സ്നേഹവലയങ്ങൾ….
Story written by Neeraja S
==================
റസ്റ്റോറന്റിലെ ഇരുണ്ടമൂലയിൽ ആരും അത്ര ശ്രദ്ധിക്കാതെപോകുന്ന ആ സ്ഥിരം മേശ…ചെല്ലുമ്പോൾ പതിവിനുവിപരീതമായി ആരോ ഒരാൾ നേരത്തെവന്ന് സ്ഥാനം പിടിച്ചിരിക്കുന്നു…
ദേഷ്യമാണ് വന്നത്…ഏറെനാളായി തന്റെ സ്വകാര്യസ്വത്തായി കരുതിയിരുന്ന സ്ഥലം ഇന്ന് മറ്റൊരാൾ കൈയേറിയിരിക്കുന്നു…
അടുത്തുചെന്ന് നിന്നിട്ടും അയാൾ തല ഉയർത്തിയില്ല…ആലോചനയിൽ മുഴുകി വലതുകൈ മേശപ്പുറത്തുവച്ച് കൈരേഖകൾ സൂക്ഷ്മതയോടെ പരിശോധിക്കുന്നു…ഇരുളിൽ മുഖം വ്യക്തമായില്ല…
“സാർ…അടുത്ത മേശയ്ക്കരികിലേക്ക് മാറി ഇരിക്കാമോ..പ്ലീസ് ?”
കേട്ട ഭാവമില്ല…ആകെ ഭ്രാന്ത്പിടിച്ചാണ് വന്നത്…അല്പം ആശ്വാസം തേടിയപ്പോൾ…കുറച്ച് നേരം അക്ഷമനായിനിന്നു…നഷ്ടമായ ഒരു പൂക്കാലത്തിന്റെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന സ്ഥലം…ഓർമ്മകൾ കുത്തിനോവിക്കുമ്പോൾ ആശ്വാസം തേടിയെത്തുന്ന ഒളിയിടം..
“ദയവായി നിങ്ങൾ ഒന്നുമാറി ഇരിക്കാമോ… കൈകളിൽ എന്താണ് നോക്കുന്നത്…കുറച്ചുനേരം ആയല്ലോ…?
“എന്റെ ഭൂതം…നിന്റെ ഭാവി…നമ്മുടെ വർത്തമാനം… “
പൊട്ടിച്ചിരിയുടെ കൂടെ വാക്കുകൾ തെറിച്ചു വീണു…
വഴക്കിടാനുള്ള മാനസികാവസ്ഥ അല്ലല്ലോ എന്ന ചിന്തയിൽ..തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അയാൾ തല ഉയർത്തി നോക്കി…മങ്ങിയ വെളിച്ചത്തിൽ മുഖം വ്യക്തമായില്ലെങ്കിലും..തിളങ്ങുന്ന കണ്ണുകൾ എവിടെയോ കണ്ട പരിചയം പോലെ…അയാൾ പുച്ഛത്തോടെ ഒന്ന് ചിറി കോട്ടിയിട്ടു വീണ്ടും കൈയിൽ എന്തോ തിരയുന്നതുപോലെ നോക്കിയിരുന്നു…
വെട്ടി തിരിഞ്ഞു പുറത്തേക്കു പാഞ്ഞു. റോഡിലൂടെ ഏറെദൂരം നടന്നെങ്കിലും മനസ്സ് ശാന്തമായില്ല..വല്ലാത്ത ഒരവസ്ഥ..ഓർമ്മകൾ ഹൃദയത്തെ വലിച്ചുമുറുക്കുന്നു.
സ്കൂൾ ഗേറ്റ് തുറന്ന് കിടക്കുന്നു…പഠിച്ച സ്കൂൾ…ധാരാളം മരങ്ങൾ നിറഞ്ഞ സ്കൂൾ പരിസരം…മിക്കപ്പോഴും അവിടെ വന്നിരിക്കാറുണ്ട്. പത്താംക്ലാസ്സിന്റെ മുൻപിലായി ചുവടു വട്ടത്തിൽ കല്ലുകെട്ടി മനോഹരമാക്കിയിട്ടിരിക്കുന്ന വാകമരം…അതിന്റെ ചുവട്ടിൽ മുകളിലേക്കു കണ്ണ് പായിച്ചു കിടക്കുമ്പോൾ കിട്ടുന്ന ആനന്ദം…
മരത്തിന്റെ തടിയിൽ നല്ല ഭംഗിയായി എഴുതി ഇട്ടിരിക്കുന്ന പല പേരുകൾക്കിടയിൽ ഒരെണ്ണം തിളങ്ങി നിൽക്കുന്നു…
“Ajayan with Veena “
പതിയെ ആ പേരിലൂടെ വിരലോടിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു…ചെറിയ ക്ലാസു മുതൽ ഒന്നിച്ചു പഠിച്ചവർ..പത്താം ക്ലാസ്സിൽ ആയപ്പോഴേക്കും പിരിയാനാകാത്ത കൂട്ടുകാർ ആയിരുന്നു…ഒപ്പം ബന്ധങ്ങൾക്ക് ചില നിറച്ചാർത്തുകളും…
എന്നെങ്കിലും ഒരിക്കൽ തിരികെ വന്ന് ഇതെല്ലാം വീണ്ടും കാണണം..പക്ഷെ വിധി..അത് ഓരോരുത്തരെയും എവിടെയാണ് കൊണ്ടെത്തിക്കുക എന്നാർക്കറിയാം…ഓർമ്മകൾ തെളിമയോടെ ചുറ്റിവരിഞ്ഞപ്പോൾ മരത്തോടു ചേർന്നു തളർന്നിരുന്നു…
പത്താംക്ലാസ്സ് കഴിഞ്ഞും ഒന്നിച്ചാണ് പഠിച്ചത്…ബിരുദം കഴിഞ്ഞ് എന്തെങ്കിലും ഒരു ജോലി അതിന് ശേഷം വിവാഹം അതായിരുന്നു ലക്ഷ്യം…അച്ഛനെ കുറിച്ച് ഓർക്കുമ്പോൾ ചങ്കിൽ ഇടിവാള് മിന്നുന്ന പോലെ തോന്നാറുണ്ട്..താൻ എന്തൊക്കെ തീരുമാനിച്ചാലും ഫൈനൽ ഡിസിഷൻ അത് അച്ഛന്റെയാണ്…
എങ്കിലും വീണയുടെ കുടുംബം..സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നതുകൊണ്ടും ഒരേ മതത്തിൽപെട്ടവർ ആയതുകൊണ്ടും “No” പറയില്ലെന്ന ധൈര്യം മുന്നോട്ടു നയിച്ചു…ജോലി കിട്ടിക്കഴിഞ്ഞു ഒരുവർഷം കഴിഞ്ഞിരിക്കുന്നു.
“അച്ഛാ…എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു… “
“നീ പറഞ്ഞോ…നോക്കട്ടെ. സാധ്യമായത് ആണെങ്കിൽ.. “
“എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണ്…അച്ഛൻ ഒന്ന് പോയി കണ്ട് ഇഷ്ടപ്പെട്ടാൽ നടത്തി തരണം “
ഏറെ നേരത്തെ മൗനത്തിനു ശേഷം പോയി നോക്കാം എന്ന മറുപടി വന്നപ്പോൾ ലോകം പിടിച്ചടക്കിയ സന്തോഷം ആയിരുന്നു….അടുത്തദിവസം രാവിലെ ഉണർന്നപ്പോൾ അച്ഛനെ വീട്ടിൽ കാണാനു ണ്ടായിരുന്നില്ല…അമ്മയോട് ചോദിച്ചു വിവരങ്ങൾശേഖരിച്ചു അച്ഛൻ രാവിലെ പോയിരിക്കുന്നു അവളുടെ വീട്ടിലേക്ക്..
ഇടിവെട്ടേറ്റപോലെ ആയി..അവൾക്കും വീട്ടുകാർക്കും മുന്നറിയിപ്പു കൊടുക്കാൻ പറ്റിയില്ല…പൊള്ളുന്ന തീയിൽ നിൽക്കുന്ന പോലുള്ള അവസ്ഥ..അമ്മ പലവട്ടം പറഞ്ഞിട്ടും വെള്ളം പോലും കുടിക്കാതെ അച്ഛൻ തിരിച്ചുവരുന്നതും കാത്തിരുന്നു….
അമ്മയും ആകെ ടെൻഷനിൽ ആയിരുന്നു..എന്തെങ്കിലും ചെറിയ കാര്യം മതി അച്ഛന് ഇഷ്ടക്കേടു വരാൻ..
വന്ന ഉടനെ ഉമ്മറത്തിരുന്ന രണ്ട് പേരെയും ശ്രദ്ധിക്കാതെ ഇരുണ്ട മുഖത്തോടെ അച്ഛൻ അകത്തേക്ക് പോയി….എന്റെ എല്ലാ സ്വപ്നങ്ങളും അസ്തമിക്കാൻ പോകുന്നു..ഉള്ളിലിരുന്നു ആരോ പറഞ്ഞു കൊണ്ടിരുന്നു.
ഒൻപതു മണി ആയിട്ടും എഴുന്നേൽക്കാതെ ഉറങ്ങുന്ന ഒരുവൾ…രാവിലെ വീടും പരിസരവും അടിച്ചു വൃത്തിയാക്കിയിട്ടില്ല..അഴകളിൽ ഞാന്നു കിടക്കുന്ന ഉപയോഗ ശൂന്യമായ തുണികൾ..വീട്ടിൽ കയറിവന്ന ഒരുവനോട് ഒന്നിരിക്കാൻ പോലും പറയാതെ ചോദ്യങ്ങളുമായി നേരിട്ട കുടുംബനാഥനും..അയാളെ ഒരു നോട്ടം കൊണ്ട് വിലക്കുന്ന ഭാര്യയും…..അങ്ങനെ വെറുത്തുപോയ ആ കുടുംബത്തിൽ നിന്നും എന്റെ മോന് പെണ്ണ് വേണ്ട എന്ന് അച്ഛൻ ഉറപ്പിച്ചു…
വീണ നല്ല കുട്ടിയാണെന്ന് അമ്മ പറഞ്ഞു നോക്കി…എന്തൊക്കെയായാലും വൃത്തിയും വെടിപ്പും ഇല്ലാത്ത കുടുംബത്തിൽ നിന്നും എന്റെ മകന് പെണ്ണ് വേണ്ടെന്ന് അവസാന വാക്കുകൾ..ആരോടും വഴക്കുണ്ടാക്കാനോ പിണങ്ങാനോ താല്പര്യമില്ലായിരുന്നു..
അന്ന് വരെ അച്ഛനെ അനുസരിച്ചു ജീവിച്ചു ഇനിയും അങ്ങനെ തന്നെ എന്ന് കരുതി…പക്ഷെ മനസ്സ് കൊണ്ട് അച്ഛനിൽനിന്നും ഏറെ അകന്നുപോയി..ഒന്നോ രണ്ടോ വാക്കിലുള്ള മറുപടികളിൽ ഒതുങ്ങി രണ്ടുപേരും തമ്മിലുള്ള ബന്ധം….
താനായിരുന്നു ശരിയെന്നു എന്നെങ്കിലും അവൻ മനസ്സിലാക്കും എന്നുറച്ചവിശ്വാസം അച്ഛന് മരണംവരെ ഉണ്ടായിരുന്നു..
ആരോ അടുത്ത് വന്നിരുന്നത് പോലെ…ഞെട്ടി കണ്ണുകൾ തുറന്നു…ബാറിലെ ഇരുണ്ട മൂലയിൽ കണ്ട അതേ തീഷ്ണതയുള്ള പരിചയം തോന്നുന്ന കണ്ണുകൾ…
“നിങ്ങൾക്ക് എന്ത് വേണം….? എന്തിനാണ് ഇപ്പോൾ പിറകെ വന്നത്….?”
“പിണങ്ങി പോരുന്നത് കണ്ടപ്പോൾ വെറുതെ… “
“നിങ്ങൾ പൊയ്ക്കോളൂ..എനിക്ക് പരാതിയോ പരിഭവമോ ഇല്ല….അൽപനേരം വെറുതെ ഇരിക്കാൻ സമ്മതിച്ചാൽ മതി…നാശം “
അയാൾ പതിയെ പിന്തിരിഞ്ഞു കുറച്ച് മാറി മറ്റൊരു മരത്തിന്റെ ചുവട്ടിൽ ചാരി ഇരുന്നു..ചിലർ അങ്ങനെയാണ് വെറുതെ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട്…അവരുടെ വിഷമങ്ങൾ കൂടി നമ്മളിലേക്ക് പകർന്നു ആശ്വാസം കണ്ടെത്താൻ ശ്രമിക്കും….
മരചില്ലയിലെന്ന പോലെ പലരുംവന്ന് തന്നിൽ ചേക്കേറിയിരിക്കുന്നു…ഭാര്യ മക്കൾ അമ്മ എല്ലാവരും തന്നെ ആശ്രയിക്കുന്നു..അച്ഛൻ കണ്ടെത്തിയ പെൺകുട്ടി…ഒത്തിരി സ്വപ്നങ്ങളുമായിട്ടാണ് തന്റെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്നത് എന്നറിയാവുന്നത് കൊണ്ട് ഒരിക്കലും വേദനിപ്പിച്ചിട്ടില്ല….
തന്റെ വിധി അവൾ എന്തിന് ശിക്ഷ അനുഭവിക്കണം…അവളുടെ കണ്ണിൽ താൻ എല്ലാവരും ആഗ്രഹിക്കുന്ന തരത്തിലുള്ള നല്ലൊരു ഭർത്താവാണ്. ഒന്നിനും ഒരു കുറവും വരുത്താറില്ല സ്നേഹത്തിന്റെ കാര്യത്തിൽ പോലും…ചില നേരങ്ങളിൽ സ്വയം നഷ്ടപ്പെട്ടു മുഖംമൂടികൾ മാറി മാറി അണിഞ്ഞു….തന്റെ ഹൃദയം ഉരുകുന്നത് താൻ മാത്രം അറിഞ്ഞാൽ മതിയല്ലോ…
ആത്മാവ് നഷ്ടപ്പെട്ട തനിക്ക് എങ്ങനെ വേണമെങ്കിലും മുന്നോട്ട് പോകാം…അഭിനയമെങ്കിൽ അഭിനയം….വീണയെ ഓർക്കാത്ത ഒരു നിമിഷം പോലും തന്റെ ജീവിതത്തിലിതുവരെ കടന്നു പോയിട്ടില്ല…നഷ്ടപ്രണയം..എന്ന് പറഞ്ഞു തള്ളിക്കളയാൻ തനിക്ക് പറ്റുന്നില്ല..ഓർക്കുമ്പോഴെല്ലാം മിഴികൾ പുകയാറുണ്ട്
ആരോ വിളിക്കുന്ന ശബ്‌ദം…കണ്ണുകൾ തുറന്നപ്പോൾ…സന്ധ്യയുടെ ഇരുളിമയിൽ തെളിയാതെ അയാൾ..
“തന്നോട് പറഞ്ഞതല്ലേ ശല്യം ചെയ്യാതെ പോകാൻ…. “
തന്റെ അലർച്ചയിൽ അയാൾ കിടുങ്ങിനിൽക്കുന്നത് കണ്ടു..പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല…പതിയെ എഴുന്നേറ്റു ലക്ഷ്യമില്ലാതെ നടന്നു..ഇടയ്ക്കെപ്പോഴോ തിരിഞ്ഞു നോക്കിയപ്പോൾ അയാൾ തന്നെ പിന്തുടരുന്നുണ്ടെന്നു തോന്നി..വീടിനടുത്തെത്തി തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കാണാനുണ്ടായിരുന്നില്ല…
ഭക്ഷണം കഴിച്ചു നേരത്തെകിടന്നെങ്കിലും ഉറക്കം വന്നില്ല…പഴയ ഓർമകളിൽ ചിതറി നിൽക്കുന്ന ഹൃദയം…വർഷമിത്രകഴിഞ്ഞിട്ടും എന്ത്കൊണ്ടാണ് ഓർമ്മകൾ ഇത്രയും തീവ്രതയോടെ നിൽക്കുന്നത്..അത്രമേൽ സ്നേഹിച്ചത് കൊണ്ടാവാം…തന്റെ സ്നേഹം സത്യമായിരുന്നു…അചഞ്ചലവും..
അകലെനിന്നും ഒരു തീവണ്ടിയുടെ ശബ്ദം അടുത്തേക്കുവരുന്നു…ഞെട്ടിയുണർന്നു…താനിതെവിടെയാണ്..ഫാൻ കറങ്ങുന്ന ശബ്‌ദം ചെവിയിൽ തുളച്ചുകയറുന്നു…ചുറ്റിനും നോക്കി..ആരുടെയോ കിടപ്പുമുറി
എങ്ങനെയാണിവിടെ എത്തിയത്..വീട്ടുകാർ വരുമ്പോൾ എന്തുപറയും..പേടിയോടെ എഴുന്നേറ്റ് ചുറ്റും നോക്കി.
മുറിയിൽ മൊത്തത്തിൽ സുഖകരമല്ലാത്ത ഒരു കനച്ചമണം..ജനാലകൾ ഒരിക്കലും തുറക്കാറില്ലെന്ന് തോന്നുന്നു..ജനൽ വിരികൾ മുഷിഞ്ഞു ചെളി പിടിച്ച് തൂങ്ങി കിടക്കുന്നു..ഇരുണ്ടമൂലകളിൽ ചിലന്തി വലകൾ..
റൂമിനുള്ളിൽ തിങ്ങിനിറഞ്ഞുനിന്ന കനച്ചമണം ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു..ബാത്ത്റൂം പാതിതുറന്നു കിടക്കുന്നു അവിടെ നിന്നുള്ള ശബ്‌ദകോലാഹലങ്ങൾ ഉച്ചത്തിൽ പുറത്തേക്കു കേൾക്കാം….അച്ഛൻ മകനെ കുളിപ്പിക്കുകയാണെന്നു തോന്നുന്നു…താൻ ഇതുവരെ അങ്ങനെയുള്ള സാഹസത്തിനൊന്നും പോയിട്ടില്ല..അവസരം വന്നിട്ടില്ല എന്നു പറയുന്നതാകും ശരി. അവർ പുറത്തേക്കു വരുന്നതായി തോന്നിയപ്പോൾ ഒളിക്കാനൊരിടം തേടി…
കട്ടിലിനടിയിൽ കേറാൻ തുടങ്ങിയതാണ്. നിറയെ പൊടിയും ചിലന്തിവലയും..കളിപ്പാട്ടങ്ങൾ പൊടിപിടിച്ചുകിടക്കുന്നു…അലമാരയുടെ സൈഡിൽ ചേർന്നു നിന്നു…
കുളി കഴിഞ്ഞു വന്ന അഞ്ചുവയസുകാരൻ കട്ടിലിൽ കിടന്നു ചാടിമറിയുന്നു…അവന്റെ അച്ഛൻ അലമാര തുറന്നപ്പോൾ അലക്കിയത് ഒന്നായി ഉരുട്ടി വച്ചിരുന്ന ഒരു തുണി പന്ത് അയാളുടെ കാൽച്ചുവട്ടിൽ പൊട്ടിവീണു…അയാൾ അത് വാരി കട്ടിലിൽ ഇട്ട് മകന്റെ യൂണിഫോമും തനിക്ക് ധരിക്കാനുള്ളതും അതിൽ നിന്നും ചിക്കിചികഞ്ഞെടുത്തു ബാക്കി വന്നത് അതേപോലെ ഉരുട്ടി അലമാരിയിൽവച്ച് കതകടച്ചു….
എടുത്ത ഡ്രസ്സ് പെട്ടെന്ന് തന്നെ മേശയിൽ ഇട്ട് തേച്ചു അയാളും ധരിച്ചു കുട്ടിയേയും ഒരുക്കി പെട്ടെന്ന് പോയി…തന്നെ ആർക്കും കാണാൻ സാധിക്കുന്നില്ല അല്ലെങ്കിൽ അയാൾ എപ്പോഴേതന്നെ കണ്ടുപിടിക്കു മായിരുന്നു.. കസേരയിൽ ഇരിക്കാൻ തുടങ്ങിയപ്പോഴാണ് ബാത്‌റൂo തുറന്നു കിടക്കുന്നത് കണ്ടത്…
താൻ ഏറ്റവും വെറുക്കുന്ന കാര്യമാണ് കിടപ്പുമുറിയിലെ ബാത്റൂംവാതിൽ തുറന്നു കിടക്കുന്നത്..അതടക്കാനായി ചെന്നപ്പോൾ കണ്ട കാഴ്ചകൾ….ഭിത്തിയിലെ കമ്പിയിൽ തൂങ്ങികിടക്കുന്ന തുണികൾ…തട്ടിൽ വച്ചിരിക്കുന്ന സോപ്പിൽ നിന്നും ഒലിച്ചിറങ്ങിയ പാടുകൾ. വൃത്തിഹീനമായ ബാത്‌റൂംഅരണ്ട വെളിച്ചത്തിൽ കൂടുതൽ കറുത്തിരുന്നു..
ആരോ നടന്നുവരുന്ന ശബ്‌ദം. പെട്ടെന്ന് അലമാരക്കുപിന്നിൽ ഒളിച്ചു..വാതിൽകടന്നു വന്ന ആളെക്കണ്ടു സ്തംഭിച്ചു പോയി..വീണ തന്റെ എല്ലാമായിരുന്ന, കഴിഞ്ഞ നിമിഷം വരെ കാണണം എന്നാഗ്രഹിച്ച മുഖം…
ധൃതിയിൽ വന്ന് അലമാരതുറന്ന് എന്തോ തിരഞ്ഞു…ഇടയ്ക്ക് അഴിഞ്ഞുവീണ മുടിച്ചുരുളുകൾ ഉരുട്ടികെട്ടിവച്ചു..ചിതറി വീണ തുണികൾ വാരി അലമാരിയിൽ തള്ളി..അതിൽനിന്നും രണ്ട് സോക്സുകൾ എടുത്ത് തിരികെ പോയി…
വീണ ആകെ തടിച്ചിരിക്കുന്നു. കഴിഞ്ഞ പത്തു വർഷങ്ങൾ..അവളിൽ വല്ലാതെ മാറ്റം വരുത്തിയിട്ടുണ്ട്..രൂപത്തിലും ഭാവത്തിലും. വെളുത്തുമെലിഞ്ഞു സുന്ദരിയായ വീണ…നീണ്ട മുടി ഭംഗിയായി പിന്നിയിട്ട് നേർത്ത പുഞ്ചിരിയോടെ തന്റെ ഉള്ളത്തിൽ നിറഞ്ഞു നിന്നിരുന്ന രൂപം…
വീണ കതക് വലിച്ചടക്കുന്ന ശബ്‌ദം കേട്ട് ഞെട്ടിയുണർന്നത് ആകാംഷയോടെ തന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന മിഴികളിലേക്കാണ്.
“എന്തുപറ്റി…സ്വപ്നം കണ്ടോ…വെളുപ്പാൻകാലത്തു കാണുന്ന സ്വപ്‌നങ്ങൾ സത്യമായിരിക്കും എന്നാണ് പറയുന്നത്..”
മേശയിൽ ഇരുന്ന കട്ടൻകാപ്പി ഒന്നുകൂടി അടുത്തേക്ക് നിരക്കിവച്ച് അവൾ വാതിൽ കടന്നു പുറത്തേക്കുപോയി. എല്ലാം.സ്വപ്നമായിരുന്നു എന്ന് തിരിച്ചറിയാൻ പിന്നെയും സമയമെടുത്തു..പക്ഷെ സ്നേഹത്തോടെ ചേർത്തു പിടിച്ചിരുന്ന..മനസ്സിൽ നിറഞ്ഞു നിന്നിരുന്ന..വീണയുടെ രൂപത്തിന് മങ്ങലേറ്റിരിക്കുന്നു…
ഒരു കനച്ച മണം ഇപ്പോഴും മൂക്കിൽ തങ്ങി നിൽക്കുന്നത് പോലെ….എഴുന്നേറ്റു ബാത്‌റൂമിൽ പോയി…മുഖം കഴുകിവന്നു. മുറിയിലൂടെ കണ്ണോടിച്ചു…ചിലന്തിവലകളോ പൊടിയോ കാണാനില്ല…ഭംഗിയായി എല്ലാം അടുക്കിസൂക്ഷിച്ചിരിക്കുന്നു.
കാപ്പിയുമായി ഉമ്മറത്ത് വന്നപ്പോൾ അച്ഛന്റെ മാലയിട്ട ഫോട്ടോയിലേക്കു നോക്കി.
“അച്ഛനായിരുന്നു ശരി..വൃത്തിയുടെ തമ്പുരാ നായ ഞാനൊരിക്കലും വീണയുമായി ഒത്തു പോകില്ലെന്നച്ഛന് അറിയാമായിരുന്നു അല്ലേ.”
പരിചയം തോന്നിപ്പിച്ച തിളങ്ങുന്ന കണ്ണുകൾ സ്നേഹത്തോടെ നോക്കിയിരുന്നപ്പോൾ കൂടുതൽ തിളങ്ങി…