ശിരസ്സിൽ ഭ്രാന്ത് പൂക്കുമ്പോൾ….
Story written by Sai Bro
=============
ചാ വണം…ച.ത്തു പ.ണ്ടാരടങ്ങണം.. !
കുറച്ചുനാളായി ഇപ്പൊ ഇത് മാത്രമാണ് ചിന്ത മനസ്സിൽ..വയസ് മുപ്പത് കഴിഞ്ഞു, വിവാഹം ചെയ്തിട്ടില്ല..ഇതുവരെ അതൊരു നഷ്ടമായി തോന്നിയിട്ടുമില്ല,..അത്യാവശ്യം നല്ലൊരു ജോലി നാട്ടിൽതന്നെ ഉണ്ട്.
ഈയിടെയായി മുഖപുസ്തകത്തിൽ അല്പം കുത്തികുറിക്കൽ തുടങ്ങിയതുകൊണ്ട് നാലാള് അറിഞ്ഞു തുടങ്ങി..ഇൻബോക്സിൽ ആരാധികമാർ കൂട്കൂട്ടി തുടങ്ങി…
എന്നിട്ടും.. !
എനിക്ക് മരിക്കണം..ഒരു തരം ഉന്മാദമാണ് ഇപ്പോൾ ഉള്ള് നിറയെ…
അങ്ങനിരിക്കെ പെട്ടെന്നാണ് കൂട്ടുകാർ ഒരു യാത്ര പ്ലാൻ ചെയ്തത്..
മഴ പെയ്തുതോരാത്ത നെല്ലിയാമ്പതിയിലെ ഉൾക്കാടുകൾ ആണ് എല്ലാരുടെയും മനസ്സിൽ..
അത് കേട്ടപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞത് നെല്ലിയാമ്പതിയിലെ കാണാക്കയങ്ങളെ കുറിച്ചാണ്..
അങ്ങനെ ഞങ്ങൾ കുറച്ചു സുഹൃത്തുകൾ ഒരു സായാഹ്നത്തിൽ നെല്ലിയാമ്പതിയിൽ എത്തിചേർന്നു..
ചൂട് കട്ടൻ നുകർന്ന്കൊണ്ട് സുഹൃത്തുക്കൾ സൊറ പറഞ്ഞിരിക്കുമ്പോൾ അവരുടെ കണ്ണ് വെട്ടിച്ചു മ രണം പതിയിരിക്കുന്ന നെല്ലിയാമ്പതിയിലെ അഗാധതയിലേക്ക് നടന്നു.
അല്പം മുൻപേ മഴ പെയ്തു തോർന്നതിനാലാകണം കോടമഞ്ഞായിരുന്നു ചുറ്റിനും..ഇനി ഒരടി മുന്നോട്ട് വെക്കാൻ ഭൂമിയില്ല മുൻപിൽ..
താഴോട്ട് നോക്കിയാൽ അഗാധതയിൽ നിന്നും പ്രകാശം പരത്തികൊണ്ട് മിന്നാമിന്നികൾ കൂട്ടമായി പറന്നുയരുന്നത് കാണാം..
മരിക്കാൻ പോകുന്നവൻ ഭൂതകാലത്തെപറ്റി ഒരുനിമിഷം ചിന്തിച്ചു..
മാപ്പ്.. !
ജനിപ്പിച്ചു വളർത്തി വലുതാക്കിയവർക്കും, എന്നിൽ പ്രതീക്ഷ അർപിച്ചവർക്കും, നിറഞ്ഞു നിന്നിരുന്ന എന്നിലെ പ്രണയത്തെ അടർത്തി കൊണ്ട്പോയവർക്കും..എല്ലാവരോടും ഒരു നിമിഷം കണ്ണടച്ചു മാപ്പപേക്ഷിച്ചു..
മുൻപോട്ട് ചുവടുവെക്കാൻ ആഞ്ഞതും പിറകിൽ നിന്നൊരു ശബ്ദംകേട്ടു..
“സ്‌മൈൽ പ്ലീസ് “
ഞെട്ടിതിരഞ്ഞപ്പോൾ കണ്ണിലേക്ക് തീവ്രതയോടെ വെളിച്ചം തുളഞ്ഞുകയറി..കണ്ണൊന്നു ചിമ്മിതുറന്നപ്പോൾ കോടമഞ്ഞിനിടയിലൂടെ ഒരു സ്ത്രീരൂപം അവ്യക്തമായി കണ്ടു..
ഒന്നിലതികം പോക്കറ്റുകളുള്ള ഒരു ജീൻസും, അയഞ്ഞ ബനിയനും ധരിച്ച അവൾ കയ്യിലുള്ള ക്യാമറയിലേക്ക് നോക്കി സ്വയം പ്രശംസിക്കുന്നു..
“ആഹ്, നൈസ് ക്ലിക്ക്.. “
എന്ത് ചെയ്യണമെന്നറിയാതെ തരിച്ചുനിൽക്കുമ്പോഴാണ് മറ്റൊരു കാഴ്ച്ചകണ്ടത്.
ഒരു കുരുന്നു പെൺകിടാവ് കരിയിലകൾക്കിടയിലൂടെ ഓടിയെത്തി, അവളുടെ കാലിൽ കെട്ടിപിടിച്ചു എന്നെ നോക്കി പുഞ്ചിരിക്കുന്നു..
ഓഹ്, മോളുന്ന് വിശക്കുന്നുണ്ടോ ? അമ്മ ഇപ്പോ കാപ്പി തരാട്ടോ എന്നും പറഞ്ഞു അവൾ ചുമലിൽ കിടന്ന ബാഗിൽ നിന്നും ഒരു ഫ്ലാസ്ക് പുറത്തെടുത്തു..
അമ്മയും മകളും ചൂട് കാപ്പി ഊതികുടിക്കുന്നതും നോക്കി ഞാനങ്ങനെ നിശ്ചലം നിന്നു..
ഇങ്ങുവന്നാൽ ഒരു ചൂട് കട്ടൻ തരാം..
അത് കേട്ടതോടെ തണുപ്പിൽ കോച്ചിവിറച്ചുനിന്ന എന്റെ കാലുകൾ അറിയാതെ അവർക്കരുകിലേക്ക് ചലിച്ചു..
മകൾ ആവൂലെ ഇത് ?
കാപ്പി ഊതികുടിക്കുമ്പോൾ ഞങ്ങൾക്കിടയിലുള്ള നിശബ്ദതയെ തുരത്താനായി ഞാൻ കുശലം ആരാഞ്ഞു..
ഉം, അതെ..
എന്താ പേര്.. ?
എന്റെ പേര് സാരംഗി..
മകളുടേയോ ?
ഇവൾക്ക് ഇതുവരെ പേരിട്ടിട്ടില്ല..
ങേ ! ഞാൻ അതിശയത്തോടെ ആ കൊച്ചുമിടുക്കിയെ ഒന്നുടെ നോക്കി..
നോട്ടം കണ്ടിട്ടാവണം കവിൾത്തടങ്ങളിൽ വലിയ നുണക്കുഴി വിരിയിച്ചുകൊണ്ട് ആ കൊച്ചുസുന്ദരി എന്നെ നോക്കി പുഞ്ചിരിച്ചു.
ഇയാൾ മരിക്കാൻ വന്നതാണോ ഇവിടെ?
സാരംഗിയുടെ ചോദ്യംകേട്ടപ്പോൾ അതെയെന്ന് തലയാട്ടികൊണ്ട് ഞാൻ താഴേക്ക് നോക്കി നിന്നു..
എന്നിട്ട് മരിക്കുന്നില്ലേ ?
അതിനൊരു മറുപടി എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല..
ഇങ്ങനെ തോന്നാൻ എന്താ കാരണം ?
സാരംഗിയുടെ ആ ചോദ്യം ഞാൻ സ്വയം എന്നോട് തന്നെ ഒരാവർത്തി ചോദിച്ചു..
ശിരസ്സിൽ ഭ്രാന്ത് പൂക്കുന്ന നിമിഷങ്ങളിൽ തോന്നിയ ഒരുന്മാദം..ഞാൻ പിറുപിറുത്തു.
അല്പം സമയത്തെ നിശ്ശബ്ദതക്കു ശേഷം എന്നെ ആകാംഷാപൂർവം ഉറ്റു നോക്കുന്ന ആ കുരുന്നിന്റെ കവിളിൽ ഒന്ന് തട്ടികൊണ്ട് ഞാൻ ചോദിച്ചു..
മോള്ടെ പേരെന്താ.. ?
വീണ്ടുമൊരു പുഞ്ചിരി മാത്രം എനിക്ക് നേരെ എറിഞ്ഞുതന്നു ആ കുഞ്ഞ്..
ഞാൻ സത്യാ പറഞ്ഞത്, മോൾക്ക് ഞാനിതുവരെ പേര് ഇട്ടിട്ടില്ല..ഞാനവളെ മോളു എന്ന് വിളിക്കും, അല്ലെങ്കിലും ഒരു പേരിൽ എന്തിരിക്കുന്നു.. പിന്നെ പേര് ചോദിച്ചപ്പോൾ അവൾ മിണ്ടാതിരുന്നത് മറ്റൊന്നും കൊണ്ടല്ലാട്ടോ, മോൾക്ക് ജന്മനാ സംസാരശേഷി ഇല്ല..
സാരംഗി അത് പറഞ്ഞു നിർത്തിയപ്പോൾ ഒരു ഞെട്ടലോടെ ഞാനാ കുരുന്നിനെ സൂക്ഷിച്ചു നോക്കി..
എന്തൊരു ഓമനത്തം ആണ് ആ മുഖത്തു..നുണക്കുഴി വിരിയിചുള്ള ആ ചിരികണ്ടാൽ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നില്ല..ദൈവം ക്രൂ.രൻ തന്നെ.. !
ഞാൻ മനസ്സിൽ പറന്നു..
ഈ കുട്ടിക്ക് അച്ഛനില്ലേ ? അയാൾക്ക് ആഗ്രഹമില്ലേ മകൾക്ക് ഒരു പേരിടണമെന്ന്.. ?
എന്റെ ചോദ്യത്തിന് സാരംഗി നൽകിയ മറുപടി വിചിത്രമായിരുന്നു..
സത്യത്തിൽ എന്റെ മകളുടെ അച്ഛൻ ആരാണെന്നു എനിക്ക് നിശ്ചയമില്ല.. !
കേട്ടത് ഒന്നും മനസിലാകാതെ ഞാൻ സാരംഗിയെ തന്നെ തറപ്പിച്ചു നോക്കി..
അത് കണ്ടിട്ടാവണം ചുരുങ്ങിയ വാക്കുകളാൽ സാരംഗി ഒരു കഥ പറഞ്ഞു തന്നു..
വർഷങ്ങൾക്കു മുൻപ് എഞ്ചിനീയറിംഗ് പഠനത്തിനായി ബാംഗ്ലൂരിലെ ഒരു പ്രശസ്ത വിദ്യാഭ്യാസസ്ഥാപനത്തിലെത്തിയ ഒരു പാലക്കാട്‌കാരിയുടെ കഥ
റാ ഗിങ്ങ് എന്ന ഓമനപേരിൽ കോളേജിലെ സീനിയർ ബോയ്സിന്റെ ക്രൂ രമായ ശാരീരിക പീ ഡനത്തിനിരയായ ഒരുവളുടെ കഥ.. !
ആ സംഭവത്തിനുശേഷം കോളേജ് ജീവിതത്തോട് വിടപറഞ്ഞു പാലക്കാടിലെ വീട്ടിലെ ഇരുൾനിറഞ്ഞ മുറിയിൽ മറ്റാർക്കും മുഖംകൊടുക്കാതെ മാസങ്ങളോളം തനിച്ചിരുന്നവളുടെ കഥ..
അതിനിടയിൽ അ ടിവയറ്റിൽ ഒരു പുതുജീവൻ നാമ്പിട്ടതറിഞ്ഞു വീടുകാരുടെ എതിർപ്പുകൾ വകവെക്കാതെ ഒരു പെൺകുഞ്ഞിനെ പത്തുമാസം ചുമന്നു നൊന്തു പ്രസവിച്ച ഒരു ധീരവനിതയുടെ കഥ.. !
മകൾ ഊമയാണ് എന്നറിഞ്ഞപ്പോഴും ആത്മധൈര്യം കൈവെടിയാതെ അവളെ മാറോട് ചേർത്തുപിടിച്ചു വളർത്തുന്ന ഒരമ്മയുടെ കഥ..!
ഇതൊക്കെ പറയുമ്പോഴും സാരംഗിയുടെ മുഖത്തെ പുഞ്ചിരി മായാതെ നിന്നു..
ഞാനിപ്പോൾ ഒരു ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ആണ്..ഇടക്ക് ഇങ്ങോട്ടൊക്കെ ഇറങ്ങും മോളെയും കൂട്ടി..ഇതൊക്കെ അവളെ കാണിക്കുന്നതിനോടൊപ്പം എന്റെ ഫോട്ടോപിടിത്തവും നടക്കും അങ്ങിനെ..
സാരംഗി പറഞ്ഞു നിർത്തിക്കൊണ്ട് വാച്ചിലേക്ക് നോക്കി..
ആഹ്, സമയം ഒരുപാടായി..ഞങ്ങൾ ഇറങ്ങട്ടെ മാഷെ..കാറിലാണ് വന്നത്, സ്വന്തം ഡ്രൈവിംഗ് ആണ്, ഇരുട്ടായാൽ മലയിറക്കം ബുദ്ധിമുട്ടാവും..
കാറിന് സമീപം എത്തുന്നതുവരെ സാരംഗിയുടെ മകൾ എന്റെ കൈകളിൽ ആയിരുന്നു..അവൾ എന്നോട് പെട്ടെന്ന് ഇണങ്ങികഴിഞ്ഞിരുന്നു..മീശരോമങ്ങളിൽ പിടിച്ചു വലീച്ചും, കവിളിൽ കൈകൊണ്ട് ഇറുക്കിയും അവൾ കുസൃതി കാണിച്ചു..
കാറിനു സമീപം എത്തിയപ്പോൾ സാരംഗി പെട്ടെന്ന് പിന്തിരിഞ്ഞു..
മാഷെ, ഫ്രീആയിട്ട് ഒരു ഉപദേശം തരട്ടെ..ജീവിതം അവസാനിച്ചു എന്ന് തോനുന്നിടത് ദൈവം ചില അത്ഭുതങ്ങൾ കാട്ടും..ആരെയെങ്ങിലുമൊക്കെ പറഞ്ഞയക്കക്കും പുള്ളിക്കാരൻ നമുക്കരുകിലേക്ക്..മനസറിഞ്ഞു സ്നേഹിക്കാനോ, മാറോട് ചേർത്തുനിർത്തി ആശ്വസിപ്പിക്കാനോ, നേർവഴി പറഞ്ഞു തരാനോ, ഒരാൾ വരും..
എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ദൈവം ഒരു മകളെ നൽകി. ഇവൾക്ക് വേണ്ടി ജീവിക്കണം എനിക്ക് ഒരുപാട് കാലം.. ! മാഷിനും വരും ഒരാൾ, അതിനായി കാത്തിരിക്കണം..
സാരംഗിയും മകളും കാറിലിരുന്ന് കൈവീശി കാണിച്ചപ്പോൾ നിറഞ്ഞ ചിരിയോടെ ഞാനും കൈവീശി..
കാർ മുന്നോട്ടെടുത്തതും പെട്ടെന്നൊരാവേശത്തിനു ഞാനാ ഡോറിൽ ഒന്ന് തട്ടി.
എന്താ മാഷെ ?
ഗ്ലാസ് താഴ്ത്തികൊണ്ട് സാരംഗി ആശ്ചര്യത്തോടെ ചോദിച്ചു..
ദൈവം നൽകിയ ഈ മകൾക്ക് ഞാനൊരു പേര് നൽകട്ടെ.. ?
മറുപടിക്ക് കാത്തുനിൽക്കാതെ ഡോറിലൂടെ തല പുറത്തേക്ക് നീട്ടി എന്നെനോക്കി ചിരിക്കുന്ന ആ കുസൃതികുരുന്നിന്റെ നുണക്കുഴികവിളിൽ ചുണ്ട് ചേര്ത്തുപിടിച്ചു ഞാനാ പേര് മന്ത്രിച്ചു..
“മൊഴി “
സാരംഗിയും മൊഴിയും അവരുടെ കാറും കണ്ണിൽനിന്നും മറഞ്ഞപ്പോൾ ഞാനൊന്ന് മനസിലാക്കി..
എന്റെ ശിരസ്സിൽ നിന്നും മ രണം എന്ന ഭ്രാ ന്ത് മുഴുവനായി തുടച്ചു നീക്കപെട്ടിരുന്നു..
അതിനായി ദൈവം നിയോഗിച്ചവർ അവരായിരുന്നു…
സാരംഗിയും മൊഴിയും..!