കാലംതെറ്റിയ വർഷം…
എഴുത്ത്: ഭാവനാ ബാബു
===================
ഇന്ന് 11.30 നാണ് സ്നേഹമോളുടെ വിവാഹ മുഹൂർത്തം… രാജീവേട്ടൻ ഇരുപ്പുറയ്ക്കാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷം ആ മുഖത്ത് പതിവില്ലാത്ത സന്തോഷവും, ഒപ്പം ചെറിയ ആശങ്കയുമൊക്കെയുണ്ട്….
“എന്തിനാ ഏട്ടാ ഇങ്ങനെ പരിഭ്രമിക്കുന്നത് ഒക്കെ നമ്മൾ വിചാരിച്ചത് പോലെ നന്നായി നടക്കും “എന്നെനിക്ക് ഏട്ടനോട് പറയണമെന്നുണ്ട്…. പക്ഷെ അതിനുള്ള അവകാശം എന്നോ നഷ്ടപ്പെട്ടു പോയില്ലേ?ഓരോന്ന് ആലോചിച്ചു നെഞ്ചകമൊന്നു വിങ്ങിയതും “എന്ത് പറ്റി അമ്മേ “എന്നും ചോദിച്ചു മേഘന മോൾ വന്നു….
“എന്റെ അമ്മൂസ് ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ “
എന്നെ ആകെയൊന്ന് കണ്ണോടിച്ചാണ് അവളുടെ ചോദ്യം….
“എന്റെ പൊന്നേ, നീയിങ്ങനെ എന്നെ പുന്നാരിച്ചു കൊണ്ട് നിൽക്കാതെ, സ്നേഹ ഒരുങ്ങിയോന്ന് നോക്കിയിട്ട് വാ…. മുഹൂർത്തതിന് സമയമായി…. ഇനീം വൈകിയാൽ അച്ഛൻ ദേഷ്യം പിടിക്കും കേട്ടല്ലോ”
“ഈ അമ്മേടെ ഒരു കാര്യം,ഒരു മിനിറ്റ് വെറുതെ ഇരിക്കാൻ സമ്മതിക്കില്ല…. അതിപ്പോ അച്ഛനും അമ്മയും രണ്ടും കണക്കാ “
ഞാൻ പറഞ്ഞത് അത്ര ബോധിക്കാതെ മേഘന ദേഷ്യം പിടിച്ചു ചവിട്ടി തുള്ളി സ്നേഹയുടെ അടുത്തേക്ക് പോയി
“വിജിതേ, സ്നേഹയുടെ കല്യാണം കഴിഞ്ഞാൽ അടുത്തത് മേഘനയുടെ ഊഴമാണല്ലോ, അവൾക്ക് വല്ല നല്ല ആലോചനകളും വരുന്നുണ്ടോ “?
പിന്നിൽ നിന്നും കുഞ്ഞമ്മയുടെ ചോദ്യം കേട്ടതും, ഞാനാകെ വല്ലാതെയായി….
“അവൾ ഡിഗ്രിക്ക് ചേർന്നതല്ലേയുള്ളു, ജോലിയൊക്കെ കിട്ടിയിട്ട് പതുക്കെ നോക്കിയാൽ മതിയെന്നാണ് ഏട്ടൻ പറയുന്നത് “
“അതും ശരിയാണ് വിജിതേ, ഇന്നിപ്പോ കുട്ടികൾ ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കുന്നത് തന്നെയാണ് വലിയ കാര്യം…”
കുഞമ്മയോട് ഞാൻ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും, വർഷങ്ങളായി എന്റെ ഉള്ളിലൊരു കടൽ ഇരമ്പുന്നത് ആരും അറിഞ്ഞിട്ടില്ലെന്നതാണ് സത്യം….
എന്താ അമ്മേ ചേച്ചിയെ പോലെ അച്ചനെന്നെ സ്നേഹിക്കാത്തത്? പലപ്പോഴും മേഘനയുടെ ചോദ്യമെന്നെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു….
“അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ, സ്നേഹയല്ലേ മൂത്ത മോൾ അതിന്റെ ഒരടുപ്പം , അച്ഛനുണ്ട് അത്രയേ ഉള്ളൂ… ഇനിയിപ്പോൾ ഇത്തിരി സ്നേഹം കുറഞ്ഞാൽ എന്താ, എന്റെ പൊന്നിനെ ജീവനോളം സ്നേഹിക്കാൻ ഈ അമ്മൂസ് ഇല്ലെടാ….. “
അറിയാതെ തുളുമ്പിയ മിഴികളെ അവളിൽ നിന്നും മറച്ചു പിടിച്ച് ഞാൻ ചോദിക്കും
“അച്ഛനെന്നോട് സ്നേഹം ഒക്കെയുണ്ട്, ചിലപ്പോൾ പ്രകടിപ്പിക്കാത്തതാകും അല്ലെ… പിന്നെ അമ്മൂസ് പറയുന്ന പോലെ എന്നെ ഇങ്ങനെ സ്നേഹിച്ചു കൊല്ലാൻ ഈ സാധനം ഉണ്ടല്ലോ “?
സ്നേഹ പഠിക്കാൻ മേഘനയുടെ അത്ര മിടുക്കിയല്ലായിരുന്നു…. എങ്കിലും അവൾ ഡിഗ്രി എങ്ങനെയൊക്കെയോ പാസ്സായി…. ഇനി അവളെ പഠിപ്പിച്ചിട്ടു കാര്യമില്ലെന്ന് രാജീവേട്ടന് തോന്നിയത് കൊണ്ടാകും നല്ലൊരാലോചന വന്നപ്പോൾ അവളുടെ കല്യാണം നടത്താമെന്ന് കരുതിയത്….
അങ്ങനെ മുഹൂർത്തമായി സ്നേഹയുടെ വിവാഹം കഴിഞ്ഞു അവൾ പോകാനൊരുങ്ങിയതും സങ്കടത്തോടെ ഞാൻ പൊട്ടിക്കരഞ്ഞു…. രാജീവേട്ടന്റെ കണ്ണുകളും ചെറുതായി കലങ്ങുന്നത് ഒരൽപ്പം മാറി നിന്ന് ഞാൻ നോക്കി നിന്നു. ഇനി മറ്റൊരു വീട് അതാണ് അവളുടെ ലോകം.
തിരികെ വീട്ടിലെത്തിയപ്പോൾ സ്നേഹമോൾ ഇല്ലാത്ത വീട് വളരെ ശൂന്യമായമായത് പോലെയെനിക്ക് തോന്നി.ഇനിയാണ് ഞാനും മോളും ശരിക്കും ഒറ്റപ്പെടാൻ തുടങ്ങുന്നത്.
വീട്ടുകാർ നിശ്ചയിച്ചു ഉറപ്പിച്ച വിവാഹമായിരുന്നു എന്റെയും രാജീവേട്ടന്റെയും. ഒരുപാട് സ്വപ്നങ്ങളും, പ്രതീക്ഷകളും മനസ്സിലേറ്റിയാണ് ഞാൻ മണിയറയിലേക്ക് വന്നത് …. എന്നാൽ അതെല്ലാം ഒറ്റ നിമിഷം കൊണ്ട് തകർന്ന് അടിയുന്ന തരത്തിലായിരുന്നു അദേഹത്തിന്റെ പെരുമാറ്റം
“വിജിതേ, പറയുന്നത് കൊണ്ട് തനിക്ക് വിഷമമൊന്നും തോന്നരുത്,സത്യത്തിൽ ഞാനിപ്പോൾ ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല…. കുറേ യാത്രകൾ ചെയ്യണം, ബന്ധങ്ങളുടെ കെട്ടുപാടുകൾ ഇല്ലാതെ ഇങ്ങനെ അലഞ്ഞു തിരിഞ്ഞ് കുറേ അനുഭവങ്ങൾ സ്വായത്തമാക്കണം…. പക്ഷെ ഞാൻ പറയുന്നതൊന്നും മനസ്സിലാക്കാതെ എന്റെ അമ്മാവൻ ഈ ബന്ധത്തിന് എന്നെ നിർബന്ധിച്ചു. ഒടുവിൽ മനസ്സില്ലാ മനസ്സോടെ തന്റെ കഴുത്തിലെനിക്ക് താലി ചാർത്തേണ്ടി വന്നു “.
അദ്ദേഹം പറഞ്ഞത് പൂർണ്ണമായും എനിക്ക് മനസ്സിലായില്ലെങ്കിലും, ഈ വിവാഹം അദേഹത്തിന്റെ സമ്മതത്തോടെയല്ല നടന്നതെന്ന് എനിക്ക് മനസ്സിലായി.അത് കൊണ്ടു തന്നെ അദ്ദേഹത്തെ കുറ്റപ്പെടുത്താനും എനിക്ക് തോന്നിയില്ല….
അങ്ങനെ മോഹങ്ങളും സ്വപ്നങ്ങളും നിറഞ്ഞ ഞങ്ങളുടെ ആദ്യ രാത്രി കട്ടിലിന്റെ രണ്ടറ്റത്ത് ഒതുങ്ങി അവസാനിച്ചു….
വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം കുടുംബത്തിന്റെ ഉത്തരവാദങ്ങളിലേക്ക് കടന്നു വന്നില്ല. കൂട്ടുകാരുമൊന്നിച്ചുള്ള യാത്രകളിലായിരുന്നു അദ്ദേഹമെന്നും സന്തോഷം കണ്ടെത്തിയത്. ചെറുപ്പത്തിൽ തന്നെ അനാഥനായത് കൊണ്ട് നിയന്ത്രിക്കുവാൻ ആരും ഇല്ലാത്തതിന്റെ സ്വാതന്ത്ര്യവും അതിനൊരു കാരണമായി.
ലഹരിയുടെ സ്വാദ് നുണഞ്ഞു പാതി അബോധാവസ്ഥയിൽ ആയപ്പോഴാണ് അയാളെന്നെ പ്രണയിക്കുവാൻ തുടങ്ങിയത്.മദ്യത്തിന്റെ രൂക്ഷ ഗന്ധം എന്നിൽ വെറുപ്പിന്റെ അലകൾ ഉണർത്തിയെങ്കിലും, എപ്പോഴൊക്കെയോ ഞാനും അയാളുടെ പ്രണയവും, കാമവുമൊക്കെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു….
യാത്ര കഴിഞ്ഞ് തിരികെയെത്തുന്ന ആ ദിവസം അദ്ദേഹത്തെയും നോക്കി ഞാൻ ഉറങ്ങാതെ കാത്തിരുന്നു..പാതിരാത്രിയിൽ ഉറക്കമിളിച്ചിരിക്കുന്ന എന്നെ കണ്ടതും അദ്ദേഹം വല്ലാതെ അതിശയപ്പെട്ടു….
“എന്താടോ, പതിവില്ലാത്ത ഓരോ ശീലങ്ങൾ “
“അതൊക്കെയുണ്ട്,ഇങ്ങോട്ട് വന്നേ… എന്റെ അടുത്തേക്കൊന്ന് ചേർന്ന് നിന്നേ…”
ഞാൻ വിളിച്ചതും അനുസരണയുള്ള കുട്ടിയെ പോലെ ഏട്ടൻ എന്റെ അടുക്കലേക്ക് വന്നു നിന്നു.
അന്ന് എന്തോ അദ്ദേഹം മദ്യപിച്ചിട്ടില്ലായിരുന്നു.. വിയർപ്പിന്റെ ഗന്ധം വമിക്കുന്ന ആ മാറോട് ഞാൻ ചേർന്നു നിന്നു…. എന്നിട്ട് അദേഹത്തിന്റെ വലതു കരം എന്റെ വയറിനോട് ഞാൻ ചേർത്തു വച്ചു….
“രാജീവേട്ടൻ ഒരച്ഛനാകാൻ പോകുന്നു ” വല്ലത്തൊരു നാണത്തോടെ ഞാനത് പറഞ്ഞതും, ഷോക്കേറ്റത് പോലെ അദ്ദേഹം കൈ വലിച്ചതും ഒരുമിച്ചായിരുന്നു …
അപ്പോഴാണ് ഞാനാ മുഖം ശ്രദ്ധിച്ചത്…. ഒട്ടും സന്തോഷം ഇല്ലാത്തത് പോലെ…. എന്തോ ഒരു ഭാരം ആ മനസ്സിലേക്ക് കയറ്റിയത് പോലെയാണ് എനിക്ക് തോന്നിയത്…..
“വിജിത, നമുക്കിടയിലേക്ക് ഇപ്പോഴൊരു കുഞ്ഞ്, അത് വേണ്ടായിരുന്നു “
അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടതും ഞാനാകെ നടുങ്ങിപ്പോയി….
ഒരു കുഞ്ഞിന്റെ വരവ് ഞങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ഞാൻ കരുതി…. അദ്ദേഹത്തെ അത് സന്തോഷിപ്പിക്കുമെന്ന് ഞാൻ വിശ്വസിച്ചു.….
“രാജീവേട്ടൻ എന്തൊക്കെയാണ് ഈ പറയുന്നത്,? ഈ കുഞ്ഞ് നമ്മുടെ പ്രണയത്തിന്റെ അംശമാണ്. . എങ്ങനെ തോന്നി ഏട്ടന് ഇങ്ങനെയൊക്കെ എന്നോട് പറയാൻ “?
സങ്കടം കൊണ്ട് ഞാൻ എങ്ങലടിച്ചു കരയാൻ തുടങ്ങി …. ആദ്യമായിട്ടാണ് ഏട്ടനെന്നെ വിഷമിച്ചു കാണുന്നത്. അതുകൊണ്ട് തന്നെ അത് അദ്ദേഹത്തിന് സഹിക്കാൻ കഴിഞ്ഞില്ല….
“വിജീ, എടോ താൻ ഇങ്ങനെ സങ്കടപ്പെടല്ലേ… വേഗം ആ കണ്ണൊക്കെ തുടച്ചേ… ആദ്യം കേട്ടപ്പോ എനിക്കെന്തോ അതുമായിട്ട് അഡ്ജസ്റ്റ് ചെയ്യാൻ പറ്റിയില്ല…. ഇപ്പോൾ ഞാൻ ഒക്കെയാടോ…”
പതുക്കെ പതുക്കെ അദ്ദേഹത്തിൽ മാറ്റങ്ങൾ കാണാൻ തുടങ്ങി…യാത്രകളൊക്കെ കുറച്ച് മുഴുവൻ നേരവും അദ്ദേഹമെന്റെയൊപ്പം ഇരിക്കാൻ തുടങ്ങി. ഗർഭത്തിന്റെ ആലസ്യവും, അതിന്റെ പ്രശ്നങ്ങളും ഒക്കെ അദ്ദേഹം നിശബ്ദം സഹിച്ചു….
ഒൻപത് മാസം പൂർത്തിയാക്കിയതും, ഞങ്ങൾക്കൊരു പെൺകുഞ്ഞ് ജനിച്ചു…മോൾക്ക് സ്നേഹ എന്ന് പേരിട്ടത് അദ്ദേഹമായിരുന്നു…. തുടർന്നുള്ള നാലഞ്ച് മാസങ്ങൾ വലിയ കുഴപ്പമില്ലാതെ കടന്നു പോയി… പിന്നെയാണ് ഓരോ കാര്യങ്ങൾക്ക് സാമ്പത്തികം ഒരു ബുദ്ധിമുട്ടായി വന്നത്…..ഞാനൊരു ജോലിക്ക് പോയിക്കോട്ടെ എന്ന് ചോദിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല… എന്നാൽ അദ്ദേഹം അതിന് ശ്രമിച്ചതുമില്ല…..
മോളുടെ ഒന്നാം പിറന്നാളിന് രണ്ട് ദിവസം ബാക്കി നിൽക്കെയാണ് ഒരു കത്തും എഴുതിവച്ചു അദ്ദേഹം എന്നെയും മോളെയും ഉപേക്ഷിച്ചു പോയത്.
“എന്നെ തിരയേണ്ട, ഇനി വരില്ല “ഇതായിരുന്നു അതിലെ വാചകം…..
ആ അവസ്ഥയിൽ എന്ത് ചെയ്യണം എന്നോർത്ത് എനിക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി…. ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വരുന്നത്…. പത്ത് ലക്ഷത്തോളം രൂപ ബാങ്കിൽ അടയ്ക്കാനുണ്ട്. ഒന്ന് രണ്ട് ലക്ഷം രൂപ നാട്ടിൽ വേറെയും കടങ്ങൾ.
ആരും സഹായത്തിനില്ലാതെ ഇരുട്ടിൽ പെട്ടത് പോലെയായി എന്റെ ജീവിതം.സ്വന്തം വീട്ടിലേക്ക് പോയാലോ എന്നോർത്തു പക്ഷെ അവിടെ ഇപ്പോൾ നാത്തൂന്റെ ഭരണമാണ്.. ആകെയുള്ള ഏട്ടൻ ഗൾഫിലും. അമ്മ ഒന്നും മിണ്ടാൻ പോലും കഴിയാത്ത അവസ്ഥയിലാണ്…..
ഒന്ന് രണ്ട് മാസങ്ങൾ കൊണ്ട് വീട് ജപ്തിയായി…. ആരോ ലേലത്തിന് എടുത്തത് കൊണ്ട് ലോൺ കഴിഞ്ഞിട്ട് നാല് ലക്ഷം രൂപ കൈയിൽ കിട്ടി… നാട്ടിലെ കടം വീട്ടി ബാക്കിയുള്ള രണ്ട് ലക്ഷത്തിന് അമ്മയുടെ വീടിനടുത്തു ചെറിയൊരു വീട് ഒറ്റിക്കെടുത്തു….
കുറേ അലഞ്ഞു തിരിഞ്ഞ് ഒടുവിൽ അടുത്തുള്ള കമ്പനിയിൽ ചെറിയൊരു ജോലി കിട്ടി…. തെറ്റില്ലാത്ത ശമ്പളം ഉള്ളത് കൊണ്ട് മോളെ ഡേ കെയറിൽ ആക്കി…. രാവിലെ ജോലിക്ക് പോയി തിരികെ മോളുടെ അടുത്ത് എത്തും വരെ നെഞ്ചിനുള്ളിൽ വെപ്രാളമാണ്…..
ഭർത്താവ് ഉപേക്ഷിച്ചു കൈക്കുഞ്ഞുമായി ഒറ്റക്ക് ജീവിക്കുന്ന സുന്ദരിയായൊരു യുവതി… സമൂഹത്തിന്റെ ഓരോ നോട്ടത്തിന്റെയും അർത്ഥം ഞാൻ അറിയുന്നുണ്ടായിരുന്നു…. രാത്രി ഒറ്റക്ക് കിടക്കുന്ന എന്റെയൊപ്പം രാഗിണി ചേച്ചിയെ കൂട്ട് കിടത്തിയത് അമ്മയായിരുന്നു…. എന്നെ പോലെ തന്നെ ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയായിരുന്നു ചേച്ചിയും…. കുട്ടികൾ ഇല്ലെന്ന വ്യത്യാസം മാത്രം…..
ടെയിലറിങ്ങിന്റെ ഒരു ചെറിയ യൂണിറ്റിലായിരുന്നു ഞാൻ ജോലി ചെയ്തിരുന്നത് . സ്റ്റിച്ചിങ്ങും, പാക്കിങ്ങുമൊക്കെ ആദ്യമെനിക്ക് കുറച്ചു കഷ്ടം പിടിച്ച പണി തന്നെയായിരുന്നു…. അതിലൊക്കെ എന്നെ സഹായിച്ചത് ദാസ് എന്ന യൂണിറ്റ് ഹെഡ് ആയിരുന്നു….. കൂട്ടത്തിൽ കുറച്ചു വ്യത്യസ്തൻ എന്നെനിക്ക് തോന്നിയത് കൊണ്ടാകും ദാസും ഞാനും വേഗം കൂട്ടായത്.
നാല് വർഷം കഴിഞ്ഞിട്ടും രാജീവേട്ടനെ കുറിച്ച് ഒരു അറിവുമില്ല….. ഒരു കത്തെങ്കിലും പ്രതീക്ഷിച്ചിരുന്ന എനിക്ക് നിരാശയായിരുന്നു ഫലം.സ്നേഹ മോൾ സ്കൂളിൽ പോകാൻ തുടങ്ങി. നാത്തൂന്റെ ഇഷ്‌ട്ടക്കേടൊക്കെ അവഗണിച്ചു അമ്മ മോളുടെ കാര്യങ്ങളൊക്കെ കുറച്ചു ശ്രദ്ധിക്കാൻ തുടങ്ങി അതെനിക്ക് ശരിക്കുമൊ രാശ്വാസമായി….
ദിവസങ്ങൾ കഴിയുന്തോറും ഞാനും ദാസനും കൂടുതൽ അടുത്തു കൊണ്ടിരുന്നു. ജീവിതത്തിൽ പല പ്രതിസന്ധിയിലും എന്റെ ഒപ്പം നിന്നത് കൊണ്ടാകും, മനസ്സിന്റെ വിലക്ക് അവഗണിച്ചു ഞാൻ ദാസനെ സ്നേഹിച്ചു തുടങ്ങിയത്.
ഒരു പാർട്ടി മീറ്റിങ്ങിനു പോകണമെന്ന് പറഞ്ഞു രാഗിണി ചേച്ചി വരാത്ത ദിവസം രാത്രിയായതോടെ മോൾ വല്ലാതെ പനിയ്ക്കാൻ തുടങ്ങി … പുറത്ത് ഇടിമിന്നലോടു കൂടിയ കോരിച്ചൊഴിയുന്ന മഴയും. അമ്മയെ വിളിച്ചിട്ടും കാര്യമില്ലെന്നെനിക്ക് തോന്നി. അങ്ങനെയാണ് ഞാൻ സഹായത്തിന് ദാസനെ വിളിച്ചത്. ദാസ് കാറുമായി വന്ന് എന്നെയും, മോളെയും കൊണ്ട് സ്പീഡിൽ ഹോസ്പിറ്റലിലേക്ക് പോയി.
അഞ്ച് മണിക്കൂർ ഒബ്സെർവേഷനിൽ വച്ചപ്പോഴാണ് മോളുടെ പനി കുറഞ്ഞത്…. ഇനി പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞു ഹോസ്പിറ്റലിൽ നിന്ന് മോളെ ഡിസ്ചാർജ് ചെയ്തു…. ആ നേരമത്രയും ദാസ് ഉറങ്ങാതെ ഒരു അനിഷ്ടവും പ്രകടിപ്പിക്കാതെ എനിക്കൊപ്പം കാവലിരുന്നു
രണ്ട് മണിയായപ്പോഴാണ് മോളെയും കൊണ്ട് ഞങ്ങൾ തിരികെ വീട്ടിലെത്തിയത്. ദാസിനോടുള്ള സ്നേഹവും കടപ്പാടും എങ്ങനെയാണ് വീട്ടേണ്ടതെന്നോർത്ത് ഞാൻ വല്ലാത്തൊരവസ്ഥയിലായിരുന്നു. എന്റെ ഉള്ളം അറിഞ്ഞത് കൊണ്ടാകും മനസ്സു നിറഞ്ഞൊരു ചിരിയും നൽകി അദ്ദേഹം ഒന്നും മിണ്ടാതെ പോയത്.
പനി മാറിയെങ്കിലും രണ്ട് ദിവസത്തേക്ക് ഞാൻ മോളെ സ്കൂളിൽ വിട്ടില്ല . അത് കൊണ്ട് ഞാനും ലീവ് എടുത്ത് അവൾക്കൊപ്പം നിന്നു. അന്ന് അമ്മ വീട്ടിലേക്ക് വന്നപ്പോൾ മോളെയും ഒപ്പം കൊണ്ട് പോയി. അവൾക്കും അമ്മയ്ക്കും അതൊരു സന്തോഷമായിക്കോട്ടെയെന്ന് ഞാനും കരുതി.
ജോലിയൊക്കെ കഴിഞ്ഞ് വെറുതെ ഇരുന്നപ്പോഴാണ് ദാസിന്റെ കോൾ വന്നത്. ഓണം ആയത് കൊണ്ട് കുറച്ചു സ്റ്റിച്ചിങ് വർക്ക് പെന്റിങ് ഉണ്ടെന്നും, ഓർഡർ കംപ്ലീറ്റ് ചെയ്തു കൊടുത്തില്ലെങ്കിൽ പ്രോബ്ലം ആകുമെന്നും ദാസ് പറഞ്ഞപ്പോൾ മെറ്റീ രിയലും കൊണ്ട് വീട്ടിലേക്ക് വരാൻ ഞാൻ പറഞ്ഞു. സമയം ആറര കഴിഞ്ഞിരിക്കുന്നു. ഹൈ സ്പീഡ് മെഷീൻ ഉള്ളത് കൊണ്ട് നേരം പുലരുമ്പോഴേക്കും വർക്ക് തീരും. രാഗിണി ചേച്ചി നാട്ടിൽ പോയത് കൊണ്ട് അവരിന്ന് വരില്ല.
രണ്ട് വലിയ കാർട്ടൺ നിറയെ ഡ്രസ്സ് മെറ്റീരിയലുമായി വന്ന ദാസിനെ കണ്ടപ്പോൾ ശരിക്കും ഞാൻ കണ്ണും മിഴിച്ചിരുന്നു പോയി… “ഇത് ഞാൻ വിചാരിച്ചതിനേക്കാൾ കൂടുതൽ ഉണ്ടല്ലോ? “
ആശങ്കയോടെ ഞാൻ പറഞ്ഞു.
“താൻ ഇങ്ങനെ ചുമ്മാ ടെൻഷൻ അടിക്കാതെടോ, നമുക്ക് മാറിയും തിരിഞ്ഞും സ്റ്റിച്ച് ചെയ്തെടുക്കാം “
“അപ്പോൾ ദാസ് ഇന്ന് വീട്ടിൽ പോകുന്നില്ലേ?”
അമ്പരപ്പോടെ ഞാൻ ചോദിച്ചു.
“ഇത് തീരുന്നത് വരെ ഞാനിവിടെ ഇരിക്കും. തനിക്ക് ബുദ്ധിമുട്ടൊന്നുമില്ലല്ലോ അല്ലെ “?
“എനിക്കെന്ത് ബുദ്ധിമുട്ട് ദാസ്… നമുക്ക് വർക്ക് തീർക്കണം അത്രയല്ലേ ഉള്ളൂ “
ഒരു മിനിറ്റ് പോലും പാഴാക്കാതെ ഞങ്ങൾ ജോലി തുടങ്ങി. ഞാൻ ക്ഷീണിച്ചു എന്നു തോന്നുമ്പോൾ ദാസ് സ്റ്റിച്ച് ചെയ്യും. ഇടക്ക് കട്ടൻ കാപ്പിയും സ്നാക്കുമൊക്കെ വിളമ്പി ഞങ്ങൾ ഞങ്ങളുടെ ഉറക്കവും ക്ഷീണവുമൊക്കെ അകറ്റി നിർത്തി. പുലർച്ചെ അഞ്ചു മണിയോടെ സ്റ്റിച്ചിങ് കംപ്ലീറ്റ് ചെയ്തു. .
“താങ്ക്സ് വിജീ, താനിങ്ങനെ ഉറക്കമിളച്ചു പണി എടുത്തത് കൊണ്ടാണ് ഓർഡർ കംപ്ലീറ്റ് ചെയ്യാൻ പറ്റിയത്.”
“എന്താ ദാസ് ഇങ്ങനെയൊക്കെ പറയുന്നത്.. ദാസ് എനിക്ക് ചെയ്തുതന്ന സഹായത്തിന്റെ കണക്ക് നോക്കുമ്പോൾ ഇതൊക്കെ വെറും നിസ്സാരമല്ലേ .”
മോൾക്ക് പനി വന്ന ആ രാത്രി ഓർത്തതും എനിക്കെന്തോ അയാളോട് വല്ലാത്ത സ്നേഹം തോന്നി.
എന്താ വിജീ ആലോചിക്കുന്നത് എന്നും ചോദിച്ചു അദ്ദേഹമെന്റെ ചുമലിൽ കൈ വച്ചു. ആ കണ്ണുകളിൽ അപ്പോൾ മറ്റെന്തോ ഭാവമായിരുന്നു…..
ദാസ്…. എന്ന് വിളിച്ചതും, അദ്ദേഹമെന്നെ നെഞ്ചോട് ചേർത്തു നിർത്തി…എന്റെ എതിർപ്പിനെ അവഗണിച്ചു അയാളെന്റെ മുഖത്തും ചുണ്ടിലും കഴുത്തിലും തുരുതുരാ ഉമ്മ വയ്ക്കാൻ തുടങ്ങി. ഇത് തെറ്റാണ് ദാസ് എന്ന എന്റെ വാക്കുകൾ അയാളിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല നിർബന്ധപൂർവം അയാളെന്നെ കട്ടിലിലേക്ക് വലിച്ചിട്ടു. കടപ്പാടിന്റെയും, സ്നേഹത്തിന്റെയും ഏതോ ഒരു നിമിഷത്തിന്റെ ഓളത്തിൽ ഞാനും ദാസിന്റെ ആഗ്രഹത്തിന് വഴങ്ങി കൊടുത്തു.
എല്ലാം കഴിഞ്ഞപ്പോൾ ഞാൻ വല്ലാതെ ഭയപ്പെട്ടു. ചെയ്ത തെറ്റിന്റെ അഴമോർത്തപ്പോൾ ഞാനാകെ നടുങ്ങിത്ത രിച്ചു,……..
“എന്താ വിജീ. ഓരോന്നോർത്ത് താനിങ്ങനെ ടെൻഷനടിക്കല്ലേ തനിക്ക് ഞാനില്ലേ”? ദാസന്റെ വാക്കുകൾ അപ്പോളെനിക്ക് കരുത്താവുകയായിരുന്നു.
പതിവില്ലാതെ പീരിയഡ്‌സ് വരാൻ വൈകിയപ്പോഴാണ് ഒളിച്ചും പാത്തും ഞാനൊരു പ്രെഗ്നൻസി കിറ്റ് വാങ്ങിയത്. അതിലെ ചുവന്ന രണ്ട് വരകൾ കണ്ടതും എന്റെ സമനിലയാകെ തെറ്റി…. ഞാൻ ദാസിന്റെ കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നു. അയാൾ എന്നെ കൈവിട്ടാൽ എന്റെ അവസ്ഥ എന്താകും എന്നോർത്ത് എനിക്ക് ആകെ ഇരിക്കപ്പൊറുതി ഇല്ലാതെയായി
അന്ന് ഹാഫ് ഡേ ലീവെടുത്ത് ഞാൻ ദാസിനെ വീട്ടിലേക്ക് വിളിപ്പിച്ചു. ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ അയാളിൽ പ്രത്യേകിച്ച് ഭാവ മാറ്റമൊന്നും ഉണ്ടായില്ല. അമ്മയോട് സംസാരിച്ചു വേഗം കല്യാണത്തിനുള്ള മുഹൂർത്തം കുറിക്കാമെന്ന് പറഞ്ഞപ്പോൾ എനിക്ക് സമാധാനമായി. സ്നേഹമോളെ അമ്മ അംഗീകരിക്കുമോ എന്ന് ചോദിച്ചപ്പോൾ ദാസ് ഒന്നും മിണ്ടിയില്ല. ആ മൗനം എനിക്കെന്തോ അത്ര പന്തിയായി തോന്നിയില്ല….
രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ദാസെന്നെ കാണാൻ വന്നത്. അമ്മയ്ക്ക് എന്നെ മരുമകൾ ആക്കുന്നതിന് എതിർപ്പൊന്നുമില്ല. പക്ഷെ മോളെ വീട്ടിൽ കൊണ്ട് വരാൻ പാടില്ല…. ദാസ് ഒട്ടും സങ്കോചമില്ലാതെയാണ് അതെന്നോട് പറഞ്ഞത്
“സ്നേഹ മോളെ പിന്നെ ഞാനെന്ത് ചെയ്യും ദാസ് …. അവൾക്ക് ഒരു അച്ഛന്റെ സ്നേഹം കൂടി കൊതിച്ചാണ് ഞാൻ ദാസിനെ സ്വന്തമാക്കാൻ ആഗ്രഹിച്ചത് ” “
“വിജീ, എനിക്ക് അമ്മയെ സങ്കടപ്പെടുത്താൻ പറ്റില്ല…. തല്ക്കാലം ഇയാൾ മോളെ തന്റെ അമ്മയുടെ അടുത്ത് നിർത്ത്… കുറച്ചു ദിവസം കഴിയുമ്പോൾ അമ്മയെ പറഞ്ഞു സമ്മതിപ്പിച്ചു നമ്മുക്ക് മോളെ നമ്മുടെ വീട്ടിലേക്ക് കൊണ്ട് വരാം “
“അമ്മ സമ്മതിച്ചില്ലെങ്കിൽ എന്റെ മകൾ ഒരു അനാഥയെ പോലെ എവിടെയെങ്കിലും നിൽക്കണമെന്ന് അല്ലെ????. പറ്റില്ല ദാസ്, സ്നേഹമോൾ ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് എനിക്കോർക്കാൻ കൂടി വയ്യ”
ഞാൻ പറയുന്നതൊക്കെ ദാസ് ശാന്തമായി മറുത്തൊരാക്ഷരം പറയാതെ കേട്ടു കൊണ്ട് നിന്നു “
“വിജീ, ഇതാണ് തന്റെ തീരുമാനമെങ്കിൽ തനിക്ക് എന്നെ മറക്കേണ്ടി വരും…നമുക്കൊരുമിച്ചൊരു ജീവിതം,അത് നടക്കില്ല .”
ഞാൻ പ്രതീക്ഷിച്ചത് തന്നെയാണ് ദാസ് പറഞ്ഞത്.എന്നെ ഒറ്റക്കാക്കി നടന്നു പോകുന്ന അയാളെ പിടിച്ചു നിർത്താൻ എനിക്കെന്തോ അപ്പോൾ തോന്നിയില്ല.
ഒന്ന് രണ്ട് ദിവസം ഞാൻ കമ്പനിയിലേക്ക് പോകാതെ വീട്ടിൽ തന്നെ നിന്നു.. ദാസിനെ കാണുമ്പോൾ ചിലപ്പോൾ ഞാനെന്റെ നിയന്ത്രണം നഷ്ടപ്പെട്ടു വല്ലതും വിളിച്ചു പറഞ്ഞു പോകും .
ദിവസങ്ങൾ കഴിയുന്തോറും ഉള്ളിലൊരു ജീവൻ വളരുന്നുണ്ടെന്ന ചിന്ത എന്നെ അലട്ടി കൊണ്ടിരുന്നു. ഒരു അ-ബോർഷനെ കുറിച്ച് ഓർക്കാൻ തന്നെ എനിക്ക് ഭയമാണ് . അതിനേക്കാൾ ഭേദം ആ-ത്മഹ-ത്യയാണെന്നെനിക്ക് തോന്നി. സ്നേഹമോളെയും ഒപ്പം കൂട്ടണം.അവളെ ഒറ്റക്കാക്കി പോകാൻ എനിക്ക് തോന്നിയില്ല.
സ്കൂൾ വിട്ട് മോളെയും കൊണ്ട് വീട്ടിലേക്ക് വരുമ്പോൾ ഒരു ബോക്സ് ഐസ് ക്രീം മറക്കാതെ വാങ്ങി . രാത്രി ഫുഡ് കഴിച്ചിട്ട് ഐസ്ക്രീമിൽ വി-ഷം ചേർത്ത് അവൾക്കും കൊടുത്ത് ഞാനും കഴിക്കും . അതോടെ മൂന്നു ജീവനുകൾ ഈ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകും. അതായിരുന്നു എന്റെ പ്ലാൻ.
രാത്രി മോൾക്ക് ഇഷ്ടപ്പെട്ടതൊക്കെയാണ് ഞാൻ വച്ചുണ്ടാക്കിയത്. കൊതിയോടെ അവൾ കഴിച്ചു തീർക്കുന്നത് നിറ മിഴികളോടെ ഞാൻ നോക്കി നിന്നു .കുറച്ചു നേരം ഞാൻ അവളെയും കെട്ടിപ്പിടിച്ചു കിടന്നു…. ഈ അമ്മയോട് പൊറുക്കണേ മോളെ എന്ന് ഒരായിരം വട്ടം എന്റെ മനസ്സ് നിശബ്ദം പറഞ്ഞു കൊണ്ടിരുന്നു.
ജീവിതത്തിലെ ഒരു ഘട്ടത്തിലും ആ*-ത്മഹത്യ ചെയ്യണമെന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷെ ഇതിപ്പോൾ അനിവാര്യമായിരിക്കുന്നു. ഓരോന്ന് ഓർത്ത് മരിക്കാൻ ഉറപ്പിച്ചു ഞാൻ ഫ്രിഡ്ജിൽ നിന്നും ഐസ് ക്രീം എടുത്ത് ഒരു ബൗളിലാക്കി….അപ്പോഴാണ് കോളിങ് ബെൽ മുഴങ്ങിയത്. രാഗിണി ചേച്ചിയോട് ഞാനിന്ന് വരേണ്ടെന്ന് പറഞ്ഞതാണ്. പിന്നെ ഇതാരാണെന്ന് ഓർത്ത് ഡോർ തുറന്നതും. പുറത്ത് നിന്ന ആളെ കണ്ട് ഞാൻ ഞെട്ടി “രാജീവേട്ടൻ”…….,………….
എന്നെ കണ്ടതും സന്തോഷത്തോടെ ഏട്ടനെന്നെ കെട്ടിപ്പിടിച്ചു….. “എന്നോട് ക്ഷമിക്ക് വിജീ. എന്റെ തെറ്റുകൾ മനസ്സിലാക്കി ഞാൻ തിരിച്ചു വന്നിരിക്കുന്നു. കഴിഞ്ഞതൊക്കെ മറന്ന് നമുക്ക് സന്തോഷത്തോടെ ജീവിക്കാം. എവിടെ നമ്മുടെ സ്നേഹ മോൾ “എന്നും ചോദിച്ചു അദ്ദേഹം വീടിനുള്ളിലേക്ക് ധൃതിയിൽ നടന്നു.
ചിരിക്കണോ കരയണോ അതായിരുന്നു അപ്പോഴത്തെ എന്റെ അവസ്ഥ. ഐസ്ക്രീം കഴിച്ചു ഉറക്കക്ഷീണം കൊണ്ട് പാതി മയക്കത്തിലായ സ്നേഹയെ അദ്ദേഹം വിളിച്ചുണർത്തി…..അച്ഛനാണ് മോളെ എന്നു പറഞ്ഞു കെട്ടിപ്പിടിച്ചതും. ഒരു അപരിചിതനെ പോലെ അവൾ കുതറി മാറി എന്റെ അടുക്കലേക്ക് ഓടി വന്നു.
“ഏട്ടനെ മോൾക്ക് പരിചയം ഇല്ലല്ലോ”. സ്നേഹ മോളുടെ അകൽച്ച അദ്ദേഹത്തെ നൊമ്പരപ്പെടുത്താതിരിക്കാനാണ് ഞാനത് പറഞ്ഞത്.
“വിജീ, നാളെത്തന്നെ നമുക്ക് ഇവിടുന്ന് പോണം. എന്റെ അമ്മയുടെ നാട്ടിൽ ഞാനൊരു ചെറിയ വീട് വാങ്ങി. കുറച്ചു പൈസ കൈയിൽ ഉണ്ട്. അത് വച്ചിട്ട് എന്തേലും ബിസിനസ് ചെയ്തു നമുക്ക് ജീവിക്കാം “
“രാജീവേട്ടൻ സ്നേഹ മോളെയും കൊണ്ട് പൊയ്ക്കോ…എനിക്ക് വരാൻ പറ്റില്ല.”
എന്ത് ഭ്രാന്താണ് വിജീ നീ പറയുന്നത്. എനിക്കൊരു തെറ്റ് പറ്റി. അതിന് നീയെന്നെ ഇങ്ങനെയും ശിക്ഷിക്കരുതേ.”
“തെറ്റ് ചെയ്തതും ശിക്ഷയ്ക്ക് അർഹയായതും ഞാൻ മാത്രമാണ് ഏട്ടാ…. ഒരു പക്ഷേ മാപ്പർഹിക്കാത്ത തെറ്റ്.”
“വിജീ, നീയോരോന്ന് ഇരുന്ന് പുലമ്പാതെ നേരെ ചൊവ്വേ കാര്യമെന്താണെന്ന് പറയ് “
അഞ്ച് വർഷത്തിനിടയിൽ നടന്നതൊക്കെയും, ഒടുവിൽ ദാസിൽ നിന്ന് ഗർഭിണിയായത് വരെയുള്ള കാര്യങ്ങൾ മറയില്ലാതെ തന്നെ ഞാനദ്ദേഹത്തോട് പറഞ്ഞു
മറ്റൊരു പുരുഷനിൽ നിന്നും സ്വന്തം ഭാര്യ ഗർഭിണിയാവുക അത് പൊറുക്കാൻ പറ്റുന്ന തെറ്റല്ല….. അദ്ദേഹം വിധിക്കുന്ന ശിക്ഷ എന്താകും എന്നോർത്തു ഞാൻ മിണ്ടാതെ ഇരുന്നു. അപ്പോഴും മടിക്കുത്തിൽ ആരും കാണാതെ ഒളിപ്പിച്ചു വച്ച ഒരു കുപ്പി വിഷത്തിലായിരുന്നു എന്റെ പ്രതീക്ഷ മുഴുവൻ.
മണിക്കൂറുകളോളം എന്തോ ആലോചിച്ചു ഉറപ്പിച്ചാണ് അദ്ദേഹം മനസ്സിലുള്ളത് എന്നെ അറിയിച്ചത്
“അമ്മയില്ലാത്ത കുട്ടിയായി സ്നേഹയെ വളർത്താൻ എനിക്ക് കഴിയില്ല. സ്വന്തം ഭാര്യ വ-ഴിപിഴച്ചു പോയവൾ ആണെന്ന് സമൂഹം എന്നെ പഴിചാരുന്നതും എനിക്കിഷ്ടമല്ല. അത് കൊണ്ട് നിനക്കും നിന്റെ ജനിക്കാൻ പോകുന്ന കുഞ്ഞിനും എന്റെ വീട്ടിൽ കഴിയാം. ആ കുഞ്ഞിന് അച്ഛനെന്ന സ്ഥാനവും ഞാൻ നൽകാം. പക്ഷെ മനസ്സുകൊണ്ട് ആ കുഞ്ഞിനെയോ നിന്നെയോ സ്നേഹിക്കാനെന്നെ നിർബന്ധിക്കരുത്.”
അദേഹത്തിന്റെ ഏത് വ്യവസ്ഥയും അംഗീകരിക്കാൻ അപ്പോൾ ഞാൻ തയ്യാറായിരുന്നു. സമൂഹത്തിന് മുൻപിൽ ചൂണ്ടി കാണിക്കാൻ എന്റെ കുഞ്ഞിനൊരച്ഛൻ വേണമായിരുന്നു.
ജന്മം കൊണ്ട് അല്ലെങ്കിലും കർമ്മം കൊണ്ട് രാജീവേട്ടൻ മേഘനയുടെ അച്ഛനായി. മനസ്സിൽ സ്നേഹം ഒളിപ്പിച്ചു വച്ചു വേർതിരിവില്ലാതെ സ്നേഹമോൾക്കൊപ്പം മേഘനയും വളർന്നു…..
നേരം പന്ത്രണ്ടു മണിയായിരിക്കുന്നു.പുറത്ത് കാലം തെറ്റി നിർത്താതെ പെയ്യുന്ന മഴയും.അപ്പോഴാണ് രാജീവേട്ടന്റെ റൂമിൽ ലൈറ്റ് ഓൺ ആയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഞാൻ അദേഹത്തിന്റെ റൂമിലെത്തിയതും ഉറങ്ങാതെ അ സ്വസ്ഥമായി നടക്കുന്ന ഏട്ടനെയാണ് ഞാൻ കണ്ടത്.
ഏട്ടാ, എന്തു പറ്റി ഉറങ്ങുന്നില്ലേ “?
“ഉറക്കം വരുന്നില്ല വിജീ…..എത്രയോ വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹമെന്നെ പേരെടുത്തു വിളിക്കുന്നത്….
“മോളുറങ്ങിയോ വിജീ “.
“അവൾ എപ്പോഴേ ഉറങ്ങി ഏട്ടാ….
“സ്നേഹ പോയതോടെ ആകെയൊരു ഒറ്റപ്പെടൽ . അപ്പോഴാണ് ഞാൻ നിന്നെയും, മേഘന മോളെയും കുറിച്ചോർത്തത്. എന്റെ അഭാവത്തിൽ നീ ചെയ്തു പോയൊരു തെറ്റ്. അതെനിക്ക് മറക്കാനോ, പൊറുക്കാനോ കഴിഞ്ഞില്ലെന്നത് സത്യം തന്നെയാണ്. പക്ഷെ പുറത്തു പ്രകടിപ്പിച്ചില്ലെങ്കിലും മേഘനയോട് സ്നേഹയോടെന്ന പോലെ കരുതലും വാത്സല്യവും എനിക്കെപ്പോഴുമുണ്ട് .”
“അതെനിക്കറിയാം ഏട്ടാ… ആ മനസ്സും സ്നേഹവുമൊക്കെ ഞാൻ അറിയുന്നുണ്ടല്ലോ .”
“മോളുടെ കാര്യം ഓർത്ത് നീ വിഷമിക്കേണ്ട. അവൾ പഠിച്ചു ഒരു ജോലി നേടട്ടെ. എന്നിട്ട് നല്ലൊരു വീട്ടിൽ അവളെ വിവാഹം കഴിപ്പിച്ചു അയക്കാം …. കൊടുക്കാൻ കഴിയാതെ മനസ്സിലിട്ട് കൊണ്ടു നടന്ന സ്നേഹം ഇനി അവൾക്ക് ഇരട്ടി അളവിൽ കൊടുക്കണം.”
രാജീവേട്ടന്റെ വാക്കുകളെന്നെ വീർപ്പു മുട്ടിക്കുന്നുണ്ടായിരുന്നു….മോൾക്ക് കൊടുക്കുന്നതിന്റെ ഒരംശം സ്നേഹം എനിക്ക് കൂടി തരുമോ എന്നെനിക്കദേഹത്തിനോട് ചോദിക്കണമെന്നുണ്ടായിരുന്നു.പഴയ പോലെ ഒരിക്കൽ കൂടി അദ്ദേഹമെന്നെ ആ മാറോട് ചേർത്തു നിർത്തിയെങ്കിൽ എന്ന് ഞാൻ വെറുതെ കൊതിച്ചു. പക്ഷെ ചില മോഹങ്ങൾ വെറും സ്വപ്നങ്ങൾ മാത്രമാണെന്ന തിരിച്ചറിവിൽ മനസ് വിങ്ങി ഞാനെന്റെ റൂമിലേക്ക് തിരിഞ്ഞു നടന്നു.കാലം തെറ്റി പെയ്യുന്ന മഴയെ പോലെയായിരുന്നു അപ്പോളെന്റെ മനസ്സും.
✍ചെമ്പകം