നിനക്കായ് – ഭാഗം 14 – എഴുത്ത്: ആൻ എസ് ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അച്ഛൻറെ കൈകളിൽ തൂങ്ങിയാടി കൊണ്ട് ചാടിത്തുള്ളി നടക്കുകയാണ് ഞാൻ. അംഗൻവാടിയിൽ നിന്നും എന്നെ കൂട്ടിയിട്ട് വരുന്ന വരവാണ് .അച്ഛൻ ഒരു കയ്യിൽ കാലൻ കുടയും ബാഗും മുറുകെ പിടിച്ചിട്ടുണ്ട്. മറുകൈ എനിക്ക് തൂങ്ങിയാടാൻ വേണ്ടി വളച്ചു പിടിച്ചിരിക്കുന്നു. ഗോപിയേട്ടൻറെ കടയിൽ നിന്നും വാങ്ങിച്ചു തന്ന കോലുമുട്ടായി ഉണ്ട് എൻറെ കയ്യിൽ.

“മിഠായി കഴിച്ചാൽ പല്ലൊക്കെ പുഴു തിന്നു പോകും മാളൂട്ടി.. ഇന്നും കൂടിയേ അച്ഛൻ വാങ്ങിച്ചു തരൂള്ളൂ.. നാളെ ൻറെ കുട്ടി വാശിപിടിച്ചു കരയരുത് ട്ടാ..”

അച്ഛൻറെ വർത്തമാനം കേട്ടതും ഞാൻ പൊട്ടി പ്പൊട്ടി ചിരിച്ചു . എൻറെ ചിരി കണ്ടു അച്ഛനും പതിയെ ഗൗരവം വെടിഞ്ഞ് ചിരിച്ചു പോകും. എല്ലാദിവസവും മിഠായി വാങ്ങിച്ച് കയ്യിലേക്ക് വെച്ച് തന്നിട്ട് അച്ഛൻ എന്നോട് പറയും ഇന്നും കൂടിയേ വാങ്ങി തരൂള്ളൂ എന്ന്.. പിറ്റേദിവസവും ഗോപിയേട്ടൻറെ കടയുടെ മുന്നിൽ എത്തുമ്പോൾ പതിവുപോലെ എൻറെ നടത്തം പിന്നോട്ട് ആവും. അച്ഛൻ കൈ പിടിച്ച് വേഗത്തിൽ നടക്കാൻ പറയുമ്പോഴേക്കും ഞാൻ ചെറുതായി ചിണുങ്ങി തുടങ്ങും . ഇളയ കുഞ്ഞായതുകൊണ്ടോ മൂന്നാം വയസ്സിൽ അമ്മ നഷ്ടപ്പെട്ടതുകൊണ്ടോ അച്ഛന് എൻറെ കണ്ണീരു മാത്രം താങ്ങാൻ പറ്റില്ല.

“ഇങ്ങനെ കണ്ണു നിറക്കാതെ വേണ്ടത് എന്താച്ചാൽ ഗോപിയേട്ടനോട് പറ മാളുവേ..”

കേൾക്കേണ്ട താമസം കള്ളകരച്ചിൽ നിർത്തി നിരത്തി വെച്ചിരിക്കുന്ന മിഠായി ഭരണികളിലെ കടലമിട്ടായിയോ പഞ്ഞിമിഠായിയോ ഇഞ്ചി മിഠായിയോ അങ്ങനെ കുഞ്ഞു വിരലിനാൽ ചൂണ്ടിക്കാണിക്കുന്നതെന്തും എൻറെ കൈകളിലെത്തും. ഇന്നെനിക്ക് കൊതി തോന്നിയത് ചില്ലു കുപ്പിയിൽ കിടക്കുന്ന മഴവില്ലിൻറെ നിറങ്ങളിലുള്ള കോലുമിഠായിയോട് ആയിരുന്നു. ആദ്യമായിട്ടാണ് അങ്ങനെ നിറപ്പകിട്ടാർന്ന ഒന്ന് ഈ കടയിൽ കാണുന്നത് . ഏഴുനിറങ്ങളിൽ ആയി ഒളിപ്പിച്ചു വച്ചിരിക്കുന്ന മധുരവും പുളിയും ചവർപ്പും ഒക്കെ നുണഞ്ഞുകൊണ്ട് അംഗനവാടിയിൽ ഇന്ന് പുതുതായി പഠിപ്പിച്ച കുറിഞ്ഞി പൂച്ചയുടെ പാട്ട് അച്ഛനെ കേൾപ്പിക്കാൻ വേണ്ടി പാടി കൊണ്ടാണ് എൻറെ നടത്തം. കയ്യിലെ മിട്ടായി നുണഞ്ഞ് തീർന്നതും ചുറ്റുപാടിലേക്ക് ആയി നോട്ടം. നടത്തം ചെന്ന് എത്തിയിരിക്കുന്നത് വീട്ടിലേക്ക് അല്ല. ഒരു പൂന്തോട്ടത്തി ലേക്ക് ആണ്.പല നിറങ്ങളിലുള്ള പൂക്കളും പൂമ്പാറ്റകളും കരി വണ്ടുകളും തണൽമരങ്ങളും മരച്ചില്ലകളിൽ പാട്ടുപാടുന്ന കിളികളും ഒക്കെയുള്ള മനോഹരമായ ഒരു പൂങ്കാവനം. കണ്ണഞ്ചിപ്പിക്കുന്ന വർണ്ണക്കാഴ്ചകൾ കണ്ടതും അച്ഛൻറെ കൈകളിലെ പിടിവിട്ട് ഓടിപാഞ്ഞ് ഓരോ പൂക്കളുടെയും സുഗന്ധം ആസ്വദിച്ച്, പൂമ്പാറ്റകളെ കൈയെത്തിപ്പിടിക്കാൻ അവയുടെ പിന്നാലെ ഓടിനടന്നു , കളിക്കാൻ ഒരുക്കിയ ഊഞ്ഞാലിലാടി, കളിക്കോപ്പുകളിൽ ചാടി മറിഞ്ഞ് അലഞ്ഞ് നടന്നതും എൻറെ കുഞ്ഞിക്കാലുകൾ തളർന്നു തുടങ്ങിയിരുന്നു. താങ്ങാൻ ഒരു കൈ വേണമെന്ന് തോന്നിയതും അച്ഛനെ ഓർമ്മവന്നു. കൈവിട്ട് ഓടിയ ഇടത്ത് ചെന്ന് നോക്കിയതും അവിടെ അച്ഛനില്ല. നേരിയ പേടിയോടെ ചുറ്റും നോക്കി. ഇനി എന്നെ പറ്റിക്കാൻ ഒളിച്ചുകളിക്കു ന്നത് എങ്ങാനും ആവുമോ? പ്രതീക്ഷയോടെ അവിടെ കണ്ട ഓരോ ഇരിപ്പിടങ്ങളിലും മരത്തണലിലും അങ്ങനെ സാധ്യതയുള്ള ഇടത്തോക്കെ അച്ഛനെ തേടി നടന്നു. കൂട്ടിന് അച്ഛൻ ഇല്ലെന്ന് ഉറപ്പായതും പൂന്തോട്ടത്തിൻറെ ആകർഷണീയതയൊക്കെ നഷ്ടപ്പെട്ടിരുന്നു. ഉള്ളിൽ നിറഞ്ഞു നിൽക്കുന്നത് ഭയം മാത്രം. അച്ഛനെ കാണാൻ ഓടിയോടി എൻറെ കുഞ്ഞിക്കാലുകൾ വല്ലാതെ തളരുന്നു..തൊണ്ട വരളുന്നു..ദേഹം വിറയ്ക്കുന്നു .. അവസാന പ്രതീക്ഷ എന്നോണം ” അച്ഛാ ..” എന്ന് ആവുന്നത്ര ഉച്ചത്തിൽ അലറിവിളിച്ചു…

എൻറെ കാലും കൈകളും ഒക്കെ ആരൊക്കെയോ ചേർന്ന് മുറുക്കി പിടിച്ചു വെക്കുന്നു. എത്രയും പെട്ടെന്ന് അച്ഛനെ കണ്ടുപിടിക്കണമെന്ന ചിന്തയാകാം ആവുന്നത്ര ശക്തിയിൽ കുതറുന്നുണ്ട് ഞാൻ. അതിനിടയിൽ ആശ്വാസം എന്നോണം ചാറ്റൽ മഴ പോലെ ഇത്തിരി വെള്ളത്തുള്ളികൾ എൻറെ മുഖത്തേക്ക് വീഴുന്നത് അറിഞ്ഞു. കണ്ണുകൾ ആവുന്നത്ര ശക്തിയിൽ വലിച്ചു തുറന്നു. ഒരു ജനക്കൂട്ടം എന്നെ നോക്കി നിൽക്കുന്നു.. അതിൽ ചിലരൊക്കെ കരയുന്നുണ്ട്.. ചിലർ എന്നെ ദയനീയത യോടെ നോക്കുന്നുണ്ട്.. ആൾകൂട്ടത്തിൽ എങ്ങും പക്ഷേ അച്ഛനില്ല. ഞാനൊരു കട്ടിലിൽ ആണ് കിടക്കുന്നത്. ഒരു സ്ത്രീ ഒരു കൈ കൊണ്ട് എനിക്ക് വീശി തന്നു മറു കൈ കൊണ്ട് എന്നെ നെഞ്ചോടു ചേർത്ത് പിടിച്ചിരിക്കുന്നു. അവരും വല്ലാതെ കരയുന്നുണ്ട്.. അവർക്കും എന്നെ പോലെ തളർച്ചയുണ്ട് എന്ന് തോന്നി. എന്തായിരിക്കും അവരുടെ സങ്കടം? എന്നെപ്പോലെ തന്നെ പ്രിയപ്പെട്ട ആരെയോ അവർക്കും നഷ്ടമായി കാണുമോ? അവരെ സൂക്ഷിച്ചു നോക്കി..

“ഇങ്ങനെ നോക്കല്ലേ മാളു..അമ്മയല്ലേ.. മോൾക്ക് എന്നെ മനസ്സിലായില്ലേ ?..” അവരെന്നെ ശക്തിയിൽ കുലുക്കി വിളിക്കുന്നു.

അതെ.. അമ്മയാണ് അത്.. പക്ഷേ ഞാൻ തേടുന്നത് അച്ഛനെ അല്ലേ..”അച്ഛനെവിടെ അമ്മേ?. ഞാൻ എത്ര നേരമായി തിരയുന്നു.. അമ്മയെങ്ങാനും കണ്ടോ .”..

ചോദ്യം കേട്ടതും അവർ പൊട്ടി കരഞ്ഞു കൊണ്ട് എന്നെ പൂണ്ടടക്കം പിടിച്ചു.” ഇങ്ങനൊന്നും എന്നോട് ചോദിക്കല്ലേ മാളു.. എനിക്ക് സഹിക്കണില്ല..” അമ്മയുടെ കണ്ണുനീർ ചുമലിലൂടെ ഒലിച്ചിറങ്ങിയതും കഴിഞ്ഞ കുറേ മണിക്കൂറുകളിലെ പച്ചയായ ജീവിതം എൻറെ മുന്നിൽ തെളിഞ്ഞുവന്നു. താങ്ങാൻ അച്ഛനും കൊഞ്ചിക്കാൻ മുത്തശ്ശിയും മാളുവിന് ഇനി ഇല്ലെന്നറിഞ്ഞു. സരോവരത്തെ മുറ്റത്ത് നിന്ന് കൈവീശി അവസാനമായി യാത്ര പറഞ്ഞ നിമിഷം ഓർമ്മ വന്നു. ഇന്നിനി യാത്ര വേണ്ടെന്ന് അമ്മ പറഞ്ഞത് ഓർത്തു. ഒരിക്കലെങ്കിലും ഞാനും ചേച്ചിയോ ഒന്ന് നിർബന്ധിച്ചിരുന്നു എങ്കിൽ..അച്ഛൻറെയും മുത്തശ്ശിയുടെയും ജീവൻ എൻറെ നാവിൻതുമ്പിൽ ആയിരുന്നതുപോലെ..ആ നിമിഷം ഒന്ന് തിരികെ പിടിക്കാൻ ആയിരുന്നെങ്കിൽ .. കാലിൽ വീണെങ്കിലും അച്ഛനെയും മുത്തശ്ശിയേയും ഞാൻ ജീവനോടെ തിരിച്ചു പിടിച്ചേനേ..

വണ്ടി ഓടിക്കാൻ ഉള്ള പ്രയാസവും, പ്രായത്തിൻറെ ബുദ്ധിമുട്ടും , ഒറ്റപ്പെടൽ ഉണ്ടാക്കുന്ന മനപ്രയാസവും ഒന്നൊന്നായി അച്ഛൻ സൂചിപ്പിച്ചിരുന്നു. ഒരിക്കലെങ്കിലും അച്ഛനെ ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ..അല്ലെങ്കിലും പാപിയാണ് ഞാൻ. എന്നെയോർത്ത് ആയിരുന്നു അച്ഛന് നീറ്റൽ. സിദ്ദുവുത്ത് ഈ വീട്ടിലേക്ക് ഒന്ന് വന്നിരുന്നെങ്കിൽ.മുത്തശ്ശിയുടെ മടിയിൽ കിടന്ന്..അച്ഛൻറെ കഥകൾ കേട്ട് ഒരന്തി എങ്കിലും സന്തോഷത്തോടെ കഴിഞ്ഞിരുന്നെങ്കിൽ..ആ മനുഷ്യന് ഇത്തിരി സമാധാനം എങ്കിലും കിട്ടിയേനെ.. കുറ്റബോധവും വേദനയും തല കാർന്നു തിന്നുന്നത് പോലെ..ഉന്മാദം ചിന്തകളിൽ താണ്ഡവമാടുന്നു..

ഇടയ്ക്കെപ്പോഴോ ചേച്ചി ചിന്തകളിലേക്ക് എത്തി. അവളും കുഞ്ഞാവയും. അവളെ തേടി ഓടിത്തുടങ്ങി. രണ്ട് മുറികൾക്കപ്പുറത്ത് ഒരു കട്ടിലിൽ അവളെ കണ്ടു. മറ്റൊരു കട്ടിലിൽ അപ്പച്ചിയും. അവളെ കുലുക്കി വിളിച്ചു. അപ്പോഴേക്കും അമ്മ ഭയപ്പെട്ടു എന്നെ പിടിച്ചിരുന്നു.

“സഹിക്കാതായപ്പോൾ മയക്കി കിടത്തിയതാണ് മാളു.. വിളിക്കേണ്ട .. ഉണരില്ല..”

സൂക്ഷിച്ച് നോക്കിയതും അവൾ ബോധം മറഞ്ഞ പോലെ ശാന്തമായി ഉറങ്ങുന്നു. തല പൊട്ടി പൊളിയാതിരിക്കാൻ എനിക്കും അങ്ങനത്തെ വല്ലതും തരാൻ ആരോടെങ്കിലും പറയണം എന്നുണ്ടായിരുന്നു. വിധിയാണെന്നു കരുതി സമാധാനിക്കാൻ നോക്കി. വിധിയല്ല ശ്രദ്ധ കുറവാണെന്ന് അടുത്ത നിമിഷം തന്നെ മനസ്സ് എന്നെ തിരുത്തും. മുത്തശ്ശി ചേച്ചിയോട് ഗർഭകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ ഞാൻ തടസ്സപ്പെടുത്തിയിട്ടും പ്രസവം കഴിഞ്ഞ് കുഞ്ഞിന് മുലയൂട്ടുന്നത് വരെ പറഞ്ഞു കൊടുത്തിരിക്കുന്നു. ചിന്തിച്ചു നോക്കുമ്പോൾ ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാവില്ലെന്ന് മുത്തശ്ശിക്ക് അറിയാവുന്നതു പോലെ ആയിരുന്നു ഓരോ പ്രവർത്തിയും ..അച്ഛൻ ഞങ്ങളോട് മാപ്പ് പറഞ്ഞിരിക്കുന്നു. സിദ്ദുവിനെ സങ്കടപ്പെടുത്തരുത് എന്നെന്നെ ചട്ടം കെട്ടിയിരിക്കുന്നു. അച്ഛന് ഏറ്റവും സന്തോഷമുള്ള ദിവസമാണ്.. സന്തോഷമായിട്ട് കണ്ണടക്കാം എന്നാണ് ഒടുവിലായി എന്നോട് പറഞ്ഞത് . സൂചനയായി അച്ഛനെക്കൊണ്ട് സംസാരത്തിലും പ്രവർത്തിയിലും ഒക്കെ ആയിരം കാര്യങ്ങൾ കാണിച്ചു തന്നിരുന്നു. ഒന്ന് ചെവിയോർത്ത് ഇരുന്നെങ്കിൽ മരണത്തിലേക്ക് പറഞ്ഞു വിടാതെ ചേർത്തു നിർത്താമായിരുന്നു.

എൻറെ ദുഃഖം അറിഞ്ഞ് എന്നോണം അമ്മ നെറ്റിയിൽ അമർത്തി തടവിക്കൊണ്ടിരുന്നു. “സങ്കടപ്പെടല്ലേ മാളൂ..മാഷ് മാലതിയുടെ അടുത്തേക്ക് പോയിന്ന് കൂട്ടിയാൽ മതി.. അവളെ കണ്ട് സന്തോഷിക്കുന്ന തിരക്കിലാവും മുത്തശ്ശിയും അച്ഛനും ഒക്കെ. നിങ്ങൾക്ക് അച്ഛനും അമ്മയും ആയി ഞങ്ങളില്ലേ മക്കളേ.. ആജീവനാന്തം കൂട്ടായി എൻറെ രണ്ടു മക്കൾ ഇല്ലേ നിങ്ങൾക്ക്.. എന്തെങ്കിലും കരുതി സമാധാനിക്കാൻ ശ്രമിക്കു മോളെ. “

അമ്മ പറഞ്ഞതോർത്തപ്പോൾ സമാധാനം തോന്നി. സിദ്ദുവിനെ പിരിഞ്ഞ് ഒരാഴ്ച കഴിച്ചുകൂട്ടാൻ പാടുപെട്ടത് എനിക്കറിയാം. ജീവൻറെ പാതിയെ കൈവിട്ട് അച്ഛൻ തള്ളിനീക്കിയത് നീണ്ട 20 വർഷങ്ങളാണ്. ആ ഹൃദയം എത്ര വേദനിച്ചു കാണും. പരിചരണങ്ങൾ ഏറ്റു വിശ്രമ ജീവിതം നയിക്കേണ്ട വാർദ്ധക്യ കാലത്ത് പോലും മുത്തശ്ശി ഞങ്ങൾക്ക് വേണ്ടി ഓടി നടക്കുകയായിരുന്നു. അമ്മയുടെ സ്നേഹവും പരിചരണവും ഒക്കെ അവർ ആവോളം ആസ്വദിക്കട്ടെ. പുതിയൊരു ലോകത്ത് അമ്മയോടൊപ്പം കൂടിച്ചേരലിൻറെ ആനന്ദം അനുഭവിക്കുന്ന അച്ഛനെയും മുത്തശ്ശിയും സങ്കൽപ്പിച്ചു നോക്കി. അച്ഛൻറെയും മുത്തശ്ശിയുടെയും മുഖത്തെ തെളിച്ചവും തിളക്കവും മനസ്സമാധാനം നൽകി. അപ്പോഴും അമ്മയുടെ മുഖം വ്യക്തമായില്ല എന്നത് മാത്രം സങ്കടമായി. എങ്കിലും അച്ഛൻ സന്തോഷത്തോടെ അമ്മയോട് പറയുന്ന വർത്തമാനങ്ങൾ ഞങ്ങളെക്കുറിച്ച് ആയിരിക്കും എന്ന് തോന്നി. അമ്മ കൗതുകത്തോടെ ആനന്ദത്തോടെ ആർത്തിയോടെ ചോദിച്ചറിയുന്നത് എന്നെക്കുറിച്ച് ആയിരിക്കും.. എനിക്ക് എന്നായിരിക്കും എൻറെ അമ്മയെ കാണാൻ കഴിയുക..

“മാളു..” സിദ്ധുവിൻറെ സാമീപ്യവും ശബ്ദവും ആണെന്നെ മായാലോകത്ത് നിന്നും ഉണർത്തിയത് . ഒന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരയണം എന്നുണ്ടായിരുന്നു. പക്ഷേ ജനസാഗരത്തിൻറെ നോട്ടങ്ങൾക്ക് മുന്നിൽ തളർന്നു പോകുന്നത് പോലെ.

“ഏടത്തിക്ക് കരുത്ത് നൽകേണ്ടത് നീയാണ്.. കുഞ്ഞാവയെ കുഴപ്പമില്ലാതെ കിട്ടണ്ടേ നമുക്ക്.. കഴിഞ്ഞുപോയതിനെ കുറിച്ച് ചിന്തിച്ച് ദുഃഖിക്കാതെ മുന്നോട്ട് മാത്രം ചിന്തിക്ക് മാളു ..” ഞാൻ സിദ്ധുവിനെ നിസ്സഹായയായി നോക്കി. എന്നെ നെഞ്ചോടു ചേർത്ത് മുറുകെപ്പിടിച്ച് എങ്ങോട്ടോ കൊണ്ടുപോകുകയാണ്. മറുവശത്ത് അമ്മയും പിടിക്കുന്നുണ്ട്. രണ്ടു വെള്ള തുണിയിൽ പൊതിഞ്ഞ പഞ്ഞികെട്ടുകൾ ചില്ലുകൂട്ടിൽ കണ്ടതും ഞാൻ കണ്ണടച്ചു സിദ്ധുവിനെ മുറുകെ പിടിച്ചു.

“കണ്ണുതുറന്നു നോക്ക്.. ഇനി നിനക്ക് ഒരിക്കലും കാണാൻ പറ്റില്ല മാളു” സിദ്ധുവിൻറെ ശബ്ദം പതറി ഇട മുറിഞ്ഞു പോകുന്നുണ്ട്. ഞാൻ കണ്ണുകൾ തുറന്നില്ല. എനിക്ക് കാണണ്ട. എൻറെ മനക്കണ്ണിൽ തെളിമയുള്ള രൂപങ്ങളുണ്ട്.. ചിരിച്ചുകൊണ്ട് വണ്ടിയിലിരുന്ന് കൈ വീശുന്ന അച്ഛനും മുത്തശ്ശിയും. ശ്വാസം അടയും വരെ എനിക്ക് കൂട്ടായിട്ട് അതുമതി.

ഇന്നേക്ക് ദിവസങ്ങൾ അഞ്ചെണ്ണം കഴിഞ്ഞു പോയിരിക്കുന്നു. എനിക്കുള്ളിൽ ഇത്രയും ശക്തി ഉണ്ടായിരുന്നോ എന്ന് ചിലനേരത്ത് സംശയം തോന്നും. ഞാൻ ചേച്ചിയും അവൾ അനിയത്തിയും ആയി മാറുന്നു. അവൾ വിഷമിക്കാതെ നോക്കലാണ് എൻറെ പ്രധാന ജോലി.സിദ്ധു ആണ് എൻറെ യഥാർത്ഥ ശക്തി . തളരുമ്പോൾ മനസ്സ് വായിച്ചിട്ട് എന്നോണം ഓരോ സംസാരവുമായി എത്തും. കാര്യങ്ങൾ നിയന്ത്രിക്കാൻ കിച്ചു ഏട്ടനും അപ്പു ഏട്ടനും കൂടെ തന്നെയുണ്ട്. അച്ഛനും അമ്മയും പിന്നെ സരോവരതേക്ക് മടങ്ങി പോയിട്ടില്ല. അവർ ഉള്ളതാണ് വീടിൻറെ ശക്തി എന്ന് തോന്നും. അച്ഛൻ സ്ഥിരമായി കാല് നീട്ടി വെച്ച് കിടക്കാറുള്ള ചാരുകസേരയിൽ സരോവരത്തേ അച്ഛൻ കിടക്കുന്നത് കാണുമ്പോൾ എല്ലാത്തിനും പകരക്കാരൻ ഉണ്ടെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കും.

ഇന്ന് രാവിലെ അപ്പു ഏട്ടനും കിച്ചു ഏട്ടനും സിദ്ധുവും ചേർന്ന് അസ്തികൾ പെറുക്കി കർമ്മങ്ങളെല്ലാം നടത്തിയിരുന്നു. ബന്ധുക്കളെല്ലാം പോയി കഴിഞ്ഞ് ബഹളങ്ങൾ എല്ലാം ഒഴിഞ്ഞപ്പോൾ സിദ്ധു അച്ഛനെയും കൂട്ടി സരോവരതേക്ക് പോയതാണ്. ചേച്ചിയേ എൻറെ മടിയിൽ കിടത്തി വരാന്തയിലേക്ക് സിദ്ധുവിനെ കാത്തു കണ്ണും നട്ടിരിക്കുകയായിരുന്നു ഞാൻ. സന്ധ്യയായതും മുത്തശ്ശി മുന്നിലിരുന്ന് നാമം ജപിക്കുന്നത് പോലെ തോന്നി. സന്ധ്യാദീപം കൊളുത്തി വെച്ചിട്ട് അമ്മയ്ക്ക് അസ്ഥിത്തറയിൽ തിരിതെളിയിച്ച് വന്നിട്ട് ഞാനും ചേച്ചിയും മുത്തശ്ശിയും ചേർന്നാണ് എന്നും നാമം ജപിക്കാറ് .. നാമം പോലെ മുത്തശ്ശി എന്തോ ഉരുവിടുന്നത് പോലെ തോന്നി.. മുത്തശ്ശിയുടെ അടുത്തേക്ക് ഏതോ ഒരു ശക്തി എന്നെ വിളിക്കുന്നത് പോലെ. ചേച്ചിയെ മടിയിൽ നിന്നും പതിയെ ഇറക്കി കിടത്തി. അവൾ ഉറങ്ങി തുടങ്ങിയിരിക്കുന്നു. അമ്മ അടുക്കളയിൽ എന്തോ ചെയ്യുകയാണ്. അപ്പച്ചി അപ്പുറത്തെ മുറിയിൽ കിടക്കുകയാണ്. ആരും എന്നെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതും പതിയെ ഇറങ്ങി നടന്നു. അമ്മയുടെ അസ്ഥിത്തറയുടെ ഇരുവശത്തുമായി അച്ഛനും മുത്തശ്ശിയും കിടക്കുന്നത് കണ്ടു. മുത്തശ്ശിയെ അടക്കിയ ഇടത്ത് കുനിഞ്ഞിരുന്നു. കാതുകൾ ഭൂമിയോട് ചേർത്തുവച്ചു. കത്തിത്തീർന്ന അസ്തി പെറുക്കി കഴിഞ്ഞിട്ടും ചാരത്തിന് ഇളംചൂട് ഉണ്ടെന്ന് തോന്നി. മുത്തശ്ശിയുടെ ദ്ദേഹത്തിൻറെ പോലെ കുളിരുള്ള ഇളം ചൂട്. ചെവികൾ ഇത്തിരികൂടി താഴ്ത്തി വെച്ചു. ഒന്നും കേൾക്കുന്നില്ല. മുത്തശ്ശിക്ക് ഒന്നും പറയാനില്ലെന്ന് തോന്നി. കണ്ണടച്ച് ഇത്തിരി നേരം തലതാഴ്ത്തി ഇരുന്നതും മനസ്സ് ശാന്തത കൈവരിച്ചു. ഇത്തിരി കഴിഞ്ഞതും നേർത്ത ഒരു ശബ്ദം കേട്ടു. “മാളു”..ഒരു ആന്തലോടെ ചാടിയെഴുന്നേറ്റു ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞുനോക്കി. നിഴല് പോലെ ഒരു രൂപം നിൽക്കുന്നു. ഭയപ്പാടോടെ പിന്നോട്ട് മാറി.

“മാളു”.. ഒരുവട്ടം കൂടി ആ വിളി കേട്ടതും ആളെ മനസ്സിലാക്കാൻ ഇരുട്ട് ഒരു പ്രശ്നവും അല്ലെന്ന് മനസ്സിലായി.

“കണ്ണേട്ടൻ..”

ചുണ്ടുകൾ ആ പേര് ഉരുവിട്ടപ്പോഴേക്കും മനസ്സിൽ ഇരുട്ടിൻറെ ആഴം കൂടി വരുന്നു.

തുടരും…