മാസപ്പടി വാങ്ങാനായി റേഷൻ കടയിൽ നിൽക്കുമ്പോഴാണ് ആദ്യമായി അവളെ കാണുന്നത്…

Story written by Jishnu Ramesan

===============

മാസപ്പടി വാങ്ങാനായി റേഷൻ കടയിൽ നിൽക്കുമ്പോഴാണ് ആദ്യമായി അവളെ കാണുന്നത്…

കൂർത്ത മുടിയും, കറുത്ത് കലങ്ങിയ കണ്ണുകളും, കളറ് മങ്ങിയ ചില്ല് വളകളും, തേഞ്ഞുരഞ്ഞ ചെരുപ്പുകളുമിട്ട ഒരു പെണ്ണ്…

റേഷൻ വാങ്ങി അവിടുന്ന് ഇറങ്ങി നടന്നു തിരിഞ്ഞു നോക്കുമ്പോ ആ പെണ്ണും സഞ്ചിയും തൂക്കി വലിഞ്ഞു മുറുകി നടന്നു പോകുന്നുണ്ട്…

“ഏതാ ആ പെണ്ണ്…? ഞാൻ ആദ്യമായി കാണുകയാ ഇവിടെ ഈ നാട്ടില്…”

അവൻ ചോദിച്ചത് കേട്ട് അവൻ്റെ ചങ്ങാതി പറഞ്ഞു,

‘കുറച്ച് അപ്പുറത്ത് ഉള്ളതാ…നീയീ പുറത്ത് പോയി പഠിക്കുമ്പോ ഇത്തരം ഉറക്കം കളയണ നാട്ടിലെ സൗന്ദര്യം ആസ്വദിക്കാൻ പറ്റില്ല…’

“മോശമായി ചിന്തിക്കാത്ത ഒരാള് കണ്ടാ കല്യാണം കഴിക്കാൻ തോന്നുന്ന പെണ്ണാണ് അത്…അല്ലാത്തോര് കണ്ടാ…!”

‘അതൊരു പോ ക്ക് കേ സാടാ…എനിക്കങ്ങനെയാ തോന്നണത്…വല്ലപ്പോഴും അവിടെയും ഇവിടെയും വെച്ച് കാണാറുണ്ട്…ഇവിടുത്തെ സോപ്പ് കമ്പനിയില് ജോലിക്ക് പോണ പെണ്ണാ…’

“നീ നേരത്തെ പറഞ്ഞില്ലേ, പുറത്ത് പോയി പഠിച്ച എന്നെ പറ്റി…പത്തും തോറ്റ് ഇവിടെ നാട്ടില് നിന്ന് തിരിയണ നിനക്ക് കണ്ടവര് പോക്കായിട്ട് തോന്നൂടാ… “

‘അതല്ലടാ, അവൾടെ കെട്ടിയോൻ ഇട്ടിട്ട് പോയതാ…വയറ്റിലുണ്ടായിരുന്നത് കിട്ടിയതുമില്ല…അങ്ങനെ പറയണത് കേട്ടു…അമ്മയും ആ പെണ്ണും ഒറ്റയ്ക്കാ താമസം…’

“ഇന്നും ഉണ്ടല്ലേ കെട്ടിയോൻ ഇട്ടിട്ട് പോയ പെണ്ണുങ്ങളെല്ലാം പോക്കാണെന്ന അഴുകിയ തത്വം…”

‘നീയല്ലേ നേരത്തെ പറഞ്ഞത് അവളെ കണ്ടാ കല്യാണം കഴിക്കാൻ തോന്നണ സൗന്ദര്യമാണെന്ന്…!’

“കല്യാണമല്ലെ, അല്ലാണ്ട്…!”

ലീവ് കഴിഞ്ഞ് തിരിച്ച് പോകും മുൻപ് പലവട്ടം അവൻ ആ പെണ്ണിനെ കണ്ടിട്ടുണ്ട്…ആരെയും ഗൗനിക്കാതെ ആ പെണ്ണ് തലയുയർത്തി തന്നെ അന്നാട്ടിലൂടെ നടന്നു പോകുന്നു…

ചെല കവല ചർച്ചകൾക്ക് ചൊടി കൂട്ടാനായൊരു വിഷയമാവാറുണ്ട് ആ പെണ്ണ്…പ്രായത്തിൽ കവിഞ്ഞ തോന്ന്യാസം കാണിക്കാൻ പോക്ക് കേസെന്ന് അടക്കം പറയണ ചെല ചെറുപ്പക്കാരുമുണ്ട്…

എന്നിട്ടും ഇന്നാട്ടില് ആർക്കും ചെവി കൊടുക്കാതെ, ആരെയും ഗൗനിക്കാതെ, തലയുയർത്തി തന്നെ നടക്കുന്നു ആ പെണ്ണ്…

കൂർത്ത മുടിയും, കറുത്ത് കലങ്ങിയ കണ്ണുകളും, കളറ് മങ്ങിയ ചില്ല് വളകളും, തേഞ്ഞുരഞ്ഞ ചെരുപ്പുകളുമിട്ട് അങ്ങനെ അങ്ങനെ…

~Jishnu Ramesan