ഭാഗ്യജാതകം
Story written by Saji Thaiparambu
::::::::::::::::::::::::::::::
“പാറുവിൻറെ കോഴ്സ് കഴിഞ്ഞില്ലേ? അവൾക്കും കൂടി കല്യാണമാലോചിക്കണ്ടേ?
പ്രഭാവതി, സോമനാഥനോട് ചോദിച്ചു.
“ഉം ,ഞാൻ അത് ഓർക്കാഞ്ഞിട്ടല്ല, പക്ഷേ ,അവളെക്കാൾ രണ്ടുവയസ്സ് മൂപ്പുള്ള അച്ചുവിന് വന്ന ആലോചനകളൊന്നും ശരിയാവുന്നില്ലല്ലോ? മൂത്തവളെ നിർത്തി കൊണ്ട് എങ്ങനാ ഇളയവളുടെ കല്യാണം നടത്തുന്നത്”
സോമനാഥൻ വിഷണ്ണനായി ചോദിച്ചു.
“അതിന് നമ്മൾ ശ്രമിക്കാഞ്ഞിട്ടല്ലല്ലോ? വന്നു കാണുന്നവർക്കൊന്നും അവളെ ഇഷ്ടപ്പെടാഞ്ഞിട്ടല്ലേ? സൗന്ദര്യവുമില്ല, പഠിപ്പുമില്ലാത്തവരെ ഇക്കാലത്ത് ആർക്കും വേണ്ടല്ലോ? ആ പേരും പറഞ്ഞ് എൻ്റെ മോളും പുരനിറഞ്ഞ് നില്ക്കേണ്ടി വരുമോ?
പ്രഭാവതി നിരാശയോടെ പറഞ്ഞു.
“പ്രഭേ… നീ പ്രസവിച്ചില്ലെങ്കിലും, അവളെൻ്റെ മോളാണ് ,പാറുവിനെയുo ,അച്ചുവിനെയും എനിക്ക് രണ്ടായി കാണാൻ കഴിയില്ല”
“അല്ല ,ഞാൻ പറഞ്ഞെന്നേയുള്ളു ,ഇനിയിപ്പോൾ വേറെ മാർഗ്ഗമൊന്നുമില്ലെങ്കിൽ എൻ്റെ ആങ്ങളയുടെ മകൻ ദേവനുണ്ടല്ലോ ?അവന് വേണ്ടി ആലോചിക്കാം, ചില്ലറ മ-ദ്യപാനവും അടിയും പിടിയുമൊക്കെ ഉണ്ടെങ്കിലും മറ്റ് ദു: ശ്ശീലങ്ങളൊന്നും അവനില്ല ,നാട്ടിൽ നല്ല ആലോചനകളൊന്നും വരാത്തത് കൊണ്ട് അവനിപ്പോഴും ഒറ്റത്തടിയായിട്ട് നില്ക്കുവാ”
“എന്നാൽ പിന്നെ, പാറൂനെ ആലോചിക്കാത്തതെന്താണ്, നിൻ്റെ ആങ്ങളയുടെ മോനാകുമ്പോൾ പിന്നെ കൂടുതൽ അന്വേഷിക്കണ്ടല്ലോ”
“അയ്യോ അത് പറ്റില്ല ,എൻ്റെ മോള് പോസ്റ്റ് ഗ്രാജുവേറ്റാണ്, അവൻ വെറും പത്താം ക്ളാസ്സ്, അത് കൊണ്ടാണ് അച്ചുവിനെ പ്രൊപ്പോസ് ചെയ്തത്, അവരാകുമ്പോൾ തമ്മിൽ കാണുമ്പോൾ നല്ല ചേർച്ചയുമാണ്”
“പക്ഷേ, അറിഞ്ഞ് കൊണ്ട് കു-ടിയനും തെമ്മാടിയുമായ ഒരുത്തൻ്റെ കയ്യിലേക്ക് എങ്ങനാ എൻ്റെ മോളെ പിടിച്ച് കൊടുക്കുന്നത്”
“ഓഹ്, അതിനെന്താ കല്യാണം കഴിയുമ്പോൾ അതൊക്കെ മാറിക്കൊള്ളും”
“ഉം ശരി, എന്നാൽ നീ ആ വഴിക്ക് നോക്ക്, രണ്ട് പേരുടെയും കല്യാണം ഒരു പന്തലിൽ തന്നെ നടത്തണം”
അങ്ങനെ ആലോചനകൾ തകൃതിയായി നടന്നു.
പാറുവിനും ,വന്നു ഒരു സർക്കാരുദ്യോഗസ്ഥൻ്റെ ആലോചന.
നാല് പേരുടെയും ജാതക പ്പൊരുത്തം നോക്കാൻ പ്രഭാവതി തനിച്ചാണ് ജ്യോത്സ്യൻ്റയടുത്ത് പോയത്.
സോമനാഥന് അതിലൊന്നും വിശ്വാസമില്ലായിരുന്നു.
കവടി നിരത്തിയ ജോത്സ്യൻ്റെ പ്രവചനം കേട്ട് പ്രഭാവതിക്ക് ചെറിയ ഞെട്ടലുണ്ടായി.
അച്ചുവിനെ വിവാഹം കഴിക്കുന്നയാൾക്ക് ദുർ-മ്മരണം സംഭവിക്കുമെന്ന്.
പക്ഷേ, അതിൻ്റെ പേരിൽ അച്ചുവിൻ്റെ കല്യാണം മുടങ്ങിയാൽ ,തൻ്റെ മകൾ പാർവ്വതിയുടെയും വിവാഹം മുടങ്ങിയേക്കുമെന്ന് പ്രഭാവതി ഭയന്നു.
മറ്റൊരാൾ ഇതൊരിക്കലും അറിയരുതെന്ന് പറഞ്ഞ്, ജ്യോത്സ്യന് പ്രഭാവതി ചോദിച്ച പണം കൊടുത്തു.
പത്തിൽ ഏഴ് പൊരുത്തവുമായി ജ്യോത്സ്യൻ പ്രഭാവതിയെ യാത്രയാക്കി.
അങ്ങനെ ശുഭമുഹൂർത്തത്തിൽ തന്നെ ,അച്ചുവിൻ്റെയും പാറുവിൻ്റെയും കല്യാണം നടന്നു.
പ്രഭാവതി വെറുതെ പറഞ്ഞതാണെങ്കിലും, വിവാഹശേഷം, അച്ചുവിൻറെ ഭർത്താവ് ദേവൻ, കുടി നിർത്തി, തല്ലും വഴക്കും ഒന്നുമില്ലാതെ മര്യാദക്കാരനായി, ടിപ്പർലോറി ഓടിച്ച് ജീവിക്കുന്നു.
അശ്വതിയുടേത് ഭാഗ്യജാതകമായത് കൊണ്ടാണോന്നറിയില്ല , ആ വർഷത്തെ ഓണം ബംബർ 12 കോടി അടിച്ചത് , ദേവനായിരുന്നു.
അതോടെ ദേവനും, ഭാര്യ അശ്വതിയും കൂടി ടൗണിൽ വലിയൊരു ബംഗ്ലാവും സ്ഥലവും വാങ്ങി അങ്ങോട്ടേക്ക് താമസം മാറി ,ഇപ്പോൾ നിരവധി ടിപ്പർ ലോറികളുടെ ഉടമസ്ഥനാണ് ദേവൻ.
തൻ്റെ കാൽച്ചുവട്ടിൽ കിടന്ന് നരകിച്ച അച്ചുവിൻറെ ജീവിത നിലവാരം വളരെ പെട്ടെന്ന് ഉയരുന്നത് കണ്ടു പ്രഭാവതി അസൂയാലുവായി.
ഇടി വെട്ടിയവൻ്റെ തലയിൽ പാമ്പ് കടിച്ച പോലെ പാർവതിയുടെ ഭർത്താവ്, സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ അറസ്റ്റിലാവുകയും , 14 ദിവസത്തേക്ക് റിമാൻഡിലാവുകയും ചെയ്തു.
തന്നോട് ജോത്സ്യൻ പറഞ്ഞതിന് വിപരീതമായ കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് കണ്ടപ്പോൾ പ്രഭാവതി ജാതകങ്ങൾ എടുത്തുകൊണ്ട് വീണ്ടും ജോത്സ്യൻ്റ അടുത്തേക്ക് ഓടി,
“ഈ ജാതകത്തിൻ്റെ ഉടമ , ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? ഈ വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയത്തിലൂടെയാണ് ഇപ്പോൾ ഇയാൾ കടന്നുപോകുന്നത്, എപ്പോഴും എന്തും സംഭവിക്കും”
പാറുവിൻ്റെ ഭർത്താവിൻ്റെ ജാതകം നോക്കിക്കൊണ്ട് ജ്യോത്സ്യൻ സംശയം പ്രകടിപ്പിച്ചു.
“അയ്യോ സ്വാമി, ഇത് എൻ്റെ മകളുടെ ഭർത്താവിൻ്റെ ജാതകമാണ്, അന്ന് ,അങ്ങ് പറഞ്ഞത് ,മറ്റേ ജാതകത്തെക്കുറിച്ച് അല്ലായിരുന്നോ?
ഹേയ്, നോമിന് അങ്ങനെ തെറ്റ് പറ്റില്ല, നിങ്ങൾക്ക് ചിലപ്പോൾ തെറ്റിയിട്ടുണ്ടാവും”
ജ്യോത്സ്യൻ്റെ വാക്കുകൾ കേട്ട പ്രഭാവതിക്ക്, സപ്ത നാഡികളും തളർന്നു പോയിരുന്നു.