ആ വിളി കേട്ടതും ഉച്ചക്കത്തേയ്ക്കുള്ള പച്ചക്കറി അറിഞ്ഞു കൊണ്ടിരുന്ന ഞാൻ ഓടി അവളുടെ അടുത്തെത്തി…

അച്ഛമ്മ….

Story written by Suja Anup

============

“എൻ്റെ ദേവി, ഞാൻ എന്ത് ചെയ്യും. രണ്ടു കുരുന്നുകളെ ഈ വയസ്സത്തിയെ ഏല്പിച്ചിട്ടാണ് അവൾ പോയത്. എനിക്ക് മാത്രം എന്തിനാ ഇങ്ങനെ ഒരു വിധി. ഞാൻ ഒരിക്കൽപോലും സന്തോഷിക്കരുത് എന്നാണോ നീ പറയുന്നേ…നീ തന്നെ എന്നെ നയിക്കണേ…”

ദേവിയുടെ ഈ നട മാത്രമാണ് എൻ്റെ അഭയം. ഈ നടയിൽ നിന്ന് കരയുമ്പോൾ മനസ്സിൽ തളം കെട്ടി കിടക്കുന്നതൊക്കെ പെയ്തു ഒഴിയുന്നത് പോലെ തോന്നും. എന്നും എനിക്ക് ആശ്രയം ഈ നടയായിരുന്നൂ….

എല്ലാം ഇന്നലെ കഴിഞ്ഞത് പോലെയുണ്ട്….

*****************

എന്നത്തേയും പോലെ ഉഷ (മരുമകൾ) രാവിലെ പണിയെല്ലാം തീർത്തു അലക്കുവാനുള്ള തുണികളെല്ലാം എടുത്തു അലക്കു കല്ലിൻ്റെ അടുത്തേയ്ക്കു നടന്നതായിരുന്നൂ.

പെട്ടെന്നാണ് അവൾ എന്നെ വിളിച്ചത്.

“അമ്മേ…”

ആ വിളി കേട്ടതും ഉച്ചക്കത്തേയ്ക്കുള്ള പച്ചക്കറി അറിഞ്ഞു കൊണ്ടിരുന്ന ഞാൻ ഓടി അവളുടെ അടുത്തെത്തി. അപ്പോഴേയ്ക്കും അവൾ കുഴഞ്ഞു വീണു കഴിഞ്ഞിരുന്നൂ.

അവളെ പിടിക്കുവാൻ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും എൻ്റെ കൈയ്യും കാലും കുഴഞ്ഞു തുടങ്ങിയിരുന്നൂ. എൻ്റെ കരച്ചിലു കേട്ട് വന്നവർ അവളെ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയെങ്കിലും പോകുന്ന വഴിയേ എല്ലാം കഴിഞ്ഞിരുന്നൂ.

അവളെ തിരിച്ചു ആശുപത്രിയിൽ നിന്നും വെള്ളയിൽ പൊതിഞ്ഞു കൊണ്ട് വന്നൂ. ആരൊക്കെയോ ചേർന്ന് സ്കൂളിൽ നിന്നും കൊച്ചുമക്കളെ കൂട്ടി കൊണ്ടു വന്നൂ.

ഒന്നും മനസ്സിലാകാതെ ഓടി കളിക്കുന്ന വിനുമോനെ ഞാൻ നോക്കി. അവനു നാല് വയസ്സേ ആയിട്ടുള്ളൂ. വിനിതയ്ക്കു പന്ത്രണ്ടു വയസ്സാകുന്നൂ.

“പാവം, എൻ്റെ കുട്ടി. അമ്മ പോയി എന്ന് അവനു മനസ്സിലായിട്ടില്ല.”

വിനിതമോള് തളർന്നൊടിഞ്ഞു എൻ്റെ മടിയിൽ കിടപ്പുണ്ട്.

“അവൾ എങ്ങനെ ഇതു സഹിക്കും?”

ദൈവം ഇത്രയ്ക്കു ക്രൂ രൻ ആകരുത്. നാലു വർഷം മുൻപേ അവരുടെ അച്ഛനെ (എൻ്റെ ഒരേ ഒരു മകനെ ) അങ്ങു വിളിച്ചൂ. പിന്നീടങ്ങോട്ട് എൻ്റെ ഉഷ എത്ര മാത്രം കഷ്ടപ്പെട്ടൂ.

സുഖമില്ലാതിരുന്നിട്ടു കൂടി ഇന്നലെയും അവൾ പണിക്കു പോയി. മരുന്ന് വാങ്ങാനുള്ള പൈസ ഞാൻ കടം വാങ്ങാമെന്നു പറഞ്ഞിട്ടും അവൾ സമ്മതിച്ചില്ല.

“നെഞ്ചേരിച്ചിലാണമ്മേ, ഗ്യാസ് കയറിയതാണമ്മേ…അമ്മ പേടിക്കേണ്ട..”

എത്ര പറഞ്ഞിട്ടും അവൾ സമ്മതിച്ചില്ല.

“ഇനി, എൻ്റെ ഈ കുട്ടികൾക്ക് ആരുണ്ട്…? ചടങ്ങുകൾ കഴിഞ്ഞു എല്ലാവരും പോകും. ഇതേ പോലെ എൻ്റെ മകന് നാല് വയസ്സുള്ളപ്പോൾ എൻ്റെ ഭർത്താവിനെ അങ്ങു ദേവി വിളിച്ചൂ. പിന്നീട് ഞാൻ പെട്ട കഷ്ടപ്പാട് അതെങ്ങനെ ഞാൻ പറയും ….”

ചടങ്ങുകൾ എല്ലാം കഴിഞ്ഞു….

*****************

“അച്ഛമ്മ വരൂ, നമുക്ക് പോകണ്ടേ…”

വിനുമൊൻ്റെ കൈയ്യും പിടിച്ചു വിനിത അടുത്തേയ്ക്കു വന്നൂ.

ഞാൻ കണ്ണ് തുടച്ചൂ. ഈ പാവങ്ങൾക്കു ഞാൻ മാത്രമേ ഉള്ളൂ. ഞാൻ തളർന്നു പോയാൽ പിന്നെ എങ്ങനെ ജീവിതം മുന്നോട്ടു പോകും.

എല്ലാം ഞാൻ നിശ്ചയിച്ചു ഉറപ്പിച്ചിരുന്നൂ…

അയല്പക്കത്തെ വീട്ടിൽ മൂന്ന് മാസം പ്രായമായ ഒരുണ്ണിയെ നോക്കുന്ന പണി എനിക്ക് തരാമെന്നു പറഞ്ഞിട്ടുണ്ട്. അവർ ജോലിക്കു പോകുമ്പോൾ അതൊരു സഹായമാകും.

********************

ദൈവാനുഗ്രഹം തുണയായി വിനിതമോൾ നന്നായി പഠിച്ചൂ. പഠിച്ച ക്ലാസ്സുകളിൽ എല്ലാം അവൾക്കു നല്ല മാർക്ക് കിട്ടി. ഇന്നിപ്പോൾ അവൾക്കു ഇരുപതു വയസ്സായി. ബിരുദം കഴിഞ്ഞു അവളും ഇന്നലെ മുതൽ ഒരു ചെറിയ ജോലിക്കു പോയി തുടങ്ങി.

“നന്നായി പഠിക്കുന്ന കുട്ടി, കോളേജ് വാധ്യാരാവണം എന്നാണവളുടെ ആഗ്രഹം. ഇനി മുകളിലേയ്ക്കു പഠിപ്പിക്കുവാൻ എന്നെ കൊണ്ടാവില്ല.”

എൻ്റെ കഷ്ട്ടപ്പാടുകൾ മനസ്സിലാക്കിയത് കൊണ്ട് മാത്രമാണ് കുഞ്ഞിനെ നോക്കുന്ന ജോലി നിറുത്തിയ ഉടനെ വൈകുന്നേരം കുഞ്ഞിനെ സ്കൂൾ ബസ് നിറുത്തുന്ന സ്ഥലത്തു നിന്നും കൂട്ടി കൊണ്ട് വരുക, പാചകം ചെയ്യുക അങ്ങനെ കൊച്ചു പണികൾ ചെയ്യിപ്പിച്ചു അവർ എന്നെ അവിടെ ജോലിയിൽ നിന്നും പറഞ്ഞു വിടാതെ നിറുത്തിയത്.

ഇനി അവരെ കൂടുതൽ പണം വാങ്ങി ബുദ്ധിമുട്ടിക്കുവാൻ വയ്യ. അറിഞ്ഞു എന്നും സഹായിച്ചിട്ടേ ഉള്ളൂ.

വിനുമോന് പന്ത്രണ്ടു വയസ്സായി. അവനെയും ബിരുദം വരെ എങ്കിലും പഠിപ്പിക്കണം.

*****************

“എൻ്റെ ദേവി. വിനിത മോൾക്ക് വയസ്സ് ഇരുപത്തി മൂന്ന് കഴിഞ്ഞു. വരുന്ന ആലോചനകൾ എല്ലാം മുടങ്ങി പോകുന്നൂ….”

പാവം എൻ്റെ കുട്ടി. അതിൻ്റെ നല്ല മനസ്സ് ആരും കാണുന്നില്ല. സ്വരുക്കൂട്ടി വച്ച പൈസ കൊണ്ട് പ്രൈവറ്റായിട്ടു അവൾ ബിരുദാനന്ത ബിരുദത്തിനു പഠിക്കുന്നുണ്ട്. ശനിയും ഞായറും ക്ലാസ്സിൽ പോകണം. ബാക്കി ദിവസ്സങ്ങളിൽ ജോലിക്കു പോകുന്നൂ. രാപകലില്ലാതെ അവൾ കഷ്ടപ്പെടുന്നൂ.

എനിക്ക് വയ്യാതെ ആയി. വീട്ടിലെ പണി മൊത്തം എൻ്റെ കുട്ടി ചെയ്യുന്നുണ്ട്.

വയസ്സ് എഴുപത്തഞ്ചായി. ഇനി ഞാൻ എത്ര നാൾ ഉണ്ടാവും. പണ്ടത്തെ പോലെ ഒന്നും വയ്യ. കണ്ണടയ്ക്കും മുൻപേ അവളെ സുരക്ഷിതമായ കൈകളിൽഏൽപ്പിക്കണം. അവളുടെ അച്ഛനമ്മമാർ അങ്ങു ചെല്ലുമ്പോൾ എന്നോട് ചോദിക്കില്ലേ…..

പക്ഷേ….വരുന്ന എല്ലാവര്ക്കും സ്ത്രീധനം മതി.

“വയസ്സായ ഞാനും, പഠിക്കുന്ന അനിയനും ഒരു ബാധ്യത ആണത്രേ. സ്ത്രീധനം കിട്ടില്ല പോലും. കണ്ണിൽ ചോ രയില്ലാത്ത ആളുകൾ എന്തൊക്കെയാണ് പറയുന്നത്‌…”

“ഉള്ളവന് എത്ര കിട്ടിയാലും ആക്രാന്തം മാറില്ല. ഇനി എന്തൊക്കെ ഞാൻ അനുഭവിക്കണം…”

ഓരോന്നാലോചിച്ചൂ നടയിൽ നിന്ന് പോയി. പെട്ടെന്നാണ് ആ വിളി കേട്ടത്.

“എൻ്റെ സുലോചനേ എത്ര നാളായി നിന്നെ കണ്ടിട്ട്. നീ അങ്ങു ക്ഷീണിച്ചു പോയല്ലോ..”

“വിലാസിനി, ഇവിടെ എങ്ങനെ..”

“കൊച്ചുമോന് ഒരു നേർച്ച ഉണ്ടായിരുന്നൂ. ഇവിടെ നിന്നും പോയിട്ട് വർഷം ഒത്തിരി ആയില്ലേ. നീയും ഞാനും ഓടി നടന്ന പറമ്പും വഴികളും എന്നും ഞാൻ ഓർക്കും. നിനക്ക് അറിയാമല്ലോ കല്യാണം കഴിഞ്ഞു അദ്ദേഹത്തിൻ്റെ കൂടെ ബോബെയ്ക്ക് പോയത്. പിന്നെ അവിടെ അങ്ങു കൂടി. മകനും ജോലി അവിടെ തന്നെ ആയിരുന്നൂ. അദ്ദേഹം പോയിട്ടിപ്പോൾ അഞ്ചു വർഷമായി. കുറച്ചു നാളുകൾക്കു മുൻപേ അവനും ഭാര്യയും ഒരു അപകടത്തിൽ മരിച്ചൂ. അങ്ങനെ ഉള്ളതെല്ലാം പെറുക്കി ഞാൻ നാട്ടിലൊരു സ്ഥലം വാങ്ങി, വീടും വച്ചൂ. ഇവിടെ നിന്നും ഒരു മണിക്കൂർ യാത്ര ചെയ്താൽ മതി. കൊച്ചു മകന് ഷിപ്പിൽ ആണ് ജോലി. ആ നാട്ടിൽ അവൻ ദൂരയാത്രയ്ക്കു പോകുമ്പോൾ ഞാൻ ഒറ്റയ്ക്കായി പോകും.”

“നീ വരൂ, വിലാസിനി. നമുക്ക് വീട്ടിലേയ്ക്കു പോകാം…”

“നിൻ്റെ കഥകളൊന്നും എനിക്കറിയില്ലല്ലോ, സുലോചനേ.”

“എല്ലാം പറയാം….ഇനിയും സമയം ഉണ്ടല്ലോ…”

“മോനെ, സുനി നമുക്ക് സുലോചനയുടെ വീട് വരെ ഒന്ന് പോകാം. അച്ഛമ്മയുടെ കൂട്ടുകാരിയാണ്…”

അവർ രണ്ടു പേരും വീട്ടിൽ വന്നു തിരിച്ചു പോയപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി. എൻ്റെ കണ്ണടഞ്ഞു പോയാലും കൊച്ചുമക്കൾക്കു അവർ ഉണ്ടാവും എന്നൊരു തോന്നൽ മനസ്സിൽ വന്നൂ. ദേവി കാത്തതാണോ….

*****************

സുനിയും വിനിതയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചൂ.

“ഇന്നാണ് വിവാഹം..”

അവരുടെ നിലയ്ക്കനുസരിച്ചു ഒന്നും നൽകുവാൻ ഇല്ല. പെണ്ണിനിടാനുള്ള സ്വർണം മുതൽ കല്യാണ ചെലവ് വരെ അവരാണ് വഹിച്ചത്….

ഇറങ്ങുവാൻ സമയമായി.

“എനിക്ക് വയ്യ, അച്ഛമ്മയുടെ സ്ഥാനത്തു നിന്നല്ല അമ്മയുടെ സ്ഥാനത്തു നിന്നാണ് അവളെ ഞാൻ വളർത്തിയത്. ഇന്ന് വരെ പിരിഞ്ഞു നിന്നിട്ടില്ല. വിനുവിനും അത് വിഷമം ആണ്.

അവളുടെ കൈ പിടിച്ചു ഞാൻ അവനെ ഏൽപിചൂ.

കാലിൽ വീണു അവൾ അനുഗ്രഹം വാങ്ങി. മനസ്സ് നിറഞ്ഞു ഞാൻ അനുഗ്രഹിച്ചൂ.

“എനിക്കും അവളുടെ അമ്മയ്ക്കും കിട്ടാതിരുന്ന സൗഭാഗ്യം മൊത്തം അവൾക്കു കിട്ടണം”

വിനുവിനെ കെട്ടി പിടിച്ചു കരഞ്ഞുകൊണ്ട് അവൾ ഇറങ്ങി. അവൾ കാറിൽ കയറുന്നതു ഞാൻ നോക്കി നിന്നൂ.

കാറു മുന്നോട്ടു നീങ്ങുന്നതിനു മുൻപേ അവൾ ഓടി വന്നു എന്നെ കെട്ടി പിടിചൂ.

“അച്ഛമ്മയെ ഈ അവസ്ഥയിൽ വിട്ടിട്ടു എനിക്ക് എങ്ങും പോകേണ്ട. അച്ഛമ്മയെ പിരിഞ്ഞു എനിക്ക് എന്ത് സന്തോഷമാണ് വേണ്ടത്”

“വേണ്ട കുട്ടി. വിനുമോൻ ഉണ്ടല്ലോ ഇവിടെ. എപ്പോൾ വേണമെങ്കിലും എൻ്റെ കുട്ടിക്ക് ഓടി വരാമല്ലോ.”

എത്ര പറഞ്ഞിട്ടും എൻ്റെ കുട്ടി കേൾക്കുന്നില്ല. പാവം എൻ്റെ കുട്ടി.

ആളുകൾ ഓരോന്നു പറഞ്ഞു തുടങ്ങി. അവൾ ആണെങ്കിൽ കരച്ചിൽ നിറുത്തുന്നില്ല…

പെട്ടെന്ന് വിലാസിനി വന്നു എൻ്റെ കൈ പിടിച്ചൂ.

“നീയും വിനുവും ഇനി ഇവിടെ ഒറ്റയ്ക്ക് നിൽക്കണ്ട, നമുക്കെല്ലാവർക്കും കൂടെ താമസിക്കാനുള്ള സൗകര്യം എൻ്റെ വീട്ടിലുണ്ട്.”

“അതും കൂടെ മനസ്സിൽ കരുതിയിട്ടാണ് ഞാൻ സുനിയെ കൊണ്ട് തന്നെ വിനിതയെ വിവാഹം കഴിപ്പിച്ചത്. ഈ വയസ്സാം കാലത്തു ഓരോ കൊച്ചു വർത്തമാനങ്ങൾ പറഞ്ഞു നമുക്ക് അവിടെ അങ്ങു കൂടാം.”

……………..സുജ അനൂപ്