അങ്ങനെ നഷ്ടപ്പെട്ടത് തിരിച്ചു വേണമെങ്കിൽ എന്നെയന്ന് പെണ്ണുകാണാൻ വന്നതുപോലെ അമ്മയെയും കൂട്ടി….

Story written by Jishnu Ramesan

==============

മാഷേ ഒന്ന് നിന്നേ…..സഖാവേ ഒന്ന് നിക്കെന്‍റെ മാഷേ…

ആ ഇതാരാ ആവണിയോ, തന്നെ കുറെ ആയല്ലോ കണ്ടിട്ട്…?

സഖാവിനെ ഇന്നലെ ഞാൻ കണ്ടു..അത്ര നല്ല ഭാവത്തിലല്ല കണ്ടത് എന്ന് മാത്രം..എന്തായിരുന്നു ഇന്നലെ വൈകീട്ട് സ്കൂളിന്റെ മുന്നിൽ ബസ് തടയാലോ, അങ്ങനെ എന്തോ പ്രശ്നം…?

“ഓ അതോ, അത് ആ ബസിലെ കിളി ആയിട്ട് നിൽക്കുന്ന ചെക്കൻ പെൺകുട്ടികളെ ഭയങ്കര ശല്യം, അതൊന്നു ചോദിക്കാൻ പോയതാ..”

മ്മ്‌ എന്തായാലും കൊള്ളാം..ആട്ടെ അമ്മ എന്ത് പറയുന്നു സുഖമാണോ..?

“അമ്മക്ക് കാലിനൊക്കെ വേദന ഉണ്ട്..എന്നാലും കുഴപ്പമില്ല..അതേ ഞാൻ പോട്ടെ അവിടെ പാർട്ടിടെ പരിപാടി ഉണ്ട്, അങ്ങട് പോണ വഴിയാ…!”

ഓഹോ അത്രക്ക് തിരക്കാണോ മാഷിന്…? ഒന്നുമില്ലെങ്കിലും ഒരു വർഷം സഖാവിന്റെ ഭാര്യയായി ജീവിച്ചതല്ലെ ഈ ആവണി…!

മിഥുൻ അവളുടെ ചോദ്യത്തിന് മറുപടിയായി ഒന്നും തന്നെ പറഞ്ഞില്ല..

“അല്ല ആവണി എന്താ ഈ വഴിക്ക്…?”

ഉവ്വ ഉവ്വ അപ്പോ മിഥുനേട്ടന് അറിയാം ഞാനും അച്ഛനും താമസിക്കുന്നത് എവിടെ ആണെന്ന്…!

“അയ്യോ അങ്ങനെ അല്ല, അത് ഞാൻ…..!”

എന്റെ മിഥുനേട്ടാ വെറുതെ ഉരുണ്ടു കളിക്കണ്ട. ഞാൻ അവിടുത്തെ വില്ലേജ് ഓഫീസിൽ നിന്ന് സ്ഥലം മാറി വന്നത് മുതൽ ഞാൻ താമസിക്കുന്ന വീടിന്റെ പരിസരത്ത് കിടന്നു കറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്തിനാണാവോ അവിടെ കിടന്നു കറങ്ങുന്നത്…?

“അത് പിന്നെ ഞാൻ, നീയും അച്ഛനും ഇവിടേക്ക് താമസം മാറി വന്നത് എന്നോട് ഒരാള് പറഞ്ഞു, അപ്പോ ഞാൻ അച്ഛനെ കാണാൻ വേണ്ടിട്ട്‌…!”

ഓഹോ അച്ഛനെ കാണാൻ എന്തിനാ മിഥുനേട്ടാ വേലിയുടെ ഇടയിലൂടെ ഒളിഞ്ഞു നോക്കുന്നത്…?

“ഞാൻ നിന്നെ വേണ്ടെന്നു വെച്ചതല്ലെ, അതിന്റെ ദേഷ്യം മൂപ്പർക്ക് എന്നോട് നല്ലത് പോലെ ഉണ്ട്..അതാ ഞാൻ…!

എന്റെ ഏട്ടാ നിങ്ങളെ എനിക്ക് നന്നായിട്ട് അറിയാലോ, നമ്മള് പിരിഞ്ഞിട്ട്‌ ഇപ്പൊ മൂന്നു വർഷം ആയെങ്കിലും എന്റെ മനസ്സിൽ ഇപ്പോഴും ആ പഴയ മിഥുനേട്ടൻ ഉണ്ട്… എന്നെ കാണാനാണ് അവിടെ കിടന്ന് കറങ്ങുന്നതെന്ന് എനിക്കറിയാം..

“മിഥുന്റെ മുഖത്തൊരു വല്ലാത്ത ചിരി വന്നു..”

എന്റെ മാഷേ എന്നെ അച്ഛൻ വേറെ കല്യാണത്തിന് കുറെ നിർബന്ധിച്ചു, ഒരു വിധത്തിൽ അച്ഛന്റെ തീരുമാനം ഞാൻ മാറ്റിച്ചൂ എന്ന് പറഞ്ഞാ മതിയല്ലോ…! എന്നെ അത്രക്ക് ഇഷ്ടാണെങ്കി എന്തിനാ മാഷേ വേണ്ടെന്ന് വെച്ചത്…?

“അതിപ്പോ നമ്മളൊക്കെ പറയില്ലേ, കണ്ണുള്ളപ്പോ കണ്ണിന്റെ വിലയറിയില്ല എന്നൊക്കെ, അത് തന്നെ കാര്യം…ആകെ എനിക്ക് ഉള്ളത് അമ്മയാ, ഉത്തരവാദിത്വം ഇല്ലാതെ നടന്ന എന്നെ പിടിച്ച് അമ്മയാ നിർബന്ധിച്ച് കെട്ടിച്ചത്..അങ്ങനെ കെട്ടിയതാ നിന്നെ…നീ എന്റെ ജീവിതത്തിൽ വന്നതോട് കൂടി ഉത്തരവാദിത്വം ഒക്കെ വന്നു..പക്ഷെ പറഞ്ഞിട്ട് കാര്യമില്ല, തിന്നിട്ട്‌ എല്ലിന്റെ ഇടയിൽ കുത്തുന്നത് പോലെ ആയിരുന്നില്ലേ എന്റെ സ്വഭാവം..”

അവൻ പറഞ്ഞതൊക്കെ ഒരു അത്ഭുതത്തോടെ അവള് കേട്ട് നിന്നു..

സഖാവിന്റെ അമ്മയെ ഞാൻ അമ്പലത്തിൽ വെച്ച് ഇടക്കു കാണാറുണ്ട്..

“മ്മ്‌ അമ്മ പറയും..പിന്നെ ഞാൻ കേൾക്കാത്തത് പോലെ ഭാവിക്കും..”

അല്ല, മിഥുനേട്ടൻ എന്താ ഇത്ര നാളായിട്ടും കല്യാണം കഴിക്കാതിരുന്നത്…? അതോ വല്ല പ്രേമവും ഉണ്ടോ…?

“അയ്യോ ആവണി അങ്ങനെ ഒന്നും പറയല്ലേ, ഇനിയെന്തിനാ വേറൊരു പെണ്ണിന്റെ ജീവിതം കൂടി ഞാൻ ആയിട്ട്….!”

അതിനു മിഥുനെട്ടൻ എന്നോട് എന്ത് ചെയ്തു എന്നാ പറയുന്നത്…! ചില കാര്യങ്ങളിൽ പൊരുത്തപ്പെടാൻ കഴിഞ്ഞില്ല..പിന്നെ ഏട്ടന് കുറച്ച് എടുത്ത് ചാട്ടം കൂടുതൽ ആയത് കൊണ്ട് എന്നെ വേണ്ടെന്നു വെച്ചു..പക്ഷെ അന്നൊക്കെ ഞാൻ പിടിച്ച് നിന്നത് എന്റെ അച്ഛന്റെ ധൈര്യത്തിൽ ആണ്..അതിനു ശേഷം ഒന്നു രണ്ടു വട്ടം ഞാൻ ഏട്ടനെ കണ്ടു..അടുത്ത് വന്നു മിണ്ടണം എന്നുണ്ടായിരുന്നു..പിന്നെ വേണ്ടെന്നു വെച്ചു..

“ഇപ്പൊ തോന്നുന്നു ആവണി, ഒന്നും വേണ്ടായിരുന്നു എന്ന്..നിന്നെ വിട്ടു കളയണ്ടായിരുന്നൂ എന്ന് തോന്നുന്നു..”

എന്താണ് സഖാവേ ഒരു ഇളക്കം….?

ഒരു ചിരിയോടു കൂടിയുള്ള അവന്റെ മറുപടി അവളെ നന്നേ രസിപ്പിച്ചു..

“ഏയ് ഇളക്കമൊന്നുമില്ല എന്റെ ആവണി…”

ആരുടെ ആവണി എന്നാ മാഷ് പറഞ്ഞത്..?

“അല്ല, എന്റെ ആവണി എന്ന് പറഞ്ഞത് അങ്ങനെ അല്ല..”

മ്മ്‌ ഉവ്വ ഉവ്വ…അല്ല മിഥുനേട്ടാ എനിക്ക് തോന്നുന്നത് നമ്മള്  ഒന്നിച്ച് ജീവിച്ച ആ ഒരു വർഷം ഇണക്കത്തേക്കാൾ കൂടുതൽ പിണക്കം ആയിരുന്നു അല്ലെ…?

“അത് ശരിയാ ആവണി..പക്ഷെ നമ്മള് അകന്നിരുന്ന ഈ സമയത്ത് കൂടുതൽ സ്നേഹിച്ചു നിന്നെ..ഇപ്പൊ തോന്നുന്നു നഷ്ടപ്പെട്ടതൊക്കെ തിരിച്ചുവേണമെന്ന്…”

ഓഹോ ഇപ്പൊ എന്താ അങ്ങനെ തോന്നാൻ…അങ്ങനെ നഷ്ടപ്പെട്ടത് തിരിച്ചു വേണമെങ്കിൽ എന്നെയന്ന് പെണ്ണുകാണാൻ വന്നതുപോലെ അമ്മയെയും കൂട്ടി ഒരിക്കൽക്കൂടി എന്റെ വീട്ടിലേക്ക് വരണം..

അത് കേട്ടതും മിഥുൻ നിറഞ്ഞ കണ്ണുകൾ അവള് അറിയാതെ തുടച്ചു കൊണ്ട് ചോദിച്ചു, “അല്ല ആവണി നിന്റെ അച്ചൻ എന്നെ കണ്ടാൽ ശരിയാക്കും…”

ശരിയാക്കട്ടെ, അങ്ങനത്തെ പ്രവർത്തിയല്ലെ മരുമകൻ ചെയ്തു വെച്ചത്..ഒരച്ഛനും സഹിക്കാൻ പറ്റില്ല സഖാവേ അത്..

ആ ഒരു നിമിഷം മിഥുൻ എന്ത് പറയണം എന്നറിയാതെ നിന്നു..

“ഞാൻ പോയി അമ്മയോട് പറയട്ടെ ആവണി..ആ പാവത്തിന് സന്തോഷമാകും..നിന്നെ അത്രയ്ക്ക് ഇഷ്ടാ അമ്മയ്ക്ക്..”

“അല്ല ആവണി ഞാൻ അന്ന് അയച്ച ഡിവോഴ്സ് പേപ്പർ എവിടെ…?”

അയ്യട മോനെ കൊള്ളാലോ, അതൊക്കെ ഞാൻ അപ്പോ തന്നെ കീറിക്കളഞ്ഞു..ഏട്ടൻ പിന്നെ അതിനെക്കുറിച്ചൊന്നും അന്ന് അന്വേഷിച്ചില്ല, അതെന്താ…?

“അത് പിന്നെ ഞാൻ, അയ്യടി മോളെ നീയും കൊള്ളാലോ…!”

അത് കേട്ട് ആവണി പൊട്ടിച്ചിരിച്ചു..

എന്നാ ഞാൻ പോട്ടെ മിഥുനേട്ടാ, നേരം സന്ധ്യയാകുന്നു..അച്ഛൻ അവിടെ ഒറ്റയ്ക്കാണ്…

അതും പറഞ്ഞു രണ്ടാളും തിരിഞ്ഞു നടന്നപ്പോൾ ആവണി പറഞ്ഞു,

“സഖാവേ പിന്നെയൊരു കാര്യം, അവിടുത്തെ വില്ലേജ് ഓഫീസിൽ നിന്ന് എന്നെ ഇങ്ങോട്ടേക്കു സ്ഥലം മാറ്റിയത് ഞാൻ അറിയില്ലെന്ന് വിചാരിച്ചോ…!”

അത് കേട്ട് ചിരിച്ചു കൊണ്ട് മിഥുൻ ഉറക്കെ പറഞ്ഞു,

“ആവണി നിനക്കറിയോ, നിന്നെയന്ന് നിന്റെ വീട്ടിൽ കൊണ്ടുചെന്നാക്കിയിട്ട്‌ തിരിച്ചുപോരുമ്പോൾ ഞാനറിഞ്ഞിരുന്നില്ല എന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളാണ് നഷ്ടപ്പെടാൻ പോകുന്നതെന്ന്..അന്ന് രാത്രി ഞാൻ വീട്ടിലേക്ക് ചെന്നു കയറിയപ്പോഴാണ് നിന്റെ വില ഞാനറിഞ്ഞത്..

പിന്നെ നിന്റെ മുന്നിൽ വരാനുള്ള മടികൊണ്ടാണ് ഞാൻ നിന്റെ പുറകെ പാത്തും പതുങ്ങിയും നിനക്ക് കാവലായി നടന്നത്..അതും നീ പോലും അറിയാതെ..ഞാൻ വീണ്ടും മാപ്പ് പറഞ്ഞ് നിന്നിലേക്ക് വന്നാൽ നീ എന്നെ കൂടുതൽ വെറുക്കുമെന്ന് കരുതി…”

എന്റെ ഏട്ടാ എനിക്കറിയാം..അന്ന് മാത്രമല്ല ഇനിയെന്നും ഈ സഖാവിന്റെ പെണ്ണായിരിക്കും ഈ ആവണി..

അത് കേട്ട് നിറഞ്ഞ കണ്ണുകളോടെ നടക്കുമ്പോ അവന്റെ മനസ്സിൽ ആവണിയെ ആദ്യമായി പെണ്ണുകാണാൻ പോയ നിമിഷങ്ങളായിരുന്നു…

“ചുവപ്പു ധാവണിയും കിലുങ്ങുന്ന പൊട്ടു വളകളും നീട്ടി എഴുതിയ കണ്ണുകളും ആയി ചായയുമായി വരുന്ന ആവണിയെ അപ്പോഴും അവന്റെ മനസ്സിൽ ഉണ്ടായിരുന്നു….”

~ജിഷ്ണു രമേശൻ