അവളെ കണ്ടത്, കൂട്ടുകൂടിയത്, അവളോടുത്തുള്ള രാവുകൾ പകലുകൾ, തന്റെ ഫ്ലാറ്റിലെ ഹരം പകർന്ന….

വേട്ട

Story written by Vaisakh Baiju

================

നേരം പുലരാൻ ഇനിയും നേരമുണ്ട്… ഇനിയും ഇങ്ങനെ കിടന്നാൽ ശരിയാകില്ല….ഷാഹിദ ഇനിയും ഉണർന്നിട്ടില്ല…. പകലായാൽ വഴിയിൽ ആളുകൾ കൂടും… വേണു അവളുടെ ദേഹത്ത് നിന്നും എഴുന്നേറ്റു.. മുറിയിൽ ഞങ്ങളുടെ വിയർപ്പിന്റെ ഗന്ധം തങ്ങി നിൽക്കുന്നുണ്ട്… ഇരുട്ടാണ് ഇപ്പോൾ വേഷം… അവൾ ബെഡ്ഷീറ്റ് മാറത്തേക്ക് വലിച്ചിട്ടുകൊണ്ട്… അയാളെ നോക്കി ഒരു ചിരി ചിരിച്ചു….. ഡ്രസ്സ്‌ ചെയ്ത് അയാൾ വീടിന്റെ പിൻവാതിലിലൂടെ പുറത്തിറങ്ങി… വെളിച്ചം വീണു തുടങ്ങുന്ന വഴിയിലൂടെ വേഗം മുന്നോട്ട് നടക്കുമ്പോൾ ഇന്നലെ അല്പം മാറി അയാൾ ഒതുക്കി നിർത്തിയിരുന്ന അയാളുടെ ബൈക്ക് അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു…

“കാലം വെറും മോശമാണ്… വേണൂ …. കേട്ട് കേൾവിയില്ലാത്ത കാര്യങ്ങളല്ലേ മനുഷ്യന്മാർ കാണിക്കുന്നത്… “, ഫ്ലാറ്റിന്റെ ലിഫ്റ്റിൽ മിലിറ്ററി ഗോവിന്ദൻ പ്രസംഗത്തിന് തിരികൊളുത്തി….

വർത്തമാനം അലോസരമുണ്ടാക്കുന്നതിന്റെ ലക്ഷണം വേണുവിന്റെ മുഖത്തുണ്ട്…. ഗോവിന്ദന്റെ ഭാര്യ ലളിതഭായിയും ഒപ്പമുണ്ട്… രണ്ടുപേരും കൂടി രാവിലെ നടക്കാൻ പോയിട്ട് വരുന്ന വഴിയാണ്….

“പെണ്ണുങ്ങൾക്ക് വഴി നടക്കാൻ പറ്റാത്തത് സ്ഥിരം പ്രശ്നം… ഇതിപ്പോ ച-ത്ത് കുഴിയിൽ കിടന്നാൽ അവിടുന്നും അവളുമാരെ പൊക്കിക്കോണ്ട് പോകാനും ചില അവന്മാർ ഉണ്ട്…തനിക്ക് ഇത് വച്ചൊരു വാർത്ത ചെയ്തൂടെ….”, ഗോവിന്ദൻ രാവിലെ പത്രത്തിൽ കണ്ട വാർത്തയുടെ വിശകലനത്തിലേക്കാണ്… ഇനി വാദം നടത്തി വിധിപറയാനുള്ള പരിപാടിയാണ്…. വേണുവിന് ഉള്ളിൽ കലി കയറുന്നുണ്ട്….

നാലാം നിലയിൽ ലിഫ്റ്റ് തുറന്നു മൂവരും പുറത്തെ ഇടനാഴിയിലേക്കിറങ്ങി….ഗോവിന്ദൻ മ-ലശോധനയ്ക്കുള്ള ധൃതിയിൽ ഓടി ഫ്ലാറ്റിലേക്ക് കയറുന്നു… ഒപ്പം മടങ്ങുന്ന ലളിതാ ഭായിയെ വേണു പിന്നിൽ നിന്നും കെട്ടിപിടിക്കുന്നു..

“വിട് ചെറുക്കാ…. നാറുന്നു… ഇന്നലെ ഏതവളുടെ നെഞ്ചത്തായിരുന്നു സർക്കസ്”, ലളിത അല്പം പരിഭവത്തോടെ പറഞ്ഞു കൊണ്ട് വേണുവിനെ തള്ളി മാറ്റി….

“ആരുടെ നെഞ്ചത്തായാലെന്താ…. കറങ്ങി തിരിഞ്ഞ് വീണ്ടും ഇങ്ങോട്ടേക്ക് തന്നെയല്ലേ വരുന്നത്..”, വേണു ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു… ലളിത ഒരു ചിരിയോടെ ഫ്ലാറ്റിലേക്ക് പോയി.. വേണു അവരെയൊന്നു നോക്കി… പതിയെ അയാളുടെ ഫ്ലാറ്റിലേക്ക് നടന്നു.

*********************

“ബഹുമാനപ്പെട്ട മുഖ്യമന്ത്രീ… നിങ്ങളിത് കാണുക… അഞ്ചു കൊല്ലം കഴിഞ്ഞു പടയും പരിവാരങ്ങളും ഒഴിയുമ്പോൾ നിങ്ങളീ ചേരിയിലേക്ക് ഒന്ന് വരിക…. ഈ സങ്കടങ്ങൾ കണ്ടു നിൽക്കാൻ ഒരുപക്ഷെ എല്ലാവരും വാനോളം വാഴ്ത്തുന്ന നിങ്ങളുടെ രണ്ട് ചങ്കുകളും മതിയായെന്നു വരില്ലെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് നിർത്തുന്നു… ക്യാമറാമാൻ ശ്രീകുമാറിനോടൊപ്പം വേണുഗോപാൽ കേരളാ ടുഡേ … കട്ട്‌ ഇറ്റ് “, ഉറച്ച ശബ്ദത്തോടെയാണ് വേണു പറഞ്ഞു നിർത്തിയത്…

ചുറ്റും നിന്ന ആളുകൾ അല്പം ഭവ്യതയോടെ വേണുവിനെ നോക്കുന്നു…. അയാൾ മടങ്ങാനുള്ള പരിപാടിയിലാണ്…

“സാറ്… വന്നത് ഏതായാലും നന്നായി….ഇനി കാര്യങ്ങൾക്ക് ഒരു നീക്കുപോക്കുണ്ടാകും…. ” സ്ഥലത്തെ പൊതുപ്രവർത്തകനായ ദാസപ്പൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ദാസപ്പോ… നീക്കുപോക്ക് ഇങ്ങോട്ടേക്കും എല്ലാം നല്ല സ്മൂത്ത്‌ ആയിരിക്കണം… വൈകുന്നേരം വരെ നോക്കും…. അതിനപ്പുറം.. പോകല്ലേ….?? “, വേണു മറുപടിയായി പറഞ്ഞു.

“അതൊക്കെ അങ്ങ് നടക്കും….സാറ് ധൈര്യമായി പോ സാറേ… “, ദാസപ്പൻ ചിരിച്ചു

“ധൈര്യക്കുറവൊന്നുമില്ല ദാസപ്പാ…. വൈകുന്നേരം വരെ ഞാൻ നോക്കും….”, വേണു ചിരിയും അല്പം താക്കീതും കലർത്തി പറഞ്ഞു നിർത്തി…അയാൾ മുന്നോട്ട് നടന്നു

“വേണു സാർ… ഒന്നു നിൽക്കണേ “

വേണു തീർന്നു നോക്കി… ഒരു ചെറുപ്പക്കാരനാണ്… വളരെ പ്രസന്നതയോടെയാണ് അയാൾ അടുത്തേക്ക് വരുന്നത്… മുഖം പരിചിതമല്ല… അയാൾ വേഗത്തിൽ നടന്നു വന്നു.. വേണുവിന്റെ കയ്യിൽ പിടിച്ചു…

“സാറിന്റെ വാർത്തകൾ ഞാൻ കാണാറുണ്ട്… ഒരുപാട് ഇഷ്ടമാണ്… സോറി.. എന്റെ പേര് മോഹൻ ഗൾഫിൽ ആയിരുന്നു… അവിടൊക്കെ സാറിന്റെ വാർത്തകളും പരിപാടികളും വലിയ പോപ്പുലർ ആണ്…ഇവിടെ വരുന്നു എന്നറിഞ്ഞപ്പോൾ സാറിനെ ഒന്ന് കാണണം എന്ന് തോന്നി.. അതാണ് വന്നത്… “, അതീവ താല്പര്യത്തോടെയുള്ള മോഹന്റെ സംസാരം വേണുവിന് ഇഷ്ടപ്പെട്ടു….

ഏറെ നേരം അയാൾ വിശേഷങ്ങൾ പറയുന്നു തന്റെ പരിപാടികളെ അയാൾ നന്നായി പഠിച്ചിരിക്കുന്നു… എന്ന് തോന്നിയപ്പോൾ വേണുവിന് ഒരല്പം സ്വാഭിമാനം കൂടി തോന്നി.

മടങ്ങുമ്പോൾ അയാൾ ഒരാഗ്രഹം മുന്നോട്ട് വച്ചു…

“സാർ എന്റെ വീട്ടിൽ ഒന്ന് വരണം… ഇവിടെ അടുത്താണ്… ഒരുപാട് വൈകില്ല…”

എന്തോ വേണുവിന് ആ ക്ഷണം നിരസിക്കാൻ കഴിയുന്നില്ല…. ശ്രീകുമാറിനോട് കൂടെ വണ്ടിയുമായി വരാൻ പറഞ്ഞ ശേഷം വേണു മോഹന്റെ കാറിൽ കയറി…കാർ നീങ്ങി തുടങ്ങി….

“സാർ… ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്… സാറിന്റെ ബ്രാൻഡ് ഒന്ന് പറയാമോ…”, മോഹൻ ഒരല്പം കുസൃതി കലർത്തി പറഞ്ഞു

“അങ്ങനെയൊന്നുമില്ല മോഹൻ…. സന്ധ്യ കഴിഞ്ഞല്ലോ…. പിന്നെന്ത് ബ്രാൻഡ്… എന്തും ആവാം… “, വേണു അല്പം ഉച്ചത്തിൽ ചിരിച്ചു… ഒപ്പം മോഹനും… ശ്രീകുമാർ ചാനലിന്റെ കാറിൽ അവർ അല്പം പിന്നിലായി വരുന്നുണ്ട്…

ഒന്ന് രണ്ടു നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി..മോഹന്റെ മുഖത്ത് പതിയെ ഒരു ഗൗരവഭാവം ബാധിച്ചു….അത്‌ വേണു ശ്രദ്ധിച്ചു..

“വേഗം പിരിയണം…. മോഹൻ… ഇനിയും കുറേ ദൂരമുണ്ടോ….?? “, വേണു തിരക്കി..

“എന്താടാ നാ-*യി-*ന്റെ മോനേ….നിനക്കിത്ര തിടുക്കം… !!!”, തറപ്പിച്ചൊരു നോട്ടത്തോടെ യാണ് മോഹൻ അത്‌ പറഞ്ഞത്….വേണു അടിമുടിയൊന്നു വിറച്ചു…അയാൾ ഒട്ടും പ്രതീക്കാത്ത ഒരു നിമിഷമായിരുന്നു അത്‌…

“പെട്ടെന്ന് ചെന്നിട്ടെന്തിനാടാ… അവിടെ നിന്റെ മറ്റ-വളുടെ തരിപ്പ് തീർക്കാനുണ്ടോ…???, ഇത്രയും കൂടി പറഞ്ഞു കൊണ്ട്….മോഹൻ കാറിന്റെ ആക്‌സിലേറ്റർ ചവിട്ടി താഴ്ത്തി…. കാർ അതിവേഗം മുന്നോട്ട് പാഞ്ഞു… വഴിയിൽ ഇരുട്ട് ബാധിച്ചു തുടങ്ങിയിരിക്കുന്നു… പിന്നാലെ വന്നു കൊണ്ടിരുന്ന ചാനലിന്റെ വണ്ടി ഇപ്പോൾ കാണുന്നില്ല….

പെട്ടെന്ന് കൈവന്ന ഒരു ധൈര്യത്തിൽ വേണു മോഹന്റെ നേർക്ക് ചാടി വീണു…അത്‌ കൃത്യമായി മോഹൻ പ്രതീക്ഷിച്ചിരുന്നു…. കൈനിവർത്തി…. അയാൾ വേണുവിന്റെ നെറ്റിയുടെ വശത്ത് ആഞ്ഞടിച്ചു… വേണു പിന്നിലേക്ക് വീണു… സീറ്റിലേക്ക് അയാൾ ചാഞ്ഞു പോകുന്നു….. പാതിയടഞ്ഞു പോകുന്ന ബോധത്തിൽ അയാൾ മോഹന്റെ ശബ്ദം കേട്ടു…

“പുളയ്ക്കാതെടാ പ-*ന്നീ…. ഞാനെന്താണെന്നും ആരാണെന്നും… നീയറിയാൻ പോകുന്നതേ ഉള്ളു…..”, മോഹന്റെ ശബ്ദത്തിൽ ഉള്ള് നീരിപുകഞ്ഞുകൊണ്ട് വേട്ടയ്ക്കിറങ്ങിയ ഒരു ചെ-ന്നായയുടെ കിതപ്പുണ്ടായിരുന്നു…

********************

വേണു പതിയെ കണ്ണ് തുറന്നു…. കാഴ്ച തെളിയുംതോറും തലയുടെ ഒരു വശത്തിന് നല്ല വേദനയുണ്ട്….. അല്പം ബലം പ്രയോഗിച്ചു തന്നെ അയാൾ കണ്ണുകൾ തുറന്നു… കൈകാലുകളിലേക്ക് ബലം ചെല്ലുന്നില്ല… ബോധം പൂർണ്ണമായപ്പോൾ അയാൾ തിരിച്ചറിഞ്ഞു…. താൻ ഒരു വലിയ ഹാളിന് ഉള്ളിലാണ്….തന്റെ കൈകാലുകൾ ഒരു കസേരയിൽ ഇറുക്കെ കെട്ടിയിരിക്കുകയാണ്…. ഹാളിൽ ഒരു അരണ്ട വെളിച്ചം മാത്രം… ശബ്ദങ്ങൾ ഒന്നും തന്നെയില്ല…ഉള്ളിൽ ഭയം പതിയെ ഉറഞ്ഞുകൂടുന്നുണ്ട്…വേണു നന്നായി വിയർത്തിട്ടുണ്ട്….ചുറ്റിലും സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റെയും പുകയും ഗന്ധവും…. അത്‌ തീർത്തും അസഹ്യമായ അളവിലാണ് ഉള്ളത്.

” ഹ സാർ ഉണർന്നോ…?? “

ഇടനാഴിയിൽ നിന്ന് ഹാളിലേക്ക് പ്രവേശിച്ചുകൊണ്ട് മോഹൻ കടന്നു വന്നു…. അയാളുടെ കയ്യിൽ ഒരു ബി-യർ ക്യാൻ ഉണ്ട്… വേണുവിന്റെ മുന്നിലായുള്ള സോഫയിൽ അയാൾ ഇരുന്നു…ഒരുവട്ടം കൂടി ബി-യർ ക്യാൻ ചുണ്ടിലൊന്നു മുത്തിയ ശേഷം… അയാളത് ടീപോയിൽ വച്ചു… വേണുവിന്റെ നോട്ടത്തിൽ ഭയമാണെങ്കിൽ, മോഹന്റെ മുഖത്തൊരു നിസ്സാരഭാവമാണുള്ളത്… അയാൾ അലസമായി സോഫയിൽ ചാരിയിരുന്നുകൊണ്ട്… സി-ഗററ്റിനു തീകൊളുത്തി… വേണുവിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട്… അയാളുടെ നേരെ പുകയൂതി വിട്ടു….

“ക്യാമറാമാൻ ശ്രീകുമാറിനോടൊപ്പം വേണുഗോപാൽ… കേരളാടുഡേ…!!!!!!”, മോഹൻ ഉച്ചത്തിൽ അത്രയും പറഞ്ഞു കൊണ്ട് പൊട്ടിചിരിച്ചു….

വേണു അയാളുടെ ചെയ്തികൾ അങ്കലാപ്പോടെയും ഭയപ്പാടോടെയും വീക്ഷിക്കുകയാണ്.. ഇയാൾ ആരാണ്… കാഴ്ചയിൽ മുൻപരിചയമില്ല…. അയാൾ ഓർമ്മയിൽ പരതി… ഇല്ല പറഞ്ഞ വാർത്തകളിൽ ഒന്നിലും ഇയാളെ താൻ കണ്ടിട്ടില്ല…..

“ഇല്ലെടോ… തനിക്ക് എന്നെ അറിയില്ല…… താൻ എന്നെ ഓർമ്മിക്കാൻ നോക്കിയാൽ കിട്ടില്ല.. 😂 നീ പറഞ്ഞു തുപ്പിയ ഒരു നാറിയ കഥയിലും ഞാനില്ല….പക്ഷെ “

അയാൾ അവിടുന്ന് ചാടിയെഴുന്നേറ്റ് വേണുവിന്റെ മുഖത്തേക്ക്… മുഖം അടുപ്പിച്ചു കൊണ്ട് തുടർന്നു…..

“നീ വന്ന വഴിയിൽ ചവച്ചു തുപ്പിയ ഏതോ ഒന്നിൽ ഞാനുണ്ട്…. “, അത്‌ പറയുമ്പോൾ മോഹന്റെ കണ്ണുകളിൽ വല്ലാത്ത ഒരു വന്യത തെളിഞ്ഞു നിന്നിരുന്നു…വേണുവിന്റെ മനസ്സിൽ കണ്മുന്നിൽ തെളിഞ്ഞു നിൽക്കുന്ന മോഹന്റെ മുഖം മാത്രം…..അയാളെ വല്ലാതെ ഭയം ബാധിച്ചിരിക്കുന്നു….അയാളെത്ര വിചാരിച്ചിട്ടും കൃത്യമായി തന്റെ ശബ്ദം പുറത്തേക്ക് എത്തിക്കാൻ കഴിയുന്നില്ല…..

” ഞാൻ… എനിക്ക്…. “, വേണു ശ്രമിച്ചു..

മോഹൻ തടഞ്ഞു, ” ശ്…ഇനി തനിക്ക് മിണ്ടാനും ചെയ്യാനും ഒന്നുമില്ല…. ഇനി ഞാൻ മാത്രം പറയും…. “

അത്രയും പറഞ്ഞു കൊണ്ട് അയാൾ ഒരു കവിൾ പുകകൂടി ഉള്ളിലേക്ക് വലിച്ചു പുറത്തേക്ക് വിട്ടുകൊണ്ട്… തിരികെ സോഫയിൽ ചെന്ന് വീണു…

“ഇതൊരു വേട്ടയാണ്… ഇതിന്റെ തുടക്കം ഞാൻ പറയാം ….ഞാനൊരു ഭർത്താവായിരുന്നു… അല്ല… ഭർത്താവാണ്…. എന്റെ ഭാര്യയ്ക്ക് എന്നെ ഒത്തിരി ഇഷ്ടമായിരുന്നു…. എല്ലാവരെയും വെറുപ്പിച്ച് ഒന്നിച്ചതാ ഞങ്ങൾ…. “, മോഹന്റെ മുഖത്ത് ഒരു ചെറുചിരി ഉണ്ടായി…

“നിവർന്നു നിന്ന് അവളെ നോക്കണം…. കുറവൊന്നും ഇല്ലാതെ നോക്കണം…എന്ന ഒറ്റ ചിന്തയിലാണ്…. നാട് വിട്ടതും… ചോര നീരാക്കി പണിയെടുത്തതും…. “

“ദാ ഈ വീട് അവളുടെ വാശി ആയിരുന്നു… ഞങ്ങളിവിടെ ഒന്നിച്ചു കൊതിതീരെ ഉറങ്ങിയിട്ടില്ല…. അതിന് മുന്നേ… ” മോഹന്റെ കണ്ണുകൾ നിറഞ്ഞു… വേണു ശബ്‌ദിക്കാനാവാതെ അയാളെ നോക്കികൊണ്ടിരിക്കുന്നു…..

“പെട്ടെന്നൊരു ദിവസം അവൾക്ക് എന്നോട് മിണ്ടാൻ പറ്റാതായി…. ആളുകൾ പലതും പറഞ്ഞു… അവളിവിടെ വീട്ടിൽ നിന്നും പലപ്പോഴും പുറത്ത് പോകുന്നത്…. നേരം വൈകിയെത്തുന്നത്…. എനിക്കൊന്നും വിശ്വസിക്കാൻ തോന്നിയില്ല….
എങ്ങനെ വിശ്വസിക്കും… വിശ്വസിച്ചാൽ പിന്നെ ഞാൻ എന്തിനാ…. 😊”

വേണുവിന്റെ ശബ്ദം അയാളുടെ തൊണ്ടയിൽ കുരുങ്ങി നിൽക്കുന്നുണ്ട്…

“കുറച്ച് നാൾ മുൻപ് എന്നെ അവൾ വിളിച്ചാരുന്നു…. ചെയ്തുപോയ പലതും അവൾ തുറന്നു പറഞ്ഞു…. അവൾക്ക് ഞാനറിയാതെയുണ്ടായ രാവുകളുടെയും പകലുകളുടെയും കഥകൾ മടിയില്ലാതെ പറഞ്ഞു … എപ്പോഴോ കടന്നു വന്ന ഒരാളെപ്പറ്റി …. അയാളോടൊപ്പം ഉള്ള നിമിഷങ്ങളെപ്പറ്റി…. ഉള്ളു നീറിയാണ് ഞാനതെല്ലാം കേട്ടതെങ്കിലും… അവൾ അയാളിൽ എത്രത്തോളം സന്തോഷവതിയായിരുന്നു എന്നെനിക്ക് അറിയാമായിരുന്നു.. “, മോഹൻ കണ്ണുകൾ തുടച്ചു…അയാൾ വേണുവിനെ നോക്കി….

“ഇന്നേക്ക് പതിമൂന്നു ദിവസമായി ഞാൻ നാട്ടിലെത്തിയിട്ട്…. അവൾ പോയിട്ടും…!!!”,

വേണു അതുകേട്ട് ഞെട്ടി

“രണ്ടു ദിവസം ഈ വീട്ടിൽ അവൾ ച-ത്തു കിടന്നു…ആരും അറിഞ്ഞില്ല…. അവളെന്തിനാ സ്വയം ച-ത്തത്…. കാരണം…. അവൾക്കറിയാം….അവളെ താൻ അറിയില്ലേ…. റീന… റീനാ എബ്രഹാം….”, അത്രയും പറഞ്ഞുകൊണ്ട് മോഹൻ ഉച്ചത്തിൽ ചിരിച്ചു…. അയാൾ തലങ്ങും വിലങ്ങും ആ മുറിയിൽ ചിരിച്ചു കൊണ്ട് ഓടാൻ തുടങ്ങി…. ഒടുവിൽ ആ മുറിയുടെ മൂലയിലെ ഇരുട്ടിലെവിടെയോ മറഞ്ഞു….

വേണുവിന്റെ മനസ്സിൽ അവളുടെ മുഖം തെളിഞ്ഞു….മാസങ്ങൾക്കു മുൻപ് അവളെ കണ്ടത്…കൂട്ടുകൂടിയത്….. അവളോടുത്തുള്ള രാവുകൾ പകലുകൾ…. തന്റെ ഫ്ലാറ്റിലെ ഹരം പകർന്ന വേ-ഴ്ചകൾ…. ഒടുവിലെവിടെയോ എപ്പോഴും കടന്നു വരാറുള്ള മടുപ്പിന്റെ ബാധയും അവളുടെ കടന്നു പോകലും… അടഞ്ഞ ആ താളിന്… ഇങ്ങനെ ഒരു മറുപുറമുണ്ടായിരുന്നോ…. ഈ മരണം താൻ അറിഞ്ഞിട്ടില്ല… ദിവസവും വാർത്തകൾ തേടുന്ന താൻ ഇതറിഞ്ഞിട്ടില്ല…..അയാൾ എന്നെയിവിടെ എത്തിച്ചതിന്റെ കാരണം ഇപ്പോൾ വ്യക്തമാണ്…. ഇവിടുന്ന് ഇനി തനിക്ക് രക്ഷപ്പെടാൻ ആവില്ല… വേണു ഉള്ള് നീറികൊണ്ട് മനസ്സിലോർത്തു… ചെയ്യുന്ന ഓരോന്നിനും ഒരു മറുപുറമുണ്ട്…. അതൊരിക്കലും വായിക്കാതെ പോകാനാവില്ല…

കുന്തിരിക്കത്തിന്റെ പുകയും മണവും മുറിയിൽ വീണ്ടും നിറയുന്നു…. മോഹൻ കടന്നു വരുന്നു അയാൾ ഒരു വലിയ പെട്ടി വലിച്ചു നീക്കികൊണ്ടാണ് വരുന്നത്… അയാൾ അത്‌ വേണുവിന്റെ മുന്നിലായി നീക്കി വച്ചു….

വേണുവിനെ നോക്കി ഒന്ന് ചിരിച്ച ശേഷം… അയാൾ ആ പെട്ടിയുടെ മൂടി വലിച്ചു തുറന്നു… കുന്തിരിക്കത്തിന്റെ മണത്തെ വലിച്ചു മാറ്റികൊണ്ട് അഴുകിയ മാം-സത്തിന്റെ ദുർഗന്ധം മുറിയിൽ ആകെ നിറഞ്ഞു…. വേണുവിന് അത്‌ അസഹ്യമായിരുന്നു… അയാൾ വലിയ ശബ്ദത്തോടെ ഛർദിച്ചു…

“എന്താണ് സാറേ… മനം പുരട്ടുന്നുണ്ടോ… സാറ് ഏറെ കൊതിയോടെ ഉമ്മ വച്ചിട്ടുള്ള… ദേഹമാണിത്…!!!, മോഹൻ പറഞ്ഞു

വേണുവിന്റെ തലയ്ക്കു തീപ്പിടിച്ചു…. അയാൾ അന്നുവരെ അത്രത്തോളം ഉൽകിടിലത്തോടെ ഒരു വാചകവും കേട്ടിട്ടില്ല…. അത്രത്തോളം അയാൾ ഭയപ്പെട്ടിട്ടുമില്ല…..

മോഹൻ ആ മുഖഭാവം കണ്ടു ചിരിച്ചു….അയാൾ പതിയെ നടന്നു വന്ന് വേണുവിന്റെ മുന്നിലായി നിന്നു… അയാളെ തന്നെ നോക്കി നിന്നു..

“മോഹൻ എന്നോട് ക്ഷമിക്കണം…. ഇത് പറയാൻ എനിക്കൊരു യോഗ്യതയുമില്ല… ഇത് ഇങ്ങനെ ആകുമെന്ന് ഞാനൊട്ടും കരുതിയില്ല….ഞാൻ…. “, വേണു എങ്ങനെയോ പറഞ്ഞൊപ്പിച്ചു…

“എനിക്ക് ഇവളെ എന്തിഷ്ടമായിരുന്നു എന്ന് തനിക്കറിയാമോ… ആ എന്നേക്കാൾ അവൾ ഇഷ്ടപ്പെട്ടതും സന്തോഷിച്ചതും നിങ്ങളിൽ ആയിരുന്നു….എന്നോട് എല്ലാം തുറന്നു പറഞ്ഞിട്ടും അവൾ സ്വയം ഇല്ലാതായെങ്കിൽ… അതിന് ഒറ്റ കാരണമേ ഉള്ളു വേണു…. ഈ നാട്ടുകാർ അവളെ മോശം പറഞ്ഞതിനും എന്നോട് തോന്നിയ സങ്കടത്തിലും മേലെ താൻ അവളെ കയ്യൊഴിഞ്ഞതാണ് അവളെ നോവിച്ചത്…. ഇല്ലാതാക്കിയത്…..”

വേണുവിന് ഒന്നും മിണ്ടാൻ കഴിയുന്നില്ല….

“ഇവൾക്ക് എന്ത് മറുപടിയാണ് തനിക്ക് കൊടുക്കാനുള്ളത്… പുഴുത്ത് പാതിയായി… അവള് ദാ തന്റെ മുന്നിൽ കിടപ്പുണ്ട്…. “, അത് പറഞ്ഞു കഴിഞ്ഞ് മോഹൻ ആ ശവപ്പെട്ടിയുടെ അടുത്ത് നിന്നും മൂർച്ചയേറിയ ഒരു കത്തി കയ്യിലെടുത്തു…

“മാപ്പ് പറച്ചിൽ എനിക്ക് കേൾക്കണ്ട.. വേണു സാറേ… അതിന് വേണ്ടിയല്ല…. തനിക്കും ഇവൾക്കും നടുവിൽ ഞാനിങ്ങനെ നിൽക്കുന്നത്…. “,മോഹൻ പറഞ്ഞു നിർത്തി….

“മോഹൻ എന്നെ ഒന്നും ചെയ്യരുത്… എന്നെ കൊ-ല്ലരുത്.. “, വേണു കരച്ചിലിന്റെ വാക്കോളമെത്തി….

മോഹൻ ഉച്ചത്തിൽ ചിരിച്ചു…. അയാൾ കിതച്ചുകൊണ്ട്.. വീണ്ടും വീണ്ടും ഉച്ചത്തിൽ ചിരിക്കുകയാണ്….

“ഞാൻ തന്നെ കൊ-ല്ലാനോ…. എന്തിന്….അതുകൊണ്ട് എനിക്കെന്ത്‌ കിട്ടാനാടോ…. “, അയാൾ ചിരി നിർത്താതെ വിളിച്ചു പറഞ്ഞു

വേണുവിന്റെ ഭയം ഇരട്ടിക്കുന്നു….അടുത്തത് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അയാൾക്ക് ഒരു ഊഹവും കിട്ടുന്നില്ല….

മോഹൻ ശവപ്പെട്ടിയുടെ അടുത്തേക്ക് ചെന്നു…. അതുവരെ അയാളിൽ ഉണ്ടായിരുന്ന വന്യത പെട്ടെന്ന് ഇല്ലാതായി…. അയാളിൽ സങ്കടവും നഷ്ടബോധവും… സ്നേഹവും കരുതലുമെല്ലാം തെളിഞ്ഞു… അയാൾ ആ ശരീരത്തിന്റെ മുഖാവരണം മാറ്റി…. അത്രയും സ്നേഹത്തോടെ അവളുടെ മുഖത്തേക്ക് നോക്കി…. ആ മുഖം… വീർത്തു പൊങ്ങിയിരുന്നു… ഉള്ളിൽ നിന്നും പുഴുക്കൾ ചെറുതായി നുരച്ചു തുടങ്ങിയിരുന്നു…. അയാൾ ആ നെറ്റിയിൽ ചുണ്ടുകൾ അമർത്തി…. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…. മുഖമുയർത്തി അവളെ നോക്കി നിൽക്കുമ്പോൾ അയാളിൽ നിന്നും തടഞ്ഞു വയ്ക്കാൻ കഴിയാത്ത ഒരു വിതുമ്പലുയർന്നു….

വേണു തകർന്നടിഞ്ഞിരിക്കുകയാണ്… അയാളുടെ മുഖം താഴ്ന്നിരുന്നു….

മോഹൻ വേണുവിനെ നോക്കി പറഞ്ഞു തുടങ്ങി….

ഞാൻ ആദ്യമേ നിങ്ങളോട് പറഞ്ഞില്ലേ ഇതൊരു വേട്ടയാണ്….പക്ഷെ ഒരു വ്യത്യാസമുണ്ട്…ഈ വേട്ടയിൽ ചാവുന്നത് വേ-ട്ടമൃ-ഗമല്ല….. വേട്ടക്കാരനാണ്…. “, അയാൾ വീണ്ടും ചിരിക്കുന്നു… നിറഞ്ഞ കണ്ണുകളിൽ ചിരി പടരുന്നു…

വേണുവിന് വ്യക്തത വരുന്നില്ല….

“തന്നെ ഞാൻ കൊ-ല്ലില്ല…. കൊ–ല്ലാതെ കൊ-ല്ലും….ഇതിവൾക്ക് വേണ്ടിയാണ്…. ഇവളില്ലാതെ എനിക്കിനിയിവിടെ ഒന്നും ചെയ്യാനില്ല…നേരം പുലരാൻ ഇനി അധികം സമയമില്ല… ഈ മുറിക്കപ്പുറം തന്റെ ഒച്ച ആരും കേൾക്കില്ല….ഇനിയങ്ങോട്ട് തനിക്ക് കാവലിരിക്കാൻ രണ്ടു ദേഹങ്ങൾ ബാക്കിയാക്കി ഞാൻ മടങ്ങുകയാണ്…. ഇറങ്ങിയോന്നോടാൻ കഴിയാതെ…. രണ്ടു ശരീരങ്ങൾ പുഴുത്ത് നാറി ഇല്ലാതാകുന്നത് താൻ കാണണം… അതിന്റെ കാരണം താനാണെന്ന് ഓരോ നിമിഷവും താൻ ഓർക്കണം…അഥവാ…ആരെങ്കിലും തന്നെ കണ്ടെത്തിയാൽ.. അടുത്ത കഥ അവിടെ ആരംഭിക്കും…..”

മോഹൻ ആ നീളമുള്ള ക-ത്തി തന്റെ കഴുത്തിനോട് ചേർത്ത് പിടിച്ചു….. റീനയുടെ മുഖത്തേക്ക് ഒന്ന് നോക്കി….. കണ്ണുകൾ അടച്ചു കൊണ്ട് ഒരു പുഞ്ചിരിയോടെ അയാൾ ക-ത്തി ശക്തിയായി താഴേക്ക് വലിച്ചു…..

ആ ദേഹത്തിന്റെ പിടച്ചിൽ അവസാനിക്കുമ്പോൾ… അടുത്ത പുലരിക്ക് വഴിമാറാൻ ആ രാത്രി തിടുക്കം കൂട്ടുകയായിരുന്നു….