അപ്പുറത്ത് നിന്ന് വന്ന സ്ത്രീ ശബ്ദം നായികയുടേത് തന്നെയാണെന്ന് തുടർന്നുള്ള സംസാരത്തിൽ ബോധ്യമായി.

Story written by Saji Thaiparambu

===============

അൻപത് കോടി ആസ്തിയുള്ള, ഡൈവോഴ്സായി നില്ക്കുന്ന, രണ്ട് കുട്ടികളുടെ, അമ്മയ്ക്ക്, താല്പര്യമുള്ള അവിവാഹിതരായ യുവാക്കളിൽ നിന്നും കല്യാണാലോചനകൾ ക്ഷണിക്കുന്നു,

രാവിലെ പത്രപ്പരസ്യം കണ്ട എന്റെ മനസ്സിലും അൻപത് കോടിയെന്ന് കേട്ടപ്പോൾ ഒരു അതിമോഹം വളർന്നു…

രണ്ട് പെങ്ങന്മാരെയും കെട്ടിച്ചയച്ചിട്ട് ഒന്നു നടുനിവർത്താനായി ഇരുന്ന വാപ്പയോട് ഉമ്മ  ഒരു ദിവസം എന്റെ കല്യാണക്കാര്യമെടുത്തിട്ടിരുന്നു. അപ്പോൾ വാപ്പ ചോദിക്കുവാ..

“അവന് പത്തിരുപത്താറ് വയസ്സായിട്ടെന്താടീ കാര്യം, കെട്ടുന്ന പെണ്ണിന്റെ ചിലവ് മുഴുവൻ ഞാൻ തന്നെ നോക്കണ്ടേ, എന്ന്?”

ശരിയാണ് വാപ്പ പറഞ്ഞത്, കൂട്ടുകാരൊക്കെ ജോലിക്ക് പോയി പെണ്ണും കെട്ടി കുട്ടികളുമായി

പക്ഷേ, എന്ത് കൊണ്ടാണെന്നറിയില്ല, എനിക്ക് ശരീരമിളകിയാൽ വിയർപ്പ് തലയിൽ തങ്ങി ജലദോഷമുണ്ടാകുന്നത് കൊണ്ട് ഞാനൊരു പണിക്കും ഇത് വരെ പോയിട്ടില്ല.

എന്തായാലും ഞാൻ രണ്ടും കല്പിച്ച് പരസ്യത്തിന് താഴെ കണ്ട നമ്പരിലേക്ക് വിളിച്ചു.

ഉമ്മ കേൾക്കാതിരിക്കാനായി, ഫോണുമായി ഞാൻ തെക്കേ തൊടിയിലേക്കിറങ്ങി

അപ്പുറത്ത് നിന്ന് വന്ന സ്ത്രീ ശബ്ദം നായികയുടേത് തന്നെയാണെന്ന് തുടർന്നുള്ള സംസാരത്തിൽ ബോധ്യമായി.

ഞാനെന്റെ മുഴുവൻ ഡീറ്റൈയിൽസും അവരോട് പറഞ്ഞു.

ഏറെ നേരത്തെ സംഭാഷണങ്ങൾക്കൊടുവിൽ ഞങ്ങൾ തമ്മിൽ ഏകദേശം ഒരു ധാരണയിലെത്തിയിരുന്നു.

വാപ്പയും, ഉമ്മയും ഈ ബന്ധം ഒരിക്കലും അംഗീകരിക്കില്ലെന്ന് ഞാനവരോട് പറഞ്ഞു.

എങ്കിൽ എനിക്ക് സമ്മതമാണെങ്കിൽ അവരുടെ മഹല്ലിൽ ചെല്ലുമ്പോൾ ഞാനൊരനാഥനാണെന്ന് പറഞ്ഞാൽ മതിയെന്നു പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.

അങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ഫോട്ടോകൾ അയച്ച് പരസ്പരം സംതൃപ്തരായി.

ഫോട്ടോ കണ്ടാൽ ഒരു മുപ്പതിന് അപ്പുറം പ്രായം തോന്നാത്ത അവരുടെ സൗന്ദര്യം എന്നെ ഒന്ന് കൂടി ആവേശം കൊള്ളിച്ചു.

ഒടുവിൽ, ഒരു ദിവസം ഉമ്മയും ബാപ്പയും അറിയാതെ അവരുടെ വീടിനടുത്തുള്ള മഹല്ലിലേക്ക് എന്റെ ആദ്യ വിവാഹത്തിന് ഞാൻ ഒറ്റയ്ക്ക് പോയി

അവിടെ ചെന്നപ്പോൾ അവരുടെ അടുത്ത ബന്ധുക്കളും മഹല്ല് കമ്മിറ്റിക്കാരുമൊക്കെ സന്നിഹിതരായിരുന്നു.

ലളിതമായ ചടങ്ങിൽ നിക്കാഹ് നടത്തി, ചില രജിസ്റ്ററിലൊക്കെ ഒപ്പിട്ട് ചടങ്ങുകൾ വേഗം കഴിഞ്ഞു.

ബന്ധുക്കൾ അവരുടെ കാറിലും,.ഞാനുo എന്റെ ഭാര്യയും ഞങ്ങളുടെ ബെൻസ് കാറിലും ബംഗ്ളാവിലേക്ക് പോയി.

ഞാനാ പഴക്കം ചെന്ന ബംഗ്ളാവിന്റെ ഓരോ മുറികളും ഇടനാഴികളുമൊക്കെ അത്ഭുതത്തോടെ നോക്കി നടന്നു കാണുകയായിരുന്നു.

നാടും വീടുമൊക്കെ ഉപേക്ഷിച്ചാലെന്താ, കണ്ണടച്ച് തുറക്കുന്നതിന് മുൻപ് എനിക്കൊരു കോടീശ്വരനാകാൻ പറ്റിയില്ലേ.

ആരെങ്കിലും പറഞ്ഞ് ഇപ്പോൾ വീട്ടിലറിഞ്ഞ് കാണും, എന്നെ ഇനി ആ വീട്ടിൽ കേറ്റില്ലെന്ന് ഉറപ്പാണ്.

അല്ലെങ്കിൽ തന്നെ എനിക്കെന്തിനാ ആ കുടുസ്സ് വീട്, കൊട്ടാരസദൃശ്യമായ ഈ വീടില്ലേ?

ഞാനും എന്റെ സഹധർമ്മിണിയുമായി രാജകീയമായി ഇവിടെ ജീവിക്കും.

അതോർത്തപ്പോൾ എനിക്ക് രോമാഞ്ചമുണ്ടായി.

ഞാൻ നേരെ ബഡ്റൂമിലേക്ക് കയറി ചെന്നു.

അറ്റാച്ച്ഡ് ബാത്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കാം

ആ ബെഡ് റൂമിന്റെ വലിപ്പം കണ്ട് ഞാൻ അതിശയിച്ച് പോയി.

എന്റെ വീട് മുഴുവനായും അതിനകത്തിരിക്കും.

ഒരു വശത്ത് കുഷ്യൻ ചെയറുകളും ഗ്ളാസ്സിന്റെ ടീപ്പോയും ഇട്ടിരിക്കുന്നു. മറുവശത്ത് വലിയ ഡ്രസ്സിങ്ങ് ടേബിൾ ഒത്ത നടുക്കായി, കൊത്തുപണികൾ ചെയ്ത വീതിയേറിയ കരി വീട്ടിയിൽ നിർമ്മിച്ച കട്ടിലിലെ പതുപതുത്ത മെത്തയിൽ ഞാൻ കയറിയിരുന്നു.

അപ്പോൾ ബാത്റൂമിന്റെ ഡോർ തുറന്ന് ഒരു സിൽക്കിന്റെ നൈറ്റ് ഡ്രെസ്സ് ധരിച്ച് കൊണ്ട് അവരിറങ്ങി വന്നു.

പ്രായം കൊണ്ട് എന്നെക്കാൾ മൂത്തതാണെങ്കിലും ആ രൂപം കണ്ടപ്പോൾ അത് വരെ അടക്കിപ്പിടിച്ചിരുന്ന എന്റെ വികാരങ്ങൾ തലപൊക്കി.

ബെഡ്ഡിൽ എന്റെ അടുത്തായി വന്നിരുന്ന അവളുടെ മൈലാഞ്ചിയിട്ട നനുത്ത കൈയ്യിൽ വിറയാർന്ന എന്റെ കൈ കൊണ്ട് ഞാൻ സ്പർശിച്ചു.

“നല്ല വിറയലുണ്ടല്ലോ എന്ത് പറ്റി?

“അല്ല, അത് പിന്നെ ഞാൻ ആദ്യമായിട്ടാ ഒരു സ്ത്രീയെ തൊടുന്നത് അതിന്റെയാ “

ആ മാന്ത്രിക വിരലുകളിൽ നിന്നും എന്റെ ഞരമ്പുകളിലേക്ക് വൈദ്യുത തരംഗങ്ങൾ പ്രവഹിച്ച് കൊണ്ടിരുന്നു.

“പിന്നേ….ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും കെട്ടോ , ഞാൻ പു റത്തായിട്ടുണ്ട്”

ലജ്ജയോടെ അവളത് പറഞ്ഞപ്പോൾ എന്റെ എല്ലാ ആവേശവും തണുത്ത് പോയി. പിറ്റേന്ന് തണുത്ത കരതലം കവിളിൽ പതിച്ചപ്പോഴാണ് ഞാൻ ഉറക്കമുണർന്നത്

“എന്തൊരു ഉറക്കമായിത്, എഴുന്നേറ്റ് വേഗം ഫ്രഷാകാൻ നോക്ക്…അപ്പോഴേക്കും ഞാൻ നാസ്ത എടുത്ത് വയ്ക്കാം “

അതും പറഞ്ഞ് കൂടിയ ഏതോ അത്തറിന്റെ വാസനയുമായി അവൾ മുറിയിൽ നിന്നിറങ്ങി പോയി.

രാവിലത്തെ രാജകീയ ഫുഡ് കഴിക്കാനുള്ള ആക്രാന്തത്തിൽ ഞാൻ വേഗം ബാത്റൂമിലേക്ക് കയറി.

ചൂട് മട്ടൻകറിയും ഇടിയപ്പവും ചിക്കൻ പൊരിച്ചതും അരി ഒറോട്ടിയും തേങ്ങാപ്പാലും എല്ലാം കൂടി കണ്ടപ്പോൾ എനിക്ക് എവിടെ തുടങ്ങണമെന്ന കൺഫ്യൂഷനായി.

പ്രാതൽ കഴിച്ച് കൈ കഴുകി ഞാൻ നീളൻ വരാന്തയിലെ ആട്ട് കട്ടിലിൽ വന്നിരുന്നപ്പോൾ അവളും എന്റെ അടുത്ത് ഒരു കസേരയിൽ വന്നിരുന്നു.

അപ്പോൾ അവളുടെ കയ്യിൽ ഫ്രെയിം ചെയ്ത ഒരു ഫോട്ടോയും ഉണ്ടായിരുന്നു.

അത് എന്റെ നേരെ അവൾ തിരിച്ച് കാണിച്ചു

അവളുടെ വിവാഹ ഫോട്ടോ ആയിരുന്നു അത്

“എന്താ നിങ്ങള് തമ്മിൽ പിരിയാൻ കാരണം?”

ആ ഫോട്ടോ കണ്ട് ഞാൻ അവളോട് ചോദിച്ചു.

“ഓഹ് അത് വെറും നിസ്സാരമായ ഈഗോ ആയിരുന്നു. ഒരു ചെറിയ വഴക്കിനെ തുടർന്ന് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ എന്നെ മൂന്ന് ത്വലാഖും ചൊല്ലി എന്റെ രണ്ട് മക്കളെയും കൊണ്ട് അയാൾ ഇറങ്ങി പോയ് കളഞ്ഞു. ഇപ്പോൾ ഒരു വർഷമായി, എസ്റ്റേറ്റ് ബംഗ്ളാവിലാണ്, താമസം. ഈ കാണുന്നതും അയാളുടെ പേരിലുള്ളത് തന്നെയാണ് “

അത് കേട്ട് എന്റെ ഉള്ളിൽ ഒരു ഇടി മുഴക്കമുണ്ടായി.

“ങ്ഹേ..അപ്പോൾ നിനക്ക് സ്വന്തമായിട്ടൊന്നുമില്ലേ

ഒരു ഉൾക്കിടിലത്തോടെ ഞാനവളോട് ചോദിച്ചു.

“എനിക്ക് സ്വന്തമെന്ന് പറയാൻ രണ്ട് ആൺമക്കളാണുള്ളത്. ഈ കാണുന്ന അൻപത് കോടിയുടെ ആസ്തി അവരുടെ പേരിൽ ഭർത്താവ് എഴുതി വച്ചിരിക്കുവാ, പക്ഷേ, പ്രായപൂർത്തിയാകുമ്പോഴെ അവർക്കത് അനുഭവിക്കാനോ കൈമാറ്റം ചെയ്യാനോ പറ്റുകയുള്ളു. കുട്ടികൾ എന്റെയൊപ്പം നിന്നാലെ എനിക്കും ഈ സ്വത്തിൽ അവകാശം പറയാൻ പറ്റുകയുള്ളു”.

“ങ്ഹേ…അപ്പോൾ നിങ്ങൾ എന്നെ ചതിക്കുകയായിരുന്നല്ലേ?

ബംപർ ലോട്ടറിയടിച്ചവന്റെ ടിക്കറ്റ് കീറി പോയെന്ന് പറഞ്ഞ.അവസ്ഥയായിരുന്നു എനിക്കപ്പോൾ

“ഹ ഹ ഹ, ചതിയോ, അതിന് നിങ്ങൾ എപ്പോഴെങ്കിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ…നിങ്ങൾ പരസ്യത്തിൽ കണ്ട 50 കോടി സ്വത്തിന് വേണ്ടിയല്ലേ പെറ്റ് വളർത്തിയ ഉമ്മയേം ബാപ്പയേം ഒക്കെ ഉപേക്ഷിച്ച് എന്നെ നിക്കാഹ് ചെയ്തത്, അതറിഞ്ഞ് കൊണ്ട് തന്നെയാ ഞാൻ നിങ്ങളെ കൂടെ കൂട്ടിയത്. എന്തിനാണെന്നറിയാമോ ? ഞാൻ ഒരു വിഷാദ രോഗിയാണെന്നും ഒറ്റയ്ക്ക് താമസിക്കുന്ന ദുർബ്ബലയായ എനിക്ക് മക്കളെ കരുതലോടെ നോക്കാൻ കഴിയില്ലെന്നും എന്റെ കൂടെ വിട്ടാൽ അത് അവരുടെ സുരക്ഷിതത്വത്തെ ബാധിക്കുമെന്നുമൊക്കെ കോടതിയിൽ കളവ് പറഞ്ഞാണ്, അയാൾ എന്റെ മക്കളെ എനിക്ക് തരാതെ പിടിച്ച് വച്ചിരിക്കുന്നത്, ഇനിയിപ്പോൾ നിങ്ങളെന്റെ ഭർത്താവായുള്ളപ്പോൾ ഒരിക്കൽ കൂടി എനിക്ക് കോടതിയെ സമീപിക്കാം, എനിക്ക് രോഗമില്ലെന്നും ആരോഗ്യവാനും ചെറുപ്പക്കാരനുമായ ഒരു പുരുഷന്റെ സംരക്ഷണയിലാണ് ഞാനിപ്പോൾ കഴിയുന്നത് എന്നും പറഞ്ഞ്…

ഇതൊക്കെ നേരായ വഴിയെചെയ്താൽ നടക്കില്ലെന്നെനിക്കറിയാം അതിനാണ് ഇങ്ങനൊരു കുബുദ്ധി പ്രയോഗിച്ചത് “

“ഹ ഹ ഹ , നീ എന്തോർത്തു, നീ പറയുന്നത് അക്ഷരംപ്രതി ഞാൻ അനുസരിക്കുമെന്നോ ? നീ പറഞ്ഞത് ശരിയാണ്, നിന്റെ കണക്കറ്റ സ്വത്ത് കണ്ടിട്ട് തന്നെയാണ് ഞാൻ നിന്നെ കല്യാണം കഴിച്ചത്. പക്ഷേ നീയെന്നെ വഞ്ചിച്ചു എന്ന കാരണത്താൽ നിസ്സാരമായിട്ട്  എനിക്ക് നിന്നെ ഉപേക്ഷിച്ച് പോകാൻ പറ്റും “

ഞാൻ വിജയശ്രീലാളിതനായിട്ട് പറഞ്ഞു.

“പക്ഷേ ,നിങ്ങൾ എല്ലാം അറിഞ്ഞിട്ട് സ്വമനസ്സാലെയാണ് എന്നെ വിവാഹം കഴിച്ചതെന്ന് സത്യവാങ്ങ്മൂലം ഒപ്പിട്ട് തന്നിട്ടുണ്ടല്ലോ?”

“ങ് ഹേ അതെപ്പോൾ?”

ഞാൻ ശരിക്കും ഞെട്ടി.

“ഇന്നലെ നിക്കാഹ് കഴിഞ്ഞ് പള്ളി കമ്മിറ്റിക്കാര് രജിസ്റ്ററുകളിൽ ഒപ്പിടീച്ചില്ലേ? അതിലൊരാൾ എന്റെ വക്കീലായിരുന്നു..നിങ്ങൾ ഒപ്പിട്ട ഒരു പേപ്പർ, കോടതിയിലേക്കുള്ള, നിങ്ങളുടെ സത്യവാങ്മൂലമായിരുന്നു”.

പടച്ചോനെ ശത്രുക്കൾക്ക് പോലും ഇങ്ങനൊരവസ്ഥയുണ്ടാവല്ലേ എന്ന് ഞാൻ അവിടിരുന്നു പ്രാർത്ഥിച്ചു പോയി.

എന്തായാലും കാര്യങ്ങളൊക്കെ അവര് പ്ളാൻ ചെയ്ത പോലെ തന്നെ നടന്നു.

പക്ഷേ കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ?

ഞാൻ കാരണം കുട്ടികളെ തിരിച്ച്കിട്ടിയ സന്തോഷത്തിൽ എന്റെ ഭാര്യയ്ക്ക് എന്നോടുള്ള, അകൽച്ച മാറി, സ്നേഹം വന്ന് തുടങ്ങി, ഞങ്ങൾപരസ്പരം തെറ്റ് കുറ്റങ്ങൾ ഏറ്റ് പറഞ്ഞ് ഒന്നാകാൻ തീരുമാനിച്ചു.

ഇപ്പോൾ ഞാൻ ഹാപ്പിയാണ്.

ഇനി ഒറ്റ ലക്ഷ്യമേയുള്ളു.

എന്റെ ഉമ്മയേം വാപ്പയേം കൂടി കാര്യങ്ങൾ ഏറ്റ് പറഞ്ഞ് കൂടെ കൂട്ടണം.

ശുഭം.

~സജിമോൻ തൈപറമ്പ്