Story written by Anu George Anchani
=============
“എനിക്ക് വേദനിക്കുന്നു..എനിക്ക് വല്ലാണ്ട് വേദനിക്കുന്നു.”
അങ്ങേയറ്റം അസ്വസ്ഥതയോട് കൂടിയുള്ള കരച്ചിൽ എന്റെ ഇരു ചെവികളിലും വന്നലയ്ക്കുന്നത് പോലെ എനിക്ക് തോന്നി. പതം പറഞ്ഞുള്ള നിലവിളി ഓർത്തു വച്ചു കൊണ്ട് കാലുകൾ നീട്ടി വച്ചു ഞാൻ ധൃതിയിൽ നടന്നു. നെടുനീളൻ ചുവരുകൾക്ക് ഇടയിലൂടെയുള്ള വഴിയിലൂടെ നടക്കുമ്പോൾ വെയിലിന്റെ ശക്തി കുറഞ്ഞു തുടങ്ങിയിരുന്നു. എന്നിട്ടും നടന്നു പോകുന്ന വഴിയിൽ പ്ലാസ്റ്റിക് പന്തുരുട്ടി കളിക്കുന്ന രണ്ടുമൂന്നു കുട്ടികൾ അല്ലാതെ വേറെ ആരെയും പുറത്തു കാണാനേ ഇല്ല. ആ തെരുവോരത്തെ എല്ലാവിധ ശബ്ദകോലാഹലങ്ങളും ചെറിയൊരു ഉച്ചമയക്കത്തിന്റെ ആലസ്യത്തിലാണ്ടു കിടക്കുകയാണെന്നു അപ്പോഴെനിക്ക് തോന്നി.
വഴി അവസാനിക്കുന്നിടത്തുനിന്നും വലത്തോട്ട് തിരിഞ്ഞു. ഇളം നീല പെയിന്റ്നെ വെല്ലുവിളിച്ചു തുരുമ്പു മുന്നിട്ടു നിൽക്കുന്ന ഗെയ്റ്റിന് അപ്പുറത്തെ അഞ്ചു നില കെട്ടിടത്തിലെ നാലാം നിലയിലെ ഇടതു ചേർന്ന മൂന്നു മുറി അപ്പാർട്മെന്റ്. മനസിൽ വെറുതെ, പോകുന്ന വഴിയും കാഴ്ചകളും ഉരുവിട്ട് കൊണ്ടിരുന്നു. മറന്നു പോകുമെന്ന് പേടിച്ചിട്ടല്ല. ചെറുപ്പം മുതലേ ഒറ്റയാനായി നടന്നതിന്റെ ബാക്കി പത്രമാണ് ഈ ശീലം.
അല്ലെങ്കിൽ തന്നെ എങ്ങിനെ മറന്നുപോകാൻ ആണ്..ആറേഴു കൊല്ലത്തിനു മേലെയായി ഈ വഴികളും തെരുവും ജീവിതത്തിന്റെ ഭാഗമായിട്ട്, അതല്ലെങ്കിൽ ഈ വഴിയിലൂടെയും തെരുവിലൂടെയുമാണ് എന്റെ ജീവിതം കുറച്ചു കാലങ്ങളായി ഓടുന്നത് എന്നും പറയാം.
പക്ഷേ, ആ ഓട്ടത്തെ വളരെ കൃത്യമായി രണ്ടായി, തിരിക്കാം. “ധനുഷ്മതിയ്ക്ക് മുൻപും അവൾക്കൊപ്പവും…”
ഇപ്പൊ കുറച്ചു നാളായി മൂന്നാം പകുതിയിലൂടെയാണ് സഞ്ചാരമെങ്കിലും എന്റെ ഓർമ്മകളെല്ലാം അവളിൽ തളച്ചിടാനാണെനിക്ക് ഇഷ്ടം.
“ഒരു കല്യാണം കഴിച്ചാൽ അവന്റെയീ മുരട്ട് സ്വഭാവം ഒക്കെ അങ്ങട് മാറുമെന്നേ..” എന്ന പതിവ് പല്ലവികൾക്ക് ശേഷം എന്റെ വീട്ടുകാർ കണ്ടു പിടിച്ചതാണവളെ.
“പരുക്കനെ മെരുക്കാൻ ” അതായിരുന്നു എന്റെ വീട്ടുകാർക്കും കൂട്ടുകാർക്കുമെല്ലാം എന്റെ കല്യാണം. ഒറ്റയ്ക്ക് നടന്നവനെ തളച്ചിടാനൊരു ചില്ല. അത്ര മാത്രം…
വസന്തം ഉമ്മ വച്ചു തുടങ്ങിയ ഇലഞ്ഞി മരത്തിന്റെ ചുവട്ടിൽ വച്ചായിരുന്നു ഞാൻ അവളെ ആദ്യമായി കാണുന്നത്. മൊസാണ്ട പൂവിന്റെ നരച്ച നിറത്തിലൊരു സാരിയിൽ മഴയുടെ ആദ്യ സ്പർശം മേറ്റു വാങ്ങിയ മണ്ണിന്റെ നിറമുള്ള പെണ്ണ്. ആ തവിട്ട് നിറത്തെ കുറച്ചു കാണിക്കുന്ന മറുക് ഭംഗിയേറ്റുന്ന ഉയർന്ന നാസികയും വിടർന്ന കണ്ണുകളും ഇരട്ട താടിത്തുമ്പുമുള്ളൊരു പെൺകൊടി. ഇഷ്ടവും ഇഷ്ടക്കേടും തുറന്നു പറയാൻ കാർന്നവന്മാര് കല്പിച്ചു നൽകിയ സമയപരിധിക്കുള്ളിൽ വീർപ്പുമുട്ടുകയായിരുന്നു ഞങ്ങൾ അപ്പോൾ…
ഇടയ്ക്കിടെ എത്തി നോക്കുന്ന ഇളയമ്മയുടെ തലവെട്ടം കണ്ട് വിയർപ്പു തുള്ളികൾ പൊടിയുന്ന അവളുടെ മുഖം നിസ്സഹായമാകുന്നതു എന്തിനാണെന്ന് എനിക്ക് മനസിലായി. അവൾക്കും ഉണ്ടായിരിക്കണം ഈ കല്യാണത്തിനൊരു “നിർവചനം “.
തുളസി മാലകളും, തളിരോലകളും ആഡംബരം കൂട്ടിയ ഞങ്ങളുടെ കല്യാണത്തിന്റെ പ്രധാന ആകർഷണം മറ്റാരും വില കല്പിച്ചിട്ടില്ലാത്ത വധൂവരന്മാരുടെ പുഞ്ചിരിയുടെയോ സന്തോഷത്തിന്റെയോ ലാഞ്ചനപോലുമില്ലാത്ത മുഖങ്ങൾ ആയിരുന്നു.
കല്യാണശേഷവും കൽക്കട്ട നഗരത്തിലെ എന്റെ ജീവിതത്തിൽ മാറ്റങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും എനിക്ക് ചുറ്റുമുള്ളവയൊക്കെ മാറി തുടങ്ങുന്നത് ഞാൻ പതിയേ അറിഞ്ഞു തുടങ്ങി. മുഴിഞ്ഞ വസ്ത്രങ്ങളുടെ വാട നിറഞ്ഞ കിടപ്പുമുറിക്കു സുഗന്ധം പരത്താൻ കഴിവുണ്ടെന്നു ഞാൻ മനസിലാക്കിയത് ആയിടയ്ക്കാണ്. അടുക്കളയിലെ പാത്രങ്ങൾക്ക് തിളങ്ങാൻ കഴിയുമെന്നും കടും വെയിലേറ്റ് വാങ്ങുന്ന ബാൽക്കണിക്ക് ഒരു കൊച്ചു കാടിനെ ഗ ർഭപാത്രത്തിലെ കുഞ്ഞിനെ പോലെ സംരക്ഷിക്കാൻ പറ്റുമെന്നും. വീടിനുള്ളിൽ പ്രകാശം പരന്നാൽ ഭംഗി കൂടുമെന്നും. വീടിനൊരു പേര് ചൊല്ലി വിളിച്ചാൽ തെറ്റില്ല എന്നും ഞാൻ തിരിച്ചറിഞ്ഞതും “ചാരുതയെന്നു ” ധനുഷ്മതി പേര് ചൊല്ലി വിളിച്ചപ്പോഴായിരുന്നു.
നാട്ടിലെ സർപ്പക്കാവും പാടവരമ്പത്തും ഓടി നടന്നിരുന്ന തവിട്ട് പെൺകൊടിക്ക് വേറെ ഒന്നിനെയും പേടിയില്ലെങ്കിലും തിരക്ക് പിടിച്ച നഗരംവീഥിയും ഒട്ടനവധി ശബ്ദകോലാഹലങ്ങൾ കലപില കൂടുന്ന തെരുവോരത്തിന്റ ഓർമ്മയിൽ പോലും അവൾ ഞടുങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. മനപ്പൂർവ്വം തമ്മിൽ അകലമിട്ട് നടക്കുന്ന സമയത്തൊക്കെയും തൊട്ടു തൊട്ടില്ല എന്ന മട്ടിൽ എന്നിലേയ്ക്ക് പറ്റികൂടുന്നത് ആദ്യമൊക്കെ എനിക്ക് അവളോടുള്ള അകൽച്ചയ്ക്ക് ആക്കം കൂട്ടിയതേയുള്ളൂ…
ആൾക്കാരും വാഹനങ്ങളും തൊട്ടുരുമ്മി സഞ്ചരിക്കുന്ന തെരുവിലെ ഒരു സന്ധ്യാനേരത്താണ് ഒരു ഗത്യന്തരവും ഇല്ലാതെ എന്റെ ഉള്ളം കയ്യിലേയ്ക്ക് അവൾ അവളുടെ വലം കൈ തിരുകി പിടിപ്പിച്ചത്. ആ കൈകളിലെ ചൂട് ആദ്യമായ് അറിയുകയായിരുന്നു ഞാനന്ന്. മനസ്സിന്റെ ഒരു കോണിൽ തണുപ്പ് പടർത്തുവാൻ ആ ചെറു ചൂടിനന്ന് കഴിഞ്ഞു…
എന്നിലൊരു പ്രണയഭാവമോ, കാ മമോ പടർത്തുവാൻ കഴിയാത്ത അവളുടെ സൗന്ദര്യത്തിൽ ഞാൻ കണ്ണുവെയ്ക്കാൻ തുടങ്ങിയത് അന്ന് മുതൽക്കെയാണ്.
പതിയേ പതിയേ അവളുടെ വിയർപ്പിന്റെ ഗന്ധമാസ്വദിക്കാനും ഇടകൂർന്ന മുടിചുരുളിൽ എന്റെ മുഖം ഒളിപ്പിച്ചു ഉറങ്ങുവാനും ഞാൻ പഠിച്ചു.
അവളാകട്ടെ “പരുക്കനിലെ” പ്രേമരോഗിയെ പുറത്തു ചാടിക്കുവാൻ നിരന്തരം പരിശ്രമിച്ചു കൊണ്ടേയിരുന്നു. എന്റെ പരാജയങ്ങളെ ഞങ്ങൾ ഇരുവരും അത്രയധികം സന്തോഷത്തോടെ സ്വീകരിച്ചു. ഏറ്റവുമൊടുവിൽ മൂന്നുമാസങ്ങൾക്ക് മുന്നേ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ ഞാൻ എന്റെ കൈ നീട്ടി സ്വീകരിച്ചു. ഒപ്പം ഏറ്റവും വലിയ ദുഃഖത്തെയും…
വീണ്ടും വീണ്ടും ഒരു നിലവിളി ശബ്ദം എന്റെ കാതുകളിൽ വന്നലയ്ക്കുന്നത് പോലെയെനിക്ക് തോന്നി. ചിന്തകളുടെ ഭാരം കാലുകളെയും ബാധിച്ചുവോ..? ചിന്തകളെ മുറിച്ചിട്ടു കാലുകൾക്ക് ഞാൻ ഉത്തേജനം പകർന്നു…
നാലാം നിലയുടെ രണ്ടു ഭിത്തികൾക്ക് ഉള്ളിൽ കാലാകാലങ്ങളായി ശ്വാസം മുട്ടി കിടക്കുന്ന പരുക്കൻ പടിക്കെട്ടിലൂടെ മുകളിലെ നീളൻ വരാന്തയിലേയ്ക്ക് അടുത്ത് തുടങ്ങിയപ്പോൾ പുറത്തെ നരച്ച വെയിലിനു മങ്ങലേറ്റ് തുടങ്ങിയിരുന്നു.
വരാന്തയിൽ നിന്നും വൃത്തിയുള്ള, നിറയേ മഞ്ഞപ്പൂക്കൾ വരഞ്ഞ കർട്ടൻ വകഞ്ഞു മാറ്റി. കാലപ്പഴക്കം പുറത്തു കാണിക്കാതിരിക്കാൻ ധൃതിയിൽ ആരോ നിറം മങ്ങിയ പോളിഷ് അടിച്ച തടി വാതിലിന്റെ താക്കോൽ കുഴലിന്റെ ഉള്ളിലേയ്ക്ക്, എന്റെ കയ്യിലിരുന്ന അതിന്റെ ഇണയെ ചേർത്ത് വച്ചു.
അവർ തമ്മിലൊരു മല്പിടുത്തത്തിന്റെ അവസാനം ” ചാരുത” യെന്നു ഞങ്ങൾ പേര് ചൊല്ലി വിളിക്കുന്ന, തടിഫലകത്തിൽ അതേ പേര് ചാർത്തിയ വാതിലും , ഭവനവും എനിക്ക് മുന്നിലായ് മലർക്കേ തുറന്നു.
ഒരു ടീപോയും, മങ്ങിയ നിറത്തിലുള്ള ചെറിയ ഒരു സോഫാ സെറ്റിയും. സൂര്യ മുഖമുള്ള വാൾ ക്ലോക്കും , അങ്ങിങ്ങു തറയിലും ഭിത്തിയിലുമായി സ്ഥാനം പിടിച്ചിരുന്ന “മോഡേൺ ബോട്ടിൽ ആർട്ട്” കളുമൊക്കെയായി ഒരു കൊച്ചു സുന്ദരിയായിരുന്നു ചാരുതയുടെ സ്വീകരണ മുറി
ആ സുന്ദരിക്കൊരു തിലകം പോലെ മുറിയുടെ ഒത്തനടുവിൽ ആ വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഒന്ന് സ്ഥാനം പിടിച്ചിരുന്നു.
ആകാശനീലനിറത്തിൽ കുഞ്ഞു വെള്ള അരിപ്പൂക്കൾ വാരി വിതറിയ അലങ്കാരപണിയുള്ള ഭംഗിയുള്ളൊരു കോട്ടൺ സാരികൊണ്ടുള്ള തുണി തൊട്ടിൽ.
കുഞ്ഞു ഭാരത്താൽ താണ് കിടക്കുന്ന തൊട്ടിൽ കണ്ട മാത്ര എന്റെ ഹൃദയം ആർദ്രമായി. ഞാനെന്റെ വലത് കൈപത്തിയുടെ ചൂണ്ടു വിരലും തള്ള വിരലും കൊണ്ട് ആ നനുത്ത തൊട്ടിൽ തുണിയിൽ പിടിച്ചോന്നു ഉലച്ചു വിട്ടു. തന്ത്രികൾ മീട്ടിയ ഒരു സംഗീത ഉപകരണം പോലെയത് മെല്ലെ മെല്ലെ അനങ്ങി തുടങ്ങി. അതിലുറങ്ങുന്ന ഉണങ്ങിയ ചൊടികളുള്ള കുഞ്ഞു ദേഹത്തെ കണ്ടെനിക്ക് നെഞ്ച് വല്ലാണ്ട് കൊളുത്തി വലിച്ചു.അമ്മിഞ്ഞപാൽമണമുള്ള എന്നാൽ മു ലകണ്ണിന്റെ സ്പർശനമറിയാത്ത കുഞ്ഞിളം ചുണ്ടുകൾ.
കയ്യിലിരുന്ന ബാഗും, മൊബൈലുമെല്ലാം മുറിയുടെ അറ്റത്തുള്ള മേശയുടെ മുകളിലേയ്ക്ക് മാറ്റുമ്പോൾ ഒരു ചെറു ശബ്ദം പോലും കേൾപ്പിക്കാതെയിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു.
ഒരു ചെറിയ ദീർഘനിശ്വാസത്തോടെ കുറച്ചു കാലങ്ങളായി പെൺപെരുമാറ്റം നന്നേ കുറഞ്ഞ ” ചാരുതയുടെ ” അടുക്കളയിലേയ്ക്ക് ഞാൻ ചുവടു വച്ചു. അപ്രതീക്ഷിതമായി തങ്ങളുടെ സാമ്രാജ്യത്തിലേയ്ക്ക് കടന്ന് വന്ന അതിഥിയെ കണ്ട ഒന്നോ , രണ്ടോയിനം പാറ്റകളും പല്ലിയും തങ്ങളെ മറച്ചു പിടിക്കാൻ പറ്റുന്ന ചെറു ഇരുട്ടുകളിലേയ്ക്ക് ഓടി മറയുന്നത് കണ്ട് ഒരു കാലത്ത് ഞാനും മറ്റുള്ളവരിൽ നിന്നും ഓടി ഒളിക്കുവാൻ ഇതേ പ്രക്രീയകൾ ചെയ്തിരുന്നു എന്നോർത്തെനിക്ക് അത്ഭുതം തോന്നി.
കൈകൾ നന്നായി കഴുകിയതിനു ശേഷം ഫ്ലാസ്കിൽ നിന്നും ചെറു ചൂട് വെള്ളം ചില്ലുഗ്ലാസിലേയ്ക്ക് പകർന്നു വച്ച്, പഴയ പാൽ പൊടി ടിന്നിൽ നിന്നും ഉണക്കമുന്തിരികൾ എടുത്തു കഴുകി ചൂടുവെള്ളത്തിലേയ്ക്ക് കുതിരുവാൻ വേണ്ടി എടുത്തിട്ടു.
മുന്തിരി കുതിർത്ത വെള്ളം കുഞ്ഞിന്റെ വിശപ്പകറ്റാൻ നല്ലതാണെന്നു എനിക്ക് പറഞ്ഞു തന്നത് പകൽ സമയത്തു വീട്ടു ജോലിയ്ക്കു വരുന്ന ശശി ദീദിയാണ്.
സദാ മീൻ മണക്കുന്ന അവരെ എനിക്ക് നേരത്തെ വെറുപ്പായിരുന്നു. ഞങ്ങൾ താമസിക്കുന്ന തെരുവിനപ്പുറമുള്ള അലക്കുകാരുടെ കോളനിയിലാണ് അവരുടെ വീട്. കൈ നിറയേ ചോപ്പും വെള്ളയും പ്ലാസ്റ്റിക് വളകളിടുന്ന തനി ബംഗാളി സ്ത്രീ. തൊട്ടടുത്ത അപ്പാർട്ടുമെന്റുകളിൽ അലക്കിയ തുണി കൊടുക്കാനും, മുഷിഞ്ഞവ എടുക്കാനും വരുന്ന അവരെ ഞാൻ എന്നും ഒരു കൈ അകലത്തിൽ നിർത്തിയിട്ടേ ഉണ്ടായിരുന്നുള്ളു…
എന്നാൽ ഇപ്പോഴോ..?ഞാൻ വളരെ നിസ്സാരയായി കണ്ട ആ സ്ത്രീയ്ക്കു പോലും എന്റെ ജീവിതത്തിൽ വളരെ വിലയുണ്ട്. അവരുടെ സമയത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ചു ഞാൻ എന്റെ ദിനചര്യകളെ വരെ മാറ്റാൻ തുടങ്ങിയിരിക്കുന്നു.
ബാക്കി വന്ന ചൂട് വെള്ളം മറ്റൊരു ഗ്ലാസിലേയ്ക്ക് ഒഴിച്ച് അതിലേയ്ക്ക് കുറച്ച് കാപ്പിപ്പൊടിയും പഞ്ചസാരയും ചേർത്തിളക്കി ഞാൻ ഒരു കടുംകാപ്പി തട്ടി കൂട്ടി ചുണ്ടോടടിപ്പിച്ചു. വെള്ളത്തിനു ചൂടത്ര പോരാഞ്ഞിട്ടാണെന്നു തോന്നുന്നു കാപ്പിപൊടി തരികൾ മുഴുവനായി കലങ്ങാതെ അങ്ങിങ്ങായി ഉരുണ്ടു കൂടിയിരുന്നു. എന്നാലും ചെറിയൊരു ഉന്മേഷം പകർന്ന് തരാനത് ധാരാളമായിരുന്നു.
അടുക്കളയോട് ചേർന്ന് തന്നെയാണ് ചെറിയ ബാൽക്കണി ഭംഗി കൂട്ടുന്ന ചാരുതയുടെ പ്രധാന കിടപ്പു മുറി. വാതിൽപാളികൾ ചെറുതായ് തള്ളി തുറന്നു അകത്തേയ്ക്ക് കയറുമ്പോൾ ഉള്ളിൽ ചെറിയ ഒരു ആശങ്ക ഉണ്ടായിരുന്നു. വാതിൽ പാളികൾ തമ്മിലിടയുന്ന ചെറിയ ശബ്ദം പോലും കേൾപ്പിക്കാതെയിരിക്കാൻ ഞാൻ അതീവ ശ്രദ്ധാലുവായിരുന്നു.
വായിച്ചു തീർത്തവയും, ഇനിയും വായിക്കാൻ ബാക്കി വച്ചിരിക്കുന്ന, പഴയ ലൈബ്രറിയുടെ മണവും അക്കങ്ങളും പേറി തന്റെ ഊഴം കാത്തിരിയ്ക്കുന്ന പുസ്തകങ്ങൾ ഭംഗിയായി അടുക്കി വച്ചിരിക്കുന്ന തോളൊപ്പം പൊക്കമുള്ള തടിയലമാരയെ കടന്ന് അധികം ചുളിവ് വീഴാത്ത വിരിയുള്ള കട്ടിലിലെ ചടഞ്ഞു കിടക്കുന്ന രൂപത്തെ ഞാൻ പതിയേ തട്ടി വിളിച്ചു.
“ധനൂ”…!
ചട പിടിച്ചു, കൂട്ടിപ്പിണഞ്ഞു മുഖത്തേയ്ക്ക് പാറിയ മുടിയിഴകൾ ഒതുക്കി വച്ചു ഞാനെന്റെ ചുണ്ടുകൾ അവളുടെ ചെവിക്കരികിലായ് ചേർത്ത് വച്ചു.
“ധനുഷ്മതി…!
എന്റെ ശബ്ദമിത്തിരി ഉയർന്നു കേട്ടത് കൊണ്ടാവാം കുഴിഞ്ഞ മിഴികൾ മിഴിച്ചു ഒരു മാത്ര അവൾ എന്നെ നോക്കി. നീർ പോലും വറ്റിയ കണ്ണിൽ ഒരാശ്വാസത്തിന്റെ മിന്നായം ഞാൻ കണ്ടു. ഉണങ്ങി,തൊലിയടർന്ന ചുണ്ടുകൾ മലർക്കേ തുറന്നവൾ ഏങ്ങലടിക്കാൻ തുടങ്ങി.
“എനിക്ക് വേദനിക്കുന്നു..എനിക്ക് വല്ലാണ്ട് വേദനിക്കുന്നു..!ഞാനത് പ്രതീക്ഷിച്ചതായിരുന്നു. കഴിഞ്ഞ മൂന്നുമാസക്കാലമായി എന്റെ കാതുകളിൽ ഞാൻ തന്നെ റെക്കോർഡ് ചെയ്തു വച്ചു ഇടതടവില്ലാതെ കേൾക്കുന്ന പല്ലവി.
നെഞ്ചിലടക്കി പിടിച്ച തലയിണ സാവധാനം അവളിൽ നിന്നും അടർത്തി മാറ്റവേ എന്റെ കൈകളിൽ ഞാൻ അറിഞ്ഞു അവളുടെ നെഞ്ച് വേദനിപ്പിച്ചു കല്ലിച്ചു കിടക്കുന്ന മു ലപ്പാലിന്റെ നനവ്…പിന്നെയെന്റെ ചലനങ്ങൾ എല്ലാം പെട്ടന്നായിരുന്നു. നല്ല ചൂട് വെള്ളത്തിൽ കഴുകി ബാൽക്കണിയിലെ വെയിലിൽ ഉണക്കിയ “ബ്രെസ്റ്റ് പമ്പ് ” കയ്യിലെടുത്തു. അവളുടെ വസ്ത്രങ്ങളുടെ ഹുക്ക് വിടുവിച്ചു ന ഗ്മായ മാ റിടത്തിലേയ്ക്ക് ആ ഉപകരണത്തിന്റെ വായ്തല ചേർത്ത് വച്ചു
വിളറി വെളുത്ത കണ്ണീരൊഴുക്കുന്ന രണ്ടു കണ്ണുകൾ എന്നിൽ നന്നേ നീറ്റൽ പടർത്തി. മുൻപ് എന്നിൽ കാ മമോ, പ്രണയമോ പടർത്താത്ത അവളുടെ മാ റിടമിപ്പോൾ എന്നിൽ ചുരത്തുന്നത് വാത്സല്യമാണ്.
ചെറിയ ഹാൻഡ് പമ്പിൽ ഞാൻ അമർത്തുമ്പോൾ ഊറിക്കൂടുന്ന അമൃത്കണക്കെ പരിശുദ്ധമായ വാത്സല്യം.
ഇരു മാ റിലെയും ഭാരം കുറഞ്ഞതിന്റെ ആശ്വാസം ധനുവിന്റെ മുഖത്തു പ്രതിഫലിക്കുന്നുണ്ടായിരുന്നു. പിഴിഞ്ഞെടുത്ത മു ലപ്പാൽ ചെറിയ ഫീഡിങ് ബോട്ടിലുകളിലാക്കി ഫിഡ്ജിൽ വച്ചു വരുമ്പോഴേയ്ക്ക് അവൾ മയങ്ങി തുടങ്ങിരുന്നു.
ഗർഭകാലത്തിന്റെ തുടക്കത്തിൽ തന്നെ ധനു വലിയ ആശങ്കയിൽ ആയിരുന്നു.പ്രസവത്തോടെ അമ്മ മരിച്ച കുഞ്ഞായി തന്നെ പോലെ തന്നെ തന്റെ കുഞ്ഞും വളരേണ്ടി വരുമോ എന്നൊരു ചിന്ത അവൾക്കുണ്ടായിരുന്നു. ഇളയമ്മയുടെ ആട്ടും തുപ്പും ഏറ്റു വാങ്ങുന്ന കുഞ്ഞു ധനുവിനെ നിസ്സഹായതയോടെ നോക്കി നിൽക്കുന്ന അവളുടെ അച്ഛന്റെ സ്ഥാനത്തു എന്നേ സ്വപ്നം കണ്ടവൾ രാത്രിയിൽ വാവിട്ട് കരയുന്നത് പതിവായിരുന്നു. അവളെ തലോടി ആശ്വസിപ്പിച്ചിരുന്ന ആ രാത്രികളിലൊക്കെയും ഞാൻ മനസിലാക്കിയിരുന്നു കാലം അവളിലെ കുഞ്ഞു മനസ്സിൽ ഏല്പിച്ച ആഘാതങ്ങളുടെ ആഴം. അതൊക്കെയാവാം പോസ്റ്റ് പാർട്ടം ഡിപ്രെഷൻ എന്ന അവളുടെ ഇപ്പോഴത്തെ അവസ്ഥയിലേയ്ക്ക് അവളെ കൈ പിടിച്ചു നടത്തിയത് എന്നാണ് വൈദ്യശാസ്ത്രത്തിന്റെ നിഗമനവും.
പ്രസവിച്ച കുഞ്ഞിനെ അവൾ തിരിച്ചറിയുന്നില്ല. താനൊരു അമ്മയായി എന്നവൾ മറന്നു പോയിരിക്കുന്നു. കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമ്പോ അവൾ അങ്ങേയറ്റം അസ്വസ്ഥയാകും. നെഞ്ചിലൂറി കൂടുന്ന കനം തന്നെ വേദനിപ്പിക്കാൻ മാത്രമുള്ളതാണ് എന്നവൾക്ക് തോന്നി തുടങ്ങിയിരിക്കുന്നു. ആ വേദനയിൽ അവൾ നിസ്സഹായയായി പോവുകയും അലറി കരയും ചെയ്യും. ഞാൻ മാത്രമാണവളുടെ വേദന സംഹാരി. ശശി ദീദി പകൽ സമയത്ത് ഒപ്പം ഉണ്ടാവുമെങ്കിലും അവരെ അവൾ അടുപ്പിക്കാറില്ല.
നെഞ്ചിൽ പാൽ കെട്ടി, പനി പിടിച്ചു ആശുപത്രി വാസം പതിവായി തുടങ്ങിയപ്പോഴാണ് പാൽ വറ്റുവാൻ ഡോക്ടർ മരുന്ന് നിർദേശിച്ചത്. പക്ഷേ മു ലപ്പാൽ അല്ലാതെ മറ്റൊന്നും കഴിക്കാൻ ഞങ്ങളുടെ ആരോമലിന് ഇഷ്ടവുമല്ല. പൊടിപ്പാൽ കുടിച്ചു വയറിളകിയും ഛർദിച്ചും അവശനായ അവനെ കണ്ടപ്പോഴാണ് ധനു കുറച്ചു വേദനിച്ചോട്ടെ എന്ന് ഞാൻ തീരുമാനിച്ചത്.
അല്ലെങ്കിലും തിരിച്ചു പഴയ പടി ആകുന്ന കാലത്ത് ഈ കഥകൾ എല്ലാം കേട്ടവൾ തന്റെ കുഞ്ഞിന് മു ലപ്പാൽ നിഷേധിച്ച എന്നേ അവളുടെ കൂർത്ത നോട്ടത്തിന്റെ മുൾമുനയിൽ അവൾ നിർത്തും.
കുഞ്ഞിളം ചുണ്ടിന്റെ സ്പർശനത്താൽ അമ്മയുടെ സ്നേഹവും കരുതലും വാത്സല്യവും എല്ലാം ഒന്നിച്ചു ചുരത്തേണ്ട മു ലപ്പാൽ ബലം പ്രയോഗിച്ചു കവർന്നെടുക്കുമ്പോൾ എന്റെ കണ്ണുകൾ ഈറൻ അണിയും.
കുഞ്ഞിന്റെ കരച്ചിലാണ് എന്നേ ചിന്തകളിൽ നിന്നും ഉണർത്തിയത്. തൊട്ടിൽ നിന്നെടുത്തു കയ്യിലെടുത്തു പിടിച്ചു ചെറുതായി അനക്കി കൊടുത്താൽ ആളുടെ കരച്ചിൽ അടങ്ങി കൊള്ളും. അമ്മയുടെ ശീലങ്ങൾ ആരോമലിനും ഇപ്പൊ പിടി കിട്ടി തുടങ്ങിയെന്നു തോന്നുന്നു. ധനുവിന്റെ ശബ്ദം ഉയർന്നു തുടങ്ങുമ്പോഴേ ആൾ പതിയേ നിശബ്ദനായി കാത്തോർക്കും. പിന്നെ കണ്ണ് ചിമ്മി തുറന്നു പല വിധ ചിന്തകൾ അലട്ടുന്നത് പോലെ ഓർത്തു കിടക്കും.
രാത്രിയിലെ എന്റെ പാചകവും കഴിഞ്ഞാണ് ധനു ഉറക്കം ഉണർന്നത്. അതിനിടയിൽ ആരോമൽ ഒന്ന് രണ്ടു വട്ടം ഉണരുകയും കളിക്കുകയും പാൽ കുടിച്ചു ഉറങ്ങുകയും ചെയ്തിരുന്നു. പതിവിന് വിപരീതമായി ഉറക്കം ഉണർന്നാലും കിടക്കയിൽ തന്നെ കിടക്കുന്നശീലം കളഞ്ഞു ജാലകം വാതിലിലൂടെ പുറത്തേയ്ക്ക് നോക്കി നിൽക്കുന്ന ധനുവിനെയാണ് മുറിയിലേയ്ക്ക് ചെന്ന ഞാൻ കണ്ടത്. നീളം മുടിയുടെ കെട്ടുകളിൽ കൈവിരലുകൾ കോർത്തു കെട്ടുകൾ വിടുവിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നുണ്ട്.
“ധനൂ..!”
എന്റെ വിളികേട്ടവൾ തിരിഞ്ഞു നോക്കിയില്ല എങ്കിലും പൊടുന്നനെ നിശ്ചലമായ വിരലുകളിൽ നിന്നും എന്നേ അവൾ ശ്രദ്ധിക്കുന്നു എന്ന് എനിക്ക് മനസിലായി. അവളുടെ പുറകിലായി ചേർന്നു നിന്ന് വലം തോളിലേക്ക് മുഖമമർത്തിയ എന്നിലേയ്ക്ക് അവൾ ചേർന്ന് നിന്നു. കയ്യിലിരുന്ന മുടി കൂടുകളെ അവൾ ഉയർത്തി കാട്ടി. പതിയേ ആ കൈകളിൽ പിടിച്ചു വലിച്ചു കൊണ്ട് ഞാൻ അവളെ ബാൽക്കണിയിലേയ്ക്ക് ആനയിച്ചു.
താഴെ തെരുവിലെ വെളിച്ചവും ശബ്ദകോലാഹലങ്ങളും കണ്ടവൾ എന്റെ ഉള്ളം കയ്യിലേയ്ക്ക് അവളുടെ ഭയംമത്രയും ഒളിപ്പിച്ചു പിടിക്കുവാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവളൊരുക്കിയ കാടിനുള്ളിൽ ഒളിച്ചു നിൽക്കുന്ന കറ്റാർവാഴ ചെടി ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്.
എന്റെ കൈകളെ സ്വതന്ത്രമാക്കി അടുക്കളയിൽ നിന്നും ചെറിയ ഒരു കത്തിയും വെള്ള നിറത്തിലുള്ള ഒരു കുഴിയൻ പാത്രവും ഞാൻ എടുത്തു കൊണ്ട് വന്നു. അതിൽ നിറയേ വെളിച്ചെണ്ണയും. സാവകാശം ഒരു കറ്റാർ വാഴ തണ്ട് മുറിച്ചു നെടുകെ പിളർന്നു. അതിന്റെ മാംസളഭാഗം ചീപ്പു കൊണ്ട് പാത്രത്തിലെ എണ്ണയിലേയ്ക്ക് ഇളക്കി യോജിപ്പിച്ചു. എന്റെ ചെയ്തികൾ അപ്പാടെ കൗതുകത്തോടെയവൾ നോക്കി നിൽപ്പുണ്ടായിരുന്നു. ആരോമലിനെ ഉള്ളിൽ പേറുന്ന നേരത്ത് എത്രയോ വട്ടം ചെയ്തിരിക്കുന്നു ഇങ്ങിനെ…
ആ കൂട്ട് പതിയേ അവളുടെ മുടിയിഴകളിൽ തേച്ചു പിടിപ്പിക്കുവാൻ തുടങ്ങിയ എന്നേ അവൾ പതിയേ തല തിരിച്ചു നോക്കി. ആ കണ്ണുകളിൽ മുഴുവൻ സംശങ്ങളാണെന്ന് എനിക്ക് തോന്നി.
“ഒന്നുല്ല..കണ്ണാ.. “.!
എന്ന് ആ കാതോരം മന്ത്രിച്ചപ്പോൾ അവൾ മിഴികൾ പതിയേ ചിമ്മി തുറന്നു. ചിന്തകൾക്ക് ഒടുവിൽ ഇരുകൈകളും ഉയർത്തി തന്റെ അണിവയറിൽ ചേർത്ത് വച്ചു വിരലുകൾ വയറിനു മീതെ ഓടിച്ചു തുടങ്ങി. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. എന്റെ സന്തോഷം അതിന്റെ എല്ലാ അതിർ വരമ്പുകളും ലംഘിച്ചിരുന്നു ആ കാഴ്ച്ചയിൽ…
അതിന്റെ പ്രതിഫലനമെന്നോണം തെരുവോരത്തു അവളുടെ ഏറ്റവും പ്രിയപ്പെട്ട ബംഗാളി ഗാനം ഉയർന്നു കേട്ടു.
“🎶 കാഗസ് കെ ദോ പങ്ക് ലേക്കെ ഉട ചല ജായേ രെ..ജാഹാൻ നഹീൻ ജാനാ ദ യേ, വഹി ചല ഹായെ രെ..🎶
~അനു അഞ്ചാനി.