എന്റെ ജനനത്തെ കുറിച്ച് ഇതുവരെ അമ്മ സൂക്ഷിച്ചിരുന്ന രഹസ്യം എനിക്കറിയണം. ഇത് വരെ അമ്മയോട് ഞാൻ ഒന്നും ചോദിച്ചിട്ടില്ല…

ആത്മാവിനൊരു തീർത്ഥാടനം…

Story written by Nisha Pillai

======================

“അമ്മായീ, വന്ദന ചേച്ചി നാളെ രാവിലെ എത്തുമെന്ന് ഫോൺ വന്നിരുന്നു.”

ഉണ്ണികൃഷ്ണൻ സുഭദ്ര അമ്മായിയുടെ കിടക്കയിൽ വന്നിരുന്നു.

അമ്മായി പൂർണമായും കിടപ്പിലായിട്ടു നാലഞ്ചു മാസമായി.ഒരു കാരണവശാലും ഏകമകളായ വന്ദന ഇതൊന്നുമറിയരുതെന്നായിരുന്നു അമ്മായിയുടെ ആഗ്രഹം.ഇപ്പോൾ സംസാരം മാത്രമായി അമ്മായിയ്ക്ക് പ്രിയകരം. ഭക്ഷണം കഴിക്കാൻ പോലും അമ്മായിക്ക് താല്പര്യമില്ല.വല്യേട്ടന്റെ ഇളയ മകൻ ഉണ്ണികൃഷ്ണൻ മാത്രമാണ് സുഭദ്രക്കിപ്പോൾ ഏക ആശ്വാസം,ആ വീട്ടിൽ അവന് മാത്രമാണ് കുറച്ച് മനുഷ്യപറ്റുള്ളത്.

“ഉണ്ണിക്കുട്ടാ ,എന്റെ കാര്യമൊന്നും അവളോട് പറയരുതെന്ന് നിന്നോട് പറഞ്ഞിട്ടില്ലേ ,അവൾക്കു അമ്മയും നാടും ഒന്നും വേണ്ടാതെ പോയതല്ലേ.ഇനി എനിക്കവളെ കാണേണ്ടതില്ല.ഈ കിടക്കയിൽ തീരും ഈ പാവപ്പെട്ടവളുടെ ഈ ജന്മം.”

അമ്മായിയുടെ നെറ്റിയിലും തലയിലും ഉണ്ണി തലോടി .അമ്മായിയുടെ ഏകമകൾ വന്ദന ഷിംലയിലെ ഒരു കോളേജിൽ അദ്ധ്യാപികയാണ്.അമ്മയെ കുടുംബ വീട്ടിൽ ആക്കിയിട്ടു വർഷങ്ങൾക്കു മുൻപ് ജോലി തേടി പോയതാണ് വന്ദന.

“എന്റമ്മായി ഞാൻ വന്ദന ചേച്ചിയോട് ഞാൻ ഒന്നും പറഞ്ഞതല്ല.ചേച്ചിയാണ് പറഞ്ഞത് ഉടൻ നാട്ടിലേയ്ക്ക് വരുന്നുണ്ടെന്ന്.ആത്മാവിന്റെ തീർത്ഥാടനക്കാലമാണിതെന്നൊക്കെ പറഞ്ഞു .എനിക്കൊന്നും മനസിലായില്ല അമ്മായി.എന്തായാലും ചേച്ചി വന്ന് പോകട്ടെ.”

അമ്മായിയുടെ ഓർമ്മകൾ പിറകോട്ടു പോയി.ആ കണ്ണുകൾ നിറഞ്ഞതു കണ്ട് ,അമ്മായിയെ തനിയെ മുറിയിൽ വിട്ടിട്ടു ഉണ്ണി പുറത്തേക്കിറക്കി.

“അമ്മേ,എനിക്കും അമ്പലത്തിൽ പോകണം,താലപ്പൊലി എടുക്കണം,ഞാൻ പൊയ്ക്കോട്ടേ അമ്മേ.”

സുഭദ്ര കുഞ്ഞ് വന്ദനയുടെ വായിൽ പൊത്തിപ്പിടിച്ചു.

“മിണ്ടാതിരിക്കൂ മോളെ ,വലിയമ്മാവൻ കേൾക്കും.അമ്മാവൻ കമ്മ്യൂണിസ്റ്റാണ്. ദൈവവും അമ്പലവുമൊന്നുമില്ല അമ്മാവന്.”

“എന്റെ സ്കൂളിലെ എല്ലാവരും പോകുന്നുണ്ട് ഉത്സവത്തിന് ,ഞാൻ മാത്രം ഈ തറവാട്ടിൽ ,കൂട്ടിലടച്ച കിളിയെ പോലെ .എനിക്കും പോകണമ്മേ.”

“എന്റെ മോളെ ,ഈ തറവാട്ടിലെ കുട്ടികൾ അങ്ങനെയൊന്നും പോകാൻ പാടില്ല.അമ്മാവൻ കേട്ടാൽ ,അമ്മയെയും മോളെയും ഈ വീട്ടിൽ നിന്ന് അടിച്ചിറക്കും.പിന്നെ നമ്മളെങ്ങോട്ടു പോകും.”

“അച്ഛന്റെ തറവാട്ടിലേക്ക് പോകാം.അവിടെ അമ്പലവും വെളിച്ചപ്പാടും എല്ലാമുണ്ടല്ലോ.അവിടെ എനിക്ക് എല്ലാത്തിനും അനുവാദമുണ്ടാകും.ഇവിടെ ഒന്നിനും പറ്റില്ലല്ലോ.ഉച്ചത്തിൽ ചിരിക്കാൻ പാടില്ല.കരയാൻ പാടില്ല.നമുക്കിവിടുന്നു പോകാം അമ്മേ ,ഈ നശിച്ച വീട്.”

“അമ്മായിമാർ കേൾക്കണ്ട,ഇന്ന് നിനക്ക് ഭക്ഷണം പോലും കിട്ടില്ല.”

“എന്തിനാ അമ്മ ഇവരെയൊക്കെ ഇങ്ങനെ പേടിക്കുന്നേ.വരൂ നമുക്ക് അച്ഛന്റെ തറവാട്ടിലേക്ക് പോകാം.ഞാൻ സ്കൂളിൽ പോകുന്ന വഴി അവരെയൊക്കെ കാണാറുണ്ട്.എല്ലാവരും പാവങ്ങളാണ് അവിടെ.തറവാടിന്റെ മുറ്റത്തു അച്ഛൻ മുടന്തി മുടന്തി നടക്കുന്ന കാണുമ്പോൾ എനിക്ക് സങ്കടം വരും.കൂട്ടുകാരൊക്കെ എന്നെ കളിയാക്കും,മുടന്തുണ്ട് നിന്റെ അച്ഛനെന്നും പറഞ്ഞ്.ഞാൻ ദൂരെ നിന്ന് അച്ഛനെ നോക്കി കൊണ്ട് നിൽക്കും.അമ്മാവനെ പേടിച്ചു അച്ഛാ എന്നൊന്ന് വിളിക്കാൻ പോലും എനിക്ക് പറ്റില്ലല്ലോ അമ്മേ.അമ്മ എഴുന്നേൽക്കൂ നമുക്ക് അവിടേയ്ക്ക് പോകാം.അവിടെയാരും നമ്മളെ ആട്ടി ഇറക്കില്ല,അമ്മയെ പട്ടിണിയ്ക്കിടില്ല,ആരും വന്ദന മോളെ തല്ലുകയും വഴക്കു പറയുകയും ചെയ്യില്ല.”

അവൾ അമ്മയുടെ കൈ പിടിച്ചു വലിച്ചു.അമ്മ അവളെ അടിയ്ക്കുകയും മിണ്ടാതെടീ എന്ന് ആംഗ്യം കാട്ടുകയും ചെയ്തു

“‘അമ്മ വരേണ്ട,വന്ദന പോകും ,അച്ഛന്റെ അടുത്തേയ്ക്കു ഞാൻ പോകും.”

അന്ന് വന്ദന കൊണ്ട അടിയ്ക്കൊരു കണക്കില്ല.അന്നവളെ അടിച്ചത് വല്യമ്മാവനും അമ്മായിയും ചേർന്നായിരുന്നു.ബാക്കിയുള്ളവർ നോക്കി നിന്നാസ്വദിച്ചു.കരഞ്ഞു കൊണ്ട് പിടിയ്ക്കാൻ ചെന്ന സുഭദ്രക്കും കിട്ടി അടി.അടികൊണ്ടു ദേഹം മുഴുവൻ പൊട്ടിയ വന്ദന കരഞ്ഞു കരഞ്ഞു തളർന്നു,മൂന്നുനാൾ ബോധം പോലുമില്ലാതെ പനി പിടിച്ചു കിടന്നു.പിന്നെ അവളെ കുറേനാൾ സ്കൂളിൽ വിട്ടില്ല.സുഭദ്ര വല്യേട്ടന്റെ കാല് പിടിച്ചു സമ്മതിപ്പിച്ചാണ് വീണ്ടും പഠിയ്ക്കാനുള്ള ഭാഗ്യം വന്ദനയ്ക്കു കിട്ടിയത്.

“എന്റെ പൊന്നു മോള് അമ്മയോട് ക്ഷമിക്കൂ.എന്റെ വിധിയാണിത്.മോള് പഠിച്ചു വലിയ നിലയിലായിട്ട് ഈ വീടും നാടും വിട്ടു പറന്നു പൊയ്ക്കോളൂ ,നിന്റെ ലോകത്തേയ്ക്ക്.അത് വരെ മോള് പിടിച്ചു നിൽക്കണം.ഇവിടെ കഴിയുന്ന കാലത്തോളം നമുക്കവരെ അനുസരിയ്ക്കേണ്ടി വരും കുട്ടീ.എന്റെ മോള് കുറച്ചു ക്ഷമ കാട്ടണം.എല്ലാം ശരിയാകാൻ സമയമെടുക്കും.”

മകളുടെ ഹൃദയത്തിൽ വലിയൊരു ചിത കത്തി തുടങ്ങിയത് സുഭദ്രക്കു മനസിലായി.പക്ഷെ അവളുടെ പഠനം,അത് നടക്കണം,തറവാട്ടിന് പേരുദോഷവും ഉണ്ടാകരുത്.ഒരിക്കൽ സുഭദ്ര ഒരു കീഴ്ജാതിക്കാരനെ പ്രണയിച്ചതിനു വീട്ടിൽ ഭൂകമ്പം ഉണ്ടായതാണ്.ഇനി അതിൻ്റെ ആവർത്തനം തന്റെ മകളായിട്ടു വേണ്ട എന്ന് കരുതിയിട്ടാണ്.

അമ്മ പറഞ്ഞതെല്ലാം തലയാട്ടി കേട്ടെങ്കിലും ഒരു ദിവസം ക്ലാസ് ടീച്ചറായ സരസ്വതി ടീച്ചറോട് വയറുവേദനയെന്ന് കള്ളം പറഞ്ഞു സ്കൂളിൽ നിന്നുമവൾ നേരത്തേ ഇറങ്ങി.അവൾ നേരെ പോയത് അച്ഛന്റെ തറവാട്ടിലേക്കാണ്. വിശ്വനാഥൻ ജോലിക്കാരുമായി ചേർന്ന് മുറ്റത്തെ വയ്ക്കോൽത്തുറുവിൽ അടുത്ത കൊയ്ത്തുകാലം വരെയുള്ള വയ്ക്കോൽ നിറയ്ക്കുകയായിരുന്നു.പിന്നിൽ വന്ദന വന്നു നിന്നത് അയാൾ അറിഞ്ഞിരുന്നില്ല.പഴയൊരു സംഭവത്തിൽ ഒരു കാലിന് വെട്ടേറ്റു സ്വാധീനം നഷ്ടപ്പെട്ട വിശ്വനാഥൻ മുടന്തി മുടന്തി പിറകോട്ടു വന്നു വന്ദനയുടെ ദേഹത്ത് വന്നു മുട്ടി.

“ഞാൻ ഇങ്ങോട്ടു പോന്നോട്ടെ,അവിടെ എനിക്ക് പറ്റുന്നില്ല.ഞാൻ അച്ഛനെന്നു വിളിച്ചോട്ടെ .”

കുഞ്ഞു വന്ദനയുടനെ ചോദ്യം കേട്ട് വിശ്വനാഥൻ ഞെട്ടി പിറകോട്ടു നോക്കി. സുഭദ്രയുടെ മകളല്ലേയിത്,എന്താ താൻ ഈ കുട്ടിയോട് പറയേണ്ടത്.

“മോള് വേഗം വീട്ടിലേയ്ക്കു പൊയ്ക്കോ ,വല്യമ്മാവൻ തല്ലും.വലുതാകുമ്പോൾ മോൾക്ക് എല്ലാം മനസിലാകും.”

അച്ഛനും തന്നെ അവിടെ നിന്നും ആട്ടിയിറക്കിയ പോലെ കുട്ടിയ്ക്ക് തോന്നി.അന്ന് മുതൽ അവൾ അധികം സംസാരിക്കാതെയായി.അവൾ പഠനത്തിലും വായനയിലും മാത്രം മുഴുകി.എല്ലാ ക്ലാസ്സിലും സ്കോളർഷിപ്പോടെ പഠിച്ചു മുന്നേറി.മകളുടെ ഉള്ളിലെ അഗ്നിപർവ്വതത്തിന്റെ പുകയൽ അമ്മ മാത്രമേ കണ്ടുള്ളു.അവളെ തനിക്കു പൂർണമായും നഷ്ടപ്പെട്ട് കഴിഞ്ഞെന്നു അമ്മയ്ക്ക് മനസിലായി.അവളെങ്കിലും രക്ഷപ്പെട്ടോട്ടെ എന്ന് കരുതി സമാധാനിച്ചു.

വർഷങ്ങൾക്ക് ശേഷം മടങ്ങി വന്ന മകളോട് അമ്മ പരിഭവിച്ചില്ല, അമിതാഹ്ലാദവും ആ അമ്മയിൽ ഉണ്ടായില്ല.മകൾ പറഞ്ഞതെല്ലാം അമ്മ കേട്ടു കൊണ്ടിരുന്നു,മകളെ ഇമ വെട്ടാതെ നോക്കിക്കൊണ്ടിരുന്നു.

“അമ്മേ ഒരാഴ്ചത്തെ ലീവ് മാത്രമേ എനിക്കുള്ളൂ.ഉപേക്ഷിച്ചു പോയ നാടിനെ തേടിയെത്തിയത് ഒരു തീർത്ഥാടനം ചെയ്യുന്ന പോലെയാണ്,എന്റെ ആത്മാവിന്റെ ആവശ്യമായിരുന്നു.എന്റെ ജനനത്തെ കുറിച്ച് ഇതുവരെ അമ്മ സൂക്ഷിച്ചിരുന്ന രഹസ്യം എനിക്കറിയണം.ഇത് വരെ അമ്മയോട് ഞാൻ ഒന്നും ചോദിച്ചിട്ടില്ല.”

“ഇരുപത്തി മൂന്നു വർഷം മുൻപ് നീ ഇവിടം വിട്ടു പോയപ്പോൾ ഞാൻ സന്തോഷിച്ചു .നീ ആഗ്രഹിച്ചതൊക്കെ നേടിയവളാണ്.ഒരമ്മയെന്ന നിലയിൽ ചെയ്യേണ്ട കടമകളിൽ ഞാൻ പരാജയപ്പെട്ടിട്ടുണ്ട്.ഞാൻ ജീവിച്ചത് ഈ തറവാടിന് വേണ്ടിയാണ്, ഏട്ടന്മാർക്കു വേണ്ടിയാണ്,നിന്നെക്കാൾ കൂടുതൽ പ്രാധാന്യം ഞാൻ അവർക്കൊക്കെ നൽകി.നീ ചോദിച്ച ചോദ്യങ്ങൾക്കു ഞാൻ മറുപടി നല്കാൻ വിസമ്മതിച്ചു.നീ നാളെ ഉണ്ണികുട്ടനുമായി വിശ്വനാഥനെ കാണാൻ പോകണം.അയാൾ എല്ലാം പറയും.നിന്റെ ജനന കഥ.ഒരു ചതിയുടെ കഥ.”

പിറ്റേന്ന് ഉച്ച കഴിഞ്ഞു പാർട്ടി ഓഫീസിലേയ്ക്ക് ചെല്ലാൻ പറഞ്ഞു.

കടും നീല മൽമലിന്റെ സാരിയും വെള്ള സ്ലീവ് ലെസ്സ് ബ്ലൗസുമണിഞ്ഞു അഴിച്ചിട്ട നീളൻ മുടിയുമായി വന്ദന ഉണ്ണിയുടെ കാറിൽ കയറി.തന്നെക്കാൾ പത്തു പതിനഞ്ചു വയസ്സ് മുതിർന്ന സ്ത്രീയാണെങ്കിലും അവളുടെ സാമീപ്യം അവനെ തരളിതനാക്കി.

“ചേച്ചിക്കിപ്പോൾ എത്ര വയസ്സായി ?

“എന്തിനാ ഉണ്ണി,കല്യാണം ആലോചിക്കാനാണോ? വയസ്സ് നാല്പത്തിയെട്ടു കഴിഞ്ഞു.കല്യാണമൊന്നും എന്നെ പോലെയൊരു പെണ്ണിന് ചേരില്ല.”

“ഇതാണോ കോളേജിലെ വേഷം,ഈ വേഷത്തിൽ ചേച്ചിക്ക് നല്ല ഭംഗിയുണ്ട്.”

“ഞാൻ സാരിയേ ഉടുക്കാറില്ല.ഇതിപ്പോൾ ഇവിടുള്ളവരെ കാണിയ്ക്കാൻ മാത്രം.അവിടെ നല്ല തണുപ്പല്ലേ,മൊത്തം മൂടി പൊതച്ചു നടക്കണം. എനിക്കാണേൽ എന്റെ കക്ഷം മറയ്ക്കുന്നത് ഇഷ്ടവുമല്ല.ശീലമായി പോയി.ശരിക്കും ന-ഗ്നമായ കൈകളിലും കക്ഷത്തിലുമാണ് എന്റെ സ്വാതന്ത്ര്യം തുടങ്ങുന്നത്. എന്റെ ചിന്താഗതിയാണത്.”

അവൾ പൊട്ടിച്ചിരിച്ചു.

“എന്റെ അച്ഛനാരെന്നു ഉണ്ണിക്കറിയുമോ,പണ്ടെന്നേ അമ്മ പറ്റിച്ചത് വിശ്വനാഥൻ സാർ ആണെന്ന് പറഞ്ഞാണ്.ഒരിക്കൽ ഞാൻ അദ്ദേഹത്തോട് നേരിട്ട് ചോദിച്ചു,മറുപടി പറഞ്ഞില്ലെങ്കിലും എനിക്കറിയാമായിരുന്നു അത് അദ്ദേഹമല്ലെന്ന്.അമ്മയും അമ്മാവന്മാരും എന്നെ പറ്റിച്ചു.അറിഞ്ഞിട്ടു പ്രത്യേക കാര്യമൊന്നുമില്ല ,എങ്കിലും സത്യമറിയാൻ കഴിഞ്ഞെങ്കിൽ,എൻ്റെയൊരു ആഗ്രഹമാണ്.”

വിശ്വനാഥൻ ഇപ്പോൾ ഒരു എക്സ് എം എൽ ഏ ആണ്.അവിവാഹിതനായ അദ്ദേഹം സ്വന്തം നാടിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചയാളാണ്.അദ്ദേഹത്തെ കാത്തു സ്വീകരണ മുറിയിൽ ഇരുന്നു.അകത്തേയ്ക്ക് വിളിപ്പിച്ചപ്പോൾ,മുറിയിൽ, അടുത്ത് മറ്റൊരാൾ കൂടെയുണ്ടായിരുന്നു.

“ഇരിക്കൂ ,ഇവൻ വരാൻ കാത്തിരുന്നതാണ്, ഇത് സഖാവ് നാരായണൻ ,ഞാനും ഇവനും സുഭദ്രയും ഒരേ കോളേജിൽ പഠിച്ചിരുന്നു. സുഭദ്രക്കു ഇവനോട് തോന്നിയ പ്രണയം.അത് വളർന്നു.ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു.സുഭദ്രയുടെ വല്യേട്ടൻ,ഇതാ ഈ ഇരിക്കുന്ന ഉണ്ണികൃഷ്ണന്റെ അച്ഛൻ,ഞങ്ങളുടെ പാർട്ടിയിലെ വലിയൊരു നേതാവായിരുന്നു.അത് കൊണ്ട് ഒരു രാത്രിയിൽ അതീവ രഹസ്യമായി ഗർഭിണിയായ സുഭദ്രയെ വീട്ടിൽ നിന്നിറക്കി കൊണ്ട് പോകാനായി ഞാനും നാരായണനും തറവാടിന്റെ പിറകുവശത്തെ വേലിക്കൽ ചെന്നു നിന്നു.ഞങ്ങളുടെ നീക്കം മണത്തറിഞ്ഞ മറ്റൊരു കൂട്ടുകാരൻ ഒറ്റികൊടുത്തു.ചെറിയൊരു ബാഗുമായി ഇറങ്ങി വന്ന സുഭദ്രയുമായി ഞങ്ങൾ പാഞ്ഞു.ഞങ്ങളുടെ മൂന്നുപേരുടെയും പിറകെ സുഭദ്രയുടെ വല്യേട്ടനും സംഘവും .അവരാദ്യം ലക്ഷ്യം വച്ചത് നാരായണനെയായിരുന്നു.തലയിൽ അടികിട്ടി ബോധം കെട്ട നാരായണനെ ഞാൻ ഇരുട്ടിൽ ആരും കാണാതെ സമീപത്തെ തോട്ടിലേക്ക് ഉരുട്ടി വിട്ടു.അത് കൊണ്ട് അവൻ രക്ഷപെട്ടു.സുഭദ്രയെ വെട്ടിയ വെട്ടു ഞാൻ കാല് കൊണ്ട് തടുത്തു.എന്നെയും സുഭദ്രയേയും കയ്യോടെ പിടിച്ചു.കീഴ്ജാതിക്കാരനായ നാരായണനെ തള്ളി കളഞ്ഞു ഞാനാണ് സുഭദ്രയുടെ കുഞ്ഞിന്റെ അച്ഛനെന്നും ഞാൻ അവളെ കല്യാണം കഴിക്കണമെന്നും പാർട്ടി വഴി തീർപ്പാക്കി.”

അദ്ദേഹം ഒന്ന് നിർത്തി എല്ലാവരേയും നോക്കി.

“സുഭദ്രയുടെ ഏട്ടൻ വല്യനേതാവായിരുന്നല്ലോ.പ്രസംഗിച്ചു നടന്ന കീഴാള സ്നേഹമൊന്നും സ്വന്തം ജീവിതത്തിൽ അയാൾ കാണിച്ചില്ല.സുഭദ്രയെ കല്യാണം കഴിയ്ക്കണമെന്ന ആവശ്യം ഞാൻ തള്ളി കളഞ്ഞു.സുഭദ്ര ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു.അവളുടെ മകൾ അച്ഛനില്ലാതെ വളർന്നു.ഞാൻ പലതവണ സുഭദ്രയെ സമീപിച്ചു ,നാരായണനുമായി വീണ്ടും ഒരു ജീവിതത്തിനു തയാറാകാൻ.ഏട്ടൻമാരെ പേടിച്ചിട്ടാണോ എന്തോ അവൾ എല്ലാത്തിൽ നിന്നും പിന്മാറി, ജീവിതം ഒരു മുറിയിൽ ജീവിച്ചു തീർത്തു.അവൾക്ക് വയ്യാന്നു കേട്ട് പലതവണ പോകാൻ ശ്രമിച്ചതാണ്.പക്ഷെ എന്തോ ആ തറവാട്ടിൽ കാലുകുത്താൻ എൻ്റെ മനസ്സ് അനുവദിക്കുന്നില്ല.എന്നെ പോലെ ഈ നാരായണനും പഴയ കഥകൾ താലോലിച്ചു നാടിനു വേണ്ടി ജീവിക്കുന്നു.”

വന്ദന നാരായണനെ നോക്കി.ആ രഹസ്യം അവളെ ഞെട്ടിച്ചില്ല.തീരെ പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു മനുഷ്യൻ വന്നു മുന്നിൽ നിൽക്കുമെന്ന്.അവളുടെ ജനിതകപിതാവ്.നാരായണനെ അവൾ നമസ്ക്കരിച്ചു.പെട്ടെന്ന് വികാരക്ഷോഭിതനായ പോലെ അദ്ദേഹം മുറിയിൽ നിന്നിറങ്ങി പോയി.മുറിയിൽ അവർ മൂവരും തനിച്ചായപ്പോൾ അവൾ എഴുന്നേറ്റു വിശ്വനാഥന്റെ കാലിൽ തൊട്ടു.

“എന്റെ മനസ്സിൽ ചെറുപ്പം മുതൽ അച്ഛന് ഈ രൂപമാണ്.മരിയ്ക്കുന്നത് വരെ ഈ രൂപം മതി.ഇനി ഒരിക്കലും കാണാനായി വരില്ല.പക്ഷെ അങ്ങേയ്ക്കു എന്നെ കാണണം എന്ന് തോന്നുമ്പോൾ വിളിയ്ക്കാം.”

അവൾ തന്റെ കാർഡ് മേശപ്പുറത്തു വച്ച് മടങ്ങി.ഇനി ഈ നാട്ടിലേയ്ക്കില്ല.ഒരാഴ്ച അമ്മയോടൊപ്പം ആ മുറിയിൽ തന്നെ ചെലവഴിക്കണം.പിന്നെ നേരെ ബനാറസിലേയ്ക്ക്,ആത്മാക്കളുടെ നഗരത്തിലേക്ക്.സഹപ്രവർത്തകർ വിനോദയാത്രകൾക്കായി രാജ്യത്തിന് പുറത്തേയ്ക്കു പോകുമ്പോൾ തീർത്ഥാടനത്തിനായി പോകുന്ന ബനാറസ് നഗരം.

രണ്ടാമത്തെ രാത്രിയിൽ ഉറക്കത്തിൽ അമ്മയിൽ നിന്നൊരു നേരിയ ഞെരക്കം കേട്ട് വന്ദന ഉണർന്നു.കണ്ണുകൾ പിറകോട്ടു മറിഞ്ഞു ശ്വസിയ്ക്കാൻ പാടുപെടുന്ന അമ്മയുടെ രൂപം.അഞ്ചേ അഞ്ചു നിമിഷങ്ങൾ കൊണ്ട് അമ്മ അവളോട് വിടപറഞ്ഞു.ആശ്വസിപ്പിക്കാൻ അദ്ദേഹവും വന്നു ചേർന്നു,ഇപ്പോഴും നാട്ടുകാരുടെ കണ്ണിൽ അദ്ദേഹമാണ് അവളുടെ അച്ഛൻ.ഒരാഴ്ചത്തെ ചടങ്ങുകൾ ,ഉണ്ണി സ്വന്തം മകന്റെ സ്ഥാനത്തു നിന്നും ചെയ്തു തീർത്തു.ചുവന്ന പട്ടിൽ പൊതിഞ്ഞ മൺകുടം മാറോടു ചേർത്ത് വിതുമ്പിയപ്പോൾ ഉണ്ണി ആശ്വസിപ്പിച്ചു.

“ഉണ്ണി വരൂ എന്റെ കൂടെ ,ഞാൻ നിന്നെ ബനാറസിൽ കൊണ്ട് പോകാം. അമ്മയ്ക്ക് വേണ്ടി അവസാനത്തെ പൂജകൾ,നിന്റെ അച്ഛന് വേണ്ടിയും. ആത്മാവിൽ വിശ്വാസമില്ലാത്ത നീ ഒരു പക്ഷെ മാറിചിന്തിച്ചാലോ ?”

“ഞാൻ വരും ചേച്ചി,എന്റെ അച്ഛന്റെ കണ്ണുകൾ കൊണ്ട് മാത്രം ലോകത്തെ കാണാൻ പഠിച്ചവനാണ് ഞാൻ .അദ്ദേഹത്തിന് തെറ്റ് പറ്റി.അച്ഛൻ മരിച്ചെങ്കിലും,അച്ഛന് വേണ്ടി ഞാൻ ചേച്ചിയോട് മാപ്പു ചോദിക്കുന്നു. അനാഥയായി വളർന്നതിന്,നാടും വീടും ഉപേക്ഷിക്കേണ്ടി വന്നതിന്,എല്ലാത്തിനും കാരണം ഈ തറവാടാണ്.”

മടക്ക യാത്രയിൽ വന്ദന സന്തോഷവതിയായിരുന്നു.ഒരു തീർത്ഥാടനത്തിന്റെ പുണ്യവുമായി അവൾ മടങ്ങി.

✍️നിഷ പിള്ള