ശക്തിയായി മിടിക്കുന്ന ഹൃദയത്തിന്റെ താളം വീണ്ടും ക്രമത്തിൽ ആയപ്പോഴാണ് മനസിലായത്, കണ്ടത് സ്വപ്നം ആയിരുന്നു എന്ന്…

ഓർമ്മപ്പെടുത്തൽ

Story written by Bindhya Balan

???????

കയ്യിലിരിക്കുന്ന പ്രഗ്നൻസി ടെസ്റ്റ്‌ കാർഡിലേക്ക് വിശ്വാസം വരാത്തത് പോലെ തല കുടഞ്ഞ് ഒന്ന് കൂടി നോക്കി ഞാൻ…

നോക്കുംതോറും, ഉള്ളിൽ നിന്നൊരു കരച്ചിൽ വന്ന് തൊണ്ടക്കുഴിയിൽ തളംകെട്ടി കണ്ണീരു കൊണ്ട് കാഴ്ചകളെയെല്ലാം മൂടുന്നത് പോലെ തോന്നിയെനിക്ക്…അതേ.. കഴിഞ്ഞ കുറെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമം എന്നപോലെ, കണ്ണിലെ കാഴ്ചയിലേക്ക് കടും പിങ്ക് നിറത്തിൽ തെളിഞ്ഞു നിൽക്കുന്ന രണ്ട് വരകൾ നിറഞ്ഞു.. എന്നിലെപ്പോഴോ പൂവിട്ട ഒരു കുഞ്ഞ് ജീവന്റെ വരവിന്റെ അടയാളം…

അത്രയും നാൾ അടക്കിപ്പിടിച്ച നൊമ്പരങ്ങൾക്ക് അറുതിയെന്നോണം ഒരു വലിയ നിലവിളിയോടെ ബാത്റൂമിന്റെ ഭിത്തിയിലൂടെ ഊർന്നു താഴെക്കിരുന്നു നെഞ്ച് വിങ്ങി കരയുമ്പോൾ അമ്മയാവാൻ പോകുന്നതിന്റെ സന്തോഷം ഇതാണ്.. ഇങ്ങനെയാണ് ഓരോ പെണ്ണിലും എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം ആയിരുന്നു അത്…

വിങ്ങിക്കരഞ്ഞു ഒരു ചിരിയോടെ വീണ്ടും വീണ്ടും ആ കാർഡിലേക്ക് നോക്കി നിർവൃതിയടയുമ്പോൾ ആണ് മനസിലേക്ക് ഇച്ചായന്റെ മുഖം ഓടിക്കയറിയത്…പ്രാണനായവന്റെ കരളിന്റെ കഷ്ണത്തെ അടിവയറിൽ പേറുന്നുണ്ട് എന്നോർത്തപ്പോൾ അഭിമാനം തോന്നി ആ നിമിഷം.ജന്മം പൂർണമായത് പോലെ.

സന്തോഷം കൊണ്ട് ഉയിര് വിറച്ചു. ഓടിച്ചെന്നു ഉറങ്ങിക്കിടക്കുന്ന ഇച്ചായനെ വിളിച്ചെഴുന്നേല്പിച്ചു, ആ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി, “അച്ഛനാകാൻ പോകുവാടാ താന്തോന്നി നീ ” എന്ന് പറയാൻ ആ നിമിഷം എന്റെ ഉള്ളം കൊതിച്ചു..

ആ സന്തോഷത്തോടെ നിലത്ത് നിന്നും എഴുന്നേൽക്കുമ്പോഴാണ് പെട്ടെന്ന് അടിവയറിൽ ഒരു മിന്നൽ പൊട്ടിയത്. ഒരു നിലവിളിയോടെ നിലത്തേക്ക് തന്നെ വീണ് പോയി. വേദനയുടെ പരകോടിയിൽ കണ്ണീർ തളം കെട്ടിയ കണ്ണുകൾ താനേ അടയുമ്പോൾ ഞാൻ കണ്ടു, കാലുകൾക്കിടയിലൂടെ ഒഴുകി പോകുന്ന എന്റെ രക്തം…

സർവ ശക്തിയുമെടുത്തു അലറിക്കരഞ്ഞു ഞാൻ കണ്ണുകൾ തുറന്നു….

ശക്തിയായി മിടിക്കുന്ന ഹൃദയത്തിന്റെ താളം വീണ്ടും ക്രമത്തിൽ ആയപ്പോഴാണ് മനസിലായത്, കണ്ടത് സ്വപ്നം ആയിരുന്നു എന്ന്…

നിറഞ്ഞൊഴുകുന്ന കണ്ണുകളെ തടയാതെ, മുഖം പൊത്തി വിങ്ങുമ്പോൾ ആണ് ഇച്ചായന്റെ കൈ വന്നെന്റെ വലം കയ്യിൽ പിടിച്ചത്…ഒന്നും മിണ്ടാതെ നിന്ന എന്നേ കയ്യിൽ പിടിച്ചു വലിച്ച് നെഞ്ചിലേക്ക് ചേർത്ത് കിടത്തി നെറുകിൽ ചുണ്ടമർത്തി ഇച്ചായൻ പറഞ്ഞു

“സാരമില്ലെടി, ഇന്നും കൊച്ച് ആ സ്വപ്നം കണ്ടല്ലേ.. പോട്ടെ… “

ഒരു വലിയ നിലവിളിയോടെ ഇച്ചായനെ അമർത്തി പിടിക്കുമ്പോൾ മെല്ലെ എന്റെ കവിൾ തലോടി ഇച്ചായൻ പറഞ്ഞു

“ഇന്ന് കല്യാണത്തിന് പോയപ്പോ,ആ ആന്റി നമുക്ക് കുട്ടികൾ ആവാത്തത് എന്തെങ്കിലും കുഴപ്പം ഉള്ളത് കൊണ്ടാണോ എന്ന് നിന്നോട് ചോദിക്കുന്നത് ഞാൻ കേട്ടിരുന്നു… അതും മനസ്സിലിട്ട് നടന്ന് നടന്ന് ദെണ്ണപ്പെട്ടിട്ടാണ് ഇങ്ങനെ വേണ്ടാത്ത സ്വപ്നങ്ങൾ കാണുന്നത്.. നമുക്ക് കുഞ്ഞുങ്ങൾ ഉണ്ടാവാൻ ലേറ്റ് ആവുന്നത് എന്റെയോ നിന്റെയോ കുഴപ്പം കൊണ്ടല്ല എന്ന് നമുക്ക് രണ്ട്പേർക്കും അറിയാം..ഇനിയിപ്പോ അങ്ങനെ നിനക്കോ എനിക്കൊ എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽപ്പോലും നമ്മൾ പരസ്പരം ഉപേക്ഷിക്കില്ല എന്ന് ഉറപ്പുള്ളപ്പോ എന്റെ കൊച്ചെന്തിനാ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാലുടനെ ഇങ്ങനെ ഡെസ്പ് ആകുന്നത്.. “

“എന്നാലും ഇച്ചായാ, എവിടെ പോയാലും എല്ലാവർക്കും ആദ്യം ചോദിക്കാനുള്ളത് ഇതാണ്, കുട്ടികൾ ഒന്നും ഇത് വരെ ആയില്ലേ എന്ന്.. അവരുടെ മുന്നിൽ സങ്കടം മറച്ചു വച്ച് ഞങ്ങളുടെ കല്യാണം കഴിഞ്ഞു രണ്ട് വർഷം ആകുന്നല്ലേയുള്ളൂ, ഇപ്പോഴേ ആധി പിടിക്കാൻ മാത്രം ഒന്നുമില്ല, ഈശ്വരൻ എപ്പോൾ തന്നാലും രണ്ടു കയ്യും നീട്ടി വാങ്ങും എന്നൊക്കെ കനത്തിൽ പറയുമെങ്കിലും എന്റെ ഉള്ള് പൊള്ളുന്നത് ഇച്ചായനല്ലാതെ മറ്റാർക്കും കാണാൻ കഴിയില്ല.. ചോദിക്കുന്നവർക്ക് വെറുമൊരു ചോദ്യം എന്നതിനപ്പുറം, കേൾക്കുന്നവളുടെ പ്രാണ സങ്കടം അറിയണ്ട കാര്യമില്ലല്ലോ അല്ലേ… “

ഒരു തേങ്ങലോടെ ഇച്ചായനോട് ഞാൻ പറഞ്ഞു. ഒന്നും മിണ്ടാതെ എന്റെ കണ്ണുകൾ തുടച്ച്, ആ കൈകൾ കൊണ്ട് ചുറ്റിപ്പിടിച്ച് എന്റെ തോളിൽ താളം കൊട്ടികിടക്കുന്ന ഇച്ചായനോട് ഞാൻ ചോദിച്ചു

“ഇച്ചായനു സങ്കടം ഉണ്ടോ.. നമുക്കൊരു വാവ വരാൻ ലേറ്റ് ആവുന്നതിൽ “

ഒരു ചിരിയോടെ ഇച്ചായൻ പറഞ്ഞു

“എനിക്കെന്തിനാ സങ്കടം… ഒരു സങ്കടവുമില്ല.. ഈ ലോകത്തു എന്റെ സ്വന്തമായി എനിക്ക് കിട്ടണമെന്ന് ഞാൻ ആഗ്രഹിച്ചത് നിന്നെ മാത്രമാണ്.. ആ നിന്നെ ഇച്ചായനു കിട്ടിയില്ലേ..അങ്ങനെ ഞാൻ ആഗ്രഹിച്ചു നേടിയ നീ കൂടെയുള്ളപ്പോ മറ്റൊന്നും എന്നേ സങ്കടപ്പെടുത്തില്ല കൊച്ചേ.. എന്റെ ഏറ്റവും വലിയ സന്തോഷം നീയാണ്…നാളെ നമ്മുക്കൊരു കുഞ്ഞ് വന്നാലും ഇല്ലെങ്കിലും ഈ ലൈഫിൽ, നിന്റെ കൂടെയുള്ള ഈ ലൈഫിൽ രഘുനാഥ്‌ ഹാപ്പി ആണ്… എന്റെ കൊച്ചാണെ സത്യം..”

“എല്ലാവരും ചോദിച്ചു ചോദിച്ചു എപ്പോഴെങ്കിലും ഇച്ചായനെന്നോട് വെറുപ്പ് തോന്നോ…. “

“പൊന്നുവേ നീ അടി വാങ്ങിക്കുമേ ഇച്ചായന്റെ കയ്യീന്ന്… പിന്നെ ഇത്രയും നേരം ഞാൻ പറഞ്ഞതെന്നതാടി.. നിന്റെ തലയിലോട്ട് കയറിയില്ലേ ഒന്നും…? “

എന്നേ നെഞ്ചിൽ നിന്നടർത്തി മാറ്റിയെഴുന്നേറ്റിരുന്നു കൊണ്ട് ഇച്ചായൻ ദേഷ്യത്തോടെയാണ് ചോദിച്ചത്..

ഒന്നും മിണ്ടാതെ വിങ്ങിപൊട്ടുമ്പോൾ,ഇച്ചായൻ ബെഡിൽ നിന്നിറങ്ങി ലൈറ്റ് ഓൺ ചെയ്തിട്ട്, അടുത്ത് വന്നിരുന്നു പറഞ്ഞു

“ഒരു കാര്യം ഞാൻ പറഞ്ഞേക്കാം പൊന്നുവേ അവരങ്ങനെ ചോദിച്ചു ഇവരിങ്ങനെ ചോദിച്ചു എന്നൊക്കെ പറഞ്ഞ് വിഷമിച്ച് ദെണ്ണപ്പെട്ട് രാത്രിയിൽ വേണ്ടാത്ത സ്വപ്നം കണ്ടുള്ള ഈ ഞെട്ടിയുണലുണ്ടല്ലോ അത്‌ ഇന്നത്തോടെ നിർത്തിക്കോളണം…നമുക്കൊരു കുഞ്ഞുണ്ടാവാൻ വൈകുന്നതിൽ നിന്റെ കെട്ട്യോനായ ഈ എനിക്കില്ലാത്ത ദെണ്ണം മറ്റുള്ളവർ കാണിക്കുന്നത് കണ്ട് നീ കരയാൻ നിൽക്കണ്ട. ലെറ്റ്‌ ദേം ഗോ ടു ഹെൽ പൊന്നു. മറ്റുള്ളവർ ചോദിക്കുന്നതും പറയുന്നതും ദേ ഈ ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിലൂടെ കളഞ്ഞോളണം ഇനി തൊട്ട്… നമ്മുടെ കുഞ്ഞ് അവന് ഈ ഭൂമിയിലേക്ക് എന്ന് വരണമെന്ന് തോന്നുന്നുവോ, അന്ന് ഇങ്ങ് വന്നോളും.. മനസിലായോ.. “

ഞാൻ ചിരിച്ചു കൊണ്ട് മനസിലായി എന്ന് തലയാട്ടി..എന്റെ തലയാട്ടൽ കണ്ടൊരു ചിരിയോടെ

“ദാറ്റ്സ് മൈ ഗേൾ ” എന്ന്‌ പറഞ്ഞ് കവിളിലൊന്ന് നുള്ളി ലൈറ്റ് അണച്ച് എന്നേ ചേർത്ത് പിടിച്ചു കിടക്കുമ്പോൾ ഇച്ചായൻ ഒരിക്കൽക്കൂടി എന്നേ ഓർമ്മിപ്പിച്ചു

“പൊന്നുവേ കൊഞ്ചിക്കാനും ലാളിക്കാനും നമുക്ക് പരസ്പരം നമ്മളുള്ളപ്പോൾ എന്നാത്തിനാടി നീ സങ്കടപ്പെടുന്നത്.. ഇച്ചായനില്ലേ കൂടെ. “

ഒരു ഓർമപ്പെടുത്തലിനപ്പുറം ആ വാക്കുകൾ എനിക്കൊരു പ്രാർത്ഥനയാണ് .ആര് എന്നേ എങ്ങനെയൊക്കെ നോവിക്കാൻ ശ്രമിച്ചാലും ഇച്ചായാ എന്നൊരു വിളിയുടെ അപ്പുറം എന്നെ കാക്കാൻ കരുത്തുള്ളൊരു ഊർജ്ജം

വാൽകഷ്ണം : കുഞ്ഞുങ്ങൾ ഒന്നും ആയില്ലേ എന്നിനി ആരോടെങ്കിലും ചോദിക്കാൻ ഒരുങ്ങുന്നതിനു മുൻപ് ഒരു നിമിഷമൊന്ന് ഓർക്കുക, നിങ്ങൾക്കതൊരു വെറും ചോദ്യമായിരിക്കും… പക്ഷെ ആ ചോദ്യത്തെ നേരിടേണ്ടി വരുന്നൊരുവൾക്കത് നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്നൊരു കത്തി ആയിരിക്കും…

ബിന്ധ്യ ബാലൻ