അവന്റെ സ്വഭാവദൂഷ്യം കൊണ്ടല്ല. നിങ്ങള് തന്നെയാ നാട്ട്കാരുടെ മുന്നിൽ അവനെ ഒരു കൊള്ളരുതാത്തവനാക്കിയത്…

_upscale

Story written by Saji Thaiparambu

================

“എടാ..ഹറാം പെറന്നോനേ, നീയെന്തിനാടാ ഫസീല മൊ ല കൊടുക്കുന്ന സമയത്ത് പോയി, ഒളിഞ്ഞ് നോക്കിയത് “

”ഇല്ല ബാപ്പാ..ഞാൻ ഒളിഞ്ഞ് നോക്കീട്ടില്ല, റസാഖിക്കാ കളവ് പറയുവാ, ഞാൻ ഫസീലത്താന്റെ കുഞ്ഞ് വാവയെ കാണാൻ വേണ്ടിയാ ജനലിൽ കൂടെ നോക്കിയത് “

പുളിവടി കൊണ്ടുള്ള ഹംസക്കാന്റെ അടി സഹിക്കാൻ വയ്യാതെ നവാസ് അയാളുടെ കാല് പിടിച്ച് പറഞ്ഞു.

“അതിന് നിനക്ക് മുൻവശത്ത് കൂടിച്ചെന്ന് മര്യാദയ്ക്ക് കൊച്ചിനെ കണ്ടൂടാരുന്നോ “

അയാളുടെ ചൂരൽ വീണ്ടും ഉയർന്നു താണു.

“ഉമ്മാ….എന്നെ തല്ലല്ലേന്ന് പറയുമ്മാ”

എല്ലാ മക്കളെയും പോലെ അവനും ഒരാശ്രയത്തിനായി പെറ്റുമ്മയെ വിളിച്ച് കരഞ്ഞു.

“അവനെ വിടു..അവൻ പറഞ്ഞില്ലേ സത്യാവസ്ഥ, നിങ്ങള് പറയുന്ന പോലെ മുന്നിൽ കൂടി കേറിച്ചെല്ലാൻ ആ റസാഖ് സമ്മതിക്കാത്ത കൊണ്ടല്ലേ ”

ആമിനുമ്മ, അവന്റെ രക്ഷയ്ക്കെത്തി.

“സമ്മതിക്കില്ലെടീ…ഇവന്റെ സ്വഭാവം അറിഞ്ഞോണ്ട് ഒരാളും ഇവനെ പൊരയ്ക്കകത്ത് കേറ്റത്തില്ല, അറിയുമോ “

“അത്, അവന്റെ സ്വഭാവദൂഷ്യം കൊണ്ടല്ല. നിങ്ങള് തന്നെയാ നാട്ട്കാരുടെ മുന്നിൽ അവനെ ഒരു കൊള്ളരുതാത്തവനാക്കിയത്, മൂന്ന് മക്കളുടെ കൂട്ടത്തിൽ അവൻ മാത്രം കറുത്ത് പോയെന്നും പറഞ്ഞ് എന്നും നിങ്ങൾ അവനെ, ഓരോരോ കാര്യം പറഞ്ഞ് ഉപദ്രവിക്കില്ലേ? ഇത് കണ്ടോണ്ടിരിക്കുന്ന അയൽക്കാര് പിന്നെ അവനെ നല്ല കണ്ണ് കൊണ്ട് കാണുവോ?

“പിന്നേ…അവൻ കറുത്ത് പോയതിനെ കുറിച്ച് ഞാൻ അല്ലടീ, ആദ്യം പറഞ്ഞത്. അത് ഈ നാട്ട്കാരാ അടക്കം പറഞ്ഞ് ചിരിച്ചത്. ഹംസക്കാന്റെ രണ്ടാമത്തവൻ മാത്രം കറുത്ത് പോയത്, ആമിനാ, വേലി ചാടിയത് കൊണ്ടായിരിക്കുമെന്ന്, എന്നിട്ടും ഞാൻ നിന്നെ ത്വലാഖ് ചെല്ലാത്തത് എന്റ രണ്ട് മക്കളുടെ ത ള്ളയായി പോയത് കൊണ്ട് മാത്രമാ”

“ന്റെ, റബ്ബേ…നിങ്ങള് എന്നെ കുറിച്ച് വേണ്ടാധീനം പറഞ്ഞാൽ, പടച്ചോൻ പോലും പൊറുക്കത്തില്ല കേട്ടാ …”

ഭർത്താവിന്റെ മോശം പരാമർശം സഹിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞ് കൊണ്ട് ആമിനാ അകത്തേക്ക് പോയി

ഹംസയ്ക്കും ആമിനയ്ക്കും കൂടി, മൂന്ന് മക്കളാണ്. മൂത്തവൻ ഹബീബ്, ഏഴാം ക്ളാസ്സിലും, രണ്ടാമത്തെ നവാസ് അഞ്ചാം ക്ളാസ്സിലും മൂന്നാമത്തെ മകൾ ഐശ മൂന്നിലും പഠിക്കുന്നു.

കാണാൻ നല്ല വെളുത്ത് തുടുത്ത് ഇരിക്കുന്നവരാണ് പഠിക്കാനും മിടുക്കരായ ഹബീബും ഐശയും…

ജനിച്ചപ്പോൾ മുതൽ കറുമ്പനായ നവാസിനെ ഹംസയ്ക്ക് തീരെ ഇഷ്ടമല്ലായിരുന്നു.

*******************

“അല്ലാ….എന്താ ഇത്ര വലിയൊരാലോചന”

പുറകിൽ നിന്ന് ഭാര്യ, ഹസീനയുടെ ശബ്ദം കേട്ട് നവാസ് തിരിഞ്ഞ് നോക്കി.

“ഒന്നുമില്ലെടീ..ഞാൻ ഒരു പത്ത് മുപ്പത്  കൊല്ലം പുറകിലേക്ക് പോയതാ “

“ഹും ,എന്തിനാ ഇപ്പോ അതൊക്കെ ഓർക്കുന്നത്. നിങ്ങളുടെ വേദന നിറഞ്ഞ കുട്ടിക്കാലം ഓർക്കുമ്പോൾ തന്നെ എനിക്ക്  സങ്കടമാ”

“അതല്ലടീ…ഉമ്മയുണ്ടായിരുന്നപ്പോൾ, ബാപ്പ അറിയാതെ ഇടയ്ക്കൊക്കെ എന്നെ വിളിക്കുമായിരുന്നു. പിന്നീട് കുറെ നാള് ഒരറിവുമില്ലാതിരുന്നപ്പോൾ ഞാൻ കരുതിയത്, ഉമ്മയും എന്നെ ഉപേക്ഷിച്ചെന്നായിരുന്നു. പക്ഷേ, പത്രത്തിലൂടെ ഉമ്മയുടെ മരണവാർത്തയറിഞ്ഞപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്.

ഉമ്മയുടെ മയ്യിത്ത് പോലും കാണിക്കാതിരിക്കാനും മാത്രം ഞാനവർക്ക് അന്യനായിപ്പോയല്ലോ എന്നോർത്ത് ഞാനൊരുപാട് കരഞ്ഞിട്ടുണ്ട്. അന്ന് മുതലാണ്, ഞാൻ ബാപ്പയെ ശരിക്കും വെറുത്ത് തുടങ്ങിയത്, ഉമ്മ, മരിച്ചിട്ടിപ്പോൾ പത്ത് കൊല്ലമായിട്ടുണ്ടാവില്ലേ? ബാപ്പയുടെ പുന്നാര മക്കൾ അദ്ദേഹത്തെ നന്നായി നോക്കുന്നുണ്ടായിരിക്കുമല്ലേ?

“ഹും, ഒരു ബാപ്പ! നിങ്ങളെ കാണുമ്പോൾ അങ്ങേർക്ക് ഹാലിളകുമെന്ന് പറഞ്ഞ്, പത്താം വയസ്സിൽ  യത്തീംഖാനയിൽ കൊണ്ടാക്കിയ ദുഷ്ടനല്ലേ അയാൾ, അങ്ങനെയുള്ളൊരാളെ കുറിച്ച് എന്തിനാ ഓർക്കണേ”

“പക്ഷേ ,അങ്ങനെ എന്നെ അന്ന് തള്ളി പറഞ്ഞത് കൊണ്ടല്ലേ? എനിക്ക് അന്തസ്സായി ജീവിക്കണമെന്ന വാശിയുണ്ടായതും ,പഠിച്ച് ഞാനൊരു എൻജിനിയറായതും “

“ഓഹ്, എന്നിട്ട് അന്നുപേക്ഷിച്ച് പോയ ബാപ്പയോ, സഹോദരങ്ങളോ ഇന്ന് വരെ നിങ്ങളെ തിരിഞ്ഞ് നോക്കിയിട്ടുണ്ടോ. പിന്നെ എന്റെ ബാപ്പയ്ക്ക് യതീംഖാനയുമായുള്ള അടുപ്പം കൊണ്ടും നിങ്ങളൊരു എൻജിനീയർ ആയത് കൊണ്ടുമാണ് നമ്മുടെ വിവാഹം നടന്നത് “

“ഉം, അതൊക്കെ ശരിയാണ്. നമ്മള് വെറുതെയെന്തിനാ, ഓരോന്ന് പറഞ്ഞ് സമയം കളയുന്നത്, ഇന്ന് ഗാന്ധിഭവനിൽ പോകേണ്ടതാ. നീ വേഗം ഒരുങ്ങി, ഇറങ്ങാൻ, നോക്ക്…നമ്മള് ഭക്ഷണം കൊണ്ട് ചെന്നിട്ട് വേണം അവർക്ക് കഴിക്കാൻ “

നവാസ് ധൃതിവച്ചു.

നവാസും കുടുംബവും കാറിലും ബിരിയാണി ചെമ്പുമായി പണ്ടാരി, പുറകെ ഏയ്സിലും ഗാന്ധിഭവന്റെ മുറ്റത്തേക്ക് വന്നു.

“ങ്ഹാ, എത്തിയോ ഞങ്ങളോർത്ത് ഇപ്രാവശ്യം മറന്ന് കാണുമെന്ന് “

ഗാന്ധിഭവന്റെ മേൽനോട്ടക്കാരൻ സിറിയക് ചേട്ടൻ ചിരിച്ച മുഖവുമായി ഇറങ്ങി വന്നു.

“അങ്ങനെ മറക്കുവോ? എല്ലാ മാസവും ആദ്യഞായറാഴ്ച ബിരിയാണി വച്ചോണ്ട് വരാമെന്ന് ഞാനല്ലേ നിങ്ങളോട് പറഞ്ഞത് “

നവാസും ഹസീനയും ചേർന്ന് എല്ലാവർക്കും ബിരിയാണി വിളമ്പി

മക്കൾക്ക് വേണ്ടാത്ത തങ്ങൾക്ക്, ഏതോ ഒരു മനുഷ്യ സ്നേഹി വിളമ്പിതരുന്ന ബിരിയാണി കഴിക്കുമ്പോൾ, എന്തിനെന്നറിയാതെ അവരുടെയെല്ലാം കണ്ണ് നിറഞ്ഞു പോയി.

”നമുക്ക്, പുതിയ ഒരാളെ കൂടി കിട്ടീട്ടുണ്ട്. ഇന്നലെ മക്കള് കൊണ്ടാക്കിയതാ…കയ്യും കാലുമൊക്കെ വൃണങ്ങളുമായിട്ട്…പരിചരിക്കാൻ ഒരു ഹോം നഴ്സിനെ ഉൾപ്പെടെയാ കൊണ്ടാക്കിയത്. മക്കള് വല്യ ഏതോ ഉദ്യോഗസ്ഥരാ, അതിലൊരാളുടെ മകളുടെ വിവാഹം നടക്കാൻ പോകുവാണെന്നും, അതിനിടയിൽ ബാപ്പയെ ശ്രദ്ധിക്കാൻ കഴിയില്ലെന്നു മൊക്കെയാ പറഞ്ഞത്. പക്ഷേ എനിക്ക് തോന്നുന്നത് വിരുന്നുകാര് വരുമ്പോൾ, അയാളെ കണ്ട് അറപ്പ് തോന്നുമെന്ന് കരുതിയാണെന്നാ “

“എന്നിട്ട് ആ പുതിയ ആളെവിടെ?അയാളെ എന്താ ഈ പന്തിയിൽ ഇരുത്താതിരുന്നെ?

“അത് കുഞ്ഞേ…ഞാൻ പറഞ്ഞില്ലേ? അയാളെ കണ്ടാൽ ചിലപ്പോൾ മറ്റുള്ളവർക്ക് അറപ്പ് തോന്നും അതാ, ഇവരുടെ കൂടെയരുത്താതിരുന്നത്, അത് കൊണ്ട് ഇവര് കഴിച്ച് കഴിഞ്ഞ് ഇരുത്താം”

“ഹേയ് അങ്ങനെ ഒരാളെ ഒറ്റപ്പെടുത്തുന്നത് ശരിയല്ല “

നവാസ് വേഗം ഒരു പ്ളേറ്റ് ബിരിയാണിയുമെടുത്തോണ്ട് അകത്തേക്ക് ചെന്നു.

അവിടെ മുടിയും, താടിയും വളർന്ന് തീരെ അവശനായ ഒരു വൃദ്ധൻ കട്ടിലിൽ തല കുമ്പിട്ടിരിക്കുന്നു.

കൈയ്യിലെയും കാലിലെയും മുറിവുകളിൽ ഈച്ച അരിക്കുമ്പോൾ, അയാൾ അസ്വസ്ഥതയോടെ ശരീരം ഇളക്കുന്നുണ്ട്.

“നിങ്ങൾ ഭക്ഷണം കഴിച്ചില്ലല്ലോ? ദാ ഇത് കഴിക്കൂ “

നവാസിന്റെ ശബ്ദം കേട്ട് അയാൾ തല ഉയർത്തി നോക്കി.

ആ മുഖം കണ്ട് നവാസിന്റെ ഉള്ളിൽ ഒരു ആന്തലുണ്ടായി. പക്ഷേ അവനത് പുറത്ത് പ്രകടിപ്പിച്ചില്ല. മുപ്പത് കൊല്ലം മുമ്പ് താൻ ഉപേക്ഷിച്ച ആ പത്ത് വയസ്സുകാരനെ ഹംസയ്ക്ക് മനസ്സിലായില്ലന്ന് തോന്നുന്നു.

മനസ്സിലാക്കണ്ടന്ന് നവാസും തീരുമാനിച്ചു.

ഒരു പക്ഷേ താൻ കൊടുക്കുന്ന ഭക്ഷണം അദ്ദേഹം സ്വീകരിച്ചില്ലെങ്കിലോ?

നവാസ് ഭാവഭേദങ്ങളൊന്നുമില്ലാതെ ഭക്ഷണം വിളമ്പി അയാളുടെ മുന്നിലേക്ക് വച്ചു.

“ഈ ഭക്ഷണം കഴിക്കാൻ ഞാൻ അർഹനല്ല മോനെ, നീ എത്ര വളർന്നാലും, നിന്നെ വെറുപ്പോട് കൂടി നോക്കിയ ഈ കണ്ണുകൾക്ക് നിന്നെ മനസ്സിലാകാതിരിക്കില്ല. എന്നും കുറ്റപ്പെടുത്തിയിട്ടേ ഉള്ളു നിന്നെ ഞാൻ, നിനക്ക് തരേണ്ട സ്നേഹം ഞാൻ മറ്റ് രണ്ട് മക്കൾക്കുമായി വീതിച്ച് നല്കുമ്പോൾ ഞാൻ കരുതിയത് അവരെന്നെ മരണം വരെ സംരക്ഷിക്കുമെന്നായിരുന്നു.

ആ വാക്കുകൾ നവാസിന് അവിശ്വസനീയമായി തോന്നി.

“പക്ഷേ, അവർക്ക് വേണ്ടിയിരുന്നത് എന്റെ പേരിലുണ്ടായിരുന്ന സ്വത്തുക്കളായിരുന്നു. ഇപ്പോൾ അവർ രണ്ട് പേരും സമൂഹത്തിലെ ഉയർന്ന പദവിയിൽ ഇരിക്കുന്നവരായപ്പോൾ, രോഗിയായ, ഈ ബാപ്പ അവർക്ക് ഒരു ബാധ്യതയായി.

പറ്റുമെങ്കിൽ, മക്കൾക്ക് പോലും വേണ്ടാത്ത എന്നെ നീ ഒന്ന് കൊന്ന് തരാമോ അങ്ങനെയെങ്കിലും നിന്നോട് തെറ്റ് ചെയ്ത ഈ പാപിയെ ശിക്ഷിക്കൂ”

കുറ്റബോധം കൊണ്ടയാൾ വികാരപരവശനായി.

”ബാപ്പാ..നിങ്ങളെന്നെ ഒരു പാട് വേദനിപ്പിച്ചിട്ടുണ്ട് അത് കൊണ്ട് തന്നെ നിങ്ങളെ ഞാൻ വെറുത്തിട്ടുമുണ്ട്, എന്ന് വച്ച് ,നിസ്സഹായനും നിരാലംബനു മായ നിങ്ങളെ ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ല, കാരണം, എന്റെ ഉമ്മ എനിക്ക്, ബാപ്പയെന്ന് പറഞ്ഞ്  ചൂണ്ടിക്കാണിച്ച് തന്നത് നിങ്ങളെ ആയിരുന്നു. അത് നിങ്ങള് മന്ന് പോയെങ്കിലും എനിക്ക് മറക്കാൻ കഴിയില്ല “.

“ഓഹ് അപ്പോൾ ഇതായിരുന്നല്ലേ ആ ദുഷ്ടൻ?”

അപ്പോഴേക്കും ഹസീന അങ്ങോട്ട് കടന്ന് വന്നിരുന്നു.

“ഹസീന, നീ അങ്ങനൊന്നും പറയരുത്, മക്കളോട് മാതാപിതാക്കൾ നീതി പുലർത്തിയില്ലെങ്കിലും തിരിച്ച് നമ്മൾ അനീതി കാണിക്കാൻ പാടില്ല, കാരണം അവർ നമ്മളെ സൃഷ്ടിച്ചത് കൊണ്ട് മാത്രമാണ് നമ്മൾ ഇന്ന്, ഈ നിലയിലായത്, അത് നമ്മള് മറക്കാൻ പാടില്ല, അത് കൊണ്ട് ഇനി മുതൽ ബാപ്പ, നമ്മുടെ കൂടെയായിരിക്കും ജീവിക്കുന്നത്,

ബാപ്പാ…നിങ്ങള് വേഗം കഴിച്ചിട്ടെഴുന്നേല്ക്ക്…നിങ്ങൾക്ക് ഒരു മകൻ ജീവിച്ചിരിപ്പുണ്ട്, അത് കൊണ്ട് നിങ്ങൾക്കിവിടെ താമസിക്കാൻ അവകാശമില്ല, ഇനി മുതൽ എന്നോടൊപ്പം എന്റെ വീട്ടിലാണ് നിങ്ങൾ കഴിയേണ്ടത്.

നവാസിന്റെ വാക്കുകൾ കേട്ട് ആ വൃദ്ധൻ കരഞ്ഞു പോയി.

എല്ലാം കേട്ട് നിന്ന ഹസീന ഭർത്താവിന്റെ അഭിപ്രായത്തോട് യോജിച്ചു.

~സജിമോൻ തൈപറമ്പ്