മാപ്പ്….
Story written by Suja Anup
================
“ബാബുവേട്ടൻ മരിച്ചു പോയി. രാവിലെയായിരുന്നൂ”
“കേട്ടത് സത്യമാവല്ലേ” എന്ന് ഞാൻ പ്രാർത്ഥിചൂ.
പിന്നെ ഒരോട്ടമായിരുന്നൂ. നടുത്തളത്തിൽ ഏട്ടനെ കിടത്തിയിരിക്കുന്നൂ. രുക്മിണി അവിടെ തളർന്നിരുപ്പുണ്ട്. ഞാൻ ഓടി ചെന്ന് ആ കാല് പിടിച്ചു കരഞ്ഞു. ആരൊക്കെയോ ചേർന്ന് എന്നെ അവിടെ നിന്നും മാറ്റി.
“രാത്രിയിൽ ഹൃദയാഘാതം വന്നതാണെന്നാരോ പറയുന്നതു കേട്ടു. അമ്മയ്ക്ക് സുഖമില്ലാത്തതു കൊണ്ട് രുക്മിണി ആ മുറിയിലാണത്രെ ഉറങ്ങിയത്. അതുകൊണ്ടു തന്നെ ആരും ഒന്നും അറിഞ്ഞില്ല. രാവിലെ എഴുന്നേൽക്കാതിരുന്നപ്പോൾ രുക്മിണി പോയി നോക്കുകയായിരുന്നത്രെ…”
ചിതയിലേയ്ക്ക് ആ ശരീരം എടുക്കുമ്പോൾ മനസ്സിൽ ഒരായിരം വട്ടം ഞാൻ മാപ്പു പറഞ്ഞുകഴിഞ്ഞിരുന്നൂ…
******************
ഈ നാട്ടിൽ വന്ന നാൾ മുതൽ എനിക്ക് ബാബുവേട്ടനെ അറിയാം. അഞ്ചാം വയസ്സിൽ അമ്മയുടെ കൈ പിടിച്ചു ഈ നാട്ടിൽ വന്നതാണ് ഞാൻ. ഒരു തുണ്ടു ഭൂമി വാങ്ങുവാനും ഒരു കൂര വയ്‌ക്കുവാനും അമ്മയെ സഹായിച്ചത് ബാബുവേട്ടൻ്റെ അച്ഛനാണ്. പിന്നീടങ്ങോട്ടു ഞാൻ ആ വീട്ടിലെ അംഗത്തെ പോലെയായി. അമ്മ പണിക്കു പോകുമ്പോൾ എന്നെ നോക്കിയിരുന്നത് ബാബുവേട്ടൻ്റെ അമ്മയായിരുന്നൂ.
ബാബുവേട്ടൻ രുക്മിണിയെ വിവാഹം കഴിക്കുമ്പോൾ എല്ലാത്തിനും ഓടി നടന്നത് ഞാൻ തന്നെയാണ്. ഒരു ചേട്ടത്തിയുടെ സ്ഥാനം എന്നും ഞാൻ അവർക്കു മനസ്സിൽ നല്കിയിരുന്നൂ.
എൻ്റെ അമ്മ മരിച്ചതിൽ പിന്നെ എനിക്കുള്ള ഭക്ഷണം പോലും രുക്മിണിയായിരുന്നൂ തന്നിരുന്നത്.
വിവാഹം കഴിക്കുവാൻ എല്ലാവരും നിർബന്ധിച്ചെങ്കിലും വേണ്ട എന്ന് ഞാൻ തീരുമാനിച്ചിരുന്നൂ.
എന്നെ പോലെ ഒരുത്തനൊപ്പം ജീവിക്കുവാൻ തയ്യാറാവുന്ന പെണ്ണുണ്ടാവുമോ എന്നെനിക്കു അറിയില്ലായിരുന്നൂ. എപ്പോഴൊക്കെയോ മനസ്സിൽ തോന്നിയിരുന്ന അപകർഷതാ ബോധം കൂടി വന്നതല്ലാതെ ഒരിക്കലും കുറഞ്ഞിരുന്നില്ല. അതിന് ആക്കം കൂട്ടികൊണ്ടു ചർമ്മരോഗങ്ങൾ എന്നെ വേട്ടയാടിക്കൊണ്ടിരുന്നൂ.
എപ്പോഴും ബാബുവേട്ടൻ എന്നെ കൂടെ ചേർത്ത് നിറുത്തിയിട്ടേയുള്ളൂ.
വിവാഹം കഴിഞ്ഞിട്ട് പത്തു വർഷമായെങ്കിലും ബാബുവേട്ടന് കുട്ടികൾ ഉണ്ടായിരുന്നില്ല. അതോർത്തു വേദനിക്കാത്ത ഒരു ദിവസം പോലും രുക്മിണിയുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല…
അന്നൊരു ദിവസ്സം ഞാൻ കയറി ചെല്ലുമ്പോൾ വീട്ടിൽ രുക്മിണി മാത്രമേ ഉണ്ടായിരുന്നുള്ളു. ബാബുവേട്ടൻ്റെ അമ്മയും അച്ഛനും എന്തോ ആവശ്യത്തിന് അച്ഛൻ പെങ്ങളുടെ വീട്ടിൽ പോയിരുന്നൂ. ബാബുവേട്ടനു അന്ന് രാത്രിയിൽ ഡ്യൂട്ടി ഉണ്ടെന്നു ഞാൻ അറിഞ്ഞിരുന്നില്ല.
ഊണ് കഴിഞ്ഞു ഇറങ്ങുവാൻ നേരമാണ് രുക്മിണി ഒറ്റയ്ക്കാവുമല്ലോ എന്നോർത്തത്. അങ്ങനെയാണ് അവിടെ ഉറങ്ങുവാൻ തീരുമാനിച്ചത്. കുറേ നേരം ഞങ്ങൾ അങ്ങനെ വർത്തമാനം പറഞ്ഞിരുന്നൂ. പിന്നീട് എപ്പോഴോ സംസാരം വഴി തെറ്റി പോയിരുന്നൂ…
ഏതോ ഒരു നിമിഷത്തെ ചാപല്യത്തിൽ ഞങ്ങൾ അറിയാതെ തെറ്റിലേയ്ക്ക് വഴുതി വീഴുകയായിരുന്നൂ.
ഒരു പെണ്ണിൻ്റെ സാന്നിധ്യം ആഗ്രഹിച്ചിരുന്ന മനസ്സ് എപ്പോഴൊക്കെയോ രുക്മിണിയെ സ്നേഹിച്ചിരുന്നൂ എന്ന് ഞാൻ അപ്പോൾ തിരിച്ചറിഞ്ഞു…
പിന്നീട് പലപ്പോഴും ആ തെറ്റ് ആവർത്തിക്കപ്പെട്ടു. അവളെ അടുത്തറിയുന്തോറും അറിയാതെ അവളിൽ അലിയുവാൻ ഞാൻ ആഗ്രഹിച്ചൂ. സമയം കിട്ടുമ്പോഴൊക്കെ ആരുമറിയാതെ രുക്മിണി എന്നെ തേടി വീട്ടിലേയ്ക്കു വരുമായിരുന്നൂ…
രുക്മിണി ഗർഭിണിയായപ്പോൾ ഏറെ സന്തോഷിച്ചത് ബാബുവേട്ടനായിരുന്നൂ. എനിക്ക് മനസ്സിൽ അച്ഛനാകുവാൻ പോകുന്ന സന്തോഷം ഉണ്ടായിരുന്നെങ്കിലും മനസ്സിൻ്റെ ഏതോ ഒരു കോണിൽ കുറ്റബോധവും ഉണ്ടായിരുന്നു.
ബാബുവേട്ടൻ ആ കുഞ്ഞിനെ ഓമനിക്കുമ്പോഴെല്ലാം മനസ്സെന്തിനോ പിടഞ്ഞു.
“കുറ്റബോധമാണോ അതോ അസൂയയാണോ എന്നെനിക്കു അറിയില്ലായിരുന്നൂ. സ്വന്തം കുഞ്ഞു മറ്റൊരാളെ അച്ഛാ എന്ന് വിളിക്കുമ്പോൾ ഉള്ളിൽ ഉണ്ടാകുന്ന വികാരം എന്താണെന്നു എനിക്ക് അറിയില്ല..”
മരിക്കുന്നതിന് രണ്ടു ദിവസ്സം മുൻപ് ബാബുവേട്ടൻ എന്നെ കാണുവാൻ വന്നിരുന്നൂ. സംസാരിക്കുന്നതിനിടയിൽ ബാബുവേട്ടൻ എന്നോട് പറഞ്ഞു…
“നിനക്കറിയാമോ, എനിക്ക് ഒരിക്കലും അച്ഛനാകുവാൻ കഴിയില്ല. മൂന്ന് വർഷം മുൻപേ മാത്രമാണ് ഞാൻ ഡോക്ടർ പറഞ്ഞു അത് അറിഞ്ഞത്. രുക്മിണിയെ ഞാൻ ഒന്നും അറിയിച്ചിട്ടില്ല. അവൾ എന്നെ വിട്ടു പോകുമോ എന്ന് ഞാൻ ഭയന്നൂ. എൻ്റെ രുക്മിണി ചീത്തയാണെന്നു ഞാൻ ആരോടും പറയില്ല. പക്ഷേ..ഒരു ഭർത്താവിൻ്റെ ദുഃഖം നിനക്ക് മനസ്സിലാകുമോ…ഞാൻ നിന്നോട് ഒരിക്കലും ഒന്നും ചോദിക്കില്ല…”
ബാബുവേട്ടൻ ഇറങ്ങി പോകുമ്പോൾ എൻ്റെ വികാരം എന്തായിരുന്നൂ എന്ന് എനിക്കറിയില്ല. ഇനി ഒരിക്കലും തമ്മിൽ കാണില്ല എന്ന് അറിഞ്ഞുകൊണ്ടാണോ അദ്ദേഹം എല്ലാം തുറന്നു പറഞ്ഞത്….
******************
അടുത്ത മാസം ബാബുവേട്ടൻ്റെ മകൻ്റെ (ഹരി) വിവാഹം നടക്കുവാനിരിക്കുകയായിരുന്നൂ. അപ്പോഴാണ് പെട്ടെന്നു ബാബുവേട്ടൻ മരിച്ചത്. വിവാഹം ആറു മാസത്തേയ്ക്ക് നീട്ടി വച്ചൂ എന്ന് അമ്മാവൻ അവിടെ എല്ലാവരോടും പറയുന്നുണ്ടായിരുന്നൂ.
“രവി, നീ എന്താണ് ആലോചിക്കുന്നത്. അച്ഛൻ്റെ സ്ഥാനത്തു നിന്ന് എല്ലാം നീ തന്നെ ചെയ്യണം. രുക്മിണി വിധവയാണ്, അവൾക്കു എല്ലാം ഓടി നടന്നു ചെയ്യുവാൻ സാധിക്കില്ല.”
ഞാൻ ഒന്നും പറഞ്ഞില്ല. പിന്നീട് കല്യാണം ക്ഷണിക്കുവാനും പുടവ എടുക്കുവാനും എന്ന് വേണ്ട എല്ലാത്തിനും ഓടി നടന്നത് ഞാൻ തന്നെയായിരുന്നൂ.
അച്ഛൻ്റെ സ്ഥാനത്തു നിന്ന് ഹരിയുടെ വിവാഹം ഞാൻ നടത്തി. നാട്ടുകാരെല്ലാവരും എന്നെ പുകഴ്ത്തി പറയുന്നുണ്ടായിരുന്നൂ.
“എൻ്റെ ആത്മാർത്ഥതയെക്കുറിച്ചു അവർ വാനോളം പുകഴ്ത്തുന്നൂ..”
പക്ഷേ..എൻ്റെ മനസ്സിൽ നിറയുന്ന വികാരം അവർക്കറിയില്ല. ഞാൻ ചെയ്ത തെറ്റിൻ്റെ ശിക്ഷ ഞാൻ അനുഭവിക്കുന്നൂ. ബാബുവേട്ടൻ അച്ഛൻ്റെ സ്ഥാനത്തു നിന്ന് നടത്തേണ്ട എൻ്റെ ഹരിയുടെ ചടങ്ങുകൾ ഞാൻ നടത്തേണ്ടി വന്നത് അനുഗ്രഹമാണോ അതോ ശാപമാണോ…
എനിക്ക് അതിനുള്ള ഉത്തരം അറിയില്ല….
ഞാൻ ചെയ്ത തെറ്റിന് എവിടെ ഞാൻ മാപ്പു ചോദിക്കണം. എനിക്ക് മാപ്പു തരാതെയാണ് ബാബുവേട്ടൻ പോയത്…..