ആ പതിനഞ്ചു വയസ്സുകാരന്റെ ആത്മാഭിമാനം പുകയുന്നത് സോഡാ കണ്ണട വെച്ചു നോക്കിയിട്ടും….

മാഷ്…

Story written by Indu Rejith

::::::::::::::::::::::::

സ്കൂൾ പിടിഎ ദിവസം അവന്റെ സ്ഥാനം പലപ്പോഴും ക്ലാസിനു വെളിയിലായിരുന്നു… മാർക്ക് കുറഞ്ഞതിന് അപമാനിതനായി ഇറങ്ങിയതാണ് എന്ന് തോന്നിയെങ്കിൽ തെറ്റി… സഹപാഠികളുടെ രക്ഷകർത്താക്കൾ തങ്ങളുടെ മക്കളെ അടുത്തിരുത്തി നീളൻ ബഞ്ചുകളിൽ ഉച്ചക്കഞ്ഞി കഴിഞ്ഞപ്പോഴേ ഇടം പിടിച്ചിട്ടുണ്ടായിരുന്നു…

ഈ അമ്മയ്ക്ക് ഇന്നെങ്കിലും ഒന്ന് നേരുത്തേ വന്നൂടെ.. കാലത്തു കൂടി പറഞ്ഞതല്ലേ….

നിന്റെ വീട്ടീന്ന് ആർക്കും എഴുന്നള്ളാറായില്ലേടാ ചെറുക്കാ…

അമ്മ ഇപ്പോ വരും മാഷേ…

അപ്പോ നിനക്ക് തന്തയില്ലേ….??

പ്രതികരിക്കാൻ പരിമിതികൾ ഉള്ളവനോട് ഉളുപ്പില്ലാതെ പലരും ചോദിക്കുന്ന ചോദ്യം ആ പത്താം ക്ലാസുകാരനും നേരിടേണ്ടി വന്നു… അതും നല്ലതും കെട്ടതും തരം തിരിച്ചു നൽകേണ്ട മാഷിന്റെ നാവിൽ നിന്ന് തന്നെ…തനിക്ക് ഉണ്ടെങ്കിൽ എനിക്കും ഉണ്ടെന്ന് പറയാൻ നാവ് വാശിപിടിച്ചിരുന്നു… മുടക്കമില്ലാതെ വിശപ്പാറ്റുന്ന സ്കൂളിലെ കഞ്ഞിയും പയറും ഒരു നല്ല മാഷിന്റെ ഉത്തരവാദിത്തത്തോടെ അവന് സംയമനം കൊടുത്തു….

ഇനി തള്ള വന്നില്ലെങ്കിൽ കഞ്ഞിപ്പുരയിലെ വിറക് അടുക്കി വെച്ചിട്ട് പോയാമതി നീ….

ആ പതിനഞ്ചു വയസ്സുകാരന്റെ ആത്മാഭിമാനം പുകയുന്നത് സോഡാ കണ്ണട വെച്ചു നോക്കിയിട്ടും അയാൾക്ക് കാണാൻ കഴിഞ്ഞിരിക്കില്ല…..

അമ്മ വരും മാഷേ എന്നായിരുന്നു മറുപടി…പറഞ്ഞു തീർന്നില്ല സാരിതലപ്പ് കൊണ്ട് വിയർപ്പ് തുടച്ച് ഓടി കിതച്ചു പാവം വരുന്നത് അവൻ കണ്ടു…

ദാ മാഷേ എന്റമ്മ…

അതിന് ഞാൻ പോയി തൊഴണോ അവരെ…

വേണ്ടാ അതിനുള്ള യോഗ്യത മാഷിനില്ലെന്നു കരുതുന്നവനാ ഞാൻ…

ടാ അധികപ്രസംഗി…

ഇതിനു കൂടി ഞാൻ മറുപടി പറഞ്ഞില്ലെങ്കിൽ മാഷ് നേരുത്തേ ഒരാളെനിക്ക് ഇല്ലേ എന്ന് ചോദിച്ചില്ലേ… ആ ചോദ്യത്തിന് ഉത്തരമില്ലെന്നാണ് അർഥം..

കശുവണ്ടി ഫാക്ടറിയിൽ നിന്ന് ഉച്ചയ്ക്ക് ചോദിച്ചിറങ്ങിയതാണ് ആ അമ്മ…വിയർപ്പ് നാറുന്ന ശരീരവുമായി അവർ തന്റെ മകനെ ചേർത്ത് പിടിച്ച് പുറകിലറ്റത്തെ ബെഞ്ചിൽ ഇങ്ങനെ ഇരുന്നു…

ഓണപരീക്ഷയുടെ മാർക്ക് ഒരു നീളൻ ബുക്കിൽ എഴുതി അമ്മയുടെ നേർക്ക് നീട്ടിയപ്പോൾ തിരുവോണ സദ്യ ഉണ്ണുന്നതിനേക്കാൾ തൃപ്തി ആ മുഖത്ത് ആ കുട്ടി കണ്ടിരുന്നു.,..

അ ണ്ടിക്കറ പുരണ്ട കൈകൾ കൊണ്ട്… തെറ്റി ആ മകനത് മൈലാഞ്ചി കൈകളാണ്…അവർ തന്റെ മകന്റെ നെറ്റിയിൽ മെല്ലെ തലോടി….

അപ്പോളേക്കും മാഷ് എന്തോ അഭിപ്രായം പറയാനായി എഴുന്നേറ്റ് നിന്നു….കൂടെ ഇരിക്കുന്നവന്റെ നോക്കി എഴുതിയും പുസ്തകതാള് ഒളിപ്പിച്ചു വെച്ചും മാർക്ക് നേടിയ വിരുതൻമാർ പിടിക്കപ്പെട്ടിട്ടില്ല എന്ന് കരുതരുത്…ഇവിടുത്തെ അദ്ധ്യാപകരെ പറ്റിച്ചു നേടുന്ന മാർക്ക്‌ കൊല്ലപരീക്ഷയ്ക്ക് കിട്ടുമെന്ന് ആരും മനക്കോട്ടെ കെട്ടണ്ട…

കേട്ടോടാ… നിന്നോടാ….

ആ ക്ലാസ്സ്‌ മുറിയാകെ ചിരി പടർന്നിരുന്നു.. ആ അമ്മയെ നോക്കി ചില സ്ത്രീകൾ പുച്ഛഭാവത്തിൽ മുഖം കോട്ടി ചിരിച്ചു….അന്തി മയങ്ങുമ്പോഴുള്ള അച്ഛന്റെ അടിയും ചീത്ത വിളിയും ഏറ്റുവളർന്നവന് മറ്റുള്ളവരുടെ പരിഹാസത്തിനു മൂർച്ച പോരെന്നു തോന്നിയിരുന്നു….പുറത്തേക്ക് ഇറങ്ങിയപ്പോൾ കൊമ്പൻ മീശയുമായി വഴിക്ക് കുറുകെ ചാടിയ കരിമ്പൂച്ചയെ പോലെ മാഷ് പിന്നെയും മുന്നിൽ…

ടാ ചെക്കാ സ്വന്തായിട്ട് നാലക്ഷരം പഠിച്ചിട്ടു ആളവാൻ നോക്ക്… അതിന് പറ്റില്ലെങ്കിൽ ഇവനെ എന്റെ വീട്ടിലേക്ക് വിട്ടേക്ക് തൊഴുത്തിലെ പണിക്കാരൻ രണ്ടീസം ആയി വന്നിട്ട്… അവൻ പൊയ്യീന്നാണെങ്കിൽ നിനക്ക് തരാം ആ പണി…

എന്തിനീയാൾ ഇതൊക്കെ എന്നോട് മാത്രം പറയുന്നു അമ്മേ…അതൊന്നും നിനക്ക് മനസിലാവുന്ന ഒരു നാൾ ഉണ്ടാവും… എന്നല്ലാതെ അമ്മ മാഷിനോടും ഒന്നും പറഞ്ഞില്ല…

വീട്ടിലേക്കുള്ള വഴിയിൽ അമ്മ ഒന്നും മിണ്ടിയിരുന്നില്ല…അമ്മയ്ക്ക് എന്നോട് പിണക്കമാണോ എന്റെ മാഷ് മറ്റുള്ളോരുടെ മുന്നിൽ കളിയാക്കിയതിന്..

അമ്മയോടൊപ്പം ബാഗും തൂക്കി പുറത്തേക്കിറങ്ങി വീട്ടിലേക്ക് നടന്നു…

അമ്മ എന്തെ ഒന്നും മിണ്ടാത്തെ…

അമ്മയെ കുറിച്ചങ്ങനാ നീ കരുതിയെക്കണേ എന്റെ കുഞ്ഞിനെ എനിക്ക് അറിയില്ലേ..

കുറച്ചു മുന്നിലായ് ഒരു കുരിശ്ശടി ഉണ്ടായിരുന്നു… അവിടെ എത്തിയപ്പോൾ അമ്മ ആ മകനോട് ഒരു ചോദ്യം ചോദിച്ചു…

അമ്മയ്ക്ക് മോനൊരു വാക്ക് തരുമോ…

പഠിച്ചൊരു മാഷ് ആകുമെന്നാ….

ആ അമ്മ ചിരിക്കുണ്ടായിരുന്നു…

ഒരിക്കലും അല്ല…. മോൻ ഏത് പദവിയിൽ എത്തിയാലും അല്ല ഇനി കൂലിപ്പണിക്കാരൻ ആയാലും മുന്നിൽ നിൽക്കുന്നവരുടെ ചങ്കിൽ ചവിട്ടി ഒരിക്കലും സംസാരിക്കില്ലെന്ന്….നിന്നെ വലിയവൻ ആക്കാൻ അവിടെ ദൈവം കൂട്ട് വന്നോളും…ഈ നാവ് ഉള്ളിടത്തോളം മതിയോ അമ്മേ ഈ വാക്ക്…

ആ നിമിഷം ആ മകന്റെ നെറുകയിൽ ചുംബിച്ച ആ അമ്മയിൽ ഉണ്ണിയേശുവിനെ ലാളിക്കുന്ന മാതാവിന്റെ തിരുരൂപം മിന്നിമാഞ്ഞിരുന്നു…

ഈ സ്കൂളിൽ ഇതെന്റെ ആദ്യത്തെ ദിനം ആണെന്ന് അറിയാല്ലോ നിങ്ങൾക്ക്…ഈ കഥ ഞാൻ നിങ്ങൾക്ക് പറഞ്ഞു തന്നത് മറ്റൊന്നിനുമല്ല പരിഹസിക്കാൻ പലരുണ്ടാവും പോരാടാൻ നമ്മൾ മാത്രമേ കാണു എന്നോർമിപ്പിക്കാനാണ്… അന്ന് ആ മാഷ് ആ കുട്ടിയിൽ കണ്ട കുറവുകൾ അവന്റെ ജാതിയോ നിറമോ കുടുംബപശ്ചാത്തലമോ ഒക്കെയാവാം….എന്നേ മുന്നോട്ട് നയിച്ച ഈ കഥ ആരോ പറഞ്ഞ് ഞാൻ എന്നോ കേട്ടതാണ്…. നല്ലത് ചൊല്ലി കൊടുക്കുന്നവനെ അദ്ധ്യാപകനായി ഇരിക്കാൻ യോഗ്യത ഉള്ളു അത് കൊണ്ട് പറഞ്ഞു….

PTA കഴിഞ്ഞ് എല്ലാവരും തിരികെ പോയി…

ദേവൻ ഓഫീസിലേക്ക് നടന്നു… എച് എമ്മിന്റെ ഒഴിഞ്ഞു കിടന്ന കസേരയിൽ ഇരുന്ന് ഒരു ദീർഘ നിശ്വാസം എടുത്തു….കണ്ണ് തുറന്നപ്പോൾ ഭിത്തിയിലെ അദ്ധ്യാപകരുടെ ചിത്രത്തിൽ താൻ വർഷങ്ങൾക്ക് മുൻപ് വെറുത്ത ഒരു മുഖം…ആ മുഖത്തേക്ക് നോക്കി അഭിമാനത്തോടെ ആ കസേരയിൽ അയാൾ അമർന്നിരുന്നു… മോഹിച്ചതെല്ലാം നേടിയെടുത്ത പതിനഞ്ചുവയസ്സുകാരന്റെ ആനന്ദത്തോടെ….

ശുഭം…