അത്‌ വായുവിൽ കറക്കി പ്രത്യേക താളത്തിൽ കണ്ണിനുമുകളിൽ ഫിറ്റ് ചെയ്തുകൊണ്ട് അവളൊരു…

തങ്കം

Story written by Sai Bro

=================

“അപ്പുറത്തെ വീട്ടിൽ താമസിക്കാൻ പുതിയ വാടകക്കാർ വന്നൂന്നാ തോന്നണേ.. “

അമ്മയുടെ ആ പിറുപിറുക്കലാണ് എന്നും അതിരാവിലെ പത്തുമണിക്ക് കിടക്കപ്പായയിൽ നിന്നും എണീക്കാറുള്ള ഈ എന്നെ അന്നുരാവിലെ ഏഴിന് ചാടിയെണീറ്റ് പല്ല് തേക്കാതെ മുഖംകഴുകി പൗഡർ പൂശുവാനുള്ള  പ്രചോദനം നൽകിയത്..

വീടിന്റെ ടെറസ്സിൽ കയറി അയല്പക്കത്തേക്ക് ഏന്തിവലിഞ്ഞൊന്നു നോക്കി..

പുതിയ താമസക്കാരിൽ കിളികൾ വല്ലതും ?

പ്രതീക്ഷ തെറ്റിയില്ല..

വയസ്സായ ഒരു അച്ഛനും അമ്മയുമാണ് കാറിൽനിന്നും ആദ്യം ഇറങ്ങിയതെങ്കിലും അവർക്ക്  പിറകെ അവളും ഇറങ്ങി…

എന്റെ തലയിൽനിന്നും കിളികളെ പറത്തിവിട്ടുകൊണ്ട്… !

ഞാനെന്റെ കണ്ണുകളെ പരമാവധി സൂം ചെയ്തുകൊണ്ട് അവളെയൊന്ന് ഇരുത്തി ശ്രദ്ധിച്ചു..

അവളുടെ നെറ്റിയിലെ വട്ടത്തിലുള്ള ചുവന്ന പൊട്ട്…ഇടയ്ക്കിടെ ചിമ്മിയടയുന്ന വെള്ളാരം കണ്ണുകൾ…നെറ്റിയിലേക്ക് പാറിവീഴുന്ന ചുരുളൻ മുടിയിഴകൾ…ആ മുടിയിഴകളെ ചെവിക്കരുകിലേക്ക് ഒതുക്കിവെച്ചപ്പോൾ പ്രത്യക്ഷപ്പെട്ട ജിമിക്കി കമ്മലുകൾ…

മുൻപെന്നോ വായിച്ചുമറന്ന പ്രണയകഥയിൽ നായികയുടെ സൗന്ദര്യത്തെക്കുറിച്ചു വർണ്ണിച്ചെഴുതിയ വാക്കുകൾ മനസ്സിലേക്കോടിയെത്തി..

ന്റമ്മോ, എന്തൊരു ഭംഗി.. !

കാറിൽനിന്നും ഇറങ്ങിയ അനിയത്തിയെന്നു തോന്നിയവളുടെ കൈപിടിച്ച്  അവൾ വീട്ടിലേക്ക് കയറുന്നതും നോക്കി ഞാനങ്ങനെ വായും പൊളിച്ചു നിന്നു…

ടെറസ്സിൽ നിന്നും താഴേക്ക് ഓടിയിറങ്ങി അടുക്കളയിലെ പണികളിൽ മുഴുകി നിൽക്കുന്ന അമ്മയുടെ സാരിത്തുമ്പുപിടിച്ചു പിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു..

“അല്ലമ്മേ, അപ്പുറത്ത് പുതിയ താമസക്കാർ വന്നിട്ട് നമുക്കൊന്ന് പരിചയപ്പെടാൻ പോകണ്ടേ ?”

“ആ..അവര് വന്നു കേറിയതല്ലേ ഒള്ളു, കൊറച്ചു കഴിയട്ടെ..എന്നിട്ടാവാം പരിചയപ്പെടൽ.. “

സാമ്പാറിനുള്ള വെണ്ടക്കായ നുറുക്കികൊണ്ട് അമ്മ അലക്ഷ്യമായി അത് പറഞ്ഞപ്പോൾ മിണ്ടാട്ടം മുട്ടിപോയ ഞാൻ നിരാശനായി റൂമിലേക്ക്‌ തിരിച്ചു നടന്നു..

“മോനൊന്നു നിന്നേ…”

പിറകിൽനിന്നും അമ്മയുടെ ശബ്ദം കേട്ടപ്പോൾ ഞാനൊന്ന് നിന്നു..

“അപ്പുറത്തെ വീട്ടിലെ താമസക്കാരിൽ കാണാൻ കൊള്ളാവുന്ന പെങ്കൊച്ചു ഉണ്ടല്ലേ.. ?”

“അതുപിന്നെ..അമ്മ കണ്ടാർന്നോ അവരെ.. “

“ഞാൻ കണ്ടില്ല..ഇവിടെ ഒരു കാള വാല് പോകുന്നത് കണ്ടപ്പോഴേ ഞാനത് ഊഹിച്ചു..”

അതേ…എന്റെയുള്ളിലെ ഗിരിരാജൻ കോഴിയെ അമ്മ തിരിച്ചറിഞ്ഞു എന്ന തോന്നലിൽ നിന്നുണ്ടായ അപമാനഭാരത്താൽ ഞാനമ്മയെനോക്കി ഒന്നു കൊഞ്ഞനം കുത്തി കാണിച്ചു..

ഞ ഞ ഞ ഞ്ഞ….

ആ സുന്ദരിയുടെ പേരെന്തായിരിക്കും ?എങ്ങിനെയാ അവളെയൊന്ന് പരിചയപ്പെടുക ?

ഈ ചിന്തകൾകൊണ്ട് അസ്വസ്ഥമായിരുന്നു മനസ്സ് അന്ന് മുഴുവനും..

രണ്ടീസം കഥാനായികയെ വീടിനു പുറത്തൊന്നും കണ്ടില്ല..

ഞാനാണെങ്കിൽ പതിവില്ലാതെ അപ്പുറത്തെ വീടിനുചുറ്റും മണ്ടിനടന്നു, മൂളിപാട്ടുപാടി…നോ രക്ഷ..

ഒരു പൂച്ചകുഞ്ഞു പോലും വീടിനു പുറത്തേക്ക് പ്രത്യക്ഷപ്പെട്ടില്ല…

അതിനടുത്ത ദിവസം, പുലർച്ചെ മിയാഖലീഫയെ സ്വപ്നം കണ്ടുകൊണ്ട് വളഞ്ഞൊടിഞ്ഞു പുതച്ചുമൂടികിടക്കുമ്പോഴാണ് ടെറസിന് മുകളിൽനിന്നും അമ്മയുടെ ശബ്ദം എന്റെ ചെവിയിൽ പതിഞ്ഞത്..

അമ്മ ആരോടോ സംസാരിക്കുകയാണ്..അവളോടാകുമോ ?

കോണിപ്പടികയറി വീടിന് മുകളിലെത്തിയപ്പോൾ കണ്ണുകൾ ആദ്യം പരതിയത് അപ്പുറത്തെ വീട്ടിലേക്കായിരുന്നു..

അതാ അവൾ.. ! ആ വീടിന്റെ ബാൽക്കണിയിൽ നിന്ന് വ്യായാമം ചെയ്യുന്നു..അതിനിടയിൽ അമ്മയോട്  കുശലം പറയുകയും ചെയ്യുന്നുണ്ട്..

തീപ്പെട്ടികോൽ പോലെയിരിക്കുന്ന ഇവളെന്തിനാ ഈ അതിരാവിലെ മേലനങ്ങി കസർത്തു കാണിക്കുന്നേ ?

അല്ലേലും കേരളത്തിലെ പെങ്കുട്യോൾക്ക് എന്തിനാ സിക്‌സ്പാക്ക്.. ?

ഇജ്ജാതി സംശയങ്ങൾ ഞാനെന്നോട് തന്നെ ചോദിക്കുന്ന സമയത്തു ടെറസിൽ ഉണങ്ങാനിട്ടിരുന്ന തുണിയുമെടുത്തു എന്നെയൊന്നു തറപ്പിച്ചു നോക്കികൊണ്ട്‌ അമ്മ താഴേക്കിറങ്ങി…

കണ്മുന്നിൽ അവൾ പലവിധ കസർത്തുകൾ കാണിക്കുന്നു..

ആണൊരുത്തൻ ഇതെല്ലാം കണ്ടു നിൽക്കുന്നു എന്ന ചിന്തയേതുമില്ലാതെ…

ആയാസപ്പെട്ട് വ്യായാമം ചെയ്യുന്നതിനാലാകണം അവളുടെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞത് ഞാൻ ശ്രദ്ധിച്ചു..

നെറ്റിയിൽ നിന്നും ഒഴുകിയിറങ്ങിയ വിയർപ്പു തുള്ളികൾ നാസികതുമ്പിൽ നിന്നും  താഴെക്കിറ്റു വീഴുമ്പോൾ സൂര്യപ്രകാശമേറ്റു വജ്രത്തെപോലെ തിളങ്ങുന്നുണ്ടോ… ?

ഞാനവളുടെ വെള്ളാരം കണ്ണുകളിലേക്ക് ഉറ്റു നോക്കി..ആ കണ്ണുകൾ ചിമ്മിയടയുന്നത് കണ്ടപ്പോൾ  നെഞ്ചിനകത്തു ഒരു പടപടപ്പ് പോലെ… കാരണമേതുമില്ലാതെ ശ്വാസോച്ഛാസം വർദ്ധിക്കുന്നതുപോലെ…

ഇനിയിവിടെ നിന്നാൽ ശരിയാവൂല..ഒരു സ്വപ്നത്തിലെന്നോണം ഞാൻ കോണിപ്പടിയിറങ്ങുമ്പോൾ അപ്പുറത്തുനിന്നാരോ നീട്ടി വിളിക്കുന്നത് കേട്ടു..

“തങ്കം “

തങ്കം… ഞാനാപേര്  ആവർത്തിച്ച് ഉരുവിട്ടു…

ഡാ, നിന്റെ പുതിയ അയല്പക്കത്തെ ആ “കിളി ” കൊള്ളാലോ മച്ചാനെ….

കലുങ്കിൽ കൂട്ടുകാരോടൊത്തു സൊറപറഞ്ഞിരിക്കുമ്പോൾ കൂട്ടത്തിലൊരുവൻ ആ കാര്യം എടുത്തിട്ടപ്പോൾ എന്റെ നെഞ്ചോന്നു കാളി..

ഈശ്വരാ ഇവന്മാര് ഇതെങ്ങനെ അറിഞ്ഞു…

“ഡാ, ഓള് ഭയങ്കര ജാഡയാ…അതോണ്ട് ഞാൻ മിണ്ടാൻ പോയില്ല.”

അതുംപറഞ്ഞു ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്യേ പെട്ടെന്നാണ് ആ കാഴ്ച കണ്ടത്…ഒരു സ്കൂട്ടറിന് പിറകിൽ ഇരുന്ന് അവൾ വരുന്നു…

തങ്കം… !

വെള്ളാരം കണ്ണുകൾ മറച്ചുകൊണ്ട് ഒരു സൺഗ്ലാസും അണിഞ്ഞു..സ്കൂട്ടർ ഓടിക്കുന്നത് അവളുടെ അനിയത്തിയാണ്… !

കൃത്യം ഞങ്ങളിരിക്കുന്ന കലുങ്കിന്റെ അടുത്തു വന്നു അവൾ സ്കൂട്ടർ ബ്രേക്കിട്ടു നിർത്തി..

“ചേട്ടന്മാരെ ഇവിടെ അടുത്ത് ഒരു കരാട്ടെ സ്കൂൾ ഇല്ലേ…അത് എവിട്യാന്ന് ഒന്ന് പറയോ.. ?”

തങ്കത്തിന്റെ അനിയത്തിയുടെ ചോദ്യംകേട്ട് ഞങ്ങൾ മുഖത്തോട് മുഖം നോക്കി…

ഇവള് കരാട്ടെകാരി ആണോ ?

ഞാൻ തങ്കത്തെ ഒന്ന് പാളി നോക്കി…

ഓള് ആരെയും ശ്രദ്ധിക്കാതെ സ്കൂട്ടറിന് പിറകിൽ അങ്ങനെ ഇരിക്കുവാണ്,  ഒരു വല്യകാട്ടി കൂളിംഗ് ഗ്ലാസും വെച്ച്..

ഓ… ജാഡക്കാരി… !

ഞാനത് മനസ്സിൽ പറയുമ്പോഴേക്കും ഞങ്ങളുടെ കൂട്ടത്തിലെ തലമൂത്ത ഒരു ചുള്ളൻ എണീറ്റു സ്കൂട്ടറിന് പിറകിലിരിക്കുന്ന തങ്കത്തിന്റെ അടുത്തെത്തിയിരുന്നു…

“മോൾക്ക്‌ കസർത്തു പഠിക്കാനാണേൽ എന്നോട് പറഞ്ഞാൽപോരെ..ആദ്യം ഈ കണ്ണട ഒന്ന് ഊരിമാറ്റിക്കേ, ചേട്ടൻ ഈ മുഖം ഒന്ന് കാണട്ടെ…”

ആ പറഞ്ഞതൊന്നും  ശ്രദ്ധിക്കാതെ ഇരിക്കുന്ന തങ്കത്തിന്റെ മുഖത്തെ ഗ്ലാസ്‌ ഊരിമാറ്റാൻ അവൻ ശ്രമിച്ചതും ആ കൈതട്ടി ഗ്ലാസ്‌ താഴെ വീണു രണ്ടു കഷ്ണമായി…

ഒരു ചെറിയ നിശബ്ദത..

കരിക്കിൻ കുല തെങ്ങിൽ നിന്നും അടർന്നു നിലത്തു വീഴുമ്പോഴുണ്ടാകുന്ന ഒരു പതിഞ്ഞ ശബ്ദംകേട്ട് നോക്കുമ്പോൾ, അതാ തലമൂത്ത ചുള്ളൻ മുഖം പൊത്തി താഴെകിടന്നു മണ്ണു തിന്നുന്നു..

“എന്റെ ചേച്ചി കരാട്ടെ പഠിക്കാനല്ല…പഠിപ്പിക്കാനാ വന്നത്…. “

തങ്കവും അവരുടെ  സ്കൂട്ടറും അകന്നുപോയെങ്കിലും അവളുടെ അനിയത്തി പറഞ്ഞ ആ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങികൊണ്ടിരുന്നു…

ആ സംഭവത്തോട് കൂടി തങ്കത്തോട് എനിക്ക്  തോന്നിയ സ്നേഹം കൂടുകയും അതിനൊപ്പം ചെറിയൊരു ബഹുമാനവും പേടിയും ഉള്ളിൽ വളരുകയും ചെയ്തു…

അന്ന് വൈകിട്ട് വീട്ടിൽ ചോറുണ്ടുകൊണ്ടിരിക്കുമ്പോൾ അമ്മ അപ്പുറത്തെ വീട്ടുകാരുടെ വിശേഷങ്ങൾ പറഞ്ഞത് ഞാൻ ചെവി വിടർത്തി കേട്ടുകൊണ്ടിരുന്നു…

ഒടുവിൽ തങ്കത്തെ കുറിച്ച് അമ്മ പറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ ഉള്ളിലെ കാമുകനെ ഒളിപ്പിച്ചു പിടിച്ചു നീരസത്തോടെ ചോദിച്ചു..

“ആ കൂളിങ് ഗ്ലാസ്‌ വെച്ചു നടക്കണ കരാട്ടെകാരി പെണ്ണിന്റെ കാര്യാണോ അമ്മ പറയണേ ?”

“അതൊരു പാവം പെണ്ണാടാ…ഞാനിന്നു കൊറേ സംസാരിച്ചു അവളോട്‌ “

അമ്മ അതുപറഞ്ഞപ്പോൾ ഉള്ളിലുയർന്ന സന്തോഷം മറച്ചുപിടിച്ചുകൊണ്ട് ഞാൻ പിന്നേം പുച്ഛം അഭിനയിച്ചു..

“ഉവ്വ, നല്ല പാവം..അതുകൊണ്ടായിരിക്കും ലെ മുഴുവൻ സമയവും ആ വല്യക്കാട്ടി കണ്ണാടേം വെച്ചു നടക്കണേ.. “

ഡാ ചെക്കാ, ഓൾടെ കണ്ണിന്‌ കാഴ്ച്ചശക്തി ഇല്ലെടാ, അതോണ്ടായിരിക്കും ഓള് കണ്ണട വെച്ചു നടക്കണത്..അല്ലാതെ ഗമ കാണിക്കാനൊന്നുമാവില്ല.

അമ്മ ബാക്കി പറഞ്ഞതൊന്നും എനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല…

ചിമ്മിയടയുന്ന ആ വെള്ളാരം കണ്ണുകൾ.. ! ആ കണ്ണുകളെ കണ്ണടവെച്ചു മറച്ചപ്പോൾ എനിക്ക് ഉള്ളിലൊരു ദേഷ്യം തോന്നിയിരുന്നു, അതുകൊണ്ടാണ് അമ്മയോട് അങ്ങനെ പറഞ്ഞതും…

ആ കണ്ണുകൾക്ക് ജീവനില്ലെന്നോ.. ?

കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം പകുതിക്ക്  നിർത്തി കൈകഴുകാൻ എണീറ്റപ്പോൾ അമ്മയെന്നെ തറപ്പിച്ചൊന്നു നോക്കി..

അന്ന് രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിൽ പലപ്പോഴും തങ്കവും അവളുടെ വിടർന്ന കണ്ണുകളും എന്റെ മനസിനെ കാരണമേതുമില്ലാതെ അസ്വസ്ഥനാക്കി.. !

ഒന്ന് രണ്ടു ദിവസങ്ങൾക്ക് ശേഷം അവിചാരിതമായി തങ്കത്തെ റോഡിൽ വെച്ചു വീണ്ടും കണ്ടുമുട്ടി, ഒപ്പം അവളുടെ അനിയത്തിയും ഉണ്ടായിരുന്നു…

അനിയത്തിയുടെ സ്കൂട്ടറിന് പിറകിൽ ഇരുന്നുവരുന്ന തങ്കത്തെ ദൂരെനിന്ന് കണ്ടപ്പോഴേ ഞാനൊന്ന് പരുങ്ങി..

അവരെ കണ്ടില്ലായെന്ന ഭാവം നടിച്ചു നടന്നുവെങ്കിലും അവർ  സ്കൂട്ടർ എനിക്കരുകിൽ കൊണ്ടുവന്നു നിർത്തുമെന്ന് ഞാനൊരിക്കലും കരുതിയില്ല..

“ഏട്ടൻ എങ്ങോട്ടാ പോണേ.. ?”

അയല്പക്കത്തെ ഏട്ടൻ എന്നനിലയിലുള്ള തങ്കത്തിന്റെ അനിയത്തിയുടെ കുശലം ചോദിക്കൽ കേട്ട് ഞാനൊന്നു പരുങ്ങി..

“ഞാൻ…വെറുതെ, കൂട്ടുകാരുടെ അടുത്തേക്ക്.. “

“ആ കലുങ്കിൽ ഇരിക്കുന്ന ഏട്ടന്മാരുടെ അടുത്തേക്കാണല്ലേ ?”

അവളത് ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ ഞാനുമൊന്നു ചിരിച്ചു..അതിനിടയിൽ ഏറുകണ്ണിട്ട്  പിറകിലിരിക്കുന്ന തങ്കത്തെ ഒരു നോട്ടവും നോക്കി…

ആരോടാ സംസാരിക്കുന്നതെന്ന് അതിനിടയിൽ തങ്കം അനിയത്തിയോട് തിരക്കുന്നുണ്ടായിരുന്നു..

സ്കൂട്ടറിന് മുൻപിലിരുന്ന അനിയത്തി മുഖമൊന്നു പിന്നോട്ടാഞ്ഞു തങ്കത്തിന്റെ ചെവിയിൽ എന്തോ കുശുകുശുക്കുന്നത് ഞാൻ കണ്ടു..

പെട്ടെന്ന് ആ മുഖമൊന്നു വിടർന്നുവോ ?

കവിളിണളൊന്നു ചുവന്നുവോ ?

ഒരു പുഞ്ചിരി ആ  മുഖത്തു  മിന്നിമറഞ്ഞതുപോലൊരു തോന്നൽ..

അതുകണ്ട എന്റെ ഹൃദയത്തിനകത്തു ഒരു പിടച്ചിൽ… !

അന്ന് രാത്രി എട്ടുമണിക്കുള്ള മെഗാസീരിയലിൽ അമ്മായിയമ്മ മരുമകൾക്ക് ചോറുവാരി കൊടുക്കുന്ന രംഗം കണ്ട് ഉൾപുളകിതയായി ഇരിക്കുന്ന അമ്മയുടെ ചെവിയിൽ ഞാനാ കാര്യം ധൈര്യം സംഭരിച്ചു അവതരിപ്പിച്ചു….

“എനിക്ക്  അപ്പുറത്തെ വീട്ടിലെ തങ്കത്തെ ഇഷ്ടമാണ്, അമ്മ അവിടെ പോയൊന്നു  സംസാരിക്കണം.. “

റിമോട്ട്കൺട്രോളിൽ ടീവി ഓഫ്‌ ചെയ്തു അമ്മ എന്നെ ഒന്ന് നോക്കി…ആ നോട്ടത്തിന്റെ അർത്ഥം എനിക്കന്ന് മനസിലായില്ല…

ഗൾഫിൽ ജോലിചെയ്യുന്ന അച്ഛനെ പാതിരാത്രിയിൽ വിളിച്ചെണീപ്പിച്ചു കാര്യങ്ങൾ വിശദമായി അവതരിപ്പിച്ച അമ്മ, പിറ്റേദിവസം രാവിലെതന്നെ അപ്പുറത്തെ വീട്ടിൽ പോയി എനിക്കുവേണ്ടി തങ്കത്തെ പെണ്ണ് ചോദിക്കുകയും ചെയ്തു…

അമ്മക്ക് അത്രക്ക് ഹൃദയ വിശാലതയുണ്ടെന്നു എനിക്കന്നാണ് മനസ്സിലായത്…

പിന്നീടെല്ലാം പെട്ടെന്നായിരുന്നു…

മോതിരംമാറ്റവും വിവാഹവും രണ്ടുമാസംകൊണ്ട് നടന്നത് അമ്മയുടെ മിടുക്കുകൊണ്ട് മാത്രമായിരുന്നു…

കല്യാണത്തിന്റെ തലേദിവസം രാത്രി ഒറ്റക്ക് കിട്ടിയപ്പോൾ ഞാനൊരൂട്ടം രഹസ്യമായി അമ്മയോട് ചോദിച്ചു..

അമ്മക്ക് തങ്കത്തെ മുൻപേ  ഇഷ്ട്ടാർന്നുലെ ?

അതുകൊണ്ടല്ലേ ഈ കല്യാണം ഇത്രേം പെട്ടെന്ന് ഇവടംവരെ കൊണ്ടെത്തിച്ചത് അമ്മ ?

ഒരു നിമിഷം ഒന്നുംമിണ്ടാതിരുന്നു അമ്മ..എന്നിട്ട് പറഞ്ഞു..

ഡാ, നിന്റെ സ്വഭാവം വെച്ചു നിന്റെ കല്യാണം ഇതുപോലെ നടക്കുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല,..

നീയേതെങ്കിലും എരണംകെട്ട ഒരുത്തിയെ വിളിച്ചോണ്ട് വരുമെന്നും, നിന്നെയും അവളെയും ഈ പടികേറ്റാതെ ഞാൻ  അടിച്ചോടിക്കും എന്നൊക്കെയാലോചിച്ചു  തീ തിന്നുമ്പോഴാണ് തങ്കത്തെ ഇഷ്ടമാണെന്ന് നീ എന്നോട് പറയുന്നത്..

നിനക്ക് അവളെത്തന്നെ കെട്യോളായി കിട്ടണം..കുരുത്തകേട് കാണിച്ചാൽ നിന്റെ കൂ.മ്പിടിച്ചു കലക്കും തങ്കം.. !

അമ്മയുടെ മരണമാസ് ഡയലോഗ് കേട്ട്  പൊളിച്ചു നിൽക്കെ എന്നെനോക്കി   ഒരു ചെറു പുഞ്ചിരിയോടെ അമ്മ കിടപ്പറയിലേക്ക് നടന്നു പോയിരുന്നു…

പിറ്റേന്ന് എന്റെയും തങ്കത്തിന്റെയും വിവാഹം ആർഭാടമായിതന്നെ നടന്നു…

വിവാഹവേദിയിൽ എനിക്കരുകിൽ നിന്ന തങ്കം ശരിക്കുമൊരു തങ്ക കട്ടിപോലെ തോന്നിച്ചു..

കാഴ്ചശക്തിയില്ലാത്തതു തങ്കത്തിനൊരു കുറവായി തോന്നിയിരിക്കുകയില്ല, അവിടെ കൂടിയിരിക്കുന്ന ആർക്കും..

ഇത്രക്കും സുന്ദരിയായ പെണ്ണിനെ ഭാര്യയായി കിട്ടിയതിൽ എനിക്കഭിമാനം തോന്നിയ നിമിഷം.. !

ഞങ്ങളെ ആശീർവദിക്കാൻ വരുന്നവരുടെ ഇടയിൽനിന്നും പെട്ടെന്നൊരു മുഖം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു…

എന്റെ കൂട്ടുകാരിലെ തലമൂത്ത ചുള്ളൻ.. !

അന്ന് തങ്കത്തിന്റെ കൂളിങ്ങ്ഗ്ലാസ്‌ തട്ടി തെറിപ്പിച്ചവൻ.. !

എനിക്കരുകിൽ നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന ആ കൂട്ടുകാരനെ പറ്റി തങ്കത്തോട് ഞാൻ ചെവിയിൽ സ്വകാര്യം പറഞ്ഞു…

അവനെപ്പറ്റി കേട്ടിട്ടും തങ്കത്തിന്റെ മുഖത്തു പ്രത്യേകിച്ചൊരു ഭാവമാറ്റവും ഞാൻ കണ്ടില്ല..

അവളത് അന്നേ മറന്നുകാണും… !

ഞാൻ ആശ്വസിച്ചു..അപ്പുറത്തുനിന്നുകൊണ്ട് എന്റെ ചങ്കും ഒന്ന് ശ്വാസം വലിച്ചുവിട്ടപോലെ തോന്നി എനിക്കാനേരം..

പക്ഷെ, ഞങ്ങളോട് യാത്രപറഞ്ഞു ഇറങ്ങാൻനേരം വലതു കൈയാൽ  അവളവനെ തടഞ്ഞു നിർത്തി…

തങ്കത്തിന്റെ ഇടതുകൈയിൽ എവിടെനിന്നോ ഒരു കൂളിങ്ങ്ഗ്ലാസ്‌ പ്രത്യക്ഷപെട്ടു…

അത്‌ വായുവിൽ കറക്കി പ്രത്യേക താളത്തിൽ കണ്ണിനുമുകളിൽ ഫിറ്റ് ചെയ്തുകൊണ്ട് അവളൊരു ഡയലോഗ് കാച്ചി…

“ഇതെന്റെ പുത്തൻ റൈബാൻ ഗ്ലാസ്‌..ഇത് തട്ടിപൊട്ടിച്ചാൽ……..”

അതൊരു മുന്നറിയിപ്പായിരുന്നു..    

എനിക്കും കൂടെയുള്ള മുന്നറിയിപ്പ്.. !

~Sai Bro