ഋതു ഭേദങ്ങൾ – 02
എഴുത്ത്: കർണൻ സൂര്യപുത്രന്
==============
“ആരോട് ചോദിച്ചിട്ടാ അമ്മ വാക്കു കൊടുത്തത്?”
ആതിര പൊട്ടിത്തെറിച്ചു…
“ആരോട് ചോദിക്കാനാ? നിനക്ക് നല്ലതെന്നു തോന്നിയ ഒരു ബന്ധം ഞാൻ ഉറപ്പിച്ചു…” സുജാത ഉറച്ച സ്വരത്തിൽ മറുപടി പറഞ്ഞു..
“എന്റെ സമ്മതമില്ലാതെയോ? അതൊന്നു കാണണമല്ലോ?”
“നിന്റെ സമ്മതം ചോദിച്ചിട്ടാണോ ഞാൻ നിന്നെ പ്രസവിച്ചതും വളർത്തി വലുതാക്കിയതും? മക്കളുടെ കാര്യത്തിൽ രക്ഷിതാക്കൾക്ക് ഉത്തരവാദിത്തം ഉണ്ട്..ഇവിടെ എല്ലാത്തിനും ഞാനൊരുത്തിയെ ഉളളൂ..നിന്റെ ചേച്ചിയെ വിവാഹം കഴിപ്പിച്ചത് ഞാനാ…എന്നിട്ട് എന്തെങ്കിലും കുഴപ്പമുണ്ടായോ? ദുബായിൽ സന്തോഷത്തോടെ ജീവിക്കുന്നില്ലേ? ഇതും അങ്ങനെ തന്നാ..”
“എനിക്ക് ഇപ്പോ കല്യാണമൊന്നും വേണ്ട…എന്തെങ്കിലും ജോലിക്ക് പോണം. അതിന് ശേഷം മതി…” അവൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു…
“കെട്ടു കഴിഞ്ഞും ജോലിക്ക് പോകാം…ചെന്നൈയിൽ നിനക്ക് ജോലി ശരിയാക്കാമെന്നു ഊർമിള പറഞ്ഞിട്ടുണ്ട് ..”
“അമ്മ എന്തൊക്കെ പറഞ്ഞാലും ഞാൻ സമ്മതിക്കില്ല… “
വാഗ്വാദങ്ങൾ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി… ഒടുവിൽ സുജാത റൂമിൽ കയറി വാതിലടച്ചു സാരിത്തുമ്പിൽ കെട്ടിത്തൂങ്ങാൻ ശ്രമിച്ചു…ആതിരയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഹരിയും മോഹനനും കതക് ചവിട്ടി തുറന്നു അവരെ കെട്ടറുത്ത് മോചിപ്പിച്ചു..
“എന്താ ടീച്ചറേ ഇതൊക്കെ..? പഠിപ്പും വിവരവുമുള്ള നിങ്ങള് ഇങ്ങനൊക്കെ ചെയ്യുന്നത് മോശമല്ലേ?”
മോഹനൻ പറഞ്ഞു….
“പിന്നെ ഞാനെന്തു ചെയ്യാനാ മോഹനേട്ടാ…ഇവളുമാരെ രണ്ടിനെയും കൊണ്ട് ഞാനൊരുത്തി കുറേ കഷ്ടപ്പെട്ടു…എന്നും ബന്ധുക്കളെ ആശ്രയിക്കാൻ പറ്റുമോ?.. ഇവൾക്ക് ഒരു നല്ല ജീവിതം ഉണ്ടാവണം എന്നല്ലേ ഞാൻ ആഗ്രഹിച്ചുള്ളൂ? അതൊരു തെറ്റാണോ?”
കുരുക്ക് മുറുകിയ തൊണ്ടയിൽ തടവിക്കൊണ്ട് സുജാത കരഞ്ഞു….കാര്യങ്ങൾ ഏകദേശം മോഹനനും ഹരിയും അറിഞ്ഞു കഴിഞ്ഞിരുന്നു…ആതിര ജീവച്ഛവമായി വെറും നിലത്തിരിക്കുകയാണ്…
“എന്നാലും, ഇപ്പോഴത്തെ കുട്ടികളല്ലേ ടീച്ചറേ..അവർക്കും സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളുമൊക്കെ ഉണ്ടാകില്ലേ? നമ്മളുടെ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് നല്ലതാണോ?”
മോഹനൻ അനുനയിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
സുജാത ഒരിറക്ക് വെള്ളം കുടിച്ചു,..
“അതുപോലെ തന്നെ എനിക്കും ഇവള് നല്ല നിലയിൽ ജീവിക്കുന്നത് കാണണമെന്നുണ്ട് മോഹനേട്ടാ…അതെന്താ മനസിലാക്കാത്തെ? രാജീവിനെ പോലൊരുത്തനെ കിട്ടുക എന്ന് പറഞ്ഞാൽ ഒരു ഭാഗ്യമാണ്…വലിയൊരു കുടുംബം..ചെന്നൈയിലെ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ജോലി. അവിടെ സ്വന്തം വീട്..സമൂഹത്തിൽ നല്ല നിലയും വിലയും…ഇതിൽ കൂടുതലെന്താ വേണ്ടത്? “
എതിർത്തു പറയാൻ വാക്കുകളൊന്നും മോഹനന് കിട്ടിയില്ല…ഭർത്താവ് നഷ്ടപ്പെട്ടിട്ടും മക്കൾക്കു വേണ്ടി മാത്രം ജീവിച്ച ഒരമ്മയാണിത്..അവരുടെ സ്വപ്നങ്ങൾക്ക് മുന്നിൽ തന്റെ മകന്റെ പ്രണയവും തന്റെ ആഗ്രഹവും മൂടി വയ്ക്കുന്നതാണ് നല്ലതെന്നു മോഹനന് തോന്നി…അയാൾ മെല്ലെ എഴുന്നേറ്റു,. ഹരിക്ക് അച്ഛന്റെ നിസ്സഹായാവസ്ഥ മനസിലായി…അവൻ മിണ്ടാതെ പുറത്തേക്ക് നടന്നു..പിന്നാലെ മോഹനനും…വാതിൽക്കൽ ചെന്നു അയാൾ ഒന്ന് തിരിഞ്ഞു നോക്കി…
എന്നെ എങ്ങനെങ്കിലും ഒന്ന് രക്ഷിക്കൂ മോഹനേട്ടാ എന്ന യാചന ആതിരയുടെ മുഖത്തു തെളിഞ്ഞു നില്കുന്നുണ്ട്..അത് കണ്ടു നില്കാൻ ശക്തിയില്ലാതെ മോഹനൻ തലകുനിച്ചു പടിയിറങ്ങി….
***************
ദിവസങ്ങൾക്കു ശേഷം ഒരു സായാഹ്നം…കാവിൻപറമ്പ് ശ്രീകൃഷ്ണക്ഷേത്രം…നടയുടെ നേരെ മുൻപിലുള്ള ആൽമരച്ചുവട്ടിൽ നിൽക്കുകയാണ് ഹരിയും ആതിരയും…
“മറ്റന്നാൾ ആണ് എന്റെ വിവാഹം..ടൗണിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച്…”
പതിഞ്ഞ സ്വരത്തിൽ ആതിര പറഞ്ഞു.
“അറിയാം…ടീച്ചർ വീട്ടിൽ വന്നു ക്ഷണിച്ചിരുന്നു..കല്യാണം കഴിഞ്ഞ് അടുത്ത ദിവസം തന്നെ ചെന്നൈക്ക്..അവിടെ വലിയ റിസപ്ഷൻ…അല്ലേ?”
“ഉം “
“നന്നായി…പാവം ടീച്ചറുടെ ആഗ്രഹം നടക്കട്ടെ…എന്തായാലും തനിക്കു കിട്ടേണ്ട ചെറുക്കൻ തന്നെയാണ്…”
“ഉം…നിനക്ക് എന്തെങ്കിലും പറയാനുണ്ടോ ഹരീ?”
“ഞാനെന്തു പറയാനാ?എവിടായിരുന്നാലും നീ സന്തോഷത്തോടെ ജീവിച്ചാൽ മതി…”
“ആഹാ…എന്തൊരു വിശാലമനസ്കത…!!” ആതിര പുച്ഛത്തിൽ ചിരിച്ചു..
“പിന്നെ ഞാനെന്തു ചെയ്യാനാ? നിന്നെ വിളിച്ചിറക്കി കൊണ്ടു വന്നു കഴുത്തിലൊരു താലി കെട്ടാൻ അറിയാഞ്ഞിട്ടല്ല..പക്ഷെ ആരെയും വേദനിപ്പിച്ചിട്ട് എനിക്കൊന്നും നേടണ്ട…”
“അപ്പൊ എന്റെ വേദനയോ? അതാരും മനസിലാക്കുന്നില്ലല്ലോ?”
ഹരി അവളെ ഉറ്റുനോക്കി..
“എനിക്ക് നിന്നോട് ഇഷ്ടമാണെന്നേ പറഞ്ഞിട്ടുള്ളൂ..നീ മറുപടി ഒന്നും തന്നിട്ടില്ല…”
“അല്ല…എനിക്ക് ഇഷ്ടമല്ല…ഞാൻ നിന്നെ പ്രണയിച്ചിട്ടൊന്നുമില്ല..ഒരു നല്ല സുഹൃത്ത്..അയൽക്കാരൻ…അത്രയേ ഉള്ളൂ..പോരേ..?”
അവൾ വീറോടെ പറഞ്ഞു..
“ആതൂ…”
“വേണ്ട..നീയിനി അങ്ങനെ വിളിക്കണ്ട..ഞാൻ ഇവിടെ വരാൻ പറഞ്ഞത് വേറൊരു കാര്യത്തിനാ…മനസ്സിൽ തോന്നിയ സ്നേഹം അങ്ങ് മറന്നേക്ക്…മോഹനേട്ടന് നീ മാത്രമേ ഉള്ളൂ..എന്നെ പറ്റി ചിന്തിച് നീ ഉരുകുന്നത് അദ്ദേഹത്തിന് സഹിക്കില്ല..ആ മനസ്സ് വിഷമിപ്പിക്കരുത്..സ്വപ്നങ്ങൾക്ക് പിറകെയുള്ള നിന്റെ യാത്ര തുടരണം…ഒരു കാർ വാങ്ങി മോഹനേട്ടന്റെ കൂടെ ബന്ധുക്കളുടെ മുന്നിലൂടെ കറങ്ങണം..എന്നിട്ട് ഒരു നല്ല പെൺകുട്ടിയെ വിവാഹം കഴിക്കണം…പക്ഷെ വിവാഹത്തിന് മുൻപ് അവളോട് ചോദിക്കണം പൂർണമനസ്സോടെയാണോ സമ്മതിച്ചതെന്ന്…”
അവളുടെ കണ്ഠമിടറി…കണ്ണുകൾ നിറഞ്ഞു തൂവി…
“ആതൂ….നിന്റെ ഉള്ളെനിക്കറിയാൻ പറ്റും..ഞാൻ നിസ്സഹായനാണ്…വൈകിപ്പോയി…പക്ഷേ അന്ന് പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയുന്നത്..നിന്നെ ഞാൻ സ്നേഹിക്കുന്നു..ഭ്രാ ന്തമായി…ഒരിക്കലും മറക്കില്ല…എന്റെ സ്നേഹം നിനക്കൊരു ബാധ്യത ആകാതെ ശ്രമിക്കാം…ഈ നടയിൽ വച്ചു ഞാൻ നിനക്ക് വാക്കു തരുന്നു…എന്റെ മനസ്സിലെ ഇഷ്ടത്തിന്റെ പേരും പറഞ്ഞു നിന്റെ മുന്നിൽ ഒരിക്കലും വരില്ല..പക്ഷേ മരണം വരെ നിന്നെ ഞാൻ പ്രണയിക്കും..”
അവൻ പറഞ്ഞു തീർന്നതും ക്ഷേത്രത്തിനകത്തു നിന്നും ശംഖു നാദം മുഴങ്ങി…
“വാ തൊഴുതിട്ട് നിന്നെ ഞാൻ വീട്ടിലെത്തിക്കാം..” ഹരി അകത്തേക്ക് നടന്നു..പിന്നാലെ അവളും…
ശ്രീകോവിലിനു മുന്നിൽ നിന്നു തൊഴുമ്പോൾ അവൻ കരയുകയായിരുന്നു..ഇവളെ സ്വന്തമാക്കിയ ശേഷം ഇവിടെ വരണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു. അത് എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണ്…കൃഷ്ണാ..മഥുരയിലേക്ക് യാത്രയാകും നേരം രാധയെ നോക്കി അങ്ങുമിതു പോലെ വേദനിച്ചിട്ടുണ്ടാവില്ലേ?….ഈ പെൺകുട്ടിക്ക് നല്ലതു വരുത്തണേ..അവൻ ഹൃദയമുരുകി പ്രാർത്ഥിച്ചു…
*****************
കഴുത്തിൽ താലി വീഴുമ്പോഴും, രാജീവിന്റെ കൈ പിടിച്ചു പ്രദക്ഷിണം വയ്ക്കുമ്പോഴും കണ്ണു ചിമ്മിതുറക്കുന്ന കാമറകൾക് മുന്നിൽ നിൽക്കുമ്പോഴും ആതിരയുടെ മനസ്സ് ശൂന്യമായിരുന്നു…ആരൊക്കെയോ വരുന്നു…സംസാരിക്കുന്നു…രാജീവ് പരിചയപ്പെടുത്തുന്നുണ്ട്…പക്ഷേ അവൾ ഒന്നും കേട്ടില്ല.. കാറിൽ കയറും മുൻപ് സുജാത അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു..അപ്പോഴും അവളുടെ മിഴികൾ നിറഞ്ഞില്ല..ദൂരെ മാറി നിൽക്കുന്ന മോഹനനെ കണ്ട് അവൾ അങ്ങോട്ട് നടന്നു…അയാളുടെ അടുത്തെത്തിയ അവൾ ആ കാലിൽ തൊട്ടു…മോഹനൻ പരിഭ്രമത്തോടെ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു…
“എന്നെ അനുഗ്രഹിക്കണം…എനിക്ക് വേണ്ടി പ്രാർത്ഥിക്കണം…” നേർത്ത ശബ്ദത്തിൽ അവൾ പറഞ്ഞു..നിറകണ്ണുകളോടെ അയാൾ അവളുടെ ശിരസ്സിൽ കൈ വച്ചു…
“നല്ലതേ വരൂ…എന്നും…”
“ഹരി വന്നില്ല അല്ലേ?”
“ഇല്ല…നിർബന്ധിച്ചുമില്ല…”
“നന്നായി…”
“മോൾക്ക് എന്നോട് ദേഷ്യമൊന്നും തോന്നരുത്…”
“ഇല്ല..ഇതെന്റെ വിധിയാണ്..അവനോട് വിഷമിക്കരുതെന്നു പറയണം…”
അവൾ തിരിഞ്ഞു നടന്നു കാറിൽ കയറി. ഓഡിറ്റോറിയത്തിന്റെ ഗേറ്റ് കടന്ന് വാഹനങ്ങളുടെ നീണ്ട നിര പുറത്തേക്ക് നീങ്ങി…..
******************
മൂന്നു വർഷങ്ങൾ എത്ര പെട്ടെന്നാണ് കഴിഞ്ഞു പോയതെന്ന് ആതിര അത്ഭുതത്തോടെ ഓർത്തു. ചെന്നൈ വത്സരവാക്കം ഉള്ള ഇരുനില വീട്ടിൽ പലപ്പോഴും അവൾ തനിച്ചാണ്…പല്ലാവരം റോയൽ ഹോസ്പിറ്റലിലാണ് രാജീവിന് ജോലി…സന്തോഷമാണോ എന്ന് ചോദിച്ചാൽ അതെ…അവൾക്കു വേണ്ടതെല്ലാം അവൻ വാങ്ങിക്കൊടുക്കും..എല്ലായിടത്തും കൂട്ടി പോകും..അധികം സംസാരിക്കാത്ത പ്രകൃതമാണ്..ചെറിയ കാര്യങ്ങൾക്ക് വരെ ദേഷ്യപ്പെടുമെന്നതൊഴിച്ചാൽ വേറെ പ്രശ്നമൊന്നുമില്ല…ജോലിക്ക് പോകണമെന്ന അവളുടെ ആഗ്രഹം മാത്രം രാജീവ് അനുവദിച്ചില്ല…ഊർമിളയും ശേഖറും വന്നപ്പോഴും അവൾ ചോദിച്ചു നോക്കി..അവർ ഒഴിഞ്ഞു മാറിയതേയുള്ളൂ….ജോലിക്കാര്യം അമ്മയോട് സംസാരിച്ചതിന്റെ പേരിൽ രാജീവ് അവളെ ഒരുപാട് വഴക്കു പറഞ്ഞു…
അവരുടെ വീടിന്റെ തൊട്ടടുത്താണ് രാജീവിന്റെ അമ്മാവൻ ദേവനും ഭാര്യ ഹേമലതയും താമസിക്കുന്നത്..ഒരു മതിലിന്റെ വ്യത്യാസം..ദേവൻ ബാങ്കുദ്യോഗസ്ഥനാണ്….
“ആന്റിയെ നോക്ക്..നിന്നെപ്പോലെ തന്നെ പഠിച്ചതാ..എന്നിട്ട് ജോലിക്ക് പോണമെന്നു പറഞ്ഞു വാശിപിടിക്കുന്നുണ്ടോ?”
ഇതാണ് രാജീവിന്റെ സ്ഥിരം വാദം…അത് അവരുടെ ഇഷ്ടമല്ലെ എന്ന് ചോദിച്ചപ്പോൾ മുന്നിലിരുന്ന പ്ളേറ്റ് എടുത്ത് അവളെ എറിഞ്ഞു…അവൾ ഒഴിഞ്ഞു മാറിയത് കൊണ്ട് രക്ഷപ്പെട്ടു…
“എന്നെ എതിർത്ത് സംസാരിക്കരുത്…കേട്ടല്ലോ?” അവൻ മുന്നറിയിപ്പ് നൽകി..
ആ സ്വപ്നം എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് ആതിര തിരിച്ചറിഞ്ഞു…
***************
ആതിരയെ നിർബന്ധിച്ചു ഡ്രൈവിങ് പഠിക്കാൻ അയച്ചത് രാജീവ് തന്നെയാണ്…രണ്ടു കാറുകൾ ഉണ്ടായിട്ടും പുറത്തെവിടെങ്കിലും പോകാൻ അവൾ ടാക്സി വിളിക്കുന്നത് അവന് കുറച്ചിലായത് തന്നെയാണ് കാരണം…അവൾക്ക് അത് ഒരാശ്വാസം തന്നെയായി..വത്സരവാക്കത്തെ ഫിനിക്സ് ഡ്രൈവിങ് സ്കൂളിലെ വണ്ടി ദിവസവും ഗേറ്റിനു മുന്നിൽ വരും…ഒരു മണിക്കൂർ പരിശീലനത്തിന് ശേഷം തിരിച്ചു കൊണ്ടു വരും…ഡ്രൈവിങ് ടീച്ചർ ജന്നത്ത് ഒരു നല്ല പെൺകുട്ടിയാണ്…തമിഴ് നാട്ടുകാരിയാണെങ്കിലും മലയാളം കുറച്ചൊക്കെ സംസാരിക്കും..
ഒരു ദിവസം പരിശീലനം മറീന ബീച്ചിന് അടുത്തായിരുന്നു…ദാഹിച്ചപ്പോൾ ജന്നത്തിനോട് അനുവാദം വാങ്ങി അവൾ കാർ ഒരു കടയുടെ സൈഡിൽ നിർത്തി..രണ്ട് ജീരകസോഡ വാങ്ങി ഒന്ന് ജന്നതിനു കൊടുത്ത് അവളും കുടിച്ചു കൊണ്ടിരുന്നു…പെട്ടെന്ന് പിന്നിൽ നിന്നും ഒരു വിളി…
“ആതൂ….”
അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി…ഹരി!!! അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല…സ്വപ്നമാണോ ഇത്?
“ഹരീ…നീയോ?? ഇവിടെങ്ങനെ?”
അവൻ ചിരിച്ചു..
“പേടിക്കണ്ട നിന്നെ കാണാൻ വന്നതൊന്നുമല്ല…ചെറിയ ബിസിനസ് ഉണ്ട്.. ..”
“എന്ത് ബിസിനസ്…”
“ദോ..ആ കാണുന്നത് എന്റെ ഫ്രണ്ടിന്റെ ഷോപ്പ് ആണ്…. ” യൂസ്ഡ് കാർസ് വിൽക്കുന്ന ഒരു കട അവൻ ചൂണ്ടിക്കാണിച്ചു…
“നല്ല മോഡൽ വാഹനങ്ങൾ വന്നാൽ ഇവിടുന്ന് നാട്ടിലേക്കും നാട്ടിൽ നിന്ന് ഇവിടേക്കും കടത്തും….”
അവൻ കണ്ണിറുക്കി..
“കൊള്ളാം.. ഇപ്പൊ പെയിന്റിംഗിന് പോകാറില്ലേ?”
“സ്ഥിരം പോകാറില്ല…നാലഞ്ച് പണിക്കാർ ഉണ്ട്..അവരെ വച്ചു പണി എടുപ്പിക്കുന്നുണ്ട്..ഡിസൈൻ വർക്ക് വല്ലതും വന്നാൽ മാത്രം പോകും…”
“മുതലാളി ആയി അല്ലേ?”
“കഞ്ഞികുടിച്ചു പൊയ്ക്കോട്ടേടീ..”
റോഡ് മുറിച്ചു കടന്നു രണ്ടു ചെറുപ്പക്കാർ അവർക്കരികിലെത്തി..ഒരാളെ കണ്ടാൽ മലയാളി ആണെന്ന് തോന്നും..മറ്റെയാൾ തമിഴൻ തന്നെ..
“ആതൂ…ഇത് ഷബീർ…ആ ഷോപ്പിന്റെ ഓണർ..ഇവൻ ശിവ..ഷബീറിന്റെ പാർട്ണർ..കൂടാതെ ഞങ്ങളുടെ ബെസ്റ്റ് ഫ്രണ്ട്…ഷബീർ മലയാളിയാ കേട്ടോ..കാസറഗോഡ്….”
അവൾ രണ്ടുപേരെയും നോക്കി പുഞ്ചിരിച്ചു..
“യാരിന്ത പൊണ്ണ്??” ശിവ ചോദിച്ചു…
“ആതിര…”
“ഓ…ഉന്നുടെ പഴയ ലവ്വറാ?”
ഹരിയുടെ മുഖം വിളറി…
“ദേവത മാതിരിയിരുക്ക്…മിസ്സ് പ ണ്ണിട്ടയെഡാ…”
ശിവ കുറ്റപ്പെടുത്തി…ഹരിയുടെയും ആതിരയുടെയും അവസ്ഥ മനസിലാക്കിയ ഷബീർ ഇടപെട്ടു…
“നീ വാ മച്ചാ…അവങ്ക പേസട്ടും,..”
“സരി…ഓക്കേ സിസ്റ്റർ..അപ്പുറം മീറ്റ് പണ്ണലാം “..
ഷബീറും ശിവയും അടുത്തുള്ള ഹോട്ടലിലേക്ക് കയറിപ്പോയി..
“നീ എല്ലാം വിവരിച്ചു കൊടുത്തിട്ടുണ്ട് അല്ലേ?”
ആതിര ചുണ്ടുകൾ കൂർപ്പിച്ചു ദേഷ്യത്തോടെ അവനെ നോക്കി…
“ഫ്രണ്ട്സ് അല്ലെടീ…അതുകൊണ്ട് പറഞ്ഞതാ…എന്റെ പ്രാണനായിരുന്ന ഒരു പെൺകുട്ടി ചെന്നൈയിൽ ഉണ്ടെന്ന്..പക്ഷെ സത്യമായിട്ടും നിന്നെ കാണണമെന്ന് ആഗ്രഹിച്ചിട്ടില്ല… “
അവൾ മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു..
“നീ ഡ്രൈവിംഗ് പഠിക്കുന്നുണ്ടല്ലേ?”
“ഉം “..
“നല്ലതാ.. “
“മോഹനേട്ടന് സുഖമാണോ?”
“അതെ..നിനക്ക് വല്ലപ്പോഴും അച്ഛനെ ഒന്ന് വിളിച്ചൂടെ? “
“വിളിച്ചിട്ട് കിട്ടുന്നില്ല..നമ്പർ മാറിയോ?”
“ആ…എന്റെ പഴയ നമ്പറാ അച്ഛൻ ഇപ്പൊ ഉപയോഗിക്കുന്നേ…അതിൽ വിളിച്ചോ..”
ആതിര മിണ്ടാതെ നില്കുന്നത് കണ്ട് അവന് ചിരി പൊട്ടി…
“അതൊക്കെ ഡിലീറ്റ് ചെയ്തു അല്ലേ? സാരമില്ല..ഫോൺ ഇങ്ങു താ..”
ഹരി..തന്റെ നമ്പർ അവളുടെ ഫോണിൽ സേവ് ചെയ്തിട്ട് തിരിച്ചു കൊടുത്തു..
“ഞാൻ പോട്ടെ ഹരീ..”
“ഉം…സുഖമാണോ എന്ന് ചോദിക്കുന്നില്ല..ആണെന്നറിയാം..കണ്ടതിൽ സന്തോഷം..എന്നെങ്കിലും എവിടെ വച്ചെങ്കിലും വീണ്ടും കാണാം…”
അവൾ ഒന്ന് പുഞ്ചിരിച്ചു കാറിൽ കയറി…ഹരി ഹോട്ടലിലേക്ക് കയറിപ്പോകുന്നത് അവൾ നോക്കി നിന്നു…അവൻ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് ആശിച്ചുവെങ്കിലും ഉണ്ടായില്ല…എന്തിനോ പിടയുന്ന മനസ്സുമായി അവൾ കാർ മുന്നോട്ട് എടുത്തു…
******************
ടൗണിൽ പോയി ചെറിയ ഷോപ്പിംഗ് കഴിഞ്ഞിട്ടേ വരൂ എന്ന് രാജീവിനോട് പറഞ്ഞിരുന്നെങ്കിലും ഹരിയെ കണ്ടതിന് ശേഷം അവൾക്കു അതിന് തോന്നിയില്ല…വല്ലാത്തൊരു അസ്വസ്ഥത…അവൾ ടാക്സി വിളിച്ചു വീട്ടിൽ വന്നു…രാജീവ് രണ്ടു ദിവസത്തേക്ക് ലീവെടുത്തിരുന്നു..കാളിംഗ് ബെൽ അടിച്ച് അവനെ ഉണർത്തേണ്ട എന്ന് കരുതി സ്പെയർ കീ ഉപയോഗിച്ചവൾ വാതിൽ തുറന്നു അകത്തു കയറി….ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്തു കുടിക്കുമ്പോഴും ഹരിയുടെ മുഖമായിരുന്നു മനസ്സ് നിറയെ….ഒന്നും സംഭവിക്കാത്തതു പോലെയുള്ള പെരുമാറ്റം…ചിലപ്പോൾ പഴയ വേദനയിൽ നിന്നും അവൻ മോചിതനായിട്ടുണ്ടാവാം…പാവം…രാത്രി എന്തായാലും മോഹനേട്ടനെ വിളിക്കണം….അവൾ തീരുമാനിച്ചു…
ബെഡ്റൂമിലേക്കു പോകാൻ അവൾ സ്റ്റെയർകേസ് കയറാൻ തുടങ്ങവേ താഴത്തെ റൂമിൽ നിന്നും എന്തോ ശബ്ദം കേട്ടു….ഉപയോഗിക്കാത്തതാണ്…രാജീവിന്റെ മാതാപിതാക്കളോ കസിൻസോ വന്നാൽ മാത്രമേ അത് തുറക്കാറുള്ളൂ….അവര് വന്നിട്ടില്ല എന്നുറപ്പാണ്…ആതിര മെല്ലെ ചെന്നു കാതോർത്തു…നേർത്ത സ്വരം രാജീവിന്റേതാണെന്ന് അവൾക്ക് മനസ്സിലായി…തലച്ചോറിൽ അപായ മണി മുഴങ്ങുന്നു…കതകിനു തട്ടാനോങ്ങിയെങ്കിലും അവൾ വേണ്ടെന്നു വച്ചു..ഒന്ന് ശ്വാസം വലിച്ചെടുത്തു അവൾ ഡോറിന്റെ ഹാൻഡിൽ പിടിച്ചു തിരിച്ചു തള്ളിതുറന്നു….
ബെഡിൽ നിന്നും ഒരു പിടച്ചിലോടെ ദേഹത്തൊരു തുണ്ട് തുണിപോലുമില്ലാതെ രാജീവ് ചാടിയെഴുന്നേറ്റു…ന ഗ്നത മറയ്ക്കാൻ എന്തെങ്കിലും കിട്ടുമോ എന്ന് പരതുന്ന സ്ത്രീരൂപത്തെ കണ്ടതും ആതിരയുടെ ശ്വാസം നിലച്ചു..ഹേമലത ആന്റി….!!!!രാജീവിന്റെ സ്വന്തം മാമന്റെ ഭാര്യ…അവളുടെ കണ്ണുകളിൽ ഇരുട്ടു കയറി…വീഴാതിരിക്കാൻ അവൾ ടേബിളിന് മേലെ ചാരി നിന്നു…..
****************
മാപ്പ് നൽകാൻ ആതിര ഒരുക്കമല്ലായിരുന്നു….അവൾ ദേവനങ്കിളിനെ നേരിൽ കണ്ട് കാര്യം പറഞ്ഞു…ആ പാവം മനുഷ്യൻ തകർന്നു പോയി….
വിചാരണകൾക്കൊടുവിൽ ഹേമലത കുറ്റസമ്മതം നടത്തി…മറ്റാരെങ്കിലും അറിഞ്ഞാലുള്ള മാനക്കേട് ഭയന്നാകണം ദേവൻ ഹേമലതയെയും കൊണ്ട് ബാംഗ്ലൂരിലേക്ക് അന്ന് രാത്രി തന്നെ യാത്രയായി…പോകും മുൻപ് അയാൾ ആതിരയുടെ മുന്നിൽ ചെന്നു…സെറ്റിയിൽ തളർന്നിരിക്കുകയായിരുന്നു അവൾ..അയാൾ അരികിൽ ചെന്നിരുന്നു.
“മോളെന്നോട് ക്ഷമിക്കണം…”
അവൾ കണ്ണുകൾ തുടച്ചു..
“അങ്കിൾ അതിനൊരു തെറ്റും ചെയ്തിട്ടില്ല..മറ്റുള്ളവര് ചെയ്ത ദ്രോഹത്തിന് അങ്കിളെന്തു പിഴച്ചു?”
“അവളെ കൊ.ല്ലാനൊന്നും എനിക്ക് പറ്റില്ല മോളേ..ഒഴിവാക്കാമെന്നു വിചാരിച്ചാൽ മക്കളോട് എന്താ പറയുക..? അമ്മ വഴിപി ഴച്ചതാണെന്ന് പുറത്തറിഞ്ഞാൽ പെണ്മക്കൾ എങ്ങനെ ഭർത്താക്കന്മാരുടെയും അവരുടെ വീട്ടുകാരുടെയും കൂടെ ജീവിക്കും? അതോർത്തിട്ടാ…”
ആതിര ഒന്നും മിണ്ടിയില്ല..ആ മനുഷ്യന്റെ നിസ്സഹായാവസ്ഥ അവൾക്ക് മനസ്സിലാകും…തന്നെ പോലെ വഞ്ചിക്കപ്പെട്ട മറ്റൊരാൾ….
“അവനിവിടെ ഇല്ലേ?”
“ഇല്ല..എങ്ങോട്ടാ പോയതെന്ന് അറിയില്ല..”
“സ്വന്തം മോനേപ്പോലെ സ്നേഹിച്ചതാ അവനെ…എന്നിട്ടാ ഇങ്ങനൊരു ചതി ചെയ്തത്…”
അയാൾ എഴുന്നേറ്റു..
“പോവുകയാ..ഇനി തമ്മിൽ കാണാതിരിക്കട്ടെ.. “
തലകുനിച്ചു ദേവൻ ഇറങ്ങിപ്പോയി..
രണ്ടു ദിവസം രാജീവ് വീട്ടിൽ വന്നില്ല…മൂന്നാം നാൾ രാത്രി അവൾ ബെഡ്റൂമിൽ ഇരിക്കുമ്പോൾ അവൻ കയറി വന്നു…ഫോൺ ഓപ്പൺ ചെയ്ത് അവൻ അവളുടെ നേരെ കാണിച്ചു….ഹേമലതയുടെ മുഖത്തിന്റെ ഫോട്ടോ..കവിളിൽ എന്തോ കൊണ്ടടിച്ചു മുറിഞ്ഞ പാട്…
“നിനക്കിപ്പോ സമാധാനമായോടീ….” പിന്നെഒരു പച്ചത്തെറി ആയിരുന്നു…
“ബാംഗ്ലൂരിൽ ഒരു ഫ്ലാറ്റിൽ അവരെ ഒറ്റയ്ക്ക് ആക്കി അങ്കിൾ എങ്ങോട്ടോ പോയി..അതിന് മുൻപ് കൊടുത്ത സമ്മാനമാ ഇത്…”
മ ദ്യത്തിന്റെ ഗന്ധം റൂമിൽ നിറഞ്ഞു..
“നന്നായിപ്പോയി..മോനേപ്പോലെ കാണേണ്ട ഒരുത്തന്റെ കൂടെ കിടന്നവളെ ജീവനോടെ ബാക്കി വച്ചല്ലോ..അങ്കിളിനോട് നന്ദി പറ…”
അവൾ വിട്ടില്ല…
“എന്നെ ചതിച്ചിട്ട് എന്റെ മുന്നിൽ വന്നു ഒരുളുപ്പും ഇല്ലാതെ നിൽക്കാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു?..പേര് കേട്ട ഡോക്ടർ..വലിയ കുടുംബം..ത്ഫൂ….”
“നീ വലിയ പുണ്യാളത്തി ചമയല്ലേ…നിന്റെ കുടുംബമഹിമയൊക്കെ എനിക്ക് നന്നായി അറിയാം..തന്തയില്ലാത്ത നിന്നെയും നിന്റെ ചേച്ചിയെയും നല്ല രീതിയിൽ കെട്ടിയച്ചക്കാൻ വെറുമൊരു സ്കൂൾ ടീച്ചറായ നിന്റെ തള്ളക്ക് എവിടുന്നാടി ഇത്രയും കാശ്?? അതു പോട്ടെ…പോസ്റ്മാനും അയാളുടെ മോനും മാറിമാറി വച്ചോണ്ടിരുന്നതല്ലെടീ നിന്നെ…?”
ആതിര ചാടിയെണീറ്റു അവന്റെ ഷർട്ടിനു കുത്തിപ്പിടിച്ചു..
“നീ എന്താടാ പ. ട്ടീ പറഞ്ഞേ?” അവൾ അലറി…അവൻ പിന്നോട്ട് ആഞ്ഞു കൈ വീശി അവളുടെ കരണത്തടിച്ചു…അവൾ വേച്ചു പോയി..അവൻ ഫോണിൽ വീഡിയോ കാൾ ഓൺ ചെയ്ത് അവളുടെ മുഖത്തിനടുപ്പിച്ചു..കണ്ണുകളിൽ വല്ലാത്തൊരു പകയുമായി ഹേമലതയുടെ രൂപം അതിൽ തെളിഞ്ഞു…അവൻ ഫോൺ മേശമേൽ ചാരി വച്ചു…കാഴ്ചകൾ ക്ലിയർ ആണോ എന്ന് ഉറപ്പിച്ച ശേഷം ആതിരയുടെ മുടിക്ക് കുത്തിപിടിച്ചു ഫോണിന് മുന്നിൽ കൊണ്ടുവന്നു..പിന്നെ തലങ്ങും വിലങ്ങും അടിയായിരുന്നു…കൈ കുഴഞ്ഞപ്പോൾ അവൻ പിടിവിട്ടു..അവൾ നിലത്തേക്ക് വീണു…കിതപ്പ് മാറ്റിയ ശേഷം അവൻ ഫോൺ കയ്യിലെടുത്തു..
“കണ്ടോ?”
ഹേമലത സന്തോഷത്തോടെ തലയാട്ടി.. രാജീവ് ബാക്ക് ക്യാമറ ഓൺ ചെയ്ത ശേഷം, കാലുകൊണ്ട് ആതിരയെ മലർത്തിയിട്ടു..എന്നിട്ട് അടിവയറിൽ ആഞ്ഞു ചവിട്ടി. അവൾക്ക് ശ്വാസം വിലങ്ങി…തുറന്ന വായ അടയ്ക്കാൻ കഴിയുന്നില്ല…അവൻ അവളുടെ അടുത്ത് മുട്ടുകുത്തിയിരുന്നു കവിളിൽ കുത്തിപിടിച്ചു….
“പണ്ടേ ഞാൻ പറഞ്ഞതാ എന്നെ എതിർത്തു സംസാരിക്കരുതെന്നു…നിന്നെ കെട്ടുന്നതിനു മുൻപ് തുടങ്ങിയ ബന്ധമാ ആന്റിയുമായിട്ട്…അതു മാത്രമല്ല, ആന്റിയുടെ കുടുംബത്തിലെ പല പെൺപിള്ളേരുടൊപ്പവും ഞാൻ കിടന്നിട്ടുണ്ട്…ആന്റിയുടെ അറിവോടും സഹായത്തോടും കൂടി തന്നെ…ഇത്രയും കാലം നല്ലരീതിയിൽ പൊയ്ക്കൊണ്ടിരുന്നതാ..നീ ഒരുത്തി എല്ലാം നശിപ്പിച്ചു..ഒന്ന് കണ്ണടച്ചിരുന്നെങ്കിൽ നിനക്ക് ഇവിടെ മഹാറാണിയെപ്പോലെ കഴിയമായിരുന്നല്ലോ…ഇനി, ഇതൊക്കെ ആരോടെങ്കിലും പറഞ്ഞാൽ…ആദ്യം നിന്റെ അമ്മയെ കൊല്ലും..അതിന് ശേഷം ചേച്ചിയെ..പിന്നെ നിന്നെ…അതിനുള്ള കഴിവൊക്കെ രാജീവ് ശേഖറിന് ഉണ്ട്…നാവടക്കി കഴിഞ്ഞോണം…കേട്ടല്ലോ..”
അവൻ എഴുന്നേറ്റു പുറത്തേക്ക് പോയി.. ആദ്യത്തെ തരിപ്പ് മാറിയപ്പോൾ അധികഠിനമായ വേദനയാൽ ആതിര പുളയാൻ തുടങ്ങി… ഒടുവിലെപ്പോഴോ അവളുടെ ബോധം മറഞ്ഞു…
*************
“ഹോമിയോ മരുന്ന് ഏൽക്കുന്നില്ല എന്ന് മനസ്സിലായതല്ലേ? എത്രപ്രാവശ്യം ഞാൻ പറഞ്ഞതാ ഏതേലും നല്ല ഹോസ്പിറ്റലിൽ പോകാമെന്നു..അനുസരിക്കരുത്…”
ഹരി ദേഷ്യപ്പെട്ടു…മോഹനൻ ചിരിച്ചതേയുള്ളൂ.
“അയ്യടാ..കിണിക്കല്ലേ..രാത്രിയെങ്ങാനും ശ്വാസം മുട്ടൽ വന്നാൽ എന്ത് ചെയ്യും? എപ്പോഴും രാത്രി ഞാനിവിടെ ഉണ്ടാവില്ലല്ലോ…”
“നിന്നോട് ആരേലും പറഞ്ഞോ ചെന്നൈ, സേലം, കോയമ്പത്തൂർ ഇവിടൊക്കെ കറങ്ങാൻ? നാട്ടിൽ പെയിന്റ് പണി എടുത്താൽ തന്നെ ജീവിക്കാനുള്ള പൈസ കിട്ടുന്നുണ്ടല്ലോ…അപ്പൊ അവന് വണ്ടിക്കച്ചോടം തലക്ക് പിടിച്ചു…നീയൊരു കാര്യം ചെയ്യ്…ഒരു പെണ്ണ് കെട്ട്..അപ്പോ എനിക്ക് വയ്യാതായാൽ അവൾ നോക്കില്ലേ?”
“പിന്നേ…അച്ഛനെ നോക്കലല്ലേ എന്റെ പെണ്ണുമ്പിള്ളക്ക് പണി…അച്ഛന് വേണമെങ്കിൽ ഒന്നൂടെ കെട്ടിക്കോ..എന്നാൽ കൂട്ടിനു ഒരാളുമായല്ലോ…”
“ആയകാലത്ത് അതിന് മിനക്കെട്ടില്ല..പിന്നാ തെക്കോട്ടു എടുക്കാറായപ്പോൾ…അത് പോട്ടെ..മുറ്റത്തു കിടക്കുന്ന ആക്രി സാധനങ്ങൾ എപ്പോ കൊണ്ടുപോകും….? ആകെ ഇച്ചിരി സ്ഥലമേ ഉള്ളൂ.. നിനക്ക് ഗോഡൗൺ ആക്കണേൽ വേറെ ഇടം വാങ്ങ്…”
മുറ്റത്ത് ഒരു പഴയ ജീപ്പും, ഒരു അംബാസിഡർ കാറും കിടപ്പുണ്ട്..
“ജീപ്പ് ഒന്ന് മിനുക്കിയെടുത്ത് ഞാനുപയോഗിച്ചോളാം…കാറ് നോക്കാൻ നാളെ ഒരു പാർട്ടി വരും…”
അവന്റെ ഫോണടിച്ചു…ചെന്നൈയിൽ നിന്ന് ഷബീറാണ്…അവിടുന്ന് ഒരു ട്രാവലർ വാൻ കണ്ണൂരിലേക്ക് കൊണ്ടുവരാനുണ്ട്..അത് പറയാനാവും..
“ഷബീറെ, മറ്റന്നാൾ ഞാനിവിടുന്നു പുറപ്പെടാം…രണ്ടു ദിവസം കുറച്ചു തിരക്കുണ്ട്..”
“ഹരീ…നീ ഇപ്പോ അവിടുന്നു ഇറങ്ങണം…ഒരു പ്രശ്നമുണ്ട്..” അവന്റെ സ്വരത്തിൽ പതിവില്ലാത്ത ഗൗരവം
“എന്താടാ?”
“അത്…ആതിര….”
“എന്ത് പറ്റിയെടാ…?”ഹരിയുടെ നെഞ്ചു പിടഞ്ഞു..
“അവൾക്കൊരു ആക്സിഡന്റ് പറ്റി..പേടിക്കാനൊന്നുമില്ല…പക്ഷേ നീ ഒന്നിങ് വാ…”
“ഷബീറെ..അവൾക്ക്…”
“കുഴപ്പമൊന്നുമില്ലെടാ…നീ ഇങ്ങോട്ട് വാ…ഞാനാ ട്രാവൽസിലെ നിസാമിനെ വിളിച്ചു ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്..അവനത് നിനക്കയച്ചു തരും..സന്ധ്യക്ക് ഏഴുമണിക്കാണ് ബസ്.. “
“എടാ അവളുടെ അമ്മ അറിഞ്ഞിട്ടുണ്ടാകുമോ?ഞാനൊന്ന് അവിടേക്ക് പോയി നോക്കട്ടെ..”.
“ഹരീ… നീ വിചാരിക്കുന്നതൊന്നുമല്ല ഇവിടെ നടന്നത്. അതുകൊണ്ട് തന്നെ ഇപ്പൊ ഒന്നിനും മിനക്കെടേണ്ട… ആദ്യം നീ ഇങ്ങോട്ട് വാ .. എന്നിട്ട് തീരുമാനമെടുക്കാം “.
ഷബീർ ഫോൺ വച്ചു… ഹരി അകത്തേക്കോടി.. കൈയിൽ കിട്ടിയ ഡ്രസും കാശുമെടുത്തു പുറത്തിറങ്ങി.. മോഹനൻ അവന്റെ ഭാവമാറ്റം കണ്ട് കാര്യമറിയാതെ പകച്ചു..
“അച്ഛാ..ഞാനൊന്നു ചെന്നൈ വരെ പോയിട്ട് വരാം…”
“ങേ..എന്താടാ..?”.
“അതൊക്കെ പിന്നെ പറയാം..ഞാൻ വിളിച്ചോളാം..” അവൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു…ഒരു മുരൾച്ചയോടെ ജീപ്പ് റോഡിലേക്ക് പാഞ്ഞു കയറി…ടൗണിൽ രാജാധാനി തീയേറ്ററിന്റെ പിന്നിലുള്ള ഗ്രൗണ്ടിൽ ജീപ്പ് പാർക്ക് ചെയ്ത് അവൻ ബസ്റ്റാൻഡിന്റെ അടുത്തെത്തി….സമയം ആറര കഴിഞ്ഞതേയുള്ളൂ….സ്റ്റാൻഡിനു വെളിയിൽ മഹാറാണി എ സി സ്ലീപ്പർ ബസ് നിർത്തിയിട്ടുണ്ട്..അവനതിനു അടുത്തോട്ടു നടന്നു…..
**************
“അടിച്ചൊരു പരുവമാക്കിയിട്ടുണ്ട് ആ കുട്ടിയെ…”
ഷബീർ വ്യസനത്തോടെ പറഞ്ഞു…വത്സരവാക്കം ഗവണ്മെന്റ് ഹോസ്പിറ്റലിനു മുൻപിൽ നില്കുകയായിരുന്നു ഹരിയും ഷബീറും…
“ഇവിടുത്തെ ഡോക്ടർ ജോർജിന്റെ കാർ വിൽക്കാനുണ്ടെന്നു പറഞ്ഞിരുന്നു. അത് നോക്കാൻ വന്നതാ ഞാൻ..അപ്പോഴാ ഫിനിക്സ് ഡ്രൈവിംഗ് സ്കൂളിലെ വണ്ടിയിൽ ഒരു പെൺകുട്ടിയെ കൊണ്ടുവരുന്നത് കണ്ടേ…വണ്ടി ഓടിച്ചിരുന്നതും ഒരു പെണ്ണായതു കൊണ്ടുള്ള കൗതുകത്തിനു അടുത്തേക്ക് പോയപ്പോഴാ അത് ആതിരായാണെന്ന് മനസ്സിലായത്. ബോധമില്ലായിരുന്നു….
ആ പെൺകുട്ടി ഡ്രൈവിംഗ് സ്കൂൾ ടീച്ചറാ…ആതിരയുടെ വീട്ടിൽ പോയി കാളിങ് ബെൽ അടിച്ചു…കുറെ നേരം അടിച്ചപ്പോൾ അവളു വാതിൽ തുറന്നു..അവിടെ തന്നെ തളർന്നു വീണത്രെ..ആ പെണ്ണ് എടുത്ത് നേരെ ഇങ്ങോട്ട് കൊണ്ടുവന്നു…”
ഹരി വിശ്വസിക്കാനാവാതെ ഷബീറിനെ നോക്കിയിരിക്കുകയാണ്..
“ഞാൻ ജോർജ് ഡോക്ടറോട് സംസാരിച്ചു..ക്രൂരമായി മർദിച്ചിട്ടുണ്ട്..അടിവയറിനുള്ള ചവിട്ട് ഇച്ചിരി പ്രശ്നമാണ്..ഇന്റെർണൽ ഇഞ്ചുറി ഉണ്ട്…പിന്നെ ഇടത്തെ ചെവിയുടെ കേൾവിയും പോയിട്ടുണ്ട് എന്നൊരു സംശയം..പോലീസ് കേസ് രജിസ്റ്റർ ചെയ്തു…പക്ഷേ ഇന്ന് രാവിലെ രാഘവേന്ദ്ര ഹോസ്പിറ്റലിലേക്ക് മാറ്റി..ഇതൊരു സർക്കാർ ആശുപത്രിഅല്ലേ? സൗകര്യങ്ങൾ കുറവാ….”
ഹരി അവിടെ തളർന്നിരുന്നു….
“ഷബീറെ, എനിക്ക് അവളെയൊന്ന് കാണണം..”
“ഇപ്പൊ പറ്റില്ലെടാ…പോലീസ് കേസുള്ളത് കൊണ്ട് ഈ അവസ്ഥയിൽ ആരെയും അകത്തു കയറ്റി കാണിക്കില്ല…ആ ഹോസ്പിറ്റലിൽ ഇത്തരം കാര്യങ്ങൾ ഭയങ്കര സ്ട്രിക്ട് ആണ്..ഒന്ന് നോർമലായി അവളുടെ മൊഴിയൊക്കെ എടുത്തതിനു ശേഷമേ ആരെയും കാണിക്കൂ…ശിവയും അവന്റെ കൂട്ടുകാരും അവിടൊക്കെ തന്നെയുണ്ട്…നീ സമാധാനപ്പെട്…”
കുറച്ചു നേരം ഹരി മിണ്ടാതിരുന്നു..അതിന് ശേഷം കനത്ത സ്വരത്തിൽ ചോദിച്ചു..
“ആരാ എന്റെ ആതുവിനോട് ഇത് ചെയ്തത്?”
“കൃത്യമായി അറിയില്ല…ഞാൻ അന്വേഷിക്കുന്നുണ്ട്…സംശയം അവളുടെ ഭർത്താവിനെ തന്നാ…ഭാര്യക്ക് ഇത്രയും വലിയൊരു അത്യാഹിതം സംഭവിച്ചിട്ടും അവൻ ഹോസ്പിറ്റലിന്റെ പുറത്ത് കാറിൽ ആരോടോ ഫോണിലൂടെ ചിരിച്ചോണ്ട് സംസാരിക്കുന്നുണ്ടായിരുന്നു എന്ന് ശിവ പറഞ്ഞു….”
ഹരിയുടെ കണ്ണുകൾ ചുവന്നു…അവൻ എഴുന്നേറ്റു…
“നില്ക്…നീയെങ്ങോട്ടാ..?”
“എനിക്ക് അവനെയൊന്ന് കാണണം..”
“എടാ…മണ്ടത്തരം പറയല്ലേ…ഒന്നാമത് നമുക്ക് പ്രൂഫ് ഒന്നുമില്ല..ഇനി അതുമാത്രമല്ല, പോലീസ് കേസ് ആയത് കൊണ്ട് ഇപ്പൊ ഇടപെട്ടാൽ അത് വേറൊരു വഴിക്ക് പോകും…രാജീവിന് അത്യാവശ്യം പിടിപാടൊക്കെ ഉണ്ട്…നീയൊന്നടങ്ങ്…സമയമുണ്ടല്ലോ…ആദ്യം അവളൊന്ന് സുഖപ്പെടട്ടെ…”
ഹരി മുഷ്ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞിടിച്ചു…
അഞ്ചു ദിവസം കൂടി അവൻ ചെന്നൈയിൽ തങ്ങി..ആതിരയ്ക്ക് ബോധം തെളിഞ്ഞ ഉടൻ പോലീസ് മൊഴിയെടുത്തു…അവൾ രാജീവാണു ഇത് ചെയ്തതെന്ന് തുറന്നു പറഞ്ഞു…പക്ഷേ R-9 സ്റ്റേഷനിലെ പോലീസുകാർ അത് ഒളിപ്പിക്കാൻ ശ്രമിച്ചു..രാജീവിന്റെ സുഹൃത്തുകളിൽ ഒരാളായിരുന്നു ഇൻസ്പെക്ടർ…
“ഹരീ…നീ നാട്ടിലേക്ക് പൊയ്ക്കോ…അച്ഛൻ അവിടെ തനിച്ചല്ലേ ഉള്ളൂ?..മൂപ്പർക്ക് സുഖമില്ലാത്തതല്ലേ?” ഷബീർ പറഞ്ഞു..രാഘവേന്ദ്ര ഹോസ്പിറ്റലിന്റെ ഗേറ്റിനരികിൽ നില്കുകയായിരുന്നു അവർ..
“അവളെ ഈ അവസ്ഥയിൽ വിട്ടിട്ട് ഞാനെങ്ങനാടാ?”
“നീ അവളുടെ മുന്നിൽ ഇപ്പോൾ പോകണ്ട..അത് ആ കുട്ടിയെ കൂടുതൽ വിഷമിപ്പിക്കും..അത് മാത്രമല്ല, ഇതിന് ഒരു പണി കൊടുക്കണം…അവൾക്കേ അത് കഴിയൂ…അതിനുള്ള വഴിയൊക്കെ ഞാൻ കണ്ടിട്ടുണ്ട്…നീ പേടിക്കണ്ട…ഞാൻ വിളിക്കുമ്പോൾ നീയിങ്ങോട്ട് വന്നാൽ മതി.”
മൂന്ന് ബൈക്കുകൾ അവരുടെ അടുത്ത് വന്നു നിന്നു…അതിൽ ശിവയും അഞ്ചു ചെറുപ്പക്കാരും ഉണ്ടായിരുന്നു…
“ഹരീ…ഇതെല്ലാമെ നമ്മ ഫ്രണ്ട്സ് താൻ…അന്ത പുള്ളൈക്ക് ഒന്നുമാകാത്…നീ കവലപ്പെടാമേ പോയി വാ…”
ശിവ അവനെ സമാധാനിപ്പിച്ചു..ചെറുപ്പക്കാർ ഹോസ്പിറ്റലിനകത്തേക്ക് നടന്നു…
“കണ്ടല്ലോ…അവളെ ഇവിടുന്ന് ആരും കൊണ്ടു പോകില്ല…എനിക്ക് കുറച്ചു കാര്യങ്ങൾ കൂടി ചെയ്തു തീർക്കാനുണ്ട്..നീ ആദ്യം വീട്ടിലേക്ക് പൊയ്ക്കോ…ഇനിയുള്ള കളിയിൽ നീ നേരിട്ട് വേണ്ട…”
ശിവയുടെ ബൈക്കിൽ കയറി ഹരി റെയിൽവേ സ്റ്റേഷനിലേക്ക് യാത്രയായി..ഷബീർ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു..
*****************
ബെഡിൽ ചാരി കിടക്കുകയാണ് ആതിര…ശ്വാസമെടുക്കുമ്പോൾ വല്ലാത്തൊരു വേദനയുണ്ട്.. ഇടതു ചെവിയുടെ കേൾവി ശക്തി നശിച്ചു പോയി എന്നത് അവളെ തളർത്തിയില്ല..പക്ഷെ മൂന്ന് വർഷമായി തന്റെ ഭർത്താവ് വഞ്ചിക്കുകയായിരുന്നു എന്നത് അവൾക്കു താങ്ങാനായില്ല…ചതിക്കപ്പെട്ട പെൺകുട്ടികളുടെ കഥകൾ കേട്ടറിഞ്ഞിട്ടുണ്ടെങ്കിലും സ്വന്തം ജീവിതത്തിൽ അത് നേരിടേണ്ടി വരുമ്പോഴാണ് എത്രമാത്രം വേദനാജനകമാണെന്ന് തിരിച്ചറിയുന്നത്..ഇതാണോ അമ്മ പറഞ്ഞ സന്തുഷ്ടജീവിതം?..
വാതിൽ തുറന്ന് ഡോക്ടർ ഹബീബ് റഹ്മാൻ അകത്തേക്ക് കയറി..പിന്നാലെ സുന്ദരിയായ ഒരു യുവതിയും ഒരു ചെറുപ്പക്കാരനും..
“ആർ യൂ ഓക്കേ ഡിയർ??” പുഞ്ചിരിച്ചു കൊണ്ട് ഡോക്ടർ ചോദിച്ചു..
“ഫീൽ ബെറ്റർ..” തളർന്ന സ്വരത്തിൽ അവൾ മറുപടി നൽകി.
“സീ…റൊമ്പ ടൈം എടുക്ക കൂടാത്…”
യുവതിയോട് പറഞ്ഞ ശേഷം ഡോക്ടർ പുറത്തേക്ക് പോയി…
“ആതിരയ്ക്ക് എന്നെ ഓർമ്മയുണ്ടോ?”
ചെറുപ്പക്കാരൻ ചോദിച്ചു..അവൾക്ക് പെട്ടെന്ന് ഓർമ കിട്ടിയില്ല…ബുദ്ധി മരവിച്ചിരിക്കുകയാണ്..
“ഞാൻ ഷബീർ…ഹരിയുടെ കൂട്ടുകാരൻ…”
അവൾക്കു മനസ്സിലായി..
“ഇത് അഡ്വക്കറ്റ് ചിന്മയി..എന്റെ ഫ്രണ്ട് ആണ്. സംഭവിച്ചത് ഏകദേശം ഞങ്ങൾക്കറിയാം. പക്ഷെ അത് പോരാ…എല്ലാ ഡീറ്റൈൽസും വേണം…അങ്ങനെ വെറുതെ വിടരുത്…ലോക്കൽ സ്റ്റേഷനിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല എന്നാ അറിഞ്ഞത്…തന്റെ ഹസ്ബൻഡ് നല്ലോണം കാശ് ചിലവാക്കുന്നുണ്ട്…”
“ഹരി..ഹരി ഇവിടുണ്ടോ?” അവൾ ആകാംഷയോടെ ചോദിച്ചു…
“ഉണ്ടായിരുന്നു…ഇന്നലെയാ തിരിച്ചു പോയെ…അച്ഛന് അസുഖങ്ങളൊക്കെ ഉള്ളതല്ലേ…”
അവൾ മിണ്ടിയില്ല…
ചിന്മയി അവളുടെ അരികിൽ ഇരുന്ന് കൈ പത്തിയിൽ മൃദുവായി തലോടി..
“ഡോണ്ട് വറി..അവനെ സുമ്മാ വിടമാട്ടെൻ.. ” അതൊരു വാഗ്ദാനമായിരുന്നു…കൂടെ ആരൊക്കെയോ ഉണ്ടെന്നുള്ള തോന്നൽ അവൾക്കു വന്നു…എല്ലാം അവൾ ചിന്മയിയോട് തുറന്നു പറഞ്ഞു. ഷബീർ അതൊക്കെ മൊബൈലിൽ ഷൂട്ട് ചെയ്തു…ഒടുവിൽ ചിന്മയി എഴുന്നേറ്റ് ഷബീറിനെ നോക്കി.
“വാ…എസ് പി ഓഫീസ് വരേയ്ക്കും പോണം…” ദൃഢമായ ശബ്ദം…
“നീ കൊഞ്ചം വെളിയെ വെയിറ്റ് പണ്ണ്…” അവൻ പറഞ്ഞു…
“ആതിരാ..സീ യൂ സൂൺ…” ചിരിച്ചു കൊണ്ട് ചിൻമയി പുറത്തിറങ്ങി..ഷബീർ ഫോൺ എടുത്ത് കാളിങ്ങിൽ ഇട്ട് അവളുടെ ചെവിക്കടുത്തു പിടിച്ചു..
“ഹലോ..ഷബീറെ, എന്തായെടാ…?”.. ആകാംഷയും പരിഭ്രാന്തിയും കലർന്ന ശബ്ദം…
“ഹരീ …” അവൾ മെല്ലെ വിളിച്ചു…കുറച്ചു നിമിഷം അപ്പുറം നിശബ്ദത….
“ആതൂ….” പഴയതു പോലെ തന്നെ പ്രണയാർദ്രമായ അവന്റെ സ്വരം…
“വേദനിക്കുന്നുണ്ടോടീ..?”
“ഇല്ല..നല്ല സുഖം…”
“നിനക്ക് രണ്ടെണ്ണം കിട്ടേണ്ടത് തന്നെയാടീ..അഹങ്കാരത്തിനു ഒരു കുറവുമില്ല…”
വേദനയിലും അവളൊന്ന് ചിരിച്ചു..
“എന്നാലും എന്നെ കാണാതെ നീ പോയില്ലേ?”
“എനിക്ക് നിന്നെ ഈ കോലത്തിൽ കാണണ്ട…”
“ഹരീ..അമ്മയോട് ഒന്നും ഇപ്പൊ പറയണ്ട..വെറുതെ വിഷമിക്കും.”
“ഇല്ല..പക്ഷേ നീ എനിക്കൊരു വാക്ക് തരണം.”
“എന്താടാ..”?
“അവനെ വെറുതെ വിടരുത്…മാന്യതയുടെ മുഖം മൂടി വലിച്ചു കീറണം…”
“ടോയ്ലെറ്റിൽ പോകാൻ പറ്റാഞ്ഞിട്ട് യൂ റിൻ ബാഗ് വച്ച ഈ ഞാനോ.?”
“ദൈവമേ…ഇമ്മാതിരി ഒരു മണുക്കൂസിനെ ആണല്ലോ എനിക്കിട്ടു തന്നത്…”
അവരുടെ സംസാരം കേട്ടു നിന്ന ഷബീറിനും ചിരിയടക്കാൻ കഴിഞ്ഞില്ല.,.
“ദേഷ്യപ്പെടല്ലേടാ…ഞാൻ ചുമ്മാ പറഞ്ഞതാ…ഇതങ്ങനെ വെറുതെ വിടാൻ മാത്രം വിഡ്ഢിയല്ല ആതിര…എന്റെ അച്ഛനും അമ്മയും ഇന്നേ വരെ തല്ലിയിട്ടില്ല..ആ എന്നെയാ അവൻ ചെയ്ത തെറ്റിന് ഈ അവസ്ഥയിലാക്കിയത്..രാജീവ് ശേഖറിന്റെ പതനം കണ്ടേ ഞാൻ പിന്മാറൂ..”
അതൊരു ശപഥമായിരുന്നു…
“ആതൂ…”
“ഉം..”
“ഞാൻ കൂടെയുണ്ട്…എന്നും..”
അവളുടെ മിഴിനീരോഴുകുന്നത് കണ്ടപ്പോൾ ഷബീർ ഫോൺ പിൻവലിച്ചു കട്ട് ചെയ്തു..എന്നിട്ട് പുറത്തേക്കിറങ്ങി….അവിടെ ചിൻമയി ആരോടോ സംസാരിക്കുന്നുണ്ടായിരുന്നു..രണ്ടുപേരും കാറിൽ കയറി…ശിവയുടെ കൂട്ടുകാരിൽ ഒരാൾ ഓടി അടുത്തു വന്നു..
“മച്ചാ..കെയർഫുൾ..”
“ഡേയ്…അത് എൻ സിസ്റ്റർ മാതിരി..നാങ്ക പാത്തുപ്പോം. ” അവൻ ഷബീറിന്റെ തോളിൽ തട്ടി..
കാർ റോഡിൽ കയറി, എസ് പി മാണിക്യവേലിന്റെ ഓഫിസ് ലക്ഷ്യമാക്കി കുതിച്ചു…
ബാക്കി ഭാഗം വായിക്കാന് ഇവിടെ ക്ലിക്ക് ചെയ്യൂ…