വെപ്രാളത്തോടെ അവളുടെ ഫോണിലേക്ക് തുടർച്ചയായി വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഒഫ് ആയിരുന്നു…

ചിലന്തി…

Story written by Praveen Chandran

============

“നീയെന്തിനാടാ എന്നോടിങ്ങനെ ചെയ്തത്? ഞാൻ നിന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് നിനക്കറിയോ?എത്ര മാത്രം വിശ്വസിച്ചിരുന്നു എന്നറിയോ? ആ എന്നോട് നീ…” അവൾക്ക് സങ്കടം അടക്കാനാവുമായിരുന്നില്ല…

പക്ഷെ അവനിതൊക്കെ ഒരു തമാശയായയി മാത്രമേ തോന്നിയുളളൂ…

“നോക്ക് നാൻസി..ഈ ആത്മാർത്ഥമായ പ്രണയം എന്നത് ഒരു ഓൾഡ് ഫാഷനാണ്..ഇപ്പോ എല്ലാവരും ഒരു ടൈം പാസ്സ് അല്ലെങ്കിൽ ഒരു എൻജോയ്മെന്റ് ദാറ്റ്സ് ഇറ്റ്..നിനക്ക് നിന്റെ വഴി എനിക്കെന്റെ വഴി” വളരെ ലാഘവത്തോടെയുളള ആ മറുപടി അവളുടെ മനസ്സിനെ വേദനിപ്പിച്ചു..

“അജോയ്..നീ എന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നല്ലേ? നിന്നെ വിശ്വസിച്ച് ഞാനയച്ചു തന്ന എന്റെ ഫോട്ടോസ്..അത് നീ നശിപ്പിച്ചുകളയണം”

“പെടക്കാതെ അടങ്ങി നിക്കടി..നീ അത്ര വല്ല്യ ഡീസന്റായിരുന്നേൽ പിന്നെ എന്തിനാ എനിക്കയച്ചു തന്നത്..അത് എന്റെ കയ്യിലിരിക്കട്ടെ ആവശ്യം വരും..ഫോൺ വച്ച് പോകാൻ നോക്ക് സ്വീറ്റ് ഹാർട്ട് ബൈ”

“ഹും…നിന്നെ വിശ്വസിച്ചല്ലേ ഞാൻ ആ ഫോട്ടോസ് അയച്ച് തന്നത്…പലതവണ പറഞ്ഞതല്ലേ എനിക്കതൊന്നും പറ്റില്ലാന്ന്… അതിനുശേഷം നീ എന്നോട് മിണ്ടാതായപ്പോഴല്ലേ ഞാൻ അയച്ചുതന്നത്…നിന്നെ അത്രക്ക് ഇഷ്ടമായതു കൊണ്ടല്ലേ ഇഷ്ടമല്ലാത്ത കാര്യമായിട്ടും ഞാനതൊക്കെ ചെയ്തത്…എന്നിട്ടു നീ..”

ഞാനും ബൈ പറയാൻ തന്നെയാ വിളിച്ചത്…ഇനി നമ്മളൊരിക്കലും കാണില്ല..ഞാൻ പോകുന്നു..ഈ നശിച്ച ലോകത്ത് നിന്ന്…ഈ കോൾ ഞാൻ റെക്കോഡ് ചെയ്തിട്ടുണ്ട്…എന്റെ മരണത്തിന് നീ മാത്രമാണ് ഉത്തരവാദി..ഐ ഹേറ്റ് യൂ..ബൈ..”

ഫോൺ കട്ടായതും ഷോക്കടിച്ചത്പോലെ നിന്നുപോയി അവൻ..

വെപ്രാളത്തോടെ അവളുടെ ഫോണിലേക്ക് തുടർച്ചയായി വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഒഫ് ആയിരുന്നു…പേടികൊണ്ട് അവൻ വിറയ്ക്കാൻ തുടങ്ങി…

ഉടൻ ഫോണെടുത്ത് അവളുടെ കൂട്ടുകാരിക്ക്  വിളിച്ചു നോക്കി…

“ഹലോ നീന…നീ ഉടൻ നാൻസിയുടെ വീട്ടിൽ പോകണം..അവൾ സൂയിസൈഡ് ചെയ്യാനുളള ശ്രമമാണ്.” വിറയാർന്ന ശബ്ദത്തോടെ അവൻ പറഞ്ഞൊപ്പിച്ചു…

“നീ എന്താ ഈ പറയുന്നത്…അവൾക്കെന്താ ഭ്രാ ന്തായോ? എന്താ അവൾ പറഞ്ഞത്?..”

“നീന..പ്ലീസ് സംസാരിച്ചു നിൽക്കാൻ സമയമില്ല..ഒന്നു വേഗം പോ”

“ശരി..ഞാൻ ഇപ്പോ തന്നെ പോകാം” ..

അവന്റെ ടെൻഷൻ കൂടി കൂടി വന്നു…

അല്പസമയത്തിനുശേഷം നീനയുടെ കോൾ വന്നു..

“ടാ..നാൻസി….” അവളുടെ ശബ്ദത്തിലെ വിറയലിൽ നിന്ന് അവന് ഏകദേശം കാര്യം മനസ്സിലായിരുന്നു…

കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ അവന് തോന്നി..

“ഇവിടെ പോലീസ് ബോഡി പരിശോധിച്ചുകൊണ്ടിരിക്കുകയാ..അവളുടെ കത്തിൽ നീയാണ് അവളുടെ മരണത്തിന് ഉത്തരവാദി എന്നാണ് എഴുതിയിരിക്കുന്നത്..നിന്റെ ഫോണിൽ അവളുടെ ഫോട്ടോയോ മറ്റോ ഉണ്ടോ? “

അത് കേട്ടതും അവന്റെ ദേഹം വിറയ്ക്കാൻ തുടങ്ങി…

പോലീസ് ഏത് നിമിഷവും തന്നെ തേടിയെത്തും എന്ന ഭയം അവനെ പിടികൂടിയിരുന്നു..

ഫോൺ നശിപ്പിക്കുകയേ നിവൃത്തിയുളളൂ എന്ന് അവന് മനസ്സിലായിരുന്നു..

ഉടൻതന്നെ ഫോൺ അവൻ കത്തിച്ചുകളഞ്ഞു…എന്നിട്ടും അവന് സമാധാനമില്ലായിരുന്നു..ഭയം അവനെ കീഴ്പെടുത്തികളഞ്ഞിരുന്നു..

ഉടൻ പുറത്തേക്കിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്ത് എങ്ങോട്ടെന്നില്ലാതെ അവൻ പാഞ്ഞു…ടെൻഷൻ കാരണം റോഡിലെ വണ്ടികളൊന്നും അവന്  കാണാൻ സാധിച്ചില്ല…

ആ പാച്ചിലിൽ അവന്റെ ബൈക്ക് ഒരു കാറുമായി കൂട്ടിയിടിക്കുന്നു….

ദിവസങ്ങൾക്ക് ശേഷം…

ഐസിയൂവിൽ നിന്നും അവനെ വാർഡിലേക്ക് മാറ്റുന്ന ദിവസമായിരുന്നു അന്ന്…

സ്വബോധം തരിച്ച് കിട്ടിയതും അവൻ കൂട്ടുകാരോട് തിരക്കിയത് നാൻസിയുടെ കാര്യമായിരുന്നു..

“ഞാൻ കാരണമാടാ നാൻസി മരിച്ചത്…എല്ലാം എന്റെ തെറ്റാ..”

അവന്റെ സംസാരം കേട്ട് അവർ പരസ്പരം നോക്കി..

“നീ എന്തൊക്കെയാ ഈ പറയണത്?നാൻസിക്കെന്താ പറ്റിയത് അതിന്..അവളെ ഇന്നും ഞങ്ങൾ കണ്ടതാണല്ലോ?”

അത് കേട്ടതും ഇടിവെട്ടേറ്റത് പോലെയായി അവൻ.

“എന്ത്? അവൾ അപ്പൊ സൂയിസൈഡ് ചെയ്തില്ലേ?”

“നിനക്കെന്താ പറ്റിയത് അവൾ സൂയിസൈഡ് ചെയ്യേ..എന്തിന്?”

“പിന്നെ നീന പറഞ്ഞത്?

“അത് പറഞ്ഞപ്പോഴാ ഓർത്തത് നിനക്ക് ബോധം വന്നാ തരാൻ പറഞ്ഞ് നീന ഒരു കത്ത് ഏൽപ്പിച്ചിട്ടുണ്ട്..ദാ…”

ആകാംക്ഷയോടെയാണ് അവൻ ആ കത്ത് തുറന്നത്….

“ഹായ്..നീയെന്താ വിചാരിച്ചത് ഈ ഒരു പീറക്കാര്യത്തിന് അവൾ ആത്മഹത്യചെയ്യുമെന്നോ..പിന്നെ ഇങ്ങനെ ഒരു നാടകം കളിച്ചത് എന്തിനാന്നായിരിക്കും നീ ആലോചിക്കുന്നത്…നിന്റെ മൊബൈലിലുളള അവളുടെ ഫോട്ടോസ്…മര്യാദക്ക് പറഞ്ഞാ നീ അത് നശിപ്പിക്കില്ലെന്നറിയാം..അതിന് ഞങ്ങൾ കണ്ടെത്തിയ പ്ലാൻ ആയിരുന്നു ആ സൂയിസൈഡ് നാടകം..ഇനി നീയൊരു പെണ്ണിനയും തേക്കരുത്..പിന്നെ നിന്നെ ഇപ്പോഴത്തെ അവസ്ഥയിലെത്തിച്ചത്…ആ പണി ദൈവത്തിന്റെ വകയാ..ഗുഡ്ബൈ…”

അതു വായിച്ചതും അന്തം വിട്ടിരുന്നുപോയി അവൻ..

~പ്രവീൺ ചന്ദ്രൻ