ചന്ദന….
Story written by Reshja Akhilesh
=============
“നിന്റെയച്ഛൻ വേറെ കെട്ടാൻ പോണെന്നു കേട്ടല്ലോ. നേരാണോ”
സ്കൂളിൽ പോകും വഴി കമലേച്ചി ചോദിച്ചതും ചന്ദനയുടെ മുഖം വാടി.
താൻ ഒറ്റയ്ക്കു ആണെങ്കിൽ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാമായിരുന്നു. ഇതിപ്പോൾ ക്ലാസ്സിലെ ഒന്നു രണ്ടു പേരുംകൂടി കൂടെ ഉള്ളപ്പോൾ കമലേച്ചി ഇങ്ങനെ ഒരു ചോദ്യം ചോദിക്കണ്ടായിരുന്നു. അല്ലെങ്കിലും ചോദിക്കുന്നവന് ഒരു രസമല്ലേ. ഉള്ളു നീറി മറുപടി പറയേണ്ടി വരുന്നവരുടെ വേദന അറിയണോ.
“ആ എനിക്കറിയില്ല. സ്കൂളിൽ ബെല്ലടിക്കാറായി. വൈകിയ ടീച്ചർ തല്ലും ” എങ്ങനെയോ പറഞ്ഞൊപ്പിച്ചു ഒറ്റ ഓട്ടമായിരുന്നു. കൂടെയുള്ള ശ്രീക്കുട്ടനും മായയും പരസ്പരം നോക്കി പുറകെ “ചന്ദനേ” എന്നും വിളിച്ചു ഓടി വരുന്നത് കേൾക്കാമായിരുന്നു.
ഓടുമ്പോൾ കണ്ണു നിറയുന്നതിനോടൊപ്പം കമലേച്ചിയോട് എന്തെന്നില്ലാത്ത ദേഷ്യവും. ഇത് ശീലമായിരിക്കുന്നു. അയൽപക്കത്തുകാർക്ക് ഇതൊരു വിനോദമായിരുന്നു.
ഒന്ന് രണ്ടു വർഷമായി അവൾ ക്ലാസ്സിലെ കൂട്ടുകാരോടെല്ലാമായി പറഞ്ഞു ഫലിപ്പിച്ച നുണകൾ അവളെ നോക്കി ക്രൂ രമായി അട്ടഹസിക്കുന്നതായി അവൾക്കു തോന്നി.
“ചന്ദനേ ഇത് കണ്ടോ ന്റു പ്പാ ഗൾഫീന്ന് വന്നപ്പോ കൊണ്ടന്നതാ. ചൊകപ്പും നീലേം കാപ്പികളറും കൊറേ കളറ്ണ്ട്. അനക് വേണോ. ഉമ്മ പറഞ്ഞ് ഒരെണ്ണം ന്റെ ഏറ്റോം ഇഷ്ട്ടള്ള കൂട്ടുകാരിയ്ക് കൊട്ത്തോളാൻ.”
കുഞ്ഞു കരടികളുടെ തലയുള്ള ബൺ എടുത്ത് കാണിച്ചുകൊണ്ട് ഫിദ ആവേശപൂർവ്വം പറഞ്ഞു.
“ഏയ്യ് എനിക്കു വേണ്ട. എന്റെ അച്ഛൻ എനിക്കു ഇതേപോലെ എത്രയെണ്ണമാ വാങ്ങിവെച്ചിട്ടുള്ളത് എന്നറിയോ. “
ഏറ്റവും നല്ല കൂട്ടുകാരുയാണെങ്കിലും പൊങ്ങച്ചതിനു തീരെ കുറവില്ലാത്ത ഫിദയോട് ഇന്നലെ കൂടി പറഞ്ഞ നുണ ചന്ദന ഓർമ്മിച്ചു. അങ്ങനെ എത്രയെത്ര നുണകൾ. ഈ പ്രായത്തിനുള്ളിൽ ഇത്രയുമേറേ നുണകൾ പറഞ്ഞ വേറാരും ഉണ്ടാകില്ല. ക്ലാസ്സിലെ പോക്കിരി ചെക്കനായ വിഷ്ണു ഓരോ വികൃതികൾ കാണിക്കുകയും അടികിട്ടാതിരിക്കാൻ ഒന്നിന് പുറകെ ഒന്നായി നുണകൾ പറയുമ്പോൾ മാഷ് എല്ലാവരുടെയും മുൻപിൽ വെച്ചു പരിഹസിക്കാറുണ്ട്. ഇനി തന്നെയും ക്ലാസ്സിൽ ഒത്ത നടുവിൽ നിർത്തി എല്ലാവരും കൂടെ കളിയാക്കി ചിരിക്കും. നുണച്ചിയെന്നു വിളിക്കും. ഈ സ്കൂളിൽ എത്തിയിട്ട് മൂന്ന് വർഷം ആയി. മുൻപ് പഠിച്ചിരുന്ന സ്കൂളിൽ തന്റെ കുടുംബ ചരിത്രം മുഴുവൻ അറിയാമായിരുന്നു.
“നന്നായി പഠിക്കുന്ന കുട്ടിയാ. പക്ഷേ വീട്ടില് വല്ല്യേ പ്രശ്നങ്ങളാ. പാവം”
ടീച്ചേർസ് തമ്മിൽ തമ്മിൽ ക്ലാസ്സിൽ എല്ലാവരുടെയും മുൻപിൽ വെച്ച് അതു പറയുമ്പോൾ മറ്റു കുട്ടികളുടെ അയ്യോ പാവം എന്ന തരത്തിലുള്ള നോട്ടം അസ്സഹനീയമായിരുന്നു.
സഹതാപം എന്ന ഒരു വികാരം മാത്രമാണ് ആ ചെറുപ്രായത്തിലും തന്നിൽ നീറ്റലുണ്ടാക്കിയിരുന്നത്.
അച്ഛനും അമ്മയും എന്നും വഴക്കായിരുന്നു. ഓർമ്മ വെച്ച നാൾ മുതൽ അമ്മയുടെ കണ്ണു തോർന്നു കണ്ടിട്ടില്ല. തെറ്റ് അച്ഛന്റെ ആയിരുന്നു. എല്ലാവിധ ദൂഷ്യ സ്വഭാവവും. സഹിക്കാൻ അമ്മയും. വീട്ടിലെ ചെലവ് പോലും നോക്കാൻ തയ്യാറല്ലാത്ത അച്ഛനെ വിട്ടു അമ്മ തന്നെയും കൂട്ടി അമ്മയുടെ വീട്ടിലേക്ക് വന്നു. അവിടെയും അച്ഛൻ വന്നു ബഹളമുണ്ടാക്കുമായിരുന്നു. ഇറക്കി വിട്ടാൽ എന്തെങ്കിലും കടുംകൈ ചെയ്യും എന്ന ഒറ്റ കാരണത്താൽ അവർ അമ്മയ്ക്കും എനിക്കും അഭയാർഥികളായി, ടീവിയും മേശയും ഇരിക്കുന്ന ചെറിയൊരു ഹാളിൽ പായ് വിരിച്ചു കിടക്കാൻ ഇടം തന്നു.
അച്ഛനെയും അമ്മയെയും കൂട്ടി അമ്മ വീട്ടില് വിരുന്നു വരുന്ന കുട്ടിയ്ക് കിട്ടുന്ന പരിഗണനയും ഗതികെട്ട് അച്ഛനില്ലാതെ അമ്മ മാത്രമായി ആശ്രയത്തിനു വരുന്ന കുട്ടിയ്ക്കു കിട്ടുന്ന പരിഗണനയും രണ്ടും രണ്ടാണെന്ന് തിരിച്ചറിയാൻ അധികം വൈകിയില്ല.
“ഏതു നേരോം ആ ടീവിടെ മുമ്പില…ഇപ്രാവശ്യം കറന്റ് ബില്ല് വരുമ്പോ കാണാം ഞാനൊന്നും പറയുന്നില്ല. എന്റെ മോൻ അന്യനാട്ടിൽ കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശാ “
ഇടയ്ക്ക് എപ്പോഴെങ്കിലും ടോം ആൻഡ് ജെറി കാണാൻ ടീവി വെയ്ക്കുമ്പോൾ അമ്മാമയുടെ പിറുപിറുക്കൽ കേൾക്കാം
“ആ ചുമരിൽ ചാരി ഇരുന്നിട്ട് തലേലെ എണ്ണ മുഴുവൻ അതുമ്മലാ…പെയിന്റ് അടിക്കാൻ നിന്റെ ത ന്ത കാശ് കൊണ്ടന്നു തരോ ” കസേര വീട്ടില് വരുന്ന വിരുന്നുകാർക്കുള്ളതാ എന്നു പറയുന്നത് കൊണ്ട് തറയിൽ ഇരുന്ന് പുറം കടയുമ്പോൾ ചുമരിൽ ചാരിയാൽ അമ്മമ്മ വഴക്കു പറയും. അങ്ങനെ തൊടുന്നതെല്ലാം കുറ്റം…പക്ഷേ ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രം അമ്മാമ്മ എന്നും സ്നേഹം കാണിച്ചിരുന്നു.
മാമനും മാമിയും കുട്ടികളും വിദേശത്ത് ആയിരുന്നു. വർഷത്തിൽ രണ്ടോ മൂന്നോ തവണ വരുമ്പോൾ വലിയ സന്തോഷമാണ്. അഗതികളെ കാണുമ്പോൾ അവർക്ക് അത്ര സന്തോഷം ഇല്ലെങ്കിൽ കൂടിയും…അവർ വന്നു കഴിഞ്ഞാൽ പിന്നേ അടുക്കളയിൽ ഇ റച്ചിയുടെയും മീനിന്റെയും മണമാണ്. കോഴിയും ആടും പോ ത്തും എല്ലാം വാങ്ങി വെയ്ക്കും. പലഹാരങ്ങൾ ഒരുപാടുണ്ടാക്കും. പരിപ്പ് കറി മാത്രം ആയിരുന്ന ദിവസങ്ങൾ മാറും.
“ആദ്യം മാമനും മാമിയും മക്കളും കഴിക്കട്ടെ നമുക്ക് പിന്നേ കഴിക്കാട്ടോ ” അമ്മ ഊണു കഴിക്കാൻ നേരം ആവുമ്പോഴേക്കും എന്നെ വിളിച്ചു മാറ്റി നിർത്തി പറയും. വിശപ്പ് കൊണ്ട് എരിഞ്ഞു ഇരിക്കുമ്പോഴും എല്ലാവരും ആസ്വദിച്ചു ഭക്ഷണം കഴിക്കയാവും.
ഇത്തിരി വൈകിയാലും സാരമില്ല മതിയാവോളം കഴിക്കാൻ കിട്ടിയില്ലെങ്കിലും വേണ്ടില്ല വല്ലപ്പോഴെങ്കിലും രുചിയുള്ളത് കഴിക്കാമല്ലോ എന്നോർത്ത് ഊഴം കാത്തിരിക്കും.
ഓണത്തിനും വിഷുവിനും ആയി വർഷത്തിൽ രണ്ടു തവണ പുതിയ ഉടുപ്പ് വാങ്ങി കൊണ്ടു വരുമായിരിന്നു അമ്മയുടെ ചേട്ടൻ. ഉണ്ണാനും ഉടുക്കാനും കിട്ടുമെന്നത് തന്നെയായിരുന്നു ആകെയുള്ള ആശ്വാസം. മാമൻ പൊന്നു പോലെ നോക്കുന്ന മക്കളെ കാണുമ്പോഴാണ് അച്ഛന് വേണ്ടാത്ത തന്റെ ഗതികേട് കുത്തി നോവിച്ചിരുന്നത്. സത്യത്തിൽ അമ്മ വീട്ടിലെ അനുഭവങ്ങളിൽ നിന്നാണ് സ്നേഹിക്കാൻ അച്ഛനില്ലാതെ വരുന്നത് വലിയ കുറവ് തന്നെയാണെന്ന് മനസ്സിലായത്. പഴയ സ്കൂളിലെ സഹതാപം നിറഞ്ഞ നോട്ടം പുതിയ സ്കൂളിലും ആവർത്തിക്കാതിരിക്കാൻ, അച്ഛനുപേക്ഷിച്ച കുട്ടിയാണെന്ന് മറ്റുള്ളവർ അടക്കം പറയാതിരിക്കാൻ മനപ്പൂർവം നുണകൾ പറഞ്ഞിട്ടുണ്ട്.
അമ്മയുടെ വീട്ടിലേക്കു താമസം ആയതിൽ പിന്നെയാണ് പുതിയ സ്കൂളിൽ ചേർന്നത്. പുതിയ സ്കൂളിൽ ചെല്ലാൻ വലിയ കൊതിയായിരുന്നു. പഴയ കൂട്ടുകാരെയും ടീച്ചറമ്മാരെയും ഇഷ്ട്ടമല്ലാഞ്ഞല്ല. എന്റെ കുടുംബചരിത്രം ചികയാതെ എന്റെ വ്യക്തിത്വം മാത്രം കണക്കിലെടുക്കുമെന്ന പ്രതീക്ഷ.
മൂന്നാം ക്ലാസ്സിൽ പുതിയ സ്കൂളിൽ ചേരുമ്പോൾ ആദ്യമെല്ലാം ഒറ്റപ്പെടൽ ആയിരുന്നു. ഇരുണ്ടു മെലിഞ്ഞ കാണാൻ ഒട്ടും ആകർഷണമില്ലാത്ത ഒരു കുട്ടിയുമായി കൂട്ട്കൂടാൻ ആരും താല്പര്യപ്പെട്ടില്ല. താനൊഴിച്ചു ബാക്കിയുള്ളവരെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മികച്ചവരാണെന്ന് ഓരോ നിമിഷവും തോന്നിയിരുന്നു.
ഒരു മാസം കഴിഞ്ഞു മാസം തോറും നടത്താറുള്ള പരീക്ഷ കഴിഞ്ഞാണ് പിന്നീട് ടീച്ചേർസ് ഉൾപ്പടെ എല്ലാവരും തന്റെ പേരു പോലും ഓർമ്മ വെച്ചത്. കാരണം ആകെ കൈമുതലായുള്ളത് പഠിക്കാനുള്ള ഇഷ്ട്ടം മാത്രമായിരുന്നു. അതിൽ മറ്റുള്ളവരേക്കാൾ ഉയർന്നു നിക്കേണ്ടത് തന്റെ ആവശ്യവും. അങ്ങനെ പഠിക്കാൻ മിടുക്കി ആയതു കൊണ്ടു മാത്രം എല്ലാവരും ഇഷ്ട്ടപ്പെട്ടു. ഡാൻസും പാട്ടും പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽക്കൂടിയും അമ്മയുടെ കയ്യിൽ അതിന് ചെലവാക്കാൻ പൈസ ഉണ്ടാവില്ലെന്നറിയുന്നത് കൊണ്ട് ഒഴിഞ്ഞു നിന്നു.
സ്കൂളിൽ നിന്നും ടൂർ പോവാൻ പേര് കൊടുക്കാൻ പറയുമ്പോഴും അതു തന്നെയായിരുന്നു അവസ്ഥ. ഒരുപാട് കൊതിച്ചിരുന്നുവെങ്കിലും ഒരു നുണയിൽ എല്ലാം ഒതുക്കുമായിരുന്നു.
“ഞാൻ ഇല്ലാ…ഞാനും അച്ഛനും അമ്മയും കൂടി പോയിട്ടുണ്ട്. ഇനിം പോവും. എനിക്കു അച്ഛന്റേം അമ്മേടേം കൂടെ പോവാനാ ഇഷ്ട്ടം നിങ്ങള് പോയിട്ടു വായോ.”
അച്ഛന്റെ സ്വഭാവം അറിയാത്ത കൂട്ടുകാർ തന്റെ ഭാഗ്യത്തെയോർത്തു അസൂയ പെട്ടിരുന്നു. ഓരോന്ന് ഓർത്തു കൊണ്ട് നടന്നു ക്ലാസ്സിൽ എത്തിയതും ഡെസ്കിൽ തലവെച്ചു കിടക്കവേ അറിയാതെ ഉറങ്ങിപ്പോയി.
******************
“ചന്ദനാ…ചന്ദനാ…ഫസ്റ്റ് പീരിയഡ് തന്നെ ഉറങ്ങുവാണോ ” ഡെസ്കിൽ ചൂരൽ കൊണ്ട് രണ്ടടി അടിച്ച ശേഷം മാഷ് ചെറിയ ദേഷ്യത്തോടെ ചോദിച്ചു. പെട്ടന്നാണ് ഉറക്കത്തിൽ നിന്നെഴുന്നേറ്റത്. ഉറങ്ങിപ്പോയതും ബെല്ലടിച്ചതും പ്രാർത്ഥന കഴിഞ്ഞു ക്ലാസ്സിൽ മാഷ് വന്നതും ഒന്നും അറിഞ്ഞില്ല.
“മാഷേ അവള്ടെ അച്ഛൻ വേറെ കല്യാണം കഴിക്കാൻ പോവാ ” തൊട്ടു പുറകിലെബെഞ്ചിൽ ഇരുന്ന മായ എഴുന്നേറ്റു നിന്നു പറഞ്ഞു. ക്ലാസ്സിൽ കൂട്ടച്ചിരി മുഴങ്ങി. ഒരു അഞ്ചാം ക്ലാസ്സുകാരിയുടെ അഭിമാനം മുറിപ്പെടാൻ അത്ര തന്നെ മതിയായിരുന്നു. ഓരോ പരീക്ഷയിലും ഒന്നാമതായി എല്ലാവരും കാൺകെ സമ്മാനങ്ങൾ വാങ്ങുവാൻ നിൽക്കുമ്പോൾ അസൂയയോടെ നോക്കിയിരുന്ന സഹപാഠികൾ പരിഹാസത്തോടെ നോക്കുമ്പോൾ തല കുമ്പിട്ടു പോയി.
“നിന്നോടാരാ പറഞ്ഞെ.”
“മാഷെ ഇവള്ടെ അമ്മേടെ വീടിനടുത്തുള്ള ചേച്ചിയെ ഞങ്ങള് വരുമ്പോൾ പറയണേ കേട്ടത…ശ്രീക്കുട്ടനും ഇണ്ടാർന്നു.”
“ഹും ശരി ശരി അവടെ ഇരിക്ക് “
“ചന്ദന വിഷമിക്കണ്ടാട്ടോ. പോയി മുഖം കഴുകി വായോ. “
മുഖം കഴുകാൻ പോകുമ്പോൾ ക്ലാസ്സിൽ മാഷ് മായയോടും മറ്റുള്ളവരോടും തന്നെ ഓരോന്ന് പറഞ്ഞ് വിഷമിപ്പിക്കരുതെന്ന് ചട്ടം കെട്ടരുതെന്ന് താക്കീത് ചെയ്യുന്നത് കേൾക്കാമായിരുന്നു.
സ്കൂളും കൂട്ടുകാരും മാത്രമായിരുന്നു ആകെയുള്ള ആശ്വാസം. അമ്മയ്ക്ക് തന്നോട് അളവറ്റ സ്നേഹമായിരുന്നുവെങ്കിലും സാഹചര്യം അമ്മയെ ദേഷ്യകാരി ആക്കിയിരുന്നു.
പതിയെ തന്റെ ചുറ്റുപാടുകൾ ക്ലാസ്സിൽ പാട്ടായി.
****************
അങ്ങനെ ഒന്ന് രണ്ടു മാസങ്ങൾക്ക് ശേഷം.
“ക്ലാസ്സിലെ ടോപ്പർ ഇല്ലേ…നമ്മുടെ ചന്ദന…അവള്ടെ അച്ഛൻ ഒരു വൃത്തികെട്ടവനാ…ക ള്ളു കുടിയും ക ഞ്ചാ വും ഒന്നും ഇല്ലാത്തത് ഇല്ലാ. ചന്ദനേം അമ്മയും അമ്മവീട്ടില താമസം. അവിടേം ചെന്ന് അയാൾ വഴക്കുണ്ടാക്കൂത്രെ. അയാൾക്കിപ്പോ വേറേം കെട്ടണംന്ന…ചന്ദനേടെ അമ്മ വീട്ടുകാർക്കു ആണെങ്കിൽ അവളേം അമ്മേനേം അവടെ സ്ഥിരമായിട്ട് നിർത്താനും പറ്റില്ലാന്നു. സ്ത്രീധനം ഒക്കെ കൊട്ത്ത് കല്യാണം കഴിപ്പിച്ചു അയച്ചതല്ലേ. ഇവരെ അയാളുടെ കൂടെ അയക്കാൻ തന്നെയാ തീരുമാനം. ഈ നാട്ടീന്നു പോവാത്രെ. ടിസി വാങ്ങാൻ നാളെയോ മറ്റന്നാളോ വരും. “
“അയ്യോ പാവം നല്ല കുട്ട്യാ. ഇങ്ങനൊരു സങ്കടം അതിന് ഉണ്ടാർന്നൂന്ന് കണ്ട പറയില്ല. ” ചന്ദനയുടെ ടീച്ചേർസ് തമ്മിലുള്ള സംസാരമായിരുന്നു അത്.
ചന്ദനയ്ക്കും അമ്മയ്ക്കും ഒരു പിടി ചോറ് നൽകുന്നതിനു കണക്കു പറയുന്ന വീട്ടുകാർക്കിടയിൽ നിൽക്കുന്നതിലും ഭേദം ഭർത്താവിന്റെ ഇടിയും തൊഴിയും ആണെന്ന് കൂടി ഓർത്തിട്ടാവണം അവളുടെ അമ്മ അയാൾക്കൊപ്പം പോകാൻ നിർബന്ധിതയായത്. കാലം അവരുടെ കണ്ണു നനയിപ്പിച്ചുകൊണ്ട് പിന്നേയും കടന്നു പോയിക്കൊണ്ടിരുന്നു.
ഇന്നിപ്പോൾ ചന്ദന പഴയ സ്കൂൾ വിദ്യാർത്ഥിനിയല്ല. സഹതാപത്തിന്റെ നോട്ടങ്ങളെ അവൾ ഭയക്കുന്നുമില്ല. അച്ഛന്റെ സ്നേഹമില്ലായ്മയും അമ്മവീട്ടുകാരുടെ അവഗണയും എല്ലാം അവൾക്കു അനുകൂലനങ്ങൾ ആയിരുന്നുവെന്ന തിരിച്ചറിവിൽ ആണ് ഇപ്പോൾ.
അച്ഛന്റെ കരുതലും വാത്സല്ല്യവും കൊതിച്ചിരുന്ന ബാല്യത്തിൽ അതുണ്ടായില്ല. ഒരുപക്ഷെ അത് തന്നെ ജീവിത വിജയം നേടുന്നതിൽ നിന്നും പിന്തിരിപ്പിക്കുമായിരുന്നു. താങ്ങാൻ ആളില്ലാത്തവർ തളരാറില്ലല്ലോ. പഠിച്ചു വലിയ നിലയിൽ ഒന്നും എത്തിയില്ലെങ്കിലും തനിക്കും കുടുംബത്തിനും സുഖമായി കഴിയുവാനുള്ളത് ചെറിയ സർക്കാർ ജോലിയിൽ നിന്നും കിട്ടുന്നുണ്ട്.
അവളും അമ്മയും പിന്നേ അച്ഛനും അമ്മമ്മയും ആണ് ഇപ്പോൾ അവളുടെ കുടുംബം. ല ഹരി നുണഞ്ഞു ജീവിതത്തിന്റെ നല്ലൊരു ഭാഗം ആർക്കും ഒരു ഗുണവുമില്ലാതെ കഴിഞ്ഞ അച്ഛൻ ആരോഗ്യമെല്ലാം നശിച്ചു കാലാന്തരത്തിൽ പല്ല് കൊഴിഞ്ഞ സിംഹത്തെ പോലെ ആ വീട്ടിലെ വെറുമൊരു അന്തേവാസി ആയി മാറുകയായിരുന്നു. ചന്ദനയുടെ അമ്മാമ്മയാകട്ടെ മകനും മരുമകളും പേരമക്കളും നോക്കാനില്ലാത്ത അവസ്ഥ വന്നപ്പോൾ ഒരിക്കൽ വേർതിരിച്ചു കണ്ടിരുന്ന കൊച്ചു മകളുടെ കാരുണ്യത്തിൽ ശിഷ്ട്ട കാലം കഴിയാൻ ആഗ്രഹിച്ചു.
ചന്ദന പഴയ അഞ്ചാം ക്ലാസ്സുകാരിയല്ല. ആരോടും പരാതിയും പരിഭവവും ഇല്ലാത്ത കാര്യപ്രാപ്തിയുള്ള പെൺകുട്ടി. ജീവിതം അവൾക്കിപ്പോൾ മധുര പ്രതികാരമാണ്. കുത്തി നോവിച്ചിരുന്ന നാട്ടുകാർക്കിടയിലൂടെ നടക്കുമ്പോൾ തലയൊട്ടും താഴ്ന്നു പോകാറില്ല. അന്തസ്സോടെ ഉയരുകയല്ലാതെ….
~രേഷ്ജ അഖിലേഷ്.