ഒരു നാടൻ പ്രണയം….
Story written by Arun Karthik
============
രണ്ടു വർഷത്തെ പ്രവാസത്തിന് ഇടവേള നൽകി നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ എന്റെ പ്രിയപ്പെട്ട ചങ്ക്‌സ് എന്നെയും കാത്തു അവിടെ നില്പുണ്ടായിരുന്നു.
എന്നെ യാത്രയാക്കാൻ, എന്റെ ഓരോ കൊച്ചുകാര്യങ്ങൾക്കും കൂടെയുണ്ടായിരുന്ന നാലു ചങ്കുകൾ. അജിത്, ഉണ്ണി, ടോമി, ഫൈസൽ.
അവരെ കണ്ടു സന്തോഷം കൊണ്ടു ഓടിച്ചെന്നൊന്നു കെട്ടിപ്പിടിക്കണമെന്ന് ഓർത്തെങ്കിലും കൈയിലുണ്ടായിരുന്ന ലഗേജ് അതിനു അനുവദിച്ചിരുന്നില്ല.
അതു മനസ്സിലാക്കിയെന്നോണം കൂട്ടത്തിൽ ഉണ്ണി ഓടിവന്ന് എന്റെ ലഗേജ് പിടിച്ചു മേടിച്ചിട്ട് എന്നോട് ചോദിച്ചു അളിയാ ബ്ലാക്ക് ലേബൽ ഏതു പെട്ടിയിലാണെന്ന്.
യാത്ര സുഖമായിരുന്നോ എന്ന് ചോദിക്കുമെന്ന് പ്രതീക്ഷിച്ച അവന്റെ ചോദ്യവും എന്റെ മുഖത്തെ ഭാവവും കണ്ടിട്ടാവണം കൂടെയുള്ള ചങ്കുകൾ പൊട്ടിചിരിക്കുന്നുണ്ടായിരുന്നു.
അവരുമൊത്തു കാറിൽ സഞ്ചരിക്കുമ്പോൾ പുറത്ത് ചെറിയ ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു.
ഗ്ലാസിന് പുറത്തേക്കു നോക്കുമ്പോൾ മഴയിൽ കുതിർന്ന മണ്ണിന്റെ ഗന്ധം മൂക്കിലേക്ക് അരിച്ചുകേറുന്നുണ്ടായിരുന്നു, ജന്മനാട് എനിക്ക് സ്വാഗതം പറഞ്ഞു വരവേൽക്കുന്നപോലെ എനിക്കു തോന്നി.
കൂട്ടുകാരുമൊത്തു നാട്ടിലെ വിശേഷങ്ങൾ പങ്കു വയ്‌ക്കുമ്പോഴാണ് കാവിലെ ഉത്സവത്തിന് കൊടിയേറിയെന്നു അവർ പറഞ്ഞത്.
ആനയും താലപ്പൊലിയും ചെണ്ടമേളവും എല്ലാം എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നുണ്ടായിരുന്നു.
അടുത്ത ദിവസം സന്ധ്യവേളയിൽ താലപ്പൊലിയുടെ തുടക്കം ഞങ്ങളുടെ ജംഗ്ഷനിൽ നിന്നുമായിരുന്നു.
വെള്ളമുണ്ടും ഷർട്ടുമിട്ട് ഞാനും ചങ്ക്‌സും നാട്ടിലെ അപ്സരസ്സുകളുടെ താലമേന്തിയുള്ള നയനമനോഹരമായ കാഴ്ചകൾ കാണാൻ നേരത്തേ ചുവടുറപ്പിച്ചിരുന്നു
അമ്പലംകമ്മിറ്റിക്കാരൻ അനന്തേട്ടന്റെ കയ്യിൽ നിന്നും അപ്സരസ്സുകളുടെ കയ്യിലെ ദീപത്തിലേക്ക് എണ്ണ പകർന്നു നൽകാനുള്ള ക്യാൻ ഏറ്റു വാങ്ങുമ്പോൾ ഉള്ളിലെ ആവേശം അലതല്ലുന്നുണ്ടായിരുന്നു.
ഓരോ പെൺസുന്ദരികളോടും വിശേഷം പങ്കുവച്ച് എണ്ണ പകരുമ്പോൾ അതുവരെ കാണാത്ത ഒരു മുഖത്ത് എന്റെ ശ്രെദ്ധ ആകർഷിച്ചു. അവളുടെ കണ്ണുകളിൽ വശ്യമായ ഒരു തിളക്കം എനിക്ക് അനുഭവപ്പെട്ടു.
ഞാനവളുടെ ദീപത്തിൽ എണ്ണ പകരുമ്പോൾ എന്റെ കൈ വഴുതി അറിയാതെ കുറച്ചു എണ്ണ അവളുടെ സെറ്റുസാരിയിൽ വീണു. അറിയാതെ പറ്റിയ തെറ്റിനു മാപ്പ് പറഞ്ഞെങ്കിലും അവൾ തിരികെ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷെ അവളുടെ കണ്ണിൽ ഒരു വല്ലാത്ത ഭീതി നിഴലിച്ചു വരുന്നത് എനിക്ക് കാണാമായിരുന്നു. അപ്പോഴേക്കും ഉണ്ണി വന്ന് എന്നെ അടുത്ത വരിയിലേക്ക് കൂട്ടികൊണ്ടുപോയി.
ഉത്സവമെല്ലാം കഴിഞ്ഞു അവളെകുറിച്ചുള്ള ഓർമ്മയിൽ മുഴുകിയിരിക്കുമ്പോഴാണ് ഏതോ ഫണ്ട്‌സമാഹരണത്തിനെന്നും പറഞ്ഞു വീടുകൾ തോറും പോകാൻ ചങ്ക്‌സ് വന്നുകൂട്ടികൊണ്ടു പോകുന്നത്.
ആദ്യമായി ഞങ്ങൾ കയറിയ വീട് എന്റെ ഓർമകളിലെ ആ പെൺകുട്ടിയുടെ വീട് തന്നെയായിരുന്നു. പക്ഷേ അവിടെ ഞങ്ങളെ എതിരേറ്റത് അവളുടെ പുഞ്ചിരിയോ സൗഹൃദമോ ആയിരുന്നില്ല.
തലേദിവസം അവൾ ഉടുത്ത എണ്ണയിൽ കുതിർന്ന സാരി ആ മുറ്റത്തെക്ക് വലിച്ചെറിഞ്ഞു കൊണ്ടു അവളുടെ അമ്മ അവളുടെ മുടിയിഴയിൽ കുത്തി പിടിച്ചു ഭിത്തിയിൽ ചേർത്തു നിൽക്കുന്ന കാഴ്ചയാണ് ഞങ്ങൾ കണ്ടത്.
അതുകണ്ടു കൂടെയുള്ളവർ തിരിച്ചു പോയപ്പോഴും എനിക്കും ചങ്ക്‌സിനും അവിടെ നിന്നും നീങ്ങാൻ സാധിച്ചിരുന്നില്ല.
മുറ്റത്തു കിടന്ന സാരി കയ്യിലെടുത്തു എന്റെ തെറ്റുമൂലമാണെന്നു അങ്ങനെ പറ്റിയെന്നും നഷ്ടപരിഹാരം തരാമെന്നും ഇനി ആ കുട്ടിയെ തല്ലരുതെന്നും ഞാൻ പറഞ്ഞപ്പോൾ എടുത്തോണ്ട് പോടാ നിന്റെ പണം എന്നായിരുന്നു ആ അമ്മയുടെ മറുപടി.
അപ്പോഴും പേടിച്ചരണ്ട മാൻപേടയെ പോലെ നിന്നിരുന്ന അവളുടെ കണ്ണുകളിൽ നിന്നും ആ ഭയം വിട്ടുമാറിയിരുന്നില്ല. ആ കണ്ണുകൾ പിന്നീട് എന്നെയും വേട്ടയാടിക്കൊണ്ടിരുന്നു.
ചങ്ക്‌സിനോട് അവളെ കുറിച്ച് തിരക്കിയപ്പോൾ അന്നാട്ടിൽ പുതിയ വാടകക്കാരാണെന്നും ആ സ്ത്രീ അവളുടെ രണ്ടാനമ്മയാണെന്നും അച്ഛൻ മുഴുക്കു ടിയനാണെന്നും വഴക്ക് അവിടെ പതിവാണെന്നും അറിയാൻ കഴിഞ്ഞു.
പിറ്റേന്ന് ഞാൻ ജംഗ്ഷനിൽ നിൽക്കുമ്പോൾ അവൾ പതിവായി കയറുന്ന ബസ്സിലേക്ക് നടന്നുവരുന്നുണ്ടായിരുന്നു. അവളുടെ ചോറുപൊതി അതിനിടയിൽ നിലത്തു വീണു പോയതറിയാതെ അവൾ ആ ബസ്സിൽ കയറി പോയി. പൊട്ടിപ്പോയ ആ ചോറുപൊതി കണ്ടു ആരോ പറഞ്ഞു ഇന്ന് ആ കുട്ടി പട്ടിണി തന്നെ. അതുകണ്ടു നിന്ന എന്റെ മനസ്സും നീറുന്നുണ്ടായിരുന്നു.
തിരികെ വീട്ടിൽ ചെന്നു ഒരു പൊതിച്ചോർ കെട്ടി അവൾ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്ന കടയിൽ കൊണ്ടു പോയി കൊടുക്കുമ്പോൾ അവൾ അത് വാങ്ങാൻ കൂട്ടാക്കിയില്ല.
വീണ്ടും ഒരുവട്ടം കൂടി ഞാൻ അത് അവൾക്കു നേരെ വച്ചു നീട്ടിയിട്ട് പറഞ്ഞു. ഇതുപോലൊരു പൊതിച്ചോറിനു വേണ്ടി വിദേശത്തു ജോലി ചെയ്യുമ്പോൾ പലതവണ ആഗ്രെഹിച്ചിട്ടുണ്ട്. എന്നോടുള്ള ദേഷ്യം കൊണ്ടു കുട്ടി പട്ടിണി കിടക്കരുത്. അന്നമാണ് ഉപേക്ഷിക്കരുത്.
അതുകേട്ടു അവൾ അത് ഏറ്റു വാങ്ങിയപ്പോൾ മനസ്സ് നിറഞ്ഞ സന്തോഷത്തോടെ ഞാൻ തിരിച്ചു പോയി.
അവളെ ഞാൻ അറിയാതെ ഇഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നു. പിന്നീട് എല്ലാ ദിവസവും ഞാൻ അവളെ അനുഗമിക്കാൻ തുടങ്ങി. ഒരിക്കൽ തിരിഞ്ഞു നിന്ന് അവൾ എന്നോടു ചോദിച്ചു. ഒരു നല്ല ജീവിതം സ്വപ്നം കാണാൻ പോലും അർഹതയില്ലാത്തവളാ ഞാൻ. നിങ്ങൾക്ക് മറ്റാരെയെങ്കിലും നോക്കികൂടെ. ദയവായി എന്നെ ഇങ്ങനെ ഫോളോ ചെയ്യരുത്.
മോഹിപ്പിക്കാനോ വഞ്ചിച്ചുപോവാനോ അല്ല. മനസ്സിലെ മോഹങ്ങൾ പലപ്പോഴും കൊട്ടിയടച്ചിട്ടാ ഞങ്ങൾ പ്രവാസികൾ ജീവിക്കുന്നത്. അതുകൊണ്ട് സ്നേഹിക്കുന്നവരുടെ ഉള്ളിലെ നീറ്റൽ മറ്റാരേക്കാളും നന്നായി ഞങ്ങൾക്ക് മനസ്സിലാവും. നിന്നെ ഒരുപാട് ഇഷ്ടപ്പെട്ടു പോയി. ആ മനസ്സിലെ ഭാരം ഇറക്കിവയ്ക്കാൻ എന്നെ അനുവദിക്കുമെങ്കിൽ അന്നറിയിച്ചാൽ മതി, കാത്തിരിക്കാം ഞാൻ.
അത്രയും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്റെ നെഞ്ചിലേക്ക് പൊട്ടിക്കരഞ്ഞു കൊണ്ടു അവൾ ചായുമ്പോൾ ഞാൻ ഒരിക്കലും അത് പ്രേതീക്ഷിച്ചിരുന്നില്ല. ഒരു കടലോളം സങ്കടം ആ മുഖത്തു നിന്നും എനിക്ക് വായിച്ചെടുക്കാമായിരുന്നു.
പിന്നീടുള്ള നാളുകൾ അവളുടെ കൊച്ചു പരാതികളും പിണക്കങ്ങളുമായി കൊഴിഞ്ഞു വീണു. അതിനിടയിൽ ഒരു പാദസരം മേടിച്ചു ഞാൻ അവളുടെ അനാഥമായ കാലുകളിൽ ഇട്ടു കൊടുക്കാൻ തുടങ്ങിയപ്പോൾ അവൾ അതു നിരസിച്ചു. രണ്ടാനമ്മ ചട്ടകം പ ഴുപ്പിച്ചു വെന്ത അവളുടെ കാലിലെ മാം സം അപ്പോഴും ഉണങ്ങിയിരുന്നില്ലെന്ന് ഞാനറിഞ്ഞില്ല.
ഇനിയുമാ നരകത്തിലേക്ക് അവളെ വിട്ടുകൊടുക്കാൻ എനിക്ക് ആവുമായിരുന്നില്ല. എന്റെ വീടിന്റെ ഉമ്മറക്കോലായിലേക്ക് അവളെ വിളിച്ചു കൊണ്ടു വരുമ്പോൾ എല്ലാം അറിയാമായിരുന്ന അമ്മ അവളെ നിലവിളക്ക് കൊളുത്തി സ്വീകരിച്ചു.
വീട്ടുകാർ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോന്ന് അവൾ ചോദിച്ചപ്പോൾ മരിച്ചാലും മറന്നു ഇട്ടേച്ചു പോകില്ലെന്ന് ഉറപ്പുള്ള എന്റെ ചങ്കുകൾ ആ മുറ്റത്തു നിരന്നു നില്പുണ്ടായിരുന്നു. അവരായിരുന്നു ഇനിയുള്ള നാളുകൾ നേരിടാനുള്ള എന്റെ കരുത്ത്……..
~കാർത്തിക്