അല്ലെങ്കിലും ഇപ്പോളത്തെ പിള്ളേരോടൊക്കെ പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല. അസുഖം വരുമ്പോളെ…

മരണം

Story written by Aparana Dwithy

============

“എന്താ കുട്ട്യേ ഇത് മഴക്കാലമാണെന്ന് അറിഞ്ഞൂടെ. ഒരു കുട കയ്യിൽ കരുതിയാൽ എന്താ?……. “

തിരിഞ്ഞു നോക്കിയപ്പോൾ പതിവ് പോലെ ആ വൃദ്ധ. കുട കയ്യിലുണ്ടായിരുന്നിട്ടും പുറത്തെടുക്കാൻ ഒരു മടി. അല്ലെങ്കിൽ തന്നെ നനഞ്ഞ കുട ബാഗിൽ വെച്ചാൽ ആകെ നാശമാവും. രാവിലെ ബസിന്റെ ഹോൺ കേൾക്കുമ്പോൾ ഒരു ഓട്ടമാണ് അതിനിടയിൽ എവിടാ കുട നിവർത്താൻ ഒക്കെ സമയം. ഞാൻ ആ വൃദ്ധയ്ക്ക് മറുപടി ഒന്നും കൊടുക്കാതെ ബസിൽ കയറി.

“അല്ലെങ്കിലും ഇപ്പോളത്തെ പിള്ളേരോടൊക്കെ പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല. അസുഖം വരുമ്പോളെ ഇവറ്റോളൊക്കെ പഠിക്കൂ ” ആ വൃദ്ധ പിന്നെയും പിറുപിറുത്തു.

ഇതിപ്പോൾ പതിവ് കാഴ്ചയായിരിക്കുന്നു. ആ വൃദ്ധയെ ഈ കവലയിൽ കാണാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ആരാണെന്നോ, എവിടുന്നാണെന്നോ ആർക്കും ഒരറിവും ഇല്ല. കിണറ്റിൽ ചാടി ച ത്ത പ്രാ ന്തൻ മത്തായിടെ അമ്മയാണെന്നൊക്കെ ഒരു വിഭാഗം പറയുന്നുണ്ട്. ബസ്സ് സ്റ്റോപ്പിനടുത്തു ഒരു ഷെഡ് കെട്ടിയാണ് താമസമൊക്കെ. പകൽ സമയങ്ങളിലത്രയും വഴിയേ പോകുന്നവരോടൊക്കെ പിറുപിറുത്തുകൊണ്ടിരിക്കും. ആരെങ്കിലും വല്ലതും കൊടുത്താൽ കഴിക്കും.

രാവിലെ ബസ് കിട്ടാൻ തിരക്കുപിടിച്ചോടുമ്പോളായിരിക്കും അവരുടെ ഓരോരു ചോദ്യങ്ങളും ഉപദേശങ്ങളും. എപ്പോഴും ഉത്തരം നൽകാതെ പോവുകയാണ് പതിവ് അല്ലെങ്കിലും സമയമളന്നു ജീവിക്കുന്ന നമ്മുക്കൊക്കെ എവിടുന്നാണ് ഇതിനൊക്കെ സമയം.

“മോളെ ഒരു പത്തുരൂപ തരാമോ. നാളെ വൈന്നേരം തിരിച്ചു തരാം ” ഒരു വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോളാണ് ആ വൃദ്ധയുടെ ചോദ്യം. സാധാരണ അവരാരോടും കാശൊന്നും ചോദിക്കുന്നത് കണ്ടിട്ടില്ല ഇതിപ്പോ എന്തിനാണാവോ….!

“നാളെ വൈന്നേരം മോള് ഈ വഴി വരുമ്പോൾ തരാം ” മുറുക്കാൻ ചവച്ചു കറ വീണ പല്ലുകൾ കാട്ടി അവരൊന്ന് ചിരിച്ചു.

മറിച്ചൊന്നും ചോദിക്കാൻ നിന്നില്ല ബാഗിൽ നിന്നും കാശെടുത്തു കൊടുത്ത് ഞാൻ വീട്ടിലേക്ക് നടന്നു.

“നീയാ ത ള്ളയോട്  കിന്നാരം പറഞ്ഞോണ്ട് നിക്കണത് കണ്ടല്ലോ, ന്താടി ബസ് ഇറങ്ങിയാൽ മര്യാദക്ക് വീട്ടിലേക്ക് വന്നൂടെ?” ചെന്ന് കയറിയപ്പോൾ തന്നെ വഴിക്കണ്ണുമായി കാത്തുനിന്ന അമ്മയുടെ വക ചോദ്യം ചെയ്യൽ തുടങ്ങി.

“ഞാനൊന്നും പറഞ്ഞില്ല. അവരൊരു പത്തു രൂപ ചോദിച്ചതാ “

‘എന്നിട്ട് നീ കൊടുത്തോ? ‘

“ആ കൊടുത്തു. ലക്ഷങ്ങളൊന്നുമല്ലലോ ഒരു പത്തു രൂപയല്ലേ. എന്തോരം പൈസ നമ്മൾ അനാവശ്യമായി ചിലവാക്കുന്നുണ്ട്. “

‘എടി ഇങ്ങനുള്ളോർക്കൊന്നും പൈസ കൊടുക്കാൻ പാടില്ല. ഇന്ന് നീ കൊടുത്താൽ നാളെയും ചോദിച്ചോണ്ട് വരും. കൊടുത്തിലേൽ കാതിലും കഴുത്തിലും ഒക്കെ ഉള്ളതങ്ങു പൊട്ടിച്ചോണ്ട് പോവും ‘

“ഓ ഈ അമ്മയ്‌ക്കെന്താ? അതൊരു പാവം അമ്മൂമ്മയാ. മാത്രമല്ല അവരിന്ന് ആദ്യമായിട്ടാ എന്നോട് കാശ് ചോദിച്ചതും. “

‘ഇവരുടെയൊക്കെ പിന്നിൽ വേറേം ആളുണ്ടാവും. നീ പത്രത്തിൽ ഒക്കെ വായിക്കാറില്ലേ. ഞാൻ പറയാനുള്ളത് പറഞ്ഞു. മേലാൽ ആ ത ള്ളയോട് മിണ്ടാനോ പറയാനോ പോയാലുണ്ടല്ലോ….. ‘

ഇനിയിപ്പോ അവര് അമ്മ പറഞ്ഞപോലെ തന്നെയാവുമോ? ഹേയ് എന്നാൽ പിന്നെ അവർക്ക് മുന്നേ പൈസ ചോദിച്ചൂടെ ഇത് വേറെ വല്ല ആവിശ്യങ്ങൾക്കും ആയിരിക്കും. ഞാൻ സ്വയം ആശ്വസിച്ചു.

പിറ്റേന്ന് രാവിലെയുള്ള ഓട്ടത്തിനിടയിൽ ഒന്ന് തിരിഞ്ഞു നോക്കി. എന്നും ഇരിക്കാറുള്ള ആ വൃദ്ധയുടെ ഇരിപ്പിടം കാലിയായിരുന്നു. ഇനിയവർ ഈ നാട്ടിൽ നിന്നും പോയി കാണുമോ? ഞാൻ ബസിൽ കയറി സൈഡ് സീറ്റിൽ ഇരുന്ന് തിരിഞ്ഞു നോക്കി. ഇല്ല…..അവർ ആ പരിസരത്തെവിടെയുമില്ല. മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ നുരഞ്ഞു പൊങ്ങുന്നുണ്ട്. അവർ എവിടേക്കാവും പോയത്?  ഇനി തിരിച്ചു വരുമോ?

ദിവസം രണ്ട് കഴിഞ്ഞു. ആ വൃദ്ധയെ കണ്ടേ ഇല്ല. ഒരുപക്ഷേ അവർ ഈ നാട് വിട്ടു പോയി കാണും ഞാൻ മനസ്സിലുറപ്പിച്ചു.

അന്ന് വൈകുന്നേരം ബസ് ഇറങ്ങുമ്പോൾ കവലയിൽ ഒരു ആൾകൂട്ടം. എന്താണെന്നറിയാൻ ഞാനും അങ്ങോട്ടേക്ക് നടന്നു.

“വണ്ടി ഇടിച്ചതാ, അപ്പോ തന്നെ മരിച്ചു. ഇടിച്ച വണ്ടി നിർത്താതെ പോയി പോലീസിൽ അറിയിച്ചിട്ടുണ്ട് “

വഴിയരികിൽ നിന്നും രണ്ട് പേര് സംസാരിക്കുന്നത് കേട്ടു.

ആരെയാ വണ്ടി ഇടിച്ചത്? എന്റെ മനസ്സിൽ സംശയങ്ങൾ നിറഞ്ഞു ഒപ്പം ഭയവും. ആൾക്കൂട്ടത്തിനിടയിലൂടെ ഞാൻ മുന്നോട്ട് നടന്നു.

ചോ രയിൽ മുങ്ങി കിടക്കുന്ന ആ ശരീരം കണ്ടപ്പോൾ തന്നെ കണ്ണുകൾ ഇറുക്കിയടച്ചു. അതെ, അതവർ തന്നെ ഞാൻ രണ്ട് ദിവസമായി ആരെയാണോ തിരയുന്നത് അവർ. കൈവെള്ളയിൽ ഇറുകി പിടിച്ചിരുന്ന ഒരു മുഷിഞ്ഞ പത്തു രൂപ നോട്ട് കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു. അധികനേരം എനിക്കവിടെ നിൽക്കാനായില്ല.

മനസ്സിൽ നിറയെ അവരായിരുന്നു എന്നും രാവിലെ ഓരോ ഉപദേശങ്ങളുമായി പിന്നിൽ നിന്നും വിളിക്കുന്ന ആ വൃദ്ധ…..! ഇന്ന് വരെ ഞാൻ അവരോട് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല പക്ഷേ…..ഇപ്പോൾ അവരോടെന്തൊക്കെയോ സംസാരിക്കാനുള്ളതു  പോലെ. അവരും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നത് പോലെ…..

മരണം….അതാർക്കും, എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന വേദനിപ്പിക്കുന്ന ഒരു സത്യം തന്നെയാണ്…… !

~അപർണ