ഹർഷമായ് ~ ഭാഗം 06, എഴുത്ത്: ഗൗതമി ഗീതു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“പേടിപ്പിക്കാതെ പാച്ചുവേ…. ഹൃദയം പൊട്ടി പോകുന്ന പോലെ തോന്നുവാ…., പറ്റത്തില്ലെടി നീയില്ലാതെ എനിക്ക്…., ഇട്ടേച്ച് പോവല്ലേ എന്നെ….”

അവന്റെ സ്വരം അവളുടെ കാതുകളിൽ തുളച്ചു കയറി. ഹൃദയം വേദനയിൽ പൊള്ളി പിടഞ്ഞു. മറുതലക്കൽ സർവ്വം തകർന്നവനെ പോലെ വിതുമ്പുന്ന സഹോദര ഹൃദയം അവളെ ചുട്ടെരിച്ചു.

“പറ്റത്തില്ലെടി നീയില്ലാതെ എനിക്ക്…., ഇട്ടേച്ച് പോവല്ലേ എന്നെ….”

ടെൽവിന്റെ ആ വാക്കുകൾ അവളുടെ ഹൃദയത്തിൽ പിന്നെയും പിന്നെയും മുഴങ്ങി കേട്ടു. എത്രയോ നേരം അവൾ ആ നെഞ്ചിലെ ചൂട് പറ്റി മൗനമായി തേങ്ങി….വാക്കുകൾ പോലും വഴിമാറി നിക്കും പോലെ….’അല്ലെങ്കിലും പറയുവാൻ മാത്രം തന്റെ പക്കൽ എന്തുണ്ട്?’ അവൾ ഓർത്തു….കുറച്ച് കഴിഞ്ഞതും ശരത്ത് അവിടെ നിന്നും മുഖം തിരിച്ച് നടന്ന് നീങ്ങി.

“ഏട്ടായി…”

അവൾ പിറകെ ചെന്ന് വിളിക്കാൻ നിന്നെങ്കിലും ടെൽവിൻ തടഞ്ഞു നിർത്തി.

“ഇച്ചായാ… എട്ടായി…. എന്നോട് പിണങ്ങിയോ? ഞാൻ അറിയാതെയാ.”

അവളുടെ കണ്ണുകൾ നിറഞ്ഞു. അത് കാണുവാൻ കഴിയാതെ അവൻ നോട്ടം മാറ്റി. അവളുടെ കൈയും പിടിച്ച് അവൻ ആളൊഴിഞ്ഞ വഴിയിലൂടെ മുന്നോട്ട് നടന്നു.

“ശരത്തിനെ പറ്റി നിനക്ക് അറിയാഞ്ഞിട്ട പാച്ചു. ഇങ്ങനെ ചിരിച്ച് ശാന്തമായി നടക്കുന്നു എന്നെ ഉള്ളൂ. അവന്റെ മനസ്സിൽ ഒരുപാട് സങ്കടങ്ങൾ ഉണ്ട്. ഒരുപക്ഷെ നീ വന്നതിൽ പിന്നെയാണ് അവൻ എല്ലാം മറന്ന് ചിരിക്കുന്നത് ഞാൻ കണ്ടത്. നിന്നെ കുറിച്ച് പറയുമ്പോൾ അവന്റെ കണ്ണുകളിൽ ഉള്ള തിളക്കം…, നഷ്ടപെട്ടത് പലതും നിന്നിലൂടെ തിരിച്ച് പിടിക്കുന്ന പോലെയാ എനിക്ക് തോന്നിയത്.”

ടെൽവിൻ പറഞ്ഞ വാക്കുകളിൽ അവളുടെ ചിന്തകൾ കുരുങ്ങി കിടന്നു.
ഉള്ളിൽ വല്ലാത്ത വേദന വന്നു നിറഞ്ഞു.

“അല്ലി ആരാണെന്ന് അറിയണ്ടേ നിനക്ക്?”

അവൾ വിടർന്ന കണ്ണുകളോടെ അവനെ നോക്കി. അവന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി മൊട്ടിട്ടു.

“ഒരു കുസൃതി കുടുക്ക. അഹല്യ എന്ന ഞങ്ങടെ അല്ലി. എപ്പോഴും കളിയും ചിരിയും കുറുമ്പും…. ഒരു പാവം തൊട്ടാവാടി. ശരത്തിന്റെ കുഞ്ഞി പെങ്ങൾ. പ്ലസ് വൺ ആയപ്പോൾ ആണ് ഞാൻ അവനെ ഞാൻ കാണുന്നത്. അന്ന് മുതൽ അല്ലി എനിക്കും പെങ്ങളായി. അവൾക്ക് ഏറ്റവും ഇഷ്ടം അവളുടെ ഏട്ടായിയോടായിരുന്നു. അത് കഴിഞ്ഞേ ആരും ഉള്ളൂ. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയതാ. അമ്മയാണ് കുടുംബം നോക്കിക്കൊണ്ടിരുന്നതും കഷ്ടപ്പെട്ട് അവരെ പഠിപ്പിച്ചതും. അല്ലി മിടുക്കിയായിരുന്നു പഠിക്കാൻ. പഠിച്ച് ഒരു അധ്യാപിക ആവണം എന്നത് വല്യേ മോഹമായിരുന്നു അവൾക്ക്. പക്ഷെ സന്തോഷം മാത്രം നിറഞ്ഞ് നിന്ന അവരുടെ ലോകത്ത് ഒരൊറ്റ നിമിഷം കൊണ്ടാണ് ഇരുട്ട് പടർന്നത്.ഞങ്ങൾ പ്ലസ് ടു കഴിഞ്ഞ് കോളജിലേക്ക് അപ്ലൈ ചെയ്ത സമയം. അല്ലി ഒൻപതാം ക്ലാസ്സിൽ ആയിരുന്നു. അന്നൊരു ഞാനയറാഴ്ച ദിവസം അല്ലിയെ കൂട്ടി പുറത്തേക്ക് പോയതായിരുന്നു ശരത്ത്. ഉപ്പിലിട്ട മാങ്ങ കണ്ട് ശരത്തിനോട് വാശി പിടിച്ചതും അവൻ അവളെ റോഡിന് മറുവശം നിർത്തി അത് വെടിക്കാൻ പോയതാ. പക്ഷെ അവന് പിറകെ തന്നെ അവളും ഓടി വന്നു. എതിരെ വന്ന ലോറി ഇടിച്ച്…. അവന്റെ കണ്മുന്നിൽ കിടന്ന അവൾ….,”

പറയുമ്പോൾ ടെൽവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. വാക്കുകൾ പാതിയിലെങ്ങോ ഇടറി മാഞ്ഞു. അവനിലെ വേദന പതിയെ അവളിലേക്കും പടർന്ന് കയറി. കുറച്ച് മുന്നേ തന്നെ ചേർത്ത് നിർത്തി അല്ലിയെന്നും പറഞ്ഞ് കരഞ്ഞ ശരത്തിന്റെ രൂപം അവളിൽ നിറഞ്ഞു നിന്നു.

“ഒന്നും ചെയ്യാനായില്ല. ഹോസ്‌പിറ്റലിൽ എത്തിക്കും മുന്നേ… ഞങ്ങടെ അല്ലി…അത് കഴിഞ്ഞ് ഒരാഴ്ച തികയും മുന്നേ അവന്റെ അമ്മയും പോയി. അറ്റാക്ക്.”

പാച്ചുവിന് തന്റെ കാതുകൾ കൊട്ടി അടയുന്ന പോലെ തോന്നി. ഇത്രയും വേദന ആ ഹൃദയത്തിൽ ഒതുക്കി പിടിച്ചിട്ടുണ്ടെന്ന് അവൾ അറിഞ്ഞിരുന്നില്ല.

“ആകെ തളർന്ന് പോയിരുന്നു അവൻ. അല്ലിയും അമ്മയും മാത്രമായിരുന്നു അവന്റെ ലോകം. ഒറ്റ നിമിഷം കൊണ്ട് വിധി അതെല്ലാം തട്ടി തെറിപ്പിച്ചപ്പോൾ പാടെ തകർന്നു . എവിടെ പോയാലും അല്ലിയെ തേടി നടക്കും. അവളുടെ ഏട്ടായി എന്ന വിളി അവന്റെ കാതിൽ പതിക്കുന്നുണ്ടെന്ന് പറയും. ഇടക്കൊക്കെ രാത്രികളിൽ ഒരു ഭ്രാന്തനെ പോലെയായിരുന്നു അവന്റെ പെരുമാറ്റം. എന്റെ അല്ലിക്ക് വിശക്കുന്നുണ്ടാവും, ഇരുട്ടത്ത് തന്നിച്ചായാൽ ഏട്ടായി എന്നും വിളിച്ച് അവൾ കരയുന്നുണ്ടാവും എന്നൊക്കെ പറഞ്ഞ്…. കണ്ട് നിന്ന എനിക്ക് പോലും സഹിക്കാൻ പറ്റില്ലായിരുന്നു. അത്രേം സ്നേഹത്തോടെയാണ് അവൻ അല്ലിയെ കൊണ്ട് നടന്നത്. അവനെ ആ അവസ്ഥയിൽ തനിച്ചാക്കാൻ വയ്യാതെ ഞാൻ എന്റെ വീട്ടിലേക്ക് കൂട്ടി. സൈക്കാട്രിസ്റ്റ്നെ കാണിച്ച് കുറെ ട്രീറ്റ്മെന്റ് കഴിഞ്ഞ ശേഷമാണ് ഇന്ന് കാണുന്ന ശരത്ത് ആയി മാറിയത്. അതാണ് അപ്പോൾ അവൻ അങ്ങനെയൊക്കെ ബീഹെവ് ചെയ്തത്.”

അത്രയും പറഞ്ഞ് അവൻ പാച്ചുവിനെ നോക്കി. അവൾ കണ്ണുകൾ തുടച്ച് ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.

“ഏട്ടായി…. ഏട്ടായിയെ കാണണം.”

അവൻ ചിരിയോടെ അവളുടെ കൈയും പിടിച്ച് മുന്നോട്ട് നടന്നു. ചെന്ന് നിന്നത് കുളപടവിൽ ആയിരുന്നു.

“നീ ചെല്ല്. നേരം ഒരുപാടായി. വേഗം അവനെയും കൂട്ടി വന്നേക്കണം. കേട്ടോ”

അവൾ ഒന്ന് തലയാട്ടി പടവുകൾ ഇറങ്ങി ശരത്തിനരികിൽ ചെന്നിരുന്നു. അവൾ വന്നത് അറിഞ്ഞെങ്കിലും അവൻ ആ ഭാഗത്തേക്ക്‌ നോക്കാൻ പോയില്ല. പക്ഷെ പെട്ടന്നാണവൾ ഉച്ചത്തിൽ അലറി വിളിച്ച് കരഞ്ഞ് അവന്റെ നെഞ്ചിലേക്ക് വീണത്.

“ഏട്ടായി…. സോറി ഏട്ടായി….. പിണങ്ങല്ലേ… ഇനി ഞാൻ ശ്രദ്ധിച്ചോളാം… അറിയണ്ട് പറ്റിയതാ…. എന്നോട് മിണ്ടാതിരിക്കല്ലേ ഏട്ടായി… പ്ലീസ്”

തന്നിലെ ദേഷ്യം എങ്ങോ പോയി മാഞ്ഞത് അവൻ അറിഞ്ഞു. ഉള്ളിൽ അവളോടുള്ള സ്നേഹം നിറഞ്ഞ് കവിഞ്ഞു. ശരത്തും ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു.

“അയ്യേ… ഏട്ടായിടെ കാന്താരി കരയുവാണോ? മ്മ്? സങ്കടം വന്നെടാ പെട്ടന്ന്…. നീ കൂടെ പോകുവാണോ എന്ന് തോന്നി. അപ്പോൾ… ആ വിഷമത്തിൽ അറിയാതെ അടിച്ച് പോയതാ ഏട്ടൻ. ന്റെ മോൾക്ക് ഒത്തിരി നൊന്തോ?”

അവന്റെ വാത്സല്യം നിറഞ്ഞ ചോദ്യങ്ങൾക്ക് മുന്നിൽ അവൾ തറഞ്ഞ് നിന്നു. കണ്ണുനീർ ചാലുകൾ തീർത്ത് ഒഴുകിയിറങ്ങുമ്പോഴും മുഖം നിസ്സംഗതയോടെ അവനെ നോക്കി നിന്നു.

“സോറി പാച്ചൂസേ…. നീ… നീയെന്റെ അല്ലിയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. നിന്നെ അന്ന് ആദ്യമായി അടുത്ത് കണ്ടപ്പോൾ, നിന്റെ ഏട്ടായി എന്ന വിളികേട്ടപ്പോൾ എന്റെ അല്ലിമോൾ അരികിൽ നിൽക്കുന്ന പോലെ തോന്നി. അതാ ഞാൻ.”

പാച്ചു കണ്ണുകൾ തുടച്ച് അവന്റെ നെഞ്ചിൽ നിന്നും വിട്ട് മാറി. ഏറെ നേരം നിശ്ചലമായ കുളത്തിലേക്ക് നോക്കിയിരുന്നു.

“ഒരാഴ്ച്ച കൂടെ കഴിഞ്ഞാൽ നമ്മുക്ക് വെക്കേഷൻ തുടങ്ങില്ലേ ഏട്ടായി?”

“മ്മ്.. തുടങ്ങും. എന്താ പാച്ചു?”

“നമ്മുക്കൊരു ട്രിപ്പ്‌ പോയാലോ?”

“അതിനെന്താ? ഞാൻ റെഡി. ടെൽവിയോടും പറയാം.”

“അവരൊന്നും വേണ്ട. നമ്മൾ മാത്രം മതി.”

അവൻ സംശയത്തോടെ അവളെ നോക്കി.

“പറ്റില്ലെന്ന് പറയരുത്. എന്റെ കൂടെ വരണം. എനിക്ക്… എനിക്ക് ചിലതൊക്കെ ഏട്ടായിയെ ഏല്പിക്കാൻ ഉണ്ട്. ചില കടമകൾ…. ഉത്തരവാദിത്തങ്ങൾ…. എന്റെ… എന്റെ ചില ഇഷ്ടങ്ങൾ…. വേറെ ആരോടും എനിക്കൊന്നും പറയാൻ വയ്യാ…. എന്നെ കേൾക്കാൻ എന്റെ ഏട്ടായി വേണം. വരണം എന്റെ കൂടെ. എന്റെ വീട്ടിലേക്ക്.”

പറയുമ്പോൾ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി ആയിരുന്നെങ്കിലും ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അവൾക്ക് എന്തൊക്കെയോ തന്നോട് പറയാൻ ഉണ്ടെന്ന് തോന്നിയതും അവനും സമ്മതം മൂളിയതല്ലാതെ മറുത്തൊന്നും ചോദിച്ചില്ല. പാച്ചു വേഗം കണ്ണുകൾ തുടച്ചു. പിന്നെ അവനെ നോക്കി പുഞ്ചിരിച്ചു. അവൻ തിരിച്ചും.

“പോവാം?”

“മ്മ്… വാ. അവൻ അവിടെ കാത്ത് നിൽപ്പുണ്ടാവും.”

ചിരിയോടെ അവൾ അവനോടൊപ്പം നടന്നു.

☘️☘️☘️☘️☘️☘️☘️☘

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞ് വീണു. പ്രതീക്ഷയെന്ന പെൺകുട്ടി അതിനോടകം തന്നെ ആ കോളേജിന് പ്രിയങ്കരിയായിമാറിയിരുന്നു. അവൾ ചെല്ലാത്ത ഇടങ്ങളില്ല…. പരിചയം പുതുക്കാത്ത ആളുകൾ ഇല്ലാ…..എല്ലാവർക്കും അവളോട് പ്രത്യേക സ്നേഹമായിരുന്നു. എങ്ങും സന്തോഷം പരത്തി നടക്കുനോരു പെൺകുട്ടി. ശരത്തിന് അവൾ തന്റെ അല്ലിയായി മാറി. അല്ലിക്ക് പകർന്നു നൽകാൻ കഴിയാതെ പോയ സ്നേഹം അത്രയും അവൻ തന്റെ പാച്ചുവിലൂടെ നൽകുകയായിരുന്നു. അവളുടെ കുറുമ്പുകളിൽ, കുസൃതിയിൽ, പുഞ്ചിരികളിൽ എല്ലാം അവനൊരു സഹോദരനായി കൂട്ട് കൂടി. അഭിക്കും അക്കുവിനും പാത്തുമ്മക്കും വിച്ചൂവിനും തങ്ങളുടെ ആത്മാക്കളിൽ കോർത്ത് വെച്ച സൗഹൃദമായിരുന്നു അവൾ. അഭിയുടെ കോഴിത്തരത്തിന് കുട പിടിച്ചും അക്കുവിന്റെ ചളികൾക്ക് കൗണ്ടറടിച്ചും പാത്തുമ്മയുടെ മണ്ടത്തരങ്ങളിൽ പൊട്ടിച്ചിരിച്ചും അവൾ അവർക്കിടയിൽ ഒരിക്കലും അറുത്ത് മാറ്റൻ കഴിയാതൊരു സ്ഥാനം നേടിയെടുത്തു. അധ്യാപകരുടെ പ്രിയ ശിഷ്യ…., ആരുടേയും മങ്ങിയ മുഖം അവൾ ആഗ്രഹിച്ചിരുന്നില്ല. വാക്കുകളിൽ മായാജാലം തീർക്കുന്നവൾ. പക്ഷെ…. ടെൽവിൻ…. അവന് മുന്നിൽ മാത്രം അവൾ അന്നും ഒരു ചോദ്യചിഹ്നമായി നിന്നു…,

“തന്റെ നോട്ടങ്ങളിൽ, തന്റെ പുഞ്ചിരികളിൽ, തന്റെ സ്പർശനങ്ങളിൽ, തന്റെ വാക്കുകളിൽ, പിടഞ്ഞു പോകുന്ന മിഴികൾ എന്തെ തന്നെ അറിയാൻ വിസമതിക്കുന്നു? തന്നാൽ മാത്രം താളം മറക്കുന്ന ആ ഹൃദയമെന്തെ പ്രണയത്തിൻ ജാലകം ചാരി നിർത്തി?

“എടോ ഇച്ചായ…. എനിക്ക് തന്നോട് വല്ലാത്ത പ്രേമം തോന്നുന്നുണ്ടെടോ….”

പലയാവർത്തി തന്റെ കാതോട് ചേർന്ന് അവളത് പറഞ്ഞ് നിർത്തുമ്പോഴും ഒരു മറുവാക്ക് കേൾക്കാൻ കൂട്ടാകാഞ്ഞത് എന്തുകൊണ്ടാണ്? പറയാൻ ഒത്തിരി ഹൃദയം ഓർത്തെടുക്കുമ്പോഴും “അരുതെന്ന” വക്കിൽ നീയെന്നെ മൗനമാക്കി നിർത്തുന്നത് എന്തുകൊണ്ടാണ്? എന്നെ പ്രണയിപ്പിച്ചത് നിന്റെ മൊഴികളാണ്….. എന്നെ നിന്നിലേക്ക് ചേർത്ത് നിർത്തിയത് നിന്റെ ശബ്ദങ്ങളാണ്…. എന്നിട്ടും ഒന്നടുക്കുവാൻ, എന്റെ പ്രണയത്തെ ഒരു വേളയെങ്കിലും നിന്നിലേക്ക് ചേർക്കുവാൻ എന്താണ് പെണ്ണേ നീ അനുവാദം മൂളാത്തത്? പ്രണയം നിറഞ്ഞ് കവിയുന്ന മിഴികളിൽ ആർക്കും കടന്ന് ചെല്ലാൻ ആകാത്ത വിധം ഒരു മറ തീർത്തത് എന്തിനാണ്? “

ചോദ്യങ്ങൾ ഓരോന്നും സ്വരുകൂട്ടി വെക്കുമ്പോഴും ഉത്തരം വിദൂരമെന്ന് ഹൃദയം മൊഴിഞ്ഞുകൊണ്ടിരുന്നു.

“ഞാൻ പോകുവാ ഇച്ചായ.”

ചിന്തകളിൽ നിന്നും ഞെട്ടി പിടഞ്ഞ് അവൻ അവളെ നോക്കി.

“എന്നതാ പാച്ചുവേ?”

“ഞാൻ…. ഞാൻ പോകുവാ.”

ഇനി രണ്ടാഴ്ചയോളം കാണാതിരിക്കണം എന്ന ചിന്തയിൽ അവന്റെ ഹൃദയം നൊന്ത് പിടഞ്ഞു. ഒന്നും മിണ്ടാതെ മൗനമായി നിൽക്കുന്ന ടെൽവിനെ കണ്ട് അവളുടെ ഉള്ളവും വിങ്ങുന്നുണ്ട്.

“എന്നോട്…. എന്നോട് എന്തെങ്കിലും പറയുവോ ഇച്ചായ?”

പതിവിന് വിപരീതമായി അവളുടെ വാക്കുകളിൽ അർത്ഥം ഗ്രഹിക്കുവാൻ ആകാത്ത വിധം നൊമ്പരം തിങ്ങി നിറഞ്ഞിരുന്നു. ആ കുറുമ്പ് നിറഞ്ഞ കണ്ണുകളിൽ വേദനയല്ലേ കാണുന്നത്?

“കരയുവാണോ ഇച്ചായന്റെ പാച്ചു?”

നിറ കണ്ണുകളോടെ അവൾ അല്ലെന്ന് തലയാട്ടി.

“കരയാതെ പെണ്ണേ…. നീ ചിരിക്കുന്നത് കാണാനല്ലേ ഞാൻ ആഗ്രഹിക്കുന്നത്. അത് മാത്രം മതിയീ മുഖത്ത്.”

ഒഴുകിയിറങ്ങിയ കണ്ണുനീർ കൈകളാൽ തുടച്ച്ചുകൊണ്ട് അവൻ പറഞ്ഞു.

“പോകാൻ ഹൃദയം അനുവദിക്കാത്ത പോലെ ഇച്ചായ….. അലറി കരയുന്ന പോലെ… വല്ലാതെ നോവുന്നു…. ഞാൻ ഇല്ലാതെ…. ന്റെ… ന്റെ ഇച്ചായന് പറ്റത്തില്ല…. അതാണ്. അത്രമാത്രമാണ് എന്റെ സങ്കടം.”

അവളുടെ വാക്കുകളാൽ തന്റെ ഹൃദയവും നീറി പുകയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.

“ശരിയാണ്….. ഒന്നിനുമല്ലാതെ തന്റെ എല്ലാമായി തീർന്നവൾ….ആകുമോ തനിക്ക് പിരിഞ്ഞിരിക്കുവാൻ? ഒരു നിമിഷത്തേക്കെങ്കിലും?”

ഹൃദയം പലയാവർത്തി അത് തന്നെ ചോദിച്ചുകൊണ്ടിരുന്നു.

“ന്റെ ഇച്ചായന് കരയുന്നത് ഈ പാച്ചുവിന് സഹിക്കില്ല….. ഒന്ന് കണ്ണടച്ചാൽ മതി….ഞാൻ ഉണ്ടാവും ന്റെ ഇച്ചായന്റെ കൂടെ…. എന്നും…. ഒരു നിഴൽ പോലെ…. പറ്റുവോ പാച്ചുവിന് അവളുടെ ഇച്ചായൻ ഇല്ലാതെ…, ഏയ് ഇല്ല…..ഒരിക്കലുമില്ല.”

അത്രയും പറഞ്ഞ് അവൾ അവന്റെ നെഞ്ചോരം കാത് ചേർത്തു. അവൻ അവളെ ഒരു കൈയാൽ പൊതിഞ്ഞ് പിടിച്ചിരുന്നു.

“എനിക്ക്… ഒരിക്കൽ കൂടെ ആ പട്ട് പാടി തരുവോ പാച്ചുവേ?”

തനിലെ അവളുടെ പിടി മുറുകുന്നത് അവൻ അറിഞ്ഞു. അവളുടെ ഹൃദയവും ആ നിമിഷങ്ങളിൽ ശക്തിയിൽ മിടിച്ചിരുന്നു. പതിയെ….ഒരു മഴ പോലെ…. അവളുടെ ശബ്ദം അവനിൽ പെയ്തിറങ്ങി.

“?ഹർഷമായ്…വർഷമായ്…വിണ്ണിലെ വെണ്ണിലാ തൂവലായ് നാം…ഒരു തുടം നീർ തെളിയിലൂടെ പറന്നു നമ്മൾ നമ്മെ…. മെല്ലേ… മെല്ലേ….

പലനിറപ്പൂ വിടർന്ന പോൽ നിൻ പുഞ്ചിരി നിറഞ്ഞോ രാവിൻ….ചുണ്ടിൽ… മെല്ലേ….മിഴിയിൽ നിന്നും മിഴിയിലെക്ക്തോണി തുഴഞ്ഞേ പോയീ….നമ്മൾ… മെല്ലേ….

തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ് ഈണമായ് നമ്മിൽ….മെല്ലേ…. മായാ… നദി…മായാ…. നദീ….?”

വരികൾ പാതിയിൽ ഇടറി നീങ്ങി…. നേർത്ത തേങ്ങലിന്റെ ചീളുകളെ തന്റെ ഹൃദയത്തിൽ മുഖം അമർത്തി അവൾ പിടിച്ച് കെട്ടി.

”’എന്തിനാണ് ഹൃദയം ഇത്രമേൽ വേദനിക്കുന്നത്? ഈ വേർപാട് ഇത്രമേൽ തന്നെ തളർത്തുന്നത് എന്തിനാണ്? പോകരുതെന്ന് ഹൃദയം പിന്നെയും പിന്നെയും അലമുറ കൂട്ടുന്നത് എന്തിനാണ്? ”’

അവൻ മുഖം താഴ്ത്തി തന്റെ നെഞ്ചിൽ പറ്റി ചേർന്ന് നിൽക്കുന്ന പാച്ചുവിനെ നോക്കി. അവളും പതിയെ മിഴികൾ ഉയർത്തി. ആ മിഴികൾ വല്ലാതെ പിടച്ചിരുന്നു. കൈകൾ വിറകൊണ്ടിരുന്നു. അകലങ്ങൾ കുറഞ്ഞ് വന്നു…., ഹൃദയം എന്തിനെക്കൊയെ വേണ്ടി അലയുന്ന പോലെ….. കണ്ണുനീരാൽ അവളുടെ മുഖം മാഞ്ഞ് തുടങ്ങും മുന്നേ തന്റെ അധരങ്ങളെ അവൾ കവർന്നെടുത്തു.

നുകർന്നതത്രയും നീയെന്ന പ്രണയമായിരുന്നു…..അറിഞ്ഞതത്രയും നിൻ അധരം പകർന്ന മധുരമായിരുന്നു….പക്ഷെ ഹൃദയപാളികളിൽ അവ വിരഹമായ് തീർന്നതെന്തേ സഖീ? ശ്വാസം വിലങ്ങി ഉടൽ വിറച്ചപ്പോഴും അകന്ന് മാറാതെ നീ ചേർന്ന് നിന്നു. രക്തം കലരാതെ, അധരം മുറിയാതെ, വികാരം ഒരു തീചൂള പോൽ ആളി പടർത്താതെ, ഒന്നിനുമല്ലാതെ ഒരു ചുംബനം…..അർത്ഥം ചികഞ്ഞു എവിടേക്ക് ചെല്ലണം? അകലം കാത്ത് കിടക്കും നിൻ ഹൃദത്തിലേക്കോ?

ഒടുവിൽ ഒരു തളർന്നവൾ തോളിൽ അമരുമ്പോൾ ഏറിവന്ന കിതപ്പിനെ പിടിച്ച് കെട്ടി.

”വായ്യ…… ഇനിയുമീ വിങ്ങലുകൾ താങ്ങുവാൻ വയ്യാ… ഒരു നിമിഷം…. ഒരൊറ്റ നിമിഷം നീയെന്നെ കേൾക്കുമോ പാച്ചുവേ….? “

അവന്റെ ചോദ്യത്തിൽ അവളുടെ മിഴികൾ നിറഞ്ഞു.

“ഞാൻ… ഞാൻ നിന്നെ പ്ര…”

മുഴുവനാക്കാൻ അനുവാധിക്കാതെ അവളുടെ വിരലുകൾ വിലങ് തീർത്തു.

“അരുത്…. ഒന്നും പറയണ്ട…. ഒന്നും കേൾക്കണ്ടെനിക്ക്….. തളർന്ന് പോകും ഞാൻ…., അരുത്…. ഒന്നും പറയരുത്… പോകുവാ “

അത്രയും പറഞ്ഞ് അവൾ തിരിഞ്ഞ് നടന്നു.

“താങ്ങുന്നില്ല പെണ്ണേ…., എനിക്ക് താങ്ങുന്നില്ല….”

തലമുടിയിൽ കൈകോർത്ത് വലിച്ച് മണ്ണിലേക്കവൻ മുട്ട് കുത്തി. വേർപാടിന്റെ പോറലുകൾ വീണ് ഹൃദയം നോവേറി രക്തം പൊഴിച്ചു. വസന്തം പൂത്ത മാനസം എത്രപെട്ടന്നാണ് ചുട്ടു പൊള്ളുനൊരു മരുഭൂമിയായി തീർന്നത്. കാതിനരികിൽ ഒരു ചുടു നിശ്വാസം പതിച്ചതും പ്രതീക്ഷയോടെ അവൻ മിഴിയുയർത്തി.

“എടോ ഇച്ചായ…. എനിക്ക് തന്നോട് വല്ലാത്ത പ്രേമം തോന്നുന്നുണ്ടെടോ….”

പതിവ് കുസൃതി നിറഞ്ഞ പുഞ്ചിരിയാൽ അത്രയും പറഞ്ഞ് അവൾ തന്റെ മീശ മുകളിലേക്ക് പിരിച്ചു വെക്കുമ്പോഴും ആ കണ്ണുകളിൽ നിറഞ്ഞ് നിന്ന വേദനയിൽ മാത്രമായി ഹൃദയം കുരുങ്ങി നിന്നു. ആദ്യമായ് കാണും വിധം അവളുടെ മിഴികൾ തന്റെ മുഖമാകെ ഓടി നടന്നപ്പോൾ ഉള്ളം ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി നിസ്സഹായനായി. ഒടുവിൽ നെറുകിൽ മൃദുവായി ചുണ്ടുകൾ ചേർത്ത് അവൾ തന്നിൽ നിന്നും അകന്ന് മാറി. പോകാതെ പിടിച്ച് നിർത്താൻ കൈകൾ വിറകൊണ്ടെങ്കിലും ഉള്ളം മരവിച്ച് പോയിരുന്നു.

“തിരികെ വരുമെന്നൊരു വാക്ക്…. അത്രമാത്രം പറയായിരുന്നില്ലേ പാച്ചു നിനക്ക്?അതോ എല്ലാം… എല്ലാം എന്റെ തോന്നൽ ആയിരുന്നോ? പിന്നെ എന്തിനായിരുന്നു ഇതെല്ലാം? എന്നോട് ചേർന്നിരുന്ന് ദൂരങ്ങൾ താണ്ടണം എന്ന് പറഞ്ഞത് നീയല്ലേ? തണുപ്പ് പടർന്ന് വീതികളിൽ ഞാൻ നിനക്ക് പുതപ്പാക്കണം എന്ന് വാക്ക് വാങ്ങിയത് നീയല്ലേ? കോരി ചൊരിയുന്ന മഴയിൽ നിനക്ക് മുകളിൽ ഞാനൊരു കുടച്ചൂടണം എന്ന് വാശിപിടിച്ചത് നീയല്ലേ….. എല്ലാം… എല്ലാം നീയല്ലേ? ഇന്നെൻ ഉള്ളം നിറയുന്നതും നീയല്ലേ? എന്നിട്ടും…. തിരികെ വരുമെന്ന് ഒരു വാക്ക്…..!”

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അകലെ ഒരു കൊച്ചു പൊട്ട് പോലെ അവൾ കണ്ണിൽ നിന്നും മാഞ്ഞ് പോയി.

“കാത്തിരിക്കും ഞാൻ….. പാച്ചുവിന് വേണ്ടി….. അവളുടെ ഇച്ചായൻ കാത്തിരിക്കും.”

തുടരും…