അവൾ ചുറ്റിലും കൂടിയവരെ നോക്കി..അതു വരെ പകച്ചു നില്കുകയായിരുന്ന സുജിത്ത് ഗേറ്റിലേക്ക് ഓടി…

സ്വപ്നങ്ങളില്‍ വസന്തം വിരിയിച്ചവൾ… 01

എഴുത്ത്: കർണൻ സൂര്യപുത്രന്‍

===============

ബൈക്ക് പാർക്ക് ചെയ്തു സുജിത്ത് വീടിനകത്തേക്ക് കയറുമ്പോൾ  അച്ഛനുമമ്മയും ടീവിക്ക് മുൻപിലാണ്…അമ്മ പച്ചക്കറി അറിയുന്നു..നേരെ അടുക്കളയിൽ കയറി ഒരുഗ്ലാസ് വെള്ളം എടുത്തു കുടിച്ചു..തിരിച്ചു വന്ന് കസേര നീക്കിയിട്ടിരുന്നു ടീവിയിലേക്ക് നോക്കി..നരസിംഹം സിനിമ ഓടുകയാണ്…തിലകൻ  മോഹൻലാലിനോട് ചോദിക്കുന്നു..

“എന്താ ഇന്ദുചൂഡന്റെ ഫ്യൂച്ചർ പ്ലാൻ..?”

അതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ടിവിയുടെ സൗണ്ട് കുറച്ചു വച്ച് അച്ഛൻ സുജിത്തിനെ നോക്കി..

“എന്താ നിന്റെ ഭാവി പരിപാടി?”

ലാലേട്ടനെ പോലെ “ഇവിടിങ്ങനെ കൃഷിയൊക്കെ  നോക്കി..” എന്ന് പറയാനും പറ്റില്ല…വാഴയ്ക്ക് ഒരു താങ്ങു കൊടുക്കാൻ അച്ഛൻ പറഞ്ഞിട്ട് മറന്നു പോയിരുന്നു…ഒടിഞ്ഞു വീണ വാഴയെ നോക്കി അച്ഛൻ നെടുവീർപ്പിടുന്നത് ഇന്ന് രാവിലെ കണ്ടതാണ്….

“സുജീ…നിന്നോടാ. എന്താ നിന്റെ പ്ലാൻ?. കോയമ്പത്തൂരിലെ ജോലി, നീ വിട്ടു…ഞാനൊന്നും പറഞ്ഞില്ല….കുറച്ചു നാൾ ഇടുക്കിയിൽ  പോയി…പിന്നെ അതും വേണ്ട എന്ന് പറഞ്ഞു..നമ്മുടെ കടയിൽ വന്നിരുന്നൂടെ…? അതിലെന്താ  നിനക്കിത്ര കുറച്ചിൽ?”

“കുറച്ചിലാണെന്ന് ഞാൻ പറഞ്ഞോ?എനിക്ക് ഈ നാട്ടിൽ നിന്നും എങ്ങോട്ടെങ്കിലും പോണം..അതിന് ശ്രമിച്ചോണ്ടിരിക്കുകയാ….”

“അച്ചുവേട്ടൻ എത്രയായെടാ നിന്നോട് പറയുന്നേ, ബഹ്‌റൈനിൽ നിനക്ക് എന്തെങ്കിലും ജോലി ശരിയാക്കാമെന്ന്…? നീ കേട്ടില്ല..”

അമ്മ എരിതീയിൽ എണ്ണ കോരിയൊഴിക്കാൻ ശ്രമിക്കുകയാണ്..സുജിത്ത് രൂക്ഷമായി അമ്മയെ നോക്കി..

“മാമന്റെ അടുത്തോ? നല്ല കഥ…അതിലും നല്ലത്  എന്നെ ഒരു കുഴികുത്തി അതിലിട്ട് മൂടുന്നതാ…”

“എന്താടാ എന്റെ ഏട്ടനോട് ഒരു പുച്ഛം?നിനക്കൊക്കെ ഒരുപാട് ചെയ്തു തന്നിട്ടുണ്ട്…”

“അയ്യോ…ഓർമിപ്പിക്കല്ലേ…രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു വാച്ച്  തന്നത് ഇപ്പോഴും പാടി നടക്കുന്ന മഹാനാ അത്…”

അമ്മ മുറിച്ചിട്ട മുരിങ്ങക്കയുടെ കഷ്ണമെടുത്ത് അവനെ എറിഞ്ഞു..അവൻ ഒഴിഞ്ഞു മാറി എഴുന്നേറ്റു…

“ആക്ച്വലി നിങ്ങൾ രണ്ടിന്റെയും പ്രശ്നമെന്താ? ഞാൻ ഇപ്പൊ വെറുതെ നടക്കുവാണോ? പണിക്ക് പോകുന്നുണ്ട്..കിട്ടുന്ന കാശ് നിങ്ങൾക്ക് കൊണ്ടു തരുന്നുമുണ്ട്… “

“ഇല്ലെന്ന് ഞാൻ പറഞ്ഞോ..? നീ ലോഡിങ്ങിനും ഡ്രൈവിങ്ങിനുമൊക്കെ പോയി കാശ് ഉണ്ടാക്കുന്നുണ്ട്…അത് നിന്റെ അമ്മയെ ഏൽപ്പിക്കുന്നുമുണ്ട്..പക്ഷേ അതൊന്നും സ്ഥിരമല്ലല്ലോ? കടയിൽ വന്നിരുന്നാൽ ഈ വെയിൽ കൊള്ളണോ? എനിക്ക് അതൊരു സഹായവുമാവില്ലേ? ഇന്നും  ഒരാൾ ചോദിച്ചു…നാരായണന്റെ മോനെന്തിനാ ഈ ചെങ്കല്ല് കടത്താൻ പോണേന്ന്…”

“വേണ്ടച്ഛാ…അച്ഛൻ  ചെറുപയർ തൂക്കുന്നത് ജ്വല്ലറിയിൽ സ്വർണം തൂക്കും പോലെയാണ് എന്നാ നാട്ടുകാര് പറയുന്നത്..ഇനി എന്നെ പറ്റിയും പറയിക്കണോ?”

“അതേടാ..അങ്ങനൊക്കെ അളന്ന് തൂക്കി കച്ചവടം ചെയ്തിട്ടാ  ഈ വീട് ഉണ്ടാക്കിയതും നിന്നെ പഠിപ്പിച്ചതുമൊക്കെ..അല്ല, നിന്നെ പറഞ്ഞിട്ടും കാര്യമില്ല..വക്കീൽ കുഞ്ഞമ്പുവിന്റെ പരമ്പര അല്ലേ..”?

“ദേ എന്റെ അച്ഛനെ പറ്റി പറഞ്ഞാലുണ്ടല്ലോ…”

അമ്മ ദേഷ്യപ്പെട്ടു…

“കാര്യം പറയുമ്പോൾ ചൂടാവല്ലേ  സുമതീ…നിന്റെ അച്ഛന്റെയും ഇവന്റെയും മൂക്ക് ഒരുപോലാ…നീളമുള്ളത്..പോരാഞ്ഞിട്ട് ആരെന്തു പറഞ്ഞാലും എതിർക്കുന്ന വൃത്തികെട്ട സ്വഭാവവും…അതോണ്ടല്ലേ ആനപാപ്പാനായിരുന്ന അങ്ങേരെ വക്കീലെന്നു നാട്ടുകാർ വിളിച്ചോണ്ടിരുന്നത്..”

സുമതി കോപത്തോടെ നാരായണനെ നോക്കി എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു…

“എന്റെ കാര്യം പറഞ്ഞു നിങ്ങള് വഴക്ക് കൂടണ്ട…എനിക്ക് ഇച്ചിരി പ്ലാനിങ് ഒക്കെയുണ്ട്…ദൈവം സഹായിച്ചാൽ  നടക്കും…നാളെ പാസ്പോർട്ട്‌ ഓഫിസിൽ ഒന്ന് പോണം…”

സുജിത്ത് അമ്മയുടെ പിന്നാലെ അടുക്കളയിലേക്ക് പോയി…

“വക്കീലിന്റെ മോളേ…ചോറ് താ…വിശക്കുന്നു..”

“ആദ്യം പോയി കുളിച്ചിട്ട് വാടാ…. “

“കിടക്കാറാവുമ്പോ കുളിച്ചോളാം…”

“ഉണ്ടാൽ കുളിക്കുന്നവനെ കണ്ടാൽ കുളിക്കണമെന്നാ…”

“മഹാകവി കുഞ്ഞമ്പു പറഞ്ഞതായിരിക്കും..”

“ചെറുക്കാ…നീ  മേടിക്കും..” സുമതി  തവി ഓങ്ങി…എന്നിട്ട് ചോറെടുത്ത് അതിൽ കറിയുമൊഴിച്ച് അവനു നീട്ടി…

“വിസ വല്ലതും ശരിയായിട്ടുണ്ടോടാ?”

“എന്റെ കൂടെ പഠിച്ച റാഫി ഇപ്പൊ തായ്‌ലൻഡിൽ ഉണ്ട്‌…അവൻ എനിക്ക് എന്തേലും ജോലിക്ക് ശ്രമിക്കാമെന്ന് പറഞ്ഞു…പാസ്പോർട്ട്‌ റെഡിയാക്കി വച്ചേക്കാം…”

“തായ്‌ലൻഡോ? അതെവിടാ?”

“മീത്തലെകുന്ന് ജങ്ഷനിൽ ബസിറങ്ങി  ഓട്ടോ പിടിച്ചു പോണം…. “

സുമതി അവന്റെ ചെവിയിൽ പിടിച്ചു  തിരിച്ചു….

“നാക്കിന് നീളം കൂടി വരുന്നുണ്ട്..”

“അച്ഛൻ കഴിച്ചോ?”

“ഉം…നാളെ  നിനക്ക് കാശ് വല്ലതും  വേണോടാ? “

“കൈയിൽ ഉണ്ട്‌….”

അവൻ  ഭക്ഷണം കഴിച്ചു തീർത്ത് എഴുന്നേറ്റു…അച്ഛൻ ആരോടോ ഫോണിൽ സംസാരിക്കുകയാണ്…റൂമിൽ പോയി കുളിച്ചു ഡ്രസ്സ്‌ മാറ്റിയ ശേഷം സുജിത്ത് ഫോണെടുത്തു  രാകേഷിനെ വിളിച്ചു…

“ടാ…നാളെ പാസ്പോർട്ട്‌ ഓഫീസിൽ പോണം..നീ വരുമോ?

“പറ്റില്ലെടാ…വീട്ടിൽ പെയിന്റടി നടക്കുവാ  പെങ്ങളുടെ കല്യാണത്തിന് കുറച്ചു ദിവസമല്ലേയുള്ളൂ. അത് പോട്ടെ…ഞാൻ നിന്നെ വിളിക്കാനിരിക്കുകയായിരുന്നു…”

“എന്താ?”

“ഒരു പെണ്ണുകാണലുണ്ട്…നീ കൂടെ പോകാമോ?”

“ആർക്കാ…?”.

“മാമന്റെ മോനില്ലേ? അരുണേട്ടൻ..അങ്ങേർക്കാ. എനിക്ക് ഇവിടുന്ന് മാറാൻ പറ്റില്ല..നീയൊന്ന് കൂടെ പോ…”

“നാളെ നടക്കില്ല…മറ്റന്നാൾ  നോക്കാം…ഫുൾ ചിലവ് തരാൻ അയാളോട് പറയണം…”

“ഒരു നാരങ്ങ വെള്ളം കിട്ടിയാൽ നിന്റെ ഭാഗ്യം..നിനക്ക് വല്ലതും വേണേൽ ഞാൻ വാങ്ങിത്തരാം…അതൊരു വല്ലാത്ത ജന്മമാടാ….”

രാകേഷ് ഫോൺ വച്ചു…അരുണേട്ടനെ സുജിത്തിനു ചെറിയ പരിചയമേ ഉള്ളൂ,…സ്വന്തമായി ജിം നടത്തുന്നു.. ഗൗരവക്കാരൻ…അധികം സുഹൃത്തുക്കളൊന്നും ഇല്ല..അതു കൊണ്ടാവും പെണ്ണ് കാണലിനു രാകേഷിനെ വിളിച്ചത്…കുറച്ചു നേരം  ഫേസ്ബുക് നോക്കിയ ശേഷം സുജിത്ത് ഉറക്കത്തിലേക്ക് വഴുതി  വീണു….അവൻ  ഒരു സ്വപ്നം കണ്ടു….മനോഹരമായ ഒരു പൂന്തോട്ടം….അതിനരികിലൂടെ  ഒഴുകുന്ന അരുവി….പൂക്കൾ വീണു കിടക്കുന്ന ഒറ്റയടിപ്പാതയിലൂടെ  പതിയെ നടന്നു പോകുന്ന ഒരു പെൺകുട്ടി…!

****************

കോഴിക്കോട് ksrtc ബസ് സ്റ്റാൻഡ്…

മൂലയിലെ  ചെറിയ കടയിൽ നിന്നു ചൂടു ചായ ഊതിക്കുടിച്ചു കൊണ്ടിരുന്നപ്പോൾ അടുക്കി വച്ചിരുന്ന ഹൽവകളിൽ  സുജിത്തിന്റെ കണ്ണുടക്കി…കറുത്ത ഹൽവ…വായിൽ വെള്ളമൂറി..കുട്ടിക്കാലം തൊട്ട് കറുത്ത ഹൽവ അവനു ജീവനാണ്…പ്രത്യേകിച്ച് കോഴിക്കോടൻ ആകുമ്പോൾ രുചി കൂടും…രണ്ടു പാക്കറ്റ് ഹൽവ വാങ്ങി ബാഗിൽ ഇട്ടു…സ്റ്റാൻഡിനു വെളിയിൽ വന്നപ്പോഴേക്കും അച്ഛൻ ഫോൺ വിളിച്ചു.

“നീ എത്തിയോ?”

“ആ എത്തി…അങ്ങോട്ടേക്ക് പോവുകയാ..”

“കഴിഞ്ഞിട്ട് വേഗം വരണം..ചുമ്മാ കറങ്ങിയടിക്കരുത്…”

“എപ്പോ തീരുമെന്നറിയില്ല…തീർന്നാൽ  ഒരു ബിരിയാണി കഴിക്കണം…എന്നിട്ടേ വരൂ..”

“നല്ല സ്വീറ്റ്സ് വല്ലതും കിട്ടിയാൽ വാങ്ങിക്കോ…”  അച്ഛൻ ഫോൺ കട്ട് ചെയ്തു.

ഓട്ടോയിൽ കേറി പാസ്പോർട്ട്‌ ഓഫിസിന് മുന്നിലെത്തിയപ്പോൾ നല്ല തിരക്ക്…ഊഴം  കാത്ത് പുറത്തു നില്കുകയായിരുന്നു…അവൻ ഫോണെടുത്ത്  ഗെയിം കളിക്കാൻ ആരംഭിച്ചു…പെട്ടെന്ന്..മുന്നിൽ നിന്ന ഒരു ചെറുപ്പക്കാരൻ നിലത്തേക്ക് വീണു….മറ്റുള്ളവർ പരിഭ്രമത്തോടെ മാറി…വീഴ്ചയിൽ പടിക്കെട്ടിൽ ഇടിച്ചത് കൊണ്ടാവണം, തലയ്ക്കു പിന്നിൽ നിന്നും ര ക്തം വരാൻ തുടങ്ങി…ആളുകൾ എന്തു ചെയ്യണമെന്നറിയാതെ  അന്ധാളിച്ചു നിൽകുമ്പോൾ ഒരു പെൺകുട്ടി മുന്നോട്ട് ഓടി വന്നു…തന്റെ ബാഗ് തുറന്ന് വാട്ടർ ബോട്ടിലെടുത്ത് അവന്റെ മുഖത്ത് വെള്ളം തളിച്ചു…വരണ്ട ചുണ്ടുകളിലേക്ക് ആ ബോട്ടിൽ വച്ച് കൊടുത്തു…അവനൊന്നു ഞരങ്ങി….

“ആരെങ്കിലും ഒരു വണ്ടി വിളിക്കാമോ ഹോസ്പിറ്റലിൽ കൊണ്ടു പോകണം..ബ്ലീ ഡിങ് ഉണ്ട്‌..”

അവൾ ചുറ്റിലും കൂടിയവരെ നോക്കി..അതു വരെ പകച്ചു നില്കുകയായിരുന്ന സുജിത്ത് ഗേറ്റിലേക്ക് ഓടി..ഒരു ഓട്ടോ അവിടുണ്ട്..

“ചേട്ടാ…ഒന്നു വരാമോ? ഒരാളെ ആശുപത്രിയിൽ കൊണ്ടു പോകാനാ…”

ഡ്രൈവർ പെട്ടെന്ന് തന്നെ ഓട്ടോ അകത്തേക്ക് കയറ്റി…

ആദ്യം ആ പെൺകുട്ടി ഓട്ടോയിൽ കയറി. മറ്റുള്ളവർ ചെറുപ്പക്കാരനെ കയറ്റി…പെട്ടെന്നുള്ള തോന്നലിൽ സുജിത്തും കയറി..ഓട്ടോ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പാഞ്ഞു…

“പേടിക്കാനൊന്നുമില്ല..ബിപി ഡൌൺ ആയതാ…പിന്നെ കുറച്ചു ഉയരത്തിൽ നിന്നു വീണതായത് കൊണ്ടാവാം, തലയ്ക്കു പിന്നിൽ മുറിവുണ്ട്.. സ്റ്റിച്ച് ഇട്ട് കഴിഞ്ഞ് കുറച്ചു റസ്റ്റ്‌ എടുത്തിട്ട് പോകാം..”

ഡോക്ടർ പറഞ്ഞു..ആശ്വാസത്തോടെ നെഞ്ചിൽ കൈ വയ്ക്കുന്ന ആ പെൺകുട്ടിയുടെ മുഖത്തേക്ക് സുജിത്ത് ഉറ്റു നോക്കി…ഇടം കവിളിലെ മറുക് അവളെ കൂടുതൽ സുന്ദരിയാക്കുന്നു. കറുത്ത ഫ്രെയിം ഉള്ള കണ്ണട…ഇളം റോസ് നിറമുള്ള ചുരിദാർ.. ഷാളിൽ ആ ചെറുപ്പക്കാരന്റെ ര ക്തക്കറ പുരണ്ടിട്ടുണ്ട്..അവൾ ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ സുജിത്ത് നോട്ടം മാറ്റി….

രണ്ടു പേരും ഡോക്ടറുടെ റൂമിൽ നിന്നു പുറത്തിറങ്ങി ആ ചെറുപ്പക്കാരൻ കിടക്കുന്നിടത്ത് ചെന്നു…അവൻ കണ്ണു തുറന്ന് കിടക്കുകയാണ്…

“ആഹാ…ആള് ഉഷാറായല്ലോ..കുഴപ്പമൊന്നുമില്ല എന്നാ ഡോക്ടർ പറഞ്ഞത്…..”

ആ പെൺകുട്ടി പുഞ്ചിരിയോടെ പറഞ്ഞു…

“എന്താ പേര്?”

“കിഷോർ…”

കുറച്ചു മണിക്കൂറുകൾ കൂടി ഹോസ്പിറ്റലിൽ നിൽക്കേണ്ടി വന്നു. അതിനു ശേഷം  കിഷോറിനെ  ബസ് കേറ്റി വിട്ടു…

“ഇനിയെന്താ പരിപാടി?” സുജിത്ത് അവളോട്‌ ചോദിച്ചു…

“സമയം കഴിഞ്ഞു..ഇന്നിനി അങ്ങോട്ട് പോയിട്ട് കാര്യമില്ല..ഞാനെന്തായാലും ബിരിയാണി കഴിക്കാൻ പോവുകയാ…കോഴിക്കോട് വന്നിട്ട് ബിരിയാണി തിന്നില്ലെങ്കിൽ കാർണോന്മാരുടെ ആത്മാക്കൾ പൊറുക്കില്ല…താൻ വരുന്നോ?”

“ഞാനില്ല…ഇയാൾ ആരാന്ന് പോലും എനിക്ക് അറിയില്ല…”

“എന്റെ പേര് സുജിത്ത്…ഇടക്കേപ്പുറം ആണ് വീട്…അച്ഛൻ നാരായണൻ  പലചരക്കു കച്ചവടം..അമ്മ സുമതി  വീട്ടമ്മ..ഒറ്റ മകൻ…ഉത്രം നക്ഷത്രം…ഡ്രൈവർ ജോലി ചെയ്യുന്നുണ്ട്…പിന്നെ ലോഡിങ്ങും…”

“ഇതെന്താടോ  കല്യാണലോചന ആണോ?” അവൾ  ചിരിച്ചു…

“ഒരു ബിരിയാണി കഴിക്കാൻ കൂടെ വരാൻ ഇത്രേം ഡീറ്റെയിൽസ് പോരേ?

“അതല്ല..എന്നാലും…” അവൾ ഒന്നു മടിച്ചു..

“എന്റെ കൊച്ചേ ഞാൻ പെൺപിള്ളേരെ പിടിച്ചു വിഴുങ്ങാറില്ല…വരുന്നെങ്കിൽ വാ..ഇത്രയും നേരമായി താനും ഒന്നും കഴിച്ചിട്ടില്ലല്ലോ…”

മുന്നിലെ ഓട്ടോയിലേക്ക് അവൻ കയറി…ഒന്നാലോചിച്ച ശേഷം അവളും..

“ചേട്ടാ…റഹ്മത്ത് ഹോട്ടൽ…” സുജിത്ത് പറഞ്ഞു…ഡ്രൈവർ തലയാട്ടികൊണ്ട് ഓട്ടോ മുന്നോട്ടെടുത്തു…

“തന്റെ പേരെന്താ?”

“അനാമിക…”

ആ സൗന്ദര്യത്തിന് ചേർന്ന പേരാണെന്ന് അവൻ മനസിലോർത്തു…

“താൻ നേഴ്സ് ആണല്ലേ?”

“എങ്ങനെ മനസ്സിലായി?”

“അപകടം പറ്റിയ ഒരാളെ പരിചരിക്കുന്നത് കണ്ടാൽ അറിയാല്ലോ…”

മനോഹരമായ ഒരു പുഞ്ചിരിയായിരുന്നു മറുപടി…

“തന്റെ വീടെവിടാ?”

“ചേലക്കര…”

“ആഹാ..നമ്മൾ അടുത്ത നാട്ടുകാരാണല്ലോ?..ഞാൻ ഇടയ്ക്കിടെ അങ്ങോട്ട് വരാറുണ്ട്..ചെങ്കല്ലിറക്കാൻ….അതുപോട്ടെ താൻ കോഴിക്കോട് ആദ്യമായിട്ടാ വരുന്നത് അല്ലേ?”

“അതെന്താ അങ്ങനെ ചോദിച്ചത്?”

“പുറത്തോട്ട് മിഴിച്ചു നോക്കുന്നത് കണ്ടു ചോദിച്ചതാ….അമേരിക്കയിലെങ്ങാണ്ട് എത്തിയപോലെ..”

അതു കേട്ട് ഡ്രൈവർ ചിരിച്ചു…അനാമിക  ദേഷ്യത്തോടെ അവനെ നോക്കി…

റഹ്മത്ത് ഹോട്ടലിനു മുന്നിൽ ഓട്ടോയിറങ്ങി രണ്ടുപേരും അകത്തു കയറി…തിരക്ക് കുറഞ്ഞു വരികയാണ്…ഒഴിഞ്ഞ ടേബിളിന് ഇരുവശവും ഇരുന്ന് ബിരിയാണി ഓർഡർ ചെയ്തു….കഴിച്ചു കൊണ്ടിരിക്കവേ സുജിത്ത് ചോദിച്ചു..

“ഗൾഫിലേക്ക് പോകുന്നുണ്ടോ?”.

“ശ്രമിക്കുന്നുണ്ട്…ആദ്യം പാസ്പോർട്ട്‌ ശരിയാക്കട്ടെ…ഇയാളോ?”

“എനിക്ക് ഗൾഫിനോട് താല്പര്യമില്ല..തായ്‌ലൻഡ്, മലേഷ്യ, സിങ്കപ്പൂർ…അങ്ങനെ എവിടേലും…”

“അതെന്താ?”

“ഗൾഫിലൊക്കെ നിയമങ്ങൾ ഭയങ്കരമാണെന്നേ…ഒരു സ്വാതന്ത്ര്യം കിട്ടില്ല..”

“ജോലി ചെയ്യാനല്ലേ പോകുന്നത്? അതിനുള്ള സ്വാതന്ത്ര്യം പോരേ?”

“ഏയ്…അതു മാത്രമല്ല..ജീവിതം ആസ്വദിക്കണം…അതിനു ഞാനീപ്പറഞ്ഞ രാജ്യങ്ങളാ ബെസ്റ്റ്…”

“അതൊക്കെ ഇയാളുടെ തോന്നലാ…കൈയിൽ കാശുണ്ടെങ്കിൽ എവിടെ വേണമെങ്കിലും ആസ്വദിക്കാം…കാശുണ്ടാക്കാൻ ഏറ്റവും നല്ലത് ഗൾഫ് രാജ്യങ്ങളാ…”

“നേഴ്സ്മാർക്കൊക്കെ അവിടെ നല്ല ചാൻസാ…ഞാനൊരു പാവം ഡ്രൈവർ…”

“പാവമാണെന്നു മറ്റുള്ളവർക്ക് കൂടി  തോന്നണം…”

“വല്ലതും പറഞ്ഞോ?”.

“ഏയ് ഇല്ല… “

കഴിച്ചെഴുന്നേറ്റ് സുജിത്ത് കാഷ് കൗണ്ടറിൽ എത്തി..അനാമിക പേഴ്‌സ് തുറക്കും മുൻപ് അവൻ  കാശ് കൊടുത്തു…

“എന്റെ ബിരിയാണിയുടെ കാശ് ഞാൻ തരാം..” അവൾ പറഞ്ഞു..

“ആഹാരത്തിന്റെ കണക്ക് പറയാതെടോ…ഒന്നുമില്ലേലും ഒരേ നാട്ടുകാരല്ലേ…”

“എന്നാലും അതു ശരിയാവില്ല സുജിത്തേ…”

“ഒരു കാര്യം ചെയ്യ്…ഇനി ഇങ്ങോട്ട് വരുമ്പോൾ താൻ  വാങ്ങിച്ചു തന്നാൽ മതി…പോരേ?”

അവളൊന്നും മിണ്ടിയില്ല….മധുരപലഹാരങ്ങൾ  വിൽക്കുന്ന കടയിൽ നിന്ന് അവൻ കുറച്ച് സ്വീറ്റ്സ് വാങ്ങി…

“ഇതാർക്കാ…?”

‘വീട്ടിൽ രണ്ടു പിള്ളേരുണ്ട്…എന്റെ അച്ഛനും അമ്മയും…അവർക്കാ…പാസ്സ്പോർട് ഉണ്ടാക്കാൻ വന്നിട്ട്  അതു മാത്രം നടന്നില്ല..ഇന്ന് വീട്ടിൽ ആടുതോമയും  ചാക്കോ മാഷും തമ്മിലുള്ള യുദ്ധമായിരിക്കും..രംഗം തണുപ്പിക്കാൻ ഇത് ഇരിക്കട്ടെ… “

“അച്ഛൻ സ്ട്രിക്ട് ആണോ?”

“ഏയ്…പാവമാ…അച്ഛന്റെ കട  ഞാൻ  നോക്കി നടത്താത്തതിൽ ഇച്ചിരി വിഷമം ഉണ്ട്‌…എനിക്കാണേൽ നാട് തീരെ  ഇഷ്ടമല്ല..അടിച്ചു പരത്തിയ മൂക്കും കുഴിഞ്ഞ കണ്ണുകളുമുള്ള തായ് സുന്ദരികൾ മാടി വിളിക്കുമ്പോൾ ഞാനെങ്ങനെ ഇവിടെ….?”

“ഓ…അതാണ്‌ ആശാന്റെ ഉദ്ദേശം…എന്നെങ്കിലും തന്റെ അച്ഛനെ ഞാനൊന്നു കാണട്ടെ…ഇതൊക്കെ പറയാം..”

“പറഞ്ഞാലും വിശ്വസിക്കൂല…ഞാൻ  നാട്ടിലും വീട്ടിലും നല്ലവനാ…”

അവൻ കണ്ണിറുക്കി ചിരിച്ചു…അവൾ  ബാഗിൽ നിന്നും ഫോണെടുത്തു ആരെയോ വിളിച്ചു…

“കിഷോറേ…വീട്ടിലെത്തിയോ?”

അപ്പുറത്തെ മറുപടി കേൾക്കാൻ സുജിത്തിന് പറ്റിയില്ല….

“ശരി…നീ റസ്റ്റ്‌ എടുക്ക്…” അവൾ ഫോൺ വച്ചു.

“നമ്മൾ ഹോസ്പിറ്റലിൽ കൊണ്ടുപോയില്ലേ? അവനാ..”

“താനെപ്പോഴാ  നമ്പർ വാങ്ങിയെ?”

“സുജിത്ത് മെഡിസിൻ വാങ്ങാൻ പോയില്ലേ? അപ്പോൾ..എന്തേ?”

“ഒന്നുമില്ല…” അങ്ങനെ പറഞ്ഞെങ്കിലും എന്തിനെന്നില്ലാത്ത ഒരസൂയ മനസ്സിൽ മുള പൊട്ടിയത് അവനറിഞ്ഞു…

“അവൻ  വീട്ടിലെത്തിയോ എന്നറിയാനുള്ള ഉത്തരവാദിത്തം നമുക്കില്ലേ? അതുകൊണ്ട് മേടിച്ചതാ..”

അത് ശ്രദ്ധിക്കാത്ത മട്ടിൽ നടന്നു..കൂടെ അവളും..ലിമിറ്റഡ് സ്റ്റോപ്പ്‌ ബസിൽ കയറി രണ്ടുപേരും അടുത്തടുത്തിരുന്നു..രണ്ടര മണിക്കൂറോളമുള്ള യാത്രയിൽ അവർ ഒരുപാട് സംസാരിച്ചു…പഠനത്തെ കുറിച്ച്, നാടിനെ കുറിച്ച്…ജോലിയെ കുറിച്ച്….അവൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ കല്ല് ഇറക്കാൻ അവൻ പലവട്ടം പോയിട്ടുണ്ടെന്നറിഞ്ഞപ്പോൾ അവൾക്കും അത്ഭുതമായി….

“കാർഡിയോളജി ഡിപ്പാർട്മെന്റിന്റെ മുഴുവൻ കല്ലും ഞങ്ങളിറക്കിയതാ…”

“താൻ ഡിഗ്രി കഴിഞ്ഞതല്ലേ? പിന്നെന്താ ഈ ജോലി?”

“ഇത് മാത്രമല്ല..പല ജോലിയും ചെയ്തിട്ടുണ്ട്..കോയമ്പത്തൂരിൽ  ഒരു ഫാക്ടറിയിൽ…പിന്നേ ഇടുക്കിയിൽ ഒരു ബാറിൽ…കൊല്ലത്ത് ഒരു ട്രാവൽ ഏജൻസിയിൽ…അങ്ങനെ പലയിടത്തും…പിന്നെ ഈ ജോലി ഒരു സുഖമാണ്…ഡ്രൈവർ പണിയും  ലോഡിങ് ആൻഡ് അൺ ലോഡിങ്ങും…വൈകിട്ട് അഞ്ചര, ആറിന്  തീരും…വീട്ടിൽ പോയി കുളിച്ചിട്ട് ക്ലബ്ബിൽ…താൻ  കേട്ടിട്ടുണ്ടോ ജ്വാല ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്‌? അവിടെ പോയിരിക്കും…”

“കേട്ടിട്ടുണ്ട്…നിങ്ങളുടെ ക്ലബ്ബിന്റെ വാർഷികത്തിനു പ്രോഗ്രാം കാണാൻ ഞങ്ങൾ വന്നിട്ടുണ്ട്..പഞ്ചായത്ത്‌ ഗ്രൗണ്ടിൽ…രണ്ടു പ്രാവശ്യം ഞാൻ ഡാൻസ് അവതരിപ്പിച്ചിട്ടുമുണ്ട്…”

“ആണോ..? അപ്പൊ നമ്മൾ മുൻപേ കണ്ടിട്ടുണ്ടാവും..ചേലക്കരയിലെ കുറേ സുന്ദരിമാർ എല്ലാ വർഷവും പ്രോഗ്രാം അവതരിപ്പിക്കാറുണ്ട്…അവർക്കിടയിൽ തന്നെ ശ്രദ്ധിച്ചിട്ടില്ല…”

അനാമികയ്ക്ക് ദേഷ്യം വന്നെങ്കിലും അതു പ്രകടിപ്പിച്ചില്ല…രാത്രി  എട്ടു മണിയോടെ അവർ നാട്ടിലെത്തി…കവലയിൽ നിന്നു രണ്ടു വഴിയിലാണ്  പോകേണ്ടത്..

“തന്റെ നമ്പർ ഒന്ന് തരാവോ?” മടിയോടെ അവൻ ചോദിച്ചു..

“എന്തിനാ?”

“വെറുതെ..താല്പര്യം ഇല്ലെങ്കിൽ വേണ്ട…ഇത്രയും പരിചയപ്പെട്ടത് കൊണ്ട് ചോദിച്ചതാ..”

അവൻ  നടക്കാൻ തുടങ്ങി..

“സുജിത്തേ ഒരു മിനിട്ട്…”

അനാമിക അടുത്തേക്ക് വന്നു..

“സേവ് ചെയ്തോ…” അവൾ  നമ്പർ പറഞ്ഞു…

“ഒന്നിങ്ങോട്ട് അടിക്ക്…” സുജിത്ത് അനുസരിച്ചു. അവളുടെ ബാഗിൽ നിന്നും  ‘അലൈ പായുതേ കണ്ണാ… ” എന്ന പാട്ട് ഉയർന്നു….

“അടുത്ത പ്രാവശ്യവും കോഴിക്കോട്ടേക്ക് ഒന്നിച്ചു പോകാം..ഒരു ബിരിയാണിയുടെ കടം ബാക്കിയുണ്ടല്ലോ..പിന്നെ, തനിക്കു നമ്പർ തന്നതിൽ എനിക്ക് പേടിയൊന്നുമില്ല..തായ് സുന്ദരികളോടല്ലേ തനിക്ക് ഇഷ്ടം…”

അവൾ ചിരിച്ചു…

“പിന്നെ, താങ്ക്സ് ഉണ്ട്‌ കേട്ടോ?”

“എന്തിനാ?”

“അത്രയും പേരുണ്ടായിട്ടും ഒരാളെ ആശുപത്രിയിൽ എത്തിക്കാൻ കൂടെ  നിന്നതിന്…പരിചയമില്ലാത്ത ഒരാൾക്ക് വേണ്ടി പൈസയും സമയവും  ചിലവഴിച്ചതിനു…എന്നെ സുരക്ഷിതമായി ഇവിടെ എത്തിച്ചതിന്..”

“ഏയ്…അതത്ര വലിയ കാര്യമൊന്നുമല്ലെടോ..നാളെ  ഞാനെവിടെങ്കിലും വീണു പോയാലും ആരെങ്കിലും ഇതുപോലെ ചെയ്യും…പിന്നെ തന്റെ  കാര്യം…ഏതാനും മണിക്കൂറുകളുടെ പരിചയമേ ഉള്ളെങ്കിലും നേരത്തെ അറിയാവുന്നത് പോലൊരു തോന്നൽ…
ശരിയെന്നാൽ…ഇനി അടുത്ത യാത്രയിൽ കാണാം..തന്നെ വീട്ടിൽ ആക്കണോ?”

“അതൊന്നും വേണ്ട..ഞാൻ ഓട്ടോയിൽ പൊയ്ക്കോളാം….”

“വീട്ടിൽ എത്തിയാൽ ഒരു മെസ്സേജ് വിട്..”

അവൾ തലയാട്ടി  ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു…ഓട്ടോ ചേലക്കര ഗ്രാമത്തിലേക്കുള്ള വഴിയിലേക്ക് പ്രവേശിക്കുന്നതും നോക്കി സുജിത്ത് നിന്നു…എന്നിട്ട് തിരിഞ്ഞു നടന്നു..

വീട്ടിലെത്തി…പോയകാര്യം  നടന്നില്ലെന്നറിഞ്ഞപ്പോൾ ആദ്യം നാരായണൻ വഴക്കു പറഞ്ഞെങ്കിലും കാരണം അറിഞ്ഞപ്പോൾ തണുത്തു….

“എന്റെ അച്ഛനെ പോലെ നല്ല മനസ്സാടീ അവന്റെ…”

“അതു ശരി…ഇത്രേം നാൾ എന്റെ അച്ഛനെ പോലെയാണെന്നാ പറഞ്ഞോണ്ടിരുന്നത്…ഇപ്പൊ മാറിയോ? നിങ്ങള്ടെ അച്ഛന്റെ ഗുണമൊന്നും എന്നോട് പറയണ്ട…നിങ്ങളെന്നെ കെട്ടിയ രാത്രി കു ടിച്ചു ബോധമില്ലാതെ കഴുകാൻ വച്ചിരുന്ന പായസ ചെമ്പിൽ കിടന്നുറങ്ങിയ കരുണൻ തന്നല്ലേ  നിങ്ങളുടെ അച്ഛൻ?”

“എണീറ്റ് പൊയ്ക്കോ…ഇല്ലേൽ ഒറ്റ ചവിട്ട് ഞാൻ വച്ച് തരും…”

നാരായണൻ  ദേഷ്യപ്പെട്ടു…

രാത്രി ഏറെ കഴിഞ്ഞിട്ടും സുജിത്തിന് ഉറക്കം വന്നില്ല..വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു കിടക്കുന്നു…

“സുജീ…ഞാൻ നേരത്തെ എത്തി..കുറച്ചു ജോലിയുണ്ടായിരുന്നു..ഇപ്പൊ തീർന്നതേ ഉള്ളൂ…വല്ലാത്ത തലവേദന…പിന്നെ സംസാരിക്കാം…”

ഇതായിരുന്നു ഉള്ളടക്കം…’പിന്നെ സംസാരിക്കാം ‘എന്ന വരിയിൽ മാത്രം അവന്റെ കണ്ണുകൾ പതിഞ്ഞു…അതൊരു വാഗ്ദാനമായി അവനു  തോന്നി….ഉറക്കത്തിൽ കടന്നു വരാറുള്ള സുന്ദരിക്കുട്ടിക്ക് വേണ്ടി അവൻ കണ്ണുകളടച്ചു…….

*****************

“മൂട്ടിൽ വെയിലടിച്ചിട്ടും എഴുന്നേൽക്കാനായില്ലേ?” അമ്മയുടെ ശബ്ദം കേട്ട് സുജിത്ത് കണ്ണുകൾ തുറന്നു…

“സമയമെന്തായി അമ്മേ?”

“ഒൻപതു കഴിഞ്ഞു..നിനക്കിന്നു പണിയില്ലേ? “

“ലോറി വർക്ക് ഷോപ്പിൽ ആണെന്ന് ഇന്നലെ പറഞ്ഞില്ലേ? പിന്നെന്തിനാ ഇത്ര നേരത്തെ വിളിച്ചത്?”

അവൻ പുതപ്പെടുത്ത്  തലവഴി  ഇട്ടു…സുമതിക്ക് ദേഷ്യം വന്നു. പുതപ്പിന്റെ തുമ്പു പിടിച്ച് അവർ ആഞ്ഞു വലിച്ചു, അതോടൊപ്പം അവനുടുത്തിരുന്ന കൈലിയും  അഴിഞ്ഞു വന്നു….

“അയ്യേ…നിനക്ക് കിടക്കുമ്പോൾ ആ ട്രൗസറെടുത്തിട്ടൂടെ….നാണമില്ലാത്തവൻ…” തുണി അവന്റെ ദേഹത്തേക്ക് ഇട്ടുകൊണ്ട് സുമതി ചിരിച്ചു..

“നടുറോഡിലൊന്നുമല്ലല്ലോ…എന്റെ റൂമിൽ ഞാൻ തുണിയില്ലാതെയും  കിടക്കും..ഒന്ന് പോയേ സുമേ….”

“ഞാൻ പോയേക്കാം…രാകേഷ് വന്നിട്ടുണ്ട്..എവിടെയോ പോകാൻ ഏറ്റിട്ട്ഫോൺ ഓഫ്‌ ചെയ്തു വച്ചെന്നും പറഞ്ഞു നല്ല ചൂടിലാ…”

അപ്പോഴാണ് സുജിത്തിന് ഓർമ്മ വന്നത്..പെണ്ണുകാണാൻ പോകാൻ പറഞ്ഞിരുന്നു..അവൻ ചാടിയെണീറ്റു…കൈലി നെഞ്ചിന് മുകളിൽ  കെട്ടി പുറത്തേക്ക് നടന്നു…അടുക്കളയിൽ രാകേഷ് പുട്ടും കടലക്കറിയും  കഴിക്കുകയാണ്…

“ഇതെന്താ വടക്കൻ വീരഗാഥ കളിക്കുവാണോ?”

കൈലി കെട്ടിയിരിക്കുന്ന സ്റ്റൈൽ നോക്കി രാകേഷ് ചോദിച്ചു…

“അമ്മയല്ലേ പറഞ്ഞത്  ഇവൻ ചൂടിലാണെന്ന്..?”

“അതേടാ..ആയിരുന്നു…തെറി വിളിക്കാൻ തന്നെ വന്നതാ…അപ്പോഴാ കടലക്കറിയുടെ മണമടിച്ചത്…നിനക്ക് വല്ല ഉത്തരവാദിത്തവും ഉണ്ടോ?അരുണേട്ടൻ കയറു പൊട്ടിക്കുകയാ..നിന്നെ അവിടെത്തിച്ചിട്ട് എനിക്ക് പെട്ടെന്ന് തിരിച്ചു പോണം..വീട്ടിൽ പോളിഷിന്റെ പണിക്കാർ ഇന്ന് വരുന്നുണ്ട്…വേഗം റെഡിയാവ്..”

“ഒരഞ്ചു മിനിട്ട്…” സുജിത്ത് ബാത്‌റൂമിലേക്ക് നടന്നു…

“ഇപ്പൊ വരും..നോക്കിയിരുന്നോ…എന്റെ മോനേ..ഇവനതിനുള്ളിൽ കയറിയാൽ  ചുരുങ്ങിയത് ഒരുമണിക്കൂറാ….”

സുമതി  പറഞ്ഞു…

“അമ്മ എനിക്കിട്ട് താങ്ങുന്നത് നിർത്തി ആ തെ ണ്ടിക്ക് രണ്ടു കഷ്ണം പുട്ട് കൂടെ  കൊടുക്ക്…” ബാത്‌റൂമിനകത്തു നിന്നും അവൻ വിളിച്ചു പറഞ്ഞു…

***********

മൂന്ന് സ്ഥലത്ത് പെണ്ണുകാണാൻ പോയി..മൂന്നും അരുണിന് ഇഷ്ടപ്പെട്ടില്ല…ഒരിടത്തു കൂടി പോയിട്ട് സുജിത്തിനെ വീട്ടിലെത്തിക്കാമെന്നു അരുൺ പറഞ്ഞു…മനസ്സില്ലാ മനസോടെ അവൻ സമ്മതിച്ചു..

എല്ലായിടത്തു നിന്നും ചായ കുടിച്ചത് കൊണ്ടോ, പലഹാരം കഴിച്ചത് കൊണ്ടോ, എന്തോ  അരുണിന് വയറു ശരിയല്ല എന്നൊരു തോന്നൽ..ഒരു പരിചയക്കാരന്റെ  വീട്ടുമുറ്റത്ത്‌ കാർ നിർത്തി അരുൺ ടോയ്‌ലെറ്റിൽ കേറിയ സമയത്ത് സുജിത്ത് രാകേഷിനെ  വിളിച്ചു..

“എന്തായെടാ  കാര്യങ്ങൾ?”

“പുല്ലേ…നീയെനിക്ക് എട്ടിന്റെ പണിയാ  തന്നത്…”

“എന്തു പറ്റി?”

“ഇയാളെന്തൊരു  മനുഷ്യനാടാ? പത്തിൽ തോറ്റ ഇങ്ങേർക്ക് പഠിച്ച പെണ്ണിനെ വേണം, വെളുത്ത നിറം  വേണം..മുട്ടൊപ്പം മുടി വേണം..പെണ്ണിന് നുണക്കുഴി വേണം, ഇരുപത്തിരണ്ട് വയസേ പാടുള്ളൂ..ഇതൊക്കെയാ  ഡിമാന്റ്…ഇയാൾക്കുള്ളത് പോലെ പെൺപിള്ളേർക്കും ആഗ്രഹങ്ങളുണ്ടാവില്ലേ? കുറച്ചു മസിൽ ഉള്ളതൊഴിച്ചാൽ  ഇങ്ങേർക്ക് എന്ത് തേങ്ങയാ യോഗ്യത..? ആദ്യം കണ്ട പെണ്ണ് സൂപ്പർ ആയിരുന്നു…അവൾക്ക് മുടി പോരത്രേ….ഇയാക്കെന്തിനാ നീളൻ മുടി? ഊഞ്ഞാലാടാനോ?”

അപ്പുറത്ത് നിന്നും രാകേഷിന്റെ ചിരി കേട്ടപ്പോൾ സുജിത്തിന് ദേഷ്യമിരട്ടിച്ചു…

“നിന്നെയിപ്പോ എന്റെ മുന്നിൽ കിട്ടണം…തല്ലി കൊ ന്നേനെ…”

“എന്നിട്ട് അരുണേട്ടൻ എവിടെ?”

“കക്കൂസിൽ…”

“ങേ!!”

“അതെ…മൂന്നാമത് കാണാൻ പോയ പെണ്ണ് ഇയാളെ ഇഷ്ടപ്പെടാഞ്ഞിട്ട് പണി കൊടുത്തതാണോ എന്നറിയില്ല..കുറേ സമയമായി  ബീവറേജിന്റെ അടുത്തുള്ള ഒരു വീട്ടിൽ കേറിയിട്ട്…ഇനി ഒരിടത്തു കൂടി പെണ്ണ് കാണാൻ ഉണ്ടത്രേ…ടാ…ഇത് അവസാനത്തേതാ… ഇനി മേലിൽ എന്നെ ഇമ്മാതിരി കേസിനു വിളിച്ചേക്കരുത്…”

“സാരമില്ലെടാ…കല്യാണപ്രായം കഴിഞ്ഞ  ഒരാളുടെ വേദന നീ മനസ്സിലാക്ക്…നാളെ ഒരുപക്ഷെ നിനക്കും ഈ അവസ്ഥ വന്നാലോ..?”

“നീ വച്ചിട്ട് പോയേ…”

“സുജീ…നീ ഇങ്ങോട്ട് ഇറങ്ങ്…എല്ലാരും നിന്നെ ചോദിക്കുന്നുണ്ട്…കല്യാണത്തിന് ഒരാഴ്ച കൂടിയേ ഉള്ളൂ…”

“വരാം.. നീ ഫോൺ വയ്ക്ക്…ദേ അങ്ങേര് കക്കൂസിൽ നിന്നു പോരാട്ടം കഴിഞ്ഞിറങ്ങി…”

ഏതൊക്കെയോ വഴികളിലൂടെ കറങ്ങിത്തിരിഞ്ഞ് ഒരു വീടിനു മുൻപിൽ കാർ  എത്തി…

“ഇത് തന്നെയായിരിക്കും അല്ലേ?” അരുൺ സുജിത്തിനെ നോക്കി…

“ദൈവത്തിനറിയാം…എന്തായാലും അരുണേട്ടൻ വാ..ചോദിച്ചു നോക്കാം…”

വീടിന്റെ മുൻപിൽ ഒരു മധ്യവയസ്കൻ  സി ഗരറ്റ് വലിക്കുന്നുണ്ട്…

“പെണ്ണിന്റെ അച്ഛനാണെന്ന് തോന്നുന്നു…ഛെ…പു കവലിയുണ്ടല്ലോ..”

അരുൺ തൃപ്തിയില്ലാതെ പറഞ്ഞു…

“നിങ്ങള് അയാളെയാണോ കല്യാണം കഴിക്കുന്നേ? ഇനി വലി നിർത്തിക്കണമെന്ന് അത്ര നിർബന്ധമാണേൽ അയാളെ  രണ്ടാഴ്ച അരുണേട്ടന്റെ ജിമ്മിൽ ചേർത്തോ…അല്ല പിന്നെ…”

സുജിത്തിന് നല്ല ദേഷ്യം വന്നു…അവൻ കാറിൽ നിന്നിറങ്ങി…കൂടെ അരുണും…സി ഗരറ്റ് താഴെയിട്ട് അയാൾ അടുത്തേക്ക് വന്നു..

“ആരാ..? മനസ്സിലായില്ല..”

“അവൽ മില്ല് നടത്തുന്ന കുമാരന്റെ വീട്..?” അരുൺ ചോദിച്ചു..

“ഇത് തന്നെ…ഞാനാ കുമാരൻ..”

“ഞങ്ങൾ ബ്രോക്കർ കുഞ്ഞുണ്ണി പറഞ്ഞിട്ട് വന്നതാ…”

“അതെയോ.. വാ കേറിയിരിക്ക്..” കുമാരൻ സന്തോഷത്തോടെ അവരെ  സ്വീകരിച്ചു…

പൂമുഖത്ത്  അവരിരുന്നു..

“ഒരു മിനിട്ട്…ഞാൻ മോളേ വിളിക്കാം…” അയാൾ അകത്തേക്ക് കയറി..

“ചായ എടുക്കുന്നുണ്ടെങ്കിൽ എനിക്ക് കട്ടൻ മതി  കേട്ടോ…”

അരുൺ വിളിച്ചു പറഞ്ഞു…ടോയ്‌ലെറ്റിൽ ഇനിയൊരു അങ്കത്തിനു വയ്യാത്തത് കൊണ്ടാണെന്ന് മനസ്സിലായതും  സുജിത്തിന് ചിരി പൊട്ടി…അത് പുറത്തു കാട്ടാതിരിക്കാൻ അവിടിരുന്ന പത്രമെടുത്തു നിവർത്തി…പത്തു മിനിറ്റോളം കഴിഞ്ഞപ്പോൾ  ഒരു പെൺകുട്ടി ട്രേയിൽ ചായയുമായി  വന്നു…റിബൺ കേക്കും, മിക്സ്ചറും നിറച്ച പ്ളേറ്റുമായി കുമാരനും.. അവൾ  സുജിത്തിന്റെ നേരെയാണ് ട്രേ നീട്ടിയത്…

മേലെ പറമ്പിൽ ആൺവീട് എന്ന ചിത്രത്തിൽ  ജഗതിക്കും വിജയരാഘവനും പെണ്ണുകാണാൻ പോയപ്പോൾ അവൾ ജയറാമിന്റെ നേരെ ചായ  നീട്ടിയ രംഗം അവനോർമ്മ വന്നു…അരുണിന്റെ മുഖത്ത് ദയനീയ ഭാവം…

“ഞാനല്ല..ഇതാ  ആള്..” സുജിത്ത് പറഞ്ഞു..ആ കുട്ടി ട്രേ അരുണിന് നേരെ തിരിച്ചു…കട്ടനെടുത്ത് ചുണ്ടോട് ചേർത്ത് അരുൺ അവളെ അടിമുടി നോക്കി…ഇതെങ്കിലും ഇഷ്ടപ്പെടണേ  എന്ന് സുജിത്ത് പ്രാർത്ഥിക്കുകയായിരുന്നു…

“പേരെന്താ ?.എന്ത് ചെയ്യുന്നു?” കുമാരന്റെ ചോദ്യം..

“ഞാൻ അരുൺ…കച്ചേരി മുക്കിൽ ജിം നടത്തുന്നു…ചാമ്പ്യൻസ്…” അരുൺ അഭിമാനത്തോടെ പറഞ്ഞു…

“മോനോ?” ചോദ്യം തന്നോടാണെന്നു തിരിച്ചറിഞ്ഞു സുജിത്ത് ചായഗ്ലാസ്  താഴെ വച്ചു..

“എന്റെ പേര് സുജിത്ത്..ഡ്രൈവറാ…”

“ഓ..അതാണ്‌…എവിടെയോ കണ്ടു നല്ല പരിചയം..വീടെവിടാ?”

“ഇടക്കേപ്പുറം..”

“അവിടൊക്കെ എനിക്കറിയാലോ…ആരുടെ മോനാ?”

“പലചരക്കു കട നടത്തുന്ന നാരായണന്റെ…”

“ആഹാ… നിന്റെ അച്ഛനും ഞാനും പഴയ ചങ്ങാതിമാരാ…കുറേ ആയി ഇപ്പോ കണ്ടിട്ട്…നീ കുഞ്ഞായിരിക്കുമ്പോൾ ഞാൻ അവിടെ വന്നിട്ടുണ്ട്… “

കുറച്ചു നേരം കൂടി സംസാരിച്ചാൽ അയാൾ സുജിത്തിനെ കൊണ്ട് അവളുടെ കഴുത്തിൽ അവിടെ വച്ച് തന്നെ താലികെട്ടിക്കുമെന്ന് ഭയന്ന അരുൺ ഇടപെട്ടു…

“കുട്ടിയുടെ പേരെന്താ…?”

“രമ്യ…”

“ഏതു വരെ പഠിച്ചു…?”

“NTTC…”

അതെന്നാണെന്ന് മനസ്സിലാകാതെ അരുൺ മിഴിച്ചപ്പോൾ സുജിത്ത്  അവനു കേൾക്കാൻ മാത്രം പറഞ്ഞു

“നഴ്സറി ടീച്ചേഴ്‌സ് ട്രെയിനിങ്…”

രമ്യ ഓരോ ചോദ്യത്തിനും മറുപടി പറഞ്ഞത് സുജിത്തിന്റെ മുഖത്ത് നോക്കിയായിരുന്നു..ഇനിയും ഇരുന്നാൽ രംഗം വഷളാവുമെന്ന്  അവനു  തോന്നി…

“അപ്പൊ കുമാരേട്ടാ…ഞങ്ങൾ ഇറങ്ങുകയാ…വിവരം വിളിച്ചറിയിക്കാം…”

“ഓ..അങ്ങനെയാവട്ടെ…നാരായണൻറെ ഫോൺ നമ്പർ താ…എന്റെ കയ്യിലുണ്ടായിരുന്നു…നഷ്ടപ്പെട്ടു..”

ഗത്യന്തരമില്ലാതെ സുജിത്ത് നമ്പർ കൊടുത്തു…കാർ തിരിക്കാൻ അവിടെ സ്ഥലമില്ലായിരുന്നു…അര കിലോ മീറ്ററോളം മുന്നിൽ പോയി തിരിച്ചു വരണം…കാറുമെടുത്ത് അരുൺ അതിന് പോയപ്പോൾ സുജിത്തിന്റെ ഫോണടിച്ചു…അനാമിക…

“ഹലോ…നല്ല ആളാ…പിന്നെ സംസാരിക്കാമെന്നു പറഞ്ഞിട്ട് വിളിച്ചില്ലല്ലോ..?” 

അവൻ പരിഭവിച്ചു…

“അതല്ലേ ഇപ്പൊ വിളിച്ചത്?  അത് പോട്ടെ…താനിപ്പോ എവിടാ?”

“ഒരു പെണ്ണുകാണാൻ വന്നതാ…”

“ആഹാ…കല്യാണം കഴിക്കാൻ തീരുമാനിച്ചോ?”

“എനിക്കല്ലെടോ…ഫ്രണ്ടിന്റെ കസിനാ..”

“രമ്യയെ ഇഷ്ടപ്പെട്ടോ?”

“ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു…ചോദിച്ചില്ല..”

പെട്ടെന്ന് സുജിത്തിന്റെ മനസ്സിൽ ഒരു മിന്നൽ…

“അല്ല ഒരു മിനിട്ടേ…ആ കൊച്ചിന്റെ പേര് താനെങ്ങനെ അറിഞ്ഞു…?”

“ഒന്ന് തിരിഞ്ഞു നോക്ക് മാഷേ…” പൊട്ടിച്ചിരി..

അവൻ തിരിഞ്ഞു നോക്കി..കുമാരന്റെ അടുത്ത വീടിന്റെ വേലിക്കൽ ഫോണും  ചെവിക്കു വച്ച് അനാമിക…വിശ്വസിക്കാൻ കഴിയുന്നില്ല…സന്തോഷവും ആശ്ചര്യവും ഒരുമിച്ച് വന്നു….അവൻ അവളുടെ അടുത്തെത്തി…

“താനെന്താ ഇവിടെ?”

“അത് ശരി…എന്റെ വീടിനു മുന്നിൽ വന്നിട്ട് ഞാനെന്താ ഇവിടെന്നോ?”

“തന്റെ വീട് ചേലക്കര അല്ലെ?”

“ഇത് പിന്നെവിടാ? കർണാടകയോ..?തനിക്കെന്തു പറ്റി സുജീ..?”

അപ്പോഴാണ് സുജിത്തിന് കാര്യം മനസ്സിലായത്…അരുൺ ചുറ്റിവളഞ്ഞു വന്നതിനാൽ സ്ഥലം പിടികിട്ടാഞ്ഞതാണ്…

“എനിക്ക് ഇന്ന് പിരിയിളകി കിടക്കുവാ…ആ പോങ്ങന്റെ കൂടെ  ഇത് നാലാമത്തെ  പെണ്ണ് കാണലാ..മടുത്തു…അത് വിട്..അപ്പൊ ഇതാണ് തന്റെ  വീട്….അല്ലേ?”

അവൾക്ക് പിന്നിലേക്ക് അവൻ കണ്ണോടിച്ചു…ഓടിട്ട ഒരു ചെറിയ കെട്ടിടം.. മുറ്റത്തു തണൽ വിരിച്ചു നിൽക്കുന്ന മാവ്. ചെണ്ടുമല്ലിപ്പൂവുകൾ നിറഞ്ഞ ഒരു പൂന്തോട്ടം…അതിന്റെ നടുവിൽ  ഒരു ചാമ്പയ്‌ക്ക മരം…

“സൂപ്പർ വീട് ..”..

“ഓ…പാവങ്ങൾ ജീവിച്ചു പൊയ്ക്കോട്ടെ..”

“തന്റെ വീട്ടിൽ വേറാരൊക്കെ ഉണ്ട്‌? ഒന്നും പറഞ്ഞില്ലല്ലോ?”

അപ്പോഴേക്കും അരുൺ കാറും കൊണ്ട് വന്നു..

“ശരി..ഞാൻ പോകുവാ…”

“സോറി..ഞാൻ ചായകുടിക്കാൻ വിളിച്ചില്ല…”

“എന്റെ പൊന്നേ…ഓർമിപ്പിക്കല്ലേ…ഒറ്റ ദിവസം കൊണ്ട് ചായ  വെറുത്തു പോയി…”

അവൻ കൈ കൂപ്പി തൊഴുന്നത് കണ്ട് അനാമിക ഉറക്കെ ചിരിച്ചു…അവളോട് യാത്ര പറഞ്ഞു കാറിൽ കയറി..കുറച്ചു മുന്നോട്ട് പോയ ശേഷം അവൻ തിരിഞ്ഞു നോക്കി…അവൾ വേലിയുടെ അടുത്ത് തന്നെ നിൽക്കുകയാണ്…നീലയിൽ വെള്ള പൂക്കളുള്ള നൈറ്റിയിൽ അവൾ അതീവ സുന്ദരിയായ പോലെ….

കാർ മെയിൻ റോഡിൽ പ്രവേശിച്ച ശേഷം അവൻ അരുണിനെ നോക്കി..

“അരുണേട്ടന് രമ്യയെ ഇഷ്ടമായോ?”

“കുഴപ്പമില്ല…അതേതാ ആ പെൺകുട്ടി?”

“ഏത്?”

“നീ സംസാരിച്ചില്ലേ? അത് തന്നെ”.

“എന്റെയൊരു ഫ്രണ്ട് ആണ്..എന്തേ?”

“നല്ല ഭംഗി….”

“അവളുടെ കല്യാണം കഴിഞ്ഞതാ…മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുമുണ്ട്…”

“ശ്ശേ…കണ്ടാൽ  തോന്നില്ല…”

“അത് സന്തൂർ തേച്ചു കുളിക്കുന്നത് കൊണ്ടാവും…”

കളിയാക്കിയതാണെന്ന് മനസ്സിലാക്കാതെ അരുൺ കാറോടിച്ചു…അവനെ കെട്ടുന്ന പെണ്ണിന്റെ അവസ്ഥ ആലോചിച്ചു കൊണ്ട് സുജിത്ത് സീറ്റിലേക്ക് ചാരി…

****************

“നിന്റെ പെണ്ണുകാണൽ പര്യടനം കഴിഞ്ഞോ? “

രാത്രി സുജിത്ത് വീട്ടിലെത്തിയപ്പോൾ നാരായണൻ ചോദിച്ചു…ദേഹത്ത് കുഴമ്പു പുരട്ടി മുറ്റത്തൂടെ നടക്കുകയായിരുന്നു അയാൾ..

“കഴിഞ്ഞു…ഇനിയില്ല… “

“കുമാരൻ വിളിച്ചിരുന്നു..നീ പോയ കാര്യം പറഞ്ഞു…വേറൊന്നു കൂടെ  ചോദിച്ചു..നിനക്ക് ആ കൊച്ചിനെ കെട്ടാൻ താല്പര്യം ഉണ്ടോന്ന്…”

“അങ്ങേർക്കു വട്ടാണോ? അച്ഛനെന്തു പറഞ്ഞു?”

“ഞാനെന്തു പറയാൻ? നിന്നോട് ചോദിക്കട്ടേന്ന് പറഞ്ഞു..”

“അയ്യടാ. എന്തൊരു വിശാലമനസ്കത…കടയിൽ വന്നിരിക്കാത്തതിന് എന്നോട് പക വീട്ടുകയാണ് അല്ലേ?..എന്നാൽ കേട്ടോ…ഞാൻ കെട്ടുന്നെങ്കിൽ അത് ഇന്ത്യക്ക് പുറത്തു നിന്നായിരിക്കും…”

“അതോടെ പൊന്നുമോൻ വീട്ടീന്നും പുറത്താകും…” കയ്യിൽ തോർത്തും സോപ്പ് പെട്ടിയുമെടുത്ത് അങ്ങോട്ട് വന്ന സുമതി പറഞ്ഞു…

“അതെന്താ അമ്മേ…ഇംഗ്ലീഷ് സംസാരിക്കുന്ന മരുമകൾ ഒരഭിമാനം അല്ലേ?”

“എനിക്ക് അത്രക്ക് അഭിമാനിക്കേണ്ട…ദേ..നിങ്ങളിവന്റെ കഥയും കേട്ടു നിൽക്കാതെ പോയി കുളിക്കാൻ നോക്ക്..കിണറിന്റെ അടുത്ത് ചൂടുവെള്ളം കൊണ്ടു വച്ചിട്ടുണ്ട്..”

നാരായണൻ അടുക്കളവശത്തേക്കും  സുമതി അകത്തേക്കും പോയി…സുജിത്ത്  ചവിട്ടു പടിയിലിരുന്നു ആകാശത്തേക്ക് നോക്കി..നല്ല നിലാവ്…നിറയെ നക്ഷത്രങ്ങളും..തണുത്ത കാറ്റ്…പേരറിയാത്ത ഏതോ പൂവിന്റെ മണം ചുറ്റിലും പ്രസരിക്കുന്നു….അനാമികയെപ്പോലെ സുന്ദരിയായ രാത്രി…അവൻ ഫോണെടുത്ത് അവളുടെ നമ്പറിൽ വിളിച്ചു….

“ഹലോ സുജീ…” മധുരമായ സ്വരം..

“ഉറങ്ങിയിരുന്നോ?”

“ഏയ് ഇല്ല…കുറച്ചു തയ്ക്കാനുണ്ടായിരുന്നു..”

“തയ്യലുമുണ്ടോ? “

“അത്യാവശ്യം…ഈ ചുറ്റുവട്ടമുള്ളവർ എന്തെങ്കിലും കൊണ്ടു തരും…”

“തന്റെ വീട്ടിൽ വേറാരൊക്കെ ഉണ്ട്‌?”

“അമ്മയും അനിയത്തിയും…”

“എന്നിട്ട് ഇന്നാരെയും കണ്ടില്ലല്ലോ?”

“അമ്മ കൂലിപ്പണിക്ക് പോകാറുണ്ട്..അനിയത്തി അകത്തുണ്ടായിരുന്നു…”

“ഉം…നമുക്ക് പാസ്പോർട്ട്‌ ഓഫീസിൽ ഒന്നൂടെ പോകണ്ടേ?”

“അടുത്ത ആഴ്ച നോക്കാം സുജീ..നീ  ഫുഡ് കഴിച്ചോ?”

“ഇല്ല..ഇപ്പൊ ക്ലബിൽ നിന്നും വന്നതേയുള്ളൂ..താൻ കഴിച്ചോ?”

“കഴിക്കാൻ പോകുന്നു…”

“ശരിയെന്നാൽ….ഗുഡ്‌നൈറ്റ് “

“ഗുഡ്‌നൈറ്റ് “..

ഫോൺ വച്ചിട്ടും കുറച്ചു നേരം  സുജിത്ത് അങ്ങനെ തന്നെയിരുന്നു…അനാമികയോട് എന്തൊക്കെയോ സംസാരിക്കണമെന്നുണ്ട്…പക്ഷേ വാക്കുകൾ കിട്ടുന്നില്ല…ആ വിടർന്ന മിഴികളും കവിളിലെ മറുകും മനസ്സിൽ  നിറഞ്ഞു നിൽക്കുന്നു…

“നീയെന്താടാ  മാനം നോക്കിയിരിക്കുന്നേ?”

കുളി കഴിഞ്ഞു വരികയായിരുന്ന നാരായണൻ ചോദിച്ചു..

“ഒന്നുമില്ല..ഭാവിയെക്കുറിച്ച് ചിന്തിക്കുകയാ..”

“അതിത്ര ചിന്തിക്കാനൊന്നുമില്ല…കട്ടപ്പുകയാ…”

“അച്ഛാ…ശത്രുക്കളോട് പോലും ഇങ്ങനൊന്നും പറയരുത്..”

“നിന്നോട് പറയും…എടാ…നിനക്ക് തായ്‌ലൻഡിൽ തന്നെ പണിക്ക് പോണം അല്ലേ? അതെന്തിനാണെന്നൊക്കെ എനിക്കറിയാം..നിന്റെ പ്രായം കഴിഞ്ഞല്ലേ ഞാൻ വന്നത്…അമ്മയെ പറ്റിക്കുന്നത് പോലെ എന്റടുത്തു നടക്കില്ല..മഞ്ഞു കൊള്ളാതെ വല്ലതും കഴിച്ചു പോയിക്കിടന്നുറങ്ങ്..”

ചിരിച്ചു കൊണ്ട് നാരായണൻ അകത്തു കയറി…

അപ്പോഴേക്കും സുജിത്തിന്റെ ഫോൺ അടിച്ചു…രാകേഷാണ്…

“നിങ്ങള് അവസാനം കാണാൻ പോയ പെണ്ണിനെ ഇഷ്ടപ്പെട്ടെന്ന് അരുണേട്ടൻ പറഞ്ഞു…അതെവിടാ  സ്ഥലം?”

“ചേലക്കര..”

“മാമനും മാമിയും കാണാൻ പോകുന്നുണ്ട്..നിന്നെ കൂട്ടണ്ട എന്നാ അരുണേട്ടൻ പറഞ്ഞേ…”

“അത് ശരി…അപ്പൊ ഞാൻ പുറത്തായി അല്ലേ?”

“ഏയ് അതല്ല…നിനക്ക് ഗ്ലാമർ കൂടുതലാണത്രേ…അവിടെ നടന്നതൊക്കെ എന്നോട് പറഞ്ഞിരുന്നു…അത് പോട്ടെ..നിന്റെ ഏതോ ഫ്രണ്ടിനെ കണ്ട കാര്യവും പറഞ്ഞിരുന്നു ആരാ അത്?”

“അനാമിക”

“ഏത്? അന്ന് പാസ്പോർട്ട്‌ ഓഫീസിൽ?”

“അതു തന്നെ…”

” ഭയങ്കരാ..അവളുടെ വീട് കണ്ടുപിടിച്ചു അല്ലേ? അരുണേട്ടനെ കൊണ്ട് അങ്ങനൊരു ഉപകാരം ഉണ്ടായല്ലോ…”

“ആ ഒറ്റ കാരണം കൊണ്ടാ ഞാനങ്ങേരെ തല്ലാതെ വിട്ടത്…നിന്റെ മാമന് ഇതൊന്നു മാത്രമേ ഉള്ളോ?”

“ഒരു മോളുമുണ്ട്…കല്യാണം കഴിഞ്ഞു..പക്ഷേ അവളിച്ചിരി വിവരമുള്ള കൂട്ടത്തിലാ…എടാ നീ  പറ്റുമെങ്കിൽ നാളെ ഇങ്ങോട്ടൊന്നു വാ…”

“നോക്കട്ടെ..രാവിലെ വർക്ക് ഷോപ്പിലേക്ക് പോണം..വണ്ടി എന്തായെന്ന് അറിയില്ല..രണ്ടു ദിവസം കഴിഞ്ഞാൽ ബ്രേക്ക് എടുക്കേണ്ടതാ…”

ഭക്ഷണം കഴിച്ച് റൂമിലെത്തി അവൻ  ജനാല തുറന്നിട്ടു. നിലാവെളിച്ചതോടൊപ്പം തണുത്ത കാറ്റും അകത്തേക്ക് പ്രവേശിച്ചു..അനാമിക…എന്ത് നല്ല പേര്…ഇത്രയും സുന്ദരിയായ അവൾക്ക് ഉറപ്പായും ഒരു പ്രണയം ഉണ്ടായേക്കാം എന്ന് മനസ്സ് മന്ത്രിച്ചു….സാരമില്ല…തനിക്കു അവളോട് സൗഹൃദം മാത്രമേ ഉള്ളൂ.. വെറും സൗഹൃദം..അവൻ സ്വയം സമാധാനിപ്പിച്ചു…നിദ്ര വന്നു പുൽകിയപ്പോൾ രാത്രിയുടെ ഏതോ യാമത്തിൽ പഴയ  സ്വപ്നം വീണ്ടും കടന്ന് വന്നു…

മനോഹരമായ പൂന്തോട്ടത്തിലെ ഒറ്റയടിപ്പാതയിലൂടെ  നടക്കുന്ന പെൺകുട്ടി…പൂമരങ്ങളിലിരുന്ന് കിളികൾ പാടുന്നു…ശാന്തമായൊഴുകുന്ന  അരുവി..അവളൊന്നു തിരിഞ്ഞു നോക്കി.. അനാമിക.!!!.. മനോഹരമായ ഒരു പുഞ്ചിരി…കൂടെ നടക്കാനുള്ള ക്ഷണം ആണതെന്ന് തോന്നിയപ്പോൾ അവനും നടന്നു….പതിയെ…പതിയെ….

ബാക്കി ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….