Story written by Manju Jayakrishnan
“നിങ്ങളാരാ എന്നെ ഉപദേശിക്കാൻ…..തോന്നീത് പോലെ ഞാൻ ജീവിക്കും “
ഒട്ടും കൂസാതെ ഞാൻ പറയുമ്പോൾ ഏട്ടത്തിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു ..
“ഈ അസത്തിനെ ഞാൻ കൊല്ലും ” എന്ന് അലറിക്കൊണ്ട് ഏട്ടൻ വന്നപ്പോഴും തടയുന്ന ഏട്ടത്തിയുടെ ശബ്ദം കേൾക്കാമായിരുന്നു..
ഏട്ടന്റെ കുഞ്ഞനിയത്തിയായി ഞാൻ വരുമ്പോൾ ഏട്ടൻ പത്താം ക്ലാസ്സിൽ പഠിക്കുവായിരുന്നു…. ആഗ്രഹിക്കാതെ വന്നത് കൊണ്ട് തന്നെ അച്ഛനും അമ്മയും സ്നേഹത്തിന്റെ കാര്യത്തിൽ എന്നോട് പിശുക്കു കാട്ടി
“പെണ്ണ് ജനിച്ചാൽ വല്ലോർക്കും” ” ആണ് ജനിച്ചാൽ നമുക്ക് ” എന്ന ചിന്ത ആയിരുന്നു അച്ഛനും അമ്മയും
“പവിത്രം” സിനിമയിലെ പോലെ ആയതു കൊണ്ട് എല്ലാവരും ഏട്ടനെ കളിയാക്കിയിരുന്നു. ആ ദേഷ്യം മുതൽ എന്നോട് വെറുപ്പായി ഏട്ടൻ കാട്ടി.
ഒരിക്കൽ ഏട്ടനു പുറകെ ഓടി വന്ന ഞാൻ തലയിടിച്ചു വീണു… തിരിച്ചു വന്നു ഏട്ടൻ പിടിച്ചപ്പോൾ ഞാൻ ചിരിച്ചത്രെ .. അപ്പോഴും രക്തം നെറ്റിയിൽ നിന്നും വരുന്നുണ്ടായിരുന്നു..
ആദ്യം അകറ്റി നിർത്തിയ ഏട്ടന് പിന്നെ എല്ലാം ഞാൻ ആയി….
“അവനൊരു പെണ്ണു വരുമ്പോൾ കാണാം.. ഈ കൂടപ്പിറപ്പ് സ്നേഹം “
എന്ന് അമ്മയടക്കം എല്ലാവരും ഒളിഞ്ഞും തെളിഞ്ഞും പറയുന്നത് കേട്ടപ്പോൾ നെഞ്ചു കലങ്ങിയത് എന്റെ ആണ്.
ഏട്ടത്തി എന്നോട് അടുക്കാൻ ഒരുപാട് നോക്കി എങ്കിലും എന്തു കൊണ്ടോ ഞാൻ അകന്നു നിന്നു.
എവിടെ പോകുമ്പോഴും എന്നെ കൊണ്ടു പോകുന്ന ഏട്ടൻ … എന്നെ ഒഴിവാക്കി യാത്ര തുടങ്ങിയപ്പോൾ ഞാൻ അസ്വസ്ഥയാകാൻ തുടങ്ങി..വിവാഹം കഴിഞ്ഞുള്ള വിരുന്നിനു രണ്ടാളും കൂടിയാ പോകേണ്ടത് എന്നറിഞ്ഞിട്ടു കൂടി എന്റെ മനസ്സ് അംഗീകരിച്ചില്ല
ഏട്ടൻ കൊണ്ടു വരുന്ന സാധനങ്ങൾ എനിക്കു പകരം ഏട്ടത്തിയെ ഏല്പിക്കാൻ തുടങ്ങിയപ്പോൾ തന്നെ എന്നിൽ പക വളരാൻ തുടങ്ങി
ഒരിക്കൽ എനിക്കും ഏട്ടത്തിക്കും ഒരേ സമയത്തു പനി…. ഏട്ടത്തിയെ പരിചരിക്കാൻ സമയം കണ്ടെത്തിയ ഏട്ടൻ എന്നെ മനഃപൂർവം മറന്നു. അതോടെ എന്റെ സമനില തെറ്റി
എണ്ണയുടെ രൂപത്തിൽ ഏട്ടത്തിയെ വീഴിക്കാൻ ഞാൻ ശ്രമിച്ചു എങ്കിലും ചക്കിനു വച്ചത് കൊണ്ടത് കൊക്കിനായിരുന്നു. ഫോൺ ബെൽ കേട്ടു ഓടിയിറങ്ങിയ ഞാൻ തന്നെ അതിൽ തെന്നി വീണു…
വീണു കിടന്ന എന്നെ എണീപ്പിക്കാൻ ഏട്ടത്തി തന്നെ വരേണ്ടി വന്നു…. പരസഹായം കൂടാതെ ബാത്റൂമിൽ പോലും പോകാത്ത അവസ്ഥ ആയിരുന്നു
ഒരു മടിയും കൂടാതെ പലപ്പോഴും മൂ ത്രവും മറ്റും ഏട്ടത്തി എടുത്തു കൊണ്ടു പോകുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു
അമ്മയുടെ സ്നേഹവും വാത്സല്യവും ആ കുറഞ്ഞ സമയം കൊണ്ട് ഏട്ടത്തി എനിക്ക് തന്നിരുന്നു….
പേരു വിളിച്ചോണ്ടിരുന്ന ഞാൻ ‘ഏട്ടത്തിയമ്മേ’ എന്ന് ചമ്മലോടെ വിളിക്കാൻ തുടങ്ങി… ഏട്ടനേക്കാൾ ഞാൻ ഏട്ടത്തിയെ സ്നേഹിക്കാൻ തുടങ്ങി
അമ്മായിയമ്മപ്പോരുമായി ഞങ്ങളുടെ അമ്മ ഏട്ടത്തിയെ ബുദ്ധിമുട്ടിക്കാൻ നോക്കിയപ്പോഴും എതിർക്കാൻ മുന്നിൽ ഞാൻ ആയിരുന്നു
“പെറ്റ വയറിനെ തള്ളിപ്പറഞ്ഞ നീ ഒരിക്കലും ഗുണം പിടിക്കില്ല “
എന്ന് അമ്മ ശപിക്കുമ്പോഴും നിറഞ്ഞു തൂവിയത് ഏട്ടത്തിയുടെ കണ്ണുകൾ ആയിരുന്നു..
പാതി വഴിയിൽ നിർത്തിയ പഠിത്തം തുടരാനും നല്ല ഒരു ജോലി നേടാനും ഒക്കെ വഴികാട്ടിയായി ഏട്ടത്തി കൂടെ നിന്നപ്പോൾ പണ്ടു പറഞ്ഞ വാക്കുകളും പ്രവർത്തികളും ഓർത്ത് ഞാൻ സ്വയം ശപിക്കുകയായിരുന്നു