അനുപമം…
Story written by Ammu Santhosh
=============
“മാഷേ ഇത് ഇവിടേക്ക് ട്രാൻസ്ഫർ ആയി വന്ന പുതിയ ടീച്ചർ..പേര് അനുപമ “
ഹരി മുന്നിൽ വന്ന പദ്മ ടീച്ചറെയും കൂടെയുണ്ടായിരുന്ന സ്ത്രീയെയും നോക്കി. പിന്നെ മെല്ലെ പുഞ്ചിരിച്ചു
“ഇത് ഹരിമാഷ്…ടീച്ചറിന്റെ വിഷയം തന്നെ. മാത്സ് ” പദ്മ ടീച്ചർ അനുപമയോട് പറഞ്ഞു. അനുപമ അമ്പരന്ന് നിൽക്കുകയായിരുന്നു
ഈശ്വര ഹരിമാഷ്!
“മാഷിനെന്നെ ഓർമ്മയുണ്ടോ.? മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്.” ഹരി വിടർന്ന കണ്ണുകളോടെ അവളെ നോക്കി
“മാഷ് തിരുമല സ്കൂളിൽ അല്ലെ പഠിപ്പിച്ചിരുന്നില്ലേ?. അവിടെ പത്താം ക്ലാസ്സിൽ പഠിച്ച അനുപമ ആണ് ഞാൻ..മാഷിന് വലിയ മാറ്റമൊന്നും ഇല്ലാട്ടോ “
അനുപമ…
നന്നേ തടിച്ച ആ ഉണ്ടക്കണ്ണിയേ ഹരിക്ക് ഓർമ വന്നു. പക്ഷെ ഈ അനുപമ അതിന്റ നിഴൽ പോലുമല്ല. നന്നേ മെലിഞ്ഞു വിളർത്ത് കൺകോണിൽ കറുപ്പുള്ള വേറെ ഏതോ ഒരാൾ. ആ ചിരിക്ക് വലിയ മാറ്റമില്ല..
ഹരി വെറുതെ തലയാട്ടി
അനുപമ ഹോസ്റ്റലിൽ വന്നു കുളിച്ചു വേഷം മാറി ഭർത്താവിന്റെ ഫോണിലേക്ക് വിളിച്ചു. പതിവ് പോലെ കുറെയധികം ബെൽ അടിച്ചതിന് ശേഷം അത് നിന്നു. ട്രാൻസ്ഫർ ആണെന്ന് പറഞ്ഞപ്പോഴും അത് ദൂരെ ഈ നഗരത്തിൽ ആണെന്ന് പറഞ്ഞപ്പോഴും ആ മുഖത്ത് ഒരു മാറ്റവും കണ്ടില്ല. അല്ലെങ്കിലും വിവാഹം കഴിഞ്ഞു കുറച്ചു നാൾ മാത്രം നീണ്ടു നിന്ന ഇഷ്ടങ്ങളാണ് പലതും. പുതുമ നശിക്കുമ്പോൾ അവസാനിക്കുന്ന ഇഷ്ടങ്ങൾ. പിന്നെ അലോസരങ്ങൾ, അസ്വസ്ഥതകൾ, മടുപ്പ്. കുഞ്ഞുങ്ങൾ കൂടെ ഇല്ലെങ്കിൽ അത് കൂടി വരും.
ശനിയാഴ്ച വീട്ടിൽ ചെല്ലുമ്പോൾ ഒരാഴ്ചത്തെ തുണികൾ കൂട്ടി ഇട്ടിട്ടുണ്ട്. പാത്രങ്ങൾ കുറച്ചു ഒക്കെ കഴുകി കുറച്ചു അങ്ങനെ തന്നെ. പാക്കറ്റ് ഫുഡിന്റെ അവശിഷ്ടങ്ങൾ..അവളോരോന്നായി വൃത്തിയാക്കി തുടങ്ങി. അയാളുടെ ഷർട്ടുകൾക്ക് അപരിചതമായ ഒരു ഗന്ധം. അവൾ സംശയത്തോടെ ഒന്ന് കൂടെ മണപ്പിച്ചു. വേറെ ഒരു ഗന്ധം. അവൾ കുറച്ചു നേരം അനങ്ങാതെ ഇരുന്ന്. പിന്നെ വീട് തൂത്ത് വൃത്തിയാക്കാൻ തുടങ്ങി.
തന്റെതല്ലാത്ത മുടിപ്പിന്നുകൾ, തന്റേതല്ലാത്ത വളപ്പൊട്ടുകൾ, അവൾ വീട് വൃത്തിയാക്കി. അയാളുമിപ്പോൾ തന്റേതല്ലല്ലോ എന്നവൾ ഓർത്തു. അത് ഉറപ്പിക്കവേ ശാന്തമായി നിശ്വസിച്ചു
തിങ്കളാഴ്ച ഹോസ്റ്റലിലേക്ക് വരുമ്പോൾ അവളുടെ മനസ്സ് കുറച്ചു കൂടെ ശാന്തമായിരുന്നു.
“വീട്ടിൽ എല്ലാർക്കും സുഖമല്ലെ? ” മാഷ്
“എല്ലാവരും എന്ന് പറയുമ്പോൾ ഭർത്താവ് മാത്രമേയുള്ളു മാഷേ..അദ്ദേഹത്തിന് സുഖമാണ് ” അനുപമ പുഞ്ചിരിച്ചു
“മാഷിന്റെ വീട്ടിൽ ആരൊക്കെയുണ്ട്?” അവൾ ചോദിച്ചു
“എനിക്കൊരു മോനുണ്ട്. മോൻ മാത്രമേയുള്ളു. അവന് ഇപ്പൊ കുടുംബം ഒക്കെ ആയി വിദേശത്തു സെറ്റിൽ ആയി “
അവൾ അമ്പരപ്പിൽ അയാളെ നോക്കി.കാലമെത്ര വേഗമാണ്…മാഷിന് ഇപ്പൊ അമ്പത് വയസ്സ് കഷ്ടിച്ചുണ്ടാകും. താൻ സ്കൂളിൽ പഠിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു ഹരി മാഷിന്റെ കല്യാണം. ഹരി മാഷിനെ തനിക്ക് വലിയ ഇഷ്ടമായിരുന്നു. തനിക്ക് മാത്രം അല്ല ഒരു പാട് പേർക്ക്..മാഷിന് തങ്ങൾ ഒക്കെ വെറും വിദ്യാർത്ഥിനികൾ.. നല്ല ഒരു മാഷായിരുന്നു.
“റിട്ടയർ ചെയ്തു കഴിഞ്ഞു മോന്റെ അടുത്ത് പോകും. അവനിപ്പോഴേ ഇത് രാജി വെച്ചു ചെല്ലാൻ നിർബന്ധം കാണിക്കുകയാ…” മാഷ് വീണ്ടും പറഞ്ഞു
“റിട്ടയർ ചെയ്യാൻ ഇനി ആറു വർഷം ഇല്ലേ മാഷേ?”
അവൾ പുഞ്ചിരിച്ചു. ഹരി അത്ഭുതം നിറഞ്ഞ കണ്ണുകളോടെ നോക്കി
“ആഹാ എന്റെ പ്രായം ഒക്കെ അറിയാമല്ലോ “
അവൾ വെറുതെ ചിരിച്ചു…
മാഷ് എന്നും സ്നേഹവും കരുതലുമുള്ള സൗഹൃദത്തിന്റെ വർണചിറകുകളുള്ള ആകാശം ആയിരുന്നു. പണ്ടും ഇന്നുമങ്ങനെ തന്നെ.
അടുത്ത അവധിക്ക് വീട്ടിൽ ചെല്ലുമ്പോൾ ഭർത്താവ് ഒരു സ്ത്രീയുമൊത്ത് ചീട്ടു കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഭർത്താവ് യാതൊരു കൂസലുമില്ലാതെ അവരെ അവൾക്ക് പരിചയപ്പെടുത്തി. അവർ അവൾക്ക് നേരേ മുഖം ഉയർത്തി നോക്കാതെ ചുണ്ടിന്റെ കോണിൽ ഒരു ചിരി വരുത്തി
“എടി രണ്ടു ചായ ഇട് . ദീപുവിന് ചായ or കോഫീ?” ഭർത്താവ് അവരോട് ചോദിക്കുന്നു
ഇയാൾക്ക് ഇത്രയും മധുരമായി സംസാരിക്കാൻ ഒക്കെ അറിയുമോ?അവൾക്ക് അതിശയം തോന്നി
“കോഫീ ” അവരുടെ ശബ്ദം
“ഡി രണ്ടു കോഫീ “
അവൾ യാത്ര ചെയ്തു വന്ന ക്ഷീണത്തിലായിരുന്നു. ഉള്ളിൽ നിന്ന് എന്തൊ ഒന്ന് പതഞ്ഞുയർന്നു. എത്ര വർഷമായി ഇങ്ങനെ…അവഗണന മടുത്തു തുടങ്ങി. ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കിൽ…
ബാഗ് കട്ടിലിൽ ഇട്ട് അവളങ്ങോട്ട് ചെന്നു
“നീ ഏതാടി?” അവരുടെ മുന്നേ ചെന്ന് ഉറക്കയായിരുന്നു ചോദ്യം. അവർ തെല്ല് പതറിയ പോലെ കണ്ണ് വിടർത്തി
“ഞാൻ ഇയാളുടെ ഭാര്യയാണ്. ഞാൻ ഇങ്ങോട്ട് കേറി വന്നപ്പോൾ നീ തല ഉയർത്തി ഒന്ന് നോക്കിപോലുമില്ല. ഇതാണോടി മര്യാദ?”
“അനു മിണ്ടാതിരിക്കാൻ..ഇവൾ എന്റെ ഫ്രണ്ട് ആണ് ” ഭർത്താവ് ചാടി എണീറ്റു
“വെറും ഫ്രണ്ട് ആണോ…അതൊ? ” അവൾ ചീറി
“എങ്ങനെ വേണേൽ വിചാരിക്കാം. ഇതെന്റെ വീടാ. ഇവിടെ ആരൂ വരണമെന്ന് ഞാൻ തീരുമാനിക്കും. അല്ലെങ്കിൽ തന്നെ നിന്നേ കൊണ്ട് എന്തിന് കൊള്ളാം..ഒരു കുഞ്ഞിനെ പോലും തരാൻ കഴിവില്ലാത്തവളുടെ അഹങ്കാരം “
“അതെ എനിക്ക് ഗർഭം ധരിക്കാനും പ്രസവിക്കാനും കഴിവില്ല. കുഞ്ഞുണ്ടെങ്കിലേ അഹങ്കരിക്കാൻ പറ്റുവുള്ളോ? ആ കഴിവ് ഉള്ളത് ഇവൾക്കാണെങ്കിൽ ഇവൾക്കൊപ്പം നിങ്ങൾക്ക് ജീവിക്കാം..പക്ഷെ ഇത് എന്റെ വീടാണ് എന്ന അവകാശവാദം കളഞ്ഞിട്ട് വേണം. കാരണം ഇത് നമ്മുടെ രണ്ടു പേരുടെ പേരിലും ഉള്ള വീടാണ്. ഇതിൽ എന്റെ വിയർപ്പുണ്ട്. അധ്വാനം ഉണ്ട്. ഇതിന്റെ മാർക്കറ്റ് വിലയുടെ പകുതി എനിക്ക് വേണം. അത് മാത്രം അല്ല ഞാൻ വിവാഹസമയത്തു ധരിച്ച ആഭരണങ്ങൾ ഒരു ഗ്രാം കുറയാതെ എനിക്ക് വേണം. അത് മുഴുവൻ തന്നിട് നിങ്ങൾക്ക് ഇവൾക്കൊപ്പം താമസിക്കാം. ഇല്ലെങ്കിൽ കേസ് ഞാൻ ഫയൽ ചെയ്യും. ഒന്ന് ഈ അ വിഹിതം, രണ്ട് ഗാർഹിക പീ ഡനം..ഇപ്പൊ വിളിക്കണോ പോലീസിനെ? ജോലിയും പോയി ജയിലിലും ആകുമ്പോൾ നിയൊക്കെ പഠിക്കും. ഇനി നിന്നോട് വേറെ പറയണോ? ഇറങ്ങി പോടീ എന്റെ വീട്ടിൽ നിന്ന് “
അവൾ അലറി.
ദീപ വേഗം ഇറങ്ങി പോയി
ഭർത്താവ് എന്തൊക്കെയോ പുലമ്പി കൊണ്ട് അവളുടെ പുറകെ പോകുന്നത് കണ്ട് അനുപമക്ക് ചിരി വന്നു
അവൾ അവർ കളിച്ചു കൊണ്ടിരുന്ന ചീട്ട് എടുത്തു അടുപ്പിലിട്ട് കത്തിച്ചു. പിന്നെ വീട് വൃത്തി ആക്കി തുടങ്ങി
ഭർത്താവ് അന്ന് രാത്രി വന്നില്ല.
പിറ്റേന്ന് വീടും ഗേറ്റും പൂട്ടി താക്കോൽ കൊണ്ട് അവൾ ജോലി സ്ഥലത്തേക്ക് പോയി.
പ്രിൻസിപ്പലിനെ ചെന്നു കണ്ട് ഒരു ലോങ്ങ് ലീവിന് എഴുതി കൊടുത്തു
“എന്താ അനു ഇപ്പൊ അത്യാവശ്യം ആയിട്ട് ലീവ്?” ഹരി മാഷ് ചോദിച്ചു
“ജീവിതം കുറച്ചു ഒന്ന് ചിട്ടപ്പെടുത്തി എടുക്കാൻ ഉണ്ട് മാഷേ ആകെ അലങ്കോലപ്പെട്ടു കിടക്കുവാ “
“വേഗം വരില്ലേ?”
അവൾ ആ മുഖത്തേക്ക് നോക്കി.
പ്രണയമൊന്നുമല്ല…ഒരു സ്നേഹം…ഒരു കരുതൽ…പഴയ ഒരു വിദ്യാർത്ഥിനിയോടുള്ള ഒരു അലിവ്…അവിടെ അതായിരുന്നു
അവൾക്ക് അത് ധാരാളം ആയിരുന്നു
ദാരിദ്ര്യത്തിൽ കഴിയുന്നവർക്ക് ഒരു ഇത്തിരി ദാഹജലം. അവളുടെ കണ്ണ് നിറഞ്ഞു
“വരും മാഷേ വേഗം വരും “
പ്രണയത്തിനും കാ മത്തിനും അപ്പുറവും ചിലതുണ്ട്
പുരുഷനും സ്ത്രീക്കുമിടയിൽ
ഏറ്റവും മനോഹരമായ ഒന്ന്…
~Ammu Santhosh