മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
വൈശാഖൻ ട്രൈനിങ്ങിനു പോയത് കൊണ്ട് അവൾ സ്വന്തം വീട്ടിലും പോയി ഇടയ്ക്കെല്ലാം നിൽക്കുമായിരുന്നു..
യാത്ര ക്ഷീണം കാരണം വന്നപ്പോൾ മുതൽ വൈശാഖൻ നല്ല ഉറക്കത്തിൽ ആണ്..
അവൻ വന്നപ്പോൾ ലക്ഷ്മി ഹോസ്പിറ്റലിൽ പോയതായിരുന്നു..
ലക്ഷ്മി രണ്ട്മൂന്ന് തവണ റൂമിൽ വന്നിട്ട് തിരിച്ചു പോയി.
വീണയും ശ്രീരാജും തമ്മിൽ ഫോൺ വിളിച്ചു കൊണ്ട് ഇരിക്കുക ആണ്..
എന്നും വൈകിട്ട് അഞ്ച് മണി മുതൽ അവർ തമ്മിൽ ഫോൺ വിളി ആണ് .. അത് ഒരു അര മണിക്കൂർ നീളും..
“മ്… നടക്കട്ടെ നടക്കട്ടെ… “ലക്ഷ്മി ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി
“എന്താ മോളെ… എന്തെങ്കിലും വേണോ.. “
“ഹോ… ഭയങ്കര നടുവിന് വേദന എടുക്കുവാ അമ്മേ.. കുറച്ചു ദിവസം ആയി തുടങ്ങിയിട്ട് “
“നാളെ കേശവൻ വൈദ്യന്റെ അടുത്തൂന്നു കൊട്ടാൻചുക്കാദി മേടിക്കാം.. അത് തേച്ചു കുളിയ്ക്കാൻ തുടങ്ങണം… “
“അത് തേച്ചാൽ മാറുമോ അമ്മേ… “
“മ്.. ആശ്വാസം ആകും മോളെ… എന്നാലും ഇനി ഇടയ്ക്ക് എല്ലാം ഈ വേദന ഒക്കെ വരും.. മാസം അടുക്കാറാകുമ്പോൾ അങ്ങനെ ആണ്.. “
“എനിക്കു ആണെങ്കിൽ ഓർത്തിട്ട് പേടിയാകുന്നു അമ്മേ… സത്യം പറയുവാ… “
“എന്തിനു… ഒരു പേടിയും വേണ്ടാ… എല്ലാം പെട്ടന്ന് കഴിയും മോളെ… കുഞ്ഞിനെ കണ്ടു കഴിഞ്ഞാൽ പിന്നെ നിന്റെ എല്ലാ വിഷമവും മാറും സുമിത്ര അവളെ ആശ്വസിപ്പിച്ചു..
എന്നാലും ലക്ഷ്മിയുടെ മുഖം പ്രസാദിച്ചില്ല..
വൈശാഖൻ എണീറ്റില്ലേ മോളെ ഇതുവരെ,, എത്ര നേരമായി ഉറങ്ങുന്നു “
ആ പേര് അമ്മ പറഞ്ഞതും കുഞ്ഞു അനങ്ങി…
“ഇല്ലമ്മേ.. ഏട്ടൻ നല്ല ഉറക്കത്തിലാ.. ഞാൻ വിളിക്കാനും പോയില്ല.. “
“മ്… മോളും മുറിയിലേക്ക് പൊയ്ക്കോ… നാളെ നമ്മൾക്ക് കുഴമ്പ് ഒക്കെ തേച്ചു,, ചൂട് വെള്ളത്തിൽ കുളിക്കാം കെട്ടോ.. “
“മ്.. ശരി അമ്മേ… “
ലക്ഷ്മി വന്നു കസേരയിൽ ഇരുന്നു…
“അച്ഛ ഉറങ്ങുവാടാ പൊന്നെ… എണ്ണീക്കുമ്പോൾ മുത്തിന് ഉമ്മ തരും കെട്ടോ.. “അവൾ തന്റെ വയറിൽ തഴുകി..
അപ്പോളേക്കും കുഞ്ഞു രണ്ട് ചവിട്ട് തന്നതായി അവൾക്ക് തോന്നി ..
അമ്മേ.. അച്ചയെ വിളിച്ചു ഉണർത്തു എന്ന് ആണോ കുഞ്ഞാവ പറയുന്നത്..
ലക്ഷ്മി കസേരയിൽ നിന്ന് എഴുനേറ്റു..
“വൈശാഖേട്ട.. ഏട്ടാ… എഴുനേൽക്കുന്നിലെ… “അവൾ……അവന്റെ തോളത്തു പിടിച്ചു കുലുക്കി..
രണ്ട് മൂന്ന് പ്രാവശ്യം കൊട്ടി വിളിച്ചപ്പോൾ ആണ് അവൻ കണ്ണുതുറന്നത്..
“ലക്ഷ്മി… നീ എപ്പോൾ വന്നു മോളെ..”
“ഞാൻ വന്നിട്ട് ഒരുപാടു നേരം ആയതാണ്… പക്ഷേ ഏട്ടൻ നല്ല ഉറക്കത്തിൽ ആയിരുന്നു. “
“ശോ… നിനക്ക് വിളിക്കാൻ മേലാരുന്നോ… വാ ഇവിടെ ഇരിക്ക് “അവൻ അവളെ തന്റെ അടുത്ത് പിടിച്ചു ഇരുത്തി..
“ഇവിടെ ഒരാൾക്ക് അച്ഛയോട് മിണ്ടാഞ്ഞിട്ട് ഭയങ്കര കുറുമ്പ്.. എനിക്കിട്ട് ആണെങ്കിൽ ചവിട്ടും തൊഴിയും ആണ് കെട്ടോ.. “
“ആണോ.. കുഞ്ഞുലക്ഷ്മി… അച്ഛെടെ പൊന്നെ..”അവൻ അവളുടെ വയറിലേക്ക് മുഖം ചേർത്തു വെച്ച്..
കുഞ്ഞുലക്ഷ്മി ആണെങ്കിൽ കയ്യും കാലും ഇട്ടു അടിച്ചു കളിയ്ക്കുകയാണെന്നു ലക്ഷ്മിക്ക് തോന്നി..
“എടി… ദേ.. കുഞ്ഞ് അനങ്ങുന്നു… ശരിക്കും… “അവൻ ആഹ്ലാദത്തോട് പറഞ്ഞു..
“ഇപ്പോൾ അങ്ങനെ ആണ് ഏട്ടാ.. നല്ല അനക്കം ആയി… “
“അച്ഛെടെ മുത്തേ… കാണാൻ കൊതി ആയി.. “അവൻ തെരുതെരെ ചുംബിച്ചു..
“മ്.. മതി മതി… എനിക്കു വയ്യാ ഈ ചവിട്ടു കൊള്ളൻ കെട്ടോ.. “അവൾ അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു..
“നിക്കെടി.. ഒരു മിനിറ്റ്.. “
കൂട്ടിലെത്താൻ കൊതിയ്ക്കുന്ന കുയിൽകുഞ്ഞും..
നിന്റെ പാട്ട് കേട്ട് മടിത്തട്ടിൽ ചായുറങ്ങും…
*******************
ഒരായിരം രാവുകൾ കാത്തിരുന്നു ഞാൻ..
അവന്റെ പാട്ട് കേട്ടു കുഞ്ഞു അനങ്ങാതെ കിടക്കുക ആണ്..
വൈശാഖൻ വരുമ്പോൾ എല്ലാം ഈ പാട്ട് പാടും.. കുഞ്ഞിന് ആണെങ്കിൽ ഭയങ്കര സന്തോഷം ആണ് ഈ പാട്ട് കേൾക്കാൻ..
“മ്.അച്ഛനും മോളും കൂടി എന്നേ മറന്നു അല്ലേ.. “
അതു പറഞ്ഞു കൊണ്ട് അവൾ മുഖം വീർപ്പിച്ചു..
“നീ എന്റെ പ്രാണൻ അല്ലേടി പെണ്ണേ… “അവൻ ലക്ഷ്മിയെ കെട്ടിപ്പുണർന്നു..
“ഓഹ്.. ചുമ്മാ… “
“അല്ലടി സത്യം… നീ എന്റെ ഹൃദയവും, കുഞ്ഞുലക്ഷ്മി എന്റെ ഹൃദയത്തുടിപ്പും അല്ലേ “അവൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു..
ലക്ഷ്മി അവന്റെ ദേഹത്തേക്ക് ചാരി ഇരുന്നു..
“നീ ഈ വയറും താങ്ങിപിടിച്ചു പോകുന്നത് കാണുമ്പോൾ ശരിക്കും സങ്കടം വരുവാ.. “
“ഭയങ്കര ബാക്ക് പെയിൻ ആണ് ഏട്ടാ… കാലൊക്കെ കഴച്ചു പൊട്ടും ചില സമയങ്ങളിൽ.. “
“സാരമില്ല പൊന്നെ… നമ്മുടെ വാവയ്ക്ക് വേണ്ടി അല്ലേ… ആട്ടെ ഡോക്ടർ എന്ത് പറഞ്ഞു.. “
“കുഴപ്പo ഒന്നുമില്ല… ഗുളികൾ ഒക്കെ കഴിച്ചാൽ മതി എന്ന് പറഞ്ഞു.. “
“മ്… ദീപേച്ചിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ.. “
“ചേച്ചിക്ക് വൺ മന്ത് ആയതല്ലേ ഒള്ളു ഏട്ടാ.. പ്രോബ്ലം ഒന്നുമില്ല.. “
“രാജീവേട്ടൻ എന്നെ ഇടയ്ക്ക് ഒക്കെ വിളിക്കും… “
“മ്.. ആണല്ലേ.. ഏട്ടനിൽ വന്ന മാറ്റം കൊണ്ട് ചേച്ചിക്ക് ഒരുപാടു സന്തോഷം ആയി.. “
“വീണയുടെ കല്യാണത്തിന് ഇനി ഒരു മാസം കുടി അല്ലേ ഒള്ളു.. ഇതാന്നു പറഞ്ഞതുപോലെ ദിവസം പോകും.. “വൈശാഖൻ ലക്ഷ്മിയെ നോക്കി..
“അവൻ എപ്പോളും ഫോൺ വിളിക്കുമോടി.. “
“ഓഹ് അങ്ങനെ ഒന്നും ഇല്ലാ ഏട്ടാ.. വിളിച്ചാൽ തന്നെ എന്താ.. അവർ കല്യാണം കഴിയ്ക്കാൻ പോകുന്നവർ അല്ലേ.. “
“അതൊക്ക ശരി ആണ്.. എന്നാലും അധികം ആയാൽ അമൃതും വിഷം ആണ്.. “
“അയ്യടാ.. നാണമില്ലല്ലോ പറയാൻ.. അന്ന് എന്നേ വീട്ടിൽ കൊണ്ടുവിടാൻ ഒക്കെ എന്തൊരു ആക്രാന്തം ആയിരുന്നു മനുഷ്യ.. “
“അത് അന്ന് മഴ വരുന്നത് കണ്ടപ്പോ അല്ലേ . “
“മ്.. അതെ അതെ… ഞാൻ അന്ന് ജാട ഇട്ടത് കൊണ്ട് അല്ലെങ്കിൽ കാണാമായിരുന്നു..”
“ഒന്ന് പോടീ പെണ്ണേ.. നീ വാ ഞാൻ നിന്റെ ഒരു ഫോട്ടോ എടുക്കട്ടേ… “
“ങേ.. എന്തിന്… “
“അതോ… ചുമ്മാ… “
അവൻ അവളെ പിടിച്ചു നിർത്തി കുറച്ചു ഫോട്ടോസ് എടുത്തു..
“ഇത് എന്തിനാണ് ഏട്ടാ….. ‘
“കുറച്ചു നാൾ കഴിയുമ്പോൾ കുഞ്ഞുലക്ഷ്മിയെ കാണിക്കാൻ ആണ് “
“ആഹ് ബെസ്റ്റ്… ഞാൻ ഓർത്തു എന്തിനാണ് എന്ന്.. “
“വാടി ..ഞാൻ ഒരു ചായ കുടിക്കട്ടെ..”വൈശാഖൻ ഫോൺ മേശമേൽ വെച്ചിട്ട് പറഞ്ഞു.
രണ്ടാളും കൂടി മുറിയിൽ നിന്ന് വെളിയിലേക്ക് വന്നു..
“ആഹ്ഹ.. ഏട്ടൻ എഴുന്നേറ്റോ.. എത്ര നേരം ആയി ഞങ്ങൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് “
“എന്താണാവോ ഉണ്ണിമോൾ ഇത്രയ്ക്ക് കാത്തിരുന്നത്.. എന്തെങ്കിലും സ്പെഷ്യൽ ഉണ്ടോടി.. “
“ചക്കപ്പുഴുക്കും നാടൻകോഴി കറി വെച്ചതും ഉണ്ട്.. മതിയോ ആവോ “
“ആണോ… സൂപ്പർ.. അമ്മേ വിശന്നിട്ടു വയ്യാ.. വേഗം ഒരു പ്ലേറ്റ് എടുത്തോ.. “
“ആഹ്.. പ്ലേറ്റ് മതിയോ.. എങ്കിൽ ഒന്നാക്കണ്ട. “ഉണ്ണി മോൾ ചിരിച്ചു..
“എന്തൊരു തമാശ ആടി നീ പറയുന്നത്.. ഇതൊക്ക എവിടുന്ന് പഠിച്ചു.. “
“ന്റെ ഏട്ടാ… നിലവാരമില്ലാത്ത ഏട്ടന്റെ ഈ കോമഡി കേട്ടാൽ ഏട്ടത്തിയുട വയറ്റിൽ കിടക്കുന്ന ആ കുഞ്ഞു പോലും ക്ഷമിക്കില്ല കെട്ടോ… അത് കൊണ്ട് ദയവ് ചെയ്തു ഒന്ന് നിർത്തു.. എന്നിട്ട് അമ്മ തരുന്ന ചക്കപ്പുഴുക്ക് കഴിയ്ക്കാൻ നോക്ക് കെട്ടോ.. “
അതുംപറഞ്ഞു കൊണ്ട് അവനെ കൊഞ്ഞനം കുത്തി കാണിച്ചിട്ട് അവൾ മുറ്റത്തേക്ക് ഇറങ്ങി പോയി.
“ലക്ഷ്മി… വാ… കഴിയ്ക്കാം.. അവൻ ഉറക്കെ വിളിച്ചു..
“എനിക്കു ഇപ്പോൾ വേണ്ട ഏട്ടാ… ഏട്ടൻ കഴിച്ചോളൂ “
“വാടി.. കഴിയ്ക്കാം,, അവളുമാരെയും വിളിക്ക് “
അവൻ നിർബന്ധിച്ചപ്പോൾ ലക്ഷ്മിയും ഒപ്പം വന്നിരുന്നു …
“ഏട്ടത്തി.. കുഞ്ഞുവാവ,, ഏട്ടൻ വന്നപ്പോൾ അനങ്ങിയോ… “ഉണ്ണിമോൾക്ക് സംശയം ആയി..
“മിണ്ടാതിരുന്നു കഴിച്ചിട്ട് പോടീ.. അവളുടെ ഓരോ ചോദ്യങ്ങൾ .. “സുമിത്ര മകളുടെ നേരെ കൈ ഓങ്ങി …
“വീണ എന്ത്യേ അമ്മേ.. “
“ഫുൾ ടൈം ഫോണിൽ ആണ് ഏട്ടാ..ആ തൊഴുത്തിന്റ അടുത്ത് എങ്ങാനും കാണും..”
വൈശാഖൻ കഴിക്കുന്നത് നിർതിയിട്ട് എഴുനേറ്റു..
“ഏട്ടൻ ഇത് എവിടെ പോകുവാ.. ഇരുന്നു കഴിക്കാൻ നോക്ക്.. “
ലക്ഷ്മി പറഞ്ഞതൊന്നും അവൻ ചെവികൊണ്ടില്ല..
“വീണേ… “അവൻ ഉറക്ക് വിളിച്ചു..
“എന്താ ഏട്ടാ… “
“നീ എന്തെടുക്കുവാ അവിടെ.. “
“ഞാൻ കുളിയ്ക്കാൻ തുടങ്ങുവായിരുന്നു.. എന്താ ഏട്ടാ.. “
തോർത്തും മാറാനുള്ള ഡ്രെസ്സും ആയിട്ട് വീണ പുറത്തെ കുളിപ്പുരയിലേക്ക് നടക്കുക ആയിരുന്നു..
“മ്.. ഒന്നുലാ… നിന്നെ കാണാഞ്ഞിട്ട് വിളിച്ചിതാ.. “അതു പറഞ്ഞു കൊണ്ട് അവൻ വീണ്ടും ഊണുമുറിയിലേക്ക് പോയി..
“അവള് എപ്പോളും ഫോൺ വിളി ആണോ അമ്മേ.. “വറുത്തരച്ച കോഴികറിയുടെ ചാറു എടുത്തിട്ട് അവൻ ചക്കപ്പുഴുക്കിലേക്ക് വട്ടത്തിൽ ചുറ്റിച്ചൊഴിച്ചു..
“എപ്പോളും ഒന്നുമില്ലാ.. എന്നാലും അവൻ വൈകിട്ട് ഈ സമയത്ത് ഒക്കെ വിളിക്കും.. “
“അമ്മയോട് മിണ്ടുമോ.. “
“മ്.. മിണ്ടും.. എന്താടാ.. “
“ഒന്നുല്ല… ചോദിച്ചന്നെ ഒള്ളു “
“നിന്നെ വിളിക്കില്ലേ… “
“ഒന്ന് രണ്ട് വട്ടം വിളിച്ചു.. “
“ദേ.. അച്ഛൻ വന്നു… “ഉണ്ണിമോൾ മുറ്റത്തേക്ക് നോക്കി പറഞ്ഞു കൊണ്ട് എഴുനേറ്റു.
“ആഹ്.. നീ എപ്പോ വന്നു മോനെ.. “
“ഉച്ച കഴിഞ്ഞപ്പോൾ എത്തി അച്ഛാ… അച്ഛൻ ഇന്ന് എന്താ താമസിച്ചു പോയത്.. “
“ഓഹ്.. ഓരോരോ തിരക്കുകൾ… ഇനി കല്യാണം വിളിച്ചു തുടങ്ങേണ്ടത് അല്ലേ..അതിനൊക്കെ മുൻപ് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്.. “
അപ്പോളേക്കും സുമിത്ര അയക്കുള്ള ചായയും ആയി വന്നു കഴിഞ്ഞിരുന്നു..
“ആശുപത്രിയിൽ പോയിട്ട് എന്താ പറഞ്ഞത്.. “
“കുഴപ്പം ഒന്നുമില്ല.. പിന്നെ മോൾക്ക് ആണെങ്കിൽ പോയിട്ട് വന്നപ്പോൾ മുതൽ നടു വേദന “
“അതിനു ഇപ്പൊ എന്താ ചെയ്ക.. “
“നാളെ ആ വൈദ്യന്റെ അടുത്ത് ചെന്നു ഇത്തിരി കുഴമ്പ് മേടിക്കണം..”
“മ്.. മോനേ നാളെ രാവിലെ പോയി കുഴമ്പ് മേടിച്ചു കൊടുക്കണം കെട്ടോ.. “
“ഉവ്വ് അച്ഛാ.. “
“മോളെ.. ഒരുപാടു വേദന ഉണ്ടെങ്കിൽ പറ കെട്ടോ.. “
“കുഴപ്പമില്ല അമ്മേ… കുറഞ്ഞോളും..”
“അനാവശ്യമായ പേടി മാറ്റണം നിയ്…വേണ്ടതും വേണ്ടാത്തതും എല്ലാം ആലോചിച്ചു കൂട്ടുവാ.. “
രാത്രിയിൽ കിടക്കാൻ നേരം വൈശാഖൻ അവളെ ശാസിച്ചു..
“എനിക്കു അങ്ങനെ പേടി ഒന്നും ഇല്ലാ.. ഒക്കെ ഏട്ടന്റെ തോന്നൽ ആണ് “
“അന്ന് വല്യ ധീര ആണെന്ന് പറഞ്ഞു നീ യു ട്യൂബിൽ ഏതോ ഒരു ഇംഗ്ലീഷ്കാരി പ്രസവിക്കുന്ന വീഡിയോ കണ്ടില്ലേ, അന്ന് തുടങ്ങിയതാണ് നിന്റെ പേടി… “
ലക്ഷ്മി മിണ്ടാതെ ഇരിക്കുക ആണ്..
വൈശാഖേട്ടൻ പറഞ്ഞത് നൂറുശതമാനം സത്യം ആണ് എന്ന് അവൾക്ക് അറിയാമായിരുന്നു.. പക്ഷെ ഒന്നും മിണ്ടിയില്ല എന്ന് മാത്രം.
“നാളെ കാലത്തു തന്നെ ഞാൻ പോയി തൈലം മേടിച്ചു കൊണ്ട് വരാം . അതൊക്കെ തേച്ചു കുളിച്ചു കഴിയുമ്പോൾ നിനക്ക് ആശ്വാസം ആകും.. “
“മ്… “മൂളിയത് അല്ലാതെ അവള് ഒന്നും പറഞ്ഞിലാ..
കടിഞ്ഞൂൽ പ്രസവത്തിന്റ എല്ലാ വ്യാകുലതകളും അവളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു..
വൈശാഖേട്ടൻ വന്നത്കൊണ്ട് അവൾക്ക് വലിയൊരു ആശ്വാസം ആയിരുന്നു..
ഏട്ടാ.. ഇത് പെൺകുട്ടി ആണെന്ന് ഏട്ടന് ഉറപ്പുണ്ടോ.. അവനോട് ചേർന്ന് കിടന്നു കൊണ്ട് അവള് ചോദിച്ചു..
“അങ്ങനെ ആണ് ഞാൻ വിശ്വസിക്കുന്നത്.. പിന്നെ എല്ലാം മുകളിൽ ഇരിക്കുന്ന ആൾ അല്ലേ തീരുമാനിക്കുന്നത്… “
“അല്ല ഏട്ടാ… ഏട്ടൻ ആണെങ്കിൽ എപ്പോഴും ഇത് പെൺകുട്ടിയാണ് എന്നല്ലേ പറയുന്നത്, പക്ഷേ കുഞ്ഞ് ഉണ്ടാകുമ്പോൾ അത് ആൺകുട്ടിയാണെങ്കിൽ ഏട്ടൻ വിഷമിക്കുമൊ.. “
” ഒന്നു പോടീ അങ്ങനൊന്നുമില്ല,,, ആണായാലും പെണ്ണായാലും എനിക്ക് സന്തോഷമേയുള്ളൂ”
“ഉറപ്പാണോ ഏട്ടാ.. “
“മ്… പിന്നല്ലാതെ.., എന്താ നീ ഇപ്പോൾ അങ്ങനെ ചോദിക്കുന്നത്,,”
“എനിക്കു ആകെ ടെൻഷൻ.. ഏട്ടൻ എപ്പോളും കുഞ്ഞുലക്ഷ്മി എന്ന് വിളിച്ചു ഇരുന്നിട്ട് ഇത് മോൻ ആണെങ്കിലോ.”
“മ്.. ചിലപ്പോൾ ഒക്കെ ഞാനും ആലോചിക്കാറുണ്ട്… ഇത് മോൻ ആണെങ്കിലോ എന്ന്.. “
“ഒരു കാര്യം ചെയാം.. ഇനി ഞാൻ കുഞ്ഞുലക്ഷ്മി എന്ന് വിളിക്കുന്നില്ല പോരെ.. “
ലക്ഷ്മി ചിരിച്ചത് അല്ലാതെ ഒന്നും പറഞ്ഞിലാ…
ഏട്ടന്റെ ആഗ്രഹം പോലെ കുഞ്ഞുലക്ഷ്മി ആയാൽ മതി എന്നായിരുന്നു അവളുടെ മനസ്സിൽ അപ്പോൾ…
അടുത്ത ദിവസം കാലത്തേ തന്നെ വൈശാഖൻ പോയി തൈലം വാങ്ങി വന്നു..
“ആദ്യം തലമുടി നിറയെ എണ്ണ വെയ്ക്കണം, എന്നിട്ട് ആണ് കുഴമ്പ് തേയ്ക്കുന്നത്.. ” ലക്ഷ്മിയുടെ തലമുടിയിൽ കാച്ചെണ്ണ തേച്ചുകൊണ്ട് സുമിത്ര പറഞ്ഞു..
“എനിക്കു ഇതൊന്നും അറിഞ്ഞുടരുന്നു അമ്മേ”
“അങ്ങനെ ആണ് പണ്ടുള്ളവര് പറയുന്നത്… എന്റെ അമ്മയൊക്കെ അങ്ങനെ ആണ് എനിക്കു ചെയ്തു തന്നത്.. കുളിച്ചു കഴിഞ്ഞു കണ്ണേറ് കിട്ടാതിരിക്കാൻ ആയി കുറച്ച് കണ്മഷി എടുത്തു കണ്ണിലും എഴുതണം “
” അതെന്തിനാണ് അമ്മ അങ്ങനെ എഴുതുന്നത്”
” നമ്മൾ കുളിയൊക്കെ കഴിഞ്ഞ് ഇരിക്കുമ്പോൾ ആരെങ്കിലും, എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ അത് നമുക്ക് തട്ടും, അങ്ങനെ വരാതിരിക്കാനാണ് മോളെ,, ഇതൊക്കെ പണ്ടുള്ള ആളുകൾ പറയുന്നതാണ് കേട്ടോ, സത്യമാണോ എന്നൊന്നും എനിക്കറിയില്ല, എന്നാലും മോൾ ഇത്തിരി കണ്മഷി എടുത്തു കണ്ണെഴുതിയ്ക്കോ.. “
“എനിക്കു കണ്മഷി ഇല്ലമ്മേ… “
“ആണോ.. എങ്കിൽ ഞാൻ ഉണ്ണിമോളോട് മേടിച്ചു തരാം”
“മ് ശരി അമ്മേ “
“ഇനി കുഴമ്പ് തേയ്ക്കാം… ” അവർ അവളുടെ കാലിലും നടുവിലും എല്ലാം കുഴമ്പ് തേച്ചു..
“ഒരു മണിക്കൂർ എങ്കിലും കുറഞ്ഞത് ഇത് തേച്ചു പിടിപ്പിക്കണം.. അത് കഴിഞ്ഞേ കുളിക്കാൻ പാടൊള്ളു.. “
അങ്ങനെ സുമിത്ര പറഞ്ഞപ്രകാരം ഒന്നൊന്നര മണിക്കൂറിന് ശേഷമാണ്, ലക്ഷ്മി ഇളംചൂടുവെള്ളത്തിൽ കുളിച്ചത്…
എണ്ണ മെഴുക്ക് കളയാൻ ആയി അവൾ സുമിത്ര കൊടുത്ത ചെമ്പരത്തി താളി ഉപയോഗിച്ചിരുന്നു,,
എല്ലാം കഴിഞ്ഞ് കുളിച്ച് ഇറങ്ങിയപ്പോൾ അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി…
“ഈ കാച്ചെണ്ണയുടെ മണം എനിക്കു ഭയങ്കര ഇഷ്ട്ടം ആണ്… കുളി കഴിഞ്ഞപ്പോൾ നിനക്ക് പ്രത്യേക ഒരു ചന്തം”വൈശാഖൻ അവളുടെ മുടി എടുത്തു മണത്തു കൊണ്ട് പറഞ്ഞു..
“അതേയ്.. അധികം മണക്കേണ്ട കെട്ടോ.. അങ്ങോട്ട് മാറി നിൽക്ക്.. ചുമ്മാതല്ല അമ്മ പറഞ്ഞത്.. “
“എന്ത്.. എന്താണ് അമ്മ പറഞ്ഞത്. “
“ഒന്നും പറഞ്ഞില്ലേ.. ഞാൻ അറിയാണ്ട് പറഞ്ഞു പോയതാ.. “
അവൾ ഉണ്ണിമോൾ കൊടുത്ത കണ്മഷി എടുത്ത് രണ്ട് കണ്ണുകളും നന്നായി എഴുതി..
************
കാലത്തേ തന്നെ വൈശാഖൻ അമ്പലത്തിൽ പോയിരിക്കുക ആണ്..
ഇന്നാണ് അവൻ പോലീസ് ഇൻസെപ്ക്ടർ ആയി ചാർജ് എടുക്കുന്നത്..
അതിനു മുൻപ് അമ്പലത്തിൽ ഒന്നു പോയതാണ്..
അച്ഛനും അമ്മയും ആയിട്ടാണ് അവൻ അമ്പലത്തിൽ പോയത്..
ലക്ഷ്മിയും വീണയും ഉണ്ണിമോളും എല്ലാം അവർ വരുന്നത് നോക്കി ഇരിക്കുക ആണ്..
വിജിയും കുഞ്ഞും അശോകനും ശ്യാമളയും കൂടെ അല്പസമയത്തിനകം വരുമെന്നാണ് അറിയാൻ കഴിഞ്ഞത്
മൂന്ന്പേരും കൂടി ഉമ്മറത്ത് ഇരിക്കുക ആണ്..
“ദേ.. അവർ വരുന്നുണ്ട്.. “ലക്ഷ്മി പറഞ്ഞു.
കാലത്തേ ഇഡലിയും സാമ്പാറും ആയിരുന്നു…
അമ്പലത്തിൽ ഒക്കെ പോയിട്ട് ഐശ്വര്യം ആയിട്ട് ജോലിക്ക് കയറുന്പോൾ നോൺ വെജ് ഒന്നും വേണ്ട എന്ന് എല്ലാവരും കൂടി മുൻകൂട്ടി തീരുമാനിച്ചിരുന്നു..
കുറച്ചു കഴിഞ്ഞതും അശോകനും ശ്യാമളയും വിജിയും ഒക്കെ എത്തിച്ചേർന്നു
വിജിയുടെ കുഞ്ഞിനെ കണ്ടതും ലക്ഷ്മി വേഗം എടുത്തു..
“യ്യോ.. മോളെ… കുഞ്ഞിനെ എടുക്കല്ലേ… അവൻ അറിയാണ്ട് എങ്ങാനും ചവിട്ടും…” സുമിത്ര വേഗം കുഞ്ഞിനെ മേടിച്ചു..
രാജീവനും ദീപയും ഒക്കെ അവനെ ഫോണിൽ വിളിച്ചിരുന്നു..
വൈശാഖൻ പോലീസ് യൂണിഫോം ഒക്കെ ധരിച്ചു കൊണ്ട് കണ്ണാടിയ്ക്ക് മുന്നിൽ നിന്നു.
“ലക്ഷ്മി.. “അവൻ ഉറക്കെ വിളിച്ചു..
“ദ.. വരുന്നു ഏട്ടാ.. “
അവൾ മുറിയ്ക്കകത്തു ചെന്നു..
പോലീസ് യൂണിഫോം ഇട്ടു നിൽക്കുന്ന വൈശാഖാനെ കണ്ടതും അവള് അവനു സല്യൂട്ട് കൊടുത്തു .
സന്തോഷം കൊണ്ട് അവൾക്ക് മിണ്ടാൻ പോലും പറ്റുന്നില്ലായിരുന്നു..
“ഏട്ടാ… അടിപൊളി ആയിട്ടുണ്ട്… അവൾ അവന്റെ കവിളിൽ ഒരു മുത്തം കൊടുത്തു… “
അവൻ ചിരിച്ചു കൊണ്ട് അവളെ കെട്ടിപിടിച്ചു..
വയറു വലുതായി വരുന്നത് കൊണ്ട് പണ്ടത്തെ പോലെ എളുപ്പത്തിൽ അവനു അവളെ കെട്ടിപ്പിടിക്കാൻ ഒന്നും പറ്റില്ല .
അവളുടെ ഇരു കവിളിലും മുത്തം കൊടുത്തിട്ട് അവൻ കുനിഞ്ഞിരുന്നു..
അവളുടെ വീർത്ത വയറിൽ കൂടി മുത്തം കൊടുത്തു.
“അച്ഛ.. പോയിട്ട് വരാം കെട്ടോ.. അമ്മേടെ അടുത്ത് വഴക്കുണ്ടാക്കതെ ഇരുന്നോണം..” അവന്റെ ശബ്‌ദം കേട്ടതും കുഞ്ഞ് അനങ്ങി…
ഒരു ഉമ്മ കൂടി കൊടുത്തിട്ട് അവൻ മെല്ലെ മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങി..
എല്ലാവരും അവനെ പ്രതീക്ഷിച്ചു നിൽക്കുക ആണ്..
“ആഹ്… വേഷം മാറിയോ.. ഒന്നു കാണട്ടെ.. “എന്ന് പറഞ്ഞു കൊണ്ട് സുമിത്ര മകനേ വന്നു കെട്ടിപ്പുണർന്നു.. അറിയാതെ ആ കണ്ണുകൾ നിറഞ്ഞു വന്നു..
“അമ്മയ്ക്ക് സന്തോഷം ആയി… ന്റെ കുട്ടിയെ ദൈവo കാക്കും… ” അവർ കരഞ്ഞുകൊണ്ട് പറഞ്ഞു..
“എന്താ അമ്മേ ഇത്… ഏട്ടൻ ആദ്യായിട്ട് ഇറങ്ങുമ്പോൾ കരയുക ആണോ.. “വീണ വന്നു അമ്മയുടെ കയ്യിൽ പിടിച്ചു..
“സുമിത്രെ… “ശേഖരൻ വിളിച്ചപ്പോൾ അവർ കണ്ണീർ തുടച്ചു .
“രാഹുകാലത്തിനു മുൻപ് ഇറങ്ങണ്ടേ… “ശ്യാമള ആണ് അത് ഓർമ്മിപ്പിച്ചത് .
പെട്ടന്ന് തന്നെ സുമിത്ര മകന്റെ നേർക്ക് ആരതി ഉഴിഞ്ഞു..
വൈശാഖൻ അച്ഛന്റെയും അമ്മയുടെയും കാൽ തൊട്ടു വന്ദിച്ചു..
അതുപോലെ തന്നെ അശോകന്റെയും ശ്യാമളയുടെയും..
“മാമൻ പോയിട്ട് വരാം കെട്ടോ.. “വിജിയുടെ കുഞ്ഞിന്റെ കവിളിൽ ഒരു മുത്തം കൊടുത്തിട്ട് അവൻ മുറ്റത്തു കിടന്ന ജീപ്പിലേക്ക് കയറി..
എല്ലാവരും അവൻ പോകുന്നത് നോക്കി നിന്നു.. ..
“ഞാൻ ഇപ്പൊ വരാം കെട്ടോ.. ഒരഞ്ചു മിനിറ്റ് എന്ന് പറഞ്ഞു കൊണ്ട് ശേഖരൻ പെട്ടന്ന് വഴിയിലേക്ക് ഇറങ്ങി..
മോൻ പോയ വഴിയിലേക്ക് നോക്കി അയാൾ നിന്നു..
ഏതൊരു അച്ഛന്റെയും അഭിമാന നിമിഷം ആയിരുന്നു അത്..
ഒലിച്ചു ഇറങ്ങിയ കണ്ണുനീർ ആരും കാണാതെ അയാൾ തുടച്ചു മാറ്റി..
തുടരും…