ലഹരി…
Story written by Jolly Shaji
===============
“ചേട്ടൻ ഇന്ന് ജോലിക്ക് പോകുന്നില്ലേ…”
ഭാര്യേടെ ചോദ്യം കേട്ട അനീഷ് വേഗം ഫോണിൽ നിന്നും കണ്ണെടുത്തു…
“അത് പിന്നെ ഇന്ന് പോകുന്നില്ലെടി…ചെറിയൊരു പാർട്ടി ഉണ്ട്..”
“ഓ അതെന്നും ഉള്ളതല്ലേ…ഇന്നെന്താ പ്രത്യേകിച്ച്…”
“എല്ലാം നിന്നോട് പറയേണ്ട കാര്യങ്ങൾ ആണോ…നീയൊന്നു പൊയ്‌ക്കെ മനുഷ്യനിവിടെ ഒരോ കാര്യങ്ങൾ ചെയ്യുമ്പോൾ..”
അനീഷ് ദേഷ്യത്തോടെ എണീറ്റ് മുറ്റത്തേക്ക് ഇറങ്ങി…
രമ്യ ഒളിഞ്ഞു നോക്കുമ്പോൾ അനീഷ് ആരെയോ വിളിക്കുന്നുണ്ട്…
“എടാ നീയൊന്നു വേഗം വന്നേ…ദേ സമയം വൈകും തോറും ക്യു കൂടും..അത് മാത്രമല്ല ഇന്നലത്തെ ചിലവ് കഴിഞ്ഞുള്ള പൈസയെ പോക്കറ്റിൽ ഉള്ളു അവളെങ്ങാനും വീട്ടിലേക്ക് എന്തേലും വാങ്ങാൻ പറഞ്ഞാൽ പിന്നെ എന്റെ കയ്യിൽ ഷെയർ ഇടാൻ പൈസ ഉണ്ടാവില്ലട്ടോ…എത്രേം പെട്ടന്ന് ഇവിടുന്ന് ഇറങ്ങണം…”
ഓ അതാണല്ലേ അപ്പൊ കാര്യം..കുപ്പി വാങ്ങാൻ ഉള്ള പ്ലാൻ ആണ്…ആ രമേഷിനെ ആവും വിളിക്കുന്നത്…ഇപ്പൊ ശരിയാക്കാം…രമ്യ വേഗം അകത്തേക്ക് പോയി..
കുറച്ചു നേരം കഴിഞ്ഞപ്പോൾ മുറിയിൽ നിന്നും അനീഷിന്റെ വിളികേൾക്കാം…
“എടി രമ്യേ ഇവിടെ വന്നേ..”
“എന്താ ഏട്ടാ വിളിച്ചത്..”
രമ്യ അനുസരണയുള്ള ഭാര്യയെപോലെ ഓടി ചെന്നു..
“നീയെന്റെ പോക്കറ്റിൽ നിന്നും പൈസ എടുത്തോ…”
“ആ എടുത്തു…”
“ആരോട് ചോദിച്ചിട്ട്..എന്തിന് ഇപ്പോ നിനക്ക് പൈസ…”
“അത് ചേട്ടാ ആ മീൻകാരി വന്നാരുന്നു കുറച്ചു മുന്നേ നല്ല ഒന്നാന്തരം മീൻ കണ്ടപ്പോ അതങ്ങു വാങ്ങി..”
“എടി ഇന്നലെ വൈകിട്ട് അല്ലെ ഞാൻ മീൻ വാങ്ങി കൊണ്ടുവന്നത്…പിന്നെ എന്തിനാടി ഇപ്പൊ മീൻ വാങ്ങിയത്…ഞാൻ ഒരാവശ്യത്തിന് വെച്ചിരുന്ന പൈസ അല്ലാരുന്നോ അത്…”
“അത് പിന്നെ ചേട്ടാ..നാളെയെ മീൻകാരി വരില്ലെന്ന്…അതുമല്ല ഇന്ന് കിട്ടിയ മീൻ നാളെ കിട്ടണം എന്നും ഇല്ല..പിന്നെ ചേട്ടൻ ഇന്ന് ജോലിക്കും പോയില്ല..കൂലിപ്പണി എടുത്ത് അന്നന്നു കുടുംബം നോക്കുന്ന ചേട്ടൻ നാളെ എങ്ങനെ മീൻ വാങ്ങാൻ ആണ്…”
ഭാര്യേടെ മുൻ ചിന്തകൾ തളർത്തി കളഞ്ഞത് അനീഷിന്റെ നാളെയെ ആണ്…
രാവിലെ മുതൽ ഇറയത്തു ആരെയോ പ്രതീക്ഷിച്ചു അകലേക്ക് നോക്കിയിരുന്ന അനീഷിന് മുന്നിൽ രമേഷ് ബൈക്ക് ആയി എത്തുന്നത് വൈകുന്നേരമാണ്….
“ആ എത്തിയല്ലോ സാരഥി…”
രമ്യ ചിരിച്ചു കൊണ്ട് മുറ്റത്തേക്ക് ചെന്നു…
“രമേഷേട്ടൻ ഇന്ന് ജോലിക്ക് പോയില്ലേ…”
“ഉവ്വെടി… ദേ ജോലി കഴിഞ്ഞ് ഇറങ്ങിയതാ…അപ്പോളാ ഇവനെ ഒന്ന് കാണാൻ തോന്നിയെ…”
“അതെന്താ ചേട്ടാ പെട്ടെന്ന് ഒരു തോന്നൽ.”
“അതിപ്പോ ഒന്നുല്ല രമ്യാ..ഞാൻ ദേ ഒന്ന് കണ്ടിട്ട് രണ്ടീസം ആയി അതോണ്ട് വന്നതാ…”
ഇറയത്തു നിൽക്കുന്ന അനീഷ് ഇതൊക്കെ കാണുന്നതും കേൾക്കുന്നതും ഉണ്ടാരുന്നു…
“എന്താടാ നീ ഇപ്പോ ഇതുവഴി…നീ കേറിവാ ദേ മഴ ചാറുന്നു..”
“അത് പിന്നെ പണി കഴിഞ്ഞു വെറുതെ..”
രമ്യ വേഗം അടുക്കളയിലേക്ക് പോയി…രമേഷ് അനീഷിന്റെ ചെവിയിൽ രഹസ്യമായി പറഞ്ഞു..
“അണ്ണാ കാശ് എട് അവള് വരും മുന്നേ രക്ഷപെടട്ടെ ഇവിടുന്ന്..”
“എടാ അതു പിന്നെ ഉണ്ടാരുന്ന കാശ് അവള് അടിച്ചു മാറ്റി…തത്കാലം നീ വാങ്ങിക്കോ സാധനം ഞാൻ നാളെ കാശ് തരാം…”
“അതിപ്പോ അണ്ണാ കിട്ടിയ പൈസക്ക് ഞാൻ വീട്ടു സാധനങ്ങൾ വാങ്ങി…ഞാൻ അണ്ണന്റെ കൂടെ കൂടാമല്ലോ എന്നോർത്ത ഇങ്ങോട് വന്നത്…”
“അതിപ്പോ നന്നായി..കയ്യിലെ കാശും പോയി ഇന്നത്തെ ജോലിയും പോയി ദേ നിന്നിലുള്ള പ്രതീഷയും പോയി…”
അപ്പോളാണ് രമ്യ രണ്ട് ക്ലാസ്സ് കട്ടൻ ചായ ആയി ഇറയത്തേക്ക് വന്നത്…
“എങ്കിലേ തത്കാലം ഈ കട്ടൻ കുടിച്ചിട്ട് രണ്ട് സെൽഫി എടുക്കു..”
അനീഷും രമേഷും വേഗം കട്ടൻ കയ്യിലെടുത്തു മഴക്ക് അഭിമുഖമായി നിന്ന് സെൽഫി എടുത്തു…
പിറ്റേന്ന് ല ഹരി ദിനത്തിൽ രമ്യ അനീഷിന്റെ ഫേസ്ബുക് ഐ ഡി ഓപ്പൺ ചെയ്തു…
തലേന്നത്തെ സെൽഫി പോസ്റ്റ് ആയി ഇട്ടു
“മഴ, കട്ടൻചായ, പ്രിയപ്പെട്ട സുഹൃത്ത്…അതാണെന്റെ ലഹരി…”
(പരസ്പരം വിശ്വാസവും അഡ്ജസ്റ്റ്മെന്റും ഉണ്ടെങ്കിൽ കുടുംബം ആകും ഏതൊരാൾക്കും തന്റെ ഏറ്റവും വലിയ ലഹരി.. )
~ജോളി ഷാജി..