പഴയ സൗഹൃദങ്ങൾ പുതുക്കിയും പുതിയത് തുടങ്ങിയും വീണയും വളരെ പെട്ടെന്ന് ആ ലോകവുമായി ഇണങ്ങി…

കാക്കപ്പൊന്ന്…

Story written by Jisha Raheesh

=============

വീണ , നിനക്കെന്നോട് സ്നേഹമുണ്ടെങ്കിൽ ഞാൻ പറഞ്ഞത് പോലെ ചെയ്യണം..ഞാൻ വിളിക്കും.. “

അവസാനവാക്കെന്നോണം പറഞ്ഞു വിവേക് ഫോൺ കട്ട് ചെയ്തു..

വീണ അസ്വസ്ഥതയോടെ ഫോൺ മേശപ്പുറത്തേയ്ക്ക് വെച്ച് കൈകൾ കൂട്ടി തിരുമ്മി..

അപ്പുറത്തെ മുറിയിൽ നിന്നും കുഞ്ഞുമോൾ ഉണർന്നു കരയാൻ തുടങ്ങിയുട്ടുണ്ട്..അമ്മുവിന്റെയും അപ്പുവിന്റെ അടക്കിപ്പിടിച്ച സംസാരം കേൾക്കാം..രണ്ടും കൂടെ കൊച്ചിനെ ഉണർത്തിക്കാണും….

കുഞ്ഞിന്റെ കരച്ചിലിന്റെ ശക്തി കൂടി വന്നു….

“ഒരു സ്വൈര്യവും തരില്ല..നാശങ്ങൾ..”

നെറ്റിയിൽ അടിച്ചു പറഞ്ഞു കൊണ്ട് വീണ അടുത്ത മുറിയിലേക്ക് നടന്നു..

“ആരാടി കൊച്ചിനെ ഉണർത്തിയത്..?”

അമ്മയുടെ അലർച്ച കേട്ടതും അപ്പുവും അമ്മുവും പേടിച്ചരണ്ട ഭാവത്തോടെ പരസ്പരം നോക്കി..ശബ്ദം കേട്ടു കുഞ്ഞിന്റെ കരച്ചിൽ ഉച്ചത്തിലായി.

“ഞ..ഞങ്ങളല്ല മ്മേ, കുഞ്ഞാവ കരയുന്നത് കേട്ട് വന്നു നോക്കിയതാ ഞങ്ങൾ..”

അപ്പു പേടിച്ചു പേടിച്ചു പറഞ്ഞു..ഒന്നും മിണ്ടിയില്ലെങ്കിലും അമ്മ വഴക്ക് പറയും..ചിലപ്പോൾ, അല്ല ഇപ്പോൾ മിക്കപ്പോഴും അടിയ്ക്കും..കരഞ്ഞു തളർന്നാൽ പോലും തിരിഞ്ഞു നോക്കത്തുമില്ല..

ഈ അമ്മയെ,അപ്പുവിനും അമ്മുവിനും ഒട്ടും ഇഷ്ടമാവുന്നില്ലായിരുന്നു..

പഴയ അമ്മ എന്ത് നല്ലതായിരുന്നു..

അമ്മു സങ്കടത്തോടെ ഓർത്തു…

കഥകൾ പറഞ്ഞു തരുന്ന, തങ്ങളോടൊപ്പം കളിയ്ക്കുന്ന, ആഹാരം വാരി തരുന്ന, ഇഷ്ടമുള്ള പലഹാരങ്ങൾ ഉണ്ടാക്കി തന്നിരുന്ന അമ്മ..

എന്ത് പറഞ്ഞാലും വാങ്ങി കൊണ്ട് വരുന്ന അച്ഛനെക്കാൾ, ഒരു പൊടി ഇഷ്ടക്കൂടുതൽ അമ്മയോട് തന്നെയായിരുന്നു..

കാരണം അമ്മയാണ് എപ്പോഴും ഒപ്പമുണ്ടാവുക..അച്ഛനെപ്പോഴും തിരക്കാണ്..രാത്രി കടയടച്ചു വന്നാൽ കിട്ടുന്ന ഇത്തിരി സമയമേ അച്ഛൻ തങ്ങളോടൊപ്പം കൂടൂ..ചിലപ്പോൾ അതും ഉണ്ടാവാറില്ല. തങ്ങൾ ഉറങ്ങി കഴിഞ്ഞാവും അച്ഛൻ വരുന്നത്..രാവിലെ ഉണരുമ്പോഴേക്കും അച്ഛൻ ചിലപ്പോൾ പോയിട്ടും ഉണ്ടാവും..

പക്ഷെ അതൊന്നും ഒരു സങ്കടമായിരുന്നില്ല. അമ്മയുണ്ടായിരുന്നല്ലോ തങ്ങൾക്കൊപ്പം..

പക്ഷെ ഇപ്പോൾ…

ഒരിക്കൽ, അമ്മയ്ക്ക് പുതിയ മൊബൈൽ വാങ്ങി കൊടുക്കേണ്ടായിരുന്നുവെന്നും എപ്പോഴും അതിലാണെന്നും പറഞ്ഞപ്പോൾ അച്ഛൻ ചിരിച്ചതേയുള്ളൂ..

പക്ഷെ പിറ്റേന്ന് അച്ഛൻ പൊയ്ക്കഴിഞ്ഞു അമ്മ വഴക്ക് പറഞ്ഞു..ഇനി അങ്ങനെയെന്തെങ്കിലും പറഞ്ഞാൽ അടിച്ചു തോല് പൊളിയ്ക്കുമെന്ന് പറഞ്ഞു..

മുൻപായിരുന്നുവെങ്കിൽ അമ്മ വെറുതെ പേടിപ്പിക്കാൻ പറയുകയാണെന്ന് കരുതുമായിരുന്നു..

പക്ഷെ ഇപ്പോൾ അറിയാം..അമ്മ അങ്ങനെയൊക്കെ ചെയ്യും. ഒരു ദയവുമില്ലാതെ അടിയ്ക്കും..വേദനിച്ചു കരയുമ്പോൾ പോലും ശ്രെദ്ധിക്കാറില്ല..

ഈയിടെയായി, എന്തോ ഒരു ദേഷ്യം പോലെയാണ് തങ്ങളെ കാണുമ്പോൾ അമ്മയ്ക്കെന്ന്, അപ്പുവിന് തോന്നി..

എല്ലാം ആ മൊബൈൽ കാരണമാണ്..അത് ഉപയോഗിക്കാൻ തുടങ്ങിയതിൽ പിന്നെയാണ് അമ്മ ഇങ്ങനെയായത്..മറ്റൊന്നിലും ശ്രെദ്ധയില്ല..കുഞ്ഞുവാവയുടെ കാര്യങ്ങളിൽ പോലും..

അപ്പുവിന് വല്ലാത്ത സങ്കടം തോന്നി..ആരോടാണൊന്ന് പറയുക..?

അച്ഛനോട് പറഞ്ഞാൽ അച്ഛൻ ചിലപ്പോൾ ചിരിച്ചു തള്ളും..അല്ലെങ്കിൽ ചിലപ്പോൾ അച്ഛനും അമ്മയും തമ്മിൽ വഴക്ക് കൂടിയാലോ..?

ഇപ്പോൾ ഇടയ്ക്കിടെ, അച്ഛനും അമ്മയും വഴക്ക് ഉണ്ടാവാറുണ്ടെന്നും അപ്പു ഭയത്തോടെ ഓർത്തു..

അച്ഛനെയും ഇപ്പോൾ അമ്മയ്ക്ക് ഇഷ്ടമല്ല..എന്തെങ്കിലുമൊക്കെ വിളിച്ചു പറയും..അച്ഛന് അങ്ങനെ പെട്ടെന്നൊന്നും ദേഷ്യം വരില്ലെങ്കിലും ചില സമയത്ത് നിയന്ത്രണം വിട്ടു പോവാറുമുണ്ട്…

അമ്മുവിന് ഭയങ്കര പേടിയാണ്..കുഞ്ഞാവയും കരയും..അച്ഛനും അമ്മയും തമ്മിൽ വഴക്ക് കൂടുമ്പോൾ..

അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു..

എന്റെ ദൈവമേ എന്തിനാ എന്റെ അമ്മയെ ഇങ്ങനെയാക്കിയത്..?

ആ മൊബൈൽ പൊട്ടിപ്പോയാൽ മതിയായിരുന്നുവെന്ന് പ്രാർത്ഥിച്ചെങ്കിലും, ഇപ്പോൾ അതിലൊന്നു തൊടാൻ പോലും അവർക്ക് ഭയമായിരുന്നു…

ഒരിക്കൽ ഒരു കോൾ വന്നപ്പോൾ, അമ്മു അത് എടുത്തതിനു അമ്മ അടിച്ചവളുടെ തുട പൊട്ടിച്ചിട്ടുണ്ട്..

ഈയിടെയായി ഒരു തരം ഭ്രാന്ത് പോലെയാണ് അമ്മയ്ക്ക്, ചിലപ്പോഴൊക്കെ..

അമ്മയുടെ ഫ്രണ്ട്സിനൊക്കെ വില കൂടിയ മൊബൈൽ ഉണ്ടെന്നു പറഞ്ഞപ്പോൾ അച്ഛൻ വാങ്ങിച്ചു കൊടുത്തതാണ് പുതിയ ഫോൺ…

ആദ്യമൊക്കെ അതെടുക്കാനും ഗെയിം കളിയ്ക്കാനുമൊക്കെ തങ്ങൾക്കും അനുവാദമുണ്ടായിരുന്നു..

പിന്നെ പിന്നെ കാര്യങ്ങൾ മാറി..അതൊന്ന് തൊടാൻ പോലും അമ്മ സമ്മതിയ്ക്കാതെയായി..

സങ്കടങ്ങൾ ആരോടു പറയണമെന്നറിയാതെ ആ കുഞ്ഞ് മനസ്സുകൾ ഉരുകി…

അടുക്കളയിൽ കുഞ്ഞിന് കഞ്ഞി കോരി കൊടുക്കുകയായിരുന്നു വീണ….ഇന്ന് ജോലിക്കാരി വന്നിട്ടില്ല…കുഞ്ഞ് വേഗം വേഗം കഴിച്ചു തീർക്കാത്തതിലുള്ള അക്ഷമയും അവളുടെ മുഖത്ത് പ്രകടമായിരുന്നു..

മനസ്സ് ഫോണിൽ ആയിരുന്നു..വിവേകിനോട് പറയേണ്ട മറുപടി എന്തെന്ന് അപ്പോഴും അവൾക്ക് തീരുമാനിയ്ക്കാനായില്ല…

അച്ഛന്റെയും അമ്മയുടെയും നാല് പെണ്മക്കളിൽ രണ്ടാമത്തേതായിരുന്നു വീണ..ഡിഗ്രി അവസാനവർഷത്തിന് പഠിയ്ക്കുമ്പോഴാണ് പ്രദീപ്‌ അവളെ വിവാഹം കഴിച്ചത്..

തനിയ്ക്ക് താഴെയും രണ്ടെണ്ണമുണ്ടെന്ന അച്ഛന്റെയും അമ്മയുടെയും ആവലാതികൾക്ക് മുൻപിൽ, തുടർന്നു പഠിയ്ക്കാനുള്ള ആഗ്രഹം അവൾ കെട്ടി പൂട്ടി വെച്ചു..

പ്രദീപിന് പലചരക്ക് കടയായിരുന്നു..കാണാൻ തരക്കേടില്ലെങ്കിലും, പ്രീഡിഗ്രി തോറ്റ പ്രദീപിനെ വീണയ്ക്ക് മനസ്സിന് പിടിച്ചിരുന്നില്ല..

വിവാഹം കഴിഞ്ഞെങ്കിലും തുടർന്നു പഠിച്ചോളാൻ പ്രദീപ്‌ പറഞ്ഞപ്പോൾ അവൾ സന്തോഷിച്ചു..അയാളുടെ സ്നേഹപൂർണ്ണമായ പെരുമാറ്റം അയാളോടുള്ള അവളുടെ സമീപനത്തിലും മാറ്റങ്ങൾ വരുത്തി…

പക്ഷെ അച്ഛന്റെ പലചരക്കു കടയോടൊപ്പം, ചുമതലകൾ കൂടെ ഏറ്റെടുത്തു അനിയന്റെയും അനിയത്തിയുടെയും പഠിപ്പും വിവാഹവുമൊക്കെ ഏറ്റെടുത്തു നടത്തിയ പ്രദീപിന്, തന്റെ കട വിട്ടൊരു ജീവിതം ഉണ്ടായിരുന്നില്ല..

താൻ ആഗ്രഹിച്ചത് പോലൊരു ആളെയോ ജീവിതമോ കിട്ടിയില്ലെങ്കിലും കിട്ടിയതിൽ തൃപ്തിപ്പെടാൻ വീണയും ശ്രെമിച്ചു….

വീണ ബി എഡ് കഴിഞ്ഞു..അവളുടെ ആഗ്രഹപ്രകാരം ജോലിയ്ക്കും പോയി തുടങ്ങി..അതിനിടയിൽ അമ്മുവും അപ്പുവും അവർക്കിടയിലേയ്ക്ക് വന്നു..

പ്രദീപിന്റെ കച്ചവടം അഭിവൃദ്ധിപ്പെട്ടു കൊണ്ടിരുന്നു..ജീവിതസൗകര്യങ്ങൾ മെച്ചപ്പെട്ടുവെങ്കിലും അതിന് വിലയായി കൊടുക്കേണ്ടി വന്നത് പ്രദീപിന്റെ കുടുംബത്തോടൊപ്പമുള്ള സമയമായിരുന്നു..

അടിച്ചു പൊളിച്ചുള്ള ജീവിതം ഇഷ്ടപ്പെട്ടിരുന്ന വീണയ്ക്ക്, ഒന്നിച്ചൊരു യാത്ര പോകാനോ, സിനിമ കാണാനോ, ഒന്നിനും പ്രദീപ്‌ താല്പര്യപ്പെടാതിരുന്നത്, ഉള്ളിൽ ഇഷ്ടക്കേടുകളായി കനത്തിരുന്നു..

പ്രദീപാവട്ടെ സദാ സമയവും തന്റെ ബിസിനസ്സിൽ മാത്രം ശ്രെദ്ധിച്ചു….ഭാര്യയ്ക്കും മക്കൾക്കും കൂടെ വേണ്ടിയാണ് താൻ കഷ്ടപ്പെടുന്നതെന്നതിൽ അയാൾക്ക് അഭിമാനമായിരുന്നു..

അപ്പുവിനും അമ്മുവിനും ശേഷം, ഒട്ടും പ്രതീക്ഷിക്കാതെ, മറ്റൊരു കുഞ്ഞു കൂടെ അവരുടെ ജീവിതത്തിലേയ്ക്ക് വന്നു..

മൂന്നാമതൊരു കുഞ്ഞിനെ കൂടെ വീണയ്ക്ക് താല്പര്യം ഇല്ലായിരുന്നുവെങ്കിലും, കുഞ്ഞിനെ വേണ്ടെന്ന് വെയ്ക്കാൻ പ്രദീപ് സമ്മതിച്ചില്ല..

വീണയ്ക്ക് പ്രദീപിനോടുള്ള നീരസം ഇരട്ടിച്ചു കൊണ്ടിരുന്നു..അയാളാവട്ടെ അതൊന്നും അറിഞ്ഞതുമില്ല..

കുഞ്ഞാവ കൂടെ വന്നതോടെ വീണയ്ക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു..വീണയുടെ അമ്മ ഇടയ്ക്കിടെ വന്നു നിൽക്കാറുണ്ടായിരുന്നുവെങ്കിലും പ്രായത്തിന്റേതായ അസുഖങ്ങൾ കാരണം അവർക്കും എല്ലായ്പ്പോഴും വീണയോടൊപ്പം നിൽക്കാൻ പറ്റാതെയായി..

കൂട്ടുകാരികളുടെയും സഹപ്രവർത്തകരുടെയും ജീവിതവും വിശേഷങ്ങളും സന്തോഷങ്ങളും അവളെ വീർപ്പു മുട്ടിച്ചു കൊണ്ടിരുന്നു..

പുറമെ നിന്ന് കാണുന്ന ആർക്കും അവളൊരു ഭാഗ്യവതിയായിരുന്നു..കാറും വീടും, ആരോഗ്യമുള്ള കുഞ്ഞുങ്ങളും കാശുകാരനും സ്നേഹമുള്ളവനുമായ ഭർത്താവും..

എല്ലാവരും ഇതൊക്കെ എണ്ണിയെണ്ണി പറയുമ്പോൾ, ചിലപ്പോഴെങ്കിലും എന്താണ് തന്റെ പ്രശ്നം എന്നവൾ സ്വയം ചോദിച്ചു..താൻ ആഗ്രഹിക്കുന്ന ജീവിതം ഇതല്ലെന്ന് മനസ്സ് ആവർത്തിച്ചു കൊണ്ടിരുന്നു..

നിനക്ക്, തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തിയിട്ടാണെന്നും പറഞ്ഞു അമ്മ അവളെ വഴക്ക് പറഞ്ഞു…

അവരുടെ കണ്ണിൽ പ്രദീപ്‌ ദൈവതുല്യനായിരുന്നു..ഭാര്യയ്ക്കും മക്കൾക്കും വേണ്ടി ജീവിക്കുന്നവൻ..മറ്റുള്ള മൂന്ന് പെണ്മക്കളെക്കാൾ, എന്ത് കൊണ്ടും നല്ല നിലയിൽ ജീവിക്കുന്നത് വീണയായിരുന്നു..മറ്റു മക്കളിൽ, ഒരാൾക്ക് സാമ്പത്തിക പ്രശ്നങ്ങൾ ആയിരുന്നുവെങ്കിൽ,രണ്ടാമത്തെയാൾക്ക്‌ ഭർതൃ വീട്ടുകാർ ആയിരുന്നു പ്രശ്നം…മറ്റൊരാൾക്ക്‌ ഭർത്താവിന്റെ സ്വഭാവദൂഷ്യവും..

ആയിടയ്ക്കാണ് പ്രദീപിന് പുതിയൊരു മൊബൈൽ ആരോ സമ്മാനിയ്ക്കുന്നത്..അയാളത് വീണയ്ക്ക് നൽകി…

സോഷ്യൽ മീഡിയയുടെ മായിക പ്രപഞ്ചത്തിലേക്ക് വീണയും പ്രവേശിച്ചു..

പഴയ സൗഹൃദങ്ങൾ പുതുക്കിയും പുതിയത് തുടങ്ങിയും വീണയും വളരെ പെട്ടെന്ന് ആ ലോകവുമായി ഇണങ്ങി..

സ്കൂൾ ഗ്രൂപ്പിന്റെ ആദ്യത്തെ മീറ്റിങ്ങിനു പോവാൻ പ്രദീപിന്റെ എല്ലാ പിന്തുണയും അവൾക്കുണ്ടായിരുന്നു..

ഉറ്റ തോഴിയായിരുന്ന നിമ്മി മുതൽ, പഠിയ്ക്കുമ്പോൾ ഒന്ന് മിണ്ടുക കൂടെ ചെയ്തിട്ടില്ലാത്തവരെ വരെ,വീണ അവിടെ കണ്ടു മുട്ടി..അവരിൽ ഒരാളായിരുന്നു വിവേക്..

എല്ലാത്തിനും മുൻപന്തിയിൽ നിൽക്കുന്ന, പ്രായം രൂപത്തിൽ തെളിയാത്ത, സ്മാർട്ട്‌ ആൻഡ് ഹാൻസമ്മായ വിവേക് നാരായണൻ..

സ്കൂൾ ഗ്രൂപ്പിൽ വീണയും സജീവമായി..അവൾ ആവശ്യപ്പെട്ടത് പ്രകാരം ഏറ്റവും പുതിയൊരു മൊബൈൽ തന്നെ പ്രദീപ്‌ അവൾക്ക് വാങ്ങി കൊടുത്തു…

നിമ്മിയ്ക്ക് തങ്ങളുടെ വീടിന്റെ കുറച്ചപ്പുറത്തായി പുതിയൊരു വീട് പ്രദീപിന്റെ സഹായത്തോടെ വീണ തരപ്പെടുത്തി കൊടുത്തു..

നിമ്മിയുടെ ഭർത്താവ് ഗൾഫിലാണ്..കൂടെ അമ്മയും മകളുമാണ് ഉള്ളത്..കെ എസ് ഇ ബിയിലാണ് ജോലി..ജോലിയ്ക്ക് പോകാനുള്ള സൗകര്യത്തിനാണ് നിമ്മി വീട് മാറിയതും….

വീണയുടെ ജീവിതം മാറുകയായിരുന്നു..രീതികളും..

ജോലികളെല്ലാം ഒറ്റയ്ക്ക് ചെയ്യാനാവില്ലെന്ന് വീണ പറഞ്ഞപ്പോൾ, പ്രദീപ്‌ ഒരു ജോലിക്കാരിയെ കൂടെ ഏർപ്പാടാക്കിയിരുന്നു..…

വിവേകാണ് ആദ്യം, ഗ്രൂപ്പിൽ നിന്നല്ലാതെ പേർസണൽ മെസ്സേജ് അയച്ചത്..അതൊരു തുടക്കമായിരുന്നു..

പണ്ടെപ്പോഴോ, വിവേകിനു തന്നോട് ഒരിഷ്ടം ഉണ്ടായിരുന്നുവെന്നവൻ തുറന്നു പറഞ്ഞപ്പോൾ, പുറമെ പ്രകടിപ്പിച്ചില്ലെങ്കിലും വീണയുടെ മനസ്സൊന്ന് ഉലഞ്ഞു..

വിവേക് ഭാര്യയുമായി അകന്ന് കഴിയുകയാണത്രേ…ഡിവോഴ്സിന്റെ കാര്യങ്ങൾ നടക്കുന്നു..

താൻ ആഗ്രഹിക്കുന്നത് പോലുള്ള ഒരാളല്ല തന്റെ ഭാര്യയെന്നുള്ള വിവേകിന്റെ തുറന്നു പറച്ചിൽ, വീണയുടെ മനസ്സിന്റെ പൂട്ടും തുറക്കാൻ കാരണമായി..

പതിയെ പതിയെ, തന്റെ ജീവിതത്തിലെ അസംതൃപ്തികൾ  വീണയും അവനോട് പങ്കു വെച്ചു…

ആ ബന്ധം വളരുകയായിരുന്നു..

തന്നിൽ വരുന്ന മാറ്റങ്ങൾ വീണ അറിഞ്ഞില്ല…

സ്നേഹമയിയായ അമ്മയിൽ നിന്നും, കുഞ്ഞുങ്ങളെ അസഹ്യതയോടെയും ശല്യമായും കാണാൻ തുടങ്ങുന്ന സ്വാർത്ഥത അവളിലും മൊട്ടിട്ടിരുന്നു..

സദാ സമയവും ഫോണിൽ..തങ്ങളുടെ സൗഹൃദം മറ്റാരും അറിയരുതെന്നും അത് തെറ്റിദ്ധാരണയ്ക്ക് ഇട നൽകുമെന്നുമുള്ള വിവേകിന്റെ വാക്കുകൾ വീണ അക്ഷരം പ്രതി പാലിച്ചിരുന്നു..

എല്ലാം തുറന്നു പറഞ്ഞിരുന്ന നിമ്മിയോട്‌ പോലും വിവേകുമായുള്ള പുതിയ സൗഹൃദം വീണ പറഞ്ഞില്ല..അല്ലെങ്കിലേ പ്രദീപിന്റെ കുറ്റങ്ങൾ പറയുമ്പോൾ അയാളെ ന്യായീകരിക്കാറുണ്ട് നിമ്മി..അതും ഒരു കാരണമായിരുന്നു..

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന വിവേകിനെ വീണ പല തവണ സഹായിച്ചു..അതിനായി പ്രദീപിനോട് കള്ളങ്ങൾ പറയാൻ അവൾക്കൊരു മനസാക്ഷിക്കുത്തും ഉണ്ടായിരുന്നില്ല..

തന്നെ കേൾക്കാൻ, ഇഷ്ടപ്പെടാൻ, അറിയാൻ ആഗ്രഹിക്കുന്ന ഒരാൾ..അതായിരുന്നു വീണയ്ക്ക് വിവേക്..

തന്നെയൊന്ന് ശ്രെദ്ധിക്കാനോ സംസാരിക്കാനോ സമയമില്ലാത്ത ഭർത്താവിനോട് അവൾക്ക് പുച്ഛമായിരുന്നു…

കുഞ്ഞുങ്ങളോടുള്ള തന്റെ സമീപനത്തിൽ ചിലപ്പോഴൊക്കെ മനസാക്ഷിക്കുത്തു തോന്നിയിരുന്നെങ്കിലും, പുതിയ ബന്ധത്തിന്റെ ലഹരി അവളെ കീഴടക്കി തുടങ്ങിയിരുന്നു…

ഇത് വരെ മാന്യതയുടെ അതിർത്തി വിട്ടു തുടങ്ങിയിട്ടില്ലെങ്കിലും,ഈയിടെയായി വിവേകിന്റെ പെരുമാറ്റത്തിൽ, പ്രണയവും ഒരു അധികാര ഭാവവും നിറയുന്നത് വീണ അറിഞ്ഞിരുന്നു..

നാളെ വിവേകിന്റെ പിറന്നാളാണ്..തന്നെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂവെന്നും എന്തായാലും ഫ്ലാറ്റിൽ ചെല്ലണമെന്നും പറഞ്ഞിട്ടുണ്ട്….

എന്ത് ചെയ്യും..? പോവാനും വയ്യ പോവാതിരിക്കാനും…വിവേകിന്റെ സൗഹൃദം നഷ്ടപ്പെടുത്താനാവില്ല..

വീണ രണ്ടും കല്പ്പിച്ചു അമ്മയെ വിളിച്ചു..ജോലിക്കാരി ഉണ്ടെങ്കിലും, കുഞ്ഞുങ്ങളെ ഇവിടെ തനിയെ വിട്ടു പോയാൽ, എന്താണ് ഏതാണ് എന്നൊക്കെ പ്രദീപ് അന്വേഷിക്കാൻ സാധ്യതയുണ്ട്..അതേ സമയം അമ്മ ഇവിടെ ഉണ്ടെങ്കിൽ, പ്രദീപിനോട് എന്തെങ്കിലും കള്ളം പറഞ്ഞു പിടിച്ചു നിൽക്കാം..

പക്ഷെ അമ്മയെ വിളിച്ച വീണയ്ക്ക് നിരാശപ്പെടേണ്ടി വന്നു..അമ്മയ്ക്ക് പനിയ്ക്കുന്നുണ്ടത്രെ….

എന്ത് ചെയ്യണമെന്നറിയാതെ,കൂട്ടിലിട്ട വെരുകിനെ പോലെ നടന്നു വീണ..

പോയില്ലെങ്കിൽ ഇനി വിളിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട് വിവേക്..ഒരുപാട് തവണയായി വിളിയ്ക്കുന്നു…

പിറ്റേന്ന്, ഭ്രാന്ത്‌ പിടിച്ച അവസ്ഥയിലായിരുന്നു അവൾ..

കുഞ്ഞുങ്ങളെ ജോലിക്കാരിയെ ഏല്പിച്ചു വരാനുള്ള വിവേകിന്റെ നിർദ്ദേശം അനുസരിക്കാൻ തോന്നിയില്ല..അപ്പോഴാണ്, അമ്മയ്ക്ക് തീരെ വയ്യ ഹോസ്പിറ്റലിൽ ആണെന്ന് അനിയത്തി വിളിച്ചു പറയുന്നത്..

കുറച്ചു കഴിഞ്ഞപ്പോൾ വിവരം അറിഞ്ഞു പ്രദീപ്‌ വന്നു..കുഞ്ഞുങ്ങളെ പ്രദീപിന്റെ വീട്ടിലാക്കി, അവളെയും കൂട്ടി അയാൾ ഹോസ്പിറ്റലിലേയ്ക്ക് പോയി..

അതിനിടയിൽ പല വട്ടം വിവേക് വിളിച്ചെങ്കിലും അവൾക്ക് കോൾ എടുക്കാൻ സാധിച്ചില്ല..പ്രദീപിന് സംശയം തോന്നേണ്ടെന്ന് കരുതി അവസാനം വീണ ഫോൺ ഓഫ് ചെയ്തു വെച്ചു..

രാത്രി അവളെ ഹോസ്പിറ്റലിൽ നിർത്തി പ്രദീപ്‌ തിരികെ പോയി..ആവശ്യത്തിനു പണം അവളെ ഏൽപ്പിക്കാൻ അയാൾ മറന്നിരുന്നില്ല…

രാത്രി അമ്മ ഉറക്കമായപ്പോൾ വീണ മൊബൈൽ ഓൺ ചെയ്തു..

“എവിടെയാടോ..?”

എന്നൊരു മെസ്സേജ് മാത്രമേ വിവേകിന്റെതായുള്ളൂ..എപ്പോഴും ഓൺലൈനിൽ ഉണ്ടാവുന്നയാളെ കാണാനില്ല..നമ്പർ ഡയൽ ചെയ്തപ്പോൾ സ്വിച്ചഡ് ഓഫ്..

അങ്ങനെ കിടക്കുമ്പോൾ പെട്ടെന്നെന്തോ കുഞ്ഞുങ്ങളുടെ മുഖം ഉള്ളിൽ തെളിഞ്ഞു..

അവർ തന്നെ അന്വേഷിക്കുമോ..?

വീണയ്ക്ക് ഉറപ്പില്ലായിരുന്നു…

ആദ്യമായി അവൾക്ക് കുറ്റബോധം തോന്നിപ്പോയി..ഇങ്ങനെ തനിച്ച്, ആരുടേയും ശല്യമില്ലാതെ, ഏറെക്കാലത്തിന് ശേഷമായിരുന്നു, അവൾക്ക് ഇത്തിരി സമയം സ്വന്തമായി കിട്ടുന്നത്…

അന്നാദ്യമായി അവൾ ആലോചിച്ചു..

വിവേക്…അവൻ തനിയ്ക്ക് ആരാണ്…?

പ്രദീപിന്റെ മുഖവും മനസ്സിൽ വന്നു…

പ്രദീപിന്റെ പകരക്കാരൻ…?

എന്തോ അത് സമ്മതിച്ചു കൊടുക്കാൻ മനസ്സ് അനുവദിക്കുന്നില്ല..

അസ്വസ്ഥമായ മനസ്സോടെ ഉറക്കം വരാതെ അവൾ കിടന്നു..രാവിലെ പ്രദീപ്‌ വിളിച്ചിരുന്നു..കുഞ്ഞുങ്ങൾ ഉറക്കമാണെന്ന് പറഞ്ഞു..’ എന്നെ അന്വേഷിച്ചുവോയെന്ന ‘ചോദ്യത്തിന്റെ ഉത്തരം ഭയന്നവൾ, അത് ചോദിച്ചില്ല…

ഇടയ്ക്കെപ്പോഴോ നോക്കിയപ്പോൾ വിവേകിന്റെ നമ്പർ സ്വിച്ചഡ് ഓഫ് തന്നെയായിരുന്നു..

നിമ്മി അമ്മയെ കാണാൻ വന്നിരുന്നു..കുറച്ചു സമയം സംസാരിച്ചിരുന്നിട്ട് നിമ്മി വീണയെ പുറത്തേയ്ക്ക് വിളിച്ചു..

“എടി നീയറിഞ്ഞോ, നമ്മുടെ വിവേകിനെയും ധന്യയെയും അവന്റെ ഫ്ലാറ്റിൽ നിന്നും പിടിച്ചു..”

ഒരു നിമിഷം..കേട്ടത് തെറ്റിപ്പോയോയെന്ന രീതിയിൽ നിമ്മിയെ നോക്കി വീണ..

“അതേടി..ധന്യയും അവനും തമ്മിൽ എന്തൊക്കെയോ ഉണ്ടെന്ന് മുൻപേ തന്നെ ഞാൻ അറിഞ്ഞിരുന്നു..ഇന്നലെ അവൾ അവന്റെ ഫ്ലാറ്റിൽ വന്നു..പിറകെ അവളുടെ ഭർത്താവും..കുറേ നാളായത്രേ അവരുടെ ബന്ധം തുടങ്ങിയിട്ട്..ഇന്നലെ ഭർത്താവ് കയ്യോടെ പിടിച്ചു..അവളുടെ കയ്യിൽ നിന്നും നല്ലൊരു തുകയും വിവേക് കൈക്കലാക്കിയിട്ടുണ്ടത്രെ….”

വീണയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നി..

“അവൻ ഒന്നാന്തരമൊരു ഫ്രോഡാണ്….പെണ്ണുങ്ങളെ പഞ്ചാരവാക്കിൽ മയക്കി, പലരിൽ നിന്നും സ്വർണ്ണവും പണവുമൊക്കെ അടിച്ചു മാറ്റിയിട്ടുണ്ടത്രേ…സ്വഭാവം അത്രയ്ക്ക് നല്ലതായത് കൊണ്ട് കെട്ടിയ പെണ്ണ് കളഞ്ഞിട്ട് പോയതാണ്..”

വീണ അപ്പോഴും ശബ്ദമില്ലാതെ നില്ക്കുകയായിരുന്നു..

“നീയെന്താ ഒന്നും മിണ്ടാതെ..?”

“അത്..ഒന്നുമില്ല…പെട്ടെന്നുള്ള ഷോക്കിൽ..”

“ഉം..അവൻ ആള് ശരിയല്ലെന്ന് എനിയ്ക്ക് നേരത്തെ മനസ്സിലായതാ..എന്റെ അടുത്തും ഒന്ന് മുട്ടി നോക്കിയതാ..ഭർത്താക്കന്മാരുമായി എന്തെങ്കിലും പ്രശ്നമുണ്ടെന്നു തോന്നുന്ന പെണ്ണാണെങ്കിൽ അവനങ്ങു കേറി ഒട്ടുമത്രേ..”

“പക്ഷെ ധന്യ..അവളും ഭർത്താവും തമ്മിൽ..”

ധന്യയും ഭർത്താവും  അവരുടെ ഗ്രൂപ്പിലെ പെർഫെക്ട് കപ്പിൾസ് എന്നറിയപ്പെടുന്നവരാണ്..അവർ ഒരുമിച്ചുള്ള യാത്രകളുടെയും മറ്റും ഫോട്ടോസ് ധന്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുമ്പോൾ വീണ കൊതിയോടും അസൂയയോടും നോക്കി നിന്നിട്ടുണ്ട്..

“പുറമെ നമ്മൾ കാണുന്നത് പോലെയല്ല ജീവിതങ്ങൾ..ആളുകളും..ഒരാളുമായി റിലേഷനിൽ ഇരിയ്ക്കുമ്പോൾ അതിൽ ആത്മാർത്ഥത കാണിക്കുവാൻ പറ്റുന്നില്ലെങ്കിൽ അത് മാന്യമായി പറഞ്ഞു തീർത്തതിന് ശേഷം പുതിയ ബന്ധത്തിന് പോവുക…അതാണ് വേണ്ടത്..”

നിമ്മി എന്തോ കുത്തി പറയുന്നത് പോലെ വീണയ്ക്ക് തോന്നി..

“വിവാഹ കഴിച്ചവരോടും, അവർക്ക് തിരിച്ചും ഇഷ്ടം തോന്നുന്നതൊക്കെ സ്വാഭാവികമാണ്..പക്ഷെ ആ ഇഷ്ടം അവിടെ തന്നെ നിർത്തണം..അതിന് പുതിയ അർത്ഥങ്ങൾ തേടി പോവുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്..ആരുടെ ജീവിതം തകർത്തിട്ടായാലും തന്റെ ഇഷ്ടം നടക്കണമെന്ന് കരുതുന്നവരും രണ്ടു തോണിയിൽ കാൽ വെയ്ക്കുന്നവരുമെല്ലാം ജീവിതം നശിപ്പിച്ച ചരിത്രമേയുള്ളൂ..ഭാര്യയെ ആയാലും ഭർത്താവിനെയായാലും ഒരിക്കൽ ചതിച്ചവർക്ക് പിന്നെയും ചതിക്കാനുള്ള മനസ്സുണ്ടാവും..എല്ലാ ബന്ധത്തിലും പ്രശ്നങ്ങൾ ഉണ്ടാവും, ആരും പെർഫെക്ട് ഒന്നുമല്ലല്ലോ..അതിനുള്ള പരിഹാരം അവിഹിതമല്ല, അങ്ങനെയുള്ള ബന്ധങ്ങൾ ശാശ്വതവുമല്ല..”

വീണയ്ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല..

“ഒരിക്കൽ പ്രദീപേട്ടൻ, എന്നോട് നിന്റെ മാറ്റങ്ങളെ പറ്റി സൂചിപ്പിച്ചിരുന്നു..വിവേകിനെ പറ്റി അറിയാവുന്നത് കൊണ്ട് എനിയ്ക്ക് സംശയം തോന്നി..ഞാനും നിങ്ങളെ ശ്രെദ്ധിച്ചിരുന്നു..”

വീണയ്ക്ക് നിന്നിടം താണ് പോവുന്നത് പോലെ തോന്നി..

“പ്രദീപേട്ടൻ..?”

“പേടിയ്ക്കണ്ട, ആൾക്ക് നിന്നെ പറ്റി സംശയം ഒന്നുമില്ല, വിവേകിനെ അറിയുകയുമില്ല. കുഞ്ഞുങ്ങളെ ശ്രെദ്ധിക്കാത്തതും എന്തെങ്കിലും പറഞ്ഞാൽ, നീ ചാടിക്കടിയ്ക്കാൻ വരുന്നതുമൊക്കെ പറഞ്ഞു..നിന്നോട് ഒന്ന് സംസാരിക്കാനും..നിങ്ങൾ തമ്മിൽ സംസാരിച്ചാൽ അത് വലിയ വഴക്കാവുമെന്നും, അത് കുഞ്ഞുങ്ങളെ കൂടെ അഫക്റ്റ് ചെയ്യുമെന്നുമൊക്കെ ആൾക്ക് നല്ല പേടിയുണ്ട്..”

വീണയ്ക്ക് നിന്ന നിൽപ്പിൽ ഇല്ലാതെയായാൽ മതിയെന്ന് തോന്നി..

“വീണ, നിന്റെ പ്രശ്നങ്ങൾ എനിയ്ക്ക് മനസ്സിലായി, പ്രദീപേട്ടനിൽ നിന്നും നീ ആഗ്രഹിക്കുന്ന അറ്റൻഷൻ കിട്ടുന്നില്ല..പക്ഷെ അത് നീ തിരയേണ്ടത് മറ്റൊരാളിൽ അല്ല..ആ മനുഷ്യനിൽ തന്നെയാണ്..കുറ്റങ്ങളും കുറവുകളും ഇല്ലാത്ത മനുഷ്യരില്ല…കാര്യങ്ങൾ തുറന്നു സംസാരിച്ചു തിരുത്താൻ ശ്രെമിക്കാം..ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ മാന്യമായി പിരിഞ്ഞു പോവാം. എന്നിട്ട് വേണമെങ്കിൽ പുതിയൊരു ബന്ധം തുടങ്ങാം..അതിന്റെ വരുംവരായ്കൾ സ്വയം അനുഭവിക്കാം..അതിന്റെ പങ്കു പറ്റാൻ ഒന്നും അറിയാത്ത കുട്ടികളെയോ ഭർത്താവിനെയോ /ഭാര്യയെയോ കൂട്ട് പിടിയ്ക്കാതെ ..”

വീണയ്ക്ക് താൻ തീരെ ചെറുതായി പോയത് പോലെ തോന്നി..

“പുതിയ ബന്ധത്തിലെ ആവേശമൊക്കെ കെട്ടടങ്ങുമ്പോൾ മനസ്സിലാകും, എത്ര വലിയ വിഡ്ഢിത്തമായിരുന്നു ചെയ്തതെന്ന്..പക്ഷെ അപ്പോഴേക്കും ജീവിതം കൈ വിട്ടു പോയിട്ടുണ്ടാകും..ഇങ്ങനെ പോകുന്നവരെക്കാൾ,ഒരു പക്ഷെ അനുഭവിക്കേണ്ടി വരുന്നത് അവരുടെ കുഞ്ഞുങ്ങളും ജീവിതപങ്കാളിയുമായിരിക്കും..ജീവിതകാലം മുഴുവനും മറ്റുള്ളവർക്ക് കളിയാക്കാനുള്ള കഥാപാത്രങ്ങളാവും അവർ…നട്ടെല്ലില്ലാത്ത, ഭാര്യയെ നിലയ്ക്ക് നിർത്താൻ അറിയാത്ത ഭർത്താവ്, അല്ലെങ്കിൽ, ഭർത്താവിനെ പിടിച്ചു നിർത്താൻ കഴിവില്ലാത്ത ഭാര്യ, അവളുടെ കഴിവ് കേടു കൊണ്ടാണ് അവൻ മറ്റൊരു പെണ്ണിനെ തേടിയത്.. അങ്ങനെ പോവും കളിയാക്കലുകൾ .. “

വീണയെ ഒന്ന് നോക്കി തിരിഞ്ഞു നടക്കുന്നതിനു മുൻപായി നിമ്മി പറഞ്ഞു..

“വികാരങ്ങളും വിചാരങ്ങളും അടക്കി നിർത്താൻ കഴിയുന്നത് കൊണ്ടു കൂടിയാണ് മനുഷ്യൻ സമൂഹജീവിയായത്..അല്ലെങ്കിൽ പിന്നെ മനുഷ്യനും മറ്റുള്ള മൃ ഗങ്ങളും തമ്മിൽ എന്ത് വ്യത്യാസം..? “

സ്വയമെന്നോണം പറഞ്ഞു നിമ്മി വീണ്ടും വീണയെ നോക്കി..

“നീ രക്ഷപ്പെട്ടുവെന്ന് കരുതിയാൽ മതി.. ഇനിയെങ്കിലും മനസ്സിലാക്കിക്കോ, മിന്നുന്നതെല്ലാം പൊന്നല്ല..നൊന്തു പെറ്റ സ്വന്തം കുഞ്ഞുങ്ങളെ ഒഴിവാക്കാൻ മാത്രം മഹത്വമൊന്നും ഒരു ബന്ധത്തിനും ഇല്ലെടി..”

നിമ്മി പോയിട്ടും വീണ ഏറെ നേരം അങ്ങനെ നിന്നു…

പിന്നെയവൾ നേരെ ബാത്‌റൂമിൽ കയറി..ഡ്രെസ്സൊന്നും മാറാതെ തന്നെ, ബക്കറ്റിൽ നിന്നും വെള്ളമെടുത്ത് നേരെ തല വഴി ഒഴിച്ചു…ഏറെ നേരം കഴിഞ്ഞാണ് വീണ പുറത്തിറങ്ങിയത്…കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു…

തെല്ലു നേരം കഴിഞ്ഞപ്പോൾ പ്രദീപ്‌ വന്നിരുന്നു..വീണയുടെ അനിയത്തിയും..

അനിയത്തിയെ അവിടെയാക്കി പ്രദീപ്‌ വീണയെ വീട്ടിലേയ്ക്ക് കൂട്ടി..

കാറിൽ വെച്ച്, കുഞ്ഞാവ അവളെ കാണാതെ കരച്ചിലാണെന്നു പ്രദീപ് പറഞ്ഞപ്പോൾ സാരിത്തുമ്പ് വായിൽ തിരുകി വീണ തല കുനിച്ചിരുന്നു…

ആ കുഞ്ഞുങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടിരിക്കാം..കുറച്ചു ദിവസങ്ങൾക്കു ശേഷം, അവർക്ക് അവരുടെ അമ്മയെ തിരികെ കിട്ടിയിരുന്നു….

അന്ന് രാത്രി,കുഞ്ഞുങ്ങൾ ഉറങ്ങി കഴിഞ്ഞു, എനിയ്ക്ക് കുറച്ചു സംസാരിക്കാനുണ്ടെന്നും പറഞ്ഞു,വീണ പ്രദീപിനെ അടുത്ത മുറിയിലേയ്ക്ക് കൂട്ടി കൊണ്ട് പോയി..…

ഒന്നൊഴിയാതെ അവളെല്ലാം തുറന്നു പറഞ്ഞു..വിവേകിനോട് തോന്നിയത് പ്രണയമായിരുന്നില്ലെന്ന് അവൾക്ക് അപ്പോൾ ഉറപ്പിച്ചു പറയാനാവുമായിരുന്നു..പ്രദീപ്‌ തരുന്ന എന്ത് ശിക്ഷയും സ്വീകരിക്കുവാൻ അവൾ മനസ്സ് കൊണ്ട് തയ്യാറെടുത്തിരുന്നു..

തന്റെ സ്ഥാനത്ത് പ്രദീപിനെ നിർത്തി ആലോചിച്ചപ്പോൾ  തന്നെ വീണയ്ക്ക് ഭ്രാന്ത്‌ പിടിച്ചിരുന്നു..പ്രദീപ്‌ മറ്റൊരു പെണ്ണിനൊപ്പം..അങ്ങനെ വെറുതെ ചിന്തിയ്ക്കാൻ പോലും  അവൾക്ക് കഴിഞ്ഞിരുന്നില്ല…

എല്ലാം കേട്ട്, ഒരു പ്രതിമയെ പോലെ ഇരിക്കുന്ന പ്രദീപിനെ ഭയത്തോടെ നോക്കി അവൾ….

“എന്നെ വിട്ടു, മറ്റൊരുത്തനെ തേടി പോവാനും മാത്രം നീയെന്നെ വെറുത്തിരുന്നോ വീണേ..?”

ഹൃദയം തകർന്നുള്ള ആ വാക്കുകളിൽ വീണ തീർത്തും തളർന്നിരുന്നു..

ആ നിമിഷം അവൾ തിരിച്ചറിഞ്ഞു,താൻ സ്നേഹിച്ചത് പ്രദീപിനെ മാത്രമായിരുന്നു..അയാളുടെ പ്രവൃത്തികളോടുള്ള ദേഷ്യവും പ്രതികാരവുമാണ് തന്നെ വിവേകിൽ എത്തിച്ചത്..

“എന്നോട് ഒന്ന് തുറന്നു പറയാമായിരുന്നില്ലേ..? ഞാൻ ഇതൊക്കെ..ഇത്രയൊക്കെ ചെയ്തത് നിങ്ങൾക്ക് വേണ്ടിയല്ലേ…ഈ കഷ്ടപ്പെടുന്നതൊക്കെ…”

പ്രദീപ്‌ കരയുന്നത് അന്ന് ആദ്യമായി വീണ കണ്ടു…അയാളുടെ ഹൃദയത്തിൽ താനുണ്ടാക്കിയ മുറിവിൽ നിന്നും ചോര പൊടിയുന്നത് കണ്ടവൾ സ്വയമുരുകി..

തെറ്റുകളും കുറ്റങ്ങളും,പരസ്പരം സംസാരിച്ചു തീർത്തു, അവരുടെ ജീവിതം മുൻപോട്ട് തന്നെ ഒഴുകിയെങ്കിലും അവർ പിന്നെയും വഴക്കുകൾ കൂടിയിരുന്നു. പിണങ്ങുകയും ഇണങ്ങുകയും ചെയ്തിരുന്നു..വീണ പിന്നെയും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു, പക്ഷെ പ്രദീപിനെയും കുട്ടികളെയും വിട്ടു അവളുടെ മനസ്സ് മറ്റൊന്നും തേടി അലഞ്ഞിരുന്നില്ല….

എത്ര തിരക്കുകൾക്കിടയിലും വീണയ്ക്ക് മാത്രമായി കുറച്ചു സമയം മാറ്റി വെയ്ക്കാൻ പ്രദീപും ശ്രെദ്ധിച്ചിരുന്നു…ഇടയ്ക്കെങ്കിലും മനസ്സിലെ സ്നേഹം പ്രകടിപ്പിക്കണമെന്നും പങ്കാളിയുടെ ഇഷ്ടങ്ങൾ കൂടെ പരിഗണിക്കപ്പെടേണ്ടതാണെന്നും അയാൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു…പഴയത് പോലെ പ്രദീപിന്റെ കുറ്റങ്ങൾ മാത്രം കൂട്ടി വെയ്ക്കാൻ വീണയും ശ്രെമിച്ചില്ല..

അവർക്ക് ചുറ്റും അപ്പോഴും വിവേകുമാരും ധന്യമാരും പുനർജനിച്ചു കൊണ്ടേയിരുന്നു…

സൂര്യകാന്തി 💕(ജിഷ രഹീഷ് )