എന്റെ കല്യാണം കഴിഞ്ഞപ്പോ ഞാൻ വീട്ടിലേക്ക് ആദ്യം വാങ്ങിയ പാത്രം ഇന്റാലിയത്തിന്റെ ഒരു പത്തിരി കല്ലായിരുന്നു..

Written by Shabna Shamsu

==================

നോമ്പ് ശരീരത്തെ പിടിച്ചു കെട്ടി, ആത്മാവിന്റെ കണ്ണ് തുറപ്പിക്കുന്നു..

…റൂമി

പണ്ട് റമദാനിന് ഒന്നോ രണ്ടോ ആഴ്ച മുമ്പ് ഖദീജത്ത വരും ഞങ്ങളുടെ വീട്ടിൽ, പത്തിരി പൊടി ഉണ്ടാക്കുന്നതിൽ പേര് കേട്ട സ്പെഷ്യലിസ്റ്റാണ്, നോമ്പിന് മുന്നേ ഓരോ വീട്ടുകാരും ഖദീജത്തയെ ബുക്ക് ചെയ്യും..

നാൽപ്പതും അമ്പതും കിലോ പച്ചരി വലിയ ചെമ്പിലും ബക്കറ്റിലും ഇട്ട് കിണറിന്റെ കരയിൽ നിന്ന് കഴുകിയെടുക്കും. ഓടക്കുട്ടയിൽ തുണി വിരിച്ച് വെള്ളം വാലാൻ വെക്കും. പിന്നീട് വലിയ പ്ലാസ്റ്റിക് ചാക്കിലാക്കി മില്ലിലേക്ക് പൊടിക്കാൻ കൊണ്ട് പോവും..

മുറ്റത്തെ തെങ്ങിന്റെ ചുവട്ടിൽ കല്ല് വെച്ച് അടുപ്പ് കൂട്ടി ഈ പൊടി വറുക്കാൻ തുടങ്ങും. മരത്തിന്റെ വലിയ ചട്ടകം കൊണ്ട് നിർത്താതെ ഇളക്കിയിളക്കി വേവ് പാകമാവും വരേക്കും വറുക്കും. നീളമുള്ള  കോലായിൽ വെള്ളത്തുണിയില് വറുത്തെടുത്ത പൊടി ചൂടാറാൻ ഇടും..

ഓരോ പ്രാവശ്യത്തെയും വറവ് കഴിഞ്ഞ് അവസാനത്തെ ചെമ്പിലെ പൊടി അവലോസ് പൊടി ഉണ്ടാക്കാനുള്ളതാണ്. മൂന്നോ നാലോ തേങ്ങ ചിരകിയതും എള്ളും ചെറിയ ജീരകവും കറിവേപ്പിലയും ഇട്ട് ഞെരിഞ്ഞ് പൊരിയുന്ന വരെ വറുത്തെടുക്കും. റമദാനില് നോമ്പ് നോൽക്കാത്ത കുട്ടികൾക്കുള്ള മുൻകരുതലാണ് ഈ പൊടി..

അന്നൊക്കെ, പൊടിയുണ്ടാക്കുന്ന ദിവസം, നനച്ച് കുളിന്റെ ദിവസം, കുപ്പീം പാട്ടേം കഴുകുന്ന ദിവസം, അലക്കുന്ന ദിവസം..എത്ര ദിവസം കൊണ്ടാണ് റമദാനിനെ വരവേൽക്കാൻ കാത്ത് നിൽക്കാറ്…

ഇന്ന്, എല്ലാം ഇൻസ്റ്റന്റ് ആണ്..പത്ത് കിലോ നിറപറയുടെ പത്തിരി പൊടി വാങ്ങിയാൽ ഒരു അണുകുടുംബത്തിൽ ഒരു മാസത്തേക്ക് അത് മതി, കഴുകി ഉണക്കി വറുത്തെടുക്കുന്ന മല്ലിയും മുളകും മഞ്ചു വാര്യറും ഭാവനയും പറയുന്ന പോലെ ഇനിയെന്തിന് ടെൻഷൻ എന്ന് ഓരോരുത്തരേയും ഓർമിപ്പിച്ചു..

മുറ്റം നിറയെ അടുപ്പ് കൂട്ടി,  പത്തിരി ചുട്ടും, നെയ്ചോറ് വെച്ചും, ഇ റ ച്ചി അടയും പഴം പൊരിയും പക്കവടയും ഉണ്ടാക്കി വിയർത്തൊട്ടിയ പെണ്ണുങ്ങളുണ്ടാക്കുന്ന നോമ്പ് തുറകളിപ്പോ  വളരെ അപൂർവ്വം മാത്രമായി..

കുറച്ച് കാലം മുമ്പുണ്ടായ ഒരു ആക്സിഡന്റിന്റെ ഫലമായി വർഷത്തിൽ ഒന്നോ രണ്ടോ ആഴ്ച അട്ടത്തെ ഫാൻ നോക്കി കിടക്കാനുള്ള ‘സൗഭാഗ്യം’ എനിക്കുണ്ടാവാറുണ്ട്..ഏറ്റവും സങ്കടത്തോടെ പറയട്ടെ ഈ വർഷം അത് ഈ പുണ്യ റമദാനിലാണ്..

സാധാരണ മുസ്ലിം കുടുംബത്തില് റമദാൻ മാസത്തെ വരവേൽക്കുന്നതിന് മുമ്പ് വീട് കഴുകി ഉണക്കാനിടുന്ന ഒരു ‘നനച്ച് കുളി’ തത്രപ്പാടിനിടക്കാണ് ഈ വർഷത്തെ എന്റെ ‘ഡിസ്ക് തെന്നി നീങ്ങൽ ഇവന്റ്’ സംഭവിച്ചത്. ഇപ്പോ നട്ടെല്ലിന് സൂചി കുത്തിയും ഫിസിയോ തെറാപ്പി ചെയ്തും  കിടപ്പിലാണ്..

പണ്ട് ഞങ്ങള് ഓലപ്പുരയിലായിരുന്ന സമയം, മണ്ണ് കൊണ്ട് കെട്ടിപ്പൊക്കിയ അടുപ്പിന്റെ അടുത്ത് കുപ്പികളും പാത്രങ്ങളും വെക്കുന്ന ഒരു മരത്തിന്റെ മേശയുണ്ടായിരുന്നു. അസർ ബാങ്ക് കൊടുത്ത് കഴിയുമ്പോ ഉമ്മ പത്തിരി പരത്താൻ തുടങ്ങും..

മരത്തിന്റെ പലകയില് പത്തിരിയുടെ ഉരുള വെച്ച് കൊണ്ട് വട്ടത്തില് പരത്തിയെടുക്കും, പരത്തുമ്പോ ഉമ്മയും മേശപ്പുറത്തെ കുപ്പികളും ഒരുമിച്ച് കുലുങ്ങും..

ഒരാന്നോരോന്നായി പത്തിരിച്ചട്ടിയില് ചുട്ടെടുക്കും, കയ്മപ്പത്തിരി എന്നാണ് അതിന്റെ പേര്..

പത്തിരി പരത്തുന്ന പ്രസ് വന്നിട്ടും ആറും ഏഴും പത്തിരികൾ ഒരുമിച്ച് ചുടുന്ന ചട്ടികൾ വന്നിട്ടും ഞങ്ങളുടെ വീട്ടില് അസറിന് തുടങ്ങുന്ന ആ ഒച്ചയ്ക്ക് മാത്രം ഒരു മാറ്റവും വന്നില്ല..

പത്തിരിയുടെ കൂടെ നേന്ത്രക്കായയും കുമ്പളങ്ങയും ഇട്ട ഇ റ ച്ചിക്കറിയും, പോ ത്തി ന്റെ കൂന്തളെല്ലും വാരിയെല്ലും ഇട്ട കപ്പ പുഴുക്കും, റവയും പാലും കൊണ്ടുണ്ടാക്കുന്ന തരി കാച്ചിയും കട്ടൻ ചായയും ആയിരുന്നു ആ കാലത്തെ റമദാൻ മാസത്തിൽ മുപ്പത് ദിവസവും, പൊരിക്കടികളോ ജ്യൂസോ ഒരിക്കൽ പോലും ഉണ്ടായിരുന്നില്ല..

എന്റെ കല്യാണം കഴിഞ്ഞപ്പോ ഞാൻ വീട്ടിലേക്ക് ആദ്യം വാങ്ങിയ പാത്രം ഇന്റാലിയത്തിന്റെ ഒരു പത്തിരി കല്ലായിരുന്നു..

യൂറ്റ്യൂബ് നോക്കിയും സുഹൃത്തുക്കളോട് ചോദിച്ചും ഓരോ ദിവസവും ഓരോ തരം പൊരിക്കടികളുണ്ടാക്കിയും ജ്യൂസ് പരീക്ഷിച്ചും മുപ്പത് ദിവസം കഴിയുമ്പോ ഫ്രിഡ്ജ് നിറയെ സമൂസ ഷീറ്റും മയോനൈസും ചീസും എസൻസുകളും ഉപയോഗിച്ചതിന്റെ ബാക്കി ഉണ്ടാവും..

കാലം നമ്മുടെ മുന്നിൽ ഇങ്ങനെ മാറുകയാണ്, സത്യത്തിൽ കാലം അല്ല നമ്മളാണ് മാറുന്നത്.

പുലർച്ചെ മൂന്ന് മുതൽ അടുപ്പത്ത് വിറക് വെച്ച്, ചൂട് ചോറും ചെരങ്ങാ കറിയും തക്കാളി താളിപ്പും മീൻ കറിയും പയർ ഉപ്പേരിയും മീൻ പൊരിച്ചതും കട്ടൻ ചായയും കഴിച്ച് ചെറുപഴത്തിൽ അവസാനിപ്പിക്കുന്ന അത്താഴം മുതൽ നോമ്പ് നോൽക്കാൻ ആരോഗ്യമില്ലാത്ത വയസ്സായവർക്കും കുഞ്ഞുങ്ങൾക്കുമുള്ള പകൽ ഭക്ഷണങ്ങളും, പത്തിരിയും കോഴിക്കറിയും, പൊരിച്ചതും കരിച്ചതും വിവിധ തരം ജ്യൂസുകളും പാൽ ചായയും നിറഞ്ഞ  നോമ്പ് തുറകളും ജീരക കഞ്ഞിയും ചേമ്പും താളും കിഴങ്ങും ഇട്ട് ഉണ്ടാക്കുന്ന കൂട്ടാനും ഉള്ള മുത്താഴവും വരെ അടുപ്പിന്റെ ചൂടും പുകയുമേറ്റ് ജീവിച്ച പെൺ ജീവിതങ്ങൾ ഇവിടെയുണ്ടായിരുന്നു, ഒരു പക്ഷേ ഇന്നും ഉണ്ടാവാം. അവർക്ക് റമദാൻ പ്രാർത്ഥനയുടേത് ആയിരുന്നില്ല, ദുരിതങ്ങളുടേത് തന്നെയായിരുന്നു.

ഇന്ന്, നോമ്പ് എന്നത് അടുക്കള ജീവികൾക്ക് ആശ്വാസം ആണ്, കൂട്ട് കുടുംബ വ്യവസ്ഥിതിയിൽ നിന്ന് അണുകുടുംബങ്ങളിലേക്ക് മാറുമ്പോൾ പ്രത്യേകിച്ചും. ഒറ്റ നേരത്തെ ഭക്ഷണം കൊണ്ട് തന്നെ നോമ്പ് തുറയും അത്താഴവും ഒരുക്കാം, പുണ്യമാസത്തിൽ ആരാധനകളിലും പ്രാർത്ഥനകളിലും മുഴുകാം. ഭർത്താവിനും മക്കൾക്കും ഒപ്പം കൂടുതൽ ക്വാളിറ്റി സമയം ചിലവഴിക്കാം. ഒരുമിച്ച്, ആരോഗ്യകരമായ ഭക്ഷണം പാകം ചെയ്യാം..

ജീവിതം എന്നത് മറ്റു മാസങ്ങളെക്കാൾ കുറച്ച് കൂടി നിറം പകരുന്നുണ്ട്. ചിലപ്പോഴൊക്കെയും വർഷം മുഴുവൻ നോമ്പ് ആയിരുന്നെങ്കിൽ എന്ന് പോലും ആഗ്രഹിച്ച് പോകും..

കുടുംബം എന്നത് കണ്ണിന് കുളിർമ്മയാണ്, ജീവിതത്തിലെ സന്തോഷമാണ്. വിശപ്പിന്റെയും ദാഹത്തിന്റെയും വിലയറിയുന്ന പുണ്യമാസത്തിൽ കരി പുരളാത്ത ജീവിതങ്ങൾ ഉണ്ടാവട്ടെ..

‘അല്ലാഹു നിങ്ങളുടെ ജീവിതം ക്ലേശകരമാക്കാനുദ്ദേശിക്കുന്നില്ല. അവന്‍ നിങ്ങളെ ശുദ്ധീകരിക്കുവാനും അവന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരുവാനുമാണ് ഉദ്ദേശിക്കുന്നത്.’ (വി. ഖുർആൻ)

Shabna Shamsu ❤️