അതിനൊന്നും ഒരു കുറവും വരുത്തിയിട്ടില്ല സാർ, ഞാൻ പറയുന്നതൊക്കെ കൊണ്ടുവന്ന് തരും….

പെണ്ണവൾ….

Story written by Jolly Shaji

=================

നിറഞ്ഞ നിശബ്‍ദതയിൽ ജഡ്ജ് അവളോട്‌ ചോദിച്ചു…

“നിങ്ങൾ എത്ര വർഷമായി വേർപെട്ട് ജീവിക്കുന്നു…”

“ഒരു വർഷം കഴിഞ്ഞു സാർ…”

“വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹം ആയിരുന്നില്ലേ നിങ്ങളുടേത്…”

“അതെ…എല്ലാവരുടെയും സമ്മതത്തോടെ ആയിരുന്നു…”

“നിങ്ങളുടെ ഭർത്താവ് ഒരു മ ദ്യപാനി ആണോ..”

“അല്ല സാർ…”

“അയാൾ ഒരിക്കൽ എങ്കിലും മ ദ്യം കഴിച്ചതായി കണ്ടിട്ടോ പറഞ്ഞു കേട്ടിട്ടോ ഉണ്ടോ…”

“ഇല്ല…”

“അദ്ദേഹം നിങ്ങൾക്ക് ചിലവിനു തരുന്നില്ലേ…നിങ്ങളുടെ ആവശ്യങ്ങളൊക്കെ നടത്താറുണ്ടോ..മരുന്ന്, വസ്ത്രം, ഭക്ഷണം, അങ്ങനെ…”

“അതിനൊന്നും ഒരു കുറവും വരുത്തിയിട്ടില്ല സാർ…ഞാൻ പറയുന്നതൊക്കെ കൊണ്ടുവന്ന് തരും..”

“അയാൾക്ക്‌ പരസ്ത്രീ ബന്ധം ഉള്ളതായി തോന്നിയിട്ടുണ്ടോ..”

“അതൊന്നും ഇല്ല..”

“സെ ക്സിൽ അയാൾ നിങ്ങളെ ഉപദ്രവിക്കുകയോ മറ്റോ ഉണ്ടോ…”

“ഇല്ല സാർ…”

“പിന്നെന്താണ് നിങ്ങൾക്ക് വിവാഹ മോചനം വേണമെന്ന് പറയുന്നത്…”

“എനിക്ക് ഈ ബന്ധം താത്പര്യം ഇല്ല സാർ…അതെ ഒള്ളു കാര്യം..”

“നിങ്ങൾക്ക് വേറെ ആരെങ്കിലുമായി അഫയർ…”

“സാർ അനാവശ്യമായ ചോദ്യങ്ങൾ വേണ്ട..വേറൊരു ബന്ധം ഉണ്ടായിരുന്നു എങ്കിൽ എന്നേ ഞാൻ പോയേനെ ആ കൂടെ…”

“പിന്നെ എന്ത് കാരണത്താൽ ആണ് ബന്ധം വേർപെടുത്തുന്നത്…ഒരോ സ്ത്രീകൾ എത്ര സഹിച്ചാണെന്നോ കഴിയുന്നത്…ക ള്ളുകു ടിച്ചു മർ ദ്ദിക്കുന്ന ഭർത്താക്കന്മാർ, അന്യ സ്ത്രീയേ തേടിപോകുമ്പോൾ സ്വന്തം ഭാര്യയെ ഓർക്കാത്തവർ..അങ്ങനൊക്കെ…ഇത് അങ്ങനെ ഒന്നുമില്ലാത്ത ഒരു മനുഷ്യനെ വേണ്ടെന്ന്….”

“സാറെ ഒരു പെണ്ണിന് ഭക്ഷണവും വസ്ത്രവും ശാരീരിക സുഖവും ഒന്നുമല്ല പ്രാധാന്യം…അവൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യം അണ്… “

“സ്വാതന്ത്ര്യമോ…”

“അതെ…ചില്ലുകൂട്ടിൽ അടച്ചിട്ട കിളിക്ക് സമയത്തിന് ഭക്ഷണവും വെള്ളവുമൊക്കെ കിട്ടുന്നുണ്ടാവും…അപ്പോളും അത് കൊതിക്കുന്നത് തന്റെ ചിറകുകൾ വെച്ച് സ്വാതന്ത്ര്യമായി പറന്നു നടക്കാൻ ആണ്..

വിവാഹം കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ടൗണിലെ ഫ്ലാറ്റിലേക്കു കയറിയതാണ്…അടുക്കളയിൽ ഭക്ഷണം അദേഹത്തിന്റെ ഇഷ്ടത്തിന് ഉള്ളത് വാങ്ങി വരും അത് ഉണ്ടാക്കും കഴിക്കും…സത്യം പറയാമല്ലോ സാറെ ചി ക്കനും ബീ ഫും കഴിച്ച് മടുത്തിട്ടു ഇത്തിരി ഉള്ളിയും മുളകും ചമ്മന്തി അരക്കാൻ പോയപ്പോൾ അദ്ദേഹം പറഞ്ഞത് എന്തെന്നാണെന്നു അറിയുമോ… “മോളൂ ഭർത്താവ് കഴിക്കുന്നതല്ലേ ഭാര്യ കഴിക്കേണ്ടത് എന്ന്…”

രാവിലെ അദ്ദേഹത്തിനൊപ്പം ഭക്ഷണം കഴിക്കും…ഉച്ചക്ക് ഉണ്ടാക്കാനുള്ള സാധനങ്ങൾ കൃത്യമായി എടുത്തു തന്നിട്ട് പോകും…ഇടയ്ക്കിടെ വീഡിയോ കാൾ വിളിച്ചു ഭക്ഷണം ഉണ്ടാക്കുന്നത് കാണും…അതിന്റെ അളവ് കൃത്യമായി നോക്കി വെക്കും…അദ്ദേഹം ഉണ്ണാൻ വരുമ്പോൾ കൂടെ ഇരുന്നു മാത്രം കഴിക്കാവു..ഓഫീസിൽ തിരക്ക് കൂടിയാൽ അന്ന് ഉച്ചക്ക് പട്ടിണി…സ്നേഹമുള്ള ഭാര്യ ഭർത്താവ് ഇല്ലാതെ കഴിക്കാൻ പാടില്ലല്ലോ…

ഒരു ഡ്രസ്സ് വാങ്ങാൻ പോയാലോ…കയ്യിൽ പിടിച്ചു കൊച്ചു കുട്ടികളെ പോലെ കൂടെ കൊണ്ടുപോയി അയാൾക്ക്‌ ഇഷ്ടമുള്ളത് അതെത്ര വില കൂടിയത് ആണെങ്കിലും എടുത്തു പാക് ചെയ്യും…

സ്വന്തം വീട്ടിലേക്ക് ഒന്ന് വിളിക്കണം എങ്കിൽ അയാൾ വന്നിട്ട് അയാൾക്കൊപ്പം ഇരുന്നു എത്ര നേരം വേണമെങ്കിലും സംസാരിക്കാം…അയാളും കൂടും സംസാരിക്കാൻ…സ്വന്തം അമ്മയോട് ഒരു കൊച്ചു രഹസ്യം പോലും പറയാൻ പാടില്ലപോലും…

വീട്ടിലിടാനുള്ള വസ്ത്രം പോലും എടുത്തു തരുന്നത് അയാൾ ആണ്…എന്തേലും അസ്വസ്ഥത തോന്നി നേരത്തെ കുളിച്ചാൽ അതിന് പോലും കൊച്ച് കുട്ടികളെപോലെ പരിഭവം ആണ് പിന്നെ…

സത്യത്തിൽ മടുത്തു സാറെ ഈ കൂട്ടിലിട്ട ജീവിതം…കൂട്ടുകാരോ വീട്ടുകാരോ ആരുമായും ഒറ്റയ്ക്ക് ഒന്ന് ചിരിച്ചു സംസാരിക്കാൻ പറ്റാതെ എത്ര നാൾ…തൊട്ടടുത്ത മുറിയിലെ താമസക്കാരെ പോലും അറിയില്ലെന്ന് പറഞ്ഞാൽ…

ഒരു സ്ത്രീ അല്ലേ സാർ…എനിക്കും ഉണ്ടാവില്ലേ കൊച്ച് കൊച്ചു മോഹങ്ങൾ…ഒരു കുഞ്ഞ് ഉണ്ടായാൽ എന്റെ സ്നേഹം പങ്കിട്ടു പോകും എന്ന് പേടിക്കുന്ന ഒരാൾക്കൊപ്പം ഇനി വയ്യ സാറെ…നിയമത്തിന് മുന്നിൽ നിയമപരമായ ബന്ധം തീർക്കാൻ ആണ് ഞാൻ നിൽക്കുന്നത്…എന്റെ തീരുമാനങ്ങൾ ഞാൻ പറഞ്ഞു അതിന് മാറ്റമില്ല…

ജഡ്ജിന് മറുപടി ഒന്നുമില്ലായിരുന്നു…അവൾ ഒരു പെണ്ണാണ്…അയാൾ വെറുതെ തലയാട്ടി….

~ജോളി ഷാജി