടെ ഇപ്പോഴത്തെ കണ്ടിഷനും  അനുസരിച്ചു പതിയെയാണ് ശ്രീനാഥ്‌ വണ്ടി ഓടിച്ചിരുന്നത്. അതുകൊണ്ടാണ് അവർ ഇത്രയും ലേറ്റ് ആയത്.

ചിറ്റുരിലെത്തിയ  അവർ ആദ്യം പോയത് അലക്സിനെ   കാണാനാണ്. പക്ഷെ….സ്റ്റേഷനിൽ  എത്തിയ അവർക്ക്  അലക്ക്സിനെ കാണാൻ സാധിച്ചില്ല. അവിടെയുള്ള ഒരു ആദിവാസി  കോളനിയിലെ  ചില പ്രശ്നങ്ങൾ കാരണം കുറച്ചു ദിവസമായി അലക്ക്സിന് അവിടെയായിരുന്നു ഡ്യൂട്ടി. ഫോണിന്  റേഞ്ച്  പോലുമില്ലാത്ത ഒരു കാട്ടുപ്രദേശം ആയിരുന്നു അത്.  അലക്ക്സിനെ കാണാൻ സാധിക്കാത്തതിന്റെ  നിരാശ  അവന്റെ മുഖത്തു  നിറഞ്ഞു നിന്നു .അതു മനസ്സിലാക്കിയ നന്ദ  അവനെ ആശ്വസിപ്പിച്ചു . തിരിച്ചു പോകുന്നതിനു മുന്ന് നമ്മൾ അലക്ക്സ് ചേട്ടനെ കണ്ടിട്ടേ പോകു എന്ന് അവൾ അവനോട് പറഞ്ഞു.

അവിടെ നിന്നും അവർ നേരെ പോയത്  അനന്യയുടെ  വീട്ടിലേക്ക് ആണ്. ആദ്യമായിട്ടാണ് ശ്രീനാഥ്‌  അവിടേക്ക് പോകുന്നത്. ശാരദ ഗ്രൂപ്പ്‌ ഓഫ് കമ്പനി അനിരുദ്ധൻ സർന്റെ വീട്ടിലേക്കുള്ള വഴി ചോദിച്ചപ്പോൾ തന്നെ വഴിയിൽ കണ്ട അവർ  കൃത്യമായി വഴി പറഞ്ഞു തന്നു. വഴി പറഞ്ഞു കൊടുത്ത പ്രകാരം അവർ ചെന്നെത്തിയത് ഒരു വലിയ ഇരുനില കെട്ടിടത്തിന്റെ മുന്നിലാണ്. ഗേറ്റ്ലെ സെക്യൂരിറ്റിയോട് അവർ ആരാണെന്ന്  പറഞ്ഞപ്പോൾ തന്നെ അയാൾ അവരെ ഗേറ്റ് തുറന്ന് അകത്തേക്ക് കടത്തിവിട്ടു. വണ്ടിയിൽ നിന്നും  ഇറങ്ങി  ഉമ്മറത്തേക്ക് കയറിയ ശ്രീനാഥിന്റെ  വിരലുകൾ കാളിങ് ബെല്ലിൽ അമരുമ്പോൾ അവന്റെ മുഖത്തു തങ്ങി നിൽക്കുന്ന  ടെൻഷൻ നന്ദ കണ്ടു. ഒന്നും സംഭവിക്കില്ല എന്ന് കണ്ണുകൾ കൊണ്ട്  കാണിച്ചു അവൾ അവനെ സമാധാനപ്പെടുത്തി.

അൽപ്പ നേരത്തിനു ശേഷം വാതിൽ തുറന്നു. പുറത്തു നിൽക്കുന്ന ശ്രീനാഥിനെയും നന്ദനയെയും  കണ്ട്  പുറത്തേക്ക് വന്ന അയാൾ ഞെട്ടി…..

തുടരും…