പ്രാണനിൽ ~ ഭാഗം 01, എഴുത്ത്: മാർത്ത മറിയം

(©️Copyright work -This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 ) and should not be used in full or part without the creator’s( Martha Mariam ) prior permission.

ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർനിർമ്മിക്കുവാനുമുള്ള അവകാശം എഴുത്തുകാരിയായ (മാർത്ത മറിയം ) മാത്രമാണ്. അനുവാദമില്ലാതെ ഇത് പകർത്തുക, പരിഷ്ക്കരിക്കുക, അനുകരിക്കുക, വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്. )

പ്രാണനിൽ

♥️♥️

“അമ്മേ… ദേ അംബിക ടീച്ചർ വന്നേക്കുന്നു….” ദ്രുതിയ്ക്ക് കൊണ്ടുപോവാൻ ചോറെടുത്തുകൊണ്ടിരിക്കുമ്പോളാണ് ധ്വനി അടുക്കളയിലേക് വന്നത്….

“എന്താണാവോ പതിവില്ലാതെ…..നീയിതൊന്നു ഒരു കവറിൽ കെട്ടി കൊടുക്.. ഞാൻ പോയി നോക്കിട്ട് വരാം…”.

ജാനകി ചോറുംപാത്രം അവളെ ഏല്പിച്ചുകൊണ്ട് സാരിതലപ് കൊണ്ട് കഴുത്തും മുഖവും അമർത്തി തുടച്ചുകൊണ്ട് ഉമ്മറത്തേക് നടന്നു…..

“ആഹ്ഹ്… ടീച്ചറെ…. ഇരിക്ക്…എന്തെ പതിവില്ലാതെ …” ജാനകി അരഭിത്തിയിൽ ഇരുന്നുകൊണ്ട് ചോദിച്ചു…

“ദ്രുതി പോയോ….?”. അംബിക ടീച്ചർ കോലായിൽ ഇട്ടിരിക്കുന്ന കസേരയിൽ ഇരുന്നുകൊണ്ട് തിരിച്ചു ചോദിച്ചു…

“ഇല്ല… സമയമാവുന്നോള്ളൂ….” ജാനകി ഹാളിലെ ക്ലോക്കിലെക് എത്തി നോക്കികൊണ്ട് പറഞ്ഞു…

“ആഹ്ഹ്….ധ്വനിയുടെ കോഴ്സ് കഴിഞ്ഞോ…?” ടീച്ചർ വീണ്ടും ചോദിച്ചു…

“6th സെമിന്റെ എക്സാം കഴിഞ്ഞു….എന്തെ ടീച്ചറെ….” ജാനകി സംശയത്തോടെ ചോദിച്ചു….

“അപ്പോ ഇനി ബാംഗ്ലൂർക് അടുത്തൊന്നും പോവണ്ടല്ലേ…”

“വേണ്ട….” ടീച്ചർ കാര്യം പറയാത്തതിലുള്ള ഒരു ബുദ്ധിമുട്ട് ജാനകിയുടെ മുഖത്തു തെളിഞ്ഞു….

“ഞാൻ വന്നെതെന്താണെന്നു വെച്ചാൽ ധ്വനിക് ഒരു ജോലി കാര്യം പറയാനാണ്….നമ്മുടെ മാങ്ങാടൻറെ റിസോർട് ഇല്ലേ അവിടെ ഒരു സിനിമകാരൻ വന്നിട്ടുണ്ട്… എന്തോ വല്യ അസുഖം ഒക്കെ വന്നിട്ട് മാറിയ ആളാണ്….എന്നാലും ഇപ്പോളും ചികിത്സ ഒക്കെ ഉണ്ട്. അപ്പോ ഒരു ഹോംനഴ്സ് പോലെ ഒരാളെ വേണം മരുന്നിടുത്തുകൊടുക്കാനും മറ്റും….” ടീച്ചർ കാര്യം വിശദികരിച്ചു…

ജാനകി കാര്യം മനസിലാവാത്തത് പോലെ ടീച്ചറെ നോക്കി…

“സിനിമ കാരനോ….? ഏത് സിനിമ കാരൻ…? ” ജാനകിയുടെ നെറ്റിയിൽ ചുളിവ് വീണു….

“ഏതോ തെലുങ്കനാണ്….പക്ഷെ അത്യാവശ്യം മലയാളം ഒക്കെ അറിയാം…ഭക്ഷണം ഒക്കെ വെയ്ക്കാൻ അവരുടെ കൂടെ ഒരു സ്ത്രീയുണ്ട്….ധ്വനി മോള് അയാളുടെ മരുന്നൊക്കെ എടുത്തു കൊടുത്താൽ മതി…അതും വെറും രണ്ടോ മൂന്നോ മാസം..കുറെ നാളായി ഹോസ്പിറ്റലിൽ ആയിരുന്നു…അതിന്റെ ഒക്കെ ക്ഷീണം മാറാൻ വേണ്ടി വന്നേക്കുന്നതാണ്…കൂടിപ്പോയാൽ മൂന്ന് മാസം അത് വരെ മതി… മാസം മുപ്പതിനായിരം കിട്ടും….നിങ്ങളുടെ ഇപ്പോളത്തെ അവസ്ഥായ്ക് അത്‌ വലിയൊരു ആശ്വാസമാകും എന്ന് കരുതിയ ഞാൻ വേറെ ആരോടും പറയാതെ നേരെ ഇങ്ങോട്ട് പോന്നത്…. ” ടീച്ചർ ദയനീയ ഭാവത്തിൽ പറഞ്ഞു…

“അതൊക്കെ ശെരിയാ….എന്നാലും ധ്വനി അങ്ങനെ ഒക്കെ പോയി നില്കാറായിട്ടില്ല…” ജാനകി വിഷമത്തോടെ ടീച്ചറെ നോക്കി…

“കൊച്ചു കുഞ്ഞൊന്നും അല്ലാലോ…ബാംഗ്ലൂർ ഒക്കെ പോയി പഠിച്ചതല്ലേ….പിന്നെയുമല്ല എന്നും വിട്ടിൽ വന്നു പോവാലോ…അതും ഒന്നുറക്കെ വിളിച്ചാൽ കേൾക്കുന്ന ദൂരത്തും…ഇങ്ങനെ ഒക്കെ പറഞ്ഞു അതിന്റെ ഭാവി കളയല്ലേ…ധ്വനിയെ അവർക്ക് ഇഷ്ടമായാൽ ഒരുപാട് ബിസിനസ്‌ ഒക്കെ ഉള്ളവരാണ്….ആ കുഞ്ഞിന്റെ ഭാവി രക്ഷപെടും…അല്ലാതെ ദ്രുതി എത്ര കാലം ആ സൂപ്പർ മാർക്കറ്റിൽ ബില്ല് അടിക്കാൻ പോയാലാണ് മോഹൻ ചേട്ടൻ വരുത്തി വെച്ച കടങ്ങൾ വീട്ടാനാവുന്നത്…. ” ടീച്ചർ പരമാവധി ജാനകിയെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു….

“സാരമില്ല ടീച്ചറെ….. ” തോളിൽ ബാഗുമായി ദ്രുതി അകത്തു നിന്നും ഇറങ്ങി വന്നു..

“എന്തായാലും ടീച്ചറോട് നന്ദിയുണ്ട്….ഇങ്ങനെ ഒരു കാര്യം കേട്ടപ്പോൾ ഞങ്ങളെ ഓർത്തതിന്…ധ്വനിയെ ഇപ്പോൾ എന്തായാലും ജോലിക് വിടുന്നില്ല ടീച്ചറെ….അവളുടെ റിസൾട്ട്‌ വരട്ടെ അത് കഴിഞ്ഞു നോക്കുന്നോള്ളൂ ജോലിയൊക്കെ. അതുവരെ ഇത്രയും കാലം ഞങൾ ജീവിച്ചത് പോലെ ജീവിച്ചോളാം….. ” ദ്രുതിയുടെ മുഖത്തടിച്ചത് പോലെയുള്ള സംസാരം അംബിക ടീച്ചറെ പോലെ ജാനകിയിലും വല്ലായ്മ ഉണ്ടാക്കി…

അംബിക ടീച്ചർ ഒന്നും പറയാതെ ബാഗും കുടയും എടുത്ത് യാത്രപോലും പറയാതെ മുറ്റത്തേക്കിറങ്ങി നടന്നു….

“ദ്രുതി….. ” ജാനകി ദേഷ്യത്തോടെ വിളിച്ചു….

“എന്തെ “… എന്നുള്ള രീതിയിൽ ദ്രുതി തലയുയർത്തി നോക്കി…..

“നീയെന്തൊക്കെയാ ടീച്ചറോട് പറഞ്ഞത്….നമ്മുടെ നന്മ ഓർത്താണ് ടീച്ചർ വന്നു പറഞ്ഞത്…എന്നിട്ട് ഇപ്പോ അതും ഇതും പറഞ്ഞു അതിനെ പിണക്കി വിട്ടേകുന്നു…. ” ജാനകി വളരെ രൂക്ഷമായി തന്നെ ദൃതിയോടെ കയർത്തു….

“ജാനമ്മയ്ക് എന്തെ…..ധ്വനിയെ അവിടെ ജോലിക് വിടാനായിരുന്നോ ഉദ്ദേശം…. ” ദ്രുതിയും ദേഷ്യത്തിൽ തന്നെയായിരുന്നു….

“ജോലിക് പോവുകയോ… പോവാതിരിക്കുകയോ ചെയ്യട്ടെ….അതല്ലല്ലോ….വിട്ടിൽ വരുന്നവരോടുള്ള മര്യാദയെങ്കിലും കാണിക്കണ്ടേ… ” ജാനകിയും വിട്ടു കൊടുത്തില്ല ..

“ഒന്നു നിർത്…..ഓപ്പോൾ പോവാൻ ഇറങ്ങിയതാണെങ്കിൽ പോവാൻ നോക്ക്… ” പ്രശ്നം ഗുരുതരം ആവുന്നു എന്ന് കണ്ട് ധ്വനി പുറത്തേക്കിറങ്ങി ചെന്നു….

പിന്നെ കൂടുതൽ ഒന്നും പറയാതെ ദ്രുതി പുറത്തേക്കും ജാനകി അടുക്കളയിലേക്കും നടന്നു…ധ്വനി ആലോചനയുടെ അരഭിത്തിയിൽ ഇരുന്നു..അംബിക ടീച്ചറുടെയും അമ്മയുടെ സംസാരം അവൾ അകത്തു നിന്നു കേട്ടിരുന്നു…ഇതാവും ആ തെലുങ്ക് നടൻ….? അങ്ങനെ നടൻ മാർക്കൊന്നും അസുഖമുള്ളതായിട്ട് ഫേസ്ബുക്കിലോ ഇൻസ്റാഗ്രാമിലോ കണ്ടില്ലലോ…അവൾ ഒന്നും കൂടി ഓർമയിൽ പരതി…

ഏയ്യ്…. അങ്ങനെ ആരുടെയും ന്യൂസ്‌ ഒന്നും കണ്ടിട്ടില്ല….എന്തങ്കിലും പഴയ നടനാവുമെന്നു അവൾ ഉറപ്പിച്ചു….എങ്കിലും മരുന്ന് എടുത്തു കൊടുക്കുന്നതിനു മാത്രം മുപ്പതിനായിരം രൂപയോ… ” അവൾക് അത്ഭുതം തോന്നി…..ആകെ അവൾ പൈസ കാണുന്നത് ഓപ്പോൾക് ശമ്പളം കിട്ടുമ്പോളും അമ്മയ്ക്ക് തയ്യിച്ച പൈസ കിട്ടുമ്പോൾ മാത്രമാണ്….പക്ഷേ ആ പൈസയ്ക്കൊന്നും അധികനേരം ചേച്ചിയുടെയോ അമ്മയുടേയോ പേഴ്സിൽ ഇരിക്കാനുള്ള യോഗം ഉണ്ടാവാറില്ല….അപ്പോളേക്കും കടക്കാർ ഓരോരുത്തരായി വന്നിട്ടുണ്ടാകും…. ” ധ്വനി ഒന്നു ദീർഘമായി ഒന്നു നിശ്വസിച്ചു….

“മുപ്പതിനായിരം രൂപ ഒരു മാസം കിട്ടിയാൽ ഒരു വർഷം കൊണ്ടു പകുതിയോളം കടങ്ങൾ വീട്ടാം…. ” അവൾ മനസ്സിൽ കണക്കുകൾ കൂട്ടി….

“പക്ഷെ ഇത് വെറും മൂന്ന് മാസമല്ലേ ഒള്ളു… “അമ്മയുടെയും ടീച്ചറുടെയും സംസാരം ഒന്നും കൂടി ഓർത്തുകൊണ്ടവൾ നിരാശയോടെ സ്വയം പറഞ്ഞു…

“മൂന്ന് മാസമെങ്കിലും അത്രയും…ആ പൈസയ്ക് എന്തങ്കിലും ചെയ്യാമല്ലോ…എന്തായാലും പോയി നോകാം എന്നുള്ള ചിന്തയിൽ അവൾ അടുക്കളയിലേക് നടന്നു….

അടുക്കളയിൽ പാത്രം കഴുകികൊണ്ട് നിന്ന ജാനകിയുടെ അടുത്തേക്കവൾ ചെന്നു….

“എന്റെ ധ്വനി…..നിനക്ക് ഇതൊക്കെ ഒന്നു കഴുകി വെച്ചൂടെ…. ” രാവിലെ നടന്ന സംഭവങ്ങളിൽ ഉള്ള ദേഷ്യം ധ്വനിയിലും പാത്രങ്ങളിലും തീർത്തുകൊണ്ട് ജാനകി ചോദിച്ചു…

“ഞാൻ കഴുകി വെയ്ക്കാൻ വന്നതാണ്….അമ്മയോട് ആരാ പറഞ്ഞത് ചാടി കയറി കഴുകാൻ… ” ധ്വനി തമാശയിൽ ആണ് പറഞ്ഞതെങ്കിലും ജാനകി അവളെ രൂക്ഷമായി നോക്കി….പിന്നെ ആരോടെക്കെയോ ഉള്ള ദേഷ്യം തീർക്കുന്നത് പോലെ പാത്രങ്ങൾ അമർത്തി തേച്ചു……

“അമ്മ…. ” ധ്വനി ജാനകിയുടെ അടുത്തേക് നീങ്ങി ചെന്നു…ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കികൊണ്ട് ജാനകി അവളെ മാറ്റി നിർത്തി…

“അമ്മ….അംബിക ടീച്ചർ പറഞ്ഞ ജോലിക് പോവാൻ എനിക്ക് താല്പര്യം ഉണ്ട്… ” അമ്മാ ടീച്ചറോട് ഒന്ന് സംസാരിക്കാമോ… ” വഴക് പ്രതിക്ഷിച്ചുകൊണ്ടാണ് ധ്വനിയത് ചോദിച്ചത്….പക്ഷേ ജാനകിയുടെ ഭാഗത്തു നിന്നും നിശബ്ദത ആയിരുന്നു മറുപടി….

“അമ്മേ….. കേൾക്കുന്നുണ്ടോ… ” ധ്വനി അമ്മയുടെ കൈയിൽ തൊട്ടു…

“ഹ്മ്മ്മ്…..നീ പോണം എന്ന് തന്നെയാണ് എനിക്കും താല്പര്യം….നിന്റെ സെമസ്റ്റർ ഫീ അടയ്ക്കാൻ ബ്ലൈഡ് തങ്കച്ചന്റെൽ നിന്നും എടുത്ത ഇരുപത്തിഅയ്യായിരം അടുത്ത മാസം കൊടുക്കണം എന്നാ ലാസ്റ്റ് അവധി പറയാൻ ചെന്നപ്പോൾ പറഞ്ഞത്…..അതാലോചിക്കുമ്പോൾ നെഞ്ചിൽ തീയാളുവ…. ” ജാനകി സിങ്കിൽ കൈ കുത്തിനിന്നുകൊണ്ട് നെടുവീർപ്പിട്ടു…

“മ്മ്മ്മ്…..എനിക്കും അറിയാം അമ്മ….ഞാൻ എന്തായാലും പോവാൻ തീരുമാനിച്ചു…..വൈകിട്ട് വായനശാലയിൽ പോവുന്ന വഴി ടീച്ചറെ കണ്ട് കാര്യം ഞാൻ പറഞ്ഞോളാം….അമ്മ ദ്രുതിയെ സമ്മതിപ്പിച്ചാൽ മതി… ” ധ്വനി പറയുന്നത് കേട്ടിട്ടും മറുപടി ഒന്നും പറയാതെ ജാനകി പാത്രം കഴുകുന്നത് തുടർന്നു….

കുറച്ചു നേരം കൂടി അവിടെ തന്നെ നിന്നിട്ട് ധ്വനി പതിയെ റൂമിലേക്കു നടന്നു….

ഇത്രയും കഷ്ടപ്പാടൊക്കെ അനുഭവിച്ചിട്ടും അമ്മയുടെ വായിൽ നിന്നും ഇത് വരെ അച്ഛനെ പറ്റി ഒരു മോശം വാക്ക് പോലും കേൾകാത്തതിൽ ധ്വനിക് അത്ഭുതം തോന്നി….അച്ഛന്റെ ലോട്ടറി എടുപ്പില്ലായിരുന്നുവെങ്കിൽ വല്യ സമ്പൽ സമൃദ്ധിയിൽ അല്ലങ്കിലും കടക്കാരെ പേടിക്കാതെ കഴിയുമായിരുന്നു….പഴയ കാര്യങ്ങൾ ഓർക്കും തോറും ധ്വനിക് നെഞ്ചിൽ ഒരു വിങ്ങൽ അനുഭവപെട്ടു…ചെറിയൊരു തേങ്ങലോടെ അവൾ ബെഡിലേക്കമര്ന്നു….

♥️__________________♥️

“നിയെന്തൊക്കെ പറഞ്ഞാലും ഞാൻ പോവും… ” ധ്വനിയുടെ ശബ്ദം ഉയർന്നു…

“എടി…. നിയെന്ത് വിചാരിച്ചിട്ടാണ്…. ” ജോലി കഴിഞ്ഞു വന്നിട്ട് ഡ്രസ്സ്‌ പോലും മാറാതെ ധ്വനിയുമായി വാക്ക്വതത്തില് നിൽക്കുകയായിരുന്നു ദ്രുതി…

“ഞാൻ കൊച്ചു കുഞ്ഞൊന്നും അല്ല ദ്രുതി…മൂന്ന് മാസത്തെ കാര്യമല്ലേ ഒള്ളു… ” ധ്വനി സമാധാനത്തിൽ പറഞ്ഞു…

“ദ്രുതി….അവൾക് താല്പര്യം ഉണ്ടെങ്കിൽ അവൾ പോയി നോക്കട്ടെ…ഒത്തിരി ദൂരത്തു ഒന്നും അല്ലാലോ… ” ജാനകി ധ്വനിയ്ക്ക് വേണ്ടി സംസാരിച്ചത് ദ്രുതിയ്ക്ക് ഇഷ്ടമായില്ല….

“അമ്മയും മോളും കൂടി എല്ലാം തീരുമാനിച്ചു വെച്ചിട്ടുണ്ടല്ലോ….ഇനി എന്റെ അഭിപ്രായത്തിനു എന്ത് പ്രസക്തി…നിങ്ങളുടെ ഒക്കെ ഇഷ്ടം പോലെ നടക്കട്ടെ…. ” ദ്രുതി ചവുട്ടി തുള്ളി അകത്തേക്കു പോയി…

ധ്വനി വിഷമത്തോടെ അമ്മയെ നോക്കി….

സാരമില്ല എന്ന് മട്ടിൽ ജാനകി അവളെ നോക്കി കണ്ണടച്ചു കാണിച്ചു….

♥️_______________♥️

രാത്രിയിലൊന്നും ദ്രുതി ആരോടും സംസാരിച്ചില്ലങ്കിലും പിറ്റേന്ന് വെളുപിനെ ധ്വനിയെ അമ്പലത്തിൽ പോവാനായി എഴുന്നേൽപ്പിച്ചു….ഉള്ളതിൽ നല്ലൊരു ഡ്രസ്സ്‌ ഇട്ടുകൊണ്ട് ധ്വനി റെഡി ആയി…6.30 ആവുമ്പോളേക്കും റിസോർട് ൽ ചെല്ലണം എന്നാണ് അംബിക ടീച്ചർ പറഞ്ഞിരിക്കുന്നത്…അതുകൊണ്ട് അമ്പലത്തിൽ നിന്നും നേരെ റിസോർട്ടിലെക് പോവാം എന്നുള്ള പ്ലാനിൽ അമ്മയോടും അനുഗ്രഹം വാങ്ങി ഇരുവരും അമ്പലത്തിലേക്ക് ഇറങ്ങി…

ഒരു പ്രശ്നങ്ങളും ഉണ്ടാവാതെ എല്ലാം നല്ലതായി നടക്കാൻ ഇഷ്ടദേവനായ കള്ളക്കണ്ണനോടവൾ മനമുരുകി പ്രാർത്ഥിച്ചു…

“ധ്വനി……പരിചയമില്ലാത്ത ആളുകളാണ്….എന്തങ്കിലും ഒരു തക്കകേട് തോന്നിയാൽ ആ നിമിഷം അവിടെ നിന്നും പൊന്നോളണം..അല്ലങ്കിൽ എനിക്കൊരു മിസ്സ്ഡ് കാൾ എങ്കിലും ചെയ്യണം.. ” ദ്രുതിയുടെ മനസിലെ ആധി അവളുടെ വാക്കുകളിലും മുഖത്തും പ്രകടമായിരുന്നു.

ധ്വനിയ്ക് അവളോട് പാവം തോന്നി….

“ഞാൻ നോക്കിക്കോളാം….നീ പേടിക്കണ്ട…. ” ധ്വനി അവളെ കെട്ടി പിടിച്ചു…

“മ്മ്മ്….വൈകിട്ട് ഇറങ്ങുമ്പോൾ വിളിക്കണേ…മറക്കരുത്… “ദ്രുതിയുടെ ഉള്ളിലെ ആധി ശമിക്കുന്നുണ്ടായിരുന്നില്ല…

“ആ വിളികാം…..നീ ഇങ്ങനെ ടെൻഷൻ ആവല്ലേ… ” ധ്വനി ചിരിച്ചുകൊണ്ട് പറഞ്ഞു…എങ്കിലും ആദ്യമായി ജോലിക് പോവുന്നതിന്റെ ആശങ്കകൾ അവളുടെ ഉള്ളിലും ഉണ്ടായിരുന്നു….

അപ്പോളേക്കും റിസോർട്ടിന്റെ ഫ്രോന്റിൽ നിന്നും അംബിക ടീച്ചർ ധ്വനിയെ കൈകൊട്ടി വിളിച്ചു…

റിസോർട്ടിന്റെ വാതിൽ തള്ളി തുറന്നുകൊണ്ട് അവൾ അകത്തേക്കു നടന്നു….പോവുന്ന വഴി തല ചെരിച്ചു ദ്രുതിയെ ഒന്നു നോക്കി…അസ്വസ്ഥമായ മുഖത്തോടെ ദ്രുതി അവൾക് നേരെ കൈ വീശി…ധ്വനി തിരിച്ചും.. …പിന്നെ ടീച്ചറെ ലക്ഷ്യമാക്കി നടന്നു…

“വൈകിയോ ടീച്ചറെ… ” ധ്വനി ഉള്ളിലെ ആശങ്കകൾ ഒളിപ്പിച്ചുകൊണ്ട് ടീച്ചറോട് ചോദിച്ചു…

“ഏയ്യ്….ഇല്ല…. ഞാൻ ഇപ്പോ വന്നോളു…. ” ടീച്ചർ അവളുടെ കൈ പിടിച്ചു അകത്തേക്കു നടന്നു…

അവൾ ആദ്യമായാണ് മങ്ങാടന്റെ റിസോർട്ടിൽ കയറുന്നത്….അതിന്റെതായ അങ്കലാപ്പ് അവളിൽ ഉണ്ടായിരുന്നു….പലപ്പോഴും റിസോർട്ടിന്റെ അകത്തളങ്ങളിലെ ആഡംബരങ്ങളിൽ അവളുടെ കണ്ണുകൾ മഞ്ഞളിച്ചു…കാലുകൾ മന്ദഗതിയിലായി….

“ഇതാണോ ടീച്ചർ പറഞ്ഞ കുട്ടി… ” ഗാംഭിര്യമുള്ള ശബ്ദം കേട്ട് ഭിത്തിയിൽ സ്റ്റഫ് ചെയ്തു വെച്ചിരിക്കുന്ന മാനിന്റെ തല അത്ഭുതത്തോടെ നോക്കുകൊണ്ടിരുന്ന ധ്വനി ഞെട്ടലോടെ തിരിഞ്ഞു നോക്കി….

മുൻപിൽ നിൽക്കുന്ന ആളെ കണ്ട് അവളുടെ കണ്ണുകൾ മിഴിഞ്ഞു….

“ദേവ് യാദവ് വർമ “

അവൾ പോലും അറിയാതെ അവളുടെ ചുണ്ടുകളിൽ നിന്നു ആ വാക്കുകൾ അടർന്നു വീണു…..

തുടരും……

(പുതിയ കഥയാണ്…. എല്ലാവരും സപ്പോർട്ട് ചെയ്യണേ….)

©Martha Mariam